Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, April 30, 2007

ഏപ്രില്‍ മാസം

ഏപ്രില്‍. വേനല്‍ക്കാലം കാഠിന്യത്തോടെ നില്‍ക്കുന്ന കാലം. ചില സ്കൂളുകള്‍ അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുത്തുവെങ്കിലും, മറ്റു ചില സ്കൂളുകളും കോളേജുകളും അവധിയൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്നു. പലര്‍ക്കും പരീക്ഷക്കാലം കൂടെയാണ്‌.

പരീക്ഷയുടേയും വേനലിന്റേയും ചൂടില്‍ അല്‍പമെങ്കിലും ഊഷ്മളത നല്‍കാനെത്തുന്നത്‌, ഉത്സവങ്ങളും, വിഷുവും, ഇടയ്ക്കൊന്ന് എത്തിനോക്കിപ്പോകുന്ന മഴയുമാണ്. മാങ്ങകളും ചക്കകളും പഴുത്ത്‌ തയ്യാറായിക്കൊണ്ടിരിക്കുന്നു.

വീടിനുള്ളില്‍ ഇരിക്കാമെന്നു വെച്ചാല്‍ ചൂട്‌. പുറത്തിറങ്ങി നടക്കാമെന്ന് വെച്ചാലും ചൂട്‌. പരീക്ഷ കഴിഞ്ഞ കുട്ടികള്‍ക്ക്‌, ബന്ധുവീടുകളും, വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ പറ്റിയ അവസരം. എന്നാലും വല്യ ക്ലാസ്സിലേക്ക്‌ ജയിച്ച കുട്ടികള്‍ക്ക്‌ അവധിക്കാലത്തും ക്ലാസ്സുള്ളത്‌, അല്‍പമൊരു വിഷമത്തിലാക്കുന്നുണ്ട്‌ അവരെ. എന്റെ കൂട്ടുകാരിയെ പരീക്ഷാത്തിരക്കൊഴിഞ്ഞ്‌ കിട്ടിയതിന്റെ ഉത്സാഹത്തില്‍, ഞങ്ങള്‍ രണ്ട്‌ മണിക്കൂര്‍ കഥ പറഞ്ഞു. പരീക്ഷ, അവള്‍ക്കല്ലെങ്കിലും പഠിപ്പിക്കേണ്ട ചുമതല അവള്‍ക്കാണല്ലോ. ചില യാത്രയൊക്കെ കഴിഞ്ഞുവന്നു, ഇനിയും പോകാന്‍ ഒരുങ്ങുകയാണ്‌ എന്നു പറഞ്ഞതിന്റെ കൂട്ടത്തില്‍പ്പറഞ്ഞു, കുട്ടികള്‍ക്ക്‌ അവധിക്കാലം ആണെങ്കില്‍, അതിന്റെ ടെന്‍ഷന്‍ മുഴുവന്‍ വീട്ടുകാര്‍ക്കാണ്‌, ടി. വി. വെച്ചാല്‍ ടി. വി. കളിക്കാന്‍ തുടങ്ങിയാല്‍ കളി. വിളിച്ചാലും പറഞ്ഞാലും ഒരു ശ്രദ്ധയുമില്ല, സ്കൂള്‍ ഉണ്ടെങ്കില്‍ അത്രയും നന്ന് എന്ന്. എല്ലാവരുടേയും കാര്യം ഇങ്ങനെയാണോ എന്തോ? ഇപ്രാവശ്യം, യാത്രയില്‍ ആയതുകൊണ്ട്‌ അത്ര വിഷമം ഇല്ല എന്നും പറഞ്ഞു.

ഏപ്രില്‍ ഒന്നിനു രാവിലെത്തന്നെ ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞതുകൊണ്ട്‌ ചേട്ടനെ പറ്റിക്കാന്‍ കിട്ടിയ അവസരം പാഴാക്കിയില്ല. ടൌണില്‍ പോയപ്പോള്‍, എന്തായാലും ആശംസിച്ചതല്ലേ ഗിഫ്റ്റ്‌ വാങ്ങിയേക്കാം എന്നും പറഞ്ഞ്‌ രണ്ട്‌ പുസ്തകം വാങ്ങി. ഇവിടെയുള്ളതും, ലൈബ്രറിയില്‍ നിന്നെടുത്തതും ഒക്കെ വായിച്ചുകഴിഞ്ഞാലേ ഇനി പുസ്തകം വാങ്ങൂ എന്ന് പറഞ്ഞിരുന്നു. വിഷുവിനു പുസ്തകം കിട്ടില്ലല്ലോ എന്ന് ഓര്‍ത്തിരിക്കുമ്പോഴാണു ഇങ്ങനെ ഒരു അവസരം ഒത്തുകിട്ടിയത്‌. ഇനി എന്റെ ശരിക്കുള്ള പിറന്നാളിനു ആശംസ പറയാന്‍ ചേട്ടന്‍ മടിക്കും.

ഈ ഏപ്രിലില്‍ നടന്ന ഏറ്റവും രസകരമായ സംഭവം സിനിമകാണല്‍ ആണ്.


മനുഷ്യനെ പേടിപ്പിക്കുന്നോ? (സ്വയം പേടിച്ചപ്പോള്‍ മാറ്റിയതാവും.)

ഇവിടെ ഇടിയും മഴയും, ആലിപ്പഴവുമൊക്കെയായി കുറച്ച്‌ പേമാരി ഉണ്ടായി. ഇനി മേയ്‌ ആയാല്‍ എന്നും വൈകീട്ട്‌ ഇടിയും മഴയും ആവും.

ഏപ്രില്‍ മാസം എനിക്കിഷ്ടമാണ്‌. അന്നും ഇന്നും. കുട്ടിക്കാലത്ത്‌, പരീക്ഷ കഴിഞ്ഞ്‌ സ്കൂള്‍ പൂട്ടും. അക്കാലത്തെ ആഘോഷങ്ങള്‍ ഇന്ന് ഓര്‍മ്മിക്കുമ്പോള്‍ എന്തൊരു സന്തോഷം ആണെന്നോ? പക്ഷെ, പഴയ കൂട്ടുകാരികളേയും, കസിന്‍സിനേയുമൊക്കെ ഇന്ന് വര്‍ഷത്തിലൊരിക്കലോ മറ്റോ കണ്ടെങ്കിലായി. ഓരോരുത്തര്‍ക്കും ഓരോ തിരക്കുകള്‍. വിഷു വരും. ഇപ്പോഴും ഉത്സവക്കാലവും, ഇപ്പോഴുള്ള കൂട്ടുകാരികളുടെ തിരക്ക്‌ ഒഴിയുന്നതും ഒക്കെ ഏപ്രില്‍ കൂടുതല്‍ സുന്ദരമാക്കുന്നു.

ഈ വര്‍ഷത്തെ നാലാമത്തെ മാസവും കടന്നുപോയെന്നറിയുമ്പോള്‍, ദുഃഖമോ സന്തോഷമോ എന്നറിയില്ല അത്രയേ ഉള്ളൂ. രണ്ടിനും കാരണങ്ങള്‍ ഉണ്ട് താനും.

മേയ്‌ മാസത്തിന് സ്വാഗതം പറയാം ഇനി.

Labels:

Thursday, April 26, 2007

മൈമൂന

ഏകാന്തതകളില്‍, കൂട്ടായി, നിസ്സാരമായൊരു സാന്നിദ്ധ്യമായി മാത്രമേ, അവള്‍ക്കൊരു സ്ഥാനം ഉണ്ടായിരുന്നുള്ളൂ. ജോലിത്തിരിക്കുകള്‍ക്കിടയിലോ, സലീമുമൊത്ത്‌ ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഒഴുകിനടക്കുമ്പോഴോ, മൈമൂന ഒരിക്കലും അവളെ ശ്രദ്ധിച്ചിരുന്നുമില്ല. ഏറെക്കുറെ ഇഷ്ടപ്പെടുന്ന പ്രകൃതം എന്ന് തോന്നിയതുകൊണ്ട്‌ അവഗണിക്കാന്‍ മൈമൂന ശ്രമിച്ചിരുന്നുമില്ല.

എപ്പോഴാണ്‌ ആ അടുപ്പത്തില്‍ അല്‍പ്പം അനിഷ്ടം കലര്‍ന്നതെന്ന് മൈമൂനയ്ക്ക്‌ ഇന്നും നല്ല ഓര്‍മ്മയുണ്ട്‌. തലയിലെ വെള്ളിനൂല്, അതീവശ്രദ്ധയോടെ പിഴുതുകളഞ്ഞ ദിവസമാണ്‌, അവള്‍, അപ്രതീക്ഷിതമായി, സത്യസന്ധമായി, തികച്ചും അപ്രിയമായ ചോദ്യം, മൈമൂനയുടെ ഉത്തരം പ്രതീക്ഷിച്ച്‌ വിട്ടുകൊടുത്തത്‌.

"പേടി തുടങ്ങി. അല്ലേ?" തലയിലേക്ക്‌ ഇഷ്ടമില്ലാതെ കയറിയ വെള്ളിനൂലുകളേക്കാള്‍, അവളെ പേടിക്കാന്‍ തുടങ്ങിയതും അന്നു തന്നെ. ഇഷ്ടപ്പെടാത്ത വാക്കുകളോട്‌ ചെവിയോടൊപ്പം മനസ്‌ കാട്ടിയ അനിഷ്ടം മറച്ചുപിടിക്കാന്‍ ശ്രമിച്ചുവെങ്കിലും, അവളുടെ ഉത്തരത്തില്‍, അത്‌ അല്‍പം പ്രകടമാവുക തന്നെ ചെയ്തു.

"അങ്ങനെയൊന്നുമില്ല. ചേര്‍ച്ചയില്ലാത്തത്‌ ഒഴിവാക്കുമ്പോള്‍, അല്‍പം കൂടെ സുന്ദരമാവും പല കാര്യങ്ങളും."

ഉത്തരം പറഞ്ഞുകഴിഞ്ഞാണ്‌ സലീമിന്റെ ഉമ്മ, അയല്‍ക്കാരിയോട്‌ പറയാറുള്ളതും ഏതാണ്ട്‌ ഇതേ വാചകങ്ങള്‍ ആയിരുന്നെന്ന് മൈമൂന ഓര്‍ത്തത്‌. എത്ര കയ്പ്പായിരുന്നു, ഈ വാചകങ്ങള്‍ക്ക്. അതുകൊണ്ട്‌ തന്നെ ആ ചോദ്യോത്തരത്തിനു ശേഷമാണ്‌, അവളോട്‌ മൈമൂനയ്ക്ക് അകല്‍ച്ച തോന്നിത്തുടങ്ങിയത്‌. എന്തെന്നറിയാത്ത ഒരു നീരസവും. പാത്രം വൃത്തിയാക്കുമ്പോള്‍, നഖത്തിനിടയിലുള്ള അഴുക്കും, വസ്ത്രങ്ങളില്‍പ്പുരളുന്ന കരിയുമൊക്കെ, മൈമൂന കണ്ടുതുടങ്ങിയതും, അല്ലെങ്കില്‍, ഉണ്ടെന്ന് തിരിച്ചറിയാന്‍ തുടങ്ങിയതും, അവളുടെ സ്ഥിരമായുള്ള വരവിനുശേഷമാണ്‌. അണിഞ്ഞൊരുങ്ങിയുള്ള വരവിനു ശേഷം എന്ന് പറയുന്നതാകും കൂടുതല്‍ ചേര്‍ച്ച.

മൈമൂനയില്‍ വന്ന മാറ്റങ്ങള്‍ നിരവധിയായിരുന്നു. ടൌണില്‍ പോയപ്പോള്‍, പുതിയ മേക്കപ്പ്‌ ബോക്സ്‌ വാങ്ങിയതുകണ്ട്‌ സലീം ആശ്ചര്യവാനായി. അണിഞ്ഞൊരുങ്ങി മൈമൂനയെ കണ്ടിരുന്നത്‌ ഏതോ കാലത്തായിരുന്നെന്ന് തോന്നുകയും ചെയ്തു.

ചിലപ്പോഴൊക്കെ പൊതുസ്ഥലങ്ങളിലും മൈമൂന അവളെ കാണാന്‍ തുടങ്ങി. വാഹനത്തിലും, റെസ്റ്റോറന്റുകളിലും, ഊഴവും കാത്ത്‌ നിന്ന ആശുപത്രി വരാന്തയിലും ഒക്കെ അവള്‍ കൂടെയെത്താന്‍ തുടങ്ങി. മാറ്റം വന്നു തുടങ്ങിയതിനനുസരിച്ച്‌ അവളോടുള്ള നീരസം അലിഞ്ഞുപോകുന്നത്‌ മൈമൂന അറിഞ്ഞു. പലപ്പോഴും, ജോലിയെല്ലാം കഴിഞ്ഞ്‌, അത്യാവശ്യം അണിഞ്ഞൊരുങ്ങി ഇരുന്ന, സമയത്ത്‌ കണ്ടുമുട്ടുമ്പോള്‍, അവളുടെ കണ്ണില്‍ തെളിഞ്ഞിരുന്ന അമ്പരപ്പ്‌, അസൂയയുടേതാവാം എന്ന് കണ്ടെത്തിയ മൈമൂന ഉള്ളില്‍ ചിരിച്ചിരുന്നു. മൈമൂനയുടെ മാറ്റം ശ്രദ്ധിച്ച അവള്‍ അധികമൊന്നും ചിലപ്പോള്‍ സംസാരിക്കാറില്ല.

മൈമൂനയ്ക്ക്‌ ആദ്യം തോന്നിയതുപോലെ ഒരു ഭീഷണി ആയി അവളെയിപ്പോള്‍ കാണാനാവുന്നില്ല. എന്നാലും, അന്ന് അവള്‍ വരുമ്പോള്‍, ഫുട്‌ പാത്തിലെ കച്ചവടക്കാരനോട്‌ വാങ്ങിയ ബെസ്റ്റ്‌ സെല്ലര്‍ വായിച്ചുംകൊണ്ട്‌, സന്തോഷവതിയായി കാണപ്പെട്ട മൈമൂനയ്ക്ക്‌ നേരെ അവളെറിഞ്ഞുകൊടുത്ത ചോദ്യം മൈമൂനയ്ക്ക്‌ അവഗണിക്കാനായില്ല. ഇരട്ടിക്കാത്ത മയില്‍പ്പീലികളെക്കുറിച്ചുള്ള ചോദ്യത്തിനു ശരിയായൊരുത്തരം കൊടുക്കാനുമായില്ല. നിസ്സഹായത പൊട്ടിത്തെറിച്ചതും അതുകൊണ്ടു തന്നെ. മൈമൂന കൈയ്യില്‍ക്കിട്ടിയത്‌ എടുത്ത്‌ അവളെ എറിഞ്ഞു.

വൈകുന്നേരം സലീം വരുമ്പോള്‍, മൈമൂനയ്ക്ക്‌ പറയാന്‍ രണ്ട്‌ കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, ഇനി ഒരിക്കലും പറയില്ലെന്ന് കരുതിയ മനസ്സില്‍ സൂക്ഷിച്ച, ഇരട്ടിക്കാത്ത മയില്‍പ്പീലിയെക്കുറിച്ച്‌. പിന്നൊന്ന്, അലമാരയില്‍പ്പിടിപ്പിച്ച കണ്ണാടിച്ചില്ലുകള്‍ മാറ്റുന്നതിനെക്കുറിച്ച്‌. പൊട്ടിയത്‌ എങ്ങനെയെന്ന് സലീം ചോദിക്കില്ലെന്ന് അവള്‍ക്കെന്തോ തോന്നി. മൈമൂനയുടെ മാറ്റം അവനെ സന്തോഷിപ്പിച്ചിരുന്നല്ലോ.

പക്ഷെ, അവളെക്കുറിച്ച്‌ മാത്രം, ഏകാന്തതകളില്‍ വരുന്ന, അവളെക്കുറിച്ച്‌, കൂട്ടുകാരിയെന്നോ, അസൂയക്കാരിയെന്നോ, മിടുക്കിയെന്നോ, ഉപദേഷ്ടാവെന്നോ ഇനിയും പേരിട്ട്‌ വിളിക്കാത്ത, ഓര്‍മ്മയുടെ ചില്ലുകളില്‍ തെളിയുന്ന തനിക്കെന്നോ കൈവിട്ടുപോയ, പൂര്‍ണ്ണമായും പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന തന്റെ തന്നെ അസ്തിത്വത്തെ, പഴയ മൈമൂനയെക്കുറിച്ച്‌ മാത്രം ഒന്നും പറഞ്ഞില്ല. സലീമിന് അവളെ കാണാനോ, അറിയാനോ ഒരു അവസരം ഇനി കൊടുക്കരുതെന്ന് അവള്‍ തീര്‍ച്ചയാക്കി. തനിക്കിനിയും ഒരു നഷ്ടം സഹിക്കാനാവില്ല. ഇത്രയും കാലം, തങ്ങളെ കുറച്ചെങ്കിലും അകറ്റിനിര്‍ത്തുന്നതില്‍ ഒരു പങ്ക് അവള്‍ക്കുണ്ടായിരുന്നല്ലോ.

പുതിയ കണ്ണാടി വരുന്ന ദിവസം, നേരില്‍ കാണുന്ന ദിവസം, അവളുടെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ തയ്യാറായി, മൈമൂന, സലീം വരുന്നതും പ്രതീക്ഷിച്ച് ഇരുന്നു.

Labels:

Saturday, April 21, 2007

ആകെയുള്ള അതിഥി

സ്വയം മരിച്ചാല്‍, ആത്മാവ് ഗതികിട്ടാതെ അലയുമെന്നുള്ള വിശ്വാസത്തില്‍, പേടി കൊണ്ടാണ്, എന്നെ കൊല്ലാന്‍ ഒരാളെ തെരഞ്ഞെടുത്തത്. അവനോട് നന്ദി പറയാന്‍ ഒരുക്കിയ മദ്യസല്‍ക്കാരം കഴിഞ്ഞപ്പോള്‍ അവന്റെ തോക്ക്, ഞങ്ങളെ ചതിച്ചു. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി, അവന്റെ ആത്മാവ്, ജയിലിലെ ഇരുമ്പഴികള്‍ക്കുള്ളില്‍ പലപ്പോഴും കടന്നുവരാറുണ്ട്. അനുവാദമില്ലാതെ വരുന്ന, എന്നെക്കാണാനെത്തുന്ന, ആകെയുള്ള അതിഥിയും അത് തന്നെ. ഇഷ്ടമില്ലാതെ മരിച്ചാലും ആത്മാവ് അലയുമത്രേ!

Labels:

Wednesday, April 18, 2007

അപ്പോഴൊക്കെയാണ്...

വേനലിലും മഴയിലും കുടയെ കുറ്റം പറയുമ്പോഴാണ്‌.

ചെളിവെള്ളത്തേയും, വിയര്‍പ്പിനേയും ശപിക്കുമ്പോഴാണ്.

കയറിച്ചെല്ലാന്‍ ഒരു കൂര പോലും ഇല്ലാത്തവരെക്കുറിച്ച്‌ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കുമ്പോഴാണ്.

ഹോട്ടലിലെ ബില്ലിനും ടിപ്സിനുമായി വിട്ടുപോന്ന തുകയെക്കുറിച്ച്‌ അഭിമാനത്തോടെ ഓര്‍ക്കുമ്പോഴാണ്.

തിന്നാന്‍ കഴിയാതെ പാഴാക്കിപ്പോന്ന ഭക്ഷണത്തെക്കുറിച്ച്‌ ചിന്തിക്കാത്തപ്പോഴാണ്‌.

കുടിവെള്ളം പോലുമില്ലാതെ ദിനങ്ങള്‍ തള്ളിനീക്കേണ്ടിവരുന്ന നിസ്സഹായത തന്റേതല്ലെന്ന ദുരഭിമാനം പേറുമ്പോഴാണ്‌.

വസ്ത്രങ്ങള്‍ക്ക്‌ ചേരാത്ത ആഭരണങ്ങളെക്കുറിച്ച്‌ പരാതി പറയുമ്പോഴാണ്‌.

പട്ടിലും പൊന്നിലും പളപളപ്പാര്‍ന്ന ജീവിതത്തില്‍ കണ്ണ്‌‍ മഞ്ഞളിച്ച്‌ പോകുമ്പോഴാണ്‌.

ഉടലിനൊത്ത വസ്ത്രം ഇല്ലാതെ നാണം മറയ്ക്കാന്‍ കഴിയാത്തവരെക്കണ്ട്‌ കണ്ണുകള്‍ തിരിക്കേണ്ടിവരുമ്പോഴാണ്‌.

ഉത്സവദിനങ്ങള്‍ തിന്നും കുടിച്ചും ആഘോഷിക്കേണ്ടിവരുമ്പോഴാണ്.

കഴിക്കുന്ന ആളെക്കാള്‍ എണ്ണത്തില്‍ ഭക്ഷണവസ്തുക്കള്‍ നിരത്തേണ്ടിവരുമ്പോഴാണ്‌.

ദാരിദ്ര്യം ആഘോഷമാക്കേണ്ടിവരുന്ന ചില ജന്മങ്ങള്‍ മങ്ങിയ ഓര്‍മ്മ മാത്രമായി മനസ്സില്‍ തെളിയുമ്പോഴാണ്‌.

ഫാനിനു കാറ്റില്ലെന്ന് ആവര്‍ത്തിക്കേണ്ടിവരുമ്പോഴാണ്‌.

ഏസിയുടെ ആവശ്യത്തിനെപ്പറ്റി ഓര്‍ത്തിരിക്കുമ്പോഴാണ്‌.

കടത്തിണ്ണയിലോ റോഡ്‌ വക്കിലോ ഏത്‌ കാലത്തും കിടന്നുറങ്ങേണ്ടിവരുന്ന മനുഷ്യരെക്കുറിച്ച്‌ ചിന്തിക്കാന്‍ നേരമില്ലാത്തപ്പോഴാണ്‌.

കഴിഞ്ഞുപോയ ദിനങ്ങളില്‍ എന്ത്‌ ചെയ്തെന്ന തോന്നലുണ്ടാവുമ്പോഴാണ്.

കല്‍പ്പിച്ചുനീട്ടിയ സൌഭാഗ്യങ്ങള്‍ക്ക്‌ നന്ദി പറയാന്‍ മറക്കുമ്പോഴാണ്‌.

ഇതുവരെ ചെയ്യാതെ, ഇനിയുള്ള ദിവസങ്ങളില്‍ നല്ലത്‌ ചെയ്യാമെന്ന വ്യര്‍ത്ഥവിചാരവുമായി മുന്നോട്ട്‌ പോകാന്‍ തുടങ്ങുമ്പോഴാണ്‌.

അപ്പോഴൊക്കെയാണ് ഞാന്‍ ചെറുതാവുന്നത്‌.

വയസ്സേറുമ്പോഴും ചെറുതായി ഇരിക്കുന്നത്.

Labels:

Monday, April 16, 2007

ഗോപീകൃഷ്ണന്റെ ചോദ്യം

ഗോപീകൃഷ്ണന്‍ ഒരു ഹോട്ടല്‍ തൊഴിലാളി ആണ്‌. അത്‌ മാത്രമല്ല കാര്യം. അയാള്‍ ഒരു സൂപ്പര്‍സ്റ്റാര്‍,‍ ഫാന്‍ ആണ്‌. അരിയരയ്ക്കുമ്പോഴും പാത്രം കഴുകുമ്പോഴും, സിനിമയിലെ പാട്ടുകള്‍ അയാള്‍ മൂളിനടന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരോട്‌, സിനിമയിലെ ഡയലോഗ്, പറയണമെന്നുണ്ടെങ്കിലും, മുതലാളിയുടേതാണല്ലോ ഹോട്ടല്‍, എന്നൊരൊറ്റ ഓര്‍മ്മയില്‍, അയാള്‍ ആവേശം അടക്കിയിരുന്നു. എന്നിട്ടും അയാള്‍, കഴിവതും, കഥപാത്രത്തെ അനുകരിച്ച്‌, ഭക്ഷണം വിളമ്പുകയും, ജോലി ചെയ്യുകയും ചെയ്തു.

ഗോപീകൃഷ്ണന്റെ കഥ അവിടേയും തീരുന്നില്ല. നടന്റെ ആരാധകന്‍ എന്നതുപോലെത്തന്നെ, വാരികകളുടേയും ആരാധകന്‍ ആയിരുന്നു, ഗോപീകൃഷ്ണന്‍. വാരികളിലെ, നോവലുകളിലേയും കഥകളിലേയും, നായകന്റെ സ്ഥനത്ത്‌, പ്രതിഷ്ഠിച്ചിരുന്നത്‌, സിനിമാനടനെ ആയത്‌, വാരികയിലെ നോവലുകളെ ഗോപീകൃഷ്ണനോട് കൂടുതല്‍ അടുപ്പിച്ചു. വായനയും, ആരാധനയും, ഒരുമിച്ച്‌ മുന്നേറുമ്പോഴാണ്‌, വാരികയില്‍ പരസ്യം കണ്ടത്‌. വായനക്കാര്‍ക്ക്‌ താരത്തിനെ കാണാന്‍ അവസരം. വാരികയുടെ റേറ്റ്‌ കൂട്ടുന്നതില്‍ കാരണക്കാരില്‍പ്പെട്ട ഗോപീകൃഷ്ണനു തോന്നി, ഇതുതന്നെ അവസരം. ഷൂട്ടിങ്ങ്‌ അടുത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ, മുതലാളി വിടില്ല. ഇതാവുമ്പോള്‍, ഹോട്ടലിന്റെ പേരും, തന്റെ പേരിന്റെ കൂടെ വന്നാല്‍, മുതലാളിക്കും സന്തോഷമാവും.

നിങ്ങള്‍ എന്തുകൊണ്ട്‌ താരത്തെ ഇഷ്ടപ്പെടുന്നു എന്നതില്‍, വെളിച്ചെണ്ണയില്‍ മുക്കിപ്പൊരിച്ച പഴം പൊരിപോലെ, മൃദുലമായ മനസ്സാണ്‌ താരത്തിന് എന്ന് വെറുതെ കൂട്ടിച്ചേര്‍ക്കാന്‍ ഗോപീകൃഷന്‍ മറന്നില്ല. അഞ്ചാറു പേജ്‌ എഴുതാന്‍ ഉണ്ടായിരുന്നെങ്കിലും, ഒരു പേജില്‍ ഉള്‍ക്കൊള്ളിക്കണം എന്ന് വാരികക്കാര്‍ പറഞ്ഞതുകൊണ്ട്‌, ഗോപീകൃഷ്ണനു എഴുതിയത്‌ വെട്ടിച്ചുരുക്കേണ്ടി വന്നു. എല്ലാ ദൈവങ്ങളേയും, നടനേയും മനസ്സില്‍ സ്മരിച്ച്‌, ഹോട്ടലിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍, മുതലാളി, പുറത്തേക്ക്‌ വിട്ട സമയത്ത്‌, കത്ത്‌ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു.

ജീവിതം, പുതിയ വഴിത്തിരിവിലെത്തും എന്ന് വാരികയിലെ, വാരഫലത്തില്‍ വായിച്ചതിന്റെ പിറ്റേ ദിവസമാണ്, താരത്തിനെ കാണാന്‍ ഗോപീകൃഷ്ണനേയും തെരഞ്ഞെടുത്തതായി അറിയിക്കുന്ന കത്ത്‌ ‌ കിട്ടിയത്‌. അന്ന്, മുതലാളിക്ക്‌ കാശ്‌ കിട്ടിയില്ലെങ്കിലും, ഭക്ഷണസാധനങ്ങള്‍ക്കൊക്കെ വല്യ ചെലവായിരുന്നു. ആരാധിക്കുന്ന ആളെ കാണാം എന്നുള്ള സന്തോഷത്തില്‍, പുട്ടിനു കടലയുടെ കൂട്ടത്തില്‍ ഓരോ പഴമ്പൊരിയും, ഗോപീകൃഷ്ണന്‍, ഹോട്ടലില്‍ വന്നയാള്‍ക്കാര്‍ക്ക്‌ കൊടുത്തു. അങ്ങനെ ആ ദിനം വന്നെത്തി. മുതലാളിയോട്‌ മുന്‍കൂട്ടിപ്പറഞ്ഞതിനാല്‍, അദ്ദേഹം ഒരു തടസ്സവും, പറഞ്ഞില്ലെന്ന് മാത്രമല്ല, ഹോട്ടലിന്റെ പേരു എടുത്ത്‌ പറയാന്‍ മടിക്കരുതെന്ന് ശട്ടം കെട്ടുകയും ചെയ്തു. ജോലി ചെയ്തതിനു കാശ്‌ എടുക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത മുതലാളിയുടെ ഹോട്ടലിന്റെ പേരു എടുക്കണോ വേണ്ടയോ എന്ന് പിന്നെ തീരുമാനിക്കാം എന്ന മട്ടില്‍, ഗോപീകൃഷ്ണന്‍ നിന്നു.

നരസിംഹത്തിലെ ലാലേട്ടന്റെ വേഷം അണിഞ്ഞ്‌ പോകാന്‍ തീരുമാനിച്ചെങ്കിലും, ഗോപീകൃഷ്ണന്‍ ജുബ്ബയിട്ടാല്‍, ഈര്‍ക്കിലി, ചാക്കില്‍ പൊതിഞ്ഞപോലെ ഉണ്ടാകും എന്ന് കടക്കാരന്‍ ആത്മാര്‍ത്ഥമായിപ്പറഞ്ഞ്‌, വേറൊരു വസ്ത്രം, വാങ്ങിപ്പിച്ചു.

നടനെ കാണലും പരിചയപ്പെടലും, ഫോട്ടോയെടുപ്പും ഭക്ഷണവും ഒക്കെക്കഴിഞ്ഞ്‌, ചോദ്യം തുടങ്ങി. നായകനെ കണ്ടപ്പോള്‍ത്തന്നെ, സന്തോഷത്തില്‍ ആറാടിയിരുന്ന ഗോപീകൃഷ്ണന്റെ മുന്നിലേക്ക്‌ മൈക്ക് എത്തിയപ്പോള്‍, പേടി കൊണ്ട്‌ ആടിപ്പോയി ഗോപീകൃഷ്ണന്‍. ഒരു കഥാപാത്രവും ഓര്‍മ്മയില്‍ വന്നില്ല.

എങ്ങനെയോ ചോദ്യം ചോദിച്ചു.

"ഒരിരുപ്പിനു എത്ര കുറ്റി പുട്ടു തിന്നും? "

പിന്നെയൊന്നും ഗോപീകൃഷ്ണനു ഓര്‍മ്മയില്‍ ഉണ്ടായില്ല. ഓര്‍ക്കാന്‍ ശ്രമിച്ചുമില്ല.

രണ്ടാഴ്ച കഴിഞ്ഞുള്ള വാരികയില്‍, വന്ന, ഫോട്ടോയും ചോദ്യവും, മുതലാളിയാണ്‌ ഗോപീകൃഷ്ണനെ കാണിച്ചത്‌. ഗോപീകൃഷ്ണന്‍ ചോദിച്ച ചോദ്യം അല്ലായിരുന്നു വാരികയില്‍ അയാളുടേത് ആയി കാണിച്ചിരുന്നത്‌.

പുട്ട്‌ കാണുമ്പോഴൊക്കെ, ഒരു ചമ്മല്‍, ഗോപീകൃഷ്ണനു ഉണ്ടാവുമെങ്കിലും, മുതലാളിയുടെ മേശപ്പുറത്തെ ചില്ലിന്റെ ഉള്ളില്‍, എല്ലാവരും കാണുന്ന തരത്തില്‍, വെച്ച, നായകന്റെ കൂടെ നില്‍ക്കുന്ന ഫോട്ടോ ഓര്‍ക്കുമ്പോള്‍, ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നവര്‍ക്ക്‌, മുതലാളിയെ ഓര്‍ക്കാതെ ഭക്ഷണം കൊടുക്കുമായിരുന്നു, ഗോപീകൃഷ്ണന്‍.

Friday, April 13, 2007

സിനിമാക്കഥ

വെറുതെയിരിക്കുന്ന ഒരു അവധി ദിവസത്തിലാണ്‌,‍ കൈയില്‍ ഇല്ലാത്ത പൈസയില്‍ കുറച്ച്‌ സിനിമാക്കാര്‍ക്ക്‌ കൊടുത്തുകളയാം എന്ന് വിചാരിച്ചത്‌. പാവങ്ങള്‍ എന്തൊക്കെ പാടുപെട്ടും, പാട്ടുപാടിയുമാണ്‌ ഒരു സിനിമ പുറത്തിറക്കുന്നത്‌. ഇവിടെ ഞാന്‍ സിനിമയ്ക്ക്‌ പോയ പല രസകരമായ കഥകളും ഉണ്ട്‌. അതൊക്കെ സിനിമയാക്കിയാല്‍, ഇപ്പോഴുള്ള സിനിമകളേക്കാളും ഓടും. ഒരിക്കല്‍ പോയ കഥ ബ്ലോഗില്‍ ഇട്ടിരുന്നു.

അങ്ങനെ സിനിമയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കി. ഹണിമൂണ്‍ ട്രാവല്‍സ്‌ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമ തെരഞ്ഞെടുത്തു. ഹണിമൂണിന് പോയിട്ടില്ല. അതുകൊണ്ട്‌ ഈ സിനിമയില്‍ ഹണിമൂണ്‍ ട്രാവല്‍സില്‍ കയറാം എന്ന് വിചാരിച്ചു.

ടാക്കീസിനടുത്തെത്തിയപ്പോള്‍ ഈച്ചയും പൂച്ചയും, എന്തിനു, ഒരു കൊതുകുപോലുമില്ല. തുടങ്ങാന്‍, ഒരു മണിക്കൂര്‍ ഉണ്ട്‌. എല്ലാവരും ബുക്ക്‌ ചെയ്തിട്ടുണ്ടാകും എന്ന് ഞാന്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ ടൌണില്‍ക്കൂടെ കറങ്ങി. ഐസ്ക്രീം കഴിക്കുന്ന കടയില്‍ ഈച്ചയേക്കാളും മനുഷ്യര്‍. അവിടെ സ്ഥലമില്ലാഞ്ഞതുകൊണ്ട്‌ ഇറങ്ങി.

കുറച്ചുംകൂടെ കറങ്ങിത്തിരിഞ്ഞ്‌, ഒടുവില്‍ ടാക്കീസിനടുത്ത്‌ എത്തിയപ്പോഴും ആരും ഇല്ല. കൊതുകും, മനുഷ്യരും ഒക്കെ ഉള്ളിലേക്ക്‌ കടന്നുകാണും. ഞാന്‍ പറഞ്ഞു ‘കണ്ടില്ലേ, നമ്മള്‍ ഇവിടെത്തന്നെ നിന്നാല്‍ മതിയായിരുന്നു, ഇനിയിപ്പോള്‍, മുന്നില്‍ ഏതെങ്കിലും സീറ്റിലിരുന്ന് ഞാന്‍ എത്തിവെലിഞ്ഞ്‌ നോക്കി കാണേണ്ടിവരും' എന്ന്.

ചേട്ടന്‍ ടിക്കറ്റ്‌ എടുത്തു. ഞാന്‍, സീറ്റ്‌ പിടിക്കാന്‍ ഓടുകയാണ്. ടിക്കറ്റ്‌ കൊടുത്ത്‌, അത്‌ കീറി വാങ്ങുന്നുണ്ട്‌ ചേട്ടന്‍. അതൊന്നും നോക്കാതെ രണ്ട്‌ പടികള്‍ ഒരുമിച്ച്‌ കയറി, മൂന്നാം പടിയിലെത്തിയപ്പോള്‍, ടിക്കറ്റ്‌ വാങ്ങാന്‍ നിന്ന ആളുടെ ശബ്ദം കേട്ടു. "ബാല്‍ക്കണിയില്‍ നിങ്ങള്‍ മാത്രമേയുള്ളൂ." ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍, ഷര്‍ട്ടില്‍, കാക്ക തൂറിയപ്പോള്‍, ജഗദീഷിന്റെ മുഖഭാവം എങ്ങനെ ഉണ്ടായിരുന്നു, അങ്ങനെയൊരു അയ്യേ ഭാവത്തില്‍ ഞാനും എത്തി. പിന്നെ അയാള്‍, സിനിമാക്കാരുടെ പ്രതിസന്ധികള്‍ ചേട്ടനെ കേള്‍പ്പിച്ചു. അയാളോട്‌ എനിക്ക്‌ കുറച്ചൊരു ദേഷ്യം വന്നു. വേറൊരു ചെറുക്കന്‍, താലി കെട്ടിക്കഴിയുന്നതും നോക്കി നിന്ന്, എനിക്ക്‌ നിന്നെ ഇഷ്ടമാണ്‌, നമുക്ക്‌ കല്യാണം കഴിക്കാം, എന്ന് പറയുന്ന പേടിത്തൊണ്ടന്റെ സ്ഥിതി പോലെ ആയി അത്‌. ഇയാള്‍ക്ക്‌ വേണമെങ്കില്‍ ടിക്കറ്റ്‌ എടുക്കുന്നതിനുമുമ്പ്‌ പറഞ്ഞുകൂടായിരുന്നോ? അപ്പോഴേക്കും ചേട്ടനും വന്നു.

കയറിപ്പോകുമ്പോള്‍, ആലോചിച്ചപ്പോള്‍, ഒരു ത്രില്‍ ഒക്കെ തോന്നി. സിനിമയില്‍ ഒക്കെ കാണുന്നതുപോലെ, നായകനും നായികയും മാത്രം ഒരു ടാക്കീസില്‍, സിനിമ കാണുന്നതൊക്കെ ആലോചിച്ചപ്പോള്‍ വന്ന ദേഷ്യം പോയി.

പിന്നെ ആലോചിച്ചപ്പോള്‍, കുറച്ചൊരു ഭയം തോന്നി. ആലോചനയാണ്‌ എല്ലാത്തിനും കുഴപ്പം വരുത്തുന്നത്‌. ഒന്നും ആലോചിക്കാനില്ലെങ്കില്‍ ജീവിതം സുന്ദരം.

ഭയം തോന്നിയത്‌ എന്താണെന്ന് വെച്ചാല്‍, വല്ല ബോംബ്‌ ഭീഷണിയും മുന്‍കൂട്ടി അറിഞ്ഞിട്ട്‌, ആള്‍ക്കാര്‍ വരാത്തതാവുമോ? പിറ്റേ ദിവസം പേപ്പറില്‍, തകര്‍ന്ന തിയേറ്ററില്‍, ഭാര്യയും ഭര്‍ത്താവും മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഹിന്ദി സിനിമകള്‍ പൊതുവെ ഇഷ്ടമല്ലാത്ത ഭര്‍ത്താവിനെ ഭാര്യ നിര്‍ബ്ബന്ധിച്ചുകൊണ്ടുവരുകയായിരുന്നു എന്നൊക്കെ പത്രക്കാര്‍ എഴുതിവിടുന്നതോര്‍ത്തപ്പോള്‍, സിനിമ കണ്ടുപിടിച്ചവരെ ശപിച്ചേക്കാം എന്നു തോന്നി.

പിന്നെയും ആലോചിച്ചു. അപ്പോ, പിന്നേം ത്രില്‍ വന്നു. ആ കോമ്പ്ലക്സ്‌, പുതുക്കിപ്പണിയുമ്പോള്‍, ഞങ്ങളുടെ പേരിടും. സിനിമ തുടങ്ങുന്നതിനു മുന്‍പ്‌, തീയേറ്ററുകാര്‍, ഞങ്ങളുടെ മാലയിട്ട ഫോട്ടോ വെച്ച്‌ ഇന്‍ മെമ്മറി ഓഫ്‌ കാണിക്കും, ബോംബ്‌ പൊട്ടിയ ദിവസം ഞങ്ങളുടെ പേരില്‍ അറിയപ്പെടും എന്നൊക്കെ ഓര്‍ത്തപ്പോള്‍ മനസ്സ്‌ അല്‍പം ശരിയായി.

ഏറ്റവും മുന്നില്‍, വാതിലിനരികില്‍ ഇരിക്കാം, എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍, അപ്പോ പുറത്ത്‌ ചാടാം എന്ന് പറഞ്ഞെങ്കിലും ചേട്ടന്‍ സമ്മതിച്ചില്ല. നിനക്ക്‌, എപ്പോഴും, കാണുന്നില്ല, കാണുന്നില്ല എന്ന പരാതി അല്ലേ, ഇത്‌ സ്വസ്ഥമായിട്ട്‌ കാണാം എന്നും പറഞ്ഞ്‌ ഏറ്റവും പിന്നില്‍ത്തന്നെ ഇരുന്നു.

ബൊക്കെയും, മാലയും ഒക്കെക്കൊണ്ട്‌ ആള്‍ക്കാര്‍ വരുന്നതും പ്രതീക്ഷിച്ച്‌ നിന്നു. ഞങ്ങളുടെ ജീവിതത്തില്‍ ആദ്യമായിട്ടാണെങ്കിലും, അവരുടെ ടാക്കീസില്‍, ചിലപ്പോള്‍, ആരും ഇല്ലാതെ തന്നെ ഷോ കാണിച്ചിട്ടുണ്ടാകും, അതും ഹൌസ്‌ ഫുള്‍ ബോര്‍ഡും വെച്ച്‌. അത്രയ്ക്കും കഷ്ടം ആയിട്ടുണ്ട്‌ സ്ഥിതി.

സിനിമ തുടങ്ങി, പേരൊക്കെ കാണിക്കുമ്പോഴുണ്ട്‌, ഒരു ചെറിയ കുട്ടി ഓടിവരുന്നു. എനിക്ക്‌ ചിരിയാണ്‌ വന്നത്‌. പാവം, സീറ്റ്‌ കിട്ടാന്‍, എന്നെപ്പോലെ ഓടിക്കിതച്ച്‌ വന്നതാവും. പിന്നാലെ അവന്റെ അച്ഛനും അമ്മയും വന്നു. കുറച്ചുംകൂടെ കഴിഞ്ഞപ്പോള്‍, മൂന്ന് പേര്‍ വന്നു, പിന്നെ രണ്ടു പേരും, ഒരാള്‍ ഒറ്റയ്ക്കും വന്നു. ചിലപ്പോള്‍, ടാക്കീസുകാരുടെ ബന്ധുക്കള്‍ ആവും. അങ്ങനെ ആ കുട്ടിയടക്കം പതിനൊന്ന് പേര്‍ സിനിമ കണ്ടു. വെറുതെ സമയം പോക്കാന്‍ എന്ന നിലയ്ക്ക്‌ ആ സിനിമയ്ക്ക്‌ വല്യ കുഴപ്പമൊന്നും ഞാന്‍ കണ്ടില്ല. പിന്നെ ഇഷ്ടം പോലെ നല്ല നല്ല സിനിമകള്‍ ഇറങ്ങുമ്പോള്‍, ഇതൊന്നും ഓടില്ല അത്രതന്നെ. വല്യ വല്യ നായകന്മാരും നായികമാരും ഉള്ള സിനിമയുള്ളപ്പോള്‍, ഇത് കാണണോന്ന് ജനങ്ങള്‍ ചോദിക്കും. അത്ര തന്നെ.

പിറ്റേന്ന്, ആ വഴിക്ക്‌, ടൌണിലേക്ക്‌ പോകുമ്പോള്‍, അവിടെ നല്ല തിരക്കായിരുന്നു. ഹൌസ്ഫുള്‍ ആയിട്ടുണ്ടാകും. ഞാന്‍ ആരോടും, പരസ്യം പറഞ്ഞിട്ടില്ല. ബാക്കിയുള്ളവര്‍ അവരുടെ കൂട്ടുകാരോടൊക്കെ പറഞ്ഞിട്ടുണ്ടാകും. പറ്റിയ പറ്റ്‌ അവര്‍ക്കും പറ്റട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാകും. ക്രിക്കറ്റ് ഉള്ളതുകൊണ്ടാകും ഇത്രയും കുറവ് ജനം വന്നത്. അവര്‍ തീയേറ്ററില്‍, സിനിമയ്ക്ക് പകരം ക്രിക്കറ്റ് ലൈവ് കാണിച്ചിരുന്നെങ്കില്‍, എന്നും ഫുള്‍ ആയേനെ.

സാധാരണ, ഫ്ലോപ് പടം കണ്ട് പുറത്തിറങ്ങുമ്പോള്‍‍, എനിക്കൊരു ചമ്മല്‍ ഉണ്ടാവുമായിരുന്നു. ഇത്തവണ അത് തോന്നിയില്ല. ഒന്നാമത്, ആള്‍ക്കാരില്ല. പിന്നെ ഞങ്ങള്‍ തീയേറ്ററുകാരെ സഹായിച്ചതും കൂടെ ആണല്ലോ.

Labels:

Wednesday, April 11, 2007

കണ്ണിനുണ്ടൊരു മനസ്സ്

ഭൃത്യവേലയാണ്‌ കണ്ണിന്.

വര്‍ണ്ണങ്ങള്‍ വാരി നിറച്ചും, വേദനിക്കുമ്പോള്‍ നനഞ്ഞും, മനസ്സിന്റെ അടിമവേല ചെയ്യുന്നു.

പ്രണയം നിറച്ചും, പുഞ്ചിരി തൂകിയും, പരിഭവം പറഞ്ഞും, കുസൃതി കാട്ടിയും, വിരഹത്തിന്റേയും വേദനയുടേയും, ശൂന്യത ഉള്‍ക്കൊണ്ടും ആത്മാര്‍ത്ഥത കാട്ടുന്നു.

കാണരുതാത്ത കാഴ്ചകള്‍ കാണാതിരിക്കാനും, കാണേണ്ടവ കണ്ടില്ലെന്ന് നടിക്കാതിരിക്കാനും സ്വാതന്ത്ര്യം നല്‍കുന്നില്ല മനസ്സ്‌.

കണ്ണ്‌‍ തടവിലാണ്‌.

സ്വയം കരയാനും, കാഴ്ചകള്‍ കണ്ട്‌ കുളിര്‍ക്കാനും, കൊതിക്കുന്നു, കണ്ണിന്റെ മനസ്സ്‌.

ജീവനുള്ള കണ്ണ്‌.

ജീവിതം, സ്വയം ചിട്ടപ്പെടുത്താത്ത കണ്ണ്‌‍.

തടവില്‍ നിന്ന് ചാടി സ്വന്തമായി കാഴ്ചയിലേക്ക്‌ പോയാല്‍, കൂട്ടിലടച്ച്‌, ശിക്ഷ നല്‍കുന്നു മനസ്സ്‌.

സ്വസ്ഥമായിരിക്കുമ്പോള്‍പ്പോലും, അസ്വസ്ഥത നിറഞ്ഞ മനസ്സ്‌, ശൂന്യതയിലേക്ക്‌ യാത്രയ്ക്ക്‌ പ്രേരിപ്പിക്കുന്നു.

വേദനിക്കുമ്പോള്‍ നിറഞ്ഞൊഴുകാനും, വര്‍ണ്ണക്കൂടൊരുക്കുന്ന പ്രകൃതിയെ തനിക്കായി നിറയ്ക്കാനും കണ്ണിന്റെ മനസ്സ്‌ സ്വപ്നം കാണുന്നുണ്ടാവും.

-----

(ആത്മഗതം :‌- കൂട്ടുകാര്‍, അന്യരെ തെറി വിളിച്ചാല്‍ സര്‍ക്കാസം. കൈയടിച്ച് പ്രോത്സാഹിപ്പിക്കും. അന്യര്‍, കൂട്ടുകാരുടെ കാര്യം പറഞ്ഞാല്‍ സര്‍ക്കസ്. അടിച്ച് വീഴ്ത്താനും മടിക്കില്ല. കാലം മാറിയത് ദൈവം അറിഞ്ഞില്ലേ എന്തോ. )

Labels:

Monday, April 09, 2007

ആത്മവിശ്വാസം

മഹാന്മാര്‍ ത്യാഗം സഹിച്ചും, നന്മ വരുത്താന്‍ ശ്രമിക്കുന്നത്‌, സ്വന്തം മഹത്വം കൊട്ടിഘോഷിക്കാനല്ല,

പിന്തുടരുന്നവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാണ്‌‍.

ചെടി, ഉയരത്തില്‍ വളരുന്നത്‌, ആകാശം കീഴടക്കാനല്ല.

ഉയര്‍ത്തിവിട്ട വേരുകള്‍ക്ക്‌ ആത്മവിശ്വാസം നല്‍കാനാണ്‌.

രാത്രിയില്‍ വഴിവിളക്കുകള്‍ പ്രകാശിച്ച്‌ നില്‍ക്കുന്നത്‌, പകലുറങ്ങുന്നത്‌ ശീലമായതുകൊണ്ടല്ല.

രാത്രിയില്‍ വഴി നടക്കുന്നവര്‍ക്ക്‌ ആത്മവിശ്വാസം ഉണ്ടാക്കാനാണ്‌‍.

ചെരിപ്പുകള്‍, കാലടിയില്‍ കിടക്കുന്നത്‌, മേന്മയില്ലാത്തതുകൊണ്ടല്ല,

നടക്കുന്നവര്‍ക്ക്‌ ആത്മവിശ്വാസം കൊടുക്കാന്‍ ആണ്‌.

അറിവുള്ളവര്‍ ഉപദേശം നല്‍കുന്നത്‌, അറിവ്‌ കാണിക്കാനല്ല,

താല്‍പര്യമുള്ളവര്‍ക്ക്‌ ആത്മവിശ്വാസമേകാനാണ്‌.

Wednesday, April 04, 2007

വിഷുക്കൈനീട്ടം

കടക്കാര‍ന്‍ പൊതി കെട്ടുന്നതും നോക്കി അയാള്‍ നിന്നു. വൈകുന്നേരമായിട്ടും ചൂടിനു കുറവില്ല. ഒരു മഴ വന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് അയാള്‍ ആശിച്ചിരുന്നു.

"മോന്‍ വന്നോ?"

കടക്കാരന്‍ ചിരിച്ചുകൊണ്ട്‌ ചോദിക്കുന്നു.

"ഇല്ല. നാളെ രാവിലെ എത്തും."

ദൂരനാട്ടില്‍ പഠിക്കുന്ന മകനെക്കുറിച്ചാണ്‌‍ അന്വേഷണം. നാളെ അവനും കൂടെ എത്തിയാല്‍ വീട്ടില്‍ മേളം തന്നെ. വിഷു, മറ്റന്നാള്‍. നാളെ, വെറുതേ ഇതൊക്കെ വാങ്ങിക്കൂട്ടാന്‍ മാത്രം പുറത്തിറങ്ങേണ്ടല്ലോ എന്ന് കരുതിയാണ്‌‍ ജോലി കഴിഞ്ഞപ്പോള്‍ത്തന്നെ വാങ്ങിച്ചെല്ലാം എന്ന് കരുതിയത്‌. കുട്ടികള്‍ വലുതായെങ്കിലും, പടക്കമില്ലാതെ എന്ത്‌ വിഷു എന്നാണു അവരുടെ ചോദ്യം.

"നീ പോയിട്ട്‌ നാളെ വാ. നോക്കാം."

അപ്പോഴാണ്‌ അയാള്‍, കടക്കാരന്‍ ആരോടാണ്‌ പറഞ്ഞതെന്ന് നോക്കുന്നത്‌. ഒരു ആണ്‍കുട്ടി. പത്ത്‌ വയസ്സുണ്ടാകും. കടയിലെ അലമാരയുടെ മുകളിലെ പൊടി തുടയ്ക്കാനെന്ന മട്ടില്‍ കൈ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുന്നു. അയാള്‍ നോക്കിയപ്പോള്‍, ഒരു നാണം പോലെ മുഖം തിരിച്ചു.


"നിക്കണ്ട. നിന്നിട്ട്‌ കാര്യമില്ല. ഇപ്പോ സാധനങ്ങള്‍ക്കൊക്കെ എന്ത്‌ വിലയാണെന്നറിയാമോ? ഒരു പത്ത്‌ തേങ്ങയെങ്കിലും കൊണ്ടുവാ. പടക്കവും തരാം. "

അയാള്‍ പൈസ കൊടുത്ത്‌ ഇറങ്ങിയപ്പോള്‍, അവനും, മനസ്സില്ലാമനസ്സോടെ ഇറങ്ങി. ബസ്‌ സ്റ്റോപ്പിലേക്ക്‌ കുറച്ച്‌ നടക്കാനുണ്ട്‌. പണ്ടേ ഉള്ള കടയായതുകൊണ്ട്‌ ബസ്‌ സ്റ്റോപ്പിനടുത്തേക്ക്‌ മാറ്റാന്‍ കടക്കാരന്‍ തുനിഞ്ഞില്ല. സ്ഥിരം ആള്‍ക്കാരൊക്കെ അവിടെ നിന്ന് വാങ്ങും. ഓഫീസിനടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍, കടകള്‍ ഉണ്ടെങ്കിലും, ഇവിടെ നിന്ന് വാങ്ങാന്‍ തന്നെയാണ്‌ അയാള്‍ക്കുമിഷ്ടം. പടക്കവും അവിടെത്തന്നെയുണ്ടെന്ന് കണ്ടപ്പോള്‍ സന്തോഷവുമായി.

വെറുതെ ഒന്ന് തിരിഞ്ഞുനോക്കി. സൈഡിലുള്ള വീട്ടുമതിലിലെ ഉണങ്ങിയ പുല്‍ക്കൊടികള്‍ പിച്ചിപ്പറച്ച്‌, പിന്നാലെ തന്നെ വരുന്നുണ്ട്‌ അവന്‍. സാധനങ്ങളൊക്കെയുള്ള സഞ്ചികളും, ബാഗും, പടക്കത്തിന്റെ കവറും താഴെ വെച്ചു. മുണ്ട്‌ ശരിയാക്കാനെന്ന മട്ടില്‍. അവന്‍ അടുത്തെത്തി. അയാള്‍ ഒന്ന് ചിരിച്ചുകാട്ടി. അവനും സംശയിച്ച്‌ നിന്ന് ചിരിച്ചുകാണിച്ചു. അതിനു തീരെ വെളിച്ചമില്ലായിരുന്നു. നിര്‍ബ്ബന്ധിച്ചുചെയ്യിച്ചതുപോലെ. അയാള്‍ ഒക്കെ എടുത്ത്, പതുക്കെ നടന്നുതുടങ്ങി.

"എന്താ പേര്?"

"അനൂപ്‌"

"എവിടെയാ വീട്‌?"

"കോട്ടയുടെ പിന്നിലുള്ള വഴിയില്‍ക്കൂടെ പോയാല്‍ എത്തും."

കോട്ട, അയാള്‍ക്ക്‌ പോകാനുള്ള ബസ്‌ പോകുന്ന വഴിക്കല്ല.

"എന്താ ഒന്നും വാങ്ങാതെ തിരിച്ചുപോന്നത്‌?"

തനിക്ക്‌ ഒരു ധൃതിയുമില്ലെന്ന് അയാള്‍ ഓര്‍ത്തു. വീട്ടില്‍ എല്ലാവരും ചിരിക്കും. പരിചയമില്ലാത്ത ഒരു കുട്ടിയോട്‌ മിണ്ടിക്കൊണ്ട്‌ പോരുകയായിരുന്നു എന്ന് പറഞ്ഞാല്‍. എന്നാലും വിഷുവിന്റെ ഉത്സാഹം മനസ്സില്‍ ഉണ്ട്‌. പ്രായമായാലും, ആഘോഷങ്ങള്‍ വരുമ്പോള്‍ മനസ്സിനൊരു ലാഘവം വരും.

"പൈസയില്ലായിരുന്നു. തേങ്ങ കൊണ്ടുക്കൊടുക്കാന്‍ പറഞ്ഞു. എന്നാല്‍ വേണ്ടതൊക്കെ തരാമെന്ന്."

ചിലര്‍ക്ക്‌ ഇല്ലാത്ത പൈസയാണല്ലോ നാളെയും മറ്റന്നാളും നിമിഷനേരം കൊണ്ട്‌ തീര്‍ത്തുകളയാന്‍ പോകുന്നത്‌ എന്ന് അയാള്‍ ഓര്‍ത്തു.

"അച്ഛന്‍ ഇല്ലേ വീട്ടില്‍? ജോലിയൊന്നും ചെയ്യുന്നില്ലേ?"

"ഉണ്ട്‌. അപകടം പറ്റി കിടപ്പിലാണ്‌. അല്ലെങ്കില്‍ ഒക്കെ കൊണ്ടുത്തന്നേനെ. പുത്തനുടുപ്പും പടക്കവും ഒക്കെ. കഴിഞ്ഞ വിഷുവിനു ഞങ്ങള്‍ കുറേ പടക്കങ്ങള്‍ പൊട്ടിച്ചു. "

"അമ്മയ്ക്ക്‌ പോയ്ക്കൂടെ ജോലിക്ക്‌?"

"ഇല്ല. അനിയത്തി ചെറിയ കുട്ടിയാണ്‌."

"വേറെ സ്വന്തക്കാരോ?"

"അവര്‍ക്കൊക്കെ ജോലിയില്ലേ? അല്ലെങ്കിലും വെറുതെ ആരെങ്കിലും വീട്ടില്‍ വന്ന് സഹായിച്ചുനില്‍ക്കുമോ? അച്ഛന്റെ കൈയില്‍ കൊടുക്കാന്‍ ഉണ്ടായിരുന്നപ്പോള്‍ പലരും വരാറുണ്ടായിരുന്നു. "

അവന്‍, ഇത്ര ചെറുപ്പത്തില്‍ മനസ്സിലാക്കിവെച്ചിട്ടുള്ള കാര്യങ്ങള്‍, തന്റെ മക്കള്‍ എന്നെങ്കിലും പഠിക്കുമോന്ന് അയാള്‍ അതിശയത്തോടെ ഓര്‍ത്തു.

"തേങ്ങയുണ്ടോ വീട്ടില്‍?"

"ഉണ്ടായിരുന്നു. ഒക്കെ, അച്ഛന്‍ പണം കൊടുക്കാനുള്ള കൂട്ടുകാരന്‍ വന്ന് ഇടീച്ച്‌ കൊണ്ടുപോയി. അവര്‍ക്കും വിഷു ആഘോഷിക്കേണ്ടേ?"

"ഇനി എന്തു ചെയ്യും വിഷുവിന്?"

അനാവശ്യചോദ്യങ്ങള്‍ ചോദിച്ചുപോകുന്നത്‌ എന്താണെന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല.
ഉത്തരം ഒന്നും കിട്ടിയില്ല.

"ബസ്‌ സ്റ്റോപ്പ്‌ വരെ ഇതൊന്ന് പിടിക്കാമോ?" കുറച്ച്‌ സാധനങ്ങളുള്ള ചെറിയ സഞ്ചിയും, പടക്കമുള്ള കവറും അവന്റെ കൈയില്‍ കൊടുത്തു. ഓഫീസ്‌ ബാഗും, വലിയ സഞ്ചിയും താന്‍ തന്നെ പിടിച്ചു. ബസ്‌ സ്റ്റോപ്പിലെത്തിയിട്ടും, അവനോട്‌ വാങ്ങിയില്ല. ബസ്‌ വന്നപ്പോള്‍, അവന്‍ "സാര്‍" എന്ന് വിളിക്കുന്നത്‌ കേട്ടില്ലെന്ന് നടിച്ച്‌ ബസിലേക്ക്‌ കയറി. തിരക്കുള്ള ബസില്‍, കയറാനുള്ളവരുടെ തിക്കിലും തിരക്കിലും പെട്ട് എങ്ങനെയോ അകത്തേക്കെത്തി, ജനാലയിലൂടെ നോക്കുമ്പോള്‍, അവന്‍, അമ്പരന്ന മട്ടില്‍, സഞ്ചിയും, കവറും പിടിച്ചുകൊണ്ട്‌ നില്‍ക്കുന്നുണ്ട്‌.

അവന്‍ ജനലരികില്‍, തന്റെ മുഖം കണ്ട് ഓടിവന്ന്, സഞ്ചിയും കവറും ഉയര്‍ത്തി നീട്ടി.

“വീട്ടില്‍ കൊണ്ടുപൊയ്ക്കോ. അടുത്ത തവണ തേങ്ങ ഇടീക്കാനാവുമ്പോള്‍, വില തന്നാല്‍ മതി. വിഷു സന്തോഷമായി ആഘോഷിക്ക്.”

അവന്‍, ഞെട്ടി നില്‍ക്കുകയായിരുന്നു.

ബസ്‌ വിട്ടപ്പോള്‍, അയാള്‍ എന്തെന്നറിയാതെ ആശ്വസിച്ചു. അവന്‍ ഒരു പൊട്ടുപോലെ മറഞ്ഞപ്പോള്‍, ഒരു പടക്കത്തിനു തീ കൊളുത്തി വിട്ടുപോന്ന പോലെ അയാള്‍ക്ക്‌ തോന്നി. പൊട്ടിത്തെറിച്ചേക്കും, വലിയ ശബ്ദത്തോടെത്തന്നെ. പക്ഷെ, ആ വെളിച്ചത്തിനും വര്‍ണത്തിനും പകരം വയ്ക്കാന്‍ ഈ ഭൂമിയില്‍ ഒന്നും ഉണ്ടാവില്ലെന്ന് അയാള്‍ക്ക്‌ അറിയാം.

പിന്നോട്ട്‌ നടന്നുപോയാല്‍, പല ഘട്ടങ്ങളിലും, അയാളും, പകച്ചുനിന്നിരുന്ന ഒരു കുട്ടിയായിരുന്നല്ലോ.

Labels:

Monday, April 02, 2007

പടികള്‍

പടികള്‍.

ഉയരത്തിലേക്കുള്ളതാവാം,

താഴ്ചയിലേക്കും.

ഏറ്റവും മുകളിലുള്ള പടിയെ കീഴടക്കാനുള്ള വ്യഗ്രത,

ഏറ്റവും താഴെയുള്ളതിനെ സ്വന്തമാക്കാന്‍ പ്രേരിപ്പിക്കുന്നു.

ഉയരത്തിലെത്തിയാല്‍, ആദ്യം ഓര്‍ക്കേണ്ടത്‌, ഏറ്റവും ആദ്യം കയറിയ പടിയെ.

മുകളിലേക്ക്‌ വഴികാട്ടിയായ്‌ ആദ്യം കണ്ട പടിയെ.

അതില്ലായിരുന്നെങ്കില്‍ നാമിന്നും താഴെത്തന്നെ.

പടികള്‍ ചിലപ്പോള്‍ കാലുവെക്കാന്‍ അനുവദിക്കാതെ ചുട്ടുപൊള്ളാറുണ്ട്‌.

വഴുതിവീഴാന്‍ കളമൊരുക്കാറുണ്ട്‌.

അവ തന്നെയാണ് പക്ഷെ, വിരസതയകറ്റാനും, വിശ്രമിക്കാനും വഴിയൊരുക്കുന്നതും.

എങ്ങോട്ട്‌ കൊണ്ടുപോകുമെന്ന് ആശ്ചര്യപ്പെടുത്താറുണ്ട്‌.

എവിടെയാണ് ഒടുക്കമെന്ന് ആശങ്കപ്പെടുത്താറുണ്ട്‌.

കുതിച്ചുപായാനും കിതച്ചിരിക്കാനും അവസരം തരാറുണ്ട്‌.

ഒരുപടിയില്‍ നിന്നും അടുത്ത പടിവരെ ചേര്‍ത്തുപിടിക്കണം ജീവിതം.

അല്ലെങ്കില്‍ രണ്ടുപടികള്‍ക്കിടയില്‍ ഒടുങ്ങി മറയുമത്‌.

ഒരു പടിയാവാന്‍ ശ്രമിക്കാം.

നിലക്കാത്ത സ്പര്‍ശത്തിനായ്‌ കാത്തിരിക്കാം.

വേദനയുടെ, നിസ്സഹായതയുടേതാവാം, ചില ചുവടുകള്‍.

ആത്മവിശ്വാസത്തിന്റെ കുതിപ്പുമായും എത്തിയേക്കാം ചിലര്‍.

എന്നാലും പടികള്‍ക്ക്‌ ഉയരത്തിലെത്തിക്കാന്‍ കടമയുണ്ട്‌.

തിരിച്ചുവരുന്നവരെ താഴെയെത്തിക്കാനും.

ഔന്നത്യങ്ങളിലേക്കേറുന്നവരെ തടയാതിരിക്കാം.

താഴേക്കു വരുന്നവരെ തഴയാതിരിക്കാം.

ഒരു പടിയാവാന്‍ ശ്രമിക്കാം.

ഓര്‍മ്മയുടെ മഴ പെയ്യുമ്പോള്‍,

മറവിയുടെ പായലും പൊടിയും അകന്ന്,

മിനുസമായ്‌ തെളിയുന്ന പടിയാവാന്‍ ശ്രമിക്കാം.