Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, November 30, 2007

വിപ്ലവം

അണിനിരന്നിടും നമ്മളാദ്യം,
പത്താള്‍ക്കുമോരോ നേതാവ്.
നേതാവ് പറയുന്ന വാക്കുകള്‍,
നമ്മളണികളേറ്റു ചൊല്ലിടും.
ദൂരങ്ങള്‍ താണ്ടിയെത്തിടും,
പ്രധാനപോയന്റില്‍ മീറ്റിംഗ്.
അണിനിരക്കുമവിടുന്നും,
നമ്മള്‍ ജനസഹസ്രമാവും.
ഒഴുകിയൊഴുകിപ്പോയിടും,
നാടിനെ നമ്മള്‍ വിറപ്പിക്കും.
ഒടുവിലെത്തുമാ സമരപ്പന്തലില്‍,
അവിടെയുജ്ജ്വല സ്വീകരണം.
നമ്മളൊന്നായിച്ചേരുക,
ലോകം കൈയിലൊതുക്കീടുക.
സംശയമുണ്ടെങ്കില്‍ ചൊല്ലീടുക,
ജാഥ തുടങ്ങുവാന്‍ സമയമായി.
ആര്‍ക്കും ചോദിക്കാനില്ലെന്നോ!
കോരന്‍ പതുക്കെയെഴുന്നേറ്റു.
രാവിലെ യാത്ര തുടങ്ങീടും,
രാവാകുമൊടുങ്ങുമ്പോള്‍.
കഞ്ഞിയെപ്പോ, എവിടുന്ന്,
ഒന്നുമേ പറഞ്ഞുകണ്ടില്ല.
മുദ്രാവാക്യങ്ങളിലലിഞ്ഞുപോയ്,
പാവം കോരന്റെ സംശയം.
വിപ്ലവം വിശപ്പുമാറ്റില്ല,
വിശക്കുന്ന വയറിനേയറിയാവൂ.

Labels:

Monday, November 19, 2007

ഇനിയെന്ന്?

ആദ്യം പ്രണയം തുടങ്ങിയത്‌ നമ്മുടെ കണ്ണുകളായിരുന്നു.

പിന്നെ, നമ്മുടെ അപരിചിതത്വം പ്രണയിക്കാന്‍ തുടങ്ങി.

പിന്നെ നമ്മുടെ വാക്കുകള്‍, പ്രണയം ഏറ്റെടുത്തു.

നമ്മുടെ, പിണക്കങ്ങളും, പരിഭവങ്ങളും, വിരഹങ്ങളും,

സ്വപ്നങ്ങളും, പ്രതീക്ഷകളും, പ്രണയിച്ചു.

മറവികള്‍ പ്രണയിച്ചു, നമ്മുടെ മൌനം പ്രണയിച്ചു.

ശരീരങ്ങള്‍ പ്രണയിച്ചു.

നമ്മുടെ ഹൃദയങ്ങള്‍, ഇനിയെന്ന് പ്രണയം തുടങ്ങും?

Labels: