റഷ്യൻ നാടോടിക്കഥകൾറഷ്യൻ നാടോടിക്കഥകൾ എന്ന പുസ്തകത്തിൽ കുറേ കഥകളുണ്ട്. വായിച്ചാലും വായിച്ചാലും പിന്നേം വായിക്കണമെന്നു തോന്നുന്നവ. ആ കഥകളെക്കുറിച്ച് പുസ്തകത്തിന്റെ തുടക്കത്തിൽ ഇങ്ങനെ പറയുന്നു.
“ഉള്ളടക്കത്തിലും പ്രതിപാദനരീതിയിലും വൈവിധ്യമുള്ളവയാണ് നാടോടിക്കഥകൾ. മൃഗങ്ങളെക്കുറിച്ചുള്ള എണ്ണമറ്റ കഥകൾ റഷ്യൻ കുട്ടികൾക്കറിയാം. ജന്തുക്കളുടെ ജീവിതരീതിയും സവിശേഷതകളും മനസ്സിലാക്കിയ പ്രാചീനകാലത്തെ നായാട്ടുകാരാണ് ഈ മൃഗകഥകളുടെ രചയിതാക്കൾ. ചില മൃഗങ്ങളുടെ ധൈര്യം പൌരാണികജനതകളുടെ ആദരവിന് പാത്രമായി. ദുഷ്ടബുദ്ധികളായ മൃഗങ്ങൾ അവരുടെ വെറുപ്പിനും നിന്ദയ്ക്കും കാരണമായി. കുതന്ത്രക്കാരും മഠയന്മാരും ദുരാഗ്രഹികളുമായ മനുഷ്യരേയും അവരുടെ ന്യൂനതകളേയും പ്രതീകാത്മകമായി ചൂണ്ടിക്കാട്ടുകയും പരിഹസിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ കഥകളുടെ പ്രാധാന്യം.”
അതിലെ കഥാപാത്രങ്ങളെക്കുറിച്ച് കുറച്ച് പറയുന്നു. പിന്നെ പറയുന്നു.
“കൂടാതെ പുസ്തകത്തിന്റെ അവസാനത്തിൽ ഏതാനും റഷ്യൻ ബിലീനകളുടെ കഥകളും ചേർത്തിട്ടുണ്ട്. ബിലീനകൾ പഴയകാലത്തെ വീരസാഹസിക ഗാനങ്ങളാണ്. അവയുടെ മന്ദമായി ഒഴുകുന്ന സ്വരമാധുര്യം ഇന്നും സോവിയറ്റ് യൂണിയന്റെ വടക്കൻ പ്രദേശങ്ങളിൽ കേൾക്കാം. നിസ്വാർത്ഥമായും ധീരമായും മാതൃഭൂമിക്കുവേണ്ടി പൊരുതിയിട്ടുള്ള ഇതിഹാസപുരുഷന്മാരായ റഷ്യൻ ‘ബൊഗത്തീർ’മാരെക്കുറിച്ചുള്ള കഥകളാണ് ബിലീനകളിൽ വർണ്ണിക്കുന്നത്.”
ഈ പുസ്തകത്തിൽ താഴെപ്പറയുന്ന കഥകളാണുള്ളത്:-
1) പൂവങ്കോഴിയും പയറും.
2) തൂവൽക്കുപ്പായക്കാരൻ.
3) കുറുക്കനും ചെന്നായും.
4) മരക്കാലൻ കരടി.
5) കൃഷിക്കാരനും കരടിയും.
6) ശൈത്യകാലവസതി.
7) ബുദ്ധിമാനായ കൃഷിക്കാരൻ.
8) ഏഴുവയസ്സുകാരി.
9) കോടാലിക്കഞ്ഞി.
10) മരണവും പട്ടാളക്കാരനും.
11) വായാടിയായ ഭാര്യ.
12) ദരിദ്രൻ പ്രഭുവിനോടൊപ്പം ഭക്ഷണം കഴിച്ചത് എങ്ങിനെ.
13) പഞ്ഞം.
14) മഞ്ഞപ്പൂപ്പൻ.
15) ബാലികയും വാത്തകളും.
16) കൊച്ചു ഹവ്‌റോഷെച്ക.
17) അലോനുഷ്കയും ഇവാനുഷ്കയും.
18) തവളരാജകുമാരി.
19) ബുദ്ധിമതിയായ വസിലീസ.
20) ഫീനിസ്റ്റ് എന്ന പ്രാപ്പിടിയൻ.
21) ചെമ്പൻ കുതിര.
22) ഇവാൻ രാജകുമാരനും ചെന്നായയും.
23) അന്ദ്രേയ് എന്ന വില്ലാളി.
24) സമർത്ഥനായ കൊച്ച് ഇവാൻ.
25) വാളമീൻ കൽപ്പിക്കുന്നു.
26) തോൽപ്പണിക്കാരൻ നികീത.
27) മുറൊമിലെ ഇലിയയുടെ ആദ്യപരാക്രമം.
28) മുറൊമിലെ ഇലിയയും കൊള്ളക്കാരൻ സൊലൊവേയും.
29) നികീതയുടെ പുത്രൻ ദൊബ്രീന്യയും സ്മേയ്ഗൊറീനിച്ചും.
30) അലോഷ പൊപ്പോവിച്ച്.
31) ഉഴവുകാരൻ മിക്കുല.
പൂവങ്കോഴിയും പയറും എന്ന കഥയിൽ പറയുന്നത് “ ഒരിടത്ത് ഒരു പൂവങ്കോഴിയും പിടക്കോഴിയും ഉണ്ടായിരുന്നു. ഒരുദിവസം തോട്ടത്തിൽ തിരഞ്ഞുകൊണ്ടിരുന്ന പൂവങ്കോഴിക്ക് ഒരു പയർ കിട്ടി.”
പൂവൻ ആ പയർ തിന്നുകയും തൊണ്ടയിൽ കുടുങ്ങുകയും ചെയ്യുന്നു. പിന്നെ പുഴയിൽ നിന്നു വെള്ളം കൊണ്ടുവന്ന് കുടിക്കാനുള്ള ശ്രമം നടത്തുന്നതാണ്. പലരേയും പലതിനേയും സമീപിക്കും.
ഒടുവിൽ കഥ ഇങ്ങനെ തീരുന്നു.
“വിറകുവെട്ടുകാരൻ പിടക്കോഴിക്ക് കുറേ വിറകു കൊടുത്തു. പിടക്കോഴി വിറക് അപ്പക്കാരനു കൊടുത്തു, അപ്പക്കാരൻ അപ്പം കൊടുത്തു, അപ്പം ചീപ്പുകാരനു കൊടുത്തു, ചീപ്പുകാരൻ ചീപ്പുകൊടുത്തു, ചീപ്പ് കർഷകപുത്രിക്കു കൊടുത്തു, കർഷകപുത്രി നൂലു കൊടുത്തു, നൂൽ നാരകവൃക്ഷത്തിനു കൊടുത്തു, നാരകവൃക്ഷം ഇല കൊടുത്തു, ഇല പുഴയ്ക്കു കൊടുത്തു, പുഴ വെള്ളം കൊടുത്തു. വെള്ളം പൂവൻ കുടിച്ചു. അതിന്റെ തൊണ്ടയിൽ തടഞ്ഞ പയർ ഇറങ്ങിപ്പോയി.”
“കൊക്കരക്കോ!“ പൂവൻ നീട്ടി കൂവി.
തൂവൽക്കുപ്പായക്കാരൻ എന്ന കഥയിൽ കാട്ടിലെ ഒരു കൊച്ചുവീട്ടിൽ കഴിയുന്ന പൂച്ചയേയും കരിംകുയിലിനേയും പൂവൻകോഴിയേയും കുറിച്ചുള്ള കഥയാണ്. പൂച്ചയും കരിംകുയിലും വിറകുവെട്ടാൻ പോകുമ്പോൾ പൂവൻകോഴിയെ സൂത്രത്തിൽ പലതവണ പിടിച്ചുകൊണ്ടുപോവുന്ന കുറുക്കന്റേയും കഥയാണ്. ഒടുവിൽ പൂച്ചയും കരിംകുയിലും പൂവൻകോഴിയെ ഓരോ പ്രാവശ്യവും രക്ഷിച്ചുവരുന്ന കഥയാണ്. പൂവങ്കോഴിയെ പറ്റിക്കാൻ കുറുക്കൻ എന്നും പാടുന്ന പാട്ട് ഇതാണ്.
“കുഞ്ഞിക്കോഴീ, പൂങ്കോഴീ,
തൂവൽക്കുപ്പായക്കാരാ,
ചെന്നിറമാർന്നൊരു നിന്നുടെ പൂവും,
മിനുമിനെ മിന്നും തലയും കാട്ടി,
ഇങ്ങോട്ടൊന്നു കുനിഞ്ഞീടാമോ
പയർമണിമുത്തുകൾ നൽകാം ഞാൻ.”
കുറുക്കനും ചെന്നായയും എന്ന കഥയിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയുമുണ്ട്. കുറുക്കനുമുണ്ട് ഒരു ചെന്നായയുമുണ്ട്. കുറുക്കൻ, അപ്പൂപ്പൻ പിടിച്ച മീനെല്ലാം സ്വന്തമാക്കും. ചെന്നായയെ മീൻ പിടിക്കാൻ പഠിപ്പിക്കാം എന്നുപറഞ്ഞ് അതിനു അടി മേടിച്ചുകൊടുക്കും. പിന്നെ ചെന്നായ് ചോദിക്കുമ്പോൾ സൂത്രം പറഞ്ഞ് ഒഴിവാകുകയും ചെയ്യും. തനിക്കു വയ്യെന്നുപറഞ്ഞ് ചെന്നായയുടെ പുറത്തുകയറി യാത്ര ചെയ്യും. എന്നിട്ട് ഒരു പാട്ടും പാടും. ചെന്നായ ചോദിക്കുമ്പോൾ അതിന്റെ വേദന മാറ്റാനുള്ള മരുന്നാണെന്ന് പറയും. ആ മൂളിപ്പാട്ട് ഇങ്ങനെയാണ്. “തല്ലുകൊണ്ടോൻ തല്ലുകൊള്ളാത്തോനെ ചുമക്കുന്നു, തല്ലുകൊണ്ടോൻ തല്ലുകൊള്ളാത്തോനെ ചുമക്കുന്നു.”
മരക്കാലൻ കരടി എന്ന കഥയിൽ ഒരു അമ്മൂമ്മയും അപ്പൂപ്പനും കരടിയുമാണുള്ളത്. തർക്കാരിക്കിഴങ്ങ് പിഴുതുനശിപ്പിക്കുന്ന കരടിയെ കൊല്ലുന്നതാണ് കഥ.
കൃഷിക്കാരനും കരടിയും എന്ന കഥയിൽ തർക്കാരിക്കിഴങ്ങ് നടുന്ന കൃഷിക്കാരനും, അതിന്റെ പങ്കു കൊടുക്കാമെന്നു പറഞ്ഞ് പറ്റിക്കുമ്പോൾ കൃഷിക്കാരന്റെ ശത്രുവാകുന്ന കരടിയുമാണുള്ളത്.
ശൈത്യകാലവസതി എന്ന കഥയിൽ ഒരു വൃദ്ധനും ഭാര്യയും ഒരു കാളയും മുട്ടനാടും, വാത്തയും പൂവങ്കോഴിയും പന്നിയുമാണുള്ളത്. ഓരോ പ്രാവശ്യവും വൃദ്ധനും ഭാര്യയും ഓരോന്നിനെ കൊല്ലാൻ തീരുമാനിക്കുകയും അതു മുമ്പേ അറിയുന്ന അവയൊക്കെ കാട്ടിലേക്ക് ഓടിപ്പോയി അവിടെ ഒന്നിച്ചു ജീവിക്കും. അപ്പോ ഒരു ചെന്നായയും കരടിയും അവരെ ആക്രമിക്കാൻ ചെല്ലുന്നതും അവരൊരുമിച്ച് ചെന്നായയേയും കരടിയേയും ഓടിക്കുന്നതുമാണ് കഥ.
ഇവാൻ രാജകുമാരനും ചെന്നായും എന്ന കഥയിൽ ബെരൻദേയ് എന്നു പേരുള്ള രാജാവിന്റേയും അദ്ദേഹത്തിന്റെ മൂന്നുപുത്രന്മാരുടേയും കഥയാണ്. ഇളയ പുത്രനാണ് ഇവാൻ. രാജാവിന്റെ തോട്ടത്തിൽ സ്വർണ്ണ ആപ്പിളുകൾ ഉണ്ടായിരുന്നു. ആരോ അതു മോഷ്ടിക്കാൻ വരുന്നു. ആ കള്ളൻ ആരാണെന്ന് ഇവാൻ കണ്ടുപിടിക്കുന്നു. ഒരു തീപ്പക്ഷിയാണത്. അതിനെ അന്വേഷിച്ച് പോകുമ്പോൾ ഇവാനു തന്റെ കുതിരയെ നഷ്ടപ്പെടുകയും ഒരു ചെന്നായയെ കൂട്ടിനു കിട്ടുകയും ചെയ്യും. തീപ്പക്ഷിയെ തെരഞ്ഞ് ഇവാൻ പോയി വിജയിയായി മടങ്ങുകയും ചെയ്യുന്നതാണ് കഥ.
വാളമീൻ കൽപ്പിക്കുന്നു എന്ന കഥ ഇങ്ങനെ തുടങ്ങുന്നു. “പണ്ടൊരിക്കൽ ഒരിടത്ത് ഒരു വൃദ്ധന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. രണ്ടുപേർ ബുദ്ധിമാന്മാരും മൂന്നാമനായ യെമേല്യ ഒരു മണ്ടനും ആയിരുന്നു.” യെമേല്യയുടെ സഹോദരഭാര്യമാർ യെമേല്യയോട് വെള്ളം കൊണ്ടുവരാൻ പറയുന്നതും യെമേല്യ പുഴയിൽ പോയി വെള്ളം തൊട്ടികളിൽ നിറയ്ക്കുകയും ചെയ്യുന്നു. അപ്പോ ഒരു വാളമീനിനെ കിട്ടും. ആ മീൻ യെമേല്യയോട് പറയും, വെറുതെവിട്ടാൽ എന്തെങ്കിലും ഉപകാരം ചെയ്യാമെന്ന്. അപ്പോ യെമേല്യ സമ്മതിക്കുന്നു. എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ “വാളമീൻ കൽപ്പിക്കുന്നു, ഞാൻ ഇച്ഛിക്കുന്നു” എന്നു പറഞ്ഞാൽ മതിയെന്ന് വാളമീൻ പറയുന്നു. അങ്ങനെ പല കാര്യങ്ങളും നടത്തിനടത്തി ഒടുവിൽ യെമേല്യ മരീയ രാജകുമാരിയെ കല്യാണം കഴിച്ചു. കഥ തീരുന്നത് ഇങ്ങനെയാണ്. “യെമേല്യ മരീയ രാജകുമാരിയെ കല്യാണം കഴിച്ചു. പിന്നീട് അവനാണ് ആ രാജ്യം ഭരിച്ചത്. അവർ സുഖമായി അനേകകാലം ജീവിച്ചിരുന്നു. എന്റെ കഥയുടെ അവസാനം അതാണ്. ഈ കഥ കേട്ടുകൊണ്ടിരിക്കുന്നയാൾ എന്റെ ആത്മാർത്ഥസുഹൃത്താണ്.”
അങ്ങനെയങ്ങനെ കുറേ രസകരമായ കഥകൾ. ചില കഥകൾ കുറച്ചു വലുതാണ്. ചിലത് ചെറുതും. ഈ പോസ്റ്റിൽ വളരെക്കുറച്ചേ വിസ്തരിച്ച് എഴുതിയിട്ടുള്ളൂ.
മൂന്നു തടിയന്മാർ
മൂന്നു തടിയന്മാർ എന്ന കഥയിൽ തിന്നും കുടിച്ചും ജീവിക്കുന്ന മൂന്നു തടിയന്മാരും, അവരുടെ ഓമനയായ, അവരുടെ അനന്തരാവകാശിയായ തുത്തി എന്ന കൊച്ചുപയ്യനും, അവരുടെ കാവൽക്കാരും, കൊട്ടാരവും, തുത്തിയുടെ പാവയും, ഡോക്ടർ ഗസ്പാർ അർനെറിക്ക് എന്ന ശാസ്ത്രജ്ഞനും, തോക്കുണ്ടാക്കുന്ന പ്രോസ്പേറോയും, അഭ്യാസിയായ തിബുലും, ഒക്കെയുണ്ട്. പാവപ്പെട്ട ജനങ്ങൾ തടിയന്മാരുടെ കൊട്ടാരം ആക്രമിക്കാൻ പദ്ധതിയിടുന്നു. തോക്കുണ്ടാക്കുന്ന പ്രോസ്പേറോയും, തിബുലുമാണ് അവരുടെ നേതാക്കൾ. അവർക്ക് ആദ്യം വിജയിക്കാൻ കഴിയുന്നില്ല. പ്രോസ്പേറോയെ കൊട്ടാരത്തിലുള്ളവർ തടവിലാക്കുന്നു. തുത്തിയ്ക്ക് ഒരു പാവയുണ്ടായിരുന്നു. അതു കേടാവുന്നു. നന്നാക്കാൻ അവരേൽപ്പിക്കുന്നത് ഡോക്ടർ ഗസ്പാറിനെയാണ്. പാവ നഷ്ടപ്പെടുകയും പാവയോട് സാമ്യമുള്ള ഒരു കുട്ടിയെ ഡോക്ടർ കണ്ടെത്തുകയും ചെയ്യുന്നു. സുവോക്ക് എന്നാണ് അവളുടെ പേര്. അവൾ തിബുലിന്റെ സുഹൃത്താണ്. സർക്കസ്സിൽ അവന്റെ സഹനടിയും. അങ്ങനെ സുവോക്കിനെ അവർ മൂന്നു തടിയന്മാരുടെ കൊട്ടാരത്തിലേക്ക് തുത്തിയുടെ പാവയെന്ന ഭാവത്തിൽ കടത്തിവിടുകയും ചെയ്യുന്നു.
അവസാനം എല്ലാവരും കൂടെ പല പദ്ധതികളും നടത്തി മൂന്നു തടിയന്മാരേയും കീഴടക്കുകയും, അവരുടെ ഭരണത്തിൽ നിന്ന് ജനങ്ങൾ മോചിതരാവുകയും ചെയ്യുന്നു. സുവോക്കിന് കൊട്ടാരത്തിലെ മൃഗശാലയിൽ നിന്ന് ഒരാൾ കൊടുത്ത ചെറിയ പലകക്കഷണത്തിൽ എഴുതിയിരുന്നത്, സുവോക്കും തുത്തിയും സഹോദരീസഹോദരന്മാരായിരുന്നുവെന്നും, അവരെ മൂന്നു തടിയന്മാർക്കുവേണ്ടി അവരുടെ കാവൽ ഭടന്മാർ തട്ടിക്കൊണ്ടുപോയതാണെന്നും പിന്നീട് സുവോക്കിനെപ്പോലെയുള്ള ഒരു പാവയുണ്ടാക്കിയിട്ട്, സുവോക്കിനെ സർക്കസ്സുകാർക്കു കൊടുത്തതാണെന്നുമാണ്. ആ പലകക്കഷണം കൊടുത്തയാൾ ശാസ്ത്രജ്ഞനായ തുബ് ആയിരുന്നു. പാവയുണ്ടാക്കാൻ മൂന്നു തടിയന്മാർ സഹായം തേടിയത്, തുബിന്റെ അടുത്തായിരുന്നു. തുത്തിയ്ക്ക് ഇരുമ്പിന്റെ ഹൃദയം വെച്ചുകൊടുക്കണമെന്നു പറഞ്ഞപ്പോൾ സാധ്യമല്ലെന്നു പറഞ്ഞതുകൊണ്ടാണ് അവർ തുബിനെ കൂട്ടിലടച്ചത്. തുത്തിയോട് അവർ പറഞ്ഞത്, അവനു ഇരുമ്പുഹൃദയം ആണെന്നാണ്. അവൻ അതു വിശ്വസിച്ച് ക്രൂരനും അല്പനുമായിത്തീരണമെന്നുണ്ടായിരുന്നു അവർക്ക്. അവരെപ്പോലെ.
ഇനിയും പല പുസ്തകങ്ങളും വായിച്ചിരുന്നു. ഒക്കെ എവിടെപ്പോയെന്ന് അറിയില്ല. ഒരു ഓപ്പറേഷൻ റഷ്യൻ കഥകൾ നടത്തിനോക്കണം. കിട്ടുമായിരിക്കും.
ബാക്കി പുസ്തകങ്ങൾ കിധർ ഗയാ?
എല്ലാം കിധറോം ഗയാ. (കട:- വക്കാരിജി)
നന്ദി:- ഏവൂരാന്. (ഏവൂരാന്റെ പോസ്റ്റിലിട്ട കുട്ടിക്കഥകളെക്കുറിച്ചുള്ള ലേഖനത്തിലേക്കുള്ള ലിങ്കിൽ തൂങ്ങിപ്പിടിച്ച് പോയി അതുവായിച്ചു). ആ ലേഖനമെഴുതിയാൾക്ക്.
കടപ്പാട് :- പ്രോഗ്രസ്സ് പബ്ലിഷേഴ്സ്, മോസ്കോ, റാദുഗ പബ്ലിഷേഴ്സ്, മോസ്കോ. പ്രഭാത് ബുക്ക് ഹൌസ്. വിവർത്തനം ചെയ്ത് ഇതൊക്കെ വായിക്കാൻ സൌകര്യമൊരുക്കിയ ഓമന എന്നവർക്കും.
റഷ്യൻ നാടോടിക്കഥകളുടെ പുറം ചട്ടയടക്കം മൂന്നാലു പേജുകളിൽ ഞങ്ങളുടെ ചിത്രകലാപരമായ അഭിരുചികൾ പകർത്തിവെച്ചിട്ടുള്ളതിനാലാണ്, അതിന്റെ ഒരു പേജിന്റെ ചിത്രം ഇടേണ്ടിവന്നത്. കുട്ടിക്കാലത്ത് ഞങ്ങൾക്കറിയില്ലായിരുന്നല്ലോ ഞങ്ങളിലൊരാൾ ബ്ലോഗറായിത്തീരുമെന്ന്. ഹിഹിഹി. പുസ്തകത്തിന്റെ നിറം അല്പം മങ്ങിയെന്നതൊഴിച്ചാൽ വേറെ കുറവൊന്നും ഇല്ല. എല്ലാ കഥകളും വായിക്കാൻ പാകത്തിനുണ്ട്.
പുസ്തകങ്ങളെക്കുറിച്ച് എന്റെ വായനയിൽ എഴുതിയതാണ്. കുറ്റങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കുക.
Labels: വായന, റഷ്യൻ നാടോടിക്കഥകൾ