Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, September 20, 2013

ഇത്രേം പോരേ

നിനക്കൊപ്പം മഴയിൽ കളിക്കാമെന്നോർത്തു ഞാൻ
കടലാസുതോണിയൊരുക്കിവെച്ചു.
നീ വന്നു മാമ്പൂക്കൾ തല്ലിയൊടിക്കുമ്പോൾ
കോപം വരാതെ നിൽക്കാനുറച്ചു.
നീ ചിരിക്കുമ്പോൾ കൂടെച്ചിരിക്കുവാൻ
നോവുകൾ ഞാനൊന്നൊതുക്കിവെച്ചു.
നീയെന്നുമെവിടെയും സുഖമായിരിക്കുവാൻ
പ്രാർത്ഥന ദൈവത്തിൻ മുന്നിൽ വെച്ചു.

Labels:

Wednesday, March 28, 2012

എന്റെ പാവം മനസ്സ്

സൂര്യന്റെ ചൂടേറ്റൊന്നു പിണങ്ങിക്കൂടേന്നും,
അമ്പിളിമാമന്റെ പുഞ്ചിരി കണ്ടൊന്നു ചിരിച്ചൂടേന്നും,
നക്ഷത്രങ്ങളും കണ്ടു നിന്നൂടേന്നും,
മഴവില്ലിനെ കാണാൻ പൊയ്ക്കൂടേന്നും,
മേഘങ്ങൾക്കൊപ്പം പറന്നുനടന്നൂടേന്നും,
തിരയ്ക്കൊപ്പം നീന്തിയാൽ നല്ലതല്ലേന്നും,
കാറ്റിനൊപ്പം അലഞ്ഞുതിരിഞ്ഞൂടേന്നും,
മഴവെള്ളത്തിനൊപ്പം ഒഴുകിനടന്നൂടേന്നും,
നിലാവുള്ളപ്പോൾ അതുംകണ്ടു നിന്നൂടേന്നും,
മരച്ചില്ലയ്ക്കൊപ്പം ചാഞ്ചാടിക്കൂടേന്നും,
പക്ഷികളുടെ സംഗീതം കേട്ടൂടേന്നും,
പറഞ്ഞും കൊതിപ്പിച്ചും അയച്ചാലും,
പിന്നേം, നിന്നേം കൂട്ടി വന്ന് എന്റടുത്തിരിക്കും.
എന്റെ മനസ്സ്.
ഞാനെന്തു ചെയ്യാനാ!

Labels:

Monday, February 06, 2012

ഹായ്

പുള്ളിക്കുയിലിനു പാടി നടക്കാൻ
ദൈവം നല്ല സ്വരം നൽകി.
പീലിവിടർത്തി നിറഞ്ഞാടാൻ
ദൈവം മയിലിനു വരമേകി.
പുലരുന്നേരം കൂവിയുണർത്താൻ
ദൈവം കോഴിക്കു പണി നൽകി.
തോന്നിയതൊക്കെ എഴുതിനിറയ്ക്കാൻ
ദൈവമെനിക്കു ബ്ലോഗേകി.

Labels:

Saturday, February 04, 2012

ഹാ

യന്ത്രം
അടിച്ചുവാരും
നിലം തുടയ്ക്കും
തുണിയലക്കും
ചോറും കറീം വെക്കും
പാത്രം കഴുകും
പലവിധ ജോലികൾ
വേണ്ടപോലെ ചെയ്യും
എന്നിട്ടും,
നിലയ്ക്കുമ്പോൾ
എക്സ്ചേഞ്ച് ചെയ്യാതെ
കരിച്ചുകളയും!
അല്ലെങ്കിൽ
കുഴിച്ചുമൂടും!

Labels:

Tuesday, January 17, 2012

എന്താണ്

സൂര്യൻ ഇറങ്ങിച്ചെല്ലുന്നത്,
കടൽ ആഘോഷമാക്കുകയാണ്.
മഴ പൊഴിയുന്നത്,
ഭൂമി ആഘോഷമാക്കുകയാണ്.
കാറ്റു വന്നടുക്കുന്നത്,
ഇലകൾ ആഘോഷമാക്കുകയാണ്.
തുടുത്തും, കുളിർത്തും, ആടിത്തിമിർത്തും.
ഒരു ഹൃദയം മാത്രം,
മരം കുടഞ്ഞെറിഞ്ഞുകളഞ്ഞ വള്ളിപോലെ
ഉണങ്ങിക്കിടക്കുന്നതെന്താണ്!

Labels:

Monday, November 21, 2011

ഇനിയെത്ര

കടലിന്നു കരയൊന്നു തൊട്ടറിയാൻ
തിരകളിനിയെത്ര ആർത്തിരമ്പും?
ഭൂമി തൻ ഉള്ളൊന്നു കണ്ടറിയാൻ
മഴകളിനിയെത്ര പെയ്തു തോരും?
വൃക്ഷത്തിൻ ചിരിയൊന്നു കേട്ടറിയാൻ
ഇനിയെത്ര കാറ്റു പറന്നുവരും?
രാവിന്റെ പുഞ്ചിരിയായി മാറാൻ
ഇനിയെത്ര നിലാവങ്ങുണർന്നു നിൽക്കും?
ഇനിയെത്ര കാലമെനിക്കു വേണം
നിൻ ഹൃത്തിലെ പ്രണയത്തിൻ നേരറിയാൻ!

Labels:

Tuesday, December 14, 2010

ആയിപ്പോവുന്നതാണ്

ഏതു മരത്തിൽനിന്നാണ്
ഒരു ഇലയെങ്കിലും കലഹിച്ചിറങ്ങിപ്പോകാത്തത്?
ഏത് കടലിൽ നിന്നാണ്
ഒരു മുത്തെങ്കിലും തന്നിഷ്ടത്തിന് കരയ്ക്കുകയറിപ്പോകാത്തത്?
ഏതു വെള്ളച്ചാട്ടത്തിൽനിന്നാണ്
ഒരു തുള്ളിയെങ്കിലും തെന്നിത്തെറിച്ചു വഴിതെറ്റി പോകാത്തത്?
ഏതു മലയുടെ ഉച്ചിയിൽ നിന്നാണ്
ഒരു കല്ലെങ്കിലും താഴ്വാരം തേടിയിറങ്ങിപ്പോകാത്തത്?
വ്യത്യസ്തമാകാൻ ആഗ്രഹിച്ചല്ലെങ്കിലും,
അങ്ങനെയൊക്കെ ആയിപ്പോവുന്നതാണ്.
ഇറങ്ങിപ്പോയ വാക്കുകളിൽ ചിലതിലെങ്കിലും
കയ്പ്പ് കണ്ടെത്തുന്നത് അങ്ങനെയാണ്.

Labels:

Saturday, April 18, 2009

തിരശ്ശീല

കാഴ്ചയ്ക്കും കണ്ണിനുമിടയിൽനിന്ന്
ഒരു കള്ളി ചിരിക്കുന്നു
തൊങ്ങലും പിടിപ്പിച്ച്
ആടിയാടിച്ചിരിക്കുന്നു.
ഒരു ഹൃദയത്തിനു മുന്നിൽ
അവഗണനയുടെ കട്ടിയുള്ള തിരശ്ശീലയുണ്ട്.
ഒതുക്കാൻ കഴിയുന്നില്ല,
ഒന്നെത്തിനോക്കാനാവുന്നില്ല.
ഹൃദയത്തിന്റെ നിറങ്ങളിലേക്ക്
മിഴിതിരിക്കാതെ, മുഖം തരാതെ
മറഞ്ഞിരിക്കുന്നയാളെക്കുറിച്ച്
എനിക്ക് പറയാൻ
കഴിയാത്തതിന്റെ സങ്കടം!
എനിക്കും നിനക്കുമിടയിൽ
നക്ഷത്രങ്ങൾ തുന്നിപ്പിടിപ്പിച്ച്
ആകാശമെന്നൊരു തിരശ്ശീലയിട്ടത്
എന്തിനാണ് ദൈവമേ!


കുറിപ്പ്:- ഉച്ചയുറക്കത്തിനിടയിൽ കറന്റ് പോയി. വേനൽക്കാലവും ചൂടും സഹിച്ചൂടാ. എണീറ്റിരുന്ന് നോക്കിയപ്പോൾ കർട്ടൻ കണ്ടു. ഒരു വശത്തെ കാഴ്ചകൾ മറയ്ക്കുന്നു. അപ്പോ ആലോചിച്ചപ്പോൾ ഇതൊക്കെത്തോന്നി. സങ്കടം വരുമ്പോഴാണ്, ദൈവം ആകാശത്തിനുമപ്പുറത്തെവിടെയോ, നമുക്ക് കാണാൻ കഴിയാത്തിടത്താണെന്ന് തോന്നുന്നത്. എല്ലാം കൂടെ തോന്നിത്തോന്നി ഇങ്ങനെയൊക്കെയായി. എനിക്കു വേറെ ജോലിയില്ലെങ്കിൽ ഇതൊക്കെസ്സംഭവിക്കുമെന്ന് മനസ്സിലായില്ലേ?

Labels:

Tuesday, March 10, 2009

കട്ടൻ‌കാപ്പി

കണ്ണിൽനിന്നെടുക്കുന്ന വെള്ളം
അനുഭവത്തിന്റെ കുഞ്ഞുകുഞ്ഞു കറുപ്പുപൊടികൾ
സ്നേഹത്തിന്റെ ശർക്കരയിട്ട്
കാലത്തിന്റെ അടുപ്പിനു മുകളിൽ
എത്രയൊക്കെ തിളച്ചുയോജിപ്പിച്ചാലും
നീരസത്തിന്റെ അല്പം ചണ്ടിയുണ്ടാവും ബാക്കി
ഓർമ്മയുടെ അരിപ്പയിൽ നിന്ന്
മറവിയുടെ ഗ്ലാസ്സിലേക്ക്
വീഴാതെ നിൽക്കുന്നത്.

Labels:

Wednesday, February 18, 2009

നിദ്ര കള്ളിയാ‍യി

നിദ്ര ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്
കൂടെ വരൂ
ഒന്നുമോർക്കാതെ
അല്ലലറിയാതെ
സമയത്തെ തോല്‍പ്പിച്ചോടിക്കാമെന്ന്.
വർണ്ണമുള്ളതും, വർണ്ണമില്ലാത്തതും
നിദ്രയറിയാതെ കൈനിറച്ച് തന്ന്
എവിടെയൊക്കെയോ അലയാൻ വിട്ട്
ഒടുവിലൊക്കെ തിരിച്ചെടുത്ത് വേദനിപ്പിച്ച്
സ്വപ്നമാണ് നിദ്രയെ കള്ളിയാക്കിയത്,
നിദ്രയോട് എന്റെ കൂട്ടുവെട്ടിച്ചത്.

Labels:

Wednesday, February 11, 2009

എന്തിനാണ്

മനസ്സ്
മോഹത്തിന്റെ പക്ഷികളെ
പറത്തിവിടുന്നുണ്ട്.
ഒന്നിനെപ്പോലും സ്വന്തമാക്കാൻ
തോന്നുന്നില്ല.

കണ്ണുകൾ
കടലുനിറച്ചു കിടപ്പുണ്ട്.
ഒന്നിൽനിന്നും
മുത്തുകൾ വാരിയെടുക്കാൻ
തോന്നുന്നില്ല.

ഹൃദയം
ഒന്നുമെഴുതാത്ത
പുസ്തകം പോലെ കിടപ്പുണ്ട്.
ഒരു വാക്കുപോലും എഴുതിയിടാൻ
തോന്നുന്നില്ല.

നിന്നോട് കൂട്ടുകൂടുന്നത്
എനിക്കിഷ്ടമല്ലെന്ന്
എത്രയാവർത്തിച്ചിട്ടും,
എന്തിനാണ് മൗനമേ
നീയിങ്ങനെ പാത്തും പതുങ്ങിയും
എന്നെക്കാണാൻ വരുന്നത്!

Labels: ,

Tuesday, February 03, 2009

വക്കുപൊട്ടിയ വാക്കുകൾ

എന്റെ തന്നെ ചില വാക്കുകളാണ് എന്റെ ശത്രുക്കളെന്ന്
എന്റെ (അടുത്ത?) സുഹൃത്ത്.
മിണ്ടാതിരുന്നേക്കാംന്ന് വിചാരിച്ചപ്പോ
വാക്കുകൾ വന്ന് പറഞ്ഞു,
പിന്നീട് സുഹൃത്തുക്കളായാലും
ശത്രുക്കളായാലും,
മനസ്സിൽ നിന്ന് വീഴുന്ന
തുടച്ചുമിനുക്കാത്ത വാക്കുകൾക്കും
അതിന്റേതായ ഭംഗിയുണ്ടെന്ന്.
വേദനിപ്പിച്ച് തേച്ചുമിനുക്കി
മറ്റൊന്നെന്ന് തോന്നുംവിധം
പ്രദർശിപ്പിക്കുന്നില്ലല്ലോന്ന്.

Labels:

Sunday, May 04, 2008

ജീവിതവും മൈലാഞ്ചിയും ഹൃദയവും

ജീവിതം

സ്വന്തമായിക്കിട്ടിയ കവിത,
വായിക്കാം വായിക്കാമെന്നുവെച്ച്,
അക്ഷരത്തെറ്റില്‍ കണ്ണുടക്കി,
അവഗണിച്ചൊരു മൂലയ്ക്കിട്ട്,
തിരക്കൊഴിഞ്ഞൊടുവില്‍,
വായിക്കാനെടുത്തപ്പോള്‍,
മാഞ്ഞുപോവാന്‍ തുടങ്ങുന്നു,
തലക്കെട്ടൊന്ന് വായിച്ചു,
ജീവിതം!

മൈലാഞ്ചി

പച്ചിലകള്‍ പറിച്ചരച്ച്,
എന്നെ കുത്തിവേദനിപ്പിച്ച് ചോപ്പിക്കാതെ,
സ്വന്തം ദേഹത്തൊന്ന് പോറിവരച്ചാല്‍,
‍ചോപ്പ് നിറം വരില്ലേന്ന്
മൈലാഞ്ചി ചോദിച്ചു.

ഹൃദയം

നോവിട്ടുമൂടാന്‍
‍ഹൃദയത്തിലൊരു കുഴിയെടുത്തു.
ഇട്ടുമൂടി ഇട്ടുമൂടി,
ഹൃദയം ഭാരംകൊണ്ടു നിറഞ്ഞു.
താളം തെറ്റുമെന്നായപ്പോള്‍,
‍ഹൃദയമെടുത്ത് പുറത്തുവെച്ചു.
നോവുനിറഞ്ഞ ഹൃദയത്തെ നോക്കാതെ,
ഹൃദയശൂന്യയായ ഞാന്‍ നടന്നുപോയി.
അലിവാര്‍ന്നൊരു ഹൃദയം,
നോവിന്‍ കൂമ്പാരത്തിനിടയില്‍,
‍ഉപേക്ഷിക്കപ്പെട്ടതില്‍,
‍നൊന്തു പിടഞ്ഞുകൊണ്ടിരുന്നു.

Labels:

Thursday, December 06, 2007

മനസ്സ്

മനസ്സാകെ അലങ്കോലപ്പെട്ടു കിടക്കുന്നു.
ആത്മവിശ്വാസത്തിന്റെ ചൂലിങ്ങെടുത്തു.
തൂവലൊക്കെ കൊഴിഞ്ഞുപോയിട്ടുണ്ട്.
എന്നാലും അടുക്കിക്കെട്ടി, തൂത്തുവാരി.
പ്രതീക്ഷയുടെ, പുകഞ്ഞ് കരിപിടിച്ച വിളക്കെടുത്ത്,
സ്വപ്നത്തിന്റെ എണ്ണയൊഴിച്ച് കത്തിച്ചുവെച്ചു.
പുഞ്ചിരിപ്പോളിഷിട്ട് വാതില്‍ തുറന്നുവെച്ചു.
സ്നേഹത്തിന്റെ കര്‍ട്ടനും ഇട്ടുവെച്ചു.
ആകാംക്ഷയുടെ ജനാലയിലൂടെ നോക്കുമ്പോള്‍,
ആതിഥ്യം കാംക്ഷിച്ച്, മുറ്റത്തുനില്‍ക്കുന്നു.
ഭാഗ്യത്തിനു, മനസ്സിലേക്ക് കയറുന്നതിനുമുമ്പ്,
തടയാന്‍ കഴിഞ്ഞു.
ആരോ ഇറക്കിവിട്ട കാപട്യമായിരുന്നു.
വാതിലടച്ചപ്പോള്‍, പ്രതീക്ഷവിളക്ക് ആടിയുലഞ്ഞ്,
മനസ്സൊന്ന് പൊള്ളി.
എന്നാലുമെന്താ, വിളിക്കാതെ വന്നതിനെ,
കയറ്റിപ്പാര്‍പ്പിക്കാതെ രക്ഷപ്പെട്ടില്ലേ?

Labels: