Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, November 27, 2009

പ്രണയമല്ല

“അവനെ ട്രെയിനിൽ വെച്ച് കണ്ടതുമുതലാണ് തുടങ്ങിയതെന്ന് തോന്നുന്നു. ആകെ ചുവന്നുതുടുത്തു. കാലുകൾക്ക് വല്ലാത്ത ഭാരം. ഒരടി മുന്നോട്ട് വയ്ക്കാൻ കഴിയുന്നില്ല. തൊണ്ടയിൽനിന്നും വാക്കുകൾക്ക് പുറത്തുവരാനൊരു മടി, ഒരു വല്ലാത്ത വേദന. ആകെ ഒരു പരവേശം. ഇത് ഒറ്റക്കാഴ്ചയിലെ പ്രണയം ആണോ ഡോക്ടർ? എന്റെ മനസ്സ് കൈവിട്ടുപോകുമോ?”

“ഇത് പ്രണയം അല്ല. നിങ്ങൾക്ക് തക്കാളിപ്പനിയും ചിക്കുൻ‌ഗുനിയയും പന്നിപ്പനിയും ഒരുമിച്ച് വന്നതാണ്. ഉടനെ ചികിത്സിച്ചില്ലെങ്കിൽ നിങ്ങൾ തന്നെ കൈവിട്ടുപോകും.”

Labels:

Tuesday, November 10, 2009

നീ

വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്തത്
മായ്ക്കാൻ പറ്റാത്ത സ്നേഹം കൊണ്ടെഴുതിയത്
ഓർമ്മയെന്ന പുസ്തകത്തിൽ
ഒന്നാം പേജിൽ നിറഞ്ഞുനിൽക്കുന്നത്
എന്നിട്ടും ചിലപ്പോളൊക്കെ മനസ്സിലാവാത്തത്
നീ എന്ന വാക്ക്
എനിക്ക് കവിതയാണ്.

Labels:

Saturday, November 07, 2009

പുഴ പറയുന്നു

ആഴത്തിലാണ്ടുപോയ് ഓമനക്കുഞ്ഞുങ്ങൾ
എല്ലാം സഹിച്ചുകൊണ്ടിനിയുമൊഴുകണം.
ജീവിതക്കടലിലായ് നീന്തിത്തുടിക്കാതെ,
പ്രാണൻ പൊലിഞ്ഞുപോയ്...
പാവമാക്കുഞ്ഞുങ്ങൾ.
പിഴയൊന്നും ചെയ്യാതെ പഴിയതു കേൾക്കണം,
ശാപങ്ങളൊരുപാട് തലയിലേറ്റീടണം,
ഭീതിയാൽ നോക്കുന്ന കണ്ണുകൾ കാണണം,
ഭാരങ്ങളെത്രയോ ഇനിയും സഹിക്കണം.
ഓർത്തോർത്തുനിൽക്കുവാൻ നേരമില്ലല്പവും
ഒഴുകിയൊടുവിൽക്കടലില്‍പ്പതിക്കണം.

Labels:

Wednesday, November 04, 2009

പൈസ പോയി

“എന്താ ഒരു വിഷമം?”

“വിഷമമുണ്ട്.”

“എന്തുപറ്റി?”

“കുറച്ച് പൈസ പോയിക്കിട്ടി.”

“എന്താ? ഷെയറെടുത്ത് നഷ്ടമാ‍യോ? അതോ ബെറ്റു വെച്ച് തോറ്റോ?”

“ഒന്നുമല്ല.”

“പിന്നെ?”

ചന്ദ്രനിൽ പോകുമ്പോൾ കൊണ്ടുപോകാൻ വേണ്ടി ഒരു കമ്പനിയിൽ കുറച്ച് മിനറൽ വാട്ടറിന് ഏല്‍പ്പിച്ചിരുന്നു. വെറുതേ കിണറിൽ നിന്ന് കോരാനുംനിറയ്ക്കാനും ഒന്നും നിൽക്കണ്ടല്ലോന്ന് കരുതിയിട്ട്. അഡ്വാൻസായിട്ട് അവർ പറഞ്ഞ തുക കൊടുത്തു.”

“അതിനിപ്പോ എന്തുപറ്റി?”

“ചന്ദ്രനിൽ വെള്ളം കണ്ടു എന്നു കേട്ടയുടനെ അവരോട് വെള്ളം വേണ്ടാന്ന് പറഞ്ഞു. അതിനുപകരം കൂടി വേറെ എന്തെങ്കിലും കൊണ്ടുപോകാമല്ലോ. പക്ഷേ, അഡ്വാൻസ് കൊടുത്തത് തിരിച്ചുതരില്ലാന്ന്.”

Labels:

Monday, November 02, 2009

ലേറ്റസ്റ്റ്

“ചേച്ചീ, ഇത് അനാർക്കലി ആണ്. ഇഷ്ടം‌പോലെ വിറ്റുപോകുന്നുണ്ട്.”
“ഇതു പഴേതല്ലേ?”
“ഇത് മിന്നാമിന്നിക്കൂട്ടം ആണ്. നല്ല ഭംഗിയുള്ള ഡ്രസ്സല്ലേ?”
“ഇതൊക്കെ ഇപ്പോഴും ആൾക്കാർ വാങ്ങുന്നുണ്ടോ?”
“ഇത് ജോധാ‍ അക്ബർ ഡ്രസ്സ് ആണ്. ഇത് നന്നായിരിക്കും ചേച്ചീ.”
“ഇതൊക്കെ എപ്പോ ഇറങ്ങിയതാ. ഇപ്പോഴും ഇതാണോ വിൽക്കാൻ വെച്ചിരിക്കുന്നത്?”
“ഇപ്പോഴും ആവശ്യക്കാരുണ്ടല്ലോ.”
“ഉണ്ടായിക്കോട്ടെ. എനിക്കുവേണ്ട. ലേറ്റസ്റ്റ് ഏതെങ്കിലും ഉണ്ടെങ്കിൽ കാണിക്ക്.”
“ലേറ്റസ്റ്റ് ഡ്രസ്സ് ഉണ്ട്. ഇപ്പോക്കാണിക്കാം.”
“ഏതാ?”
“പഴശ്ശിരാജ.”
“ങേ..!”

Labels: