Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, December 31, 2007

അടുത്തവര്‍ഷത്തെ കാര്യപരിപാടികള്‍

വല്യ വല്യ ആള്‍ക്കാര്‍ക്ക് വല്യവല്യ പരിപാടികള്‍ ആവും. ഞാന്‍ അത്ര വലുതല്ലാത്തതുകൊണ്ട്, എന്റെ ചെറിയ ചെറിയ പരിപാടികള്‍ ഇവയൊക്കെയാണ്. ഇതൊക്കെ നിറവേറണമെന്ന് ഞാന്‍ ആശിക്കും. താന്‍ പാതി, ദൈവം പാതി എന്നാണല്ലോ. എന്തൊക്കെവേണമെന്ന് പറയേണ്ടത് എന്റെ കടമ. അത് നിറവേറ്റിത്തരേണ്ടത് ദൈവത്തിന്റെ കടമ. ഒരുപാട് മനുഷ്യര്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക്, നോക്കീം കണ്ടും കടമ ചെയ്യാന്‍ ദൈവത്തിന് വിഷമമാവും. അതുകൊണ്ട് ഞാനെന്റെ ലിസ്റ്റ് അങ്ങോട്ടേല്‍പ്പിച്ചു. ‘നിനക്കിത് ആദ്യമേ പറഞ്ഞൂടായിരുന്നോ? നീ പറയാതെ ഞാനെങ്ങനെ അറിയാന്‍’ എന്നൊക്കെ ദൈവത്തിനു ചോദിക്കാന്‍ അവസരം കൊടുക്കരുതല്ലോ. ദൈവവും എന്നെപ്പോലെ ഒരു പാവമല്ലേ. ബുഹഹഹഹ.

അതുകൊണ്ട് രണ്ടായിരത്തിയെട്ടാമാണ്ടില്‍ ഞാന്‍ നടപ്പാക്കാന്‍ വിചാരിക്കുന്ന പദ്ധതികള്‍ ഇവയൊക്കെയാണ്. എന്തൊക്കെ നടക്കുമെന്ന് കണ്ടറിയാം. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണോ. അല്ലേ?

1) നല്ല നല്ല ബ്ലോഗ് പോസ്റ്റുകള്‍ ഇടും. (നല്ലത് എന്നത് ആപേക്ഷികമാണെന്ന് മറക്കരുത്.)


2) പുതിയ എന്തെങ്കിലും വിദ്യ പഠിക്കും. (അല്ലെങ്കില്‍ വീണത് വിദ്യയാക്കും.)


3) ദ്രോഹിക്കുന്നവരില്‍ മൂന്നുപേര്‍ക്കെങ്കിലും മാപ്പ് കൊടുക്കും. (മാപ്പ് ഏറ്റവും കൂടുതല്‍ അര്‍ഹിക്കുന്നവരെ എസ്. എം. എസ്സിലൂടെ തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ എസ്. എം. എസ്സ് അയക്കുന്നവര്‍ക്ക്, ഞാന്‍ വരച്ച ഫ്ലാറ്റിന്റെ പ്ലാന്‍ കാണിച്ചുകൊടുക്കും. അല്ലെങ്കില്‍ ഒരു കാറിന്റെ ചിത്രം കൊടുക്കും.)


4) ഡ്രൈവിംഗ് പഠിക്കും. (റോഡിലെ യാത്രക്കാര്‍ ശ്രദ്ധിക്കുക. കാല്‍നടക്കാര്‍ പ്രത്യേകിച്ചും. വിമാനവും തീവണ്ടിയും ഇക്കൊല്ലത്തെ അജണ്ടയിലില്ല. ഇരുന്നിട്ടല്ലേ കാലു നീട്ടാവൂ.)


5) അഭിനയവും സോപ്പിടലും പഠിക്കും. (അല്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്നാണ് പലതും തെളിയിക്കുന്നത്.)


6) വിദേശയാത്ര നടത്തും. അല്ലെങ്കില്‍ വിമാനത്തിലെങ്കിലും കയറും. (വിദേശവാസികള്‍ സൂക്ഷിക്കുക. സുനാമിയൊന്നും പറഞ്ഞറിയിച്ചല്ലല്ലോ വരുന്നത്.;))


7) വണ്ണം അഥവാ തടി കുറയ്ക്കും. (ഉം...ഉം...അതുവ്വ്. നാക്കിന്റെ നീളമെങ്കിലും അല്പം കുറഞ്ഞെങ്കില്‍ എന്നു നിങ്ങള്‍ ചിന്തിക്കരുത് പ്ലീസ്. )


8) സുഹൃത്തുക്കളുടെ ജന്മദിനത്തിന് ആശംസകളും സമ്മാനങ്ങളും അയയ്ക്കും. (സമ്മാനം എന്നുപറയുമ്പോള്‍, സുഹൃത്തുക്കളേ, നിങ്ങള്‍, നിങ്ങളുടെ ലെവലില്‍ ചിന്തിക്കരുത്.) (ഹോ...ശത്രുക്കളുടെ ജന്മദിനത്തിനായിരുന്നെങ്കില്‍ ഞാന്‍ കുത്തുപാളയെടുത്തേനെ.!)


9) എല്ലാ സിനിമകളും റിലീസ് ദിവസം തന്നെ കാണും. (ഷാരൂഖ് ഖാന്റെ എന്ന് കൂട്ടിവായിക്കുക.)


10) പ്രധാനമന്ത്രി, പ്രസിഡണ്ട്, മുഖ്യമന്ത്രി, എന്നീ പദവികളിലിരിക്കാന്‍ ആരെങ്കിലും അഭ്യര്‍ഥനയുമായി വന്നാല്‍ സമ്മതിക്കും. (പ്ലീസ് നിങ്ങള്‍ തടയരുത്. നിങ്ങളുടെ സ്നേഹം എനിക്കറിയാം. എന്നാലും ഇന്ത്യയിലെ....(പ്രസംഗം പിന്നെ മതി അല്ലേ?))


11) റോഷന്‍ ആന്ഡ്രൂസിന്റെ സിനിമയ്ക്ക് കഥ എഴുതും. (അയാള്‍ അതുകൊണ്ട് രക്ഷപ്പെട്ടില്ലെങ്കില്‍, ഞാന്‍ ഓടിരക്ഷപ്പെടും.)


12) മുകളില്‍ എഴുതിയിരിക്കുന്നതൊക്കെ എനിക്ക് ചെയ്യാനുള്ളതാണെന്ന് ഇടയ്ക്കെങ്കിലും ഓര്‍മ്മിക്കും.(ഹോ...നിങ്ങളൊന്നും ഓര്‍മ്മിപ്പിക്കാതിരുന്നാല്‍ മതി. ജീവിച്ചുപോയ്ക്കോട്ടെ.)


എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍ എന്നു നിങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു. ;)

Labels: ,