Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, February 06, 2008

തിരിച്ചുപോക്ക്

എന്നെത്തിരഞ്ഞ്, മിന്നിപ്പൊങ്ങിവരുന്ന നക്ഷത്രങ്ങളിലേക്കിപ്പോള്‍ കണ്ണോടിക്കുന്നുണ്ടാവുമോ? മുഖത്തെ ദേഷ്യം പതിവുപോലെ രസമായിരുന്നു. മണ്ണിനും കല്ലിനും മുകളില്‍ക്കൂടെയും എനിക്ക് അവനെ കാണാമായിരുന്നു. റോസാപ്പൂ എന്റെ മേലെയെറിഞ്ഞ് മൌനമായി തിരിച്ചുപോകുന്നത് ഞാന്‍ കണ്ടു. ഇത്തവണ ദൈവത്തിനോടാവും ദേഷ്യം വന്നത്. നക്ഷത്രമായാല്‍പ്പോലും പിന്നാലെ നടന്നു പ്രാര്‍ത്ഥിക്കുമെന്ന് പറഞ്ഞത് സത്യമായി. പള്ളിയില്‍ മുട്ടുകുത്തിയിരുന്നു കരഞ്ഞപ്പോഴും, അമ്പലത്തിലേക്ക് നീണ്ട് കിടക്കുന്ന പടികള്‍ ഓടിക്കയറി, അമ്പോറ്റീയിവനെ തുണയ്ക്കണേയെന്ന് മനസ്സില്‍ അലമുറയിട്ടപ്പോഴും ആകാശമേ കാക്കണേയെന്ന് കൈകള്‍ ഉയര്‍ത്തി വിളിച്ചപ്പോഴും, ഭൂമിയേ കരുണകാണിക്കണേ എന്ന് പറഞ്ഞ് കൈകള്‍ താഴ്ത്തി ആക്ഷന്‍ കാണിച്ചപ്പോഴും ദേഷ്യപ്പെട്ടിരുന്നു. ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണങ്ങള്‍ എന്ന് തമാശ പറഞ്ഞപ്പോഴാണ് ആദ്യമായി ദേഷ്യപ്പെട്ടത്. ദേഷ്യം ഓര്‍മ്മയില്‍ വന്നു. ആര്‍ക്കും ആര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ അനുവാദം ആവശ്യമില്ലെന്ന് പറഞ്ഞതെപ്പോഴായിരുന്നു? സ്നേഹവും വാത്സല്യവും മതിയെന്ന് കൂട്ടിച്ചേര്‍ത്തത്? ഓര്‍മ്മയില്ല. പ്രാര്‍ത്ഥന എന്ന വാക്ക് ഇടയിലേക്ക് ആദ്യമായി കടന്നുവന്നതും അപ്പോഴായിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായ ദിവസം നല്ലതായിരുന്നു. വാത്സല്യവും, സ്നേഹവും, കൂടിക്കലര്‍ന്ന സൌഹൃദം എന്നും അനുഗ്രഹമാണ്.


(ഇത് റിവേഴ്സ് കഥ പോലെ ആയോന്ന് അറിയില്ല. ആശയം അവതരിപ്പിച്ചത് സിദ്ധാര്‍ത്ഥന്‍ .
പണ്ട് 50 വാക്കില്‍ കഥയെഴുതാന്‍ പറഞ്ഞപ്പോഴും ശ്രമിച്ചിരുന്നു. രണ്ടെണ്ണം എഴുതുകയും ചെയ്തു.)

Labels: