Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, November 12, 2012

ചിത്രം ഒന്ന് ചായം രണ്ട്


കുറച്ചുസമയം ഉള്ളപ്പോൾ ഇതൊക്കെയേ ചെയ്യാൻ പറ്റൂ. കൊറേ സമയം ഉണ്ടെങ്കിൽ വെറുതേയിരിക്കാമായിരുന്നു. ചിത്രങ്ങൾ രണ്ടും പില്ലോ കവറിൽ.



അത്രയ്ക്ക് നന്നായിട്ടൊന്നുമില്ല.  ഇനി അടുത്തത് ചെയ്യുമ്പോൾ കുറേക്കൂടി നന്നാക്കാൻ ശ്രമിക്കണം. (എപ്പോഴും പറയുന്നതാണ്. വാക്കു മാറ്റിമാറ്റിപ്പറയുന്നത് മോശമല്ലേ? ;))

Labels: , , ,

Tuesday, March 11, 2008

അടുത്ത പിറന്നാള്‍ ആരുടേയാ?

എന്‍‌ഗ്രേവിങ്, എന്‍‌ഗ്രില്ലിംഗ് എന്നൊക്കെയാണ് ഇതിനു പറയുക. ഇത് വാക്കിലൂടെ പഠിപ്പിക്കാന്‍ വല്യ പ്രയാസമായിരിക്കും. കൂമന്‍ പറഞ്ഞതുപോലെ തപാലില്‍ നീന്തല്‍ പഠിപ്പിക്കുന്ന അവസ്ഥ ആവും.
ചെയ്യുന്നതുകണ്ടുപഠിക്കാനാവും എളുപ്പം. ചെയ്യാനും ആദ്യമൊക്കെ വല്യ പ്രയാസം തന്നെ. എന്നാലും ചെയ്ത് തീര്‍ന്നാല്‍ നല്ല ഭംഗിയുണ്ടാവും. താല്പര്യമുള്ളവര്‍ക്ക് ചെയ്തുനോക്കാം.

എന്‍‌ഗ്രേവിംഗ് ഷീറ്റ് കിട്ടും. എംബോസിംഗ് ഷീറ്റിനേക്കാളും കുറച്ച് കട്ടിയുണ്ടാവും. അത് ആദ്യം ഒരു അതിനൊപ്പമുള്ള ബോര്‍ഡ് വാങ്ങി അതിലേക്ക് ഉറപ്പിക്കണം.
(പിന്‍ഭാഗം)
അതിനുശേഷം ഷീറ്റില്‍ ഇഷ്ടമുള്ള ചിത്രം വരയ്ക്കുകയോ, കാര്‍ബണ്‍ വെച്ച് പകര്‍ത്തുകയോ വേണം.
അതുകഴിഞ്ഞാലാണ് അതിനുവെച്ചിരിക്കുന്ന ഈ ഉപകരണം കൊണ്ട് പരിപാടി തുടങ്ങേണ്ടത്.
ഈ ടൂള്‍ , ഇതിനുള്ള ഷീറ്റ് കിട്ടുന്ന കടയിലൊക്കെ കിട്ടും. ഫാന്‍സി വസ്തുക്കള്‍ ഉള്ള കടയിലാണ് കിട്ടുക.
ഈ ടൂള്‍, ഡിസൈനിന്റെ ലൈനില്‍ അമര്‍ത്തിപ്പിടിക്കുക. പെന്‍ പിടിക്കുന്നതുപോലെ മുന്നില്‍ത്തന്നെ. മുന്നില്‍ അറ്റത്ത്. എന്നിട്ട് കൈ രണ്ടു ഭാഗത്തേക്കും ചലിപ്പിച്ച് വരയില്‍ക്കൂടെ പോകുക. ടൂള്‍, ഡിസൈനിന്റെ വരയുടെ മുകളില്‍ നിന്നു പൊങ്ങരുത്. ശരിക്കും മുന്നോട്ട് മുന്നോട്ട് പോകുമ്പോള്‍ വര വീഴും. നല്ല തിളക്കത്തില്‍. അങ്ങനെ ഓരോ ഔട്ട്‌ലൈനും ചെയ്യണം. ആദ്യം പഠിക്കാന്‍ വേറെ ഒരു ഷീറ്റില്‍ വെറുതേ കുറച്ച് വരയിട്ട് ചെയ്തുപഠിക്കുക. കലാകാരന്മാര്‍ ആവാന്‍ കുറച്ചു കഷ്ടപ്പെടണം. ;)

ഡിസൈന്‍ മുഴുവന്‍ വര വീണുകഴിഞ്ഞാല്‍, കണ്ണുണ്ടെങ്കില്‍ കണ്ണിനും, ചുണ്ടിനും ഒക്കെ കളര്‍ കൊടുക്കുക. ഫാബ്രിക് പെയിന്റ് മതി, അതിനൊക്കെ. പൂവിന്റെ ചിത്രം ആണെങ്കില്‍ അതിന്റെ നടുവിലോ ഒക്കെ കളര്‍ കൊടുക്കാം. മുഴുവനായിട്ട് കളറൊന്നും കൊടുക്കരുത്.
അതൊക്കെക്കഴിഞ്ഞാല്‍, കറുത്തതോ ചുവന്നതോ നീലയോ, ഏതെങ്കിലും ഒരു ചായം വാങ്ങി, മുഴുവനായിട്ട് അടിക്കുക. ഡിസൈന്‍ മാത്രം ഒഴിവാക്കിയിട്ട്. ജനലിനൊക്കെ അടിക്കുന്ന പെയിന്റ് തന്നെ.
പെയിന്റടിക്കുമ്പോള്‍ ഫാന്‍ ഇടുക. അല്ലെങ്കില്‍ ഒഴുകി ഡിസൈനിലേക്ക് കയറും. ഇത്രയൊക്കെ ചെയ്യുമോ?
ഹും...പുതിയ വീടിനൊക്കെ പെയിന്റടിക്കാന്‍ പോകുന്നതാവും ഇതിലും നല്ലത് എന്നല്ലേ? എനിക്കറിയാം. ;)
സമ്മാനം കൊടുക്കാന്‍ നല്ലതല്ലേ ഇത്?
പെയിന്റടിച്ച് ഉണങ്ങാന്‍ വയ്ക്കുക. അതുകഴിഞ്ഞാല്‍ കടയില്‍ കൊടുത്ത് ഫ്രെയിം ചെയ്യിപ്പിക്കുക. വെറും പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഫ്രെയിം ചെയ്യിച്ചാലും മതി. ആണിയില്‍ തൂക്കാനുള്ളതും വെച്ചുതരും പറഞ്ഞാല്‍.
ഇനിയും കുറച്ച് മിനുക്കുപണികൂടെയുണ്ട്. ചിത്രത്തില്‍‍ കാണുന്നതിലും ഭംഗിയുണ്ടാവും, നേരില്‍. ഷീറ്റിന്റെ വെളിച്ചം അടിക്കുന്നതുകൊണ്ട് ചിത്രം തിളങ്ങും. ചൂണ്ടുവിരലിന്റെ അറ്റം, ഇതു ചെയ്തുകഴിഞ്ഞാല്‍ മുന്നാലുദിവസത്തേക്ക് “മൌനം” ആചരിക്കും. പറഞ്ഞില്ലാന്ന് വേണ്ട.


അടുത്ത പിറന്നാള്‍ ആരുടേയാ?

Labels: ,

Tuesday, February 19, 2008

തലയെവിടെ?

അങ്ങനെ ഞാന്‍ വിചാരിച്ചു, എന്നാപ്പിന്നെ കുറച്ച് പെയിന്റടിച്ചേക്കാംന്ന്. ആരേയുമല്ല. തലയണയുറയെ, പില്ലോക്കവറിനെ.
വേണ്ട വസ്തുക്കള്‍- എന്നുവെച്ചാല്‍ വസ്തുക്കളൊന്നും വേണ്ടാന്നല്ല. ഇതിന് ആവശ്യമായ വസ്തുക്കള്‍.

1)സമയം.
2) തലയിണക്കവര്‍ പ്രിന്റ് ഇല്ലാത്തത് അഥവാ പ്ലെയിന്‍‌.
3) ഫാബ്രിക് പെയിന്റിനുള്ള പെയിന്റുകള്‍ ഒരു സെറ്റ്.
ഇതില്‍ സാധാരണ കളറുകള്‍ മാത്രമേ ഉള്ളൂ. പച്ച, നീല, ചുവപ്പ്, വെളുപ്പ്, മഞ്ഞ, കറുപ്പ് എന്നിവയടങ്ങിയ ബോക്സ് കിട്ടും. അതൊക്കെ മതി തല്‍ക്കാലം.
4)പിന്നെ ബ്രഷ് പൂജ്യം നമ്പറും, രണ്ട് നമ്പറും.
5) ഒരു വട്ടം വേണം. അതായത് ഫ്രെയിം. കുറച്ച് വലുതായാല്‍ പെയിന്റടിക്കാന്‍ എളുപ്പം. ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടല്ലോ. മരവും, പ്ലാസ്റ്റിക്കും കിട്ടും.
6) പെയിന്റ് നേര്‍പ്പിക്കാന്‍ ഉള്ള മീഡിയം ഒരു ബോട്ടില്‍‌.‍
7) പെയിന്റ് ചാലിച്ചെടുക്കാന്‍ ഒരു പ്ലേറ്റ്, അല്ലെങ്കില്‍ അതിനായി കിട്ടുന്ന പ്ലേറ്റ്.
8) ഒരു പഴയ തുണിക്കഷണം.
9) പഴയ മഗ്ഗില്‍, കപ്പില്‍ അല്‍പ്പം പച്ചവെള്ളം.
10) കുറച്ച് ഐസ്ക്രീം, അണ്ടിപ്പരിപ്പ്, സോഫ്റ്റ് ഡ്രിങ്ക്, എന്നിവ നിങ്ങളുടെ സൌകര്യം പോലെ. മതി. ഇത്രേം മതി. പെയിന്റിംഗ് തുടങ്ങാം.
ആദ്യം തലയിണക്കവര്‍ പുതിയത് കൊണ്ടുവന്നാല്‍, അത് കുറേ നേരം എന്നുവെച്ചാല്‍ ഒന്നു രണ്ട് മണിക്കൂര്‍ വെറും വെള്ളത്തിലിട്ട് കഴുകിയെടുക്കണം. അതിലെ കഞ്ഞിപ്പശയൊക്കെ പോകണം. എന്നാലേ പെയിന്റ് ശരിക്കും പിടിച്ചുനില്‍ക്കൂ. കഴുകിയുണക്കിയിസ്തിരിയിടുക.
എന്നിട്ട് ചിത്രം നിങ്ങള്‍ക്കിഷ്ടമുള്ളത് വരയ്ക്കുകയോ ട്രേസ് ചെയ്യുകയോ ചെയ്യുക. രാത്രി ഭീകരസ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍‌ പിന്നേം ഞെട്ടിപ്പിക്കുന്ന ഡിസൈന്‍ ആവരുതെന്നു മാത്രം ശ്രദ്ധിക്കുക. ;)

എന്നിട്ടാണ് അത് ഫ്രെയിമില്‍ ആക്കേണ്ടത്. തലയണയുറ ഫ്രെയിമില്‍ ആക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്നുവെച്ചാല്‍, തലയിണയിടും പോലെ തന്നെ ഫ്രെയിമും ഇടണം. അല്ലാതെ കവര്‍ മുഴുവന്‍ കൂട്ടിപ്പിടിച്ച് ഫ്രെയിം ഇട്ടാല്‍, മുന്നിലടിക്കുന്ന പെയിന്റ് പിന്നിലെ ഭാഗത്തും പതിയും, കവര്‍ വൃത്തികേടാവും. ഒരു ലെയര്‍ വെച്ച് ഫ്രെയിം ഇട്ട് ഉറപ്പിക്കുക.
എന്നിട്ട് ഐസ്ക്രീം ഉണ്ടെങ്കില്‍ തിന്നുക.
അതുകഴിഞ്ഞ്, പെയിന്റ് കലക്കിവെക്കുന്ന പാത്രത്തില്‍, ആവശ്യമുള്ള കളര്‍ പെയിന്റ് മാത്രം, രണ്ടോ മൂന്നോ തുള്ളി ഒഴിയ്ക്കുക. മീഡിയം ഒന്നോ രണ്ടോ തുള്ളി ഒഴിച്ച് നേര്‍പ്പിക്കുക. വെള്ളപ്പൊക്കം ആക്കരുത്. ശ്രദ്ധിക്കുക.
എന്നിട്ട് ബ്രഷെടുത്ത് പെയിന്റില്‍ മുക്കി, ഡിസൈന് ആ കളര്‍ വേണ്ടുന്ന സ്ഥലത്ത് ഔട്ട്‌ലൈന്‍ ഇടുക.
ഔട്ട്‌ലൈന്‍ ഇട്ടുകഴിഞ്ഞാല്‍ ഉള്ളില്‍ പെയിന്റ് ചെയ്യുക. ഡിസൈന്‍ നമ്മുടെ ഭാഗം പിടിച്ച് മറുവശത്തേക്ക് ബ്രഷോടിക്കുക. അതൊക്കെ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ബ്രഷ് കഴുകുക. തുണിയില്‍ തുടയ്ക്കുക. അടുത്ത കളര്‍ എടുക്കുക, നേര്‍പ്പിക്കുക, ഔട്ട്‌ലൈന്‍ ഇടുക, നിറയ്ക്കുക.
അണ്ടിപ്പരിപ്പ് തിന്നുക. വെള്ളം കുടിയ്ക്കുക.
ഇനി ഇലയും പൂക്കളും ഒക്കെ ആയിക്കഴിഞ്ഞാല്‍ കുറച്ച് വിശ്രമിക്കുക. അതൊന്ന് ഉണങ്ങട്ടെ. തോന്നിയപോലെ ഇടരുത്. സാവധാനം ചാരിവയ്ക്കുക. അല്ലെങ്കില്‍ പിന്നിലാവും പെയിന്റ്.
തണ്ട് ഞാന്‍ ചെയ്തത്, ചുവപ്പും പച്ചയും കൂട്ടിക്കലര്‍ത്തിയാണ്. അതു മാത്രമാണ് ഈ ഡിസൈനില്‍ ആകെയുള്ള മിക്സ് കളര്‍. വല്യ ഡിസൈന്‍ ആണെങ്കില്‍ ഇഷ്ടം പോലെ മിക്സ് കളര്‍ പരീക്ഷിക്കാം. വേറെ കളര്‍, ബോക്സില്‍ സെറ്റ് ആയിട്ടല്ലാതെ കിട്ടുന്നതും വാങ്ങിക്കാം. പൂക്കള്‍, അല്ലെങ്കില്‍ ഡിസൈന്‍ ഒക്കെ നോക്കിയിട്ട്. സിമ്പിള്‍ ഡിസൈന്‍ ആവുമ്പോള്‍ അതിന്റെ ആവശ്യമില്ലല്ലോ.
തണ്ടും ചെയ്യുക. ഇലയില്‍ നടുക്ക് വേണമെങ്കില്‍ മഞ്ഞ കൊണ്ട് ചെയ്യാം. അല്ലെങ്കില്‍ വെറും പച്ച ആയാലും കുഴപ്പമില്ല. ഇതൊരു സാദാ ഡിസൈന്‍ അല്ലേ? ആര്‍ക്കും എളുപ്പം ചെയ്യാം. ഏത് സൂവിനും ചെയ്യാം. ;)
ഉണങ്ങാന്‍ വയ്ക്കുക. ചുളിവുണ്ടെങ്കില്‍ ഇസ്തിരിയിട്ട് എടുക്കുക. കളറൊന്നും പോവില്ല, കഴുകിയാല്‍. ഞാന്‍ പണ്ട് ചെയ്തതൊക്കെയുണ്ട്. സാരിയും, ബെഡ്‌ഷീറ്റും, ടീപ്പോയ് ഷീറ്റും, പില്ലോക്കവറും ഒക്കെ. സാരി പഴകിയിട്ട് ആര്‍ക്കോ കൊടുത്തു.


തയ്യാര്‍‌.
തലയണയെവിടെ? കൊണ്ടുവന്ന് കവര്‍ ഇട്ട് ഭംഗി നോക്കൂ.
തലയെവിടെ?

Labels: , , , ,