Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, September 14, 2009

കാർവർണ്ണന്

രാധതൻ പ്രണയപ്പേമാരിയിൽ,
മതിയാവോളം കുളിർന്നുവന്നീടുക.
മീര തൻ ഭക്തി സംഗീതത്തിൽ,
മനം ലയിപ്പിച്ചു തിരികെയെത്തീടുക.
ഗോപികമാരുടെ കേളികൾ കണ്ടു,
ആനന്ദനൃത്തം കഴിഞ്ഞുവന്നീടുക.
ഗോകുലം തന്നിലെ കൂട്ടർക്കൊപ്പം,
ആട്ടവും പാട്ടും കഴിഞ്ഞു നീയെത്തുക.
കാത്തിരുന്നീടാം പരിഭവമില്ലാതെ,
കാർവർണ്ണനേ, നിന്നെയീ പാവം ഞാൻ.

Labels:

റോഡ്

കലപിലകൂട്ടിപ്പോകുന്ന കാക്കത്തൊള്ളായിരം ജനങ്ങളുണ്ട്,
കാറ്റുവീശുന്നതിന്റെ നേരിയ ശബ്ദമുണ്ട്,
ഉന്തുവണ്ടിയിൽ കടല വറുക്കുന്നതു കേൾക്കാനുണ്ട്,
തട്ടുകടയിൽ എണ്ണയിലെന്തോ പൊരിയുന്ന ഒച്ചയുണ്ട്,
പടേയെന്ന് വാഹനങ്ങളുടെ വാതിലടയുന്നുണ്ട്,
ട്വിങ്കിൾ ട്വിങ്കിൾ, പാടി, കുഞ്ഞുങ്ങളുടെ യാത്രയുണ്ട്,
ട്ണിം ട്ണിം എന്ന് ബസ്സിലെ ബെല്ലടിക്കുന്നുണ്ട്,
കാറും ബൈക്കും സ്കൂട്ടറും ലോറിയും
വിവിധതരം ശബ്ദമുണ്ടാക്കി ഓടുന്നുണ്ട്.
ഇത്തരം ശബ്ദങ്ങൾക്കിടയ്ക്കാണ്,
നിശ്ശബ്ദമായി യാത്ര പോകുന്ന റോഡിന്റെ മടിയിൽ വെച്ചാണ്,
ഒരു ജീവൻ തട്ടിയെടുത്തുകൊണ്ട്
മരണം ചീറിപ്പാഞ്ഞുപോയത്.

Labels:

വൃക്ഷം

നൊമ്പരച്ചിതൽ
കുടിയേറിയ ചില്ലകൾ.
ആത്മവിശ്വാസത്തിന്റെ
ദ്രവിച്ച വേരുകൾ.
ഇടയ്ക്കിടയ്ക്ക് മുളച്ചുകൊഴിയുന്ന
സന്തോഷത്തിന്റെ നാമ്പുകൾ.
പ്രതീക്ഷയുടെ പച്ചയിലകൾ,
നിരാശയുടേതായ പഴുത്തയിലകൾ.
വാക്കുകളുടെയൊരു ശക്തിയേറിയ കാറ്റുമതി,
മനസ്സെന്ന വൃക്ഷം
കടപുഴുങ്ങി വീഴാൻ.

Labels:

ചിരി

കുഞ്ഞേ ചിരിക്ക നീ കണ്ണാടിനോക്കി-
യെന്നമ്മ പതുക്കെപ്പറഞ്ഞീടുമ്പോൾ,
കണ്ണാടിയിൽ നോക്കി കോപ്രായവും കാട്ടി
കുഞ്ഞു പിന്നീടു ചിരിച്ചീടുന്നു.
തിരികെക്കിട്ടീടുമാ ചിരിയൊന്നാക്കണ്ണിൽ,
ആഹ്ലാദമഴവില്ലു തെളിയിക്കുന്നൂ.
കുഞ്ഞേ ചിരിക്ക നീ ലോകത്തെനോക്കി-
യെന്നമ്മ പിന്നീടു പറഞ്ഞീടുന്നു.
മറുചിരി കിട്ടിയില്ലെന്നാകിലും ചിരിക്ക നീ,
അമ്മ മനസ്സിൽ പറഞ്ഞീടുന്നു.

Labels:

ഇതെന്താണ്

ഇതെന്താണെന്ന് പറയാമോ?
പിടഞ്ഞുകൊണ്ടൊരു ചോദ്യം.
ഉത്തരങ്ങളൊരുപാട്.
ചെമ്പരത്തിപ്പൂവെന്ന്,
മുമ്പു കണ്ടില്ലെന്ന്,
അറിയില്ലെന്ന്,
പറയില്ലെന്ന്,
ഓർമ്മയില്ലെന്ന്,
മറന്നുപോയെന്ന്.
ചങ്കാണ് പറിച്ചുവെച്ചുകാട്ടുന്നത്,
പിടഞ്ഞുകൊണ്ടിരിക്കുന്നത്.
ഇതൊക്കെ കേട്ടാല്‍പ്പിന്നെ
കലങ്ങിയൊഴുകിപ്പോകാത്ത
ചങ്കെവിടെയുണ്ട്?

Labels:

Saturday, September 05, 2009

വേണ്ടേ

ദൂരെയെങ്ങാണ്ടോ കിഴക്കുദിക്കിൽ
നീലക്കുറിഞ്ഞി തൻ കാടുണ്ടല്ലോ
പലവർഷത്തിലൊരിക്കൽമാത്രം
പൂക്കുമാ കാട്ടിൽ കറങ്ങീടണ്ടേ?

മഴപെയ്തുതോർന്നപ്പോളാകാശത്ത്
മഴവില്ലു ചിരിതൂകി നില്‍പ്പുണ്ടല്ലോ
വർണം നിറച്ചു വിടർന്നുനിൽക്കും
ആ കാഴ്ച മിഴിയിൽ നിറച്ചീടണ്ടേ?

നീലിച്ച ആകാശപ്പട്ടിനുള്ളിൽ
താരകം കൺചിമ്മി നോക്കുന്നല്ലോ
ഒന്നെന്നും രണ്ടെന്നും എണ്ണിയെണ്ണി
വാനവും നോക്കി നടന്നീടണ്ടേ?

ആഴക്കടലിന്റെയുള്ളറയിൽ
വെണ്മ തൂകീടുന്ന മുത്തുണ്ടല്ലോ
നൃത്തം ചവിട്ടും തിരകൾക്കൊപ്പം
വാരിയെടുക്കുവാൻ പോയീടണ്ടേ?

സുഖദുഃഖങ്ങളിടകലർത്തി
ദൈവമീ ജീവിതം തന്നതല്ലേ
സഫലമോ വിഫലമോ എന്താകിലും
സ്വപ്നങ്ങളീനമ്മൾ കണ്ടീടണ്ടേ?

Labels: