Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, April 28, 2009

സൂസൻ ബോയലും ചില ചിന്തകളും

സൂസൻ ബോയൽ / സുസാൻ ബോയൽ പാട്ടുപാടാൻ തുടങ്ങുന്നതുവരെ സാധാരണക്കാരിൽ സാധാരണക്കാരി ആയിരിക്കും. പക്ഷേ, പാടാൻ തുടങ്ങിയാൽ ആ പാട്ട് അവരെ അസാധാരണപ്രതിഭയാക്കും. സൂസൻ ബോയലിനെക്കുറിച്ച് അറിഞ്ഞത് കൈപ്പള്ളി, ബ്ലോഗിലിട്ട യൂ ട്യൂബിന്റെ ലിങ്കിലൂടെയാണ്. അല്ലെങ്കിൽ, ചിന്താഭാരവും, എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേയും കാണാനേ പോകാറുള്ളൂ. ഇഷ്ടമുള്ളതുമുഴുവൻ ഡൗൺലോഡ് ചെയ്യാൻ നിന്നാൽ അതിനേ സമയം ഉണ്ടാവൂ. (ചേട്ടന് ചിന്താഭാരത്തിന്റെ ലിങ്ക് കൊടുത്തപ്പോൾ തിരക്കിനിടയിലായതുകൊണ്ട്, ആദ്യം അത്ര പിടിച്ചില്ലെന്ന് തോന്നുന്നു. പിന്നെ കുറച്ച് സമയം കിട്ടിയപ്പോൾ നോക്കുന്നതുകണ്ടു. ;)). അങ്ങനെ ലിങ്കിലൊന്ന് പോയി നോക്കിയപ്പോൾ പാട്ടുകാരി, പാട്ട് ഒക്കെ ഇഷ്ടമായി. ഇംഗ്ലീഷ് പാട്ടെന്ന് പറഞ്ഞാൽ അറിവ് അത്രയ്ക്കേ ഉള്ളൂ. എന്നാലും ആസ്വദിക്കാൻ പാട്ടുപഠിക്കണംന്ന് ഇല്ലല്ലോ.

അവരെക്കുറിച്ച് കൂടുതൽ, പത്രത്തിൽ വായിച്ചു. അവർ പാടാൻ വന്നപ്പോൾ, സദസ്സിലുള്ളവർ കാണിച്ച ഭാവങ്ങളും കണ്ടു. ജനങ്ങളുടെ സൗന്ദര്യ സങ്കല്പം കൊണ്ട് സുന്ദരിയൊന്നുമാവില്ല അവർ. പാട്ടിന്റെ മാധുര്യം അവരുടെ വൈരൂപ്യം കാണാതാക്കി. സൗന്ദര്യം എന്നതിന്, പെരുമാറ്റം എന്നൊരു അളവുകോലല്ലാതെ, വേറൊന്നും അന്നും ഇന്നും ഇല്ലാത്തതുകൊണ്ട്, അവരുടെ “സൗന്ദര്യം” ആലോചിക്കേണ്ടിവന്നില്ല. പാട്ടെനിക്കിഷ്ടായി. അങ്ങനെ പാടാനൊന്നും കഴിയില്ലെന്നതുകൊണ്ട് അവരോട് ബഹുമാനവും തോന്നി.

“കല്യാണമാർക്കറ്റിലാണ്” സൗന്ദര്യം കൂടുതൽ ചെലവാകുന്നത്. എത്ര പഠിപ്പുണ്ടെന്ന് പറഞ്ഞാലും, ചിലർ നോക്കും, കുട്ടി കറുത്തതാണോ വെളുത്തതാണോന്ന്. “അഴകിട്ടു വെച്ചാൽ ചോറാവില്ല, അരിയിട്ടു വെക്കണം” എന്നത് മറന്നുപോകും. അതുകൊണ്ടുതന്നെ, കൂടുതൽ ഡിമാൻഡിൽ സുന്ദരിക്കുട്ടികൾ കല്യാണവും കഴിഞ്ഞുപോകും. ചെറുക്കന്മാർക്ക് സൗന്ദര്യം ഉണ്ടോന്ന് നോക്കിയിട്ടു മാത്രം കല്യാണം നടത്തുന്നവർ ഉണ്ടോന്ന് അറിയില്ല. പരസ്യങ്ങളിൽ കാണുന്നപോലെയുള്ള വെളുത്ത സുന്ദരിമാരെ മാത്രം ഇഷ്ടപ്പെടുന്നവരെ എനിക്കറിയാം. അവർ തന്നെ, പ്രസിദ്ധമോഡലുകളൊക്കെ സുന്ദരിമാരാണെന്ന് സമ്മതിച്ചും തരില്ല. വെളുപ്പുനിറം ഇല്ലല്ലോ. ഒന്നുരണ്ടുപേരുടെ അഭിപ്രായം, ചിലരെക്കുറിച്ച് കേട്ടിട്ട് വിഷമം തോന്നിയിട്ടുണ്ട്. കഴിവിലുപരി, കാഴ്ചയെ അംഗീകരിക്കുന്നവർ.

വെളുപ്പുനിറവും, തുടുത്ത കവിളും, തിളങ്ങുന്ന കണ്ണുകളും ഒന്നുമില്ലാത്ത പ്രതിഭകൾ എത്രയോ ഉണ്ട് നമുക്കുചുറ്റും. പാട്ടുകാരികൾ, രാഷ്ട്രീയക്കാരികൾ, മറ്റു മേഖലകളിൽ തിളങ്ങുന്നവർ. തനിക്കു, മറ്റുള്ളവർ നിശ്ചയിക്കുന്ന തരത്തിലെ സൗന്ദര്യം ഇല്ലെന്നും വിചാരിച്ച്, ഇവരൊക്കെ വീടിനുള്ളിൽ അടച്ചിരുന്നെങ്കിൽ എവിടേയും എത്തുമായിരുന്നില്ല. ലതാമംഗേഷ്കർ, ഒരിക്കലും ഐശ്വര്യാറായിപ്പോലെ സുന്ദരിയാണെന്ന് ആരും പറയില്ല. എന്നാലും അവരുടെ പാടാനുള്ള കഴിവിനു മുന്നിൽ ആരുടേയും തൊലിവെളുപ്പ് മെച്ചമാകില്ല. (ഈ വരികൾ എഴുതിയത് കണ്ടാലുണ്ടാകുമെന്ന് പ്രതീക്ഷിച്ച, യുദ്ധം, കഴിഞ്ഞു. ;)) ഐശ്വര്യാറായിയുടെ അഭിനയത്തേക്കാളും എനിക്കിഷ്ടം കാജോളിന്റെ അഭിനയത്തേയാ.

മാദ്ധ്യമങ്ങളും, പരസ്യങ്ങളും, സൗന്ദര്യചിന്തയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ചാനലുകളിൽ, ഏതുപരിപാടി അവതരിപ്പിക്കുന്നതും വെളുത്ത “സുന്ദരി”മാർ. വാർത്ത വായിക്കാൻ പോലും സുന്ദരികളേ ഉള്ളൂ. കറുത്ത “സൗന്ദര്യം” ഇല്ലെന്നില്ല. വളരെ കുറവ്.

ലോകം എവിടെയോ എത്തി. ചന്ദ്രനിലേക്ക് പോകാൻ ക്യൂ നിൽക്കുന്നു ആൾക്കാർ. ഇക്കാലത്തും തൊലിവെളുപ്പും, സൗന്ദര്യവും നോക്കി ആൾക്കാരെ കണക്കിലെടുക്കുന്ന ആൾക്കാരുമുണ്ടല്ലോ!

എന്തായാലും സൂസൻ കലക്കി. ഇനിയുമൊരുപാടുപേരുടെ പ്രതിഭ ഇങ്ങനെ പുറത്തുവരട്ടെ. ചിലരുടെ കറുത്ത മനസ്സിനുമുന്നിൽ, കഴിവുള്ളവർ തളർന്നുപോകാതിരിക്കട്ടെ.

“മുഖത്തിന്റെ മനോഹാരിതയല്ല സൗന്ദര്യം, ഹൃദയത്തിന്റെ പ്രകാശമാണെന്ന് ഖലീൽ ജിബ്രാൻ. (രണ്ടും എനിക്കിത്തിരി കിട്ടിയിരുന്നെങ്കിൽ. ;))

സൂസൻ ബോയലിനെക്കാണാത്തവർ കാണൂ. ഇതാ ലിങ്ക് :- http://www.youtube.com/watch?v=RxPZh4AnWyk

Labels:

Sunday, April 26, 2009

കടലാസുകഥകൾ

സായിലൂൺ എന്ന ചൈനാക്കാരനാണ് മൾബെറിച്ചെടിയിൽ നിന്ന് കടലാസ് നിർമ്മിച്ചത്. ആദ്യത്തെ കടലാസ് നിർമ്മാണം നടന്നത്, 1800 വർഷങ്ങൾക്കുമുമ്പാണ്. പിന്നീട് അറബികളാണ് ഇത് പഠിച്ചെടുത്ത്, ലോകം മുഴുവൻ അറിയിച്ചത്. സെല്ലുലോസ് എന്ന പദാർത്ഥത്തിന്റെ നാരുകൾ ആണ് കടലാസ് എന്നത് ശാസ്ത്രീയവശം.

കടലാസ് കണ്ടുപിടിക്കുന്നതിനും മുമ്പ് താളിയോലകളിലും, പപ്പെറസ് ചുരുളുകളിലുമാണ് എഴുതിയിരുന്നത്. പിന്നീടാണ് അച്ചടി വന്നത്. ആദ്യമാദ്യം അച്ചുകളിൽ ചിത്രങ്ങളും, അക്ഷരങ്ങളുമൊക്കെ ഉണ്ടാക്കിയെടുത്ത്, അതിൽ മഷി പുരട്ടി പകർത്തിയെടുത്തു. പിന്നെ യന്ത്രത്തിന്റെ സഹായത്തോടെയായി അച്ചടി. കടലാസ്സിലും, തുണിയിലും, പ്ലാസ്റ്റിക്കിലും, ലോഹത്തകിടുകളിലും അച്ചടിക്കാം. പീ‍ഷെങ് എന്ന ചൈനക്കാരനാണ് അഞ്ചാം നൂറ്റാണ്ടിൽ ആദ്യമായി ഒരു പുസ്തകം അച്ചടിച്ചത്. അതത്ര നല്ല അച്ചടിയൊന്നുമായിരുന്നില്ല.

ജർമൻ‌കാരനായ യോഹാൻ ഗുട്ടൻബർഗ് ആണ് ആദ്യമായി പുതിയ രീതിയിലൊരു പുസ്തകം അച്ചടിക്കുന്നത്. അദ്ദേഹത്തെ അച്ചടിയുടെ പിതാവായി അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹമാണ് 1455-ൽ കലണ്ടറും, 1456- ൽ ബൈബിളും അച്ചടിച്ചത്.

ഇംഗ്ലണ്ടിൽ 1481-ൽ വില്യം കാക്സ്റ്റൺ ആണ് ചിത്രങ്ങളോടുകൂടെ ആദ്യത്തെ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിൽ അച്ചടി കൊണ്ടുവന്നത് പോർച്ചുഗീസുകാരാണ്. ഇന്ത്യയിലെ ഒരു ഭാഷയിൽ - തമിഴിൽ - ആദ്യമായി അച്ചടിച്ച ഗ്രന്ഥം ബൈബിൾ ആണ്. 1578 - ൽ. പിന്നീട് 1778 - ൽ ബംഗാളിയിൽ ഒരു വ്യാകരണഗ്രന്ഥവും അച്ചടിച്ചു. ഹോർത്തൂസ് മലബാറിക്കൂസ് എന്ന, മലയാളം കൂടെ ഉൾക്കൊള്ളുന്ന ഗ്രന്ഥം 1686- ൽ ഹോളണ്ടിലെ ആംസ്റ്റർഡാമിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്. ക്ലമന്റ് എന്ന വൈദികൻ 1772-ൽ പ്രസിദ്ധീകരിച്ച “സംക്ഷേപവേദാർത്ഥം” എന്ന പുസ്തകമാണ് ആദ്യമായി പുസ്തകരൂപത്തിൽ അച്ചടിച്ചത്. കോട്ടയത്ത് ചർച്ച് മിഷൻ സൊസൈറ്റി( സി. എം. എസ് പ്രസ്സ്) എന്ന കേരളത്തിലെ ആദ്യത്തെ പ്രസ്സ് സ്ഥാപിക്കുന്നത് 1821- ൽ ബെഞ്ചമിൻ ബെയിലി എന്നയാളാണ്. തിരുവനന്തപുരത്തുള്ള ഗവണ്മെന്റ് പ്രസ്സ് നിലവിൽ വരുന്നത് 1834 - ആണ്.

ആദ്യത്തെ പത്രവും ചൈനക്കാരുടേതാണ്. (മനോരമക്കാരു സമ്മതിക്കൂല.;)) ടെങ്പാവേ എന്നായിരുന്നു അതിന്റെ പേർ. പിന്നെ റോമിൽ വന്നു. പിന്നീട് എല്ലാ രാജ്യങ്ങളിലും വന്നു. പത്രങ്ങൾ, പുസ്തകങ്ങൾ, മാസികകൾ ഒക്കെ വന്നു. പിന്നീട് വിജ്ഞാനകോശം വന്നു. എല്ലാ തരത്തിലും പെട്ട അറിവുകളുടെ (വിജ്ഞാനങ്ങളുടെ) ശേഖരമാണ് വിജ്ഞാനകോശം അല്ലെങ്കിൽ എൻസൈക്ലോപീഡിയ. 20000-ൽ അധികം വിഷയങ്ങൾ ഉൾക്കൊള്ളിച്ച്, പ്ലിനി എന്ന റോമൻ എഴുത്തുകാരനാണ് 37 വാല്യങ്ങൾ ഉള്ള ആദ്യത്തെ വിജ്ഞാനകോശം തയ്യാറാക്കിയത്. അതിനുശേഷം 5020 വാല്യങ്ങൾ ഉള്ള വിജ്ഞാനകോശം ചൈനയിൽ തയ്യാറായി.

പിന്നീടാണ് ഗ്രന്ഥശാലകൾ വരുന്നത്. പുസ്തകം പൈസ കൊടുത്ത് വാങ്ങേണ്ടെന്നൊരു ഗുണം അതോടുകൂടെ വന്നു. വിവിധതരങ്ങളായ പുസ്തകങ്ങൾ നിറച്ചിട്ടുള്ള ഗ്രന്ഥശാലകളിൽ നിന്ന് അറിവ് നേടാൻ എളുപ്പമായി. ആദ്യം എഴുതിയ സ്ലേറ്റുകളാണ് ഉണ്ടായിരുന്നത്. 8000 വർഷങ്ങൾക്കുമുമ്പ്, മെസോപ്പൊട്ടാമിയയിലാണ് ആദ്യം ഗ്രന്ഥശാല തുടങ്ങുന്നത്. റോമാക്കാർ പബ്ലിക് ലൈബ്രറി എന്ന ആശയം കൊണ്ടുവന്നതോടെ, ആദ്യം പള്ളികളും, പിന്നീട് സർവ്വകലാശാലകളും ലൈബ്രറി തുടങ്ങി. കേരളഗ്രന്ഥശാലാസംഘം 1945- ൽ തുടങ്ങി.

എഴുത്തിനു പകരം ടൈപ്പ്റൈറ്റർ വന്നത് വിജ്ഞാനവും അറിവും പങ്കുവെക്കുന്നത് എളുപ്പമാക്കി. ചുരുക്കെഴുത്ത് (ഷോർട്ട് ഹാൻഡ്) ആദ്യമായി നടപ്പിലാക്കിയത് 1838- ൽ ഐസക് പിറ്റ് മാൻ ആണ്. പിന്നീട് റോബർട്ട് ജോൺ ഗ്രെഗ് എന്ന അയർലണ്ടുകാരനും പുതിയ രീതിയിൽ ഉള്ള ചുരുക്കെഴുത്ത് (ഷോർട്ട്‌ഹാൻഡ്) സമ്പ്രദായം കൊണ്ടുവന്നു.

ഫ്രഞ്ചുകാരനായ ലൂയിബ്രെയിലാണ് കണ്ണുകാണാത്തവർക്കുവേണ്ടിയുള്ള ലിപിസമ്പ്രദായം കൊണ്ടുവരുന്നത്. കടലാസ്സിൽ സൂചികൾ കുത്തിയുണ്ടാക്കിയതുപോലെയുള്ള ഈ ലിപികൾ, സ്പർശിച്ചാണ്, കണ്ണുകാണാത്തവർ തിരിച്ചറിയുന്നത്. ബ്രയിലി ലിപി എന്നാണ് ആ ലിപി അറിയപ്പെടുന്നത്.


(കലണ്ടറിൽ, ഹെർമൻ ഗുണ്ടർട്ടിന്റെ ചരമദിനം എന്നു കണ്ടപ്പോൾ, അദ്ദേഹത്തെക്കുറിച്ച് എഴുതണമെന്നു തോന്നി. ഇന്നലെ ആയിരുന്നു. പറ്റിയില്ല. ഇന്നു തിരക്കൊഴിഞ്ഞ്, പുസ്തകങ്ങൾ നോക്കിയപ്പോൾ ഇതൊക്കെ എഴുതിയിട്ടാലോന്ന് തോന്നി.)

(എഴുതിയ വിവരങ്ങൾക്ക് കടപ്പാട് - പ്രഭാത് ബാലവിജ്ഞാനകോശം).

Labels:

Thursday, April 23, 2009

അങ്ങനെയങ്ങനെ

കുറച്ചുദിവസങ്ങളായിട്ട് തിരക്കാണ്. കാര്യമായിട്ടുള്ളതല്ലെങ്കിലും തിരക്ക്, തിരക്ക് തന്നെ. ഒഴുക്കില്‍പ്പെട്ടപോലെയങ്ങനെ പോകും. തിരക്കില്ലാത്തപ്പോൾ, കുളത്തിൽ വീണൊഴുകിനടക്കുന്ന ഇലയാവും. ഒഴുകിയൊഴുകി, ചുറ്റുപാടും കണ്ടാസ്വദിച്ച് ജീവിക്കും. തിരക്കുള്ളപ്പോൾ, കടലിലേക്ക് പോകുന്ന പുഴയിൽ വീണ ഇലയെപ്പോലെ. ഒന്നും കണ്ടുനിൽക്കാനോ നോക്കാനോ സമയം കിട്ടില്ല. ഒക്കെയങ്ങ് വേഗത്തിൽ കടന്നുപോകും. കാഴ്ചകളും അനുഭവങ്ങളും നല്ലതാണെങ്കിൽ കുളത്തിൽക്കിടക്കുന്നത് നല്ലതുതന്നെ. അല്ലെങ്കിൽ ഒന്നുമറിയാതെ ഒഴുകുന്നതാവും നല്ലത്.

വീട്ടുകാരൊക്കെക്കൂടെ ഒത്തുകൂടിയപ്പോ, കസിൻസിന്റെ കൂടെ ചിരിച്ച് ചിരിച്ച് മരിച്ചു. കൂടെ കുട്ടികളുടെ കളിയും ബഹളവും. ഇതെന്താ കഥ ന്ന് കുറച്ചുംകൂടെ മുതിർന്നവർ ചോദിക്കുമ്പോഴാണ്, ഞങ്ങളൊന്നും കുട്ടികളല്ലെന്ന ബോധത്തിലേക്ക് തിരിച്ചുവരുക. കുറേക്കാലം കൂടി കാണുന്നവർക്കാണെങ്കിൽ, വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഇത്തവണ ഞങ്ങളെല്ലാം കൂടെ ഒരു ദിവസം ചിരിച്ചത്രയും എല്ലാരും കൂടെ എത്രദിവസം ചിരിച്ചാലും എത്തില്ല. ചക്ക നുറുക്കലും, അപ്പമുണ്ടാക്കലും ചിരിക്കിടയിൽ തീർന്നുകിട്ടി. തിന്നലിന്റെ കാര്യം പറയാത്തതാവും നല്ലത്. ശിവരാത്രി പോലെ, തിരുവാതിര പോലെ ഒരുദിവസം കൂടെ ഉറങ്ങാതെ ഇരുണ്ടു വെളുത്തു.

പിന്നെ ചെറിയൊരു യാത്രയ്ക്കിടയിൽ ഇത്തവണ നല്ലൊരു കാര്യമുണ്ടായി. എപ്പോഴും മോശം കാര്യമൊന്നും ഉണ്ടാവാറില്ല. ചിലതൊക്കെ സാധാരണ യാത്രകൾ. എന്നാലും പലതിലും രസകരമായ അനുഭവങ്ങളുണ്ടാകും. പണ്ടൊരിക്കൽ, വിശന്നവൻ കൈനീട്ടിയപ്പോൾ കൊടുക്കാതിരുന്നിട്ട്, ട്രെയിനിൽ കയറി തട്ടിപ്പിടിച്ചെടുത്തത്, ബ്ലോഗിൽ എഴുതിയിരുന്നു. ഇത്തവണ, നല്ല തിരക്കായിരുന്നു. കാലുകുത്താൻ പോലും സ്ഥലമില്ലാത്ത കമ്പാർട്ട്മെന്റ്. അവധിക്കാലം ആയതുതന്നെ കാരണം. എങ്ങനെയൊക്കെയോ സീറ്റൊക്കെ ഒപ്പിച്ചെടുത്തു. അതിനിടയ്ക്ക് പഴമ്പൊരി കണ്ടപ്പോൾ വേണമെന്ന് തോന്നി. ചേട്ടൻ വാങ്ങുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു ചെറിയ പെൺകുട്ടി, എല്ലാവരുടെ മുന്നിലും കൈയും നീട്ടിവന്നത്. എന്റെ മുന്നിൽ വന്ന്, തിന്നാൻ വേണംന്ന് ആംഗ്യം കാണിച്ചു. എന്റെ കൈയിൽ ബാഗുപോലും കാണാത്തതുകൊണ്ട് മുന്നോട്ട് കടന്നുപോയി. തിരക്കിൽ, കൈ തന്നെ ഒന്ന് മാറ്റിവച്ചാലോന്ന് വിചാരിക്കുമ്പോഴാണോ ബാഗും കൂടെ പിടിക്കേണ്ടത്! ചേട്ടന്റെ കൈയിൽ കിട്ടിയ പഴമ്പൊരിയിൽ നിന്ന് വലിച്ചെടുത്ത്, തിരക്കിൽ, കുട്ടിയെ തോണ്ടിവിളിച്ച് കൊടുത്തു. എനിക്കെന്തോ, പഴയ കടം വീട്ടിയതുപോലെ തോന്നി. ഭക്ഷണം ഇല്ലായിരുന്നെങ്കിൽ, പൈസ കൊടുക്കേണ്ടിവരും, പലപ്പോഴും. ശരിക്കും, അങ്ങനെ ചെയ്യരുത്. കൊച്ചുകുട്ടികളുടെ ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുത്. പക്ഷെ, അതൊക്കെ വെറുതേ മനസ്സിൽ വിചാരിച്ചുകൊണ്ടിരിക്കും. കൈനീട്ടുമ്പോൾ കൊടുത്തുപോകും. പഴമ്പൊരിയ്ക്ക് നല്ല സ്വാദായിരുന്നു.

ഒരു വൃദ്ധൻ പതിവായി വീട്ടിൽ ഭിക്ഷയ്ക്കു വരുമായിരുന്നു. കുറച്ചൊന്നും പോര. നല്ല പൈസ തന്നെ വേണം. എപ്പോ ചോദിച്ചാലും മോളുടെ കല്യാണമാണ്, പൈസ തന്നെ വേണമെന്ന് പറയും. പറഞ്ഞ് പറഞ്ഞ് എട്ടോ പത്തോ മക്കളുടെ കല്യാണത്തിനു വാങ്ങികൊണ്ടുപോയി. പറഞ്ഞപ്പോൾ, അയ‌ൽ‌വക്കത്തെ ചേച്ചി പറഞ്ഞു “മക്കളും മരുമക്കളുമൊന്നുമില്ല. വെറുതേ പറയുന്നതാ.” എന്ന്. അവർക്കറിയാമായിരുന്നെന്ന് തോന്നുന്നു. അല്ലെങ്കിലും മക്കളുടെ കാര്യം പറഞ്ഞത് തട്ടിപ്പാണെന്ന് ഞങ്ങൾക്കും അറിയാമായിരുന്നു. ആലോചിക്കുമ്പോൾ തോന്നുന്നത്, നമ്മളൊക്കെ എത്ര നല്ല നിലയിലാണെന്ന്. കൈനീട്ടാതെ, വെട്ടിവിഴുങ്ങുന്നുണ്ടല്ലോ, മൂന്നും നാലും നേരം.

അക്ഷയതൃതീയ പിന്നേം വരുന്നുണ്ട്. മാന്ദ്യം എത്രത്തോളമുണ്ടെന്നറിയാൻ, ആഭരണക്കടയുടെ മുന്നിലേക്കൊന്ന് വെറുതേ നോക്കിയാൽ മതി. ഉള്ളിലേക്ക് കാണാൻ പറ്റില്ല, തിരക്കുകൊണ്ട്. മാന്ദ്യം തന്നെ മാന്ദ്യം! നീയെന്തിനാ മടിച്ചുനിൽക്കുന്നത് എന്നാണ് ഇവിടെ ചോദിച്ചത്. ശരിയാണ്. പക്ഷേ, എന്തിനാ കുറേ സ്വർണ്ണം. എല്ലാം ആവശ്യത്തിനേ പാടുള്ളൂ. ഞാൻ തന്നെ ചിലപ്പോൾ ഇത് മാറ്റിയും പറയും. കുറച്ചുവാങ്ങിവെച്ചാൽ, പിന്നെ വിറ്റ് കാശാക്കാമല്ലോ.

പുസ്തകങ്ങൾ കുറച്ചുവാങ്ങി. വായിച്ചു, വായിക്കുന്നു, വായിക്കും, വായിച്ചേക്കാം, എന്ന സ്ഥിതിയിലാണ്.

ഇന്ന് ഐ പി എല്ലിൽ ഷാരൂഖ്ഖാന്റെ ടീം ആണ് കളിക്കുന്നത്. ;)

പിന്നെന്ത്? എന്തൊക്കെയോ ഉണ്ട്. പിന്നേം എഴുതാമല്ലോ.

ചിന്തിക്കേണ്ടത്:-

പാലി:- യോ സഹസ്സം സഹസ്സേന സംഗാമേ മാനുസേ ജിനേ
ഏകം ചഃ ജേയ്യ മത്താനം സ വേ സംഗാമജൂത്തമോ

അതായത്

സംസ്കൃതം :- യഃ സഹസ്രം സഹസ്രേണ സംഗ്രാമേ മാനുഷാൻ ജയേൽ
ഏകം ച ജയേദാത്മാനം സ വൈ സംഗ്രാമജിദുത്തമഃ

ആയിരമായിരം (പത്തുലക്ഷം) മനുഷ്യരെ യുദ്ധത്തിൽ ജയിച്ചവനേക്കാൾ തന്നെത്താൻ ജയിച്ചവനാകുന്നു അധികം ശ്രേഷ്ഠൻ.

എന്ന് ശ്രീബുദ്ധൻ.

ഒക്കെ, പുസ്തകത്തിൽ മലയാളത്തിലായതുകൊണ്ട്, എനിക്കെഴുതാൻ പറ്റി.

Labels:

Monday, April 20, 2009

നീ

മൗനമേ നീയൊരു തിരയായിരുന്നെങ്കിൽ,
നിന്നെത്തൊടാതെ ഞാൻ ദൂരത്തുനിന്നേനെ.
മൗനമേ നീയൊരു മഴയായിരുന്നെങ്കിൽ,
ഒരു കുടക്കീഴിൽക്കയറി ഞാൻ നിന്നേനെ.
മൗനമേ നീയൊരു പാട്ടായിരുന്നെങ്കിൽ,
കാതുകൾ കൊട്ടിയടച്ചു ഞാൻ നിന്നേനെ.
മൗനമെ നീയൊരു കാഴ്ചയാണെങ്കിലോ,
കണ്ണുകൾ തുറക്കാതെ നേരം കളഞ്ഞേനെ.
മൗനമേ നീയൊരു പുഷ്പമാണെങ്കിലോ,
സുഗന്ധം നുകരാതെ ഓടിയകന്നേനെ.
മൗനമേ നീയെന്റെ ഉള്ളിലുണർന്നെന്നും,
വാക്കുകൾ മോഷ്ടിച്ചൊളിപ്പിച്ചുവയ്ക്കുന്നു,
നിശ്ചലം നില്ക്കുന്ന മനസ്സിന്റെയുള്ളിലായ്
അലറിച്ചിരിച്ചെന്റെ മിഴികൾ നിറയ്ക്കുന്നു.

Labels:

Saturday, April 18, 2009

തിരശ്ശീല

കാഴ്ചയ്ക്കും കണ്ണിനുമിടയിൽനിന്ന്
ഒരു കള്ളി ചിരിക്കുന്നു
തൊങ്ങലും പിടിപ്പിച്ച്
ആടിയാടിച്ചിരിക്കുന്നു.
ഒരു ഹൃദയത്തിനു മുന്നിൽ
അവഗണനയുടെ കട്ടിയുള്ള തിരശ്ശീലയുണ്ട്.
ഒതുക്കാൻ കഴിയുന്നില്ല,
ഒന്നെത്തിനോക്കാനാവുന്നില്ല.
ഹൃദയത്തിന്റെ നിറങ്ങളിലേക്ക്
മിഴിതിരിക്കാതെ, മുഖം തരാതെ
മറഞ്ഞിരിക്കുന്നയാളെക്കുറിച്ച്
എനിക്ക് പറയാൻ
കഴിയാത്തതിന്റെ സങ്കടം!
എനിക്കും നിനക്കുമിടയിൽ
നക്ഷത്രങ്ങൾ തുന്നിപ്പിടിപ്പിച്ച്
ആകാശമെന്നൊരു തിരശ്ശീലയിട്ടത്
എന്തിനാണ് ദൈവമേ!


കുറിപ്പ്:- ഉച്ചയുറക്കത്തിനിടയിൽ കറന്റ് പോയി. വേനൽക്കാലവും ചൂടും സഹിച്ചൂടാ. എണീറ്റിരുന്ന് നോക്കിയപ്പോൾ കർട്ടൻ കണ്ടു. ഒരു വശത്തെ കാഴ്ചകൾ മറയ്ക്കുന്നു. അപ്പോ ആലോചിച്ചപ്പോൾ ഇതൊക്കെത്തോന്നി. സങ്കടം വരുമ്പോഴാണ്, ദൈവം ആകാശത്തിനുമപ്പുറത്തെവിടെയോ, നമുക്ക് കാണാൻ കഴിയാത്തിടത്താണെന്ന് തോന്നുന്നത്. എല്ലാം കൂടെ തോന്നിത്തോന്നി ഇങ്ങനെയൊക്കെയായി. എനിക്കു വേറെ ജോലിയില്ലെങ്കിൽ ഇതൊക്കെസ്സംഭവിക്കുമെന്ന് മനസ്സിലായില്ലേ?

Labels:

Monday, April 13, 2009

വിഷു




മിഴികൾ പതുക്കെ തുറന്നൊന്നു നോക്കുമ്പോൾ,
മുന്നിൽത്തെളിയുന്നു വർണ്ണക്കണിക്കൊന്ന.
മണ്ണിന്റെ മണവുമായ് കണിവെള്ളരിക്കയും,
മിന്നുന്നു മുന്നിലായ് സ്വർണ്ണവും വെള്ളിയും,
ചക്കയും മാങ്ങയും, അരിയും പഴങ്ങളും,
നാളികേരത്തിൽ ജ്വലിക്കുന്ന ദീപവും,
കള്ളച്ചിരിയുമായ് കണ്ണനാമുണ്ണിയും,
പുതിയൊരു പുലരിയിൽ സ്വാഗതമോതുന്നു.
ശബ്ദം പൊഴിച്ചും, നിശബ്ദമായും,
പടക്കങ്ങൾ, പൂത്തിരികൾ ചിന്നിച്ചിതറുന്നു.
കൈനീട്ടവും വാങ്ങി കൈകൾ നിറയ്ക്കുമ്പോൾ,
മനസ്സുനിറച്ചു വിഷു വീണ്ടുമുണരുന്നു.
ഇനിയൊരു വിഷുക്കണി കാണും വരേയ്ക്കും,
മനസ്സിലും കണ്ണിലും കാഴ്ചകൾ നിറയ്ക്കുന്നു.

Labels:

Saturday, April 11, 2009

മലയാളം മരിക്കൂല

കേടായ കളിപ്പാട്ടങ്ങളുടെ ഫാനും ലൈറ്റും എടുത്ത് സെല്ല് വെച്ച് പ്രവർത്തിപ്പിക്കുകയാണ് അവധിക്കാലവിനോദം. വേറൊന്നും വേണ്ട. ആരും ഇടപെടാനും പാടില്ല. മേശയ്ക്കുമേലെ നിരത്തിയിരിക്കുന്നതു കണ്ടാൽ ഏതെങ്കിലും പരീക്ഷണശാലയാണെന്നേ തോന്നൂ. ഇനി അതല്ലെങ്കിൽ നൂറുതവണ കണ്ട കോമഡിസിനിമയുടെ സിഡി ഇട്ട് കാണൽ.

അതിനിടയ്ക്കാണ് കുറച്ച് പുതിയ പുസ്തകങ്ങൾ വായിക്കാൻ മുന്നിൽ കൊണ്ടു ചെല്ലുന്നത്. മലയാളം മനോഹരം എന്നൊക്കെ പറയാം. പക്ഷേ ഇവരോട് പറയരുത്. ഒരാൾ ശുദ്ധമലയാളത്തിൽ പറഞ്ഞു, “എനിക്ക് മലയാളം വായിക്കാൻ അറിയില്ല.” പുസ്തകം നീട്ടിയ ആൾ ഞെട്ടി. നിരാശയില്ലാതെ അടുത്തയാൾക്ക് നീട്ടി. അവനൊന്ന് സംശയിച്ചപ്പോൾ അവന്റെ സഹായത്തിന് വേറൊരാൾ എത്തി. “അവനും മലയാളം വായിക്കാൻ പറ്റില്ല. ഇംഗ്ലീഷാ.” ഞെട്ടാൻ നേരമില്ലായിരുന്നു. ആദ്യത്തവന്റെ ചേച്ചിയ്ക്ക് നീട്ടി. ഒന്ന് സംശയിച്ചെങ്കിലും ഒരു പുസ്തകം തെരഞ്ഞെടുത്തു. തപ്പിത്തടഞ്ഞ് വായന തുടങ്ങി. നിസ്സാരമെന്ന് നമുക്കു തോന്നുന്ന പല വാക്കിന്റേം അർത്ഥം അറിയില്ല. ആരോടെങ്കിലുമൊക്കെ ചോദിച്ച് വായന തുടർന്നു. പിന്നൊരാൾ, വീട്ടിലും സ്കൂളിലും ഒക്കെ ഇംഗ്ലീഷാ. പക്ഷേ മലയാളം നല്ല അസ്സലായിട്ട് വായിക്കും. എന്നാലും പുസ്തകങ്ങൾ കണ്ടപ്പോൾ പരീക്ഷണശാലയിലുള്ള കളി വിട്ട് വായിക്കാൻ മടി. പറഞ്ഞതല്ലേ വായിച്ചേക്കാം എന്ന മട്ടിൽ ഒരു വായനയൊക്കെ നടത്തി. അവന്റെ ഇളയ ആളാണെങ്കിൽ രണ്ടാം ക്ലാസ്സിലെത്തി. കുളിമുറിയിൽ വരെ ഇംഗ്ലീഷാ. പക്ഷെ, പുസ്തകം കിട്ടിയപ്പോൾ അതിലെ പാട്ടൊക്കെ അഞ്ചാറ് പേജ് ശ്രദ്ധയോടെ വായിച്ചു. ആദ്യത്തെ ദിവസം മാത്രം. ബാക്കി ദിവസമൊക്കെ പുസ്തകം വായിച്ചുതീർക്കേണ്ടേന്ന് ചോദിച്ചാൽ “ഞാൻ ആറ് പേജ് വായിച്ചു. അറിയ്യോ” ന്ന് ചോദിക്കും. ചേച്ചിയും ചേട്ടന്മാരും വായിക്കാത്തത് പിന്നെ ഞാനാണോ വായിക്കേണ്ടത് എന്നൊരു വിചാരം ഉണ്ടാവും ആ പാവത്തിന്. ഇങ്ങനെ പോകുന്നു, കാര്യങ്ങൾ. ഇതൊക്കെ വായിക്കാനുള്ള മടി കൊണ്ടാണെന്ന് വെക്കാം. ഇവരിൽ ചിലരൊക്കെ കാറ്റടിച്ചാൽ കറന്റ് പോയാല്‍പ്പിന്നെ വരാത്ത, ഒരു മഴ പെയ്താൽ, വഴി തോടാവുന്ന, കുഗ്രാമം എന്നതിൽനിന്ന് അല്പം കൂടെ മാത്രം മുന്നോട്ട് പോയ, ഗ്രാമങ്ങളിലാണ് ജീവിക്കുന്നത് എന്നതാണ് കാര്യം. വല്ല ടൗണിലും ആണെങ്കിൽ പിന്നേം ആശ്വസിക്കാമായിരുന്നു.

മലയാളം നിന്നിടത്ത് നിൽക്കും. കാരണം, സ്കൂളിൽ ഇംഗ്ലീഷല്ലേ പഠിക്കുന്നത്. അതുമാത്രം മുന്നോട്ടുപോകും. ആശ്വസിക്കാനുള്ളത്, എല്ലാരോടും ഇംഗ്ലീഷ് പറയാനും തുടങ്ങിയിട്ടില്ലല്ലോ എന്നതാണ്. അതും കൂടെ ആയിരുന്നേൽ ഒക്കെത്തീർന്നേനെ കാര്യം. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ മലയാളം മരിച്ചേക്കും എന്നു തോന്നും. മലയാളം എന്തായാലും മരിക്കൂല. താളവട്ടത്തിലെ മോഹൻലാലിനെപ്പോലെ കോമയിൽക്കിടക്കും. ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്, എന്നാൽ ഉണ്ടായിട്ടും ഇല്ലാത്തതുപോലെ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന സ്ഥിതി. ദിനോസർ, ഹിപ്പോപ്പൊട്ടാമസ് എന്നൊക്കെപ്പറയുന്നതുപോലെ അത്ഭുതം തോന്നിക്കുന്ന ഒന്നാവും മലയാളം എന്നതും. അങ്ങനെ ആവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

Labels:

Thursday, April 02, 2009

മാസപ്പഴഞ്ചൊല്ലുകൾ

പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? ഒരുപാടൊരുപാടുണ്ട്. ചിങ്ങം, കന്നി...മുതലായ മാസങ്ങൾ ഉൾപ്പെട്ട പഴഞ്ചൊല്ലായാലോ? വൃശ്ചികത്തിലെ പഴഞ്ചൊല്ല് കിട്ടിയില്ല. അതുപോലെ ചിലതിന്റെയൊന്നും അർത്ഥം എനിക്കറിയുകയുമില്ല. ഞാൻ നോക്കിയ പുസ്തകത്തിലുമില്ല. പഴഞ്ചൊല്ല് ചിലതൊക്കെ പണ്ടേ അറിയുന്നത്, പറഞ്ഞുകേട്ടിട്ടുള്ളത്.

ബാക്കിയുള്ളവയ്ക്ക് കടപ്പാട് :- പഴഞ്ചൊൽ പ്രപഞ്ചം - പി. സി. കർത്താ.

ചിങ്ങം

ചിങ്ങത്തിലെ മഴ ചിരിച്ചും കരഞ്ഞും.

ചിങ്ങമാസത്തിലെ മഴ ഇടവിട്ടിടവിട്ട് കുറച്ച്കുറച്ചായിട്ട് പെയ്യും. അതാണ് ഈ പഴഞ്ചൊല്ല്.

ചിങ്ങമാദ്യം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല.

ചിങ്ങത്തിൽ ആദ്യം തന്നെ മഴ പെയ്തു തുടങ്ങിയില്ലെങ്കിൽ, ആ മാസം മുഴുവൻ മഴയില്ല എന്നാണോ ഇതിനർത്ഥം? ആയിരിക്കും.

ചിങ്ങമാസത്തിൽ തിരുവോണത്തിന്നാൾ പൂച്ചയ്ക്കു വയറുവേദന.

ഓണസദ്യയുടെ പങ്ക് പൂച്ചയ്ക്കും കിട്ടും. പക്ഷെ പൂച്ചയ്ക്ക് വയറുവേദനയായാൽ പിന്നെ എന്ത് കിട്ടിയിട്ടെന്ത്?


ചിങ്ങം ഞാറ്റിൽ ചിനിങ്ങിചീനി

കുറച്ചുകുറച്ചായിട്ടാണ് ചിങ്ങത്തിൽ മഴ പെയ്യുന്നത്.

കന്നി

കന്നിക്കാറു പൊന്നുരുക്കും.

കന്നിയിൽ ഭയങ്കര ചൂടാണ്.

കന്നിമാസത്തിലെ വെയിൽ കള്ളനും കൊള്ളില്ല.

കള്ളന്മാർക്ക് ഒന്നിനും ധൈര്യക്കുറവുണ്ടാവില്ല. പക്ഷെ ആ കള്ളനും കന്നിമാസത്തിലെ കൊടും വെയിൽ താങ്ങാനാവില്ല.

കന്നിവെയിൽ പാറപൊളിക്കും.

അത്രയും കടുത്ത വെയിലെന്നർത്ഥം.

തുലാം

തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും പാർക്കാം.

മഴയൊക്കെ കുറയുമെന്നർത്ഥം. പിന്നെ എവിടെ വേണമെങ്കിലും ജീവിക്കാം.

തുലാവർഷം കണ്ട് ഓടിയവനുമില്ല; കാലവർഷം കണ്ട് ഇരുന്നവനുമില്ല.

തുലാമാസത്തിൽ മഴക്കാറ് കണ്ടാലും കുറേക്കഴിഞ്ഞേ മഴ പൊഴിയൂ. കാലവർഷത്തിൽ പെട്ടെന്ന് മഴ വീഴും.

ധനു

ധനുപ്പത്തു കഴിഞ്ഞാൽ കൊത്താൻ തുടങ്ങാം.

കൃഷി തുടങ്ങാം എന്നർത്ഥം.

മകരം

മകരത്തിൽ മഴ പെയ്താൽ മരുന്നുകൂടി ഇല്ല.

മകരത്തിൽ മഴ പെയ്യാത്തതുകൊണ്ടാവും ഇങ്ങനെ ചൊല്ല്. പെയ്താൽ വിഷമം ആവും.

മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.

മഞ്ഞുണ്ടാവേണ്ട കാലത്ത് മഴ പെയ്താൽ കഷ്ടം ആവും.

മകരമഞ്ഞിനു മരം കോച്ചും.

കൊടും തണുപ്പായിരിക്കും.

കുംഭം

കുംഭത്തിൽ നട്ടാൽ കുടത്തോളം; മീനത്തിലായാൽ മീൻ‌കണ്ണിനോളം.

ചേന കുംഭത്തിൽ നട്ടുണ്ടാക്കിയാൽ വലുതാവുമെന്നായിരിക്കും അർത്ഥം.

കുഭത്തിൽ മഴപെയ്താൽ കുപ്പയിലും നെല്ല്.

കൃഷി നന്നാവും എന്നാണോ?

മീനം

മീനമാസത്തിൽ മഴ പെയ്താൽ മീനും എരയില്ല.

മീനമാസത്തിലെ ഇടി മീൻ‌കണ്ണിലും വെട്ടും.

ഇടിവെട്ടിയാൽ ചെറിയതിനെക്കൂടെ ബാധിക്കും എന്നായിരിക്കും.


മേടം

മേടം പത്തിനുമുമ്പെ പൊടിവിത കഴിയണം.

മേടം തെറ്റിയാൽ മോടോൻ തെറ്റി.

ഇടവം

ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴീലും വെള്ളം.

നല്ല മഴക്കാലം.

ഇടവം കഴിഞ്ഞു തുലാത്തോളം കുടകൂടാതെ നടന്നീടിൽ പോത്തുപോലെ നനഞ്ഞീടാം.

നല്ല മഴക്കാലത്ത് നടക്കുന്ന കാര്യം.

മിഥുനം

മിഥുനം തീർന്നാൽ വിഷമം തീർന്നു.

നല്ല മഴക്കാലം ആയതുകൊണ്ടാവുമോ ഈ ചൊല്ല്?

കർക്കിടകം

കർക്കടകത്തിൽ ഇടിവെട്ടിയാൽ കരിങ്കല്ലിനു ദോഷം.

ഇടിയുടെ ശക്തിയെ കാണിക്കാൻ ആവും ഈ പഴഞ്ചൊല്ല്.

കർക്കടകത്തിൽ വാവു കഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്റെ മോളെ കല്യാണം കഴിക്കാനും ആരോടും ചോദിക്കേണ്ട.

കർക്കിടകമാസത്തിൽ “നിറ” നടത്തും. അതുപോലെ മുറപ്പെണ്ണിനെ കല്യാണം കഴിക്കാനും ആരോടും ചോദിക്കേണ്ട.

കർക്കടം കഴിഞ്ഞാൽ ദുർഘടം തീർന്നു.

കർക്കടകമാസത്തിനെ അല്ലേ പഞ്ഞമാസം ആയി കണക്കാക്കുന്നത്?

കർക്കടകത്തിൽ ചേന കട്ടിട്ടും കൂട്ടണം.

അത്രയ്ക്കും സ്വാദാണെന്നർത്ഥം. ഗുണമുണ്ടെന്നുമാവാം.

Labels: