Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, January 31, 2007

ജനുവരിയിലെ ഒരു ഓര്‍മ്മ

ഈ വര്‍ഷത്തെ ജനുവരി കടന്നുപോയിരിക്കുന്നു. ഓരോ ദിവസവും വിലപ്പെട്ടതാവുമ്പോള്‍, ഒരു മാസം ഇത്രവേഗം പോയത്‌ എന്തോ ഒരു നഷ്ടമായി തോന്നുന്നു. ഈ ജനുവരി എന്നെ സംബന്ധിച്ചിടത്തോളം സുഖദുഃഖസമ്മിശ്രം ആയിരുന്നു. പല കാര്യങ്ങളും നടന്നു. മറക്കാത്തവയും ചിലത് ഉണ്ടായിരുന്നു.


ജനുവരി പതിനെട്ട്‌. ഞങ്ങള്‍ വൈകുന്നേരം, ചെറിയ ഒരു ഷോപ്പിങ്ങിന്‌ ഇറങ്ങിയതായിരുന്നു. കുഞ്ഞുകുഞ്ഞുവസ്തുക്കളേ ഉള്ളൂ, പതിവുപോലെ വാങ്ങാന്‍. കുറച്ച്‌ സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍, ഒരു ഹോട്ടലില്‍ കയറാം എന്ന് തീരുമാനിച്ചു.

സൌകര്യം നോക്കിയിട്ട്‌ കയറിയത്‌, ഞങ്ങള്‍ ഇതുവരെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം പോയിട്ടുള്ള ഒരു ഹോട്ടലില്‍ ആണ്‌‍. കയറി ഇരുന്ന് ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുത്തു. കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ ഭക്ഷണം എത്തി. ഉത്സാഹത്തോടെ കഴിക്കാന്‍ തുടങ്ങി. കുറച്ച്‌ വായില്‍ ഇട്ടതും അയ്യേ എന്നാണ്‌‍ എനിക്ക്‌ തോന്നിയത്‌. കേടായതാണോന്നറിയില്ല, വൃത്തികെട്ട സ്വാദ്‌. എനിക്ക്‌ മതിയായി. "ഇത്‌ കഴിക്കാന്‍ പറ്റില്ലല്ലോ” എന്ന് ഞാന്‍ പറയുന്നതിനുമുമ്പ്‌ ചേട്ടന്‍ പറഞ്ഞു. "ഒരു വൃത്തികെട്ട സ്വാദല്ലേ ഇതിനുള്ളത്‌? എനിക്ക്‌ കഴിക്കാന്‍ പറ്റുന്നില്ല." എന്ന്. ഞാനും അതു തന്നെയാണ് പറയാന്‍ ഭാവിച്ചതെന്ന് പറഞ്ഞു.

അല്‍പം വെറുതെ ഇരുന്ന്, ചേട്ടന്‍ കൈകഴുകാന്‍ പോയി. വെയിറ്റര്‍ വന്നു. 'എന്താ കഴിക്കുന്നില്ലേ' എന്ന് ചോദിച്ചു. ‘ഈ ഭക്ഷണം ഒട്ടും ശരിയല്ല. പഴകിയതാണോ, അതോ സ്ഥിരം ഇതുതന്നെയാണോ എല്ലാവര്‍ക്കും കൊടുക്കുന്നത്’ എന്ന് ഞാന്‍ ചോദിച്ചു. അവന്‍ പരുങ്ങി നിന്നു.

"ഞങ്ങള്‍ക്ക്‌ വേണ്ട” ഞാന്‍ ഉറപ്പിച്ച്‌ പറഞ്ഞു. ചേട്ടന്‍ വന്ന്, ചേട്ടനും അതുതന്നെ പറഞ്ഞു. വേറൊന്നും പറയാന്‍ നിന്നില്ല. അവന്‍ പോയിട്ട്‌ ബില്ല് കൊണ്ടുവന്നു. ശരിക്കുള്ളതിന്റെ എത്രയോ തുക കുറച്ച്‌. ഭക്ഷണം തൊട്ടല്ലോ ഞങ്ങള്‍. ഞങ്ങള്‍ പൈസയും കൊടുത്ത്‌ ഇറങ്ങിപ്പോന്നു.

ചെരുപ്പുകടയില്‍ ഇരിക്കുമ്പോള്‍ കാണാമായിരുന്നു, ആള്‍ക്കാര്‍ ഹോട്ടലിലേക്കും പുറത്തേക്കും പോകുന്നത്‌. ചേട്ടന്‍ പറഞ്ഞു ഒന്നുകില്‍ ഭക്ഷണത്തിന്റെ സ്വാദ്‌ അതാവും എന്ന് വിചാരിക്കുന്നവര്‍ ആവും, അല്ലെങ്കില്‍ സ്ഥിരം ആള്‍ക്കാര്‍ ആവും. ഒരു ദിവസം അല്‍പം ശരിയല്ലെങ്കില്‍ ക്ഷമിച്ചേക്കാം എന്ന് വിചാരിക്കുന്നുണ്ടാവും എന്ന്. എന്തായാലും കഷ്ടം തോന്നി. മറ്റുള്ളവരുടെ പൈസ വാങ്ങിയിട്ട്‌, ആരോഗ്യം നശിപ്പിച്ച് കൊടുക്കുന്നവര്‍.

Labels:

Monday, January 29, 2007

മൂളുന്ന വണ്ടുകള്‍

ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ്‌ നില്‍ക്കാന്‍ പറ്റില്ല. കാരണം, ഇരിക്കുന്നത്‌ റെയില്‍‌വേപ്ലാറ്റ്‌ഫോമിലെ ബെഞ്ചിലായിപ്പോയി. ഹിമയ്ക്ക്‌ കുറച്ചൊരു അരിശം വരുന്നുണ്ടായിരുന്നു. ജയേഷ്‌ വരാമെന്ന് പറഞ്ഞതുകൊണ്ടാണ്‌‍, കാത്തിരുന്നേക്കാം എന്ന് കരുതിയത്‌. ഇനിയും വന്നിട്ടില്ല. വണ്ടിയില്‍ നിന്നിറങ്ങിയിട്ട്‌ പത്ത്‌ മിനുട്ടോളമാവുന്നു. വീട്ടിലേക്കും ഒരു പത്ത്‌ മിനുട്ട്‌ ദൂരമേയുള്ളൂ.

‘രണ്ട്‌ മിനുട്ട്‌ കാത്ത്‌ നില്‍ക്കൂ, വന്നു, ഞാന്‍’ എന്നാണ് ജയേഷ്‌ പറഞ്ഞത്‌. ബാഗൊക്കെ എടുത്ത്‌ പോകേണ്ടത്‌ ഓര്‍ത്തപ്പോള്‍ കാത്ത്‌ നില്‍പ്പ്‌ തന്നെയാണ്‌‍ നല്ലതെന്നു തോന്നി. ആദ്യം വണ്ടിയിലെ മടുപ്പില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസം ആയിരുന്നു. പിന്നെ കുറച്ചുനേരം വരുന്നവരേയും പോകുന്നവരേയും നോക്കി ഇരുന്നു. തിരക്കില്‍ അലിയാന്‍ ശ്രമിക്കുന്നവര്‍. മുഖഭാവങ്ങള്‍ വ്യത്യസ്തം. യാത്ര അയയ്ക്കാന്‍ വന്നവരും, സ്വീകരിക്കാന്‍ വരുന്നവരും, യാത്ര പോകുന്നവരും, എത്തിച്ചേരുന്നവരും. എല്ലാവരുടേയും മനസ്സില്‍ എന്താവും? അടുത്തുള്ളവരെപ്പോലും മനസ്സിലാക്കാന്‍ പറ്റുന്നില്ല. പിന്നെയല്ലേ അപരിചിതര്‍.

അവരേയും നോക്കി മടുത്ത്‌ കഴിഞ്ഞത്‌, ഇനിയും വന്നില്ലല്ലോ എന്നൊരു ചിന്ത മനസ്സില്‍ ഉണ്ടായപ്പോഴാണ്‌. വാച്ചിലേക്കാണെങ്കില്‍ ഇടയ്ക്കിടയ്ക്ക്‌ നോക്കിപോകുന്നു. വിളിച്ചു നോക്കാം.

"പുറപ്പെട്ടില്ലേ?"

"ഇപ്പോ ഇറങ്ങാം. അഞ്ച്‌ മിനുട്ട്‌."പിന്നെയൊന്നും ചോദി‍ക്കാന്‍ നിന്നില്ല. അകലെയുള്ള ബുക്‌ക്‍സ്റ്റാളിലേക്കും, ജ്യൂസ്‌ കടയിലേക്കും നോക്കി വെറുതെ ഇരുന്നു. ബാഗൊക്കെ വലിച്ച്‌ പോകാന്‍ കഴിയില്ല. ഇവിടെ ഇട്ട്‌ പോകാനും മടി. വെള്ളം അല്‍പമേയുള്ളൂ. അത്‌ കുടിച്ചു. ഒരു വണ്ടി വന്ന് നിന്നത്‌ അവള്‍ അറിഞ്ഞു. വിളക്കുകളൊക്കെ തെളിഞ്ഞിരുന്നു. എന്തായാലും പുറപ്പെട്ടിട്ടുണ്ടാവും. ഓഫീസില്‍ നിന്നും പത്ത്‌ മിനുട്ട്‌ വേണമല്ലോ. ഇനിയും വിളിച്ചു നോക്കാന്‍ വയ്യ.

തിരക്കൊഴിഞ്ഞു എന്ന് തോന്നിയപ്പോഴാണ്‌,‍ "ചേച്ചീ" എന്നൊരു ശബ്ദം കേട്ടത്‌. എങ്ങോട്ടോ നോക്കി ഇരിക്കുകയായിരുന്നു. പെട്ടെന്നായതുകൊണ്ട്‌ ഞെട്ടിപ്പോയി. മുന്നില്‍ത്തന്നെ ഒരാള്‍. ഒരു ബാഗുണ്ട്‌ കൈയില്‍. കൈയില്‍ നിന്ന് എന്തോ മുകളിലേക്ക്‌ ഇട്ട്‌ പിടിച്ചു. ഒരു സ്വരം വന്നു.

"ചേച്ചീ, ഇതാണു മൂളുന്ന വണ്ടുകള്‍. കരയുന്ന കുട്ടികളെ ഇത്‌ കാണിച്ചാല്‍ മതി. കുട്ടികള്‍ക്ക്‌ സമ്മാനം കൊടുക്കാന്‍ ഇത്‌ മതി. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍ ഇത്‌ കൊണ്ട്‌ സൂത്രം കാണിച്ചാല്‍ മതി. "

പറയുന്നതിനനുസരിച്ച്‌ അയാള്‍ ആ വസ്തു മുകളിലേക്കിട്ട്‌ പിടിച്ച്‌ കൊണ്ടിരുന്നു. എന്തൊരു ശബ്ദം. വെറുതേ വിശന്നിരിക്കുന്ന മടുപ്പ്‌ കൂടെയായപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി.

" ചേച്ചീ വെറും ഒരു പായ്ക്കറ്റ് മുപ്പത്‌ രൂപ. കുട്ടികള്‍ക്ക്‌ ഒന്ന് കാട്ടിക്കൊടുത്താല്‍ മതി."

മൂളുന്ന വണ്ടുകള്‍! ചെറിയ രണ്ട്‌, ഗോലിപോലെയുള്ള വസ്തു. കുട്ടികള്‍ക്ക്‌ കളിക്കാന്‍ പറ്റിയതു തന്നെ. ഇനി അഥവാ ആ ശബ്ദം ഉണ്ടായില്ലെങ്കില്‍ കുട്ടികള്‍ കരയുന്നതും കൂടെ സഹിക്കണം. ഹിമയ്ക്ക്‌ അരിശം വന്നു.

"എനിക്കു വേണ്ട ഇതൊന്നും."

"വാങ്ങണം ചേച്ചീ. ഇന്ന് കുറേപ്പേര്‍ ഇതുംകൊണ്ട്‌ വന്നതുകൊണ്ട്‌ ഒന്ന് രണ്ടെണ്ണമേ ചെലവായുള്ളൂ."
നിരാശയും അവശതയും ഉണ്ടായിരുന്നു അയാളുടെ സ്വരത്തില്‍.
അയാള്‍ ബാഗില്‍ നിന്ന് കുറേ പായ്ക്കറ്റെടുത്ത്‌ കാട്ടി. അഞ്ചാറെണ്ണം ഉണ്ടാകും. കൈയില്‍ ഉള്ളത്‌ മാത്രമാവും ശരിക്കു മൂളുന്നത്‌. യാത്രക്കാര്‍ വാങ്ങിയ സാധനങ്ങള്‍ തിരിച്ച്‌ കൊടുക്കാന്‍ ചെല്ലില്ലല്ലോ. നല്ല വിപണനതന്ത്രം. താനിതിലൊന്നും ഒരിക്കലും വീഴാറില്ലല്ലോ എന്നോര്‍ത്ത് അവളൊന്ന് അഭിമാനിച്ചു.

"വേണ്ടാ‍ന്ന് പറഞ്ഞാല്‍ മനസ്സിലാവില്ലേ?"

കാത്തിരിപ്പിന്റെ ദേഷ്യവും കൂടെ അവളുടെ സ്വരത്തില്‍ വന്നു.

പറഞ്ഞുകഴിഞ്ഞപ്പോഴാണ്‌‍ അയാളുടെ പിന്നില്‍ നിന്നും ഒരു കുഞ്ഞുമുഖം എത്തിനോക്കിയത്‌. ക്ഷീണിച്ചു വാടിയിട്ടുണ്ട്‌. ഇന്നു മുഴുവന്‍ ഇയാളുടെ കൂടെ ഇത്‌ വില്‍ക്കാന്‍ നടക്കുകയായിരുന്നോ? മൂളുന്ന വണ്ടുകളെക്കൊണ്ട്‌ കളിക്കേണ്ട പ്രായം. പാവം തോന്നി.

ബാഗില്‍ത്തന്നെ, ഇടാന്‍ തുടങ്ങിയ അയാളോട്‌ പറഞ്ഞു.

"അല്ലെങ്കില്‍ തന്നേക്ക്‌."

ഒരെണ്ണം വച്ചുനീട്ടിയ അയാളോട്‌ പറഞ്ഞു.

"ആറെണ്ണം തരൂ."

എന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും അവള്‍ക്ക്‌ അത്രയും എണ്ണം ആവശ്യപ്പെടാനാണ്‌‍ തോന്നിയത്‌. ആദ്യം വിശ്വാസം വരാത്തപോലെ ഒരു നിമിഷം നിന്നെങ്കിലും അയാള്‍ വേഗം, ബാഗില്‍ നിന്ന് ഒരു പ്ലാസ്റ്റിക്‌ കവര്‍ എടുത്ത്‌ പായ്ക്കറ്റുകള്‍ ആറെണ്ണം എണ്ണി തിട്ടപ്പെടുത്തി, അതിലിട്ടു കൊടുത്തു.

അയാളുടെ കൈയില്‍ ആറെണ്ണമേ ഉണ്ടായിരുന്നുള്ളൂ.

"നോക്കണോ?"

"വേണ്ട. കേടാണെങ്കില്‍, ഇവിടെവെച്ച് തന്നെ എന്നെങ്കിലും കണ്ടുമുട്ടുമല്ലോ. അപ്പോ പറയാം, ബാക്കി."

വാങ്ങി പൈസ കൊടുത്ത്‌, ബാഗിലേക്കിട്ടു. അവര്‍ നടക്കുന്നതും നോക്കി നിന്നപ്പോഴാണ്‌‍ ജയേഷ്‌ വന്നത്‌.

വീട്ടിലെത്തി, വാങ്ങിക്കൊണ്ടുവന്ന ഭക്ഷണവും കഴിച്ച്‌ യാത്രാക്ഷീണം തീര്‍ക്കാന്‍ ഇരിക്കുമ്പോഴാണ്‌‍ ജയേഷ്‌ ചോദിച്ചത്‌.

"എനിക്കെന്താ കൊണ്ടുവന്നത്‌?"

ജയേഷിനു വാങ്ങിയ ടീഷര്‍ട്ടും, മറ്റു കുഞ്ഞു കുഞ്ഞു സമ്മാനങ്ങളും എടുക്കുമ്പോഴാണ്‌‍ അവള്‍ക്ക്‌ ഓര്‍മ്മ വന്നത്‌. ഒന്നുണ്ടല്ലോ ബാഗില്‍. ഒരു പായ്ക്കറ്റ്‌ തുറന്ന് എടുത്ത്‌, വേറൊരെണ്ണം ‌ അവനുള്ള സമ്മാനങ്ങളുടെ കൂടെ വെച്ചു. എല്ലാം കൂടെ അവന്റെ മുന്നിലേക്കിട്ടു. അവള്‍ കൊണ്ടുവന്നതെല്ലാം നോക്കുന്നതിനിടയില്‍, അവള്‍ വണ്ടുകളെ മൂളിച്ചു നോക്കി. ഉം. ശരിയാവുന്നുണ്ട്‌.

"അതെന്താ അത്‌?"

"ഇതാണു മൂളുന്ന വണ്ടുകള്‍."

അവള്‍ വല്യ അഭ്യാസിയെപ്പോലെ മുകളിലേക്കെറിഞ്ഞിട്ട്‌ ഒച്ചയുണ്ടാക്കികേള്‍പ്പിച്ചു. പിന്നെ, ജയേഷിനു കൊടുത്ത പായ്ക്കറ്റുകള്‍ക്കിടയില്‍ നിന്ന് വണ്ടിന്റെ പായ്ക്കറ്റ്‌ എടുത്ത്‌ കൊടുത്തു.

"ആരാ നന്നായിട്ട്‌ ചെയ്യുക എന്ന് നോക്കാം."

“നിന്റെ ക്ഷീണം പോയോ?”

"അത് സാരമില്ല. ഇനി കുറച്ച് ദിവസം യാത്രയൊന്നും ഇല്ലല്ലോ.”

“ഓഹോ. എന്നാല്‍ ഇപ്പോ പറഞ്ഞുതരാം.” അവന്‍ പായ്ക്കറ്റ് തുറന്ന് എടുത്ത് മുകളിലേക്കിട്ട് പിടിക്കാന്‍ തുടങ്ങി.

“ഇനി അഥവാ ഇത്‌ പ്രാക്റ്റീസ്‌ ചെയ്ത്‌ കേടായാലും ഇനിയും ഇരിപ്പുണ്ട്‌."

അവന്‍ വിശ്വാസം വരാതെ നോക്കിയപ്പോള്‍ അവള്‍ കണ്ണടച്ചു കാണിച്ചു. അവര്‍ രണ്ടും മത്സരം തുടങ്ങി. കളിച്ച്... ചിരിച്ച്...ചിരിച്ച്...

ദൂരെയൊരിടത്ത്‌, കൊണ്ടുപോയതൊക്കെ ചെലവായത്‌ ഓര്‍ത്ത്‌, അയാള്‍ സന്തോഷിച്ചിരിപ്പുണ്ടായിരുന്നു. എന്നാലും ആറെണ്ണം! അയാള്‍ക്ക് അതിശയം ആയിരുന്നു. ഭാര്യയോടും അയാള്‍ അത് തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. അയാളുടെ കുഞ്ഞുങ്ങള്‍ ഒന്നുമറിയാതെ ശാന്തമായി ഉറങ്ങുന്നുണ്ടായിരുന്നു.

Labels:

Saturday, January 27, 2007

ട്രാഫിക് ലൈറ്റും ജീവിതവും

ചുവപ്പ്‌ കാണിക്കുന്നത്‌, ദുഃഖവും കണ്ണീരും ആണ്‌‍. നമ്മള്‍ ഒരിടത്ത്‌ തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കും. അല്ലെങ്കില്‍, മുന്നോട്ട് പോവാന്‍ കഴിയാതെ മടുത്ത് ഇരിക്കും.

ഓറഞ്ചും മഞ്ഞയും കലര്‍ന്നത്‌, പ്രതീക്ഷയാണ്‌‍. എന്താവും എന്നൊരു ചോദ്യമാണ്‌‍. കാത്തിരിക്കുന്നതിനെക്കുറിച്ചുള്ള ജിജ്ഞാസയാണ്.

പച്ച, സന്തോഷവും സമാധാനവും നിറ‍ച്ച്‌ ഒഴുകാന്‍ പ്രേരിപ്പിക്കുന്നു. ഒരുപാട് ദൂരം പോകാന്‍ പ്രേരിപ്പിക്കുന്നു.

ചുവപ്പില്‍ ഇരിക്കുമ്പോള്‍ അല്ലെങ്കില്‍ പച്ചയെ കാത്ത്‌ ഇരിക്കുമ്പോള്‍, എല്ലാവരേയും ശ്രദ്ധിക്കുന്ന നാം പച്ചയില്‍, സന്തോഷത്തിലും സമാധാനത്തിലും, ലക്‍ഷ്യം നോക്കി ഓടുമ്പോള്‍, ചുവപ്പില്‍ ഇരിക്കുന്നവരെക്കുറിച്ച്‌ ഓര്‍ക്കാറുണ്ടോ?


ഇല്ല. അതാണ് സത്യം. കാരണം, ഓടുന്നതിനിടയ്ക്ക് ആലോചിക്കാന്‍ സൌകര്യമില്ലല്ലോ.

Labels:

Wednesday, January 24, 2007

ഇതൊക്കെ നിസ്സാര കാര്യങ്ങള്‍ ആണല്ലേ?

നെടുവീര്‍പ്പ്

കഷണ്ടിയ്ക്ക് മരുന്ന് കണ്ടുപിടിച്ച വാര്‍ത്ത വായിച്ച് കൂട്ട് നഷ്ടപ്പെട്ടതില്‍ നിരാശപ്പെട്ട അസൂയ നെടുവീര്‍പ്പിട്ടു.


ആശ്ചര്യം


തങ്ങളുടെ നിലനില്‍പ്പിലൂടെയാണ് ജീവിതം പോകുന്നതെന്നറിയുന്ന ചെടി, തങ്ങളെ അവഗണിച്ചുകൊണ്ട്, അഹങ്കരിച്ച് നില്‍ക്കുന്നതുകണ്ട് വേരുകള്‍ ആശ്ചര്യപ്പെട്ടു.


കീര്‍ത്തി

ചേര്‍ച്ചയില്ലാതെ മാറിനില്‍ക്കേണ്ടി വരുന്ന അക്ഷരങ്ങള്‍ക്കാണ് ഒരു വാക്ക് നന്നാവുന്നതിന്റെ കീര്‍ത്തി ലഭിക്കേണ്ടത്.


തേങ്ങല്‍

ജീവിക്കുമ്പോള്‍ ഒരു കീറത്തുണിയ്ക്ക് വേണ്ടി കേണ ശരീരം, മരിച്ച് കിടക്കുമ്പോള്‍ കോടി വസ്ത്രം പുതച്ചപ്പോള്‍ ആത്മാവ് തേങ്ങി.


നാണം

ആവശ്യമുള്ളപ്പോള്‍, കണ്ടില്ലെന്ന് നടിച്ച്, കണ്ണടച്ച് ഇരുട്ടാക്കി, അവസാനം, കണ്ണടച്ച് നിശ്ചലമായ ശരീരത്തെ നോക്കി, മനുഷ്യന്‍ കരഞ്ഞപ്പോള്‍, കണ്ണിന് നാണം തോന്നി.

Monday, January 22, 2007

അവസാനനിമിഷത്തിലെ തിരിച്ചറിവ്

പിച്ചവെച്ച്‌ നടക്കുമ്പോള്‍ എനിക്കെല്ലാം അത്ഭുതമായിരുന്നു.

വീഴാതെ നടക്കുന്നവരെ കണ്ട്‌ അഭിമാനം തോന്നുമായിരുന്നു.

ചെരുപ്പിട്ട്‌ കാല്‍നട നടക്കുമ്പോള്‍ ചെരുപ്പില്ലാതെ നടക്കുന്നവരെക്കുറിച്ചോര്‍ത്ത്‌, അയ്യേ എന്ന് തോന്നി.
സൈക്കിളില്‍ പോകുന്നവരോട്‌ ഉള്ളിലൊരു അഭിമാനവും.

സൈക്കിളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍, കാല്‍ നടക്കാരോട്‌ അയ്യേ എന്ന് തോന്നി. സ്കൂട്ടറില്‍ പോകുന്നവരോട്‌ അല്‍പ്പം ഇഷ്ടവും.

സ്കൂട്ടറില്‍ പോകാന്‍ തുടങ്ങിയപ്പോള്‍, കാല്‍നടക്കാരെ എനിക്കോര്‍മ്മയേ ഉണ്ടായിരുന്നില്ല. സൈക്കിളില്‍ പോകുന്നവരോട്‌ അല്‍പ്പം പുച്ഛം തോന്നിയില്ലേ? കാറില്‍ പോകുന്നവരോട്‌ അല്‍പ്പം ഇഷ്ടവും കൂടി.

കാറില്‍ പോകാന്‍ തുടങ്ങിയപ്പോള്‍, കാല്‍നടക്കാരെ മാത്രമല്ല, സൈക്കിളുകാരേയും ഞാന്‍ മറന്നു. സ്കൂട്ടറില്‍ പോകുന്നവര്‍, ഹോണടിച്ചിട്ടും വഴി തരാത്തവര്‍ ആയി.

അവസാനം, എല്ലാവരും കൂടെ ചുമന്നുകൊണ്ടുപോകുമ്പോഴാണു ഞാന്‍ തിരിച്ചറിഞ്ഞത്. എന്റെ കൂടെ വരാന്‍ ഒരാളുപോലുമില്ലെന്നും, പക്ഷെ കണ്ണീര്‍ പൊഴിക്കുന്നവരില്‍, ചെരിപ്പില്ലാത്തവരും, കാല്‍ നടക്കാരും, സ്കൂട്ടറില്‍ പോകുന്നവരും, കാറില്‍ പോകുന്നവരും ഒക്കെയുണ്ടെന്നും.

Sunday, January 21, 2007

ബര്‍ഗര്‍

"ഞാന്‍ ഇന്ന് ബര്‍ഗര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു."

"നീ എന്റെ ഉദരത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു ‌ എന്ന് പറ."

"അങ്ങനേം പറയാം."

"സു, കുറച്ച്‌ കഞ്ഞി, കുറച്ച്‌ ചമ്മന്തി, രണ്ട്‌ ചുട്ട പപ്പടം ഇതൊക്കെ പോരേ നമുക്ക്‌?"

"അത്‌ മതി. പക്ഷെ ബര്‍ഗര്‍ എന്നൊരു സാധനം എനിക്ക്‌ ഉണ്ടാക്കാന്‍ അറിയില്ല എന്ന് നാലാള്‍ക്കാരോട്‌ പറയാന്‍ എനിക്കാവില്ല."

"ഏതാ ആ നാലു ആള്‍ക്കാര്‍? ഞാന്‍ പറഞ്ഞോളാം അവരോട്‌."

"വീട്ടുകാര്‍, നാട്ടുകാര്‍, കൂട്ടുകാര്‍, ബ്ലോഗുകാര്‍."

"ഇത്രേ ഉള്ളൂ? ഞാനേറ്റു."

"ഇല്ല. ഞാന്‍ തീരുമാനിച്ചു. എന്റെ കൂട്ടുകാരി ഘട്ടം ഘട്ടമായി പറഞ്ഞുതന്നിട്ടുണ്ട്. ഞങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്."

"ദൈവം രക്ഷിക്കട്ടെ. എന്തായാലും നീ ലിസ്റ്റ്‌ എഴുത്‌."

.........

പൊന്നി അരി - 3 കിലോ

തുവരപ്പരിപ്പ്‌ - 1 കിലോ

ചെറുപയര്‍ - 1 കിലോ

പച്ചമുളക്‌ - 100 ഗ്രാം

തക്കാളി - 1 കിലോ

വെള്ളരിക്ക - 1

ഉള്ളി - 500 ഗ്രാം

...............

..............

............

............



"ഇതൊരു വല്യ ലിസ്റ്റ്‌ ആണല്ലോ ? നീ ബര്‍ഗര്‍ ഉണ്ടാക്കുന്നോ? അതോ, സദ്യ നടത്താന്‍ പോകുന്നോ?"

"ഞാന്‍ ബര്‍ഗര്‍ ഉണ്ടാക്കും. നമ്മള്‍ തിന്നും. എന്നിട്ട്‌ നമ്മള്‍ക്ക്‌ വല്ല അസുഖവും ഉണ്ടായാല്‍പ്പിന്നെ കുറച്ചുദിവസത്തേക്ക്‌ ആരു കൊണ്ടുത്തരും, സാധനങ്ങളൊക്കെ? ഒക്കെ വാങ്ങി വെച്ചാല്‍, നമുക്ക്‌ ആവും പോലെ വെച്ചുകഴിക്കാലോ."

ചേട്ടന്റെ വായ ഖുല്‍ ജാ സിം സിം കേട്ട ഗുഹ പോലെ ആയി.

Friday, January 19, 2007

പ്രണയം ഇങ്ങനെ ആയാല്‍ കുഴപ്പമുണ്ടോ?

നിന്റേത്‌ മാത്രമായിരുന്നു ഞാന്‍.

വേറൊരാളുടെ നിനവില്‍പ്പോലും കടന്നുചെല്ലാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.

നിന്റെ കാലടികളില്‍മാത്രം ഞാന്‍ അഭയം കൊതിച്ചു.

നീ നടക്കുന്ന വഴിത്താരകളില്‍ നിനക്കൊരു കൂട്ടായിരിക്കാന്‍ ആഗ്രഹിച്ചു.

കല്ലിലും മുള്ളിലും വനത്തിലും, ഗ്രാമത്തിലും, നഗരത്തിലും, എല്ലായിടത്തും നിന്റെ കൂട്ടിനു വേണ്ടി ഞാന്‍ നിന്നു.

പക്ഷെ ഈയിടെയായി നീയെന്നെ അവഗണിക്കുന്നുണ്ടോയെന്ന് എനിക്കൊരു തോന്നല്‍.

എന്റെ സ്ഥാനം നീ വേറൊരാള്‍ക്ക് കൊടുക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

നിഷേധിക്കും നീയെന്ന് എനിക്കറിയാം.

പക്ഷെ അതല്ലേ സത്യം?

അല്ലെങ്കില്‍ പറയൂ എന്റെ പൊട്ടിയ വാര്‍ മാറ്റിയിടാത്തതെന്തേ?

ചെരുപ്പാണെങ്കിലും നിന്നെച്ചേര്‍ന്ന് നടക്കുന്നതല്ലേ. ഒരു ഭംഗി വേണ്ടേ?


(കാശിയ്ക്കുള്ള വണ്ടി എപ്പോഴാണാവോ? ;) )

Thursday, January 18, 2007

അമ്പോറ്റി പറഞ്ഞത്

"അച്ഛാ..."

മീനൂട്ടി ഓടിവന്ന് അച്ഛന്റെ മടിയിലേക്കിരുന്നു. അവളുടെ അമ്മ വീടിനകത്തേക്ക്‌ പോയി.

"മീനുട്ടി അമ്പോറ്റിയോട്‌ പ്രാര്‍ത്ഥിച്ചോ?"

"ഉം. പ്രാര്‍ത്ഥിച്ചു." സ്ഫുടതയില്ലാതെ, അവള്‍ പറഞ്ഞ്‌ തലയാട്ടി.

"എന്നിട്ട്‌ അമ്പോറ്റി എന്തു പറഞ്ഞു?"

"ഡിസൈനര്‍ സാരിമേള വന്നിട്ടുണ്ട്‌. റോസാന്റിയുടെ, കാര്‍ പുതിയതൊന്നുമല്ല. ഷീന കാണിച്ച്‌ പേള്‍ നെക്ലേസ്‌ ഒറിജിനല്‍ അല്ല. മോനു ഫാസ്റ്റ്‌ ക്ലാസ്സ്‌ ഉണ്ടായിരുന്നു എന്ന് സുശീലേടത്തി പറഞ്ഞത്‌ കള്ളമായിരുന്നു. ടൂറിനു പോകുമ്പോള്‍ റാണി കൊണ്ടുവന്ന ചട്‌നി കേടായിരുന്നു.”

മീനൂട്ടി ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

"ഇതൊക്കെയാണോ അമ്പോറ്റി മോളോട്‌ പറഞ്ഞത്‌?"

മീനൂട്ടി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"പിന്നെ?"

"അമ്മയും കമലാന്റിയും നടയ്ക്കല്‍ നിന്ന് ഇതാ പറഞ്ഞുകൊണ്ടിരുന്നത്‌. അമ്പോറ്റി പറഞ്ഞത്‌ മീനൂട്ടിയ്ക്ക്‌ കേള്‍ക്കാന്‍ പറ്റിയില്ല."

"ഇനി മീനൂട്ടി അച്ഛന്റെ കൂടെ അമ്പലത്തില്‍ പോയാല്‍ മതി കേട്ടോ."

"ഉം."

മീനുട്ടി അമ്മേ എന്ന് വിളിച്ച്‌ അകത്തേക്ക്‌ ഓടിപ്പോയി.

Tuesday, January 16, 2007

പ്രണയം ജയിച്ചു, ദൈവവും

നരകത്തിന്റെ വാതില്‍ക്കല്‍, കളമിട്ട്‌ കൊണ്ടിരുന്നപ്പോഴാണ്, സ്വര്‍ഗ്ഗത്തിന്റെ വാതിലില്‍, അവനെ, അവള്‍ കണ്ടത്‌. അവനെ ഇടം കണ്ണിട്ട്‌ നോക്കി അവള്‍. നേരെ നോക്കാന്‍ അവള്‍ക്ക്‌ ഭയമായിരുന്നു. അവനെ ദേഷ്യം പിടിപ്പിക്കുക ആയിരുന്നല്ലോ അവളുടെ ഹോബി. അവന്‍ പക്ഷെ, പതിവുപോലെ കുസൃതി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി. ചുണ്ടില്‍ ഒരു കള്ളപ്പുഞ്ചിരിയും.

"സുഖമാണോ?"

"ഉം."

"അവിടെയോ?"

"അവിടെ സുഖമാണെങ്കില്‍..."

"പിന്നേ..., ഇവിടെ സുഖമാണെങ്കില്‍ അല്ലേ അവിടെ സുഖം. ഇവിടെയെങ്കിലും കള്ളമൊന്ന് അവസാനിപ്പിച്ചൂടേ? "

“ഈ വഴക്കാണ് നിന്നെ നരകത്തിലേക്ക് വിട്ടത്.”

വഴക്കായി പതിവുപോലെ.

അവര്‍ പ്രണയം വീണ്ടും തുടങ്ങി. ദൈവം സഹികെട്ടു. സ്വര്‍ഗ്ഗത്തിന്റേം നരകത്തിന്റേം വാതില്‍ തുറന്നാല്‍ തുടങ്ങും രണ്ടുംകൂടെ. ഭൂമിയില്‍ നിന്ന് പോരുമ്പോള്‍ ഇതൊക്കെ തീര്‍ത്തിട്ട്‌ പോന്നാല്‍പ്പോരേ? വെറുതെയല്ല, രണ്ടും രണ്ടിടത്ത്‌ ആയത്‌. മറ്റുള്ളവരും അനുകരിച്ച് തുടങ്ങിയാല്‍ കുഴപ്പമാവും. ദൈവം രണ്ടിനേം ഭൂമിയിലേക്ക്‌ തന്നെ തള്ളിവിട്ടു. സ്വര്‍ഗ്ഗവും, നരകവും ഒരുമിച്ച് അനുഭവിക്കാന്‍.

Friday, January 12, 2007

ഉണ്ണിയും ഓപ്പോളും

ഉണ്ണിയ്ക്ക്‌ അരിശം വരുന്നുണ്ടായിരുന്നു. വെയിലാറിയാല്‍ ചാമ്പയ്ക്ക പെറുക്കാന്‍ കൂടെപ്പോവാംന്ന് ഓപ്പോള്‍ സമ്മതിച്ചതാണ്. വെയിലാറി. ഒരുപാട്‌ സമയവും ആയി. ഉണ്ണിയ്ക്ക്‌ കൂട്ടുകാരോടൊപ്പം ആല്‍ത്തറയ്ക്ക്‌ അടുത്തുള്ള കളിക്കളത്തിലേക്ക്‌ പോവാന്‍ സമയം ആയി. ചാമ്പയ്ക്ക മുഴുവന്‍, ആരെങ്കിലും കൊണ്ടുപോയിക്കാണും. ഓപ്പോളാണെങ്കില്‍, വീട്ടില്‍ വന്നവരുടെ മുന്നില്‍ ചിരിച്ച്‌ നില്‍ക്കുകയാണ്‌‍. ഈ ഓപ്പോളുടെ ഒരു കാര്യം.

ശരിക്കും പറഞ്ഞാല്‍, പ്രേതകഥകള്‍ ഉണ്ടാക്കിപ്പറഞ്ഞ്‌ ഓപ്പോള്‍ അപശബ്ദം ഉണ്ടാക്കി പേടിപ്പിക്കുമ്പോള്‍പ്പോലും ഉണ്ണി ഇത്രയും പേടിച്ചിട്ടില്ല. ഓപ്പോള്‍ പുസ്തകങ്ങളൊക്കെ താഴെയിട്ട്‌, തോട്ടിലേക്ക്‌ ചാടിയത്‌ അവന്‍ ഇന്നും ഞെട്ടലോടെയാണ്‌‍ ഓര്‍ക്കാറ്. ഓപ്പോള്‍ നനഞ്ഞ്‌, കയറിവന്ന് മുഖമൊക്കെ തുടച്ച്‌, പോകാം എന്നു പറഞ്ഞപ്പോള്‍, അവന്‍ ചുറ്റുമുള്ള ആളുകളെയൊന്നും വക വെക്കാതെ ഓപ്പോളെ കെട്ടിപ്പിടിച്ച്‌ കരഞ്ഞത്‌ അല്‍പ്പം നാണത്തോടെ ഓര്‍മ്മിക്കാറുമുണ്ട്‌.

അന്ന് തോട്ടില്‍ നിന്ന് ഓപ്പോള്‍ രക്ഷിച്ച കുട്ടിയും അച്ഛനും അമ്മയും ആണ്‌‍ വന്നിരിക്കുന്നത്‌. അവര്‍ ഓപ്പോളെ അഭിനന്ദിച്ച്‌, സന്തോഷത്തോടെ അച്ഛനോടും , മുത്തശ്ശിയോടും പറയുന്നതും കേട്ട്‌ അവന്‍ കുറച്ച്‌ നേരം ഇരുന്നു. ഓപ്പോള്‍ ചാമ്പയ്ക്കയുടെ കാര്യം മറന്ന ലക്ഷണം ആണ്‌‍. അവന്‍ മെല്ലെ അകത്തേക്ക്‌ നടന്നു. അടുക്കളയിലാണ്‌ അമ്മ. ചായയെടുക്കുന്ന തിരക്കില്‍.

"അമ്മേ"

"എന്താ?"

"ഓപ്പോളോട്‌ ചാമ്പയ്ക്ക പെറുക്കാന്‍ വരാന്‍ പറയ്യോ?"

"അവരൊക്കെ ഇല്ലേ ഉണ്ണീ. നമ്മുടെ വീട്ടില്‍ ആരെങ്കിലും വന്നാല്‍ ഇറങ്ങിപ്പോവുകയാണോ വേണ്ടത്‌?"

ഉണ്ണി, ഊണുമേശയില്‍ ഉണ്ടായിരുന്ന പ്ലേറ്റ്‌, ദേഷ്യത്തോടെ തള്ളിനീക്കി. അമ്മ ഉണ്ണിയെ ഒന്ന് ശാസനയോടെ നോക്കിയിട്ട്‌ ചായയും പലഹാരങ്ങളും എടുത്ത്‌ പൂമുഖത്തേക്ക്‌ പോയി.

അവര്‍ പോയതെപ്പോഴാണെന്ന് ഉണ്ണിക്കറിയില്ല. അവന്‍, കൂട്ടുകാരോടൊപ്പം കളിച്ച്‌, തോട്ടില്‍ നീന്തി, അമ്പലത്തില്‍ പോയി വന്നപ്പോഴേക്കും ഓപ്പോള്‍ പഠിക്കാന്‍ ഇരുന്നിരുന്നു. അവന്‍ ഓപ്പോളോട്‌ ഒന്നും മിണ്ടിയില്ല. പിറ്റേന്ന് സ്കൂളില്‍ പോകുമ്പോഴാണ് ഓപ്പോള്‍ പറഞ്ഞത്‌.

"അവര്‍ക്ക്‌ വല്യ സന്തോഷമായിട്ട്‌ വന്നതാ. ആ കുട്ടിയെ രക്ഷിച്ചതിന്. നമുക്ക്‌ ഉടുപ്പൊക്കെ കൊണ്ടുവന്നു."

"എന്നിട്ട്‌ ഞാന്‍ കണ്ടില്ലല്ലോ?"

"നീ മിണ്ടിയില്ലല്ലോ. അമ്മ പറഞ്ഞു ഇനി സ്കൂള്‍ പൂട്ടിയിട്ട്‌, വിഷുവിനേ ഇടാന്‍ തരൂ എന്ന്."

ഉടുപ്പ്‌ കാണാന്‍ പറ്റിയില്ലെങ്കിലും ഓപ്പോളുടെ കൂടെ നടക്കുമ്പോള്‍ ഒരു സന്തോഷം തോന്നി.

"ഓപ്പോളേ"

"എന്താ?"

"ഓപ്പോള്‍ക്ക്‌ ആ കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കിലോ?"

"അതൊന്നും നമ്മള്‍ ആലോചിക്കരുത്‌. കുട്ടി വെള്ളത്തില്‍ വീണു മുങ്ങിപ്പൊങ്ങുന്നതും കണ്ട്‌ നമ്മള്‍ വീട്ടില്‍ പോകാന്‍ പാടുണ്ടോ? ശ്രമിക്കണം എല്ലാ കാര്യവും."

ഓപ്പോള്‍ റോഡരികിലെ ചെമ്പരത്തിച്ചെടിയില്‍ നിന്ന് ഇലകള്‍ പറിച്ച്‌ റോഡിലെ ചെറിയ വെള്ളക്കുഴിയിലേക്ക്‌ ഇട്ടു.

"എന്തിനാ ഇല പറിച്ചിട്ടത്‌?"

"ഉറുമ്പുകളെ കണ്ടില്ലേ? വരിവരിയായിട്ട്‌ പോവുകയായിരിക്കും. വെള്ളത്തില്‍ വീണു. ഇനി ഇലയില്‍ കയറി ഇരിക്കും. വെയില്‍ വന്നാല്‍ വെള്ളം വറ്റിക്കോളും. അതിനുമുമ്പ്‌ ആരും ചവുട്ടിയില്ലെങ്കില്‍."

"ഓപ്പോള്‍ക്ക്‌ വേറെ ജോലിയില്ലേ, വേഗം പോവാം."

‌‌‌‌‌‌‌‌------------------

നിലത്തേക്ക്‌ അമര്‍ന്നപ്പോള്‍ ഉണ്ണിയ്ക്ക് കൈമുട്ട്‌ അല്‍പ്പം വേദനിച്ചു. മൂന്ന് നാലു‍ ദിവസമായിട്ടുള്ള അലച്ചില്‍ ആണ്‌‍. അവസാനം അറിവ്‌ കിട്ടുമ്പോഴേക്കും ഭീകരവാദികള്‍ സ്കൂളില്‍ കയറിക്കഴിഞ്ഞിരുന്നു. ആകെ അനുകൂലമായത്‌, സ്കൂള്‍ വിട്ട്‌ മിക്കവാറും പേരും പോയ്ക്കഴിഞ്ഞിരുന്നു. സ്കൂള്‍ ബസ്സില്‍ പോകാത്ത കുട്ടികളും, തിരക്കിട്ട്‌ പോകാത്ത അദ്ധ്യാപകരും മാത്രം ഉണ്ടായിരുന്നു. അവിടേക്കാണ്‌ ഭീകരവാദികള്‍ കയറിയത്‌. അറിഞ്ഞെത്തിയപ്പോഴേക്കും അവര്‍ ഉള്ളിലെവിടെയോ പതുങ്ങി ഇരുന്നു കഴിഞ്ഞിരുന്നു. ഗേറ്റില്‍ക്കൂടെ കടന്നാല്‍ അവര്‍ കാണും. ഇപ്പുറത്തെ കെട്ടിടത്തില്‍ നിന്ന് ടെറസ്സിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന മരം മാത്രമാണു ഒരു രക്ഷ. അവിടെ നിന്ന് ടെറസ്സിലേക്ക്‌ കടന്നാല്‍ കാണില്ല. അല്ലെങ്കിലും മൂന്ന് ആള്‍ക്കാര്‍, ഇത്രയും പേരുള്ള തങ്ങളോട്‌ ഏറ്റുമുട്ടിയാല്‍ ജയിക്കില്ല. പക്ഷെ കുഞ്ഞുങ്ങളുടേയും, അദ്ധ്യാപകരുടേയും സുരക്ഷ ഓര്‍ത്ത്‌ മാത്രമാണു നേരിട്ട്‌ ഒരു ആക്രമണം വേണ്ടെന്ന് വെച്ചത്‌.

ടെറസ്സിലെ നിലം പരുക്കനായിരുന്നു. അതൊന്നും ഒരു കാര്യമായിട്ട്‌ തോന്നാറില്ല. എന്നാലും ഉണ്ണിയ്ക്ക്‌ അന്ന് നല്ലൊരു തുടക്കം ആയിരുന്നില്ല. ഒരു വീഴ്ചയും, ഡ്യൂട്ടിയ്ക്ക്‌ താമസിച്ചെത്തിയതിനു മേലധികാരിയുടെ താക്കീതും. ഇപ്പോ രാത്രിയാവാന്‍ പോകുന്ന നേരം ഒരു ഭീകരവാദി ഓപ്പറേഷനും.

കൂടെയുള്ള അഞ്ച്‌ പേരും നിശ്ശബ്ദമായി, അടുത്ത നീക്കം എന്താവണമെന്ന് സ്വയം ആലോചിച്ചുകൊണ്ടിരിക്കയാവും. ഇത്രയൊക്കെ പാട്പെടുന്നത്‌ എന്തിനാ, അവരുടെ ഡിമാന്‍ഡ്‌, സര്‍ക്കാരിനു അംഗീകരിച്ചാല്‍പ്പോരേ എന്ന് മനസ്സില്‍ വന്നതിനൊപ്പം, ഓപ്പോളും മനസ്സിലെത്തി.

ശ്രമിക്കണം ഒക്കെ ചെയ്യാന്‍, തോറ്റാലും ജയിച്ചാലും എന്ന് എപ്പോഴും പറയുമായിരുന്നു ഓപ്പോള്‍. പഠിപ്പ്‌ കഴിഞ്ഞപ്പോള്‍ത്തന്നെ കിട്ടിയ ജോലി ഇതായിരുന്നു. പട്ടാളത്തില്‍ എന്ന് പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും ഒരുപോലെ പറഞ്ഞു, വേറെ ജോലി മതി എന്ന്. ഓപ്പോള്‍ ശക്തമായി അവരെ എതിര്‍ത്തു. ജോലി കിട്ടാതെ ലക്ഷക്കണക്കിന്‍ ആളുള്ളപ്പോള്‍ കിട്ടിയ ജോലി വിടുന്നത്‌ നല്ല കാര്യമല്ലെന്ന് പറഞ്ഞ്‌ തര്‍ക്കിച്ചു. വേണ്ടായിരുന്നെങ്കില്‍ വെറുതെ അപേക്ഷിച്ച്‌, മറ്റൊരാളുടെ അവസരം കളയേണ്ടായിരുന്നു എന്നും പറഞ്ഞു. അതുകൊണ്ട്‌ പിന്നീട്‌ ഒരു വിഷമവും തോന്നിയിട്ടില്ല. വീട്ടുകാരെ പിരിഞ്ഞിരിക്കുന്നതൊഴിച്ച്‌. കഠിനമാണെങ്കിലും, തൃപ്തി തരുന്ന ജോലി.

പതുക്കെപ്പതുക്കെ കോണിപ്പടികള്‍ ഇറങ്ങി. മൂന്നുപേരേ ഉള്ളൂ എന്നാണ്‌‍ കിട്ടിയ വിവരം. കൂടുതലും ഉണ്ടാവാനുള്ള സാദ്ധ്യത ഉണ്ട്‌.

---------------------

പുറത്ത്‌, പേടിയോടെ കാത്തുനില്‍ക്കുന്ന ജനക്കൂട്ടത്തിലേക്ക്‌ കുഞ്ഞുങ്ങളേയും അദ്ധ്യാപകരേയും കൂട്ടി, കൂട്ടരോടൊപ്പം ഇറങ്ങിച്ചെല്ലുമ്പോള്‍, ഉണ്ണിയ്ക്ക്‌, പക്ഷെ വേദനയും, ക്ഷീണവുമൊന്നും അനുഭവപ്പെട്ടില്ല. ഓപ്പോള്‍ പറയുന്നപോലെ, ശ്രമിച്ചാല്‍ വിജയിക്കും കാര്യങ്ങള്‍. നല്ല കാര്യങ്ങള്‍ ആവണമെന്ന് മാത്രം. എന്നാലും കൊല്ലപ്പെട്ട ഭീകരവാദികളെക്കുറിച്ചോര്‍ത്തപ്പോള്‍ ഉണ്ണിയ്ക്ക്‌ അല്‍പ്പം നൊമ്പരം തോന്നി. അവര്‍ക്കും ഉണ്ടാകില്ലേ, ഓപ്പോള്‍, ഏതെങ്കിലും, ഗ്രാമത്തില്‍ കാത്തിരിക്കാന്‍. ജീവിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത വഴി ശരിയല്ലാത്തതുകൊണ്ടാവും അവര്‍ക്ക്‌ ഈ ഗതി വന്നത്‌.

വീട്ടിലേക്ക്‌ വിളിച്ചപ്പോള്‍ ഓപ്പോള്‍ ഉണ്ടായിരുന്നു. "നന്നായി. നിന്റെ ഫോട്ടോ കണ്ടു പത്രത്തില്‍. പണ്ട്‌ വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിച്ചത്‌ എന്തിനാണെന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ലേ ഇപ്പോള്‍? അതും ഒരു സന്തോഷമാണ്‌‍. സംതൃപ്തി.”

ഉണ്ണിയ്ക്ക്‌ എല്ലാം മനസ്സിലാവുന്നുണ്ടായിരുന്നു. എന്നാലും, എല്ലാവരേയും കാണാന്‍, കുറച്ച്‌ നാള്‍ കൂടെ കഴിയുമല്ലോന്നോര്‍ത്ത്‌ ഒരു നീറ്റല്‍ മനസ്സില്‍ എവിടെയോ മായാതെ കിടന്നു.

Wednesday, January 10, 2007

സ്നേഹത്തോടെ എന്ന് ചിരിക്കും?

അവള്‍ നടന്നുപോയ്ക്കൊണ്ടിരുന്നു.

വഴിയിലുള്ള ചെടി അവളുടെ തലോടലേറ്റ് പുഞ്ചിരിച്ചു.

കല്ലും മണ്ണും അവളെ നോക്കി കിലുങ്ങിച്ചിരിച്ചു.

ആകാശം അവളുടെ കൂടെയെത്താന്‍ ഓടിക്കിതച്ചിട്ടും ചിരിച്ചു.

മഴ അവളെ കാത്ത്‌ നിന്നപോലെ പൊട്ടിച്ചിരിച്ച്‌ പെയ്തു.

നക്ഷത്രങ്ങള്‍ അവളുറങ്ങുമ്പോള്‍ കാണാറുണ്ടെന്ന് പറഞ്ഞ്‌ എവിടെയോ ഒളിച്ചിരുന്ന് പുഞ്ചിരിച്ചു.

ഭൂമി, അവളുടെ പാദസ്പര്‍ശത്തില്‍ കൊഞ്ചിച്ചിരിച്ചു.

പൂക്കള്‍, സുഗന്ധം പൊഴിച്ച്‌, വിടര്‍ന്ന് ചിരിച്ചു.

മനുഷ്യര്‍ സ്നേഹത്തോടെ എന്ന് പുഞ്ചിരിക്കും എന്നോര്‍ത്ത്‌ കണ്ണിലും കാതിലും എത്തിയ ചിരിക്കിടയിലും അവളുടെ ഹൃദയം, കരഞ്ഞു.

അതുകണ്ട് ദൈവം അലിവോടെ പുഞ്ചിരിക്കുന്നത് അവള്‍ അറിഞ്ഞു.

Tuesday, January 09, 2007

അഹങ്കാരത്തിന്റെ ബലൂണുകള്‍

"ഞാന്‍ ഒരു ആനയുടെ ചെവിയില്‍ക്കയറി ഓടി നടന്നാല്‍ വലിയ ആന ഗതികെടും.” ഉറുമ്പ് അഹങ്കാരത്തോടെ പറഞ്ഞു.

‘ആനയുടെ കാലടിയില്‍ ആണെങ്കിലോ?’

“അത് പിന്നെ...” ഉറുമ്പിന് ഉത്തരം മുട്ടി.

“ഞാന്‍ ഒരു മനുഷ്യനെ തുമ്പിക്കൈ കൊണ്ട് വളച്ചുപിടിച്ചാല്‍ അയാള്‍ അവശനിലയില്‍ ആവും.” ആന അഹങ്കാരത്തോടെ പറഞ്ഞു.

‘മനുഷ്യന്‍ ഒരു മയക്കുവെടി വെച്ചാലോ?’

“അത് പിന്നെ...” ആനയ്ക്ക് ഉത്തരം മുട്ടി.

"ഞാന്‍ എന്റെ ഇഷ്ടത്തിന് കുതിച്ചുപാഞ്ഞാല്‍, പുറത്തിരിക്കുന്ന ആരും തെറിച്ചുവീഴും.” കുതിര അഹങ്കാരത്തോടെ പറഞ്ഞു.

‘മൂക്ക് കയറിട്ട് വലിച്ചു പിടിച്ചാലോ?’

“അത് പിന്നെ...” കുതിരയ്ക്ക് ഉത്തരം മുട്ടി.

“ഞാന്‍ ഒന്ന് ഗര്‍ജ്ജിച്ചാല്‍ ജീവനുള്ളതൊക്കെ പേടിച്ചോടും.” സിംഹം അഹങ്കാരത്തോടെ പറഞ്ഞു.

‘ജീവനില്ലാത്ത വലയില്‍ കുടുങ്ങിയാലോ?’

‘അത് പിന്നെ...” സിംഹത്തിന് ഉത്തരം മുട്ടി.

“വെള്ളത്തിലിറങ്ങുന്ന‍ എല്ലാത്തിനേം കടിച്ച് വലിക്കാന്‍ എനിക്കാവും.” മുതല അഹങ്കാരത്തോടെ പറഞ്ഞു.

‘കമ്പിയഴിക്കൂടിനു കീഴെ, പ്രദര്‍ശനവസ്തുവായി കിടക്കേണ്ടി വന്നാലോ?’

“അത് പിന്നെ...” മുതലയ്ക്ക് ഉത്തരം മുട്ടി.

“ഒക്കെ കരണ്ട് നശിപ്പിക്കാന്‍ എനിക്ക് പറ്റും.” എലി അഹങ്കാരത്തോടെ പറഞ്ഞു.

‘എലിപ്പെട്ടിയ്ക്കുള്ളിലെ തേങ്ങയും കരണ്ട് ഇരിക്കേണ്ടി വന്നാലോ?’

“അത് പിന്നെ...” എലിയ്ക്ക് ഉത്തരം മുട്ടി.

“എനിക്കെന്തും സാധിക്കും. ബുദ്ധി കൊണ്ടും, ശക്തി കൊണ്ടും, തന്ത്രം കൊണ്ടും, കുതന്ത്രം കൊണ്ടും, ഞാന്‍‍ എവിടേം ജയിച്ച് നില്‍ക്കും.” അഹങ്കാരിയായ മനുഷ്യന്‍ പറഞ്ഞു.

‘അങ്ങനെയാണെങ്കില്‍, ഒരു വട്ടമെങ്കിലും, കാലന്‍ വന്ന് കൊണ്ടുപോകുന്നതിന് പകരം കാലനെ കൊന്ന് കൊണ്ടുപോകൂ.’

“അത് പിന്നെ...” മനുഷ്യന് ഉത്തരം മുട്ടി.

ശൂ...ശൂ...ശൂ... ഠോ...ഠോ...ഠോ...

ഇത്രയ്ക്കേ ഉള്ളൂ, അഹങ്കാരത്തിന്റെ ബലൂണുകള്‍ക്ക് ആയുസ്സ്.

Monday, January 08, 2007

മൌനം മയക്കുമ്പോള്‍

തിരയുടെ മൌനം തീരത്തേയും,

മഴയുടെ മൌനം ഭൂമിയേയും,

നക്ഷത്രങ്ങളുടെ മൌനം ആകാശത്തേയും,

കാറ്റിന്റെ മൌനം വൃക്ഷങ്ങളേയും,

നിന്റെ മൌനം എന്റെ ഹൃദയത്തേയും,

എന്റെ മൌനം‍ സ്വപ്നങ്ങളേയും,

മയക്കത്തിലാഴ്ത്തി.

Thursday, January 04, 2007

ചെയ്യാന്‍ കഴിയാതെ പോകുന്നവ

വീടിന്റെ മതിലിന് ചാരി, തണുത്തുവിറച്ച് കൂനിക്കൂടിയിരിക്കുന്ന വൃദ്ധനെ കാണുമ്പോഴൊക്കെ, അലമാരയില്‍ വെറുതേ ഇരിക്കുന്ന പഴയ കമ്പിളിപ്പുതപ്പുകള്‍ ഓര്‍മ്മയില്‍ വരും. തിരക്കില്‍നിന്ന് ഒഴിവാകുമ്പോള്‍ നല്‍കാമെന്ന് കരുതി കടന്നുപോകും. ഒടുവില്‍ കോടി പുതച്ച്, വൃദ്ധന്‍ തണുപ്പില്‍ നിന്ന് തണുത്ത് യാത്രയായപ്പോള്‍, നല്‍കാതിരുന്ന പുതപ്പുകളെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചുതുടങ്ങി.

Tuesday, January 02, 2007

അമ്മൂമ്മയുടെ ഒരുക്കം

'അമ്മൂമ്മയ്ക്ക്‌ വയ്യാതെ ഇതിനൊന്നും പുറപ്പെടരുത്‌. എത്ര ദിവസത്തേക്കാണെന്നൊന്നും അറിയില്ല. അമ്മൂമ്മയ്ക്ക്‌, വല്ല രാമായണവും, മഹാഭാരതവും വായിച്ച്‌ അടങ്ങി ഒരിടത്ത്‌ ഇരിക്കുന്നതാവും നല്ലത്‌.'

കൊച്ചുമക്കള്‍ ആവുന്നത്ര പറഞ്ഞുനോക്കി.

മക്കളും, നിര്‍ബ്ബന്ധിച്ചില്ലെങ്കിലും, ഇതാണു നല്ലത്‌ എന്ന മട്ടില്‍ പെരുമാറി.

അമ്മൂമ്മ രാവിലെ നേരത്തെ എണീറ്റ്‌ ഒരുക്കം തുടങ്ങി. ആരു പറഞ്ഞതും എന്റെ തലയിലേക്ക്‌ കടന്നിട്ടില്ല എന്ന മട്ടില്‍. ചൂടുവെള്ളത്തില്‍ കുളിച്ചു, തൊഴുതു, നാപം ജപം കഴിഞ്ഞ്‌ ഭക്ഷണം കഴിഞ്ഞ്‌, അല്‍പനേരം ഇരുന്നു. ഉച്ചയ്ക്ക്‌ ഊണു ‍ കഴിഞ്ഞ്‌ പതിവുള്ള, ഗ്രന്ഥം വായന നടത്തി. എല്ലാം കണ്ട്‌ വീട്ടുകാര്‍ക്ക്‌ അരിശം കൂടി വന്നു. പറഞ്ഞാല്‍ കേള്‍ക്കില്ല എന്ന് വെച്ചാല്‍‍ എന്താണ്‌‍ കഥ. ഒരുങ്ങിപ്പുറപ്പെട്ടിരിക്കുക തന്നെയാണ്‌‍. ഒരു ദിവസമോ രണ്ടു ദിവസമോ മതിയെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇതിപ്പോള്‍ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്‌‍. അമ്മൂമ്മയുടെ പ്രായത്തിന് ‍ ഇത്‌ താങ്ങാനുള്ള ശേഷിയുണ്ടാകുമോയെന്തോ.

അമ്മൂമ്മയ്ക്ക്‌, വീട്ടുകാരുടെ തന്ത്രങ്ങള്‍ ഒക്കെ മനസ്സിലാവുന്നുണ്ട്‌. എന്നിട്ടും അറിഞ്ഞ മട്ട്‌ കാണിച്ചില്ല. വൈകുന്നേരത്തെ ചായ വൈകിച്ചതുപോലും, തന്ത്രത്തിന്റെ ഒരു ഭാഗമാണെന്ന് അമ്മൂമ്മയ്ക്ക്‌ മനസ്സിലായി. വേഗം കുടിച്ചെഴുന്നേറ്റു. പതിവുപോലെ വൈകുന്നേരത്തെ കാലും മുഖവും കഴുകല്‍ കഴിഞ്ഞ്‌ വിളക്ക്‌ വെക്കുന്നതിനുമുമ്പേ ജപം തുടങ്ങി. വിളക്ക്‌ വെച്ചു കഴിഞ്ഞപ്പോള്‍ നമസ്കരിച്ച്‌ എണീറ്റ്‌, വീടിന്റെ മുന്‍ വശത്തെ മുറിയിലേക്ക്‌, വേഗം നടന്നു. സൌകര്യമുള്ള ഒരിടത്ത്‌ തന്നെ സ്ഥാനം പിടിച്ചു. വീട്ടുകാരൊക്കെ എത്തി. അമ്മൂമ്മയോട്‌ ഇനി പറഞ്ഞിട്ട്‌ കാര്യമില്ല എന്ന മട്ടില്‍ ടി. വി. ഓണ്‍ ചെയ്തു. പുതിയ മെഗാസീരിയല്‍ തുടങ്ങുന്നത്‌ ഇന്നല്ലേ. അമ്മൂമ്മ പുഞ്ചിരിയോടെ ടി.വി യിലേക്ക്‌ കണ്ണും നട്ട്‌ ഇരുന്നു. ഒപ്പം വീട്ടുകാരും.