Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, June 25, 2006

സൌഹൃദം

സൌഹൃദം ഹൃദയത്തില്‍ നിന്നാണ് ആരംഭിക്കേണ്ടത്. എന്നും ഹൃദയത്തില്‍ത്തന്നെ നില്‍ക്കും. വാക്കുകളില്‍ നിന്ന് തുടങ്ങിയാല്‍ വാക്കുകളില്‍ത്തന്നെ ഒടുങ്ങിപ്പോകും.

സൌഹൃദം ഒരിക്കലും തെരഞ്ഞെടുപ്പാവരുത്. പത്രിക നല്‍കി, വോട്ട് ചെയ്ത്, വിജയിച്ച് ...

പരീക്ഷയും ആവരുത്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി, പ്ലസ് മാര്‍ക്ക് നേടി, മൈനസ് മാര്‍ക്ക് നേടി...

സൌഹൃദം പൂവുപോലെ ആവട്ടെ. മെല്ലെമെല്ലെ വിരിഞ്ഞ്, വലുതായി, കണ്ണുകള്‍ക്ക് ആനന്ദം നല്‍കി, സുഗന്ധം പരത്തി... വാടിപ്പോയാലും ഓര്‍മകളില്‍ ആ സുഗന്ധം നിലനിര്‍ത്തി...

സൌഹൃദം ഇപ്പോള്‍ പിറന്നുവീണ കുഞ്ഞിനെപ്പോലെ ആവട്ടെ. അതേ നിഷ്കളങ്കതയോടെ...

സുനാമി പൊലെ ആവാതിരിക്കട്ടെ. മുന്നറിയിപ്പില്ലാതെ വന്ന് നൊമ്പരം മാത്രം ബാക്കി വെച്ച് തിരിച്ച് പോകാതിരിക്കട്ടെ.

മഴ പോലെ ആവട്ടെ. കാത്തിരിപ്പിന്റെ ഒടുക്കം വന്ന് മനസ്സ് കുളിര്‍പ്പിച്ച്, ഇനിയും വരാമെന്ന പ്രതീക്ഷ നല്‍കി കടന്ന് പോകുന്ന മഴപോലെ...

മിഠായി പോലെ ആവരുത്. അലിഞ്ഞലിഞ്ഞ് തീരാതിരിക്കട്ടെ.

പാലുപോലെ ആവട്ടെ. അല്ലെങ്കില്‍ പാലിന്റെ വിവിധരൂപത്തില്‍. തൈരായി മധുരിച്ച് , മോരായി പുളിച്ച്, ലസ്സി ആയി വീണ്ടും മധുരിച്ച്.

സൌഹൃദം കിണറ്റിലെ വെള്ളം പോലെ ആവാതിരിക്കട്ടെ. മധുരമുണ്ടെങ്കിലും ഒരിടത്ത് തന്നെ നില്‍ക്കാതിരിക്കട്ടെ.

ഒഴുകുന്ന പുഴപോലെ ആവട്ടെ. കല്ലും മണ്ണും പാറയും മണലും, ചെടികളും ഒക്കെ സ്പര്‍ശിച്ച് ഒഴുകിക്കൊണ്ടേയിരിക്കട്ടെ.

സൌഹൃദം ഇടക്കാലമഴപോലെ ആവട്ടെ. അപ്രതീക്ഷിതമായി വന്ന് മനസ്സ് തണുപ്പിക്കട്ടെ.


എന്റെ സൌഹൃദം നീ ആവാതെ നിങ്ങള്‍ ആവട്ടെ.

നിന്റെ സൌഹൃദം ഞാന്‍ ആവാതെ ഞങ്ങള്‍ ആവട്ടെ.

Friday, June 23, 2006

ജാതകം

ഏടത്തി ഇനിയും ഒരുങ്ങിയില്ലേ?” വിമലയാണ്.

കണ്ണാടിയിലേക്ക്‌ വെറുതേ നോക്കി. മുഖം മാത്രം പ്രതിഫലിപ്പിക്കും. മനസ്സോ? മറ്റുള്ളവരുടെ മനസ്സില്‍ ആണ്‌‍ തങ്ങളുടെ മനസ്സ്‌ ശരിക്കും പ്രതിഫലിച്ചു കാണുക എന്ന് ആരോ പറഞ്ഞത്‌ ഓര്‍ത്തു. ഷീലയോ രാജിയോ. ഓര്‍ക്കുന്നില്ല.

"ഇനി മുടിയും കൂടെ ശരിയാക്കിയാല്‍ മതി. ഏടത്തി സുന്ദരി ആയി." അവള്‍ മുടി പിടിച്ച്‌ നേരെയാക്കാന്‍ തുടങ്ങി.

അതെ. സുന്ദരിയായിട്ട്‌ മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കുന്നത്‌ എത്രാമത്തെ തവണ ആണെന്നുകൂടെ മറന്നിരിക്കുന്നു. ആദ്യമൊക്കെ എണ്ണിയിരുന്നു. പിന്നെ ഒക്കാത്ത ഒരു ജാതകം ആണ് എല്ലാം മറക്കാന്‍ പഠിപ്പിച്ചത്‌. ഇഷ്ടമായീന്നു പറഞ്ഞുപോകുന്നവരുടെ പിന്നെയുള്ള അറിയിപ്പ്‌ ജാതകദോഷവുമായാണ് എത്തുന്നത്‌. അച്ഛന്‍ ഇടയ്ക്ക്‌ എടുത്ത്‌ ശ്രദ്ധിച്ച്‌ നോക്കുന്നത്‌ കാണാം. ജാതകക്കെട്ടുകള്‍. എല്ലാവരുടേയും. എവിടെയാണ് യോജിപ്പില്ലാത്തത്‌ എന്ന് ചിന്തിച്ചിട്ടുണ്ട്‌. ജാതകമോ സ്ത്രീധനമോ ഒക്കാതെ ഇരുന്നിട്ടുണ്ടാവുക എന്നും ചിന്തിച്ച്‌ നോക്കിയിട്ടുണ്ട്‌. അറിയാത്ത രണ്ടാള്‍ക്കാരെ ബന്ധിച്ച്‌ നിര്‍ത്തുന്ന കടലാസിലെ കുറച്ച്‌ വരികള്‍. അത്ഭുതം തോന്നാറുണ്ട്‌ പലപ്പോഴും. മനസ്സില്‍ ഒരു ഒത്തൊരുമ ആവശ്യം ഉണ്ടാവില്ലേന്ന്.

"ഇനി ആദ്യം ജാതകം നോക്കീട്ട്‌ മതി, കാണാന്‍ വരവ്‌ " എന്ന് മുത്തശ്ശി ഉറപ്പിച്ച്‌ പറഞ്ഞത്കൊണ്ടാണു ഇത്തവണ "ഒത്ത" ജാതകവുമായി വന്നിട്ടുള്ളത്‌. ജാതകം രക്ഷപ്പെട്ടു എന്ന് ഓര്‍ക്കുകയും ചെയ്തു.

"ഏടത്തീ ശരിയായി. വരൂ " വിമല കൈ പിടിച്ച്‌ വലിച്ചു.

“വരാം.”

തളത്തില്‍ എത്തിയപ്പോള്‍ അമ്മ ചായക്കപ്പുകള്‍ വെച്ച ട്രേ ഏല്‍പ്പിച്ചു. വിമല പലഹാരങ്ങളുമായി പിന്നാലെ വന്നു. എല്ലാവര്‍ക്കും ചായ കൊടുത്തു. ചോദ്യങ്ങള്‍ ആയി. പേര് പഠിപ്പ്‌, ജോലി.

വെറുതേ കുറച്ച്‌ ചോദ്യങ്ങള്‍. ഉത്തരങ്ങളും.

ജോലിയ്ക്ക്‌ എന്തായാലും പോകണമെന്നാണ് താല്‍പര്യം എന്ന് പറഞ്ഞതിനാണ് ഏതോ ഒരു ആലോചന തെറ്റിപ്പോയതെന്ന് മുത്തശ്ശി ഒരിക്കല്‍ പറഞ്ഞു. അതുകൊണ്ട്‌ പിന്നീട്‌ ജോലിയെപ്പറ്റി ചോദ്യം വന്നപ്പോഴൊക്കെ സൌകര്യമനുസരിച്ച്‌ ചെയ്യാം എന്ന മറുപടി ആണ് കൊടുത്തത്‌.

ഇന്റര്‍വ്യൂ തീര്‍ന്നിരിക്കുന്നു. വേഷവിധാനങ്ങളൊക്കെ മാറി അണിയാം.

"ഏടത്തീ, അവരൊക്കെ പോയി. ഇത്‌ നടക്കും എന്നാണു പറയുന്നത്‌".

നടക്കുമെങ്കില്‍ നടക്കട്ടെ. മനസ്സ്‌ എപ്പോഴേ ശൂന്യമായതാണ്.

ഒരാഴ്ച കഴിഞ്ഞാണ് തീരുമാനം വന്നത്‌. അവര്‍ക്ക്‌ വിമലയെ ആണ് താല്‍പ്പര്യം. അയാളുടെ ജോലിയും, ജീവിതരീതിയും, താമസസ്ഥലവും വെച്ച്‌ നോക്കുമ്പോള്‍ വിമലയാണത്രേ കൂടുതല്‍ അനുയോജ്യം. എല്ലാവരും കൂടെ ചര്‍ച്ച ചെയ്യുന്നിടത്ത്‌ നിന്ന് മുറിയിലെ ഏകാന്തതയിലേക്ക്‌ തിരിച്ച്‌ വരുമ്പോള്‍ കണ്ടു. അച്ഛന്റെ മേശപ്പുറത്ത്‌ ജാതകക്കെട്ട്‌. പാവം. എത്രയോ പഴി അത്‌ വെറുതേ കേട്ടിരിക്കുന്നു. അതിനും ജീവനുണ്ടാവുമോ എന്തോ? എന്നാല്‍ തീര്‍ച്ചയായും അത് ആശ്വസിച്ചിരിക്കും. തെറ്റ് തന്റേതല്ലെന്ന് എല്ലാവരും തിരിച്ചറിഞ്ഞതില്‍.

അത്ഭുതങ്ങളുടെ ആകെത്തുകയായ ജീവന്റെ ഗതി നിയന്ത്രിക്കുന്നത്‌ ഒരു കടലാസ്സിലെ കുറച്ച്‌ അക്ഷരങ്ങളും വരകളും ആണോ?

വിധി എഴുതിച്ചേര്‍ത്ത, എഴുതാനും മായ്ക്കാനും കഴിയാത്ത കുറിപ്പിനു മുന്നില്‍, ജാതകക്കുറിപ്പുകള്‍ വെറുതേ കിടന്നു.

Wednesday, June 21, 2006

വീണ്ടും മൌനം

കടല്‍ത്തിര കരയെപ്പുണരുന്ന പോലെ,

സൂര്യന്‍ രശ്മികള്‍ ചൊരിയുന്ന പോലെ,

പ്രണയം ഹൃദയത്തില്‍ ജ്വലിക്കുന്ന പോലെ,

നിശബ്ദത രാത്രിയെ പുല്‍കുന്ന പോലെ,

മൌനം വീണ്ടും എന്‍ മനസ്സിന്‍,

പടിപ്പുരവാതില്‍ കടന്നെത്തി.

വിലക്കുവാനായില്ല,

നിരസിക്കാനായില്ല,

മൌനം മഴയായ്‌ പെയ്തൂ,

മനസ്സില്‍ ലയിച്ചു ചേര്‍ന്നു.

Monday, June 19, 2006

നിന്റെ തല

ഏപ്രില്‍ മേയ്‌ മാസങ്ങളിലാണ്‌ പല മഹത്തായ സംഭവങ്ങളും അരങ്ങേറുന്നത്‌. വിഷു, മെഗാ-സൂപ്പര്‍സ്റ്റാര്‍ റിലീസുകള്‍, ഉത്സവങ്ങള്‍ എന്നിവ. ഇതുകൂടാതെ ഉള്ള കാര്യങ്ങള്‍ ഒന്ന് പരീക്ഷയും പിന്നൊന്ന് കല്യാണങ്ങളും ആണ്‌‍. ചിലര്‍ കല്യാണം, പരീക്ഷ പോലെ എടുക്കും. അങ്കലാപ്പില്‍ നടക്കും. ചിലര്‍ പരീക്ഷ കല്യാണം പോലെ എടുക്കും. ആര്‍മാദിച്ച്‌ നടക്കും. എന്റെ അച്ഛനും അമ്മയ്ക്കും, മോളു പഠിച്ച്‌ ജില്ലാകലക്ടര്‍ ആയിക്കാണണം എന്ന് ആഗ്രഹമില്ലാതിരുന്നതുകൊണ്ടും അവരുടെ മോള്‍, സിനിമാപോസ്റ്ററുകള്‍ വീക്ഷിക്കുന്ന നേരത്തിന്റെ അത്രയും ടൈം എങ്കിലും പുസ്തകങ്ങളിലും നോക്കണമെന്ന് മാത്രം കരുതിയത്‌ കൊണ്ടും പരീക്ഷകളൊന്നും എനിക്ക്‌ പരീക്ഷണങ്ങള്‍ അല്ലായിരുന്നു. എല്ലാ പരീക്ഷകളിലും നൂറും ഇരുന്നൂറും മുന്നൂറും ശതമാനം അടിച്ച്‌ ഇനിയും ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ കൊണ്ടുവാ എന്ന് പരീക്ഷകരെ വെല്ലുവിളിക്കുന്ന എന്റെ സഹോദരങ്ങള്‍ക്കും കസിന്‍ സഹോദരീ സഹോദരങ്ങള്‍ക്കും ഇടയില്‍ "അവളെക്കണ്ട്‌ പഠിയ്ക്ക്‌" എന്ന് നാട്ടുകാരെക്കൊണ്ട്‌ "പറയിപ്പിക്കാതെ” ഞാന്‍ പറമ്പിലെ മരങ്ങളേയും, മരക്കൊമ്പുകളേയും, പക്ഷിമൃഗാദിഉറുമ്പുകളേയും സ്നേഹിച്ച്‌ ജീവിച്ച്‌ പോന്നു.

അങ്ങനെ ഡിഗ്രിപ്പരീക്ഷയും ബസ്‌സമരവും സയാമീസ്‌ ഇരട്ടകളായി ജനിച്ചു. സമരം കാരണം പരീക്ഷ നീട്ടിയിരുന്നെങ്കില്‍ നാലുബുക്കു കൂടെ കരണ്ട്‌ തിന്നാമായിരുന്നു എന്ന് വിചാരിക്കുന്ന പഠിപ്പിസ്റ്റുകള്‍ക്കും, സമരം കാരണം പരീക്ഷയേ ഇല്ലായിരുന്നെങ്കില്‍, എന്ന് പ്രാര്‍ത്ഥിച്ചിരുന്ന ഉഴപ്പിസ്റ്റുകള്‍ക്കും ഇടയില്‍ ദൈവത്തെപ്പോലെ നിസ്സംഗയായി ഞാന്‍ നിലകൊണ്ടു.

ഹാള്‍ ടിക്കറ്റ്‌ വാങ്ങുന്ന ദിനം വന്നു. ചേച്ചിയ്ക്ക്‌ അകമ്പടി സേവിക്കാന്‍ നറുക്ക്‌ വീണത്‌ സഹോദരിയ്ക്ക്‌ തന്നെ ആയിരുന്നു. ഉറുമ്പ്‌ തൊട്ട്‌ ഉടുമ്പ്‌ വരേയും, മൈന തൊട്ട്‌ ചൈന വരേയും, ലാലേട്ടന്‍ തൊട്ട്‌ "കാലേ"ട്ടന്‍ വരേയും ഉള്ള എന്തിനെപ്പറ്റിയും വാചാലയാകുന്ന ചേച്ചിയ്ക്ക്‌ അകമ്പടി സേവിക്കാന്‍ കിട്ടുന്നത്‌ രാജ്യസഭയിലേക്ക്‌ നോമിനേഷന്‍ കിട്ടുന്നപോലെയാണ്. അതുകൊണ്ട്‌ അവള്‍ക്ക്‌ നറുക്ക്‌ വീണതില്‍ നിരാശപ്പെട്ട്‌ , ഒരിക്കല്‍ ഞങ്ങള്‍ക്കും നറുക്ക്‌ വീഴും എന്നാശ്വസിച്ച്‌ നില്‍ക്കുന്ന ബാക്കി കസിന്‍സിന്റെ മുന്നില്‍ക്കൂടെ ആദ്യമായി വിദേശപര്യടനത്തിനു ഇറങ്ങുന്ന ദമ്പതികളെപ്പോലെ ആഹ്ലാദവും ആശങ്കയും ഒരുമിച്ച്‌ ഉള്ളില്‍ വെച്ച്‌ ഇറങ്ങി.

ബസ്‌ കിട്ടുമോന്ന് അറിയില്ലല്ലോ. വരുന്നിടത്ത്‌ വെച്ച്‌ ഓടാം എന്നല്ലാതെ എന്ത്‌ പറയാന്‍. ബസ്‌ സ്റ്റോപ്പിലെത്തി. കുറച്ച്‌ നേരത്തെ കാത്തിരിപ്പിനു ശേഷം ഒരു ബസ്‌ വന്നു. അതിന്റെ ഉള്ളിലേക്ക്‌ നോക്കിയപ്പോള്‍ അപൂര്‍വ്വം കാണുന്ന, വിദേശികള്‍ പുറകില്‍ തൂക്കിയിടുന്ന ബാഗ്‌ ആണ്‌‍ എനിക്കോര്‍മ്മ വന്നത്‌. ഈ ലോകത്തുള്ള സകലമാനവസ്തുക്കളും കുത്തിനിറച്ച ഒരു സാധനം. ബസും അതുപോലെ തന്നെ. നീ കയറുമെങ്കില്‍ ഞാനും കയറണമല്ലോ എന്ന ഭാവത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കി. കിളി ആണെങ്കില്‍, മിസ്സുകളേ നിങ്ങള്‍ കേറാന്‍ താമസിച്ചാല്‍ അടുത്ത സ്റ്റോപ്പിലുള്ള ആള്‍ക്കാര്‍ ‘മിസ്സ്‌’ ആകും എന്ന മട്ടില്‍ തിരക്കിത്തുടങ്ങി. കിളി പുറത്തിറങ്ങി നിന്ന് അകത്തേക്ക്‌ ‘ഗെറ്റ്‌ ഔട്ട്‌ ’ അടിച്ചു. ഇസ്തിരിക്കാരന്‍ അടുക്കിവെച്ച്‌ നടുവില്‍ നിന്ന് വലിക്കപ്പെടുന്ന ഡ്രെസ്സുകളെപ്പോലെ കുറേ ആള്‍ക്കാര്‍ ഓരോ സ്റ്റോപ്പ്‌ വരുമ്പോഴും ഇറങ്ങിപ്പോകുന്നു. അതിലും കൂടുതല്‍ ആള്‍ക്കാര്‍ ഭഗവാന്റെ മേല്‍ വീഴുന്ന പൂവുപോലെ വന്ന് ഞങ്ങളുടെയൊക്കെ മേലു വീഴുന്നുമുണ്ട്‌.

അങ്ങനെ അതിനകത്ത്‌ കിടന്ന് മണ്‍ചട്ടിയിലിട്ട മലരുപോലെ പൊരിയുന്ന സമയത്ത്‌ ഒന്ന് പുറകോട്ട്‌ നോക്കിയപ്പോഴാണ്‌ കീറിയ ഓലമറയ്ക്കുള്ളില്‍ക്കൂടെ വരുന്ന പ്രകാശം പോലെ രണ്ടുകണ്ണുകള്‍ എന്നെ നോക്കുന്നത്‌ കണ്ടത്‌. ഞാന്‍ നോക്കിയതും ആ കണ്ണിന്റെ സോള്‍ പ്രൊപ്രൈറ്റര്‍, ദമയന്തിയെക്കണ്ട നളനെപ്പോലെ പുഞ്ചിരിച്ചു. അവന്റെ വേഷം കണ്ടിട്ട്‌ എനിക്കൊരു തകരാറും തോന്നിയില്ല. അടിപൊളി തന്നെ. ഇനി അവന്റെ തലയ്ക്കുള്ളിലെ മിക്സിയുടെ വാഷര്‍ കേടായിട്ട്‌ തിരിയാത്തതാണോ ഈശ്വരാ എന്ന് ഞാന്‍ ചിന്തിച്ചു. പരീക്ഷ, ബസ്‌ സമരം, ഉത്സവങ്ങള്‍ , ലാലേട്ടന്റെ വിഷു റിലീസുകള്‍ എന്നിങ്ങനെ പലതുംകൊണ്ട്‌ , സര്‍ക്കാരാഫീസിലെ പൊടിപിടിച്ച ഷെല്‍ഫുപോലെ കുഴഞ്ഞ്‌ മറിഞ്ഞ്‌ കിടക്കുന്ന മനസ്സില്‍ അവനും ഡൌണ്‍ലോഡ്‌ ആയി. അവനെ എന്റെ മെമ്മറിയിലെ അഡ്രസ്സ്‌ ബുക്കില്‍ സേര്‍ച്ചിനിട്ടു. ബസിലും റെയില്‍വേസ്റ്റേഷനിലും, ഷോപ്പിങ്ങ്‌ കോമ്പ്ലക്സുകളിലും ഒന്നും വെച്ച്‌ പെണ്ണറിയാതെ പെണ്ണ് ‍ കാണുന്ന പരിപാടി ഞങ്ങളുടെ കുടുംബത്തില്‍ ഇല്ലാത്തതുകൊണ്ട്‌ അതിനും ചാന്‍സ്‌ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ബസ്‌ അവിടെ നിര്‍ത്തിച്ചേനെ. പിന്നെ എന്ത്‌ പരീക്ഷ? എന്ത്‌ ഹാള്‍ട്ടിക്കറ്റ്‌?

ഞാന്‍ അനിയത്തിയോട്‌ പറഞ്ഞില്ല. അവളു പരിഭ്രമിച്ച്‌, ഞാന്‍ പരിഭ്രമിച്ച്‌, ഒക്കെ ആയാല്‍ അതൊരു മെഗാസീരിയസ്‌ ആയിപ്പോകും. ഒരുവിധത്തിലും സേര്‍ച്ചിയിട്ടും അവനെ എനിക്ക്‌ മനസ്സിലായില്ല. അവന്റെ മുഖത്ത്‌ കണ്ട പുഞ്ചിരി എന്റെ മനസ്സിലിട്ട്‌ ഫില്‍ ഇന്‍ ദ ബ്ലാങ്കസ്യ എന്ന മട്ടില്‍ ഞാന്‍ നിന്നു. ഭഗവാനു പാര ആയ ( ഭഗ്‌വാന്‍ കോ പ്യാരാ ഹോഗയാ എന്ന് രാഷ്ട്രഭാഷ ഹേ) അവന്റെ ഏതെങ്കിലും സ്വന്തക്കാരുടെ ഛായ എന്റെ മുഖത്ത്‌ ദര്‍ശിച്ച്‌ പ്രേതത്തെ കണ്ടപോലെയുള്ള ഒരു പുഞ്ചിരിയല്ലേ ഞാന്‍ കണ്ടത്‌ എന്നൊരു വഴിത്തിരിവില്‍ ഞാന്‍ എത്തിച്ചാരിനിന്നു. ആ സഹതാപതരംഗത്തില്‍പ്പെട്ട്‌ ബസ്‌ പാസിലെ ഫോട്ടോ അവന്റെ വീട്ടില്‍ മാലയിട്ട്‌ തൂക്കാന്‍ കൊടുക്കാന്‍ വരെ എന്റെ ലോലഹൃദയം തയ്യാറായി. ഏതോ ഒരു വീടിന്റെ ചുമരില്‍ ഫോട്ടോയില്‍ മാലയുമിട്ട്‌ കിടക്കുന്ന രംഗം മനസ്സിലോര്‍ത്ത്‌ എനിക്ക്‌ രോമാഞ്ചം വന്നു. കണ്ണും മൂക്കും തുടയ്ക്കാന്‍ കൈ ഒഴിവില്ലാത്തതുകൊണ്ട്‌ കരച്ചിലിനു ഞാന്‍ അവധി കൊടുത്തു.

അങ്ങനെ ഓവനിലിരിക്കുന്ന ബട്ടര്‍ ബിസ്ക്കറ്റുപോലെ പാകം വന്ന്, പെട്ടിയില്‍ പൂട്ടിക്കിടന്ന അവാര്‍ഡ്‌ പടം വിതരണക്കാരനെക്കിട്ടി റിലീസ്‌ ആവുന്നത്‌ പോലെ ഞങ്ങള്‍ ബസില്‍ നിന്നും പുറത്തെത്തി വെളിച്ചം കണ്ടു. ആശ്വസിക്കുമ്പോഴേക്കും ശ്വാസം നിന്നു. പിന്നില്‍ ദേ അവനും ഇറങ്ങിയിട്ടുണ്ട്‌. നേരെ വന്ന് " എന്താ കോളേജൊന്നും ഇല്ലല്ലോ. ബസ്‌ സമരമായിട്ട്‌ എങ്ങോട്ടിറങ്ങിയതാ " എന്ന് ചോദിച്ചു. അതു കേട്ടതും കളരിപരമ്പരദൈവങ്ങളേയും മറ്റുള്ള ദൈവങ്ങളെയും ഒന്നും ഓര്‍ത്ത്‌ സമയം പാഴാക്കാന്‍ നില്‍ക്കാതെ “നിന്റെ തലയിലേക്ക്‌" എന്ന് പറഞ്ഞു. അവന്‍ ശരിക്കും ഞെട്ടി. ബസ്‌ സ്റ്റോപ്പില്‍ നിന്ന് കോളേജിലേക്ക്‌ കുറച്ച്‌ ദൂരം ഉണ്ട്‌. ഞങ്ങള്‍ വേഗം ഓട്ടോയില്‍ കയറി. അവള്‍ ചോദിച്ചു ആരാ അയാള്‍ , നിന്റെ തല എന്നു പറഞ്ഞത്‌ എന്തിനാ എന്ന്. ഞാന്‍ സംഭവം പറഞ്ഞു. ഹാള്‍ട്ടിക്കറ്റും വാങ്ങി മടങ്ങി.

പരീക്ഷ തുടങ്ങി. അവസാന ദിവസം ആയി. അന്ന്, പരീക്ഷ കഴിഞ്ഞില്ലേ, ബസ്‌ സ്റ്റോപ്പ്‌ വരെ നടക്കാം എന്ന് എല്ലാവരും കൂടെ തീരുമാനിച്ചു. നടന്ന് ബസ്‌ സ്റ്റോപ്പിനടുത്ത്‌ എത്താറായപ്പോള്‍ പുതുതായി തുടങ്ങിയ ഒരു കടയില്‍ അവന്‍! ഇനി ബസ്‌ വരുന്നതുവരെ അവന്റെ കഥ പറയാം എന്ന് വിചാരിച്ച്‌ ഞാന്‍ വായ തുറന്നപ്പോഴേക്കും ഒരു കൂട്ടുകാരി പറഞ്ഞു, ആ നില്‍ക്കുന്നത്‌ അവളുടെ ഒരു ബന്ധു ചേട്ടന്‍ ആണെന്ന്. എഴുതിയ പരീക്ഷ ഒന്നുംകൂടെ നടത്തും എന്ന് കേട്ടാല്‍പ്പോലും ഞെട്ടാത്ത ഞെട്ടല്‍ ഞാന്‍ ഞെട്ടി. അവന്‍ ഞങ്ങളെ ഒരുമിച്ച്‌ കണ്ടിട്ടുണ്ടാവും. അതായിരിക്കും ലോഗ്യം പറയാന്‍ വന്നത്‌ എന്ന് എനിക്കു മനസ്സിലായി. ഞാന്‍ അവളോട്‌ പറഞ്ഞു അവനെ കണ്ട കാര്യവും തര്‍ക്കുത്തരം പറഞ്ഞ കാര്യവും.

പിന്നെപ്പിന്നെ ആരു ചിരിച്ചാലും ഞാന്‍ ഐഡി തപ്പിയെടുക്കാതെ ആയി. മറ്റുള്ളവര്‍ക്ക്‌ വെറുതേ കൊടുക്കാന്‍ കഴിയുന്ന നമ്മുടെ പക്കലുള്ള വിലയുള്ള ഒന്നാണു പുഞ്ചിരി എന്ന് മനസ്സിലാക്കി. തര്‍ക്കുത്തരം ഇല്ലാതെ ഉത്തരങ്ങളും നല്‍കിത്തുടങ്ങി.


(ഈ പോസ്റ്റ് , ഈ ബ്ലോഗ് വായിക്കുന്ന, അച്ഛമ്മ മുതല്‍ 4 വയസ്സുകാരന്‍, എന്റെ കസിന്റെ മകന്‍ അപ്പു വരെയുള്ള, ഒരുപാട് പേരുള്ള, സ്നേഹം നിറഞ്ഞ എന്റെ അച്ഛന്‍ വീട്ടുകാര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു )

Sunday, June 18, 2006

നന്ദിപ്രകടനം.

കനലില്‍ ഒരു മിന്നാമിനുങ്ങ്‌.

മഴ പെയ്യാന്‍ പ്രാര്‍ത്ഥിച്ചു.

മഴ വന്നു കനല്‍ കെട്ടു.

മിന്നാമിനുങ്ങിന്റെ ആത്മഗതം ഉച്ചത്തില്‍ ആയി.

ദൈവം കേട്ടു.

"ഹോ.. എന്തൊരു നശിച്ച മഴ."

Friday, June 16, 2006

ഈറ്റക്കുരുവികള്‍

ക്കരെക്കാട്ടിലെ

ലിന്റെ കൊമ്പത്ത്

ത്തിരിപ്പോന്നൊരു പുല്‍ക്കൂട്ടില്‍

റ്റക്കുരുവികള്‍ പാര്‍ത്തിരുന്നു.

ണ്ടും ഉറങ്ങിയും

ഞ്ഞാലാടിയും കാഴ്ചകള്‍ കണ്ട് രസിച്ചു പോന്നു.

തുക്കള്‍ മാറീ, വേനല്‍ വര്‍ഷമായ്

ന്തെല്ലാമെന്തെല്ലാം മാറിവന്നൂ, അവര്‍

തോ കിനാവില്‍ ലയിച്ചു വാണു.

Wednesday, June 14, 2006

ചേട്ടന്‍ തിരക്കിലാണ്!

തിരക്കാ തിരക്കാ...ന്നു മാത്രം ഒരു മന്ത്രമുണ്ട്‌ ചിലപ്പോള്‍. ഫുട്ബോള്‍ തുടങ്ങിയതില്‍പ്പിന്നെ ഒരു തിരക്കും ഞാന്‍ കണ്ടിട്ടില്ല. വൈകുന്നേരം വേഗം വരുന്നു. ചായയൊക്കെ കുടിച്ച്‌ പെണ്ണ്‌‍ കാണാന്‍ ചെറുക്കന്‍ വീട്ടുകാര് വരുന്നത്‌ പോലെ പ്രതീക്ഷയില്‍ ഇരിക്കുന്നു. മാച്ച് തുടങ്ങിയാല്‍പ്പിന്നെ ദിനോസര്‍ (ഞാന്‍ അല്ല) വന്ന് മുന്നില്‍ നിന്നാല്‍പ്പോലും ‘ഒന്നങ്ങോട്ട്‌ മാറി നില്‍ക്കുന്നുണ്ടോ’ എന്ന് ചോദിക്കും. അങ്ങനെ ഉക്രെയിനും സ്പെയിനും കളി തുടങ്ങി. ഞാന്‍ അടുക്കളയില്‍ പാചകത്തിരക്കില്‍ ആയിരുന്നു. ഇടയ്ക്ക്‌ റെയിഞ്ച്‌ വന്ന മൊബൈലു പോലെ ഓരോന്നൊക്കെ കേള്‍ക്കാം. അതു ടി.വി യില്‍ പരസ്യം വരുമ്പോള്‍ ചാനല്‍ മാറ്റി വെച്ച്‌ എന്നോട്‌ മിണ്ടിയേക്കാം എന്ന് കരുതുന്നതാണ്. ഇടയ്ക്കിടയ്ക്ക്‌ ‘അയ്യെ ഛെ, പിന്നെ പാമ്പ്‌ ചീറ്റുന്നത്‌ പോലെ ശ്ശ്ശ്‌... എന്നൊക്കെ കേള്‍ക്കാം. കേട്ടാല്‍, മാച്ചിനിറങ്ങിയവരുടെ കോച്ച്‌ ;) ഇയാള്‍ ആണെന്നു തോന്നും. പഠിപ്പിച്ച്‌ അങ്ങോട്ട്‌ വിട്ടിരിക്കുകയല്ലേ കളിക്കളത്തിലേക്ക്‌.

പാചകം കഴിഞ്ഞ്‌ കുറച്ച്‌ ടി.വി യിലേക്ക്‌ കണ്ണും നട്ട്‌ ഇരുന്നു. മരുഭൂമിയിലെ മഴ പോലെ, ചാനല്‍ മാറ്റുമ്പോള്‍ മറ്റു ചാനലില്‍ കിട്ടുന്ന പരസ്യങ്ങളിലും നോക്കി ഇരുന്നു. കുറച്ച്‌ കഴിഞ്ഞ്‌, ഇന്ന് അത്താഴം നേരത്തെ ആയേക്കാം എന്നു കരുതി ഒക്കെ ചൂടോടെ കൊണ്ടുവെച്ചു. വെക്കുമ്പോള്‍ ‘അങ്ങോട്ട്‌ നില്‍ക്ക്‌, മുന്നില്‍ നില്‍ക്കാതെ’ എന്നൊക്കെ പറഞ്ഞു. ഞാന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എന്നിട്ടും അനങ്ങുന്നില്ല. ഭക്ഷണം തൊടാന്‍ ഭാവമില്ല. ഈ ഫുട്ബോള്‍ ഉണ്ടെങ്കില്‍ മനുഷ്യര്‍ക്ക് ഭക്ഷണം വേണ്ടി വരില്ലെങ്കില്‍ എന്നും ഫുട്ബോള്‍ ആയാല്‍ ഇവിടെ പട്ടിണി പട്ടിണി എന്ന് പറയേണ്ടി വരില്ലല്ലോ എന്ന് പോലും ഞാന്‍ സംശയിച്ചു. അതിനിടയ്ക്കാണു അതുണ്ടായത്‌. ‘ശ്ശോ’ എന്നൊരൊച്ച ‌ കേട്ടു. " ഒക്കെ നശിപ്പിച്ചു. ഗോളി ഇങ്ങോട്ട്‌ കയറി വന്നത്‌ കണ്ടില്ലേ, ഇപ്പോള്‍ ഗോളടിച്ചിരുന്നെങ്കിലോ, മറ്റേയാള്‍ വീണ് തടുത്തത്‌ കൊണ്ട്‌ രക്ഷപ്പെട്ടു. ഒരു ശ്രദ്ധയും ഇല്ല". ഞാന്‍ ശ്രദ്ധിച്ചു നോക്കി. ഇല്ല. വീട്ടിലേയോ, ഞങ്ങളുടെ ബന്ധുക്കളുടേയോ, നാട്ടുകാരുടേയോ, എന്തിനു ഒരു ഇന്ത്യക്കാരന്റെ പൊടിപോലും ഇല്ല ആ ടീമില്‍. എന്നിട്ടും എന്റെ ചേട്ടന് എന്തൊരു അര്‍പ്പണബോധം. ഞാന്‍ പറഞ്ഞു “അതെ ഒരു ഗോള്‍ അടിച്ചിരുന്നെങ്കില്‍ ഇപ്പോ എന്തായേനെ?” കുറച്ചെങ്കിലും, ഒരു മിനുട്ട്‌ നേരമെങ്കിലും (റീകാപ്പ്‌ കാണിക്കുന്ന ) ചാനലില്‍ നിന്ന് കണ്ണ് ‍ മാറ്റി മുന്നിലുള്ള ഭക്ഷണത്തില്‍ നോക്കിയേനെ എന്ന് മനസ്സില്‍ വിചാരിച്ചു. റീകാപ്പൊക്കെ കാണിച്ചു. അപ്പോള്‍ അടിക്കാതെ മിസ്സ്‌ ആയ ഒരു ഗോളിനെപ്പറ്റി, രണ്ടു പക്ഷത്തും ചേര്‍ന്ന് ആവേശം കൊണ്ടതല്ലാതെ ഭക്ഷണത്തിലേക്ക്‌ ഒരു വലം കണ്ണു പോലും നട്ടില്ല. ഞാന്‍ ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ്‌ കൈകഴുകി മുന്നിലുള്ള ഭക്ഷണം എടുത്ത്‌ അടുക്കളയില്‍ കൊണ്ടു വെച്ചു. ആ ഭക്ഷണം അടുത്ത ജന്മം ഫുട്ബോള്‍ ആയി ജനിക്കണേയെന്ന് പ്രാര്‍ത്ഥിച്ചിരിക്കും, അത്രയ്ക്ക്‌ ആവേശമല്ലേ കാണിച്ചത്‌. ഫുട്ബോള്‍ കഴിഞ്ഞു ആവേശം ഇറങ്ങിയപ്പോള്‍ വിശപ്പ്‌ കയറി.

"ഇവിടെ വെച്ചിരുന്നല്ലോ എവിടെ?” എന്ന് ചോദിച്ചു.

“അടുക്കളയില്‍ കൊണ്ടുവെച്ചു”.

“അതെന്തിന് ? ഇവിടെ വെച്ചാല്‍ മതിയായിരുന്നല്ലോ”.

“അതെ അതു മതിയായിരുന്നു. വര്‍ഷങ്ങളോളം പ്രാക്റ്റീസ്‌ ചെയ്ത്‌ വിജയിച്ച്‌ കളിക്കളത്തില്‍ എത്തിയ ടീമിനെ വിമര്‍ശിച്ച ആള്‍ക്ക്‌ അടുക്കളയില്‍ ഉള്ള ഭക്ഷണം എടുത്തുകൊടുക്കാന്‍ വേറെ ആള്‍ വേണം. ഇത്രേം മടി ഉള്ളതുകൊണ്ടാവും ഇന്ത്യ ഫുട്ബോള്‍ വേള്‍ഡ്‌ കപ്പ്‌ ടി. വിയിലും ഫോട്ടോയിലും മാത്രം കാണുന്നത്. ”

പിന്നെ ഒന്നും കേള്‍‍ക്കാന്‍ നിന്നില്ല. പോയി ഭക്ഷണം എടുത്തുകൊണ്ട്‌ വന്ന് കഴിച്ചു. അടുത്തത്‌ തുടങ്ങുമ്പോളേക്കും കഴിച്ച്‌ പിന്നേം ഇരിക്കണ്ടേ. കഴിച്ച് കഴിഞ്ഞ് വീണ്ടും അതിനുമുന്നില്‍ ഇരിക്കുമ്പോള്‍ എന്നോട് പറഞ്ഞു

“അഥവാ ഞാനുറങ്ങിപ്പോയാല്‍ പന്ത്രണ്ടരയ്ക്ക് വിളിക്കണേ, ജര്‍മനിയുടെ കളിയാ.”

“ഒലക്കേടെ മൂട് ” എന്ന് ആദ്യം പ്രയോഗിച്ചത് ആരാണാവോ? ആ മഹാന്‍ അല്ലെങ്കില്‍ മഹതി എത്ര ക്ഷമ കാട്ടിക്കാണും?

ഓം ഫുട്ബോളായ നമഃ

Tuesday, June 13, 2006

സമ്മാനം

രാമൂ ...

വിളി കേട്ടതും രാമു ഓടിച്ചെന്നു. ഓപ്പോള്‍ വായിച്ചുകഴിഞ്ഞാല്‍ ബാലരമ കിട്ടും രാമുവിനു ചിത്രം നോക്കാന്‍. രാമുവിനെ കഥകളൊക്കെ വായിച്ചു കേള്‍പ്പിക്കുന്നത്‌ ഓപ്പോളാണ്. പക്ഷേ ഓപ്പോളുടെ വിശദമായ വായന ആദ്യം കഴിയും. പിന്നെ സൌകര്യം പോലെ രാമുവിനു വായിച്ചു കൊടുക്കും. അതാണ് പരിപാടി.

ഓപ്പോള്‍ എന്തോ നീട്ടി. "ഇന്നാ രാമൂ, ബാലരമക്കാരുടെ സമ്മാനം ആണ്. മുഖം മൂടി."

“ഇതെന്തിനാ ഓപ്പോളേ?”

“ഇത്‌ മുഖം മറച്ച്‌ വെക്കാനാ. പിന്നെ നമ്മള്‍ എന്ത്‌ ചെയ്താലും ആരും നമ്മളെ തിരിച്ചറിയില്ല.” രാമുവിന്റെ മുഖത്ത്‌ മുഖംമൂടിവെച്ച്‌ അതിന്റെ ചരട്‌ പിന്‍കഴുത്തില്‍ കെട്ടിക്കൊടുക്കുന്നതിടയ്ക്ക്‌ ഓപ്പോള്‍ പറഞ്ഞു.

ഓപ്പോള്‍ പറഞ്ഞു തീര്‍ന്നതും രാമു ചോദിച്ചു.

"അമ്മ പറഞ്ഞിട്ടുണ്ടല്ലോ ദൈവത്തെ മറച്ച്‌ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന്. അപ്പോള്‍ ഇതുവെച്ചാല്‍ ദൈവവും തിരിച്ചറിയില്ലേ ഓപ്പോളേ?”

ഓപ്പോള്‍ ഒന്നും മിണ്ടിയില്ല.

ചില ചോദ്യങ്ങള്‍ അങ്ങനെയാണ്.

ഉത്തരങ്ങള്‍ പറയാന്‍ കിട്ടില്ല.

മറുചോദ്യം പോലും ചോദിക്കാനും ഉണ്ടാകില്ല.

Monday, June 12, 2006

വിശ്രമം

ചുറ്റുമുള്ള ബഹളങ്ങളുമായി പൊരുത്തപ്പെടാന്‍ അയാള്‍ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. ഇരുപത്തിയേഴുവര്‍ഷത്തെ പ്രവാസജീവിതം. നാട്ടില്‍ നിന്നു പോയപ്പോള്‍ പറിച്ചുനടല്‍ എന്ന് തോന്നിയില്ല. ജോലി അത്യാവശ്യമായതിനാല്‍ അതിനെക്കുറിച്ച്‌ മാത്രമേ ചിന്തിക്കാന്‍ കഴിഞ്ഞുള്ളൂ. വലിയവരുടെ ഉപദേശം ഒന്നുമാത്രമായിരുന്നു ധൈര്യം. വീട്‌, നാട്‌, വീട്ടുകാര്‍ , ബന്ധുക്കള്‍, കൂട്ടുകാര്‍... കണ്ണികള്‍ ഓരോന്ന് അറ്റുപോകുന്നതിനനുസരിച്ച്‌ പുതിയ കണ്ണികള്‍ വന്നു ചേര്‍ന്നു കൊണ്ടിരുന്നു. ഒരു ജോലിയില്‍ നിന്ന് വേറൊന്നിലേക്ക്‌. ദുഃഖവും സന്തോഷവും വേനലും വര്‍ഷവും പോലെ മാറിമാറിവന്നു. അലച്ചിലും പരാതിയും ഓരോ ഘട്ടത്തിലും കൂടെ വന്നു. സ്വപ്നങ്ങള്‍ മാത്രം എന്നും പുഷ്പിച്ചു നിന്നു. മങ്ങലില്ലാതെ, മറഞ്ഞുപോകാതെ. അതിനെയെത്തിപ്പിടിക്കാനുള്ള വ്യഗ്രതയിലാവും ജീവിതവും മുന്നോട്ട്‌ കുതിച്ച്കൊണ്ടിരുന്നത്‌. ഇനി വിശ്രമം... ശരീരം അനുകൂലിച്ച്‌ ഇരുന്നു കഴിഞ്ഞു. പക്ഷെ മനസ്സു പിണങ്ങി നില്‍ക്കുന്നു. സ്വപ്നങ്ങളോ? അതിനെത്തഴഞ്ഞ്‌ വിശ്രമിക്കാന്‍ പറ്റുമോ?

പിറന്ന മണ്ണില്‍ തിരിച്ചെത്തിയിട്ട്‌ ഒരാഴ്ചയേ ആയുള്ളൂ. മക്കളും കൊച്ചുമക്കളും വീട്ടുകാരും, ബന്ധുക്കളും, പിന്നെ കൂട്ടുകാരും ... എല്ലാവരുടേയും കൂട്ടത്തില്‍ നില്‍ക്കുമ്പോഴും എന്തോ ഒരു അപരിചതത്വം. മനസ്സ്‌ ഒറ്റയ്ക്കൊരു താവളം തേടുന്നത്‌പോലെ. പ്രവാസജീവിതത്തിന്റെ പുറന്തോട്‌ പൊട്ടിച്ച്‌ വരുന്നവര്‍ക്കൊക്കെ അനുഭവപ്പെടാറുണ്ടോ ആവോ? സമ്മാനങ്ങള്‍ പങ്കുവെച്ചും, പൊട്ടിച്ചിരിച്ചും ഒക്കെ വീട്ടിലെ മൂകതയെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ്‌‍ എല്ലാവരും. പതുക്കെപ്പതുക്കെ താനും ആ ജീവിതത്തോട് അലിഞ്ഞ് ചേരുമായിരിക്കും.

ഒരുപാട് ഓര്‍മകള്‍ ഒരുമിച്ചെത്തി അയാളില്‍ അഭയം കണ്ടെത്തിക്കൊണ്ടിരുന്നു. മനസ്സുണര്‍ന്ന് ഓര്‍മകളെ സ്വാഗതം ചെയ്തെങ്കിലും അയാള്‍ ഉറക്കത്തിലേക്ക്‌ പൊയ്ക്കൊണ്ടിരുന്നു. ബഹളം നേര്‍ത്ത്‌ വന്നു. വീട്‌ മൂകതയുടെ കൂടാരം ആയപ്പോഴേക്കും അയാള്‍ അഗാധമായ ഉറക്കം ആയിരുന്നു. ഇളം കാറ്റ്‌ വന്ന് തഴുകിക്കടന്ന് പോയി. അയാള്‍ മനസ്സിനും ശരീരത്തിനും ജീവനും എന്നെന്നേക്കുമായി വിശ്രമം കൊടുത്തത്‌ അറിഞ്ഞപോലെ. അയാളുടെ സ്വപ്നങ്ങള്‍ വീതിച്ച്‌ നല്‍കാന്‍ സ്വന്തമാക്കുന്നത്‌ പോലെ.

Saturday, June 10, 2006

എന്റെ കൊച്ച് കൊച്ച് സംശയങ്ങള്‍

ചിതയില്‍ കത്തിയെരിയുമ്പോള്‍ മനസ്സ്‌ പൊള്ളുമോ ആത്മാവ്‌ പൊള്ളുമോ?

സിംഹം രാജാവാണെങ്കില്‍ വലയില്‍ കുടുങ്ങിയപ്പോള്‍ രക്ഷിച്ച എലി മഹാരാജാവാണോ?

മൌനം മണ്ടനും വിദ്വാനും ഒരുപോലെ ഭൂഷണമായാല്‍ മിണ്ടുന്നവരെ എന്തു വിളിക്കും?

ദൈവം എല്ലായിടത്തും ഉണ്ടെന്നു പറയുന്നു. ദുഷ്ടന്മാരും. അപ്പോള്‍ ദൈവങ്ങള്‍ ആണോ
ദുഷ്ടന്മാര്‍ ?

മുയല്‍ ഉറങ്ങിപ്പോയതുകൊണ്ടാണല്ലോ ആമ പന്തയത്തില്‍ ജയിച്ച കഥ ഉണ്ടായത്‌. ഉറങ്ങാതെ ഇരുന്നെങ്കില്‍ മുയല്‍ ജയിച്ച കഥ ആരെങ്കിലും പറയുമായിരുന്നോ?

പാപി ചെല്ലുന്നിടം പാതാളം എന്ന് പറയുമ്പോള്‍ മഹാബലി പാപി ആയിരുന്നോ?

ഇക്കരെനിന്നാല്‍ അക്കരപ്പച്ച എന്നു പറയുമ്പോള്‍ ഇക്കരെ എന്തായിരിക്കും കളര്‍?

മനസ്സിലുള്ളത്‌ മനോരമയില്‍ ഉണ്ടെങ്കില്‍ ചിലരൊക്കെ മനോരമ വായിക്കുന്നവരുടെ മുഖത്ത്‌ എങ്ങനെ നോക്കും?

ആനയും ഉറുമ്പും കൂട്ടുകാരാണെന്ന് കഥയുണ്ടല്ലോ. മനുഷ്യരില്‍ ഇത്രേ വലിപ്പവും ഇത്രേം ചെറുപ്പവും ഉള്ളവര്‍ കൂട്ടുകാരാവുമോ? അപ്പോള്‍ മൃഗങ്ങളാവുന്നതാണോ നല്ലത്‌?

ബുദ്ധി വീതിച്ച്‌ നല്‍കുമ്പോള്‍ ദൈവം സീരിയലു കാണുകയായിരുന്നതാണോ ചിലര്‍ക്ക്‌ ബുദ്ധിയും, ചിലര്‍ക്ക് മന്ദബുദ്ധിയും, ചിലര്‍ക്ക്‌ അതിബുദ്ധിയും, ചിലര്‍ക്ക്‌ കുബുദ്ധിയും കിട്ടാന്‍ കാരണം?

Thursday, June 08, 2006

സംഗീതമേ ജീവിതം

സംഗീതം മനുഷ്യജീവനെ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞാല്‍ അത്‌ അതിശയോക്തിയല്ല. മനസ്സിനെ പിടിച്ചുലയ്ക്കാനും മനസ്സ്‌ തണുപ്പിക്കാനും സംഗീതത്തിനു കഴിവുണ്ട്‌. സംഗീതം മനുഷ്യജീവനില്‍ മാത്രമല്ല, മൃഗങ്ങളിലും ചെടികളിലും വൃക്ഷങ്ങളിലും മാറ്റം ഉണ്ടാക്കുന്നതായി പരീക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. സംഗീതം ഏതു തരത്തിലും ആവാം. വായ്പ്പാട്ടിലൂടെ, വാദ്യോപകരണങ്ങളിലൂടെ. രോഗശാന്തിയ്ക്കും സംഗീതം ഉപയോഗിച്ച്‌ തുടങ്ങിയിട്ട്‌ ഏറെക്കാലമായി. ടെന്‍ഷന്‍ അകറ്റാന്‍ എളുപ്പവഴി സംഗീതാസ്വാദനം ആണ്. വീടുകളിലും, വാഹനങ്ങളിലും, പൊതുസ്ഥലങ്ങളില്‍പ്പോലും ഇന്ന് സംഗീതം സ്ഥാനം പിടിച്ചുകഴിഞ്ഞു. മൊബൈല്‍ ഫോണിലൂടെ മനുഷ്യന്‍ പോകുന്ന വഴിയൊക്കെ സംഗീതം നിറയുന്നു. സംഗീതം രോഗികളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്‌. രോഗശാന്തിയ്ക്കൊരു എളുപ്പവഴി എന്ന നിലയിലും സംഗീതം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്‌. മനസ്സിന്റെ സന്തോഷത്തിനു വേണ്ടി ആയിരിക്കും ദേവാലയങ്ങളില്‍ സംഗീതം സ്ഥാനം പിടിച്ചിരിക്കുന്നത്‌. ഭക്തിഗാനങ്ങളും മനസ്സിനു നല്ല സുഖം തരും. കല്യാണവീടുകളില്‍ നിന്നുയരുന്ന സംഗീതവും സന്തോഷത്തിന്റെ ഭാഗം തന്നെ. അമ്മയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ സംഗീതം ആസ്വദിക്കാന്‍ കഴിവുണ്ട്‌. വാശി പിടിച്ച്‌ കരയുന്ന കുട്ടികള്‍ റേഡിയോവിലേക്കും ടി. വി യിലേക്കും ശ്രദ്ധ തിരിക്കാന്‍ കാരണവും സംഗീതമാവാം. വാദ്യോപകരണങ്ങള്‍ കൂടാതെ സംഗീതത്തിന്റെ മേഖലയില്‍, ഭക്തിഗാനങ്ങള്‍, പ്രണയഗാനങ്ങള്‍, പ്രേതഗാനങ്ങള്‍ സിനിമാഗാനങ്ങള്‍, ലളിതഗാനങ്ങള്‍, പാരഡിഗാനങ്ങള്‍ തുടങ്ങി പലവകകള്‍. ഇനിയും എന്തൊക്കെ തരങ്ങള്‍! എന്തിന്,‍ കുഞ്ഞുങ്ങളുടെ കരച്ചിലില്‍പ്പോലും സംഗീതമുണ്ട്‌. അതുകൊണ്ടാണല്ലോ മൊബൈല്‍ കമ്പനിക്കാര്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ റിങ്ങ്‌ടോണായിട്ട്‌ ഉപയോഗിക്കുന്നത്‌. പക്ഷികളുടെ കളകളാരവം സംഗീതത്തിന്റെ ഭാഗമല്ലേ. മഴക്കാലത്ത്‌ മഴയുടെ സംഗീതം ശ്രദ്ധിക്കൂ. താളത്തില്‍, ലയത്തില്‍, ശ്രുതിയില്‍ പെയ്യുന്ന മഴ ആസ്വദിച്ചിരിക്കാന്‍ കൊതി തോന്നുന്നില്ലെ? ഉത്സവപ്പറമ്പുകളിലേക്ക്‌ ജനങ്ങളെ ആകര്‍ഷിക്കുന്നതിലും സംഗീതത്തിനു പങ്കുണ്ടല്ലോ. പലതരം വാദ്യമേളങ്ങള്‍ കൂടാതെ, കടലവറുക്കുന്നതിലും, കളിപ്പാട്ടങ്ങളിലും, അതു വില്‍ക്കുന്നവരുടെ പല തരം ശബ്ദങ്ങളിലും സംഗീതം കണ്ടെത്താന്‍ ഇതുവരെ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? കുഞ്ഞുങ്ങള്‍ക്ക്‌ അത്‌ കേള്‍ക്കാന്‍ ഇമ്പം തോന്നുണ്ടാകും.

എന്നിരുന്നാലും മരണവീട്ടില്‍ തങ്ങളുടെ മൊബൈല്‍‍ ഫോണും കൊണ്ടുപോയി അരോചകമായ സംഗീതം കേള്‍പ്പിക്കുന്നത്‌ നല്ല പ്രവണതയല്ല. അതുപോലെ തന്നെ രോഗികളുടെ അടുത്തും. രോഗികള്‍ക്ക്‌ ആശ്വാസമായ തരത്തിലുള്ള സംഗീതം അവര്‍ തന്നെ തെരഞ്ഞെടുക്കുകയോ ഡോക്ടര്‍മാരുടെ അഭിപ്രായം സ്വീകരിക്കുന്നതോ ആയിരിക്കും നല്ലത്‌. അല്ലാതെ സംഗീതം രോഗശാന്തിയ്ക്ക്‌ ഉതകും എന്നും പറഞ്ഞ്‌ രോഗിയ്ക്ക്‌ " ആത്മവിദ്യാലയമേ” കേള്‍പ്പിക്കാന്‍ പോയാല്‍ ചിലപ്പോള്‍ വിപരീതഫലം ആവും. വാദ്യോപകരണമായാലും വായ്പ്പാട്ടായാലും സംഗീതം ആസ്വദിക്കാത്തവര്‍ ഉണ്ടാകുമോ? അറിയില്ല. മനുഷ്യര്‍ പലതരത്തില്‍ അല്ലേ. നിങ്ങളുടെ കുട്ടികളെ സംഗീതാസ്വാദകരായി വളര്‍ത്തുക. മിടുക്കരായി വളരാന്‍ അതുകൊണ്ട്‌ സാധിച്ചേക്കും. കഴിയുമെങ്കില്‍ സംഗീതം അഭ്യസിപ്പിക്കുക.

സംഗീതത്തിന്റെ കാര്യങ്ങള്‍ ഒരിക്കലും തീരില്ല. സംഗീതത്തെ ആരാധിച്ച്, അത് ജീവിതത്തിന്റെ ഭാഗമാക്കി ജീവിക്കുന്നവരും, സംഗീതത്തിന്റെ ആസ്വാദകരും ‍ ഉള്ളിടത്തോളം കാലം അത്‌ തുടര്‍ന്നുപോയ്ക്കൊണ്ടിരിക്കും.

******************************************************

അതിരാവിലെ സു എണീറ്റു. പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിച്ച്‌ ഭക്തിഗാനം ആയേക്കാം എന്ന് കരുതി മ്യൂസിക്‌ സിസ്റ്റം ഓണ്‍ ചെയ്തു. അല്‍പ്പം കഴിഞ്ഞ്‌ പാട്ട്‌ വന്നു.

"ആരാണു ഗാന്ധി "

സു ഞെട്ടി. ഹേ റാം...

Wednesday, June 07, 2006

മറിയക്കുട്ടിയുടെ മിന്നുകെട്ട്‌!

മാത്തച്ചന്റെ ഒറ്റ മോളാണ് മറിയക്കുട്ടി. ഇരട്ടകള്‍ ഇല്ലാഞ്ഞിട്ടും നല്ല അച്ചടക്കത്തോടെയും ദൈവഭയത്തോടെയും ആണ്‌ മാത്തച്ചനും പൊന്നമ്മയും മറിയക്കുട്ടിയെ വളര്‍ത്തിയത്‌. മറിയക്കുട്ടിയ്ക്ക്‌ 19 വയസ്സായി. പഞ്ചായത്ത്‌ ഓഫീസില്‍ ക്ലാര്‍ക്ക്‌ ആയ മാത്തച്ചനു കല്യാണപ്രായം ആയ മകള്‍ വീട്ടില്‍ ഉള്ളതുകൊണ്ട്‌ സാധാരണ പിതാക്കന്മാര്‍ക്ക്‌ വരുന്ന തരത്തിലുള്ള ആധിയൊന്നും ഇല്ല. കാരണം മറിയക്കുട്ടി സുന്ദരി. അതിലുപരി നല്ല നടപ്പുകാരി. പിന്നെ പൊന്നമ്മയുടെ വീട്ടില്‍ നിന്ന് കിട്ടിയ സ്വത്തും ഉണ്ട്. നല്ല സ്വഭാവഗുണമുള്ള, ജോലിയും, കൂലിയും ഉള്ള ഒരു ചെറുപ്പക്കാരനു മാത്രമേ മറിയക്കുട്ടിയുടെ ഭര്‍ത്താവാകാന്‍ മാത്തച്ചന്‍ വില കല്‍പ്പിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ കണ്ട ഒസാമയുടെയും ബുഷിന്റേയും ആലോചനയുമായി ഈ വഴിക്ക്‌ വന്നു പോകരുതെന്ന് ബ്രോക്കര്‍ തങ്കപ്പനെ മാത്തച്ചന്‍ താക്കീത്‌ ചെയ്തിരുന്നു.

മറിയക്കുട്ടി പത്താം ക്ലാസ്സില്‍ പത്ത്‌ വിഷയത്തിനു തോറ്റ്‌ പഠിപ്പു മതിയാക്കിയതാണ്. ഇപ്പോ വീട്ടില്‍ നല്ല നടപ്പും പാചകവും. വീടും നാടും നാട്ടിലെ അഭ്യസ്തവിദ്യരും അല്ലാത്ത വിദ്വാന്മാരും ആയ ചെറുപ്പക്കാരുടേയും മനസ്സും നിറഞ്ഞ്‌ അങ്ങനെ നില്‍ക്കുകയാണ്. കുറേ നാളായി ചെക്ക്‌ ചെയ്യാത്ത മെയില്‍ ബോക്സിലെ കത്തുകള്‍ പോലെ.

ചെറുപ്പക്കാര്‍ക്കാവട്ടെ, കടാക്ഷങ്ങള്‍ കൊണ്ടുള്ള പ്രേമോസ്ഫിക്കേഷനു മാത്രമേ ചാന്‍സ്‌ ഉള്ളൂ. കത്തോ ഫോണോ വഴി ആരെങ്കിലും ഡാറ്റാ ട്രാന്‍സ്ഫര്‍ നടത്തി എന്ന് അറിഞ്ഞാല്‍ ആ നിമിഷം മാത്തച്ചന്‍ വൈറസിന്റെ രൂപത്തില്‍ എന്റര്‍ ചെയ്യും. ചെറുപ്പക്കാരുടെ വീട്ടില്‍ പോയി അവരുടെ മാതാപിതാക്കളോട്‌ പറയും നിങ്ങളുടെ മകന് എന്റെ മകളെ ഇഷ്ടമായ മട്ടുണ്ട്‌ , ഒന്നാലോചിച്ചാലോ എന്ന്. മകനു ചിലവിനു കൊടുത്തിരിക്കുന്ന അച്ഛനും അമ്മയും ഞെട്ടും. അതോടെ ദി എന്‍ഡ്‌.
അങ്ങനെയിരിക്കുന്ന കാലത്തിങ്കലാണ് കുമരേശന്‍ ആ ഗ്രാമത്തിലേക്ക്‌ വരുന്നത്‌. കുമരേശന്‍ തമിഴ്‌ നാടന്‍ അല്ല, തനി നാടന്‍. കുമാരിയുടേയും നടേശന്റേയും രണ്ടാം സന്തതി. നടേശനു കള്ളു ചെത്തായിരുന്നു ജോലി. തെങ്ങ്‌ ചെത്താന്‍ അനുവദിച്ചിരിക്കുന്ന വീടുകളില്‍ പോയി കള്ളെടുത്ത്‌ നാട്ടിലെ കള്ളുഷാപ്പില്‍ കൊടുക്കുക. ഇതാണു മെയിന്‍ ജോലി. കെട്ടിടജോലിയ്ക്കു പോവുക, പാചകത്തിനു പോവുക, ഇത്‌ സബ്‌. കുമരേശന്റെ ഒറ്റപ്പെങ്ങള്‍ കുമുദിനി. പുരയിലും അവളുടെ തലയിലും വല്യ സ്ഥലം ഇല്ലാത്തതുകൊണ്ട്‌ പുര നിറയുന്നതിനു മുന്‍പേ തന്നെ കെട്ടിച്ചു കൊടുത്തു. ഇതിനു മുന്‍പു വേറൊരു നാട്ടില്‍ ആയിരുന്നു, നടേശന്‍‍ ആന്‍ഡ്‌ ഫാമിലി. ഇപ്പോ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചു വന്നു.

കര്‍ഷകന്‍ എന്ന സ്ഥിതിയിലും ഒരു പേരുള്ളതുകൊണ്ട്‌ , മാത്തച്ചന്റെ വീട്ടിലും കുറെ തെങ്ങുള്ളത്‌ കൊണ്ട്‌ കള്ളു ചെത്താന്‍ അനുവാദം കൊടുത്തിരുന്നു. രാവിലേ തന്നെ "ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍" എന്ന പാട്ട്‌ എട്ടരക്കട്ടയ്ക്ക്‌ ഇട്ട്‌ പിടിച്ച്‌ തെങ്ങില്‍ നിന്ന് കള്ളെടുക്കുമ്പോഴാണ് കുമരേശന്റേയും മറിയക്കുട്ടിയുടേയും ഫസ്റ്റ്സൈറ്റ് നടന്നത്‌. മറിയക്കുട്ടി മുറ്റത്തിന്റെ അരികില്‍ അയയില്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ എടുക്കാന്‍ വന്നപ്പോഴാണ് ലജ്ജാവതി കേട്ടത്‌. മറിയക്കുട്ടിയുടെ കണ്ണുകള്‍ തന്റെ കണ്ണുകളുമായി കൂട്ടിമുട്ടിയതും കുമരേശന്റെ ഹൃദയത്തില്‍ ഒരു മിന്നല്‍ വെട്ടി, പാട്ട്‌ താനേ മാറി. ചെന്താര്‍മിഴീ, പൂന്തേന്മൊഴീ തുടങ്ങി. അങ്ങനെ ഒരു ലവ്‌ ട്രാക്കില്‍ കയറി.
അങ്ങനെയങ്ങനെ കുമരേശനും മറിയക്കുട്ടിയും തമ്മിലുള്ള പ്രണയം മനസാ.. ജോറായിട്ട്‌ നടന്നു കൊണ്ടിരുന്നു.അപ്പന്റെ സ്വഭാവം അറിയാവുന്നതുകൊണ്ടും, നല്ല നടപ്പുകാരി ആയതുകൊണ്ടും വാചാ കര്‍മണാ വലുതായൊന്നും സംഭവിച്ചില്ല.

പ്രേമം യുദ്ധം പോലെ കൊടുമ്പിരിക്കൊണ്ടു എന്നൊക്കെ പറയാം. ഇത്തവണ വൈറസ്‌ വന്നത്‌ മാത്തച്ചന്റെ രൂപത്തില്‍ അല്ല, കുമരേശന്റെ അബദ്ധം വാ സുബദ്ധം വാ രൂപത്തില്‍ ആണ്. ഒരു ദിനം കുമരേശന്‍ കള്ളെടുക്കാന്‍ വന്നപ്പോള്‍ കുറച്ച്‌ അടയ്ക്ക്‌ കൂടെ പറിച്ച്‌ കൊടുക്കാമോ എന്ന് ഭാവി അമ്മായി അപ്പന്‍ കുമരേശനോട്‌ ചോദിച്ചു. കുമരേശന്‍ അടയ്ക്ക പറിച്ച്‌ താഴെ ഇട്ടതിനു ശേഷം കവുങ്ങില്‍ നിന്ന് ഊഞ്ഞാലാടി അടുത്തുള്ള പ്ലാവിലേക്ക്‌ ലാന്‍ഡ്‌ ചെയ്യാന്‍ ഭാവിച്ചതും മറിയക്കുട്ടി പറമ്പില്‍ പ്രത്യക്ഷപ്പെട്ടതും ഒരുമിച്ച്‌. കുമരേശന്റെ കണ്ണും ഹൃദയവും ഊഞ്ഞാലാടി. പ്ലാവിലേക്ക്‌ ലാന്‍ഡ്‌ ചെയ്തു എന്നത്‌ നേര്. പക്ഷേ കൊമ്പിലെ കടന്നല്‍ക്കൂട്ടില്‍ ടച്ചിങ്ങ്‌ നടത്തി എന്നത്‌ നെറികേട്‌. കടന്നല്‍ക്കൂട്‌ കൈയില്‍ വന്നതും ബോധം വന്ന കുമരേശന്‍ അതു താഴേക്കിട്ടതും ഒരുമിച്ച്‌. അത്‌ ലാന്‍ഡ്‌ ചെയ്തത്‌ അടയ്ക്കക്കുലകള്‍ സൈഡിലേക്കൊതുക്കുകയായിരുന്ന മാത്തച്ചന്റെ ജനറല്‍ ബോഡിയില്‍. തേനീച്ച കുത്തലിനു ആശുപത്രിയില്‍ കിടക്കുന്നത്‌ സ്റ്റാറ്റസ്സിനും കീശയ്ക്കും ചേരാഞ്ഞതിനാല്‍ മാത്തച്ചന്‍ വീട്ടില്‍ കഴിഞ്ഞു. മാത്തച്ചന്റെ ഹൃദയപുസ്തകത്തില്‍ മൈനസ്‌ മാര്‍ക്ക്‌ വാങ്ങി കുമരേശന്‍ ഇടം നേടി.

രണ്ടാം തവണ വില്ലനായത്‌ കാലിലെ തളയാണ്. തെങ്ങില്‍ നിന്ന് കള്ളുചെത്തി ഇറങ്ങി തള അഴിച്ചെടുക്കാന്‍ ഒരു തടസ്സം വന്നിട്ട്‌ കുമരേശന്‍ കുനിഞ്ഞ്‌ നിന്ന് തള അഴിച്ചെടുക്കാന്‍ ശ്രമിക്കലും മൂക്കും കുത്തി വീണതും ഒരുമിച്ച്‌. ബാലന്‍സ്‌ ഒപ്പിക്കാന്‍ ഒപ്പിക്കാന്‍ കയറിപ്പിടിച്ചത്‌ പശുവിനെ കെട്ടിയ ടെമ്പററി കുറ്റിയില്‍. കുറ്റി കുമരേശന്റെ കൈയില്‍, റിലീസ്‌ ആയ പശു മാരത്തോണില്‍. പോകുന്ന വഴിക്ക്‌ കിണറ്റുവക്കിലെ വാഴത്തടത്തിനടുത്ത്‌ പല്ലും തേച്ച്‌ നിന്ന് ഭാവി കണക്കു കൂട്ടല്‍ നടത്തുന്ന മാത്തച്ചനെ തട്ടി, മുന്നിലുള്ള വാഴത്തടത്തിലെ വെണ്ണീറില്‍.

അങ്ങനെ കുമരേശന്റെ ഇന്‍ ബോക്സില്‍ മൈനസ്‌ പോയന്റുകള്‍ കൂടിക്കൊണ്ടിരുന്നു.
എന്നാലും അനുരാഗം ഒഴുകിക്കൊണ്ടിരുന്നു. മനസാ ഉള്ളത്‌ വാചായില്‍ എത്തി നില്‍ക്കുന്നു.
ഒരു ദിവസം വന്നപ്പോള്‍ മറിയക്കുട്ടി വരാന്തയില്‍ ഇരിക്കുന്നു. ഈ ഇരുപ്പു പതിവില്ലാത്തതാണല്ലോ എന്ന് കരുതി കുമരേശന്‍ ചോദിച്ചു.

“അപ്പനും അമ്മച്ചിയും....”

‘അവര്‍ പരുമലയ്ക്ക്‌ പോയി. നേര്‍ച്ച.’ --മറിയക്കുട്ടി മൊഴിഞ്ഞു.

കുമരേശന്‍ പറഞ്ഞു
“നമ്മുടെ മനസ്സുപോലെ വീട്ടുകാരും എന്തൊരു ഐക്യം. അവരും പോയിരിക്കുന്നു.”

“എങ്ങോട്ട്‌ ?”

“ശബരിമല..”

“നമുക്കും പോകാം.”

“എങ്ങോട്ട്‌.”മറിയക്കുട്ടി നാണിച്ചു.

“മാലയിടാന്‍.”

എന്തിനു പറയുന്നു നേര്‍ച്ചയും ദര്‍ശനവും കഴിഞ്ഞു രണ്ട്‌ ഫാദേഴ്സും, രണ്ട്‌ മദേഴ്സും വന്നപ്പോഴേക്കും കുമരേശനും മറിയക്കുട്ടിയും ഒരേ നെസ്റ്റിലെ ബേര്‍ഡ്സ്‌ ആയിക്കഴിഞ്ഞിരുന്നു.

Saturday, June 03, 2006

ഡബിള്‍ സെഞ്ച്വറി!

ഹോയ്‌.....
ഓര്‍മ്മ സഡന്‍ ബ്രേക്കിട്ടതും അവള്‍ ഞെട്ടി. സ്വാദോടെ കടിച്ചു വലിച്ചുകൊണ്ടിരുന്ന മാങ്ങ കൈയില്‍ നിന്ന് തെറിച്ച്‌ പോവുകയും ചെയ്തു.

അമ്മാവന്റെ പിറന്നാളാണിന്ന്. അതുപോലെ തന്നെ ഒരാഘോഷം ടി. വി. യിലും ഉണ്ട്‌. ഇന്ത്യക്കാരുടെ ദേശീയാഘോഷത്തിലാണ് അതിന്റെ സ്ഥാനം. ക്രിക്കറ്റ്‌. എല്ലാവരും അതിനുമുന്നില്‍ ആണ്. സച്ചിന്‍ സെഞ്ച്വറി അടിച്ചു കഴിഞ്ഞു. അതുവരെ അതിലൊന്നും താല്‍പര്യമില്ലാതെ നടന്നവര്‍ പോലും ടി.വി യ്ക്ക്‌ മുന്നില്‍ ഇരുപ്പുറപ്പിച്ചു. ഏതായാലും ജോലിയൊന്നുമില്ല. സദ്യവട്ടങ്ങളൊക്കെ ആയി. മാങ്ങാപ്പച്ചടിയിലെ മാങ്ങ ഒന്നെടുത്ത്‌ രുചി നോക്കിയിരുന്നേക്കാം എന്ന് കരുതി. ചിറ്റമ്മ ഉണ്ടാക്കിയതാണ്. പഴുത്തമാങ്ങയില്‍ ശര്‍ക്കരയൊക്കെ ഇട്ട്‌... കല്യാണം തീരുമാനിക്കാന്‍ ചിറ്റമ്മയുടെ വീട്ടില്‍ പോയവര്‍ പച്ചടിയില്‍ ആണത്രേ 'വീണുപോയത്‌ '.
എന്തായാലും മാങ്ങ പോയി. നിലത്തുവീണത്‌ എടുത്തുകളഞ്ഞു. ഇനി ഊണിനോടൊപ്പം ആവാം. കൈകഴുകിയിരുന്നപ്പോഴാണ് ടി.വി. ആസ്വാദകര്‍ക്ക്‌ കുറച്ച്‌ വെള്ളവിതരണം നടത്തിയാലോന്ന് തോന്നിയത്‌. മോരെടുത്ത്‌ കുറേ വെള്ളവും ഉപ്പും കറിവേപ്പിലയും പച്ചമുളകും ഇട്ട്‌, അതും കുറേ ഗ്ലാസ്സും ആയി ചെന്നു. ഓരോ ഗ്ലാസ്സിലാക്കി ഓരോരുത്തര്‍ക്കും കൊടുത്തു. ടി.വി യില്‍ നിന്ന് ഒട്ടും ശ്രദ്ധ തിരിക്കാതെ എന്നാല്‍ നല്ല താത്‌പര്യത്തോടെത്തന്നെ എല്ലാവരും വാങ്ങി.

തിരിച്ച്‌ അടുക്കളയില്‍ എത്തിയപ്പോഴാണ് മാളു പിന്നാലെ വന്ന് വിളിച്ചത്‌.
"പേരമ്മേ..."
"ങാ.. മാളൂനു മോരുംവെള്ളം തരാലോ."
"വേണ്ട മാളൂനു ചോന്ന സാധനം മതി "

വത്തയ്ക്ക അരിഞ്ഞ്‌ ഫ്രിഡ്ജില്‍ വെച്ചിട്ടുള്ളതാണു മാളൂന്റെ ഫേവറിറ്റ്‌ 'ചോന്ന സാധനം". വടക്കരുടെ വത്തയ്ക്കയും തെക്കരുടെ തണ്ണീര്‍ മത്തനും ഒന്നും അവള്‍ക്കറിയില്ല.

"ഇപ്പോ മാമുണ്ണാന്‍ ആവില്ലേ മാളൂ"

"വേണ്ട മാളൂനു മാമുണ്ണാന്‍ ആയില്ല"

തര്‍ക്കിക്കാന്‍ നിന്നില്ല. ഫ്രിഡ്ജ്‌ തുറന്ന് പാത്രം എടുത്ത്‌, അടയ്ക്കുന്നതിടയില്‍ കണ്ടു. സിംഗപ്പൂരില്‍ നിന്നു കൊണ്ടുവന്ന ചോക്‍ളേറ്റ്‌. ഒരുപാട്‌ തിന്നു. അത്‌ കണ്ടതും ഒരു പെട്ടി നിറയെ ചോക്‍ളേറ്റ്‌ കൊണ്ടുവരണം എന്ന് ഒരാളെ ഏല്‍പ്പിച്ചത്‌ ഓര്‍മ്മ വന്നു. ഡോക്ടര്‍ ചേച്ചി വഴക്കു പറയും എന്നാണു പറഞ്ഞത്‌. വേറെ ആള്‍ ഏല്‍പ്പിച്ചതാണെന്ന് പറയാന്‍ പറഞ്ഞു. എന്നാലും വഴക്കു പറയും എന്ന് പറഞ്ഞു.

"ചോക്‍ളേറ്റ്‌ തിന്നാലും മരിക്കും, തിന്നില്ലെങ്കിലും മരിക്കും,
ഉരുണ്ടിരിക്കണ ചോക്ലേറ്റ്‌ തിന്ന്, ഉരുണ്ടുവീണു മരിക്കാലോ"എന്ന് പറഞ്ഞാല്‍ മതി എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ പാഴ്സലായിട്ട്‌ ഇഞ്ചക്ഷന്‍ വന്നാലോന്ന് പേടിച്ച്‌ പറഞ്ഞില്ല.

മാളുവിന് വത്തയ്കക്കഷണങ്ങള്‍ ഗ്ലാസ്സില്‍ ഇട്ട്‌ കൊടുത്തു. അവള്‍ പോയി. തനിയ്ക്കും കുറച്ചെടുത്ത്‌ ബാക്കി ഫ്രിഡ്ജില്‍ വെച്ചു. ക്രിക്കറ്റ്‌ വീക്ഷകരുടെ ബഹളം കൂടിക്കൂടി വരുന്നുണ്ട്‌. സച്ചിന്‍ ഡബിള്‍ സെഞ്ച്വറി അടിയ്ക്കുമത്രേ.തിന്നു കഴിഞ്ഞ്‌ അടുക്കള അടിച്ചുവാരിയേക്കാമെന്ന് വിചാരിച്ച്‌ ചൂലെടുത്തപ്പോഴാണ് മാളു താഴെയിട്ടു പോയ ഐസ്ക്രീം ബോള്‍ കണ്ടത്‌. എന്നാലൊരു ലേഡി സച്ചിന്‍ ആയിക്കളയാമെന്ന് വിചാരിച്ചത്‌. എടുത്ത്‌ ചൂലുകൊണ്ട്‌ തട്ടിയതും ആരവമുയര്‍ന്നു. സച്ചിന്‍ ഡബിള്‍ സെഞ്ച്വറി അടിച്ചു കാണും. ഝിലും... എന്നൊരൊച്ച. ബോള്‍ പോയി തട്ടിയത്‌ എവിടെയോ എന്തോ...

***********************************************

ആരവത്തിലും ഒച്ചയിലേക്കുമാണ് അവള്‍ കണ്ണുമിഴിച്ചത്‌. ഓ... ഒരു സ്വപ്നം കൂടെ... വീടിന്റെ ചില്ല് ഇന്നും കുട്ടികള്‍ തകര്‍ത്തിട്ടുണ്ടെന്ന് തീര്‍ച്ച. സാരമില്ല സച്ചിന്റെ ഡബിള്‍ സെഞ്ച്വറിയും മാങ്ങാപ്പച്ചടിയുമൊക്കെ ആസ്വദിച്ചല്ലോ. സ്വപ്നം ഒരു നല്ല കാര്യം തന്നെയാണേ...കുട്ടികളെ വഴക്കു പറഞ്ഞില്ലെങ്കിലും ഒന്ന് താക്കീത്‌ കൊടുത്ത്‌ വിട്ടേക്കാം. ഇല്ലെങ്കില്‍ ജനലിനൊന്നും ചില്ല് ഉണ്ടാവില്ല. കണ്ണ് തിരുമ്മിക്കൊണ്ട്‌ വാതില്‍ തുറന്നതും അദ്ദേഹം മുന്നില്‍.

"എന്താ, നീയല്ലേ പറഞ്ഞത്‌ ടൌണില്‍ പോകാനുണ്ടെന്ന്. ഇനിയും റെഡി ആയില്ലേ?"

"ഇല്ല. ഡബിള്‍ സെഞ്ച്വറി കാണുകയല്ലായിരുന്നോ?"

"സ്വപ്നച്ചില്ല് എത്ര തകര്‍ന്നു?”

“ഹി ഹി ഹി...”

മുഖം കഴുകുമ്പോള്‍ അവള്‍ ഓര്‍ത്തു. സ്വപ്നച്ചില്ലുകള്‍ തകരുന്നതു തന്നെയാണ് നല്ലത്‌.

ജീവിതം ഒരിക്കലും ചോക്‍ളേറ്റ്‌ ആവരുത്‌.

നെല്ലിക്കകള്‍ പോലെ, കയ്ച്ച്‌....മധുരിച്ച്‌... കയ്ച്ച്‌ .... മധുരിച്ച്‌......

Thursday, June 01, 2006

കൂട്ടുകാര്‍

പണ്ടൊരിടത്ത്‌ മിന്നു എന്ന പ്രാവും ചിന്നന്‍ എന്ന ഉറുമ്പും ഉണ്ടായിരുന്നു. ഒരു ദിവസം ചിന്നന്‍ ഉറുമ്പ്‌ വഴിവക്കിലെ കാഴ്ചയും കണ്ട്‌ നില്‍ക്കുമ്പോള്‍ കുറേ കുട്ടികള്‍ വഴിവക്കിലുള്ള വെള്ളം തട്ടിത്തെറിപ്പിച്ച്‌ കടന്നുപോയി. ചിന്നന്‍ ഉറുമ്പ്‌ ആ വെള്ളത്തില്‍പ്പെട്ട്‌ ശരിക്കും നില്‍ക്കാനാവാതെ വിഷമിച്ചു. തൊട്ടടുത്ത്‌ മരത്തിലിരുന്ന് ഇത്‌ കണ്ടിരുന്ന മിന്നു പ്രാവ്‌ മരത്തില്‍ നിന്ന് ഒരില താഴോട്ട്‌ ഇട്ടു കൊടുത്തു. ചിന്നനുറുമ്പ്‌ അതില്‍ കയറി ഇരുന്ന് വെള്ളമില്ലാത്തിടത്തേക്ക്‌ രക്ഷപ്പെട്ടു.

പിന്നൊരിക്കല്‍ മിന്നു പ്രാവ്‌ മരത്തില്‍ ഇരുന്ന് കാഴ്ചകള്‍ കണ്ട്‌ വിശ്രമിക്കുമ്പോള്‍ മിന്നുവിനെ ഒരാള്‍ വെടിവെച്ചുവീഴ്ത്താന്‍ ഉന്നം വെക്കുന്നത്‌ ചിന്നന്‍ ഉറുമ്പ്‌ കണ്ടു. ഉന്നം വെച്ചുനില്‍ക്കുന്ന ആളുടെ അടുത്ത്‌ പോയി, ചിന്നന്‍ അയാള്‍ക്ക്‌ ഒരു കടി വെച്ചു കൊടുത്തു‍. അയാളുടെ ഉന്നം തെറ്റി. മിന്നു പ്രാവ്‌ ഒച്ച കേട്ട്‌ പേടിച്ച്‌ പറന്നകന്ന് രക്ഷപ്പെട്ടു.

അങ്ങനെ രണ്ടാളും പരസ്പരം ആപത്തില്‍ നിന്നു രക്ഷപ്പെടുത്തി, നല്ല കൂട്ടുകാരായി സുഖമായി ജീവിച്ചു.

(കേരളത്തില്‍ സ്കൂള്‍ തുറക്കാന്‍ ആയി. അതുകൊണ്ട് പഴയൊരു കഥയുടെ ‘സു വേര്‍ഷന്‍’)