Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, January 31, 2006

മാമ്പഴക്കാലം

'ഒറ്റ മാങ്ങ തൊട്ടുപോകരുത്‌.'

'നിലത്തുകാണുന്നതേ ഞാന്‍ എടുക്കുന്നുള്ളൂ’

‘അത്‌ നീ എറിഞ്ഞിടുന്നതല്ലേ’

‘ഞാനിപ്പോ വന്നതല്ലേയുള്ളൂ.’

‘നിന്റെ തട്ടിപ്പൊന്നും എന്നോട്‌ വേണ്ട.’

അമ്മയാണ്. തെങ്ങിന്‍ തടത്തില്‍ കയറി എത്തിവെലിഞ്ഞ്‌ റോഡിലേക്ക്‌ നോക്കിയാണ് ശകാരം. പ്രതി 12 വയസ്സുവരുന്ന ഒരു പയ്യനും. സീതയുടെ ഉച്ചസമയം ഇപ്പോള്‍ കടന്നുപോകുന്നത്‌ ഈ സ്ഥിരം കാഴ്ചയുമായിട്ടാണ്.

നിറയെ പൂത്ത മാവ്‌, മാവിനോട്‌ മത്സരിച്ച്‌ ഫലം കായ്ച പ്ലാവ്‌, കുറെ തെങ്ങുകള്‍ ഒക്കെയാണ് വീടിന്റെ ഒന്നാം നിലയില്‍ നിന്ന്- അവളുടെ മുറിയില്‍ നിന്ന്- കാണുന്ന കാഴ്ചകള്‍. പിന്നെ മതിലും റോഡും. വൈകീട്ട്‌ അവരുടെ വീടിന്റെ പിന്‍ വഴിയിലുള്ള കാവിലേക്ക്‌ പോകുന്ന ആള്‍ക്കാരേയും സീത കാണാറുണ്ട്‌. ഊണുകഴിഞ്ഞാല്‍ ജനല്‍പ്പടിയില്‍ എന്തെങ്കിലുമൊക്കെ വായിച്ചു കൊണ്ടിരിക്കുകയാണ് അവളുടെ പതിവ്‌. വൈകീട്ട്‌ ഗോപു ഓഫീസില്‍ നിന്നു വരുന്നതു വരെ.

മാവ്‌ പൂത്ത്‌ കണ്ണിമാങ്ങകള്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് അവന്‍ വന്നുതുടങ്ങിയത്‌. ദിവസവും ഉച്ചതിരിയുമ്പോള്‍ വന്ന് വീണുകിടക്കുന്ന കണ്ണിമാങ്ങകള്‍ പെറുക്കിയെടുത്ത്‌ കൊണ്ടുവന്ന പ്ലാസ്റ്റിക്‌ കവറില്‍ ഇട്ട്‌ കൊണ്ട്‌ പോവും. ഇടയ്ക്ക്‌ എറിഞ്ഞ്‌ നോക്കാറുമുണ്ട്‌. സീതയെ അവന്‍ കാണാറുണ്ടെങ്കിലും ഒന്നും പേടിക്കാനില്ല എന്ന് തോന്നിയതുകൊണ്ടാവണം അവന്‍ എല്ലാ ദിവസവും വരുന്നത്‌.

വലിയ വലിയ മാങ്ങകള്‍ ആയപ്പോളാണ് പതിവുപോലെ ഗോപുവിന്റെ അമ്മ കാവല്‍ തുടങ്ങിയത്‌. മാമ്പഴത്തിന്റെ സ്വാദ്‌ ആലോചിക്കുന്നതുകൊണ്ട്‌ മാത്രമാണ് പച്ചമാങ്ങകള്‍ പറിപ്പിക്കാത്തതെന്ന് എല്ലാവരോടും അമ്മ പറയും. ശരിയുമാണ്. ആ മാമ്പഴത്തിന്റെ സ്വാദ്‌ അത്രക്കും പ്രിയമാണ്. കാവലിനിടയിലാണ് പയ്യന്‍ വരുന്നതും കൊണ്ടു പോകുന്നതും, പിന്നെ അതൊരു സ്ഥിരം വഴക്കാവുന്നതും. അമ്മ വഴക്കിടുമ്പോള്‍ അവന്‍ സീതയെ പരുങ്ങലോടെ നോക്കും. അമ്മ ഊണുകഴിഞ്ഞ്‌ കാവലിനെത്തുന്നതിനുമുന്‍പ്‌ തന്നെ അവന്‍ മാങ്ങ എറിഞ്ഞുവീഴ്ത്തുന്നത്‌ അവള്‍ കാണാറുള്ളത്‌ അവനറിയാമല്ലോ. അവന്‍ നോക്കുമ്പോള്‍ അവള്‍ പുഞ്ചിരിക്കുമെങ്കിലും അവനില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാവാറില്ല.

മാങ്ങ പഴുക്കാനും കിളികള്‍ പതിവിലുമധികം ചേക്കേറാനും തുടങ്ങി. പഴുത്ത മാങ്ങയുടെയും ചക്കയുടെയും മണം കാറ്റത്ത്‌ വന്നുകൊണ്ടിരിക്കും. പക്ഷേ അവനെ മാത്രം കണ്ടില്ല. രണ്ടാഴ്ചയായിക്കാണും.

‘ആ ചെറുക്കന്‍ വേറെ ആരുടേലും വീട്ടില്‍ മാങ്ങ മോഷ്ടിക്കാന്‍ പോയിക്കാണും’ എന്ന് ഒരു ദിവസം ഊണുകഴിക്കുമ്പോള്‍ അമ്മ പറഞ്ഞു. ഉണ്ടാവും. താനും കരുതി. പിറ്റേ ദിവസം രാവിലെ ചായ കഴിഞ്ഞ്‌ ജോലിയുടെ ഇടവേളയില്‍ പത്രം എടുത്തപ്പോഴാണ് അവള്‍ കണ്ടത്‌. വീട്ടില്‍ കയറി ആക്രമിച്ചയാളെ വെട്ടിയ 13 കാരന്‍ അറസ്റ്റില്‍. അവന്റെ ഫോട്ടോ കണ്ടതിനു ശേഷം അവള്‍ക്ക്‌ വായിക്കാന്‍ തോന്നിയില്ല. ഊണിരിക്കുമ്പോള്‍ അമ്മയും അവനെപറ്റി എന്തൊക്കെയോ പറഞ്ഞു. ഊണുകഴിഞ്ഞ് പുസ്തകം കൈയിലെടുത്തപ്പോള്‍ ‍ഇടവഴിയില്‍ അവന്‍ വരുന്നുണ്ടാവും എന്ന് അവള്‍ വെറുതേ ആശിച്ചു.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ അമ്പലത്തില്‍ പോയി വന്നപ്പോളാണ് അമ്മ വിശദമായി പറഞ്ഞത്‌. ‘അമ്പലത്തില്‍ ലളിതയുടെ അമ്മ ഉണ്ടായിരുന്നു . ആ ചെറുക്കന്റെ അമ്മ അവരുടെ വീട്ടില്‍ ജോലിയെടുക്കുന്നുണ്ടല്ലോ. പണ്ട്‌ അവന്റെ അച്ഛനുള്ള കാലത്ത്‌ കടംകൊടുത്തത്‌ ചോദിക്കാന്‍ ചെന്നപ്പോള്‍ ഭീഷണിപ്പെടുത്തിയവരാ വീടാക്രമിക്കാന്‍ ചെന്നത്‌. കേസ്‌ വലുതായിട്ടൊന്നും ഉണ്ടാവില്ല. വീട്ടില്‍ ഉണ്ടത്രെ ഇപ്പോള്‍. സ്കൂളിന്റെ മുന്നിലിരുന്ന്, പുളി ,മാങ്ങ ഒക്കെ വില്‍ക്കുകയാണ് അവന്‍ ചെയ്യുന്നത്. കാവിന്റെ പിന്നിലാണ് വീടെന്ന് പറഞ്ഞു.’

ഉച്ചയൂണു കഴിഞ്ഞപ്പോള്‍ ‘ലളിതേടെ വീട്ടിലൊന്ന് പോയി വരട്ടെ’ എന്നും പറഞ്ഞ്‌ അവള്‍ ഇറങ്ങി. കാവ്‌ കടന്ന് കുറച്ച്‌ നടന്നപ്പോള്‍ കണ്ടു അവന്റെ വീട്‌. അവന്റെ അമ്മ പുറത്തെ തിണ്ണയില്‍ ഇരിപ്പുണ്ടായിരുന്നു. വേറെ ചില സ്ത്രീകളും. അവര്‍ പരിചയം ഭാവിച്ച്‌ എഴുന്നേറ്റു. അവന്‍ വീടിന്റെ ഒരു ഭാഗത്തുനിന്ന് വന്നത്‌ അപ്പോഴായിരുന്നു. അവളെക്കണ്ട്‌ അവന്‍ അമ്പരന്നു. അവള്‍ പതിവു പുഞ്ചിരി പാസ്സാക്കി. കൈയില്‍ ഉള്ള കടലാസ്സ്‌ പൊതി അവനു നേരെ നീട്ടി. അവന്‍ ഒന്ന് സംശയിച്ചശേഷം വാങ്ങി. തുറന്നുനോക്കി. മാമ്പഴം. അവന്‍ നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കം അവള്‍ കണ്ടു.
മാമ്പഴക്കാലത്തിന്റെ തിളക്കം...

Sunday, January 29, 2006

പ്രണയം- 5

പ്രണയം പഞ്ഞിമിഠായി പോലെയാണ്.

ദൂരെ നിന്നു നോക്കുമ്പോള്‍ വലുതായിട്ടൊക്കെ തോന്നും.

സ്വന്തമാക്കി കഴിയുമ്പോള്‍ ആശ്ചര്യപ്പെടും.

ഇത്രേ ഉണ്ടായിരുന്നുള്ളൂ അല്ലേന്ന്.

Friday, January 27, 2006

പാഠം ഒന്ന്...

അതൊരു യാത്ര ആയിരുന്നു. ഞങ്ങളുടെ കൊച്ച്‌ കൊച്ച്‌ യാത്രകളിലെ ഒന്ന്. 10-12 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. അതിരാവിലെ ട്രെയിനില്‍ കയറി. 4-5 മണിക്കൂര്‍ കൊണ്ട്‌ വീട്ടിലെത്തും. തലേ ദിവസം മുഴുവന്‍ യാത്രയില്‍ ആയതു കൊണ്ടും 7 മണിക്ക്‌ മുന്‍പു തന്നെ അത്താഴം കഴിച്ചതുകൊണ്ടും രാവിലെ ആയപ്പോള്‍ എനിക്ക്‌ നന്നായി വിശക്കാന്‍ തുടങ്ങി. ട്രെയിന്‍ പുറപ്പെടാന്‍ ആവുമ്പോഴെങ്കിലും എന്തെങ്കിലും കൊണ്ടുവരുമായിരിക്കും എന്ന് ചേട്ടന്‍ പറഞ്ഞു. സ്റ്റേഷനില്‍ വാങ്ങാന്‍ കിട്ടുന്ന ചിപ്സിലും ബ്രഡ്ഡിലും എനിക്ക്‌ വല്യ താല്‍പര്യം തോന്നിയില്ല. എണ്ണയൊലിക്കുന്ന ഉഴുന്നുവടയും പരിപ്പുവടയും പഴംപൊരിയും തിന്നില്ലാന്ന് ദൃഢപ്രതിജ്ഞയൊക്കെ എടുക്കുമെങ്കിലും വയറു പിണങ്ങുമ്പോള്‍ പ്രതിജ്ഞ തെറ്റിക്കും.

വിശന്നു കണ്ണുകാണാന്‍ വയ്യാഞ്ഞിട്ട്‌ മിനുട്ടിനു മിനുട്ടിനു 'വിശക്കുന്നേ വിശക്കുന്നേ വിശന്നിട്ടെനിക്ക്‌ വയ്യായേ' എന്ന് പാടിക്കൊണ്ടിരുന്നു. കുറുക്കന്റെ മുന്നില്‍ കോഴി പ്രത്യക്ഷപ്പെട്ടതുപോലെ ഒടുവില്‍ ‘വടേയ്‌ വടേയ്‌ വാടേയ്‌ വാടേയ്‌ ’എന്നും പറഞ്ഞ്‌ ഒരാള്‍ വന്നു. ചേട്ടന്‍ വേഗം വാങ്ങിത്തന്നു. ഞാന്‍ കൈയില്‍പ്പിടിച്ച്‌ ആ പൊതി തുറന്നതും പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒരു കൈ നീണ്ടു വന്നു. ഞെട്ടി നോക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍. 25 വയസ്സുണ്ടാവും. ഒരു സുന്ദരന്‍. ക്ഷീണിച്ചു വലഞ്ഞ ഭാവം. അവ്യക്തമായ സ്വരത്തില്‍ താ എന്നു പറഞ്ഞു. ഈശ്വരാ... വിശന്ന് പൊറുതിമുട്ടി ഒടുവില്‍ കിട്ടിയ ഭക്ഷണം. ഇനി വേറെ വാങ്ങാമെന്നു വെച്ചാല്‍ വടക്കാരന്‍ എവിടേയോ പോയിക്കഴിഞ്ഞിരുന്നു. ഞാന്‍ പൊതി കൂട്ടിപ്പിടിച്ചു. ആകെ കുറച്ച് വടയും ആനയെത്തിന്നാനുള്ള വിശപ്പും. അവന്‍ പോകുന്ന ലക്ഷണമില്ല. ചേട്ടനെ നോക്കി. നിനക്ക്‌ വേണമെങ്കില്‍ അവനു കൊടുക്കാം എന്നുള്ള ഭാവം ആ മുഖത്ത്‌. ചേട്ടനെ നോക്കി ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. പിന്നെ അനങ്ങാതെ ഇരുന്നു. ഇടംകണ്ണിട്ട്‌ അവന്‍ പോയോ പോയോന്നു നോക്കി. അവസാനം അവന്‍ പോയി. വടപ്പൊതി തുറന്ന് ഒരു കഷണം പൊട്ടിച്ച്‌ ചട്‌ണിയില്‍ മുക്കിയതും തീ കൊടുത്ത വാണം പോലെ വടപ്പൊതി മുകളിലേക്ക്‌ പൊങ്ങി. അവന്‍ ട്രെയിനിനുള്ളില്‍ കടന്ന് വടപ്പൊതി തട്ടിയെടുത്തതാണ്. ചേട്ടന്‍ അടുത്ത്‌ ഇരിക്കുന്നുണ്ട്‌. ഒരാള്‍ മുന്‍പിലെ സീറ്റിലും ഉണ്ട്‌. അവന്‍ തട്ടിപ്പറിച്ചതും അപ്രത്യക്ഷനായതും പെട്ടെന്നായിരുന്നു.

ആ ഞെട്ടല്‍ മാറാന്‍ കുറച്ചു ദിവസം എടുത്തു. പിന്നെ എപ്പോഴും ആലോചിക്കും, അവനു ട്രെയിനില്‍ കയറിവന്നപ്പോള്‍ സീറ്റില്‍ വെച്ചിരുന്ന എന്റെ ബാഗ്‌ എടുത്ത്‌ ഓടാമായിരുന്നു, എന്റെ മാല പൊട്ടിച്ചു കൊണ്ടുപോവാമായിരുന്നു. ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു ഞങ്ങള്‍ക്ക്‌. അവന്‍ കൊണ്ടുപോയതോ ഭക്ഷണപ്പൊതി. ഇടയ്ക്കൊക്കെ ആലോചിക്കുമ്പോള്‍ തോന്നും അവന്‍ ചോദിച്ചപാടെ കൊടുത്തിരുന്നെങ്കില്‍ ദൈവം എനിക്ക്‌ വിശപ്പേ ഇല്ലാതാക്കിമാറ്റിയേനെയെന്ന്.

ആ സംഭവത്തോടെ രണ്ടു കാര്യങ്ങള്‍ ഉണ്ടായി. ഒന്ന്, നമ്മളില്‍ നിന്ന് ചിലര്‍ക്ക്‌ വേണ്ടത്‌ നമുക്ക്‌ ആലോചിക്കാതെ നിസ്സാരമായി കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍,ഒരു നുള്ള് സ്നേഹം, ഒരു പുഞ്ചിരി, ഒരു നല്ല വാക്ക്‌ , ഒരു തുണ്ട് ഭക്ഷണം, ഇവയൊക്കെ ആയിരിക്കും എന്ന് പഠിച്ചു. രണ്ട്‌, ആ സംഭവത്തിനുശേഷം ഒരു ഭക്ഷണവും പാഴാക്കാതിരിക്കാന്‍ ഞാന്‍ 99% ശ്രമിക്കാറുണ്ട്‌. നമ്മള്‍ നിസ്സാരമായി എറിഞ്ഞുകളയുന്ന ഒരു കപ്പ്‌ ചോറ്, ഒരു തവി സാമ്പാര്‍, ഒരു കഷ്ണം ദോശ, ഒരു നുള്ള്‌ ഉപ്പുമാവ്‌ എന്നിവയ്ക്കൊക്കെ നമ്മളറിയാതെ നീളുന്ന കൈകള്‍ അനവധി ആയിരിക്കും. ഭക്ഷണം കഴിക്കാതിരിക്കാനാവില്ലെങ്കിലും പാഴാക്കാതിരിക്കാമല്ലോ.ഓരോ സമയത്തും നിറച്ചും ഭക്ഷണം കഴിക്കുമ്പോള്‍ , ഹോട്ടലിലും പാര്‍ട്ടിക്കും പോവുമ്പോള്‍ അവന്‍ എന്റെ ഓര്‍മ്മയില്‍ വരും. ഇത്‌ എല്ലാവരോടും പറഞ്ഞപ്പോള്‍ എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട്‌ അവരെല്ലാം ശരിക്കും ആശ്ചര്യപ്പെടുകയാണുണ്ടായത്‌. ഞാന്‍ കൊടുത്തില്ലാന്നു പറഞ്ഞത്‌ വിശ്വസിക്കാത്ത ഭാവത്തില്‍, എല്ലാവരും എന്നെ നോക്കി. പിന്നെ ഒരു കുറ്റപ്പെടുത്തല്‍ ആ നോട്ടങ്ങളില്‍ തെളിഞ്ഞു. ഒരു നിമിഷത്തെ ആലോചനയില്ലായ്മ ജീവിതത്തിനു നല്‍കുന്ന പാഠം വലുതായിരിക്കും. അന്നേരം എനിക്ക്‌ ചെകുത്താന്റെ മനസ്സായിരുന്നുവോ?

Wednesday, January 25, 2006

തിരച്ചില്‍.

എന്താണ് താന്‍ തിരയുന്നത്...

അവള്‍ മറന്നു.

ഒരു നിമിഷം...

ഓര്‍ത്തെടുത്തു.

വാക്കുകള്‍...

അതാണ് തിരയുന്നത്.

ഒക്കെ അവന്റെ മൌനസാഗരം അലയടിച്ചുവന്ന് കൂടെക്കൊണ്ടു പോയിരുന്നല്ലോ.

Monday, January 23, 2006

പ്രണയം ----4

പ്രണയം ജോലി പോലെയാണ്.

കിട്ടുന്നതുവരെ അപേക്ഷ,

കിട്ടിക്കഴിഞ്ഞാല്‍ ഉപേക്ഷ.


Friday, January 20, 2006

എനിക്ക് പറ്റിയ പറ്റ്!

അതൊരു ഏപ്രില്‍ മാസമായിരുന്നു. അല്ലെങ്കില്‍ ഈ കഥ നടക്കില്ലേന്ന് നിങ്ങള്‍ സംശയിക്കും. നടക്കുമായിരിക്കും. പക്ഷെ ഇതു നടന്നത്‌ ഒരു ഏപ്രില്‍ മാസത്തില്‍ ആയിരുന്നു. എന്റെ ഒരു കസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എനിക്ക്‌ കഴിഞ്ഞിരുന്നില്ല. ഓ..ഇവളു വല്യ പ്രധാനമന്ത്രി ആണല്ലോ ഇത്രേം തിരക്കുണ്ടാവാന്‍ എന്ന് നിങ്ങള്‍ വിചാരിക്കും. തിരക്കില്‍ ആയിരുന്നെങ്കിലും അല്ലെങ്കിലും എന്റെ മിസ്സ്‌ കസിന്‍ മിസ്സിസ്സ്‌ ആയ സംഭവം മിസ്സ്‌ ആയീന്നു പറഞ്ഞാല്‍ മതിയല്ലോ. പിന്നൊരിക്കല്‍ പോയി അവളുടെ വീട്‌ സന്ദര്‍ശിക്കുന്നതിനെപ്പറ്റി ആലോചിച്ചുമില്ല. അങ്ങനെ സമയം കടന്നുപോയി. അവള്‍ക്കൊരു കുഞ്ഞ്‌ പിറന്നു. അപ്പോഴാണ് എനിക്ക്‌ വീണ്ടും ബോധം വന്നത്‌. അതിപ്പോഴും വന്നുവെന്ന് തോന്നുന്നില്ല എന്ന് നിങ്ങള്‍ പറയും. അങ്ങനെയെങ്കില്‍ അങ്ങനെ. അവളുടേ വീടിനേം കുഞ്ഞിനേം ഒക്കെ ഒറ്റയടിക്ക്‌ സന്ദര്‍ശിച്ചുകളയാന്‍ തീരുമാനിച്ചു. അങ്ങനെ ഞാനും അവളുടെ അനിയത്തിയും കൂടെ പുറപ്പെട്ടു. കുറേ ദൂരമുണ്ട്‌. അതിരാവിലെ പുറപ്പെട്ടാല്‍ ഉച്ച തിരിയുമ്പോഴേക്കേ അവിടെ എത്തൂ. അങ്ങനെ എത്തി. എല്ലാം കണ്ടു.

വൈകുന്നേരം അവിടെ തൊട്ടടുത്ത്‌ തന്നെയുള്ള ബന്ധുവീടുകള്‍ എല്ലാം കയറി ഇറങ്ങാം എന്ന് തീരുമാനിച്ച്‌ ഞാനും എന്റെ കൂടെ വന്ന കസിനും ആ വീട്ടിലെ അമ്മയും ഇറങ്ങി. ഇറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു ‘റോഡിലൊന്നും പോവേണ്ടല്ലോ, പറമ്പുകള്‍ കടന്ന് കടന്ന് എല്ലാം വീട്ടിലും എത്താമല്ലോ, ഞാന്‍ ചെരുപ്പ്‌ ഇടുന്നില്ല’ എന്ന്. അമ്മ പറയും, ഇടയ്ക്ക്‌ ചെരുപ്പില്ലാതെ നടക്കണം എന്ന്. ഉപദേശം അനുസരിക്കാന്‍ എനിക്കൊരു ടൈമുണ്ട്‌. പറയുമ്പോഴേക്കും അനുസരിക്കാന്‍ വേറെ ആളെ നോക്കണം. അമ്മ പറഞ്ഞത്‌ അനുസരിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തത്‌ ആ ടൈം ആണ്. അങ്ങനെ നടന്നു. ഒരു വീടെത്തി. വീട്ടിലുള്ള മുതിര്‍ന്നവര്‍ പുറത്തേക്ക്‌ വന്ന് ലോഗ്യം പറഞ്ഞു. അവരൊക്കെ എന്നെ ആദ്യായിട്ട്‌ കാണുകയാണല്ലോ. എനിക്ക്‌ പിന്നെ അങ്ങനെയൊന്നുമില്ല. ആദ്യായിട്ടായാലും രണ്ടാമതായിട്ടായാലും ഞാന്‍ വല്യ പരിചയക്കേടൊന്നും കാണിക്കില്ല. ഇത്‌ നിങ്ങള്‍ക്കൊക്കെ ഉള്ള മുന്നറിയിപ്പ്‌ ആണ്. ഇനി പറഞ്ഞില്ലാന്നു വേണ്ട. കല്ല്യാണത്തിനു ഞാന്‍ പോവാഞ്ഞത്‌ നന്നായി, അല്ലെങ്കില്‍ ഞാന്‍ പറയുന്നത്‌ കേള്‍ക്കണോ, ചെറുക്കനേം പെണ്ണിനേം നോക്കണോന്നൊരു ആശങ്ക വരുമായിരുന്നു എന്ന ഭാവത്തില്‍ അവരെന്നെ കേട്ടോണ്ടിരിക്കുകയാണ്. നിങ്ങള്‍ എന്തോ പറഞ്ഞല്ലോ? സഹിച്ചോണ്ടിരിക്കുകയായിരുന്നു എന്നു പറ എന്നല്ലേ. ആ, അതു തന്നെ. വരൂ വരൂ അകത്തിരുന്നു പറയാം എന്ന് അവര്‍ ക്ഷണിച്ചു. അകത്തായാലും പുറത്തായാലും പറയാനുള്ളതൊക്കെ പറയേണ്ടാത്തപ്പോള്‍ പറയും എന്നുള്ളത്‌ എന്റെ ഒരു ശീലം ആയിപ്പോയി. അവര്‍ ക്ഷണിച്ചപ്പോള്‍ കസിന്‍ ആദ്യം അകത്തേക്ക്‌ കയറിപ്പോയി. പിന്നെ ആന്റി കയറി. ഞാന്‍ കയറാന്‍ നോക്കുമ്പോഴല്ലേ സംഭവം. എന്റെ വലതുകാലു അനങ്ങുന്നില്ല. ഈശ്വരാ ....ഒറ്റയടിക്ക്‌ പരാലിസിസ്‌ വരം തരാന്‍ മാത്രം ഇപ്പോ ഞാന്‍ എന്ത്‌ അതിക്രമം പറഞ്ഞു എന്നാലോചിച്ചു. ഇടത്തേക്കാലും പൊന്തിച്ച്‌ മലയും കൈയിലേന്തി നില്‍ക്കുന്ന ഹനുമാരെപ്പോലെ ഞാന്‍ നിന്നു. ആന്റി തിരിഞ്ഞു നിന്ന് വിളിച്ചു വരൂ കുട്ടി ഒന്ന് വേഗം കയറിപ്പോവാം. സ്ലോമോഷന്‍ ഒന്നും വേണ്ട, ഇവരൊക്കെ നമ്മുടെ സ്വന്തക്കാരല്ലേന്ന് എന്റെ പോസ്‌ കണ്ടിട്ട്‌ മനസ്സില്‍ പറഞ്ഞു കാണും. ഞാന്‍ സകലവിധമാന കളരി സീരിയല്‍(പരമ്പരാന്നുള്ളതിന്റെ ഇംഗ്രീസ്‌ ) ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്‌ കാലു ഒന്ന് തിരിച്ചുപൊക്കി. യ്യോ.... ചക്കപ്പശ. പകുതി ഫെവിക്കോള്‍ തേച്ച പോസ്റ്ററുപോലെ ആയി എന്റെ അവസ്ഥ. പറ്റുന്നുമില്ല പോരുന്നുമില്ല. ആന്റി കണ്ടു. ഇന്‍ ഹരിഹര്‍നഗറില്‍ ജഗദീഷ്‌ പറയുന്നതുപോലെ ഞാന്‍ പറഞ്ഞു. ‘ചക്ക....പശ.... പറ്റി....’
ആന്റി പറഞ്ഞു ‘കാല് ദാ കല്ലില്‍ ഉരച്ചുനോക്കൂ, ഞാന്‍ ഇത്തിരി എണ്ണ എടുത്തിട്ട്‌ വരാം’ന്ന്. പിന്നെ അവിടുള്ളവരെല്ലാം കൂടെ സംഭവം വീക്ഷിച്ചു. കുറേ നേരത്തെ കഠിനപരിശ്രമത്തിനു ശേഷം വലതുകാലിന്റെ അടിയില്‍ ഉണ്ടായിരുന്ന പശ ഇടതുകാലിന്റെ മുകളില്‍ക്കൂടെ വ്യാപിപ്പിക്കുക എന്ന പുരോഗതിയില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. അതെന്നെ വിട്ടു പോകുന്നില്ല. സാരമില്ല എന്ന ഭാവത്തില്‍ ഞാന്‍ ഞൊണ്ടി ഞൊണ്ടി അകത്തേക്ക്‌ കയറി. അവിടെയിരുന്നു മിണ്ടി. പിന്നെ അടുത്ത വീട്ടില്‍ എത്തി. ഇത്‌ ജന്മനാ ഉള്ളതാണോ അതോ സ്വഭാവഗുണം കൊണ്ട്‌ ആരെങ്കിലും സമ്മാനിച്ചതാണോയെന്ന് അവര്‍ക്ക്‌ ചോദിക്കണമെന്നുണ്ടായിരുന്നിരിക്കണം. ചോദിച്ചില്ല പക്ഷെ. ആന്റി കാര്യം വിശദീകരിച്ചു. അങ്ങനെ വീടുകള്‍ കയറിയിറങ്ങി കസിന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും ചക്കപ്പശ ഒരു വല്യ സംഭവം ആയി മാറിയിരുന്നു. ചക്കയെക്കുറിച്ച്‌ പലതും പലരും പറയും പക്ഷെ ചക്കപ്പശ, ചക്കവിളഞ്ഞി, ചക്ക അരക്ക്‌ എന്നൊക്കെ പറയുന്ന പാവത്തിനെപ്പറ്റി ഒരാളും ഒന്നും പറയില്ല. അതിനെക്കൊണ്ട്‌ എന്ത്‌ കാര്യം എന്ന് നിങ്ങള്‍ പറയും. പക്ഷെ ഞാന്‍ ഒന്നിനേം ഉപേക്ഷിക്കുന്ന ടൈപ്പ്‌ അല്ല. ഒന്നിനേം കുറച്ച്‌ കാണരുത്‌ എന്ന് നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായില്ലേ?

Wednesday, January 18, 2006

ഓര്‍മ്മ!

‘എന്നെ എപ്പോഴും ഓര്‍ക്കും ല്ലേ?’

‘പിന്നില്ലാതെ. നീയോ?’

‘ഞാനെപ്പഴും ഓര്‍ത്തോണ്ടിരിക്കും.’

ട്രാഫിക്‌ സിഗ്നല്‍ മാറുന്നതും നോക്കി കാറിലിരുന്ന്, രണ്ടു കുഞ്ഞുങ്ങള്‍ ഐസ്ക്രീമും കൈയില്‍ പിടിച്ച്‌ റോഡ്‌ ക്രോസ്സ്‌ ചെയ്യുന്നത്‌ കണ്ടപ്പോള്‍ അവന്‍ അവളെ അന്നത്തെ ദിവസം ആദ്യമായി ഓര്‍ത്തു. അല്ല, ഐസ്ക്രീം അവളെ ഓര്‍മ്മിപ്പിച്ചു. അവന്‍ പുഞ്ചിരിച്ചു.

ജോലി കഴിഞ്ഞ്‌ ലിഫ്റ്റില്‍ കയറിയപ്പോള്‍ ഇടയ്ക്കിടയ്ക്ക്‌ സമയം നോക്കുന്ന ആളെ കണ്ടപ്പോള്‍ അവള്‍ അന്നത്തെ ദിവസം ആദ്യമായിട്ട്‌ അവനെ ഓര്‍ത്തു. അവള്‍ പുഞ്ചിരിച്ചു.

ദൈവം മുകളിലിരുന്നും പുഞ്ചിരിച്ചു.

Sunday, January 15, 2006

കേരളം മനോഹരം!

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിക്കപ്പെടുന്ന കേരളത്തില്‍ ഇന്ന് ദൈവം ഉണ്ടോന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റില്ല. ഇന്ന് കേരളത്തില്‍ ജനങ്ങള്‍ ഇല്ല. ഞങ്ങളും നിങ്ങളും മാത്രമേയുള്ളൂ. വിപ്ലവം, ഉശിര്, നീതി, ഇതൊക്കെ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍ മാത്രം നിങ്ങള്‍ക്ക്‌ കാണാം. അല്ലാത്ത ഒരു വിപ്ലവവും ഇവിടെ വിജയിക്കാന്‍ “ഞങ്ങളു” സമ്മതിക്കില്ല.

‘നിങ്ങള്‍ക്ക്‌ വല്ല പരാതിയും ഉണ്ടോ. നിങ്ങള്‍ പൈസ ചിലവാക്കി കേസ്‌ നടത്തിക്കൊണ്ടിരുന്നോളീന്‍. ഞങ്ങളെക്കൊണ്ട്‌ ഇത്രയൊക്കെയേ പറ്റൂ.’

‘വിളകള്‍ക്ക്‌ തളിക്കാന്‍ നിങ്ങള്‍ക്ക്‌ മാരകമായ വിഷം ആണോ ലഭിക്കുന്നത്‌? വേണമെങ്കില്‍ വാങ്ങി കൃഷി ചെയ്തോളീന്‍, ഇല്ലെങ്കില്‍ മിണ്ടാതിരുന്നോളീന്‍.’

‘വാഹനത്തിനു ചാര്‍ജ്‌ കൂടീന്ന് നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടെന്നോ? എങ്കില്‍ നിങ്ങളു സ്വന്തം വാഹനം വാങ്ങിക്കോളീന്‍.’


‘നിങ്ങള്‍ക്ക്‌ സ്കൂളിനെപ്പറ്റി വല്ല പരാതീം ഉണ്ടെങ്കില്‍ ടി.സി. തരാം. ടിസി. വാങ്ങിക്കോളീന്‍ കുട്ടിയെ വേറെ സ്കൂളില്‍ ചേര്‍ത്തോളീന്‍.’

‘ഹര്‍ത്താല്‍ ദിനത്തില്‍ ഒഴിവു പ്രഖ്യാപിച്ചില്ലെങ്കില്‍ നിങ്ങള്‍ ജോലിക്ക്‌ വരുമെന്നോ? നിങ്ങള്‍ക്ക്‌ കൈയും കാലും അല്ലെങ്കില്‍ ജീവനും വേണ്ടെങ്കില്‍ ജോലിക്കു വന്നോളീന്‍.’

‘നിങ്ങളുടെ കുട്ടിയുടെ മാനം പോയാല്‍ നിങ്ങള്‍ കേസ്‌ കൊടുക്കുമെന്നോ? മാനമോ പോയി, ഇനി ഉള്ള പൈസയും കൂടെ തീര്‍ന്നു പോകട്ടെ എന്നാണെങ്കില്‍ നിങ്ങളു കേസ്‌ കൊടുത്തോളീന്‍.’

‘ഇങ്ങനത്തെ ഭരണം കൊണ്ട് നിങ്ങളുടെ വീടിന് എന്താ ഗുണമെന്നോ?. നിങ്ങള്‍ക്ക്‌ വീട്‌ നന്നാക്കണമെങ്കില്‍ മക്കളെ പഠിപ്പിച്ച്‌ കേരളത്തിനു പുറത്ത്‌ ജോലിക്ക്‌ അയച്ചോളീന്‍.’

‘അനാവശ്യ സമരം കൊണ്ട്‌ നിങ്ങളുടെ ബിസിനസ്സ്‌ നേരാം വണ്ണം നടക്കുന്നില്ലെന്നോ? അതു പൂട്ടി വെച്ച്‌ വീട്ടിലിരുന്നോളീന്‍.’

ഇതൊക്കെയാണ് കേരളമെന്ന ഈ കൊച്ചു രാജ്യത്തില്‍ നടക്കുന്നത്‌. കേരളമെന്നു കേള്‍ക്കുമ്പോള്‍ നൊസ്റ്റാള്‍ജിയയും നൊവാള്‍ജിയയും ഒന്നും ഉണ്ടാവില്ല. ഞെട്ടല്‍ ആയിരിക്കും.

കുറേ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റു രാജ്യങ്ങളിലെ കുട്ടികള്‍ പഠിക്കും.' കേരളം എന്നൊരു നാടുണ്ട്‌. വിദ്യാഭ്യാസത്തിലും ആഭാസത്തിലും മുന്‍പില്‍ നില്‍ക്കുന്ന ഈ സ്ഥലത്തെ ആളുകളുടെ പ്രധാന പ്രശ്നം പ്രതികരണ ശേഷി ഇല്ലായ്മയാണ്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍ സീരിയലു കാണലും, അനാവശ്യകലാപം ഉണ്ടാക്കലും ആണ്. അനീതിക്കെതിരെ പ്രതികരിക്കുന്നവനെ നേരത്തോട്‌ നേരം കൊണ്ട്‌ നേരെയാക്കും എന്നൊരു പ്രത്യേകത ഈ നാട്ടിനുണ്ട്‌. തമിഴ്‌ നാട്ടില്‍ നിന്ന് പച്ചക്കറികളും കര്‍ണാടകത്തില്‍ നിന്ന് വൈദ്യുതിയും ആന്ധ്രാപ്രദേശില്‍ നിന്ന് അരിയും ഗുജറാത്തില്‍ നിന്ന് വസ്ത്രങ്ങളും വാങ്ങി ഇവര്‍ സുഖമായി ജീവിക്കുന്നു. അമ്പലത്തിലും പള്ളികളിലും മൂര്‍ത്തികള്‍ ആയിട്ടുള്ളതും റോഡിലും മറ്റും പ്രതിമകള്‍ ആയിട്ടുള്ളതും ആയ വനിതകളെ മാത്രമേ ഇവര്‍ക്ക്‌ ബഹുമാനമുള്ളൂ. ജീവനുള്ള സ്ത്രീകളെ ബഹുമാനിക്കുന്ന സ്വഭാവം ഈ നാട്ടില്‍ ഇല്ല.’

ഇനിയിപ്പോ ഒന്നേ ചെയ്യാന്‍ ഉള്ളൂ. പാട്ടു പാടാം.
"ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം,
ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം,
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി .
ഈശ്വരാ........?
എനിക്കിനിയൊരു ജന്മം കൂടി.”

Thursday, January 12, 2006

പിറ്റ്സ!

പിറ്റ്സ തിന്നാന്‍ എനിക്കും നിങ്ങള്‍ക്കും ഒരുപോലെ ആഗ്രഹമുണ്ട്‌ എന്ന് നിങ്ങള്‍ക്കും അറിയാം, എനിക്കും അറിയാം. സദ്യ, പുട്ട്‌, എന്നൊക്കെ നിങ്ങള്‍ കൊതി പറയുമെങ്കിലും ഒരു പിറ്റ്സ കിട്ടിയാല്‍, ഛെ! എന്നു നിങ്ങള്‍ പറയുമോ? പറയുന്നവരുണ്ടാകും. ഇത്‌ അവര്‍ക്കുള്ളതല്ല. പിറ്റ്സായെങ്കില്‍ പിറ്റ്സ തിന്നുകളയാം എന്നു പറയുന്നവര്‍ക്കുള്ളതാണ് ഇത്‌.

തുടങ്ങാം. ആപ്പിള്‍ വളരെ ചെറുതായിട്ട്‌ കൊത്തിയരിയുക. പിന്നെ കുറച്ച്‌ തക്കാളി അതിനേക്കാള്‍ ചെറുതായി അരിയുക. കുറച്ച്‌ കാരറ്റ്‌, ബീന്‍സ്‌, കാബേജ്‌ ഇത്രയും അരിഞ്ഞെടുക്കുക. അരിഞ്ഞവയൊക്കെ മിക്സിയില്‍ ഇട്ട്‌ നന്നായി അടിച്ചെടുക്കൂ. വെള്ളം ഒരു തുള്ളി പോലും ചേര്‍ക്കരുത്‌. നിങ്ങള്‍ വേണമെങ്കില്‍ കുടിച്ചോളൂ. കുഴപ്പമില്ല. അതുകഴിഞ്ഞ്‌ നല്ല വൃത്തിയുള്ള പാത്രത്തില്‍ കുറച്ച്‌ കടലമാവ്‌ എടുക്കുക. അതില്‍ കുറച്ച്‌ പാല്‍പ്പാട എടുത്ത്‌ രണ്ടുംകൂടെ നന്നായി യോജിപ്പിക്കുക. ചെറുനാരങ്ങ ഒന്ന് പിഴിഞ്ഞെടുത്ത്‌ കുറച്ച്‌ നീര് അതില്‍ ചേര്‍ക്കുക. ബാക്കി മാറ്റി വെക്കണം. പിഞ്ചുവെള്ളരി വട്ടത്തില്‍ അരിഞ്ഞെടുക്കുക. അതുകഴിഞ്ഞാല്‍ ആദ്യം മിക്സിയില്‍ അരച്ചു വെച്ച കൂട്ടെടുത്ത്‌ കടലമാവു കൂട്ടില്‍ യോജിപ്പിക്കുക. ഓ.. ജോലി പകുതി തീര്‍ന്നു.

ഇനി നിങ്ങള്‍ മുഖം കഴുകി വരണം. എന്നിട്ട്‌ പതുക്കെ ഈ കൂട്ടെടുത്ത്‌ കണ്ണാടി നോക്കി നിങ്ങളുടെ മുഖത്ത്‌ തേച്ചു പിടിപ്പിക്കുക. എന്നിട്ട്‌ നേരം കളയാതെ ഫോണ്‍ എടുത്ത്‌ പിറ്റ്സ കിട്ടുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക്‌ ഫോണ്‍ ചെയ്യുക. പിറ്റ്സ ഹട്ട്‌ തന്നെ വേണമെന്നില്ല. പിറ്റ്സായ്ക്ക്‌ ഓര്‍ഡര്‍ ചെയ്ത്‌ അഡ്രസ്സ്‌ പറഞ്ഞു കൊടുത്ത്‌ ഫോണ്‍ വെച്ച്‌ നേരം കളയാതെ വെള്ളരിക്ക അരിഞ്ഞു വെച്ചത്‌ കണ്ണിന്മേല്‍ വെച്ച്‌ മിണ്ടാതിരിക്കുക. നിങ്ങള്‍ ഫേസ്‌ പായ്ക്ക്‌ എടുത്തുകഴിയുമ്പോഴേക്കും പിറ്റ്സായുടെ പായ്ക്ക്‌ നിങ്ങളുടെ വീട്ടില്‍ എത്തും. വാങ്ങി, പൈസ കൊടുത്ത്‌ പിറ്റ്സ തിന്നാന്‍ നോക്കുക. മുന്‍പ്‌ പിഴിഞ്ഞ്‌ മാറ്റി വെച്ച നാരങ്ങാനീരില്‍ വേണ്ടത്ര വെള്ളം ചേര്‍ത്ത്‌ അത്‌ കുടിയ്ക്കാന്‍ എടുക്കുക. ഇത്രേ ഉള്ളൂ ജോലി.

Sunday, January 08, 2006

സ്വപ്നലോകം.


“പുതിയ വീട്ടിൽ വേലക്കാരി ഇല്ലാത്തതാ നല്ലത്‌. മാർബിൾ ഒക്കെ അവൾ നശിപ്പിക്കും.”

“ അതു പറ്റില്ല. എല്ലാം കൂടെ ഒറ്റയ്ക്കു വയ്യ. അവളോട്‌ പറഞ്ഞ്‌ മനസ്സിലാക്കിയാൽ പോരേ?”

“പിന്നെ, കുഞ്ഞുങ്ങളെ സ്കൂളിൽ വിടാനും തിരിച്ചുകൊണ്ടുവരാനും നീ പോകുന്നതാ നല്ലത്‌.”

“ഉം. അതു വേണമെങ്കിൽ ആകാം. നടത്തവും ആകുമല്ലോ.”

“ഡ്രൈവർ എന്തായാലും വേണ്ട. നമുക്ക്‌ സൌകര്യം പോലെ യാത്രയൊക്കെ ആകാം”

“ഉം.”

“ നീയും പഠിക്കണം. നിനക്ക്‌ ക്ലബ്ബിൽ പോകുമ്പോഴൊക്കെ കൂട്ടുവരാൻ എനിക്ക്‌ പറ്റിയെന്നു വരില്ല.”

“കുട്ടികളെ ട്യൂഷനു വിടണ്ടേ?”

“പിന്നെ.. നല്ലപോലെ പഠിക്കുമെങ്കിലും വിടുന്നതാ നല്ലത്‌. ബാക്കിയുള്ളവർ നമ്മളെ ചെറുതായിട്ട്‌ കാണരുതല്ലോ.”

“മതി മതി. ബാക്കിയൊക്കെ നാളെ സംസാരിക്കാം.”

പരസ്പരം നോക്കിയിരുന്ന കണ്ണുകൾ പിൻ വലിഞ്ഞു. മൊഴിഞ്ഞിരുന്ന മനസ്സുകൾ അടഞ്ഞു.

അവൾ മഴവെള്ളം വീഴുന്നതിനു ചുവട്ടിൽ വെച്ച പാത്രം അൽപം കൂടെ ശരിയാക്കി വെച്ചു. അവൻ പായക്ക്‌ കീഴെയുണ്ടായിരുന്ന ചാക്ക്‌ ഒന്നു കൂടെ നിവർത്തി നേരെയാക്കി. രണ്ടാളും ഉറങ്ങാൻ തുടങ്ങി. മനസ്സുകളിൽ അപ്പോഴും സ്വപ്നം പെയ്തുകൊണ്ടിരുന്നു.

Saturday, January 07, 2006

ഇങ്ങനെയും ഒരു ജീവിതം!

പ്രിയമുള്ള അച്ഛനും അമ്മയ്ക്കും,
അവിടെ നിങ്ങൾക്കൊക്കെ സുഖമെന്നു കരുതുന്നു. ഇവിടെ സുഖമായി എത്തിച്ചേർന്നു. ജോലി തന്നിരിക്കുന്ന അറബി വളരെ നല്ല മനുഷ്യനാണ്. തിരക്കുള്ളതിനാൽ എപ്പോഴും കത്തയക്കാൻ പറ്റിയെന്നു വരില്ല. ഇനി ഏകദേശം 25 ദിവസം കഴിഞ്ഞാൽ ശമ്പളം കിട്ടും. അത് അയക്കുന്നതിനോടൊപ്പം കത്തയക്കാം. എല്ലാവരോടും എന്റെ സ്നേഹാന്വേഷണം അറിയിക്കണം. ജോലിത്തിരക്കിൽ ആണ് ഇത്‌ എഴുതുന്നത്‌. അതുകൊണ്ട് തൽക്കാലം മതിയാക്കട്ടെ.
എന്ന് സ്വന്തം
പ്രദീപൻ.

കത്ത്‌ അടുത്തുകണ്ട പോസ്റ്റ്‌ ബോക്സിൽ ഇട്ട്‌ ,ഗൾഫിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞ് നല്ലൊരു തുക വാങ്ങി , മുംബൈയിൽ വരെ എത്തിച്ചു കടന്നുകളഞ്ഞ ഏജന്റിനെ എന്നെങ്കിലും മുന്നിൽ കൊണ്ടുത്തരുമെന്ന് വിശ്വസിച്ച്‌, കത്തിൽ മുംബൈയിലെ പോസ്റ്റൽ സീലും ഇന്ത്യൻ സ്റ്റാമ്പുകളും ശ്രദ്ധിക്കപ്പെടല്ലേന്ന് പ്രാർഥിച്ച്‌, മാസം കഴിയുമ്പോഴേക്കും വീട്ടുകാർക്ക്‌ അയക്കാനുള്ള തുകയ്ക്ക്‌ ഒരു വഴി ആലോചിച്ച്‌, കടം വാങ്ങിയിട്ടുള്ള ആൾക്കാരുടെ മുന്നിൽ പറഞ്ഞു നിൽക്കാൻ ഒരു വഴി കണ്ട വീട്ടുകാരുടെ ആശ്വാസഭാവം ഓർത്ത്‌, വായിച്ചു തീർന്ന വർത്തമാനപ്പത്രം വിരിച്ച്‌ കൈയിലുണ്ടായിരുന്ന പെട്ടി തലയ്കടിയിൽ വെച്ച്‌, പ്രദീപൻ തെരുവോരത്തു കിടന്നു. നല്ലൊരു നാളെ പുലരുന്നതും കാത്ത്‌.

Thursday, January 05, 2006

പ്രണയം ?

വാക്കുകൾ വാളുകൾ ആകുന്നു,
ചിന്തകൾ ചങ്ങലയാകുന്നു,
മൌനം തപസ്സ്യയാകുന്നു,
വിരഹം പരമ്പരയാകുന്നു,
ഹൃദയം നോവിന്റെ കൊട്ടാരമാകുന്നു,
പ്രണയം പിടഞ്ഞു തീരുന്നു.

Monday, January 02, 2006

സീരിയസ്സാവുന്ന സീരിയലുകൾ.

അനേകായിരങ്ങൾക്ക്‌ തൊഴിൽ. ആർക്കും കടന്നുവരാം. നിങ്ങളുടെ ജീവിതം ഞങ്ങളുടെ കൈയിൽ സുരക്ഷിതമായിരിക്കും--- ഇതൊക്കെ കണ്ടാൽ വല്ല രാഷ്ട്രീയപ്പാർട്ടികളും തെരഞ്ഞെടുപ്പ്‌ പത്രികയിൽ പുറപ്പെടുവിച്ച വാഗ്ദാനങ്ങൾ ആണോ എന്ന് തോന്നിയേക്കാം. ഒന്നുമല്ല. ഇതു സീരിയലുകാരുടെ മേഖലയാണ്. തൊഴിലും കൂലിയും നൽകി ഒരുപാട്‌ പേരുടെ ജീവിതങ്ങൾ നന്നാക്കുന്നതിനോടൊപ്പം ഒരുപാട്‌ പേരുടെ ജീവിതം സ്വാധീനിക്കുന്ന വിധത്തിൽ മെഗാസീരിയലുകൾ മലയാളികളുടെ ജീവിതത്തിൽ എത്തിക്കഴിഞ്ഞു.

കാലം മാറുന്നതിനോടൊപ്പം കോലം മാറുന്നു എന്ന് പറയുന്നത്‌ ശരിയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് മലയാളികളുടെ ജീവിതത്തിൽ സീരിയലുകളുടെ കടന്നുകയറ്റം. പണ്ട്‌ സന്ധ്യാസമയത്ത്‌ പ്രാർഥിച്ചിരുന്നവർ ഇന്ന് ചാനലുകളുടെ മുന്നിലിരുന്ന് സീരിയൽ കഥാപാത്രങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നു. സിനിമയ്ക്കിടയ്ക്ക്‌ പാട്ടുവരുമ്പോൾ ചായ കുടിക്കാനും ബീഡി വലിക്കാനും തീയേറ്ററിൽ നിന്ന് ഇറങ്ങിപ്പോകുന്നവരെപ്പോലെ ഇന്ന് സീരിയലിന്റെ ഇടയ്ക്ക്‌ പരസ്യം വരുമ്പോൾ പാചകം നോക്കാനും , കുളിമുറിയിൽ പോകാനും, ഹോംവർക്ക്‌ ചെയ്യാനും തിരക്കു കൂട്ടുന്നു. ഫോൺ ചെയ്യുന്നത്‌ പരസ്യത്തിന്റെ സമയത്ത്‌ അല്ലെങ്കിൽ ഒരു സീരിയൽ കഴിഞ്ഞ്‌ മറ്റൊരു സീരിയൽ തുടങ്ങുന്ന ഇടവേളയിൽ. സീരിയലിന്റെ സമയത്ത്‌ ആരെങ്കിലും വീട്ടിൽ വന്നാൽ മിണ്ടാൻ പോലും മനസ്സു കാണിക്കാതെ ഇരിക്കുന്നവർ. വായന മരിക്കുന്നു എന്നു പറയുന്നവർ തന്നെ സീരിയലുകൾക്ക്‌ മുന്നിൽ മരവിച്ചപോലെ ഇരിക്കുന്നു. ആണെഴുത്ത്‌ വെറും ഫയലെഴുത്തും പെണ്ണെഴുത്ത്‌ വെറും പച്ചക്കറി- പലചരക്കു ലിസ്റ്റ്‌ എഴുതലും ആയി മാറുന്നു. ജീവിതത്തെ സീരിയൽ കഥാപാത്രങ്ങൾ ആയി താരതമ്യം ചെയ്ത്‌ ജീവിക്കാൻ ശീലിക്കുന്നു. കല്യാണം പേരിടീൽ ഒക്കെ സീരിയലിനെ അനുകരിച്ചാവുന്നു. ആ സീരിയലിലെ സാരി, മറ്റേ സീരിയലിലെ ഷർട്ട്‌ .. ഇങ്ങനെ പോകുന്നു കാര്യങ്ങൾ. ഉല്ലാസം എന്നതിലുപരി ജീവിതങ്ങളെ പലവിധത്തിലും സ്വാധീനിക്കുന്നവയാകുന്നു സീരിയലുകൾ. സിനിമയും സീരിയലുകളും തമ്മിലുള്ള ഒരു വ്യത്യാസവും ഇതു തന്നെയാണ്. 3 മണിക്കൂർ സിനിമ ഒരു ഉല്ലാസം എന്നതിലുപരി ജീവിതത്തിൽ കാര്യമായിട്ട്‌ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല. പക്ഷെ ദിവസവും ഉള്ള സീരിയലുകളുടെ സ്വാധീനം വളരെയാണ്.

ഇക്കണക്കിനു പോയാൽ മലയാളികൾക്ക്‌ ഭാവിയിൽ പലതരം ബോർഡുകളും വായിക്കാൻ ഭാഗ്യമുണ്ടാകും.

ഡോക്ടർ, സീരിയൽ കാണുന്ന സമയം ആയതുകൊണ്ട്‌ 7മുതൽ 7.30 വരെ യാതൊരു ഓപ്പറേഷനുകളും നടത്തുന്നതായിരിക്കില്ല.

മെഗാസീരിയലിന്റെ അവസാന എപ്പിസോഡ്‌ പ്രമാണിച്ച്‌ 8 മുതൽ 8.30 വരെ മെഡിക്കൽ ഷോപ്പ്‌ അടച്ചിടുന്നതായിരിക്കും.

മെഗാസീരിയലിന്റെ ഷൂട്ടിംഗ്‌ നടക്കുന്നതിനാൽ പത്താം തീയതി മുതൽ ഇരുപത്തഞ്ചാം തീയതി വരെ ഭക്തജനങ്ങൾ താഴെപ്പറയുന്ന സമയങ്ങളിൽ മാത്രം ക്ഷേത്രദർശനം നടത്തേണ്ടതാണ്.

ഷൂട്ടിങ്ങ്‌ നടക്കുന്നതിനാൽ ഈ മാസം മുഴുവൻ കല്യാണമണ്ഠപം ബുക്കിംഗ്‌ ഉണ്ടായിരിക്കുന്നതല്ല.

2മുതൽ 2.30 വരെ ഈ ബാങ്കിൽ യാതൊരു ഇടപാടുകളും നടത്തുന്നതല്ല.

ഇനിയും അനവധി ബോർഡുകൾ നിങ്ങളെ കാത്തിരുന്നേക്കാം.സീരിയലുകൾ എപ്പിസോഡിന്റെ എണ്ണമനുസരിച്ചും നിർമാതാക്കളുടെ പൈസ അനുസരിച്ചും, തീരുമെന്നും, ജീവിതം അതിന്റെ കൂടെ തീരില്ലെന്നും മനസ്സിലാക്കാൻ മലയാളിക്ക്‌ സമയമെവിടെ?

ഈശ്വരാ.... പറഞ്ഞ്‌ പറഞ്ഞ്‌ സമയം പോയതറിഞ്ഞില്ല . സീരിയൽ തുടങ്ങുമ്പോഴേക്കും തീർക്കാൻ കുറെ ജോലി ഉണ്ട്‌.