ചിമ്മിനി വിളക്ക്

കറന്റ് കട്ടെന്നു കേൾക്കുമ്പോൾ മെഴുകുതിരി, എമർജൻസി വിളക്ക്, അങ്ങനെ പുതിയ പുതിയ വസ്തുക്കളൊക്കെ എടുത്ത് തയ്യാറായിരിക്കും. അല്ലേ? എന്നാൽ മണ്ണെണ്ണവിളക്ക് കത്തിക്കാറുണ്ടോ? അതൊക്കെ പൊടിതുടച്ച് മണ്ണെണ്ണയൊക്കെ ഒഴിച്ച് കത്തിക്കാനൊക്കെ ആർക്ക് നേരം അല്ലേ? എന്നാൽ പണ്ടൊക്കെ ഈ വിളക്ക് തന്നെയായിരുന്നു കത്തിച്ചിരുന്നത്.
ഈ വിളക്കിന്റെ ചിമ്മിനി എന്തിനാണ്? കാറ്റുവരുമ്പോൾ തീ കേടാതിരിക്കാൻ എന്നാവും എല്ലാവരും പറയുക. പക്ഷെ ശരിക്കും എന്താണ് കാര്യം? തീനാളത്തിന്റെ പ്രകാശം കൂട്ടാനും, അത് കത്തുന്നത് വേഗത്തിലാക്കാനും ആണ്. ഈ ചിമ്മിനിപ്പരിപാടി ആദ്യമായി കൊണ്ടുവന്നത് ലിയൊനാർഡൊ ഡാവിഞ്ചി ആണ്. അദ്ദേഹം, ലോഹമായിരുന്നു ഉപയോഗിച്ചത്. ഇന്നത്തെ ചില്ലുകുഴലിനു പകരം. അതിനുശേഷം മൂന്നു നൂറ്റാണ്ടു കഴിഞ്ഞാണ് ചില്ലുകുഴൽ പ്രചാരത്തിൽ വന്നത്.
തീ കത്തുമ്പോൾ കുഴലിന്റെ ഉള്ളിലെ വായു, പുറത്തുള്ളതിനേക്കാൾ കൂടുതൽ ചൂടായിരിക്കുമല്ലോ. അങ്ങനെ ചൂടായതും അതുകൊണ്ട് ഭാരം കുറഞ്ഞതും ആയ വായുവിനെ വിളക്കിന്റെ കുഴലിന്റെ താഴെയുള്ള തുളകളിലൂടെ വരുന്ന തണുത്തതും ഭാരമുള്ളതുമായ വായു മേലോട്ട് തള്ളും. (ആർക്കിമിഡീസിന്റെ തത്വം ആണ്). അങ്ങനെ തുടർച്ചയായി, മുകളിലേക്ക് പോകുന്ന തണുത്ത വായു, തിരി കത്തുമ്പോൾ ഉണ്ടാവുന്ന കാർബൺ ഡയോക്സൈഡും നീരാവിയും പുറത്തേക്ക് തള്ളുകയും ശുദ്ധവായുവിനെ അകത്ത് കടത്തുകയും ചെയ്യും. വലിയ ചിമ്മിനി ആണെങ്കിൽ ചൂടുവായുവും തണുപ്പ് വായുവും തമ്മിലുള്ള ഭാരവ്യത്യാസം കൂടുകയും കൂടുതൽ നന്നായി വിളക്ക് കത്തുകയും ചെയ്യും. ഇതേ രീതിയിലാണ് ഫാക്ടറിയുടെ പുകക്കുഴലിലും നടക്കുന്നത്.
നമ്മൾ വിളക്ക് ഊതിക്കെടുത്തുമ്പോൾ, വിളക്ക് പുറത്തേക്ക് വിടുന്ന അശുദ്ധവായുവിനെ തിരിച്ച് അതിന്റെ തീനാളത്തിലേക്ക് വിടുന്നതുകൊണ്ടാണ്, തിരി വേഗം കെടുന്നത്.
ലിയൊനാർഡോ ഡാവിഞ്ചിയുടെ കയ്യെഴുത്തുപ്രതിയിൽ കുറിച്ചുവെച്ചിട്ടുണ്ടത്രേ. “തീ എവിടെയുണ്ടാകുന്നോ അവിടെ അതിനു ചുറ്റുമായി വായുപ്രവാഹമുണ്ടാവുന്നു. അതാണ് തീയെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത്” എന്ന്.
ഇനി വൈദ്യുതി പോകുമ്പോൾ വിളക്കും കത്തിച്ചുവെച്ച് അതിന്റെ മുകളിൽ വന്നുവീഴുന്ന പ്രാണിയേയും നോക്കിയിരിക്കാതെ ഇതൊക്കെ ഒന്നു ശ്രദ്ധിക്കുമല്ലോ. നമ്മുടെ നാട്ടിലേ പറ്റൂ. അല്ലാതെവിടെ കറന്റ് പോകുന്നു!
നിങ്ങൾക്കിതൊക്കെ അറിയാമെന്നോ. എന്നാൽ നല്ല കാര്യം. ഞാനിതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു. ഇപ്പോഴാണ് സമയം കിട്ടിയത്. ;)
വിളക്കിന്റേയും ചിമ്മിനിയുടേയും ഈ വിവരങ്ങൾക്ക് കടപ്പാട് :- യാക്കൊവ് പെരെൽമാൻ - ഭൗതികകൗതുകം - ഭാഗം 2 - പ്രോഗ്രസ്സ് പബ്ലിഷേഴ്സ്, മോസ്കോ.