Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, December 06, 2008

വേട്ടയ്ക്കൊരുമകൻ

വനവാസകാലത്ത് പാണ്ഡവന്മാരുടെ അടുക്കൽ വ്യാസമഹർഷി ചെന്നു. സ്വർഗ്ഗത്തിൽ പോയിട്ട് ദേവേന്ദ്രനെ കാണണമെന്ന് അർജ്ജുനനോട് അദ്ദേഹം പറഞ്ഞു. അർജ്ജുനൻ ഇന്ദ്രകീലം എന്ന സ്ഥലത്തെത്തിയപ്പോൾ, ആയുധങ്ങളും കൊണ്ട് ഇവിടെ നിൽക്കാൻ പാടില്ലെന്ന് ഒരു മുനി അർജ്ജുനനോട് പറഞ്ഞു. ഒരു ക്ഷത്രിയനായതുകൊണ്ട് ആയുധങ്ങൾ ഉപേക്ഷിക്കില്ലെന്നും, അതു ശരിയല്ലെന്നും അർജ്ജുനനും. ദേവേന്ദ്രനായിരുന്നു ആ മുനി. അദ്ദേഹം ശരിക്കുള്ള രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. കൗരവന്മാരെ തോല്‍പ്പിക്കാൻ ദിവ്യാസ്ത്രങ്ങൾ വേണമെന്ന് അർജ്ജുനൻ പറഞ്ഞു. ശിവനെ ഭജിക്കാൻ, ദേവേന്ദ്രനും പറഞ്ഞു. കഠിനതപസ്സായപ്പോൾ ശിവൻ, കിരാതന്റെ (കാട്ടാളന്റെ) രൂപം ധരിച്ചു വന്നു. കൂടെ പാർവ്വതിയും. അപ്പോഴാണ് ഒരു അസുരൻ, കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ കൊല്ലാൻ വരുന്നത്. അർജ്ജുനൻ, അതിനോട് എതിരിടാൻ നോക്കുമ്പോഴാണ്, ശിവൻ അവിടെ വരുന്നത്. അങ്ങനെ അവർ രണ്ടും അമ്പെയ്തപ്പോൾ അതിനെച്ചൊല്ലി വഴക്കായി, യുദ്ധം തുടങ്ങി. ഒടുവിൽ അർജ്ജുനൻ ബോധം കെട്ടു വീണു. അർജ്ജുനനു, തന്നെ ഒരു കാട്ടാളൻ തോല്‍പ്പിച്ചതിൽ വിഷമമായി. അർജ്ജുനൻ മണ്ണുകൊണ്ട് ശിവവിഗ്രഹം ഉണ്ടാക്കി പൂജിക്കാൻ തുടങ്ങി. അർപ്പിച്ച പൂക്കളൊക്കെ ചെന്നുവീണത് കിരാതന്റെ തലയിൽ. അപ്പോൾ അർജ്ജുനനു, ശിവൻ തന്നെയാണ് കിരാതനായി വന്നതെന്നു മനസ്സിലായി. ശിവനോട് അർജ്ജുനൻ, പാശുപതാസ്ത്രം ആണ് വരമായിട്ടു ചോദിച്ചത്. ശിവൻ കൊടുക്കുകയും ചെയ്തു.




കാട്ടാളനും കാട്ടാളത്തിയും ആയ വേഷത്തിൽ (കിരാതവേഷത്തിൽ) അവതരിച്ചപ്പോൾ ശിവപാർവ്വതിക്കുണ്ടായ പുത്രനാണ് കിരാതസൂനു. കിരാതനു നായാട്ടിലായിരുന്നു കമ്പം. വേട്ടയ്ക്കൊരു മകൻ എന്നാണ് കിരാതപുത്രൻ അറിയപ്പെടുന്നത്. വേട്ടയാടി വനം മുഴുവൻ കറങ്ങിനടക്കുന്ന കിരാതസൂനുവിനെക്കൊണ്ടു പൊറുതിമുട്ടിയ മുനിമാരും, ബ്രഹ്മാവും, ഇന്ദ്രനുമൊക്കെ ശിവന്റെ അടുക്കൽ പരാതിയുമായി ചെന്നെങ്കിലും കാട്ടാളപുത്രൻ അങ്ങനെയൊക്കെ ചെയ്യുമെന്ന് ശിവൻ സമാധാനിപ്പിച്ചു. അവർ അതിൽ തൃപ്തിവരാഞ്ഞ് വിഷ്ണുവിന്റെ അടുത്ത് പോയി പരാതി പറഞ്ഞു. വിഷ്ണു കാട്ടാളവേഷത്തിൽ ഒരു ചുരികയുമായി കിരാതസൂനുവിനെ എതിർത്തു. വിഷ്ണുവാണെന്നറിഞ്ഞപ്പോൾ കിരാതസൂനു മാപ്പ് പറഞ്ഞു. വിഷ്ണുവിന്റെ കൈയിലെ പൊൻ‌ചുരിക വേണമെന്ന് പറഞ്ഞു. ചുരിക ഒരിക്കലും താഴെ വയ്ക്കില്ലെന്ന് കിരാതസൂനുവിന് സത്യം ചെയ്യേണ്ടിവന്നു. വിഷ്ണു ചുരിക കൊടുത്തു. പിന്നെ പലയിടത്തും സഞ്ചരിച്ച് പരദേവതാമൂർത്തിയായി വസിച്ചു. ഇതാണ് വേട്ടയ്ക്കൊരു മകന്റെ കഥ. പലയിടത്തും വേട്ടയ്ക്കൊരുമകനെ ആരാധിക്കുന്നുണ്ട്. കളംപാട്ടും, തേങ്ങയേറും വേട്ടയ്ക്കൊരുമകന്റെ പ്രീതിക്കായി നടത്തുന്നുണ്ട്. കളം പാട്ടിന് ഇട്ട കളമാണ് ചിത്രത്തിൽ.



കടപ്പാട് :- പുരാണകഥാമാലിക - മാലി. കിരാതസൂനു ചരിതം ആട്ടക്കഥ - കൊട്ടാരത്തിൽ ശങ്കുണ്ണി.

Labels: ,