രണ്ടായിരം
സെബിൻ എ ജേക്കബിന്, (മറ്റു സുഹൃത്തുക്കൾക്കും...)
സെബിൻ എ ജേക്കബിന്റെ ഒരു പോസ്റ്റ് കിട്ടി. പുതിയതുതന്നെ അല്ലേ? എന്താണാവോ അതിന്റെയൊക്കെ അർത്ഥം? അറിയാത്തതൊക്കെ പറഞ്ഞുണ്ടാക്കലാണോ പണി?
രണ്ടായിരം രൂപ തന്നിട്ട് ആരെങ്കിലും കറിവേപ്പില യാഹൂ കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചുവെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് എങ്ങനെ അവസാനിച്ചു എന്നും അറിഞ്ഞിട്ടുണ്ടാവണമല്ലോ. അറിഞ്ഞിട്ടില്ലെങ്കിൽ സെബിനോടും അങ്ങനെ കറിവേപ്പിലക്കേസ് എങ്ങനെ അവസാനിപ്പിച്ചു എന്നറിയാഞ്ഞിട്ട് ഉറക്കം വരാത്ത മറ്റു സുഹൃത്തുക്കളോടും എനിക്കു പറയാനുള്ളത് ഇത്രയേ ഉള്ളൂ. കട്ടു കൊണ്ടുപോയവർ ഖേദം പ്രകടിപ്പിച്ചു. ഞാൻ അതു ശരി വച്ചു. എനിക്കാ ഖേദപ്രകടനം ആവശ്യമുണ്ടായിരുന്നു. ഒരു വീട്ടമ്മ എന്നു പ്രൊഫൈലിൽ വച്ചതുകൊണ്ട് പൈസ എവിടുന്നെങ്കിലുമൊക്കെ അടിച്ചെടുക്കാനാണ് ഞാൻ ബ്ലോഗ് തുടങ്ങിയത് എന്നൊക്കെയുള്ള തരത്തിൽ ആരെങ്കിലും ചിന്തിക്കുന്നത് എനിക്ക് അപമാനമാണ്. എന്റെ ബ്ലോഗിൽ നിന്നു കട്ടുകൊണ്ടുപോയാൽ എന്റെ സുഹൃത്തുക്കൾ പ്രതികരിക്കും. അവരൊക്കെ പേരെടുക്കാനാണെന്നൊക്കെ പറഞ്ഞുപരത്തിയാൽ സൌഹൃദങ്ങൾക്കൊക്കെ എന്താണ് വില? ബ്ലോഗ് തുടങ്ങി ഇത്രയും കാലമായിട്ടും പരസ്പരം എത്രയൊക്കെ അറിയാം എന്ന് എല്ലാവർക്കും അറിയാം. വിശാലമനസ്കൻ, എന്റെ ബ്ലോഗ് പത്തുവർഷമായപ്പോൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വച്ചു എന്നും മറ്റു സുഹൃത്തുക്കൾ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. (വിശാലാ, ഞാനിന്നേവരെ അതുകണ്ടിട്ടില്ല. മാപ്പ്.) വിശാലനേം കണ്ടിട്ടില്ല.
ഒരു പൈസ പോലും വിലയുള്ളതാണ്. പക്ഷേ എനിക്ക് പൈസയേക്കാൾ വലുതാണ് എന്റെ ബ്ലോഗുകൾ. അതു ഞാൻ പൈസയുണ്ടാക്കാനെഴുതിവയ്ക്കുന്നതല്ല സെബിനേ...സെബിനെപ്പോലെ ചിന്തിക്കുന്നവരേ....അതുകൊണ്ട്...
കറിവേപ്പിലയിലെ കേസ് പൊക്കിക്കൊണ്ടു നടക്കുന്നത് എല്ലാവരും അവസാനിപ്പിക്കുക. ഖേദപ്രകടനം നടത്തിയിട്ടാണ് അത് അവസാനിച്ചത്. എല്ലാവരും കണ്ടതുപോലെ. അല്ലാതെ അതിന്റെ പിന്നിലും മുന്നിലും ഒന്നുമില്ല. ഇനി എന്നെ അപമാനിക്കാൻ ആരും ശ്രമിക്കരുത്. പൈസ വാങ്ങി എന്നൊക്കെയുള്ള ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എത്ര വൃത്തികേടാണ്? ഞാൻ ആരോടും ഒന്നും വാങ്ങിയിട്ടില്ല. ഇല്ലാത്തതു പറഞ്ഞുണ്ടാക്കുന്നതൊക്കെ തെറ്റാണ് എന്നു ഞാൻ നിങ്ങൾക്കൊക്കെ പറഞ്ഞുതരണ്ടല്ലോ അല്ലേ? ഇനി ആവർത്തിക്കരുത്. ഉപദേശമാണെന്നു കൂട്ടിയാ മതി.
സെബിനേ അതുകൊണ്ട് എന്നെക്കുറിച്ചും എന്റെ ബ്ലോഗിനെക്കുറിച്ചും എന്റെ കൂട്ടുകാരെക്കുറിച്ചും അനാവശ്യം പറയുന്നത് നിർത്തുക. എന്തൊക്കെയുണ്ട് നല്ല കാര്യങ്ങൾ ചെയ്യാൻ? എന്നിട്ട് ഇങ്ങനത്തെ കാര്യങ്ങൾക്കൊക്കെയാണോ സമയം പാഴാക്കുന്നത്? അതിശയം തന്നെ!
എന്നാലും രണ്ടായിരം രൂപ! എന്റെ ദൈവമേ...
Labels: ...എന്റെ ദൈവമേ...