Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, December 13, 2008

അവനും പിന്നെ അവളും

അവൻ

നേരമായ് സഖീ, പോയി വരട്ടെ ഞാൻ
ഇനിയൊന്നു കാണുന്നതെന്നാണെന്നറിയില്ല.

ദൂരത്തിരുന്നോരോ ജോലികൾ ചെയ്യുമ്പോഴും
ഓർക്കാതെ വയ്യ നിൻ പുഞ്ചിരിക്കും മുഖം.

ഓരോ പരിഭവത്തുണ്ടുകൾ നീട്ടി നീ
എന്നോടു കള്ളപ്പിണക്കം നടിച്ചതും,

സ്നേഹമില്ലാതെയായ് അല്ലെങ്കിലെന്നെ നീ
വിട്ടുപോയീടുമോ എന്നു ചോദിച്ചതും,

ആഴിത്തിരകളെ തൊട്ടു നടന്നതും
ചിരിക്കുന്ന താരകൾ കണ്ണിൽ നിറച്ചതും,

മഴ പൊഴിഞ്ഞീടുമ്പോൾ ഒപ്പം നനഞ്ഞതും
മഴവില്ലുനോക്കി നാം നേരം കളഞ്ഞതും,

കണ്ണിലായ് കൺ‌കോർത്ത് സ്വപ്നം മെനഞ്ഞതും
പിരിയുമ്പോഴൊക്കെ നാം കണ്ണീർ മറച്ചതും.

ഓർക്കുമ്പോൾ മനമൊന്നു നൊന്തു പിടഞ്ഞിടും
വന്നൊന്നു കാണുവാൻ ഹൃദയം കരഞ്ഞിടും.

എങ്കിലും പോകാതെ വയ്യെന്റെയോമലേ
തിരികെവരുംവരെ കാത്തിരുന്നീടുക.

സ്വപ്നങ്ങളാലൊരു കോട്ട കെട്ടുന്നു ഞാൻ
രാജകുമാരിയായ് നീയതിൽ വാഴുക.

ഓരോ നിമിഷവും നീയെന്നെയോർക്കുക
ചിരിയും കരച്ചിലും പങ്കുവെച്ചീടുക.

നേരമായ് സഖീ പോയി വരട്ടെ ഞാൻ
കണ്ണുനീർ മായ്ച്ചു നീ പുഞ്ചിരിച്ചീടുക.

അവൾ

ഇനിയെത്ര നാളുകൾ കാത്തിരുന്നീടണം,
നീയെനിക്കേകുന്ന പുഞ്ചിരി കാണുവാൻ!

ഓരോ തവണയും വിട്ടുനീ പോകുമ്പോൾ
ഹൃദയമെന്നോടൊത്ത് നിൽക്കാൻ മടിക്കുന്നു.

മനസ്സൊന്നു തേങ്ങുന്നു, മൗനം നിറയുന്നു
വാക്കുകളെല്ലാം പിടിതരാതോടുന്നു.

പിരിയാതെ വയ്യെന്ന് പറയാതെയറിയാം
എങ്കിലും സഹിക്കില്ല കഠിനമീ വിരഹം.

കരയുമ്പോൾ നിൻ കൈകൾ കണ്ണീർ തുടച്ചതും
കരഞ്ഞാൽ പിണങ്ങിടും എന്നു മൊഴിഞ്ഞതും,

സ്വപ്നങ്ങൾ കാണുവാൻ ചെവിയില്‍പ്പറഞ്ഞതും
കാത്തിരുന്നീടെന്ന് പതിയെപ്പറഞ്ഞതും,

വ്യഥകൾ മറച്ചു നീ പൊട്ടിച്ചിരിച്ചതും
കണ്ണുനിറഞ്ഞപ്പോളെന്നെയൊളിച്ചതും.

ഒടുവിൽ നേരമായ് പോകാനെന്നോതുമ്പോൾ
എന്തു ഞാൻ പറയേണ്ടൂ എന്നോർത്തിരിക്കുന്നു.

ഓർമ്മയിൽ നീ തന്നെ ഓരോ നിമിഷവും
എങ്കിലും നേരിട്ടു കാണാൻ കൊതിച്ചിടും.

പോയി വന്നീടുക, കാത്തിരുന്നീടും ഞാൻ
തിരികെവരും വരെ ഓർത്തു ജീവിച്ചിടും.

(എനിക്ക് ഇന്നലെ ഭയങ്കര പനിയായിരുന്നു, തലവേദന ആയിരുന്നു. അപ്പോഴാണ് ഭാവന വന്നത്. വരണ്ടാന്ന് പറയാൻ പറ്റുമോ?) ;)

Labels: , , ,