Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, March 31, 2007

മാര്‍ച്ച് വിടപറയുന്നു

മാര്‍ച്ച്‌.

ചൂടുകാലം.

പരീക്ഷകളുടെ, തിരക്കുകളുടെ കാലം.

ഞങ്ങള്‍ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ്‌‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നെന്ന് ഓര്‍മ്മ വന്നത്‌. നോക്കിയയും, നോക്കിയതും നോക്കാത്തതുമായ എല്ലാത്തിന്റേയും ഗുണനിലവാരം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്, ചേട്ടന്‍ ധൈര്യപൂര്‍വ്വം, ഫോണ്‍ എടുക്കാന്‍ മറന്നെന്ന് പ്രഖ്യാപിച്ചത്. നിങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും പാര്‍സല്‍ ആയി അവിടെയെത്തിക്കാം എന്ന് അനിയന്മാര്‍ ഉറപ്പ് തന്നെങ്കിലും, വേണ്ട എന്നു വെച്ചു. പാര്‍സല്‍ ഉണ്ടെന്ന് പറയാന്‍ വിളിക്കുന്നയാളുടെ കൈയിലുള്ള പായ്ക്കറ്റില്‍ നിന്ന് ഫോണ്‍ ശബ്ദം കേള്‍‍ക്കുന്നതോര്‍ത്ത്‌ ഞങ്ങള്‍ ചിരിച്ചു. വേറൊരു അനിയന്‍, പിന്നാലെ വന്ന്, കൊണ്ടുത്തന്നു.

കുറച്ച് നേരം ട്രെയിന്‍ യാത്ര ആവാമെന്നുവെച്ചു. നല്ല തിരക്കായിരുന്നു. ഒടുവില്‍ എങ്ങനെയൊക്കെയോ ഇരിക്കാന്‍ പറ്റി. ഒരാള്‍, ഞങ്ങള്‍ ഇരിക്കുന്നതിന്റെ നേരെ മുകളിലെ ബര്‍ത്തില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അടുത്ത സ്റ്റേഷന്‍ വന്നപ്പോള്‍, അയാള്‍ എണീറ്റ്‌, പുറത്തുപോയി, എന്തോ വാങ്ങിക്കഴിച്ച്‌ നില്‍ക്കുന്നുണ്ടായിരുന്നു. ദൂരയാത്ര കഴിഞ്ഞ്‌ അവശനായി വരുകയാണെന്ന് അയാളെ കണ്ടാല്‍ത്തന്നെ മനസ്സിലാവും. അയാള്‍ ഇറങ്ങിപ്പോയ സമയം കയറി വന്ന ഒരു ചെറിയ പയ്യന്‍, സ്ഥലമില്ലെന്ന് കണ്ട്‌, ബര്‍ത്തിലേക്ക്‌ കയറി. മറുവശത്തുള്ള ബര്‍ത്തില്‍ കുറേ ബാഗുകള്‍ ഉണ്ടായിരുന്നു. പയ്യന്‍, മുമ്പ്‌ ഉറങ്ങിയിരുന്ന ആളുടെ ബാഗും, പിന്നെയെന്തൊക്കെയോ പേപ്പറും ബുക്കുകളും ഒക്കെ ഒരുവശത്തേക്ക്‌ നീക്കി അവിടെ നീണ്ടുനിവര്‍ന്ന് കിടന്നു. അയാള്‍ അതുകണ്ട്‌ ഓടിവരുമ്പോഴേക്കും പയ്യന്‍, ആ സ്ഥാനം സ്വന്തമാക്കിയിരുന്നു. അയാള്‍, ഒന്നും പറഞ്ഞില്ല. ബാഗ്‌ എടുത്തു ഇപ്പുറത്തേക്ക്‌ വെച്ചു. പയ്യന്‍, ആ പേപ്പറും ബുക്കും എടുത്ത്‌ നീട്ടി. അയാള്‍ അതും വാങ്ങിവെച്ചു. അയാള്‍ക്ക്‌ ഇരിക്കണം എന്നൊരു അവശതയില്‍ ആയിരുന്നു. അയാള്‍ എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍, അതു ശരിവെക്കണം എന്നു ഞാനും വിചാരിച്ചു. ഇനി മിണ്ടാന്‍ പോലും പറ്റാത്തപോലെ ആയിരുന്നോ എന്തോ? അയാള്‍, ആദ്യം കുറെ നേരം നിന്നു. പിന്നെ എങ്ങനെയൊക്കെയോ അഞ്ചാറു പേരു ഇരിക്കുന്നിടത്ത്‌ ഒപ്പിച്ച്‌ ഇരുന്നു.
യാത്രകളുടെ ക്ഷീണം അറിയാവുന്നതുകൊണ്ട്‌ ഒരു കാര്യം പറയാം. മറ്റുള്ളവരെപ്പറ്റിച്ച്‌, അവരുടെ സ്ഥലത്ത്‌ ഇരിക്കരുത്‌. ആ പയ്യനു നില്‍ക്കാമായിരുന്നു. ബുക്ക്‌ ഒക്കെ വെച്ചതുകൊണ്ട്‌, അവിടെ ആളുണ്ടെന്നും അറിയാമായിരുന്നു. പിന്നെ ബാഗ്‌ ഒക്കെ എടുത്തതുകൊണ്ട്‌ ആരാണെന്നും മനസ്സിലായിരുന്നു. അവന്‍ കുറച്ചുകഴിയുമ്പോഴേക്കും ഇറങ്ങിപ്പോകുകയും ചെയ്തു. മറ്റേയാള്‍, സീറ്റു ശരിക്കും കിട്ടിയപ്പോള്‍ ആശ്വാസത്തോടെ ഇരുന്നു.

കാര്യം:‌- എന്നെയോ, എന്നെപ്പോലുള്ളവരേയോ കണ്ടാല്‍ നിങ്ങള്‍ ഇരിക്കാന്‍ സീറ്റ് സന്തോഷത്തോടെ തരണം. നാളെ നിങ്ങള്‍ക്കും വയസ്സാകും. ക്ഷീണമാവും. ;)

ഏപ്രിലില്‍ എല്ലാവര്‍ക്കും ക്ഷീണം ആവുന്നതെന്തുകൊണ്ട്?

മാര്‍ച്ച് കഴിഞ്ഞുവരുന്നത് കൊണ്ടെന്ന് ആരോ എപ്പോഴോ പറഞ്ഞുവെച്ചിട്ടുണ്ട്.

Labels:

Wednesday, March 28, 2007

പുരാണകഥ. പുതിയതും.

രാവണന്‍, സീതയെ കട്ടുകൊണ്ടുപോയി. ശ്രീരാമന്‍, വാനരസൈന്യത്തിന്റെ സഹായത്തോടെ, സീതയെ, ലങ്കയില്‍ നിന്ന് മോചിപ്പിച്ച്‌ കൊണ്ടുവന്നു. ഇത്‌ പഴയ കഥ. പുരാണകഥ.

പക്ഷെ ഇന്നും പ്രസക്തിയുണ്ട്‌. ശ്രീരാമനും, സീതയും, രാവണനും, ലങ്കയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ അതൊന്നുമല്ല കാര്യം. നമുക്ക്‌ ആ പുരാണകഥയെ, ബൂലോഗവുമായി കൂട്ടിയോജിപ്പിക്കാം.

ശ്രീരാമന്‍, നമ്മുടെ കേരളമാണ്‌‍. സീതയെ സ്നേഹിക്കുന്ന ശ്രീരാമന്‍.

സീതയോ? സീത മലയാളമാണ്‌‍.

രാവണന്‍, കാലവും. നമ്മുടെ കൈപ്പിടിയിലൊതുങ്ങാത്ത കാലം. നമുക്ക്‌ പോരാടി നില്‍ക്കാനേ പറ്റൂ.

കേരളമാകുന്ന ശ്രീരാമനു നഷ്ടമായത്‌, കാലത്തിന്റെ കൈപ്പിടിയില്‍പ്പെട്ട്‌, അവഗണനയുടെ ലങ്കയില്‍ പാര്‍പ്പിച്ച മലയാളമെന്ന സീതയെ ആണ്‌‍.

കാലത്തിന്റെ ഇടപെടലില്‍, മലയാളം അന്യമാവുന്നു. മോചിപ്പിച്ചുകൊണ്ടു വന്ന്, കേരളത്തോട്‌ ചേര്‍ക്കേണ്ടത്‌, ആദരിച്ച് വാഴിക്കേണ്ടത്, നമ്മുടെ, പ്രജകളുടെ, ആവശ്യമാണ്‌‍.

ശ്രീരാമനു സീതയെ മതി. ശൂര്‍പ്പണഖയെ വേണ്ട.

നമ്മള്‍ ആരാണ്‌ ഈ കഥയില്‍? ശ്രീരാമനെ സഹായിച്ച വാനരസൈന്യം തന്നെ. നമുക്ക്‌ ഒരുമിച്ച്‌ നീങ്ങാം, ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധം കണ്ടില്ലെന്ന് നടിക്കാം. അവരെ ശ്രീരാമനു വിട്ടുകൊടുക്കാം. കാലമാകുന്ന രാവണന്റെ, ഏതോ വഴിയില്‍, മോക്ഷം കാത്ത്‌ കിടക്കുന്ന മലയാളമെന്ന സീതയെ മോചിപ്പിച്ചെടുക്കാം.

സീതയുള്ളിടത്ത്‌ എത്തുന്നതുവരെയുള്ള തടസ്സങ്ങളെയും, അപകടങ്ങളേയും ഒരുമിച്ച്‌ നേരിടാം.

അണ്ണാറക്കണ്ണന്മാരായി, നമ്മുടെ ബൂലോഗം, നില്‍ക്കട്ടെ. വഴി കെട്ടിക്കെട്ടിപ്പോകാം. അനുഗ്രഹം ചേര്‍ക്കാം.

കേരളം നമ്മോടൊപ്പമുണ്ട്‌.

അവസാനം, കണ്ടെത്തി, ശ്രീരാമനും സീതയും ഒരുമിച്ചിരിക്കുമ്പോള്‍ - കേരളവും മലയാളവും ഒരുമിച്ച്‌ ഇരിക്കുമ്പോള്‍- പ്രജകളായ നാം, സന്തോഷിച്ചിരിക്കുമ്പോള്‍, അപവാദം പറഞ്ഞ്‌, തെറ്റിക്കാനെത്തുന്ന, വിഴുപ്പലക്കികളായ അസൂയക്കാരെ, നമുക്കൊരുമിച്ച്‌ തുരത്തിവിടാം. സീതയെ, രാമനുപേക്ഷിച്ച രീതിയില്‍ ആവാതെ നോക്കാം. പിന്‍‌തലമുറയ്ക്ക്, അതൊരു കഥ മാത്രമായി പാടി നടക്കാന്‍ ഇടവരുത്താതിരിക്കാം.

ഹൃദയത്തിനുള്ളില്‍, കേരളത്തേയും, മലയാളത്തേയും, കാട്ടിക്കൊടുക്കാം.

നമ്മുടെ മലയാളം എന്നും മനോഹരമാവട്ടെ.

Monday, March 26, 2007

നിങ്ങളും ഞാനും അല്‍പ്പം പോസിറ്റീവും

നിങ്ങള്‍ :- എനിക്ക്‌ ഭയങ്കര ടെന്‍ഷന്‍ ആണ്‌‍.

ഞാന്‍ :- ടെന്‍ഷനു പെന്‍ഷന്‍ കൊടുക്കൂ. നിങ്ങള്‍ക്കുള്ള സൌഭാഗ്യത്തെയെടുത്ത്‌ സര്‍വ്വീസിലിരുത്തൂ.

നിങ്ങള്‍:- കുട്ടികള്‍ പഠിക്കാന്‍ മഹാമടി കാണിക്കുന്നു.

ഞാന്‍ :- മടിയുണ്ടെങ്കിലും പഠിക്കാനും പഠിപ്പിക്കാനും പറ്റുന്നു‍ണ്ടല്ലോ. പഠിക്കാന്‍ കഴിയാത്ത എത്രയോ കുട്ടികളുണ്ട്‌ ഈ ലോകത്തില്‍. പഠിച്ചോ എന്ന് പറയാന്‍ പോലും കഴിയാത്ത രക്ഷിതാക്കളും.

നിങ്ങള്‍:- എന്റെ മകനു പ്രൊഫഷണല്‍ കോഴ്സിനൊന്നും സീറ്റ്‌ കിട്ടിയില്ല.

ഞാന്‍ :- പത്താം ക്ലാസ്സ്‌ പോലും പാസാവാത്ത ആള്‍ക്കാരുണ്ട്‌ ഈ നാട്ടില്‍. മകനെ വേറെ എന്തെങ്കിലും നല്ല കോഴ്സിനു ചേര്‍ക്കൂ.

നിങ്ങള്‍:- ജോലിയില്ലാത്തൊരുത്തന്‍ എന്റെ മകളെ കെട്ടണമെന്നും പറഞ്ഞ്‌ പിറകെ നടക്കുന്നു.

ഞാന്‍:- മകളെ തട്ടിക്കൊണ്ട്പോയില്ലല്ലോ എന്ന് ആശ്വസിക്കൂ. ജോലി നേടാന്‍ അയാളെ സഹായിക്കൂ.

നിങ്ങള്‍ :- അയല്‍‌വക്കത്ത്‌ കാറു വാങ്ങി. ഞാന്‍ ബസ്‌ സ്റ്റോപ്പിലേക്ക്‌ നടക്കുമ്പോള്‍ എന്നും എന്നെ കടന്നുപോകുന്നു.

ഞാന്‍ :- കാറു വാങ്ങിയവര്‍ ആദ്യം കടന്നുപോകും. പിന്നെ കിടന്നു പോകും. നടത്തം ആരോഗ്യത്തിനു നല്ലതാണ്.

നിങ്ങള്‍:- എന്നും കഞ്ഞി കുടിച്ച്‌ കഴിയാനാണോ എന്റെ വിധിയെന്നോര്‍ക്കും.

ഞാന്‍ :- പച്ചവെള്ളം കുടിച്ച്‌ കഴിയുന്നവരും, എല്ലാ ദിവസവും അതുപോലും കിട്ടാത്തവരും ഈ ലോകത്ത്‌ ഉണ്ടെന്ന് ഓര്‍ക്കുക.

നിങ്ങള്‍ :- എന്റെ ഭാര്യ ഒരു ധാരാളിയാണ്‌‍. എന്നും പൈസയും ചോദിച്ച്‌ വരും.

ഞാന്‍ :- പൈസ ചോദിക്കാനെങ്കിലും നിങ്ങളുടെ മുന്നില്‍ എത്തുന്നുണ്ടല്ലോ. തിരക്ക്‌ കൊണ്ട്‌ മുഖാമുഖം കാണാന്‍ സാധിക്കാത്ത പലരും ഈ ലോകത്തുണ്ട്‌. നിങ്ങളുടെ പണം, ഭാര്യക്കും ഉള്ളതല്ലേന്ന് വിചാരിക്കുക.
ധാരാളിത്തം കൊണ്ടുണ്ടാവുന്ന പ്രശ്നം അവരെ പറഞ്ഞു മനസ്സിലാക്കുക.

നിങ്ങള്‍:- എന്റെ ഭര്‍ത്താവ്‌ എന്നും കുടിച്ച്‌ വീട്ടില്‍ വരുന്നു.

ഞാന്‍ :- വീട്ടില്‍ വരുന്നുണ്ടല്ലോ. കുടിച്ച്‌ വഴിയില്‍ കിടക്കുന്നവരും, വേറെ വഴിക്ക്‌ പോകുന്നവരും ഉണ്ടെന്ന് ഓര്‍ക്കുക. കുടി നിര്‍ത്താന്‍ ഭര്‍ത്താവിനെ സഹായിക്കുക.

നിങ്ങള്‍ :- കല്യാണങ്ങള്‍ക്ക്‌ പോകുമ്പോള്‍ ഒരു നല്ല മാല പോലും ഇടാന്‍ ഇല്ലല്ലോ എന്ന് സങ്കടം.

ഞാന്‍ :- കല്യാണവീട്ടില്‍ വരുന്ന കള്ളന്മാര്‍ കല്യാണം കഴിഞ്ഞ്‌, നിങ്ങളുടെ വീട്ടില്‍ വരില്ലല്ലോ എന്ന് ആശ്വസിക്കുക. പുഞ്ചിരി കട്ടുകൊണ്ടുപോകാന്‍ പറ്റില്ല. നമ്മള്‍ കൊടുത്താലേ മറ്റുള്ളവര്‍ക്ക്‌ കിട്ടൂ. അതാണു ഏറ്റവും നല്ല ആഭരണവും.

നിങ്ങള്‍:- എന്റെ കൂട്ടുകാരികള്‍ക്കൊക്കെ വല്യ വീടാണ്‌‍.

ഞാന്‍ :- വല്യ വീട്‌ വൃത്തിയാക്കാനും പാട്‌. വല്യ വീട്ടിലുള്ളവര്‍ തമ്മില്‍ കാണണമെങ്കില്‍ സമയം എടുക്കും. വീടല്ല, ഉള്ളടക്കമാണ്‌‍ നന്നാവേണ്ടത്‌. സ്നേഹവും സമാധാനവും കൂടുതല്‍ ഉണ്ടാവട്ടെ.

നിങ്ങള്‍:- എന്റെ മകള്‍ എന്നും രണ്ടാം സ്ഥാനത്താണ്‌‍.

ഞാന്‍ :- ഒന്നാം സ്ഥാനത്ത്‌ എത്തുന്നത്‌ സ്വപ്നം കാണാം. അതിനുവേണ്ടി പ്രയത്നിക്കാം. സ്ഥാനത്തിലല്ല, അറിവിലാണ് കാര്യമെന്നോര്‍ക്കുക.

നിങ്ങള്‍:- ഐശ്വര്യാറായ്‌ ഏപ്രിലില്‍ കല്യാണം കഴിക്കും.

ഞാന്‍ (ദുഃഖത്തോടെ) :- ഷാരൂഖ്‌ ഖാന്‍ എപ്പോഴേ കല്യാണം കഴിച്ചു.

ഹി ഹി ഹി.

Friday, March 23, 2007

എന്റെ കൂട്ടുകാര്‍

ജോണിനു ബൈക്ക്‌ ഓടിക്കാന്‍ നല്ല പോലെ അറിയാം. ശനിയാഴ്ച ഉച്ചകളില്‍, പൊള്ളുന്ന ചൂടില്‍, ‘ഇക്കുട്ട്യോള്‍ക്ക്‌ വെയിലത്ത്‌ പൊരിയാന്‍ വട്ടുണ്ടോ?’ എന്ന് എല്ലാവരും കളിയാക്കുന്ന സമയത്ത്‌, ഞങ്ങളുടെ ജോലി കൂട്ടംകൂടി കളിച്ചു നടക്കലാണ്‌‍. ജോണിന്റെ പിന്നിലിരുന്ന് ബൈക്കില്‍ കറങ്ങുകയാണ്‌‍ ആദ്യപടി. അവന്റെ ഡാഡി, ഉച്ചയുറക്കം കഴിയുമ്പോഴേക്കും ബൈക്ക്‌ തിരിച്ച് ഏല്‍പ്പിക്കണം. മാന്തോപ്പില്‍ക്കൂടെ എല്ലാവര്‍ക്കും അഞ്ച്‌ റൌണ്ടാണ്‌‍ ജോണ്‍ സമ്മതിച്ചിട്ടുള്ളത്‌. എനിക്ക്‌ മാത്രം ഏഴും. അഞ്ച്‌ കഴിഞ്ഞ്‌ ഇറങ്ങാന്‍ നോക്കുമ്പോള്‍ ജോണ്‍ പറയും, ചിത്ര ഇറങ്ങണ്ട, ഞാന്‍ പറയുംന്ന്.

സീനത്ത്‌, പുളിയോ, മാങ്ങയോ, ചാമ്പക്കയോ, കൊണ്ടുവരും. ചിലപ്പോള്‍ വെറും തേങ്ങാക്കൊത്തും വെല്ലവുമായിരിക്കും. അതിലും, അവള്‍ കൂടുതല്‍ പങ്ക്‌ എനിക്ക്‌ തരും. അവളുടെ മുടി കോതിക്കെട്ടി, തട്ടം, തലയിലിട്ട്‌, രണ്ട്‌ ഹെയര്‍പ്പിന്നും കുത്തിവെച്ച്‌, മൊഞ്ചത്തി ആയിട്ടുണ്ടേന്ന് പറയുമ്പോ, കൊന്ത്രമ്പല്ല് കാട്ടി സീനത്ത്‌ ചിരിക്കും. അവളുടെ തലയിലെ ഒരുപാട്‌ എണ്ണ എന്റെ കൈയില്‍ തിളങ്ങുന്നുണ്ടാവും അപ്പോഴേക്കും.

സീത എന്നും എന്റെ ഭാഗത്തായിരിക്കും. അവളുടെ ഒരുകാലു ശോഷിച്ചുപോയിട്ടുണ്ട്‌. അതുകൊണ്ട്‌ അവളെ താങ്ങിപ്പിടിച്ച്‌ ഓടാന്‍ എനിക്ക്‌ മാത്രേ കഴിയൂ എന്ന് അവളും മറ്റുള്ളവരും ചിന്തിക്കാറുണ്ട്‌. അവളുടെ അച്ഛന്റെ കടയില്‍ നിന്ന്, തിന്നിട്ട്‌, പല്ലുകൂട്ടി, ശ്‌..ശ്‌.. എന്നു വലിക്കുമ്പോള്‍, തണുപ്പ് വരുന്ന, വെളുത്ത സൂരുമിട്ടായിയും കൊണ്ടാണ്‌‍ എന്നും വരുക. പിന്നെ, കടലാസ്സ്‌ കളഞ്ഞ്‌ കുറച്ച്‌ നേരം വെച്ചാല്‍ കൈയില്‍ പറ്റിപ്പിടിക്കുന്ന കറുത്ത മിട്ടായിയും. അതും എനിക്ക്‌ കുറച്ച്‌, എണ്ണക്കൂടുതലായിട്ട്‌ തരും.

മോഹന വരുന്നത്‌, അരിമുറുക്കും, പപ്പടവും ആയിട്ടായിരിക്കും. അവളുടെ കൈ സാമ്പാര്‍ മണക്കുന്നുണ്ടാവും മിക്കപ്പോഴും. മുറുക്ക്‌ റൌണ്ട്‌ പൊട്ടിക്കാതെ കടിച്ച്‌ കടിച്ച്‌ തിന്നുകയാണ്‌‍ എല്ലാവരുടേം ഹോബി. ഞാന്‍ ആദ്യം തിന്ന് തീരുന്നതുകൊണ്ട്‌, ബാക്കിയുള്ള മുറുക്ക്‌ ചിത്രയെടുത്തോന്നും പറഞ്ഞ്‌ എണ്ണയുള്ള, പത്രക്കടലാസ്സ്‌ പൊതി എനിക്ക്‌ നീട്ടും. അതിലുള്ള തരി വരെ ഞാന്‍ കളയാതെ തിന്നും.

ബൈക്ക്‌ സവാരി കഴിയുമ്പോഴേക്കും, നല്ല മാങ്ങ നോക്കി ഇട്ടുതരുന്നത്‌ സുരേഷ്‌ ആണ്‌‍. അവന്‍ ഓരോ മരത്തിലും പതുക്കെക്കയറി മാങ്ങയിട്ടു തരും. എന്നിട്ട്‌ എല്ലാവരും കൂടെ ഇരിക്കുമ്പോള്‍, ഉപ്പുപൊതിയും തുറന്ന് വെച്ച്‌, ഒരു വല്യ കല്ലില്‍ മാങ്ങ അടിച്ച്‌ പൊട്ടിച്ച്‌, ഓരോരുത്തര്‍ക്കും തരും. പുളിമാങ്ങയാവുമ്പോള്‍, ഓരോരുത്തരും കണ്ണും വായയും വക്രിച്ച്‌ കാണിക്കും. "ആ മാവില്‍ കേറണ്ടാന്ന് പറഞ്ഞതല്ലേ സുരേഷേ"ന്നും ചോദിക്കും. അവന്‍ വല്യ മുതലാളി ഭാവം കാണിക്കും അപ്പോ.

കാര്‍ത്തിക, പാമ്പും ഏണിയും കളിക്കുന്ന കടലാസ്സും കൊണ്ട്‌ വരും. എല്ലാവരും, മാങ്ങ തീറ്റിയും കഴിഞ്ഞാല്‍ ഉഷാറോടെ ഇരിക്കും, മാവിന്‍ ചുവട്ടില്‍. കാര്‍ത്തിക, ഉത്സവത്തിനു പോകുമ്പോള്‍, പെറുക്കിയെടുക്കുന്ന വളപ്പൊട്ടൊക്കെ കുപ്പിയില്‍ ഇട്ട്‌ കൊണ്ടുവരും. അതാണു എല്ലാവരും പാമ്പും ഏണിയിലും കളിക്കാന്‍ വെക്കുന്നത്‌. ഓരോരുത്തര്‍ക്കും ഓരോ കളര്‍.

കണ്ണന്‍, മുങ്ങിക്കിടക്കാന്‍ വിദഗ്ദ്ധന്‍ ആണ്‌‍. കളിയൊക്കെ കഴിഞ്ഞ്‌ തോട്ടിലെ വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ എണ്ണേണ്ടത്‌ ഞാനാണ്‌‍. തിരക്കിട്ട്‌ ശ്വാസം പോലും വിടാതെ എണ്ണുന്നത്‌ കണ്ടുംകൊണ്ട്‌ മറ്റുള്ളവര്‍ ഇരിക്കും. വേഗം എണ്ണുന്നത്‌, ഞാന്‍ ആയതുകൊണ്ടാണ്‌‍ കണ്ണന്‍ എന്നെ ഏല്‍പ്പിക്കുന്നത്‌. കണ്ണന്‍, അമ്പലത്തിലെ പായസം, ഇലയില്‍ പൊതിഞ്ഞ്‌ കൊണ്ടുവരും. എല്ലാവരും പ്ലാവിലയില്‍ വീതിച്ച്‌ കഴിക്കും.

ഞാന്‍ പക്ഷെ ഒന്നും കൊണ്ടുവരാറില്ല. ആരും ഒരിക്കലും ചോദിക്കാറുമില്ല.

ജോണിന്റെ ബൈക്ക്‌, തോട്ടിനരികില്‍ വെച്ചാല്‍ കഴുകിക്കൊടുക്കുന്നതും, കണ്ണന്, അമ്പലത്തിലേക്ക്‌ ഇലയൊക്കെ പറിച്ചുകൊടുക്കുന്നതും, സീനത്ത്‌, മറ്റുള്ളവര്‍ക്ക്‌ മെയിലാഞ്ചിയിട്ടുകൊടുക്കുമ്പോള്‍, കൈ വിറയ്ക്കാതെ പിടിച്ചുകൊടുക്കുന്നതും, മോഹനയ്ക്ക്‌, അരിപ്പപ്പടം ഉണ്ടാക്കി മുറ്റത്തിടുമ്പോള്‍ കാക്ക വരാതിരിക്കാന്‍ നോക്കിയിരിക്കുന്നതും, സീതയെ, താങ്ങി ഇടവഴി മുഴുവന്‍ നടന്ന് വീട്ടിലെത്തിക്കുന്നതും, സുരേഷ്‌ മാങ്ങ പറിക്കാന്‍ കയറുമ്പോള്‍ ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കാന്‍ നില്‍ക്കുന്നതും, കാര്‍ത്തികയ്ക്ക്‌, എവിടുന്നെങ്കിലും വളപ്പൊട്ട്‌ കിട്ടിയാല്‍ കൊടുക്കുന്നതും ഞാനല്ലേ? അതുപോരേ? എന്നെക്കൊണ്ട്‌ അത്രയൊക്കെയേ പറ്റൂ ചെയ്യാന്‍. അതിനവര്‍ക്ക്‌ ഒരു വിരോധവും ഇല്ലല്ലോ എന്നെ കൂട്ടത്തില്‍ക്കൂട്ടാന്‍.

അല്ലെങ്കിലും, നേരം വൈകിയെത്തുന്നതിനു, വഴക്കൊക്കെ കഴിഞ്ഞ്‌, ഉള്ള കഞ്ഞിവെള്ളവും കുടിച്ച്, കിടക്കാന്‍ നോക്കുമ്പോള്‍, അമ്മയും പറയാറുണ്ട്‌, സ്നേഹം, കഞ്ഞിയില്‍ ഇട്ടാല്‍ ‌ മുകളില്‍ കാണുന്ന, നെയ്യ്‌ പോലെയോ, തേങ്ങ പോലെയോ ഒക്കെ തെളിഞ്ഞ്‌ കാണണമെന്ന്. അല്ലാതെ, കഞ്ഞിക്ക്‌ അടിയിലെ, വെള്ളം മുഴുവന്‍ കുടിച്ച്‌ തീര്‍ന്നാല്‍, കാണുമോ ഇല്ലയോന്നറിയാത്ത വറ്റുപോലെ ആവരുതെന്ന്.

Tuesday, March 20, 2007

നിശ്ശബ്ദത

നിശ്ശബ്ദത ഒന്നിന്റേയും തുടക്കമല്ല.

ഒടുക്കവുമല്ല.

കാലത്തിന്റെ ഭാഗം മാത്രം.

ഇന്നലെ ഉണ്ടായിരുന്നു.

ഇന്ന് ഉണ്ട്.

നാളെയും ഉണ്ടായേക്കാം.

നിശ്ശബ്ദതയ്ക്ക് അര്‍ത്ഥം നല്‍കുന്നത് കേള്‍ക്കപ്പെടാതെ പോവുന്ന ശബ്ദങ്ങള്‍ ആവാം.

കേള്‍ക്കില്ലെന്ന് നടിക്കുന്നത് നിശ്ശബ്ദതയെ പഴിചാരാനാവാം.

നിലനില്‍ക്കില്ലെന്ന് അറിയുന്ന ശബ്ദങ്ങള്‍ സ്വയം പിന്മാറുന്നതാവാം നിശ്ശബ്ദത.

ശബ്ദങ്ങള്‍ ഒളിച്ചുകളി നടത്തുന്നതാവാം.

നിസ്സഹായതയുടെ കൈപിടിച്ച് നടക്കുന്നതും നിശ്ശബ്ദത ആവാം.

നിശ്ശബ്ദത ഒന്നിന്റേയും തുടക്കമല്ല.

എന്നാലും അതില്‍ നിന്ന് എന്തെങ്കിലും തുടങ്ങാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

നിശ്ശബ്ദത ഒടുക്കവുമല്ല.

പക്ഷെ ചിലതൊക്കെ എരിഞ്ഞൊടുങ്ങാനുള്ള അവസ്ഥയ്ക്ക് അത് കാരണമായേക്കാം.

കേള്‍ക്കേണ്ട ശബ്ദവും കേള്‍പ്പിക്കേണ്ട ശബ്ദങ്ങളും ഒന്നിനുമാവാതെ എവിടെനിന്നോ കേഴുന്നെന്ന് തോന്നുമ്പോള്‍, നിശ്ശബ്ദത സ്വയം നിന്ദയില്‍ മുഴുകുന്നു.

Wednesday, March 14, 2007

അമ്മയുടെ സൂത്രം

കുന്തി ഫോണ്‍ എടുത്തു.

“ഹലോ എന്താ അമ്മേ?” നകുലന്‍.

“ഹലോ, ഇവിടെ മോട്ടോര്‍ കേടായി, വെള്ളമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല.”

“അയ്യോ, എനിക്കിപ്പോ അതൊന്നും നോക്കാന്‍ വരാന്‍ പറ്റില്ല. ഇവിടെ ഭയങ്കര തിരക്കാ.”

......

“എന്താ അമ്മേ? വേഗം പറയൂ.” സഹദേവന്‍.

“മോട്ടോര്‍ കേടായി. ഒന്ന് വന്ന് നോക്കിയാല്‍...”

“ഒട്ടും പറ്റില്ല. ജ്യേഷ്ഠന്മാരെ ആരെയെങ്കിലും വിളിക്കൂ.”

.......

“എന്താ അമ്മേ?” അര്‍ജ്ജുനന്‍.

“മോട്ടോര്‍ കേടായി.”

“എനിക്കിപ്പോള്‍ വരാന്‍ പറ്റില്ല.”

.....


“എന്താ അമ്മേ കാര്യം?” ഭീമന്‍.

“ഇവിടെ മോട്ടോര്‍ കേടായി. ഒന്ന് വന്ന് ശരിയാക്കിയിരുന്നെങ്കില്‍, കിണറ്റില്‍ നിന്ന് കോരി ക്ഷീണിക്കേണ്ടായിരുന്നു.”

“പെട്ടെന്ന് വരാന്‍ പറ്റില്ലമ്മേ. തല്‍ക്കാലം എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യൂ.”

......

“എന്താ അമ്മേ?” മൂത്ത പുത്രന്‍.

“എല്ലാവരോടും പറഞ്ഞു. മോട്ടോര്‍ കേടായി. ഒന്നു വന്ന് നോക്കി ശരിയാക്കിയിരുന്നെങ്കില്‍...”

“അമ്മയ്ക്കറിയില്ലേ എനിക്ക് നൂറുകൂട്ടം കാര്യങ്ങള്‍ ഉണ്ട് ചെയ്യാന്‍. അവരെ ആരെയെങ്കിലും ഒന്നുംകൂടെ വിളിച്ചുനോക്കൂ.”

....


കൃത്യം പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ തിരക്കുള്ള മക്കള്‍ എല്ലാവരും വീട്ടിനു മുന്നില്‍ ഹാജര്‍! ഇവിടെ ടി. വിയും കേടായി എന്ന് എസ് എം എസ് അയക്കുമ്പോള്‍ അമ്മയ്ക്ക് അറിയാമായിരുന്നു, ദ്രൌപദിയുടെ ഡയറി, തന്നെപ്പോലെ ഇവരും കട്ടു വായിച്ചിട്ടുണ്ടാവും എന്ന്. അതില്‍ ഉണ്ടായിരുന്നല്ലോ” ക്രിക്കറ്റ് എനിക്ക് ജീവനാണ്” എന്ന് ദ്രൌപദി എഴുതിവെച്ച കാര്യം. വേള്‍ഡ്കപ്പ് തുടങ്ങുമ്പോള്‍ ടി. വി കേടായാല്‍പ്പിന്നെ ദ്രൌപദിക്ക് സഹിക്കുമോ? ദ്രൌപദി വിഷമിച്ചാല്‍ തന്റെ മക്കള്‍ക്ക് സഹിക്കുമോ?


(ആത്മഗതം:- ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരെ കണ്ടപ്പോള്‍ വിചാരിച്ചത്, തിന്മ കാണരുത്, കേള്‍ക്കരുത്. പറയരുത് എന്നാണെന്ന്. ഇപ്പോ മനസ്സിലായി. കുരങ്ങന്മാര്‍ പറയുന്നത് കാണരുത്, കേള്‍ക്കരുത്, അവരോട് ഒന്നും പറയാന്‍ പോകരുത് എന്നാണെന്ന്. ;))

Monday, March 12, 2007

ദേ പിന്നേം വന്നു!

കാലന്‍, കോമയില്‍ നിന്നുണര്‍ന്ന് ഫ്രഷ്‌ ലൈം ജ്യൂസ്‌ കുടിച്ച്‌, ഫ്രഷായി വന്നു. പോത്തിനും കയറിനും അല്‍പം പരിചയക്കേടും മടിയും വന്നെങ്കിലും ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌ ഡേയ്സ്‌ എന്ന് പറഞ്ഞോര്‍മ്മിപ്പിച്ച്‌ ഓര്‍മ്മകളെയൊക്കെ പൊടിതട്ടിയെടുപ്പിച്ചു.

“ഹ... ഹ... ഹ...”

"എന്താ?"

"ഞാന്‍ കോമയില്‍നിന്നുണര്‍ന്നു. ഇനി ചിലരെയൊക്കെ ഫുള്‍‌സ്റ്റോപ്പിടും."

"ഹി... ഹി... ഹി..."

"എന്ത്‌ കിക്കിക്കീ?" കാലനു ദേഷ്യം വന്നു.

"കോമയില്‍നിന്ന് ഉണര്‍ത്തിയപ്പോള്‍, പ്രതിഫലമായിട്ട്‌ ഒരു വാഗ്ദാനം ഉണ്ടായിരുന്നു. എന്താവശ്യപ്പെട്ടാലും തരുമെന്ന്."

"ശരി ചോദിക്കൂ, ഡയമണ്ടിന്റെ നെക്ലേസ്‌ വേണോ? രാജസ്ഥാനി സ്റ്റൈല്‍ വളകള്‍ വേണോ? മുത്തുകള്‍ പിടിപ്പിച്ച സാരികള്‍ വേണോ? എന്തും തരാന്‍ നാം ഒരുക്കമാണ്."

"ഇതൊന്നും വേണ്ടേ...ഇതിനൊന്നും ഇവിടെ ഒരു ആഗ്രഹവും ഇല്ല."

"ങേ... പിന്നെ എന്താണ് വേണ്ടത്‌? വേഗം ചോദിക്കൂ. സമയം കുറവാണ്. "

"ലോകത്തില്‍ അസൂയ എന്നൊരു കാര്യവും, അതുള്ളതിനാല്‍ ഉണ്ടാകുന്ന തിന്മകളും ഇല്ലാതാകുമ്പോഴേ ഈ വഴിക്ക്‌ വരാവൂ."

"ഹോ..."കാലന്‍ തല ചൊറിഞ്ഞു. നിലത്ത്‌ രണ്ട്‌ ചവിട്ട്‌ കൊടുത്തു. പോത്ത്‌ സ്റ്റാര്‍ട്ട്‌ ആയി. കാലന്‍, കയറും എടുത്ത്‌ ലെറ്റ്‌ അസ്‌ ഗോ പറഞ്ഞു.

Saturday, March 03, 2007

My protest against plagiarisation of Yahoo India! യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം(ലോഗോ- കടപ്പാട് - ഹരീ )Yahoo! India plagiarised contents from several blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility
nor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology!

When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible.


I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.
(ലോഗോ കടപ്പാട് ശനിയന്‍ ‍)
യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ‍ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.

മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്,
അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.

യാഹൂ എന്ന വന്‍‌കിട കുത്തക സാമ്രാജ്യത്തിന്റെ
ചോരണമാരണത്തിന്
എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.

യാഹൂ മാപ്പ് പറയുക.

(ഈ പോസ്റ്റ് അതേപടി പകര്‍ത്തി, നിങ്ങളുടെ ബ്ലോഗിലും ഇടാവുന്നതാണ്. രണ്ടുഭാഷയിലും വേണമെന്നാണ് ആഗ്രഹം. വേറെ എഴുതുന്നവര്‍ക്ക് എഴുതാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക )