Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, October 31, 2006

രാഹുല്‍

അച്ഛമ്മയുടെ കൈ പുറത്ത്‌ വീണതും രാഹുലിനു വേദനിച്ചു. ഹൃദയം നിറഞ്ഞാല്‍ക്കൂടെ, കണ്ണില്‍ നിന്ന് ഒഴുക്ക്‌ പാടില്ല. പിന്നെ ശകാരങ്ങളുടെ ആഴം കൂടും. സ്നേഹം അപൂര്‍വ്വം ആണ് ഈയിടെയായിട്ട്‌. കുറച്ചുകാലം മുമ്പ്‌ വരെ "എന്റെ പൊന്നുങ്കുടം" എന്നേ വിളിച്ചിരുന്നുള്ളൂ. മാറ്റത്തിനു കാരണം അവനല്ല എന്നാണ്‌‍ അവനു തോന്നിയിട്ടുള്ളത്‌. അവന്റെ അമ്മയാണ്. എവിടെപ്പോയോ എന്തോ. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍, പുറപ്പെടുവിക്കാനും, സ്കൂളില്‍ വിടാനും അച്ഛന്‍ മാത്രമേ ഉള്ളൂ. വേനലവധിയ്ക്ക്‌ വീട്ടില്‍ അമ്മയുടെ പോയപ്പോഴാണ്, ഒരു ദിവസം അമ്മ എവിടെയോ പോയിട്ട്‌ വരാതിരുന്നത്‌. വീട്ടില്‍ എല്ലാവരുടേയും മുഖം അവനോര്‍മ്മയുണ്ട്‌. ആരും ഉറക്കെ മിണ്ടുന്നില്ലായിരുന്നു. അവിടെ, എന്തു ബഹളമായിരുന്നു. സന്ധ്യ വരെ അമ്മാമന്റെ കുട്ടികളോടൊത്ത്‌ കളിയും ചിരിയും ആയിരുന്നു. അമ്മ എപ്പോഴാണ്‌‍ പോയതെന്ന് മനസ്സിലായില്ല. ഇനീം വന്നില്ലേ വന്നില്ലേന്ന് എല്ലാവരും ചോദിക്കുന്നത്‌ കേട്ടു. മുത്തശ്ശന്റെ ഒച്ചയും പൊങ്ങിക്കേട്ടത്‌ അന്നാണ്‌‍. ഊണു കൊടുത്ത അമ്മയെ അവന്‍ പിന്നെ കണ്ടില്ല. രാത്രി, അച്ഛനും അമ്മയുമില്ലാതെ ആയപ്പോള്‍ അവനു സങ്കടം വന്നിരുന്നു. പിറ്റേ ദിവസം അവന്‍ എണീക്കുമ്പോള്‍ത്തന്നെ അച്ഛമ്മയേയും അച്ഛനേയും കണ്ടു. അച്ഛമ്മ അവനെ അടുത്ത്‌ പിടിച്ച്‌ തലയില്‍ തലോടി. അച്ഛന്റെ മുഖം അവനിഷ്ടപ്പെട്ടില്ല. അവനു അസുഖം വരുമ്പോഴൊക്കെ അച്ഛന്റെ മുഖം ഇങ്ങനെയാണ്‌‍ കണ്ടിട്ടുള്ളത്‌. അവന്‍ അന്നും പതിവുപോലെ ഊഞ്ഞാലിലും, ഗേറ്റിനുമുകളിലും ഒക്കെ കളിച്ചു. ഉച്ചയ്ക്ക്‌ അച്ഛന്റേയും അച്ഛമ്മയുടേയും കൂടെ വീട്ടിലേക്ക്‌ വന്നതാണ്‌‍.
പിന്നെ കുറച്ചുകാലമായി അമ്മാവന്റെ വീട്ടിലേക്ക്‌ പോയിട്ടില്ല. മുത്തശ്ശന്‍ ഇടയ്ക്ക്‌ വരുമ്പോഴൊക്കെ അവന്‍ പോകാന്‍ വാശി പിടിയ്ക്കാറുണ്ട്‌. അച്ഛമ്മ, എന്തെങ്കിലും സൂത്രം പറയും. മുത്തശ്ശന്‍ തെറ്റിക്കഴിഞ്ഞാല്‍ പറയും.
'അനുസരണയില്ലാത്ത വക. അല്ലേലും എങ്ങനെയാ നന്നാവ്വാ. തള്ളമാരു നന്നാവണം. ഇറങ്ങിപ്പോകുമ്പോ ആ ജന്തൂനു ഇതിന്റെ വല്ല വിചാരോം ഉണ്ടായിരുന്നോ?'
അമ്മയെക്കുറിച്ച്‌ എന്തൊക്കെയോ ദേഷ്യപ്പെടുകയാണെന്ന് അവനു മനസ്സിലായിട്ടുണ്ട്‌. പല പുതിയ വാക്കുകളും അച്ഛമ്മയില്‍ നിന്ന് അവന്‍ പഠിച്ചിട്ടുണ്ട്‌. പക്ഷെ അമ്മ പോയതിനു അച്ഛമ്മ ഇത്രയ്ക്കും ദേഷ്യപ്പെടാന്‍ കാരണം മാത്രം അവനറിയില്ല. അവന്റെ ക്ലാസ്സിലെ ദീപൂന്റെ അമ്മയും അവന്റെ കൂടെയില്ല. എന്നിട്ടും അവന്റെ അച്ഛമ്മ അവനെ ദേഷ്യപ്പെടുന്നത്‌ ഇതുവരെ രാഹുല്‍ കണ്ടില്ല. രണ്ടുവീടുകള്‍ക്ക്‌ അപ്പുറമാണ്‌‌‍ അവര്‍. എന്നാലും ദീപൂന്റെ അമ്മ ഇടയ്ക്കെപ്പോഴോ വന്ന് കണ്ടിട്ടുണ്ട്‌. ഒരുപാട്‌ ചോക്ലേറ്റും കളര്‍ പെന്‍സിലും ഒക്കെ രാഹുലിനും കൊടുത്തിട്ടുണ്ട്‌. അമ്മ പോയി ഇങ്ങനെ കുറേ വസ്തുക്കളും കൊണ്ടുവരാന്‍ ആണെങ്കില്‍ അവനും സന്തോഷമുള്ള കാര്യം തന്നെ. പക്ഷെ അവന്റെ അമ്മ ഇതുവരെ വന്നില്ല. അച്ഛനുമായിട്ടും ചിലപ്പോള്‍ അച്ഛമ്മ വഴക്കിടുന്നത്‌ കേള്‍ക്കാം. അച്ഛന്‍ കേട്ടതായിപ്പോലും ഭാവിക്കില്ല.
________
അന്നും എന്തോ കാര്യത്തിനു വഴക്ക്‌ കേട്ടപ്പോഴാണു മിണ്ടാതെ ഒരു മൂലയ്ക്കിരിക്കാം എന്ന് അവനു തോന്നിയത്‌. മയക്കം വന്ന് തുടങ്ങുമ്പോഴാണ്‌‍ കുറേ ആള്‍ക്കാരുടെ ശബ്ദം കേട്ടത്‌. ആരെങ്കിലും വരുന്നത്‌ അവനു വല്യ ഇഷ്ടം ഉള്ള കാര്യമാണ്‌‍. അച്ഛമ്മ എവിടേം കൊണ്ടുപോകാറില്ല. അവന്‍ പതുക്കെ എണീറ്റ്‌ അച്ഛമ്മ എവിടെയെന്നു നോക്കി. അവന്‍ അമ്പരന്നുപോയി. അച്ഛമ്മ മുറിയില്‍ കട്ടിലില്‍ ഇരുന്നു ഉറക്കെയുറക്കെ കരയുന്നുണ്ട്‌. അവനു പേടിയായി. അച്ഛമ്മയ്ക്ക്‌ വല്ല അസുഖവും ആയോ? . ചുറ്റും കുറേ സ്ത്രീകളും കരയുന്നുണ്ട്‌. ഇവര്‍ക്കൊക്കെ എന്തു പറ്റിയോ എന്തോ.
അവനെ ആരോ എടുത്തു. ചെറിയച്ഛന്‍ ആണ്‌‍. ഇവരൊക്കെ എന്തിനു വന്നതാണെന്ന് ചോദിക്കണമെന്നുണ്ട്‌. ആരോട്‌ ചോദിക്കും പക്ഷെ. ചെറിയച്ഛന്‍ അവനെ എടുത്തുകൊണ്ടു നടന്നു. അവനു അതിശയം ആയി. ഒന്നാം ക്ലാസ്സില്‍ ആയതിനു ശേഷം അച്ഛന്‍ പോലും എടുക്കുന്നത്‌ അവനു വല്ല പനിയോ മറ്റോ വരുമ്പോഴാണ്‌‍.
_________
ഒരുപാട്‌ നാളുകള്‍ കഴിഞ്ഞിരുന്നു. അച്ഛന്‍ ഉമ്മറത്ത്‌ കിടക്കുന്നതും , അവനു പരിചയമുള്ളതും ഇല്ലാത്തതും ആയ ഒരുപാട്‌ പേര്‍ വന്ന് അവനെ തലോടിയതും ഒക്കെ അവനു ഓര്‍മ്മയുണ്ട്‌. അമ്മയെ മാത്രം കണ്ടില്ല. അമ്മയോ അച്ഛനോ ഇല്ലാതെ ആദ്യമായി ഉറങ്ങുന്നത്‌ അമ്മ പോയിട്ട്‌ വരാതിരുന്ന ആ ദിവസം മാത്രമാണ്‌‍. ഇന്നവനുറങ്ങുന്നത്‌ അച്ഛമ്മയുടെ കൂടെയാണ്. ചെറിയച്ഛനും കുട്ടികളും വരുമ്പോള്‍ അവരോടൊപ്പവും.
എന്തോ കേസു കൊടുക്കണമെന്നും അവന്റെ അച്ഛന്റെ തെറ്റല്ലെന്നും ലോറി വന്നിടിക്കുകയായിരുന്നുമെന്നൊക്കെ അച്ഛമ്മയോട്‌ ചെറിയച്ഛന്‍ പറഞ്ഞിരുന്നു. അവനൊന്നും അറിയില്ല. അമ്മയുടെ അടുത്തേക്കാണോ അച്ഛന്‍ പോയത്‌ എന്ന് ചോദിക്കണമെന്നുണ്ട്‌. അവന്റെ അച്ഛന്‍ മരിച്ചുപോയതാണെന്നും, അമ്മ പോയത്‌ എങ്ങോട്ടാണെന്നറില്ലെന്നും ദീപു അവന്റെ അച്ഛമ്മയോട്‌ സൂത്രത്തില്‍ ചോദിച്ചറിഞ്ഞ്‌ പറഞ്ഞിട്ടുണ്ട്‌. അമ്മ പോയതില്‍ അവനു കേള്‍ക്കേണ്ടി വന്ന വഴക്കുകള്‍ ഒരിക്കലും അച്ഛനും പോയപ്പോള്‍ അവനു കേള്‍ക്കേണ്ടി വന്നില്ല എന്നതില്‍ അവനിത്തിരി സന്തോഷമുണ്ട്‌. "അത്‌ നിന്റെ അച്ഛന്‍ അച്ഛമ്മയുടെ മോനായതുകൊണ്ടാ, പിന്നെ മരിച്ചും പോയില്ലേ?" എന്ന് ദീപു പറഞ്ഞു. അവനു എല്ലാത്തിനും ഉത്തരം ഉണ്ട്‌. അച്ഛമ്മ ഇപ്പോള്‍ വഴക്കേ പറയാറില്ല. സ്കൂളില്‍ വിടുന്നു. കൊണ്ടുവരുന്നു. ഗൃഹപാഠം ചെയ്യിക്കുന്നു. പക്ഷെ ഇതൊന്നും അവനൊരു രസമില്ല. അമ്മ പോയത്‌ എവിടേക്കാണെന്ന് അവനറിയില്ല. അതുകൊണ്ട്‌ അവനു അച്ഛന്‍ ഉള്ളിടത്തേക്ക്‌ പോയാല്‍ മതി. മരിച്ചവര്‍ എവിടെയാണോ ആവോ പോകുന്നത്‌? നാളെ ദീപുവിനോട്‌ ചോദിക്കാം. അച്ഛമ്മ അത്താഴം കഴിഞ്ഞ്‌ പാത്രങ്ങള്‍ കഴുകുന്നതും നോക്കി അവന്‍ അടുക്കളപ്പടിയില്‍ ഇരുന്നു. മയക്കം തുടങ്ങിയിരുന്നു. എവിടെയോ നിന്ന് വന്ന് ഒരു ഇളം കാറ്റ്‌ അവനെ തഴുകിക്കൊണ്ടിരുന്നു. അവന്റെ അച്ഛനേയും അമ്മയേയും ഓര്‍ത്ത്‌ അവന്‍ പുഞ്ചിരിച്ചുകൊണ്ടിരുന്നു. ഒന്നും അറിയാതെ. ജീവിതം എന്തെന്നറിയാതെ.

Monday, October 30, 2006

നഷ്ടങ്ങള്‍

വൃക്ഷങ്ങളുടെ നിഴലില്‍ മറഞ്ഞിരുന്ന വീടുകളുടെ, തട്ടിന്‍പുറത്ത് ഇരുന്ന് കുറുകിയിരുന്ന പ്രാവുകള്‍, എണ്ണിയാലൊടുങ്ങാത്ത നിലകള്‍ ഉള്ള, പറന്നെത്താന്‍ കഴിയാത്ത, ഫ്ലാറ്റുകള്‍ നോക്കി, വെട്ടിമാറ്റലും പ്രതീക്ഷിച്ച് ഇരിക്കുന്ന, മരക്കൊമ്പിലിരുന്ന്, പഴയകാലം ഓര്‍ത്ത്, നിസ്സഹായതയോടെ നെടുവീര്‍പ്പിട്ടു.

Sunday, October 29, 2006

പ്ലാവും മുയലും

ഒരു ചക്ക വീണു.

ഒരു മുയല്‍ ചത്തു.

പ്ലാവ്‌ കുറ്റമേറ്റു.

മറ്റൊരു മുയല്‍ വന്നു.

ഇലകള്‍ മൂടിയ പ്ലാവിന്റെ ചുവട്ടിലിരുന്നു.

ഉള്ളില്‍ ചിരിച്ചു.

ഇപ്പോഴൊരു ചക്ക വീഴും.

താനോടി രക്ഷപ്പെടും.

കൊല്ലാന്‍ നോക്കിയെന്ന ആരോപണം ഉന്നയിക്കും.

പ്ലാവ്‌ വീണ്ടും കുറ്റമേല്‍ക്കും.

പാവം പ്ലാവ് പരിഹസിക്കപ്പെടും.

സെക്കന്റുകള്‍, മിനുട്ടുകളായി, മണിക്കൂറായി.

ചക്ക വീഴുന്നില്ല.

മുയല്‍ മുകളില്‍ നോക്കി.

ഒറ്റ ചക്ക കാണാനില്ല.

പാത്തും പതുങ്ങിയും നോക്കി.

പ്ലാവിനു പിന്നിലൊരു വേരില്‍ ചക്ക ചിരിച്ചു നില്‍ക്കുന്നു.

കൂട്ടിനു പ്ലാവും ചിരിക്കുന്നു.

മുയല്‍ ഇളിഭ്യനായി.

വന്ന വഴിക്ക്‌ ഓടിപ്പോയി.

Friday, October 27, 2006

ഒരു നട്ടുച്ചയ്ക്ക്

സൂര്യന്‍ ഭൂമിയുടെ തലയ്ക്കു നേരെ മുകളില്‍ നില്‍ക്കുമ്പോഴാണ്, ഞങ്ങള്‍ - ഞാന്‍, ചിറ്റമ്മ, കസിന്‍- ടൌണിലേക്കിറങ്ങിയത്‌. ജോലിയില്ലാത്ത ചെറുപ്പക്കാരന്‍ പുറത്തിറങ്ങുന്നതുപോലെ അനേകം ലക്‌ഷ്യങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്‌. ഇറങ്ങിയപ്പോള്‍ത്തന്നെ ഓട്ടോറിക്ഷ കിട്ടി. ജീവന്‍ ടോണിന്റെ, കഴിച്ചതിനുശേഷം പരസ്യത്തിലെ നായകനെപ്പോലെയുള്ള ഞങ്ങളെ കണ്ടിട്ട്‌, ഓട്ടോറിക്ഷക്കാരന്റെ മനസ്സില്‍ വര്‍ക്ക് ഷോപ്പുകാരന്റെ ബോര്‍ഡ്‌ തൂങ്ങിയാടുന്നത്‌, അയാളുടെ കണ്ണില്‍ ഞങ്ങള്‍ വായിച്ചെടുത്തു.

"എങ്ങോട്ടാ?" മൂന്നാളും മൂന്ന് സ്ഥലം പറഞ്ഞു. ഓട്ടോക്കാരന്‍ ഒന്ന് ഞെട്ടിയപ്പോള്‍ ഞങ്ങള്‍ കൃത്യമായിട്ട്‌ സ്ഥലം പറഞ്ഞു.

വെയിലല്ലേ, ഒരു ഐസ്ക്രീം കഴിച്ച്‌ കളയാം എന്ന് തോന്നി. എലിമാളത്തിലേക്ക്‌ കയറുന്ന പൂച്ചയെപ്പോലെ, ഞങ്ങള്‍ സന്തോഷത്തില്‍ കടയിലേക്ക്‌ കയറി. മൂന്ന് ഫലൂദയ്ക്ക് പറഞ്ഞു. മൂന്ന് വീതം ആണോയെന്ന മട്ടില്‍ അവന്‍ ഒന്ന് പരുങ്ങിനിന്നു. പിന്നെ പോയി. സൈഡില്‍ യുവമിഥുനങ്ങള്‍ ഇരിപ്പുണ്ടായിരുന്നു. വഴിവക്കിലെ പോസ്റ്ററുപോലെ, ആരു കണ്ടാലും ഞങ്ങള്‍ക്കൊന്നുമില്ല എന്ന രീതിയില്‍ ആണിരിപ്പ്‌. അതും ഫെവിക്കോളിന്റെ പരസ്യത്തിലെപ്പോലെ ഒട്ടിപ്പിടിച്ച്‌. ആ നല്ലകാലം അയവിറക്കി ഞങ്ങള്‍ അവരെ ഇടം കണ്ണും വലം കണ്ണും എന്നൊരു ഭേദമില്ലാതെ നോക്കി. കാത്തിരിപ്പിന്റെ ഒടുവില്‍ ഫലൂദ വന്നു. അടുപ്പിലെ തീ ഊതിയിരുന്നെങ്കില്‍, ഈ സമയം കൊണ്ട്‌ ഒരു സദ്യ ഉണ്ണാമായിരുന്നു എന്ന് ചിന്തിച്ച്‌ ഞങ്ങള്‍ ഫലൂദ അകത്താക്കി. ബില്ലും കൊടുത്ത്‌ ഇറങ്ങി.

പിന്നെ, വെള്ളി ആഭരണക്കടയില്‍ക്കയറി. അവിടെയുള്ള എല്ലാ പാദസരങ്ങളും ഞങ്ങളുടെ അളവില്‍ ടെസ്റ്റ്‌ ചെയ്തതിനുശേഷം, ഒരു കിലോ വെള്ളി, ദാ, ഇപ്പോ ചെലവാകും എന്ന് മനക്കോട്ട കെട്ടിയ കടക്കാരന്റെ മുന്നിലേക്ക്‌, പേഴ്സില്‍ നിന്ന് ഒരു കുഞ്ഞുപാദസരം, ചിറ്റമ്മ എടുത്ത്‌ നീട്ടി. ഈ അളവിനുള്ളത്‌ തരൂ, എന്ന് പറഞ്ഞപ്പോള്‍, കള്ളവണ്ടിക്കാരനെക്കണ്ട ടി. ടി. ഇ. യെപ്പോലെ, അയാളുടെ ഭാവം മാറി.

പാദസരം വാങ്ങി പുറത്തിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്യുമ്പോള്‍, തിരുവനന്തപുരത്ത്‌ നിന്ന് ഒരു ബസ്‌ പുറപ്പെട്ടു എന്ന് കേട്ടാല്‍, കണ്ണൂരില്‍ റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ പേടിക്കുന്ന ഞാന്‍ ഇപ്പുറത്തും, അവര്‍ രണ്ടും അപ്പുറത്തും ആയി. ഞാന്‍ കൂടെയില്ലാത്തത്‌ അറിയാതെ ലോകസുന്ദരിമത്സരത്തില്‍ പങ്കെടുക്കുന്നവരെപ്പോലെ അവര്‍ മന്ദം മന്ദം നടക്കുന്നു. കസിന്‍ എന്തോ പറഞ്ഞ്‌ തിരിഞ്ഞ് നോക്കിയതും കൂടെ ഞാനില്ല എന്ന് കണ്ടു. അവള്‍ ഞെട്ടി. ഒളിമ്പിക്സിലെ റിലേ പോലെ ഞെട്ടല്‍ ചിറ്റമ്മയ്ക്ക്‌ കൈമാറി. രണ്ടാളും നോക്കുമ്പോഴുണ്ട്‌ തെലുങ്കുപടത്തിനു കയറിയ നോര്‍ത്തിന്ത്യനെപ്പോലെ എന്തു വേണ്ടൂ എന്നറിയാതെ ഞാന്‍ വായും പൊളിച്ച്‌ ഇപ്പുറത്ത്‌. അവര്‍ എങ്ങനെയൊക്കെയോ കൈയും കലാശവും കാട്ടി എന്നേയും അപ്പുറത്തെത്തിച്ചു.

നടന്ന് നടന്ന് ഒരു കടയിലെത്തി. തിന്ന ഫലൂദ ദഹിച്ചതിന്റെ ദേഷ്യത്തില്‍ അതിനെ കുറ്റം പറഞ്ഞാണ്‌‍ നടപ്പ്‌. കുറേ അതിഥികള്‍ ഉള്ളത് പ്രമാണിച്ച്‌, ഞങ്ങള്‍ക്ക്‌ നൂറു പൊറോട്ട വേണം. ചിറ്റമ്മ കടയില്‍ കയറിയതും പറഞ്ഞു, ‘നൂറു ഫലൂദ’. വീടുപണിക്കിടയില്‍ ലോട്ടറി അടിച്ചെന്ന് കേട്ട സാധാരണക്കാരനെപ്പോലെ, കടക്കാരന്‍, സന്തോഷത്തില്‍ ഞെട്ടിക്കാണും. ഞാന്‍, അവര്‍ പറയുന്നത്‌ കാര്യമായിട്ട്‌ ശ്രദ്ധിച്ചപ്പോള്‍ എന്തോ ഒരു പന്തികേട്‌. കടക്കാരന്‍ പറയുന്നു, "വീട്‌ അടുത്താണെങ്കില്‍ സാരമില്ല, കപ്പില്‍ തരാം, കൊണ്ടുപോയപാടേ ഫ്രിഡ്ജില്‍ വെച്ചാല്‍ മതി’ എന്നൊക്കെ. പൊറോട്ടയുമായി വല്യ ബന്ധമൊന്നുമില്ലെങ്കിലും, കപ്പില്‍ കൊണ്ടുപോകുന്ന, ഫ്രിഡ്ജില്‍ വെയ്ക്കുന്ന പൊറോട്ടയെപ്പറ്റി ഞാന്‍ ആദ്യമായിട്ടാണു കേള്‍ക്കുന്നത്‌. ‘എന്താ ചിറ്റമ്മേ’, എന്ന് ചോദിച്ചതും ചിറ്റമ്മയ്ക്ക്‌ വെളിച്ചം മിന്നി. ഫലൂദയെപ്പറ്റി കടക്കാരന്‍ പറഞ്ഞതും ചിറ്റമ്മ വേഗം പറഞ്ഞു. ‘അയ്യോ ഫലൂദയല്ല, പൊറോട്ടയാണ് ’ എന്ന്. എന്തെങ്കിലും ആവട്ടെ, എന്ന മട്ടില്‍ അയാള്‍ കുറച്ച്‌ നേരം കാത്തിരിക്കാന്‍ പറഞ്ഞു. പൊറോട്ട ഉണ്ടാക്കി അടുക്കിയടുക്കി പെട്ടിയിലാക്കുന്നതും നോക്കി, സ്കൂളിന്റെ ഉപ്പുമാവ്‌ പുരയ്ക്ക്‌ മുകളില്‍ ഇരിക്കുന്ന കാക്കയെപ്പോലെ ഞങ്ങള്‍ ആത്മാര്‍ഥമായിട്ട്‌ കാത്തിരുന്നു. കിട്ടിയപ്പോള്‍ ഉടനെ വീട്ടിലേക്ക്‌ പറന്നു.

Wednesday, October 25, 2006

കടം

എല്ലാവരും വേദിയിലേക്ക് കണ്ണും നട്ട് ഇരുപ്പാണ്. ഓരോ വാക്കിനും അതീവശ്രദ്ധയും കൊടുത്ത്. അദ്ദേഹം പ്രസംഗിച്ച് തകര്‍ക്കുന്നു. എത്ര തിരക്കിലായാലും ആരും ചെവികൊടുക്കുന്ന വാക്കുകള്‍. അദ്ദേഹത്തിന്റെ നാവില്‍നിന്ന് വീഴാന്‍ തുടങ്ങിയാല്‍, അതങ്ങനെ പ്രവഹിച്ച് കൊണ്ടിരിക്കും. ശ്രോതാക്കള്‍ക്ക് ഒരിക്കല്‍പ്പോലും നിരാശയുളവാക്കാത്ത വാക്കുകള്‍. പ്രസംഗം നിര്‍ത്തിയതും കരഘോഷം ഉയര്‍ന്നു. അദ്ദേഹം ഒന്നും ശ്രദ്ധിച്ചില്ല. സംഘാടകര്‍ ഏര്‍പ്പെടുത്തിയ കാറിലേക്ക് കയറിയിരുന്ന ശേഷം, ചെവിയില്‍ വച്ചിരുന്ന പഞ്ഞികള്‍ എടുത്ത് മാറ്റി. കടം കൊണ്ട വാക്കുകളോട് തന്റെ ചെവികള്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുള്ളത് നന്നായി മനസ്സിലാക്കിയിരുന്നു അദ്ദേഹം. മറ്റൊരാള്‍, ആരാധനയും അത്ഭുതവും ഒന്നും അറിയാതെ, ഒരിടത്തിരുന്ന്, കടലാസുകളില്‍ നിന്ന് കടലാസുകളിലേക്ക് വാക്കുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. വാക്കുകളാവട്ടെ അടുത്ത പ്രസംഗത്തില്‍ കിട്ടാന്‍ പോകുന്ന മോക്ഷത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലും.

Labels: