Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, February 27, 2006

സീത!

"ജാനകിയോടു കൂടാതെ രഘുവരന്‍
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?
ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു
രണ്ടുമൊന്നത്രേ വിചാരിച്ചുകാണ്‍കിലോ
പാണിഗ്രഹണമന്ത്രാര്‍ത്ഥവുമോര്‍ക്കണം
പ്രാണാവസാനകാലത്തും പിരിയുമോ?”

കുഞ്ഞുസീത മിഴിഞ്ഞ കണ്ണുകളുമായി മുത്തശ്ശിയെത്തന്നെ നോക്കിയിരിക്കുകയാണ്. മുത്തശ്ശി പതിവുള്ള പുരാണപാരായണത്തിലാണ്. സീതയ്ക്ക്‌ അതിലൊന്നും താത്‌പര്യമില്ല. മുത്തശ്ശി പുരാണങ്ങള്‍ വെക്കുന്ന, പാറ്റാഗുളികള്‍ ഇടുന്ന, മുത്തു പിടിപ്പിച്ച തുണിസഞ്ചി, വായിക്കുമ്പോള്‍ പുസ്തകം വെക്കാന്‍ ഉപയോഗിക്കുന്ന പലക, ഇതിലൊക്കെയാണ് സീതയുടെ സന്തോഷം. വായിക്കാന്‍ പുസ്തകങ്ങള്‍ എടുത്ത്‌ പുറത്തുവെച്ചാല്‍, മുത്തശ്ശി, സഞ്ചി സീതയുടെ കൈയില്‍ കൊടുക്കും. അതിനുമുകളിലെ മുത്തൊക്കെ തൊട്ട്‌, പാറ്റാഗുളിക എടുത്ത്‌ മണപ്പിച്ച്‌, പുരാണം കേട്ടും കേള്‍ക്കാതെയും സീത ഇരിക്കും. പുസ്തകത്തിലെ ചിത്രങ്ങള്‍ വന്നാല്‍ പിന്നെ താള്‍ മറിക്കാന്‍ സമ്മതിക്കാതെ ‘നിക്കൂ... നിക്കൂ... മുത്തശ്ശീ, ഞാന്‍ കാണട്ടെ’ എന്ന് പറഞ്ഞ്‌ ഇരിക്കും. മുത്തശ്ശിയ്ക്ക്‌ ഒരു തിരക്കും ഇല്ല. പക്ഷെ സീതയുടെ അമ്മ ഇതൊക്കെ കണ്ടുംകൊണ്ട്‌ വന്നാല്‍ ശകാരം തുടങ്ങും. "പാറ്റാഗുളിക തൊടരുതെന്ന് നിന്നോട്‌ എത്ര തവണ പറയണം, മണ്ണുള്ള കൈകൊണ്ട്‌ പുസ്തകത്തില്‍ തൊടരുതെന്ന് പറഞ്ഞിട്ടില്ലേ" എന്നൊക്കെ കുറെ പറഞ്ഞ്‌ പോകും അത്ര തന്നെ.

മുത്തശ്ശിക്ക്‌ ജോലിത്തിരക്കില്ലാത്ത സമയം ആണെങ്കില്‍ മുത്തശ്ശി വായിക്കുന്നതിന്റെ അര്‍ത്ഥം സീതയ്ക്ക്‌ മനസ്സിലാവുന്ന തരത്തില്‍ പറഞ്ഞുകൊടുക്കും. പിന്നെ പുരാണകഥകളും. ഭീമന്‍ ബകനു ഭക്ഷണം കൊടുക്കാന്‍ പോയതും, ഊണുകഴിഞ്ഞിരിക്കുമ്പോള്‍ കൃഷ്ണന്‍ വന്ന് പാഞ്ചാലിയോട്‌ ഭക്ഷണം ചോദിച്ചതും, പിന്നെ അനുഗ്രഹിച്ചതും, രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ ജടായു രക്ഷിക്കാന്‍ നോക്കിയതും തുടങ്ങി ഒട്ടനവധി കഥകള്‍ മുത്തശ്ശിയാണ് സീതയ്ക്ക്‌ പറഞ്ഞ്‌ കൊടുത്തത്‌. വേനലവധിയ്ക്കാണ് മുത്തശ്ശിയുടെ കൂടെ താമസിയ്ക്കാന്‍ സീത എത്തുക. തിരിച്ചുപോകുമ്പോള്‍ കൂട്ടുകാര്‍ക്ക്‌ പറഞ്ഞ്‌ കൊടുക്കാന്‍ ഒരുപാട്‌ കഥകളും കാണിക്കാന്‍ ഒരുപാട്‌ സമ്മാനങ്ങളും സീതയുടെ പക്കല്‍ ഉണ്ടാകും. സീത രാമന്റെ കൂടെ കാട്ടില്‍ പോകാന്‍ പുറപ്പെട്ടത്‌ എന്നും മുത്തശ്ശി പറയും. ‘മുത്തശ്ശീ, നിയ്ക്ക്‌, ഹനുമാര് ലങ്കയ്ക്ക്‌ തീവെച്ച കഥ മാത്രം വിസ്തരിച്ചു കേട്ടാല്‍ മതി’ എന്ന് സീത പറയും. എന്നാലും, രാമന്റെ കൂടെ സീത കാട്ടില്‍ പോയ കഥ പറയാതെ എണീറ്റുപോവില്ല.

**********************

കഥകള്‍ കേട്ട്‌ സ്നേഹം കിട്ടി സീത വളര്‍ന്നു. കല്യാണം കഴിഞ്ഞ്‌ പോകുമ്പോള്‍ രാമായണം പുസ്തകമാണ് മുത്തശ്ശി കൊടുത്തത്‌. വായിക്കില്ലെങ്കിലും വെച്ചോളൂ എന്ന് പറഞ്ഞു.

**********************

ഒരു ദിവസം രാവിലെ തന്നെ സീത ഒറ്റയ്ക്ക്‌ വന്നപ്പോഴാണ് അച്ഛനും അമ്മയും അമ്പരന്നത്‌.

ശരത്‌ എവിടെ എന്നു ചോദിച്ചപ്പോള്‍ സീത പറഞ്ഞു.

"ട്രാന്‍സ്ഫര്‍ ആയി"

"എങ്ങോട്ടാ?"

അവരുടെ വീടിനും, സീത താമസിക്കുന്ന പട്ടണത്തിനും കുറേ ദൂരെയുള്ള പത്രത്താളുകളില്‍ വല്ലപ്പോഴും കണ്ട്‌ പരിചയം മാത്രമുള്ള ഒരു ഗ്രാമത്തിന്റെ പേരു സീത പറഞ്ഞു.

"എപ്പോഴാണ് ജോയിന്‍ ചെയ്യേണ്ടത്‌?"

"പത്തുദിവസം ഉണ്ട്‌".

"വീട്‌ കണ്ടുപിടിയ്ക്കാന്‍ സമയം ഉണ്ടല്ലോ അല്ലേ?"

“ഗ്രാമം ആയതുകൊണ്ട്‌ വാടകവീട്‌ കിട്ടാന്‍ പ്രയാസം ആവുമോ എന്തോ..."

"വീടൊക്കെ ഓഫീസിന്റെ കൂടെത്തന്നെയുണ്ട്‌. ഒക്കെ എടുത്ത്‌ മാറിയാല്‍ മതി".

"എപ്പോഴാ മാറാന്‍ ഉദ്ദേശിക്കുന്നത്‌? ഞങ്ങളും വരാം സഹായിക്കാന്‍”.

"ഞാന്‍ മാറുന്നില്ല. ട്രാന്‍സ്ഫര്‍ കാന്‍സല്‍ ചെയ്യിക്കാന്‍ നോക്കുന്നുണ്ട്‌ ശരത്‌ ".

"എന്തിന് ?? പ്രോമോഷന്‍ കിട്ടിയതല്ലേ. അതും കാന്‍സല്‍ ആവില്ലേ?"

“ആ പട്ടിക്കാട്ടിലൊന്നും പോയി താമസിക്കാന്‍ എന്നെ കിട്ടില്ല. ഒരു കട പോലും മര്യാദക്ക് കാണണമെങ്കില്‍ പത്ത്‌ കിലോമീറ്റര്‍ പോകണം. പിന്നെ കൂട്ടുകാരികളെയൊക്കെ ഞാന്‍ എങ്ങനെ കാണും?. ഞാന്‍ അങ്ങോട്ട്‌ വരില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞിട്ടുണ്ട്‌. ഒന്നുകില്‍ ഇവിടെ നില്‍ക്കും, അല്ലെങ്കില്‍ ഞങ്ങളുടെ വീട്ടില്‍. ശരത്ത്‌ അവധി ദിവസങ്ങളില്‍ വന്നോട്ടെ."

"അതൊന്നും ശരിയാവില്ല മോളൂ".

അച്ഛന്‍ ശരത്തിനെ വിളിക്കുന്നതും ട്രാന്‍സ്ഫറിന്റെ കാര്യങ്ങള്‍ ചോദിക്കുന്നതും പോകാന്‍ ആയാല്‍ പായ്ക്കിങ്ങില്‍ സഹായിക്കാം എന്നു പറയുന്നതുമൊക്കെ സീത കേട്ടു. അരിശം വന്നെങ്കിലും ഒന്നും മിണ്ടിയില്ല.

പിറ്റേന്ന് ഉച്ചയ്ക്കാണ് മുത്തശ്ശിയെ കാണാന്‍ സീതയും അമ്മയും കൂടെ പോയത്‌. വയ്യെങ്കിലും മുത്തശ്ശി എല്ലാക്കാര്യങ്ങള്‍ക്കും ഓടി നടക്കുന്നുണ്ടായിരുന്നു. എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. ഊണും കഴിഞ്ഞ്‌ ഇരിക്കുമ്പോളാണ് ‘ഞാന്‍ വായിച്ചിട്ട്‌ വരാം’ എന്നും പറഞ്ഞ്‌ കാലും മുഖവും കഴുകി മുത്തശ്ശി പോയത്‌. സീതയും പിന്നാലെ ചെന്നു. മുത്തശ്ശി സഞ്ചിയില്‍ നിന്ന് പുസ്തകങ്ങളൊക്കെ പുറത്തെടുത്ത്‌ വായന തുടങ്ങിയപ്പോള്‍ മറ്റു പുസ്തകങ്ങളുടെ ഉള്ളില്‍ വെച്ചിരുന്ന വര്‍ണനൂലുകള്‍ എടുത്ത്‌ നിവര്‍ത്തിയും ഒതുക്കിയും സീത ഇരുന്നു. മുത്തശ്ശി ശിവപുരാണവും ഭാഗവതവും കഴിഞ്ഞ്‌ രാമായണം കൈയിലെടുത്തു. കുറച്ചുറക്കെ തന്നെ വായിച്ചു.

"ഭര്‍ത്താവു തന്നോടു കൂടെ നടക്കുമ്പോളെത്രയും
കൂര്‍ത്തുമൂര്‍ത്തുള്ള കല്ലും മുള്ളും,
പുഷ്പാസ്തരണ തുല്യങ്ങളെനിക്കേതും,
പുഷ്പ ബാണോപമ! നീ വെടിഞ്ഞീടൊലാ
ഏതുമേ പീഢയുണ്ടാകയില്ലെന്‍ മൂലം
ഭീതിയുമേതുമെനിക്കില്ല ഭര്‍ത്താവേ"

**********************
പിറ്റേ ദിവസം പത്രമെടുക്കാന്‍ വാതില്‍ തുറക്കുന്നതിനു മുന്‍പു തന്നെ ശരത്‌ കോളിംഗ്‌ ബെല്ലിന്റെ ശബ്ദം കേട്ടു. ഇത്ര നേരത്തെ ആരാണെന്ന ആശ്ചര്യത്തില്‍ വാതില്‍ തുറന്ന ശരത്തിനു മുന്നില്‍ സീതയും അച്ഛനും അമ്മയും!. പിറ്റേന്ന് രാവിലെ വീട്ടുവസ്തുക്കള്‍ എല്ലാം കയറ്റിയ വാഹനം പുറപ്പെട്ടതും പിന്നാലെ സീതയും ശരത്തും അച്ഛനുമമ്മയും പുറപ്പെട്ടു. സീതയുടെ കൈയില്‍ ഉള്ള ബാഗില്‍ മുത്തശ്ശി കൊടുത്ത രാമായണം ഉണ്ടായിരുന്നു.

Saturday, February 25, 2006

ദാസപ്പചരിതം ഒന്ന്!

നാട്ടിന്‍പുറം.

അവിടുത്തെ സഹൃദയരായ കുറച്ച് പേര്‍ നാട്ടുകാര്‍ക്ക് വേണ്ടി കലാപരിപാടികള്‍ സംഘടിപ്പിച്ചു.

പാട്ട്, ഡാന്‍സ്, തുടങ്ങിയവ കൂടാതെ ഒരു നാടകവും തട്ടിക്കൂട്ടി.

നാടകത്തില്‍ നായകന്റെ സഹോദരിയുടെ കാമുകന്റെ റോള്‍ കിട്ടിയത് കടയില്‍ ജോലിക്ക് നില്‍ക്കുന്ന ദാസപ്പന് ആയിരുന്നു. ചെറിയ റോള്‍ ആയതിനാലും, ഡയലോഗ് അധികമൊന്നും ഇല്ലാത്തതിനാലും ദാസപ്പന്‍ റിഹേഴ്സലിന് വല്യ താത്പര്യം കാണിച്ചില്ല. പതിവുപോലെത്തന്നെ നാടകം അരങ്ങേറുന്ന ദിവസവും കടയില്‍ ജോലി കഴിഞ്ഞ് കള്ള് ഷാപ്പില്‍ കയറി നാടകസ്ഥലത്തെത്തി. തന്റെ അഭിനയം തെളിയിക്കേണ്ട സമയം ആയപ്പോള്‍ ആടിയാടി സ്റ്റേജില്‍ കയറി. കാത്തുനിന്ന കാമുകിയുടെ അടുത്ത് ആടിയാടി എത്തി. പിന്നില്‍ നിന്ന് പറഞ്ഞുകൊടുത്ത ഡയലോഗ് “ പ്രിയേ, പിണക്കമാണോ” എന്നത് അവളെ നോക്കി ദാസപ്പന്‍ പറഞ്ഞു “ പ്രിയേ, പിണ്ണാക്ക് വേണോ”. പിന്നീടിതുവരെ ദാസപ്പന്‍ സ്റ്റേജില്‍ കയറിയിട്ടില്ല.

Friday, February 24, 2006

അന്നൊരിക്കല്‍!

അടുക്കളയിലും അമ്പലത്തിലും അങ്ങാടിയിലും സാന്നിദ്ധ്യം സൃഷ്ടിച്ചുകൊണ്ട്‌ ജീവിതം നദി പോലെ ശാന്തമായി ഒഴുകുമ്പോഴാണ് മെയില്‍ വഴി വന്ന വൈറസുപോലെ മനുഷ്യനെ ശല്യപ്പെടുത്താന്‍ സിനിമാപോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്‌. കുടുംബത്തില്‍ പിറന്നവര്‍ കൂട്ടത്തോടെ പോലും പോകാന്‍ പാടില്ലാത്തത്‌ എന്ന് അതിനുമുകളില്‍ എഴുതാതെ എഴുതിവെച്ചിരുന്നു. കൂട്ടുകാരികള്‍ രണ്ടും കൂടെ രാവിലെ കയറിവന്നപ്പോഴേ ഞാന്‍ വിചാരിച്ചു ഇത്‌ നല്ലതിനുള്ള പുറപ്പാടല്ല എന്ന്.

അവര്‍ പറഞ്ഞു "സു നമുക്ക്‌ ആ പടത്തിനു പോകാം" എന്ന്.

സല്‍മാനെ കണ്ട ഐഷിനെപ്പോലെ ഞാന്‍ ഞെട്ടി.

"ആ പടത്തിനോ? പോസ്റ്റര്‍ കണ്ടില്ലേ, ആരെങ്കിലും കണ്ടാല്‍ എന്ത്‌ വിചാരിക്കും?"

“ആരും കാണില്ല നമുക്ക്‌ മാറ്റിനിക്ക്‌ പോകാം” എന്ന് അവര്‍.

“എന്നാല്‍ ചേട്ടന്‍ ഉച്ചയ്ക്ക്‌ വരും ചേട്ടനേം കൂട്ടാം"

“അയ്യേ സു ആ പടം ശരിയല്ല. "

“ഉം എന്നാല്‍ ചേട്ടന്‍ വരണ്ട അല്ലേ?”

അങ്ങനെ ചേട്ടന്‍ ഉച്ചയ്ക്ക്‌ സര്‍ക്കാര്‍ സേവനം കഴിഞ്ഞെത്തി. ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു ‘ഞാന്‍ സിനിമയ്ക്ക്‌ പോകുന്നു’ എന്ന്. ഏത്‌ സിനിമയ്കാ എന്നേ ചോദിക്കൂ. പോവുന്നു എന്നു പറഞ്ഞാല്‍ വിശ്വസ്തരായ ആരെങ്കിലും കൂടെ ഉണ്ടാവും എന്നറിയാം. അല്ലെങ്കില്‍ നമുക്ക്‌ പോവാം എന്നേ പറയൂ.

"ഏത്‌ സിനിമയ്ക്കാ ?"

ഞാന്‍ സിനിമയുടെ പേരു പറഞ്ഞു. സിനിമയുടെ പേരു കേട്ടതും, വാലന്റൈന്‍ ദിനത്തിലെ പാര്‍ട്ടിക്ക്‌ ക്ഷണക്കത്ത്‌ കിട്ടിയ ബാല്‍താക്കറേജിയെപ്പോലെ ചേട്ടന്‍ ഞെട്ടി. വായിലുള്ള ചോറ് , തുറന്ന വായിലും, കൈയിലുള്ള ചോറ്, ഉയര്‍ത്തിയ കൈയിലും വെച്ചിരിക്കുന്ന ചേട്ടന്‍ പോസ്‌ ബട്ടണ്‍ അമര്‍ത്തിയ വീഡിയോ പ്രോഗ്രാം പോലെ തോന്നിപ്പിച്ചു.

“എന്താ?” ഞാന്‍ ചോദിച്ചു.

“അതൊരുമാതിരി സിനിമയല്ലേ സു?”

“ആയ്ക്കോട്ടെ. ഭക്തകുചേലയും രാജാഹരിശ്ചന്ദ്രനും മാത്രമേ കാണൂ എന്നും പറഞ്ഞൊന്നുമല്ലല്ലോ നിങ്ങളുടെ കൈയും പിടിച്ച്‌ ഇറങ്ങിയത്‌?"

“സത്യന്‍ അന്തിക്കാടിന്റെ സിനിമയ്ക്ക്‌ പോയാല്‍ പോരേ?”

“അതിനു വേണമെങ്കില്‍ 4 ദിവസം കഴിഞ്ഞു പോകാം. ഇത്‌ മാറിപ്പോവും."

“ഇത്‌ ഇംഗ്ലീഷല്ലേ. മനസ്സിലാവുമോ?"

"ഇതില്‍ മനസ്സിലാക്കാന്‍ എന്തിരിക്കുന്നു? അല്ലെങ്കിലും എലിസബത്ത്‌ രാജ്ഞിയുടെ കൊച്ചുമക്കള്‍ ഇവിടെ ഉള്ളതുകൊണ്ടൊന്നുമല്ലല്ലോ ഇംഗ്ലീഷ്‌ ചിത്രങ്ങള്‍ ഇവിടെ വരുന്നത്‌."

"ബോംബേയിലെ 'ഹമ്മ ഹമ്മ' എന്ന പാട്ട്‌ കാണാന്‍ ശരിയല്ലെന്ന് പറഞ്ഞ നീയാണോ ഇപ്പോ ഈ ഫിലിമിനു പോകുന്നത്‌ ?"

“ആ പാട്ട്‌ ഇപ്പോഴും ശരിയല്ല. ഇതിന് ഞാന്‍ എന്തായാലും പോകും."

"ആരെങ്കിലും കണ്ടാലോ?"

“ഹ ഹ ഹ, നമ്മുടെ നാട്ടുകാര്‍ ഒന്നും മാറ്റിനിക്കു വരില്ല. ഇനി അഥവാ വന്ന് കണ്ട്‌ നിങ്ങളോട്‌ ചോദിക്കാന്‍ വന്നാല്‍ ഇന്ന് രണ്ട്‌ മണിക്ക്‌ നമ്മുടെ ഡൈവോഴ്സ്‌ കഴിഞ്ഞു എന്ന് പറഞ്ഞാല്‍ മതി."

"നിന്റെ വീട്ടില്‍ നിന്നാരെങ്കിലും ഫോണ്‍ ചെയ്താലോ?"

"ഉം. ഐശ്വരാറായ്‌, സല്‍മാന്‍ ഖാനേയും വിവേക്‌ ഒബ്‌റോയിയേയും തഴഞ്ഞ്‌ അഭിഷേക്‌ ബച്ചനെ സ്വീകരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നിലെ കാരണങ്ങളെപ്പറ്റി കൂലംകഷമായി ചര്‍ച്ച ചെയ്യാന്‍ കൂട്ടുകാരികളുടെ വീട്ടില്‍ പോയതാണെന്നു പറഞ്ഞാല്‍ മതി."

"ആയ്ക്കോട്ടെ."

പുറപ്പെട്ടിറങ്ങിയപ്പോഴേക്കും കൂട്ടുകാരികള്‍ എത്തി. കൂടെ ഭാവിയുടെ രണ്ട്‌ വാഗ്ദാനങ്ങളും.

"അയ്യോ.. ഇവരെയെന്തിനു കൂട്ടി?"

"വീട്ടില്‍ വിട്ടുപോന്നാല്‍ ശരിയാവില്ല സൂ. പ്രക്ഷേപണം നടത്താന്‍ തുടങ്ങിയാല്‍ നാട്ടുകാരു വിവരം അറിയും. സാരമില്ല ഇതുങ്ങള്‍ക്കൊന്നും മനസ്സിലാവില്ല."

"നമുക്ക്‌ വല്ലതും മനസ്സിലായിട്ടു വേണ്ടേ ഇവര്‍ക്ക്‌. ഉം വാ പോകാം".

ഓട്ടോയില്‍ കയറി. അവരു രണ്ടും പറയുന്നതിനു മുന്‍പ്‌ ഞാന്‍ പറഞ്ഞു ‘സൂപ്പര്‍മാര്‍ക്കറ്റ്‌.’
രണ്ടും കൂടെ, പിടികിട്ടി എന്ന മട്ടില്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പിന്നെ അവനു മനസ്സിലാകേണ്ട എന്നൊക്കെ പറഞ്ഞ്‌ പിറുപിറുത്തു. എന്താ എന്നും ചോദിച്ച്‌ ഓട്ടോക്കാരന്‍ തിരിഞ്ഞുനോക്കി. നിനക്കും ഞങ്ങള്‍ക്കും വൈകീട്ട്‌ വീട്ടില്‍ പോകാന്‍ ഉള്ളതാ മോനേ, അതുകൊണ്ട്‌ മുന്നോട്ട്‌ നോക്കി വണ്ടി വിട്‌ എന്ന് മനസ്സില്‍ പറഞ്ഞ്‌ " ഒന്നുമില്ല" എന്ന് അവനോട്‌ പറഞ്ഞു.

അങ്ങനെ ടാക്കീസില്‍ എത്തി. ഞങ്ങള്‍ക്ക്‌ നാട്ടുകാരെപ്പറ്റിയുള്ള വിശ്വാസം നൂറുശതമാനവും സത്യമാണെന്ന് തെളിയിച്ചുകൊണ്ട്‌ ഒറ്റയെണ്ണത്തിന്റേയും പൊടി പോലും ഇല്ല. വേറെ കുറച്ച്‌ ആള്‍ക്കാര്‍ നില്‍ക്കുന്നുണ്ട്‌. ഞങ്ങള്‍ ഇപ്പോ അമേരിക്കേന്ന് ലാന്‍ഡ്‌ ചെയ്ത പട്ടിക്കാട്ടുകാര്‍ ആണെന്ന ഭാവം മുഖത്തുവരുത്തി, കോടതി വളപ്പില്‍ കയറിയ പശുക്കളെപ്പോലെ കഥയറിയാത്ത മട്ടില്‍ ചുറ്റി നടന്നു. ടിക്കറ്റ്‌ കൊടുക്കാന്‍ നേരമായപ്പോഴുണ്ട്‌ ദേ ചേട്ടന്‍ പതുങ്ങിപ്പതുങ്ങി വരുന്നു. അവര്‍ക്ക്‌ രണ്ടിനും സന്തോഷമായി. ‘സൂ, ദേ നിന്റെ ചേട്ടന്‍ വന്നു. ഇനി ഒന്നും പേടിക്കണ്ട” എന്ന് പറഞ്ഞു.

സിനിമ തുടങ്ങി. ഭാവിവാഗ്ദാനങ്ങള്‍ക്ക്‌ മിഠായിയും കൂള്‍ഡ്രിങ്ക്സും വാഗ്ദാനം ചെയ്ത്‌ ചേട്ടന്‍ അവരെ നോക്കി. ഞങ്ങള്‍ സിനിമ കണ്ടു. തീര്‍ന്നതും വീട്ടിലേക്ക്‌ വെച്ചടിച്ചു.

Thursday, February 23, 2006

സൂത്രം

കൊതുകിന്റെ ശല്യം സഹിക്കാതിരുന്നപ്പോഴാണ് അയാള്‍ കൂട്ടുകാരുടെ സഹായം തേടിയത്. കൊതുകിന്റെ ശല്യം തീര്‍ക്കാന്‍ തവള ആണ് നല്ലതെന്ന് അവര്‍ അറിവ് വെച്ച് പറഞ്ഞുകൊടുത്തു.
കോളേജ് ലാബിലേക്ക് ഹോള്‍സെയില്‍ ആയിട്ട് തവള കൊടുക്കുന്ന ആളുടെ കൈയില്‍ നിന്ന് തവളയെ സംഘടിപ്പിച്ച് വീട്ടിലിട്ടു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ തവളശല്യം ആയി. അയാള്‍ പാമ്പിനെക്കൊണ്ടു വന്നു. തവളകള്‍ പോയിക്കിട്ടി. പാമ്പായി ശല്യം. അയാള്‍ കീരിയെ കൊണ്ടുവന്ന് വിട്ടു. അങ്ങനെ പരീക്ഷിച്ച് പരീക്ഷിച്ച് കൊതുക് തന്നെ ഭേദം എന്ന് കണ്ടെത്തുകയും കടയില്‍ കിട്ടുന്ന, അയാള്‍ക്ക് അലര്‍ജിയുണ്ടാക്കുന്ന കൊതുകുനിവാരിണിയെത്തന്നെ മനസ്സില്ലാമനസ്സോടെ ആശ്രയിക്കുകയും ചെയ്തു. ശല്യങ്ങളൊക്കെ ഒരുവിധം ഒഴിഞ്ഞു മാറിയപ്പോളാണ് പുതിയ അയല്‍ക്കാര്‍ വന്നത്. അവരുണ്ടാക്കുന്ന ബഹളവും ശല്യവും കാരണം അയാള്‍ പൊറുതിമുട്ടി. ഇത്തവണയും അയാള്‍ കൂട്ടുകാരെ ആശ്രയിച്ചു. അവര്‍ സൂത്രം പറഞ്ഞുകൊടുത്തു. ഒരാഴ്ചക്കുള്ളില്‍ അയാള്‍ കല്യാണം കഴിച്ചു. ഭാര്യ വന്നതോടെ അയല്‍ക്കാരുടെ പ്രശ്നം അവള്‍ ഏറ്റെടുത്തു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വീണ്ടും പ്രശ്നം. അത് ഒഴിവാക്കാന്‍ സൂത്രവുമന്വേഷിച്ച് നടക്കുകയാണയാള്‍!

Tuesday, February 21, 2006

കാമുകിമാര്‍!

അയാള്‍ക്ക്‌ കുറേ കാമുകിമാരുണ്ടായിരുന്നു. പലതും അയാള്‍ നേടിയെടുത്തത്‌. പലതും കാലത്തിന്റെ ഒഴുക്കില്‍ വന്നു ചേര്‍ന്നത്‌. വിട്ടുപോകാന്‍ കൂട്ടാക്കാതെ എല്ലാവരും അയാളുടെ കൂടെ വാസമുറപ്പിച്ചു. ഒഴിവാക്കാന്‍ അയാളും ആഗ്രഹിച്ചില്ല.

ജോലി സംബന്ധമായുള്ള ദൂരയാത്ര കഴിഞ്ഞ്‌ വരുന്ന ഒരു രാത്രിയില്‍ ആണ് റോഡില്‍ രക്തത്തില്‍ കുളിച്ച്‌ കിടന്നിരുന്ന ഒരാളെ അയാള്‍ കണ്ടത്‌. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും കണ്ടില്ലെന്നു നടിച്ച്‌ കടന്നുപോവുന്ന അയാള്‍ പതിവിനു വിപരീതമായി ഡ്രൈവറോട്‌ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അന്നയാള്‍ രക്ഷിച്ച അജ്ഞാതന്‍ ആണ് അയാളുടെ ഒരു കാമുകിയെ അകറ്റാന്‍ കാരണമായത്‌.

ഒരു ബന്ദ്‌ ദിവസം നെഞ്ഞുവേദന അനുഭവപ്പെട്ട അയാളെ ഉടനടി ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച വീട്ടുകാരോടൊപ്പം വാഹനക്കുരുക്കിനിടയില്‍പ്പെട്ട്‌ മരണത്തിനും ജീവിതത്തിനും ഇടയില്‍ കിടന്ന് അമ്മാനമാടുമ്പോള്‍, താന്‍ ഇത്രയേ ഉള്ളൂ എന്ന് ചിന്തിച്ച സമയത്താണ് രണ്ടാമത്തെ കാമുകി അയാളെ വിട്ടുപിരിഞ്ഞത്‌.

അയാളുടെ വീട്ടുകാരുടെ സഹായം കൊണ്ട്‌ ജീവിക്കുന്നു എന്ന് അയാള്‍ വിചാരിച്ചിരുന്ന നാട്ടുകാരന്‍ ഏറ്റവും നല്ല ബിസിനസുകാരനുള്ള അവാര്‍ഡ്‌ സ്വീകരിക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ അടുത്ത കാമുകിയും വിട ചൊല്ലി.

ഒരുപാട്‌ കാലം മുന്‍പേ വഴക്കടിച്ച്‌ പിരിഞ്ഞിരുന്ന അയാളുടെ സുഹൃത്തിനെ പോയിക്കണ്ട്‌ മാപ്പ്‌ ചോദിച്ച്‌ കൂട്ടുകൂടിയപ്പോഴാണ് അടുത്ത കാമുകി വിട പറഞ്ഞത്‌.

കാമുകിമാര്‍ ഓരോന്നായി വിട ചൊല്ലിയപ്പോള്‍ അയാള്‍ക്ക്‌ ആശ്വാസമാണ് തോന്നിയത്‌. കാരണം, സ്വാര്‍ത്ഥത, അഹംഭാവം, പരിഹാസം, മുന്‍‌കോപം എന്നിവയായിരുന്നു അയാളുടെ കാമുകിമാര്‍!

Monday, February 20, 2006

സിനിമ സിനിമ ----1

സിനിമകള്‍ ഒരുപാടുണ്ട്‌. ഭാഷകളും. പല സിനിമകളും പല ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്‌. നല്ല സിനിമകള്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ ഉള്ള ഒരു ഉപാധിയാണ് ഈ മാറ്റം. ചില സിനിമകള്‍ ഇറങ്ങുമ്പോള്‍ത്തന്നെ പല ഭാഷകളിലും ഇറങ്ങുന്നു. നടീനടന്മാര്‍ മാറാതെ ഭാഷ മാത്രം മാറുന്ന പ്രവണത നല്ലതാണ്. പക്ഷെ പല സിനിമകളും കഥ മാത്രം നിലനിര്‍ത്തിക്കൊണ്ട്‌ ബാക്കി എല്ലാ മേഖലയിലും മാറിക്കൊണ്ട്‌ പല ഭാഷകളില്‍ നിര്‍മ്മിക്കുന്നു. ഇങ്ങനെയൊരു മാറ്റം പക്ഷെ പലതരത്തിലും വിജയിക്കുന്നില്ല. അഭിനേതാക്കള്‍ മാറുന്നതു തന്നെയാണു മുഖ്യകാരണം. പിന്നെ സംവിധാനവും. തന്റെ ഭാഷയില്‍ സിനിമ ആദ്യം കണ്ട ഒരാള്‍ക്ക്‌ അത്‌ മറ്റ്‌ ഭാഷയില്‍ കാണുമ്പോള്‍ ആസ്വദിക്കാന്‍ പലപ്പോഴും കഴിയാതെ വരുമെന്ന് തോന്നുന്നു. ഞങ്ങള്‍ റോജ എന്ന സിനിമ ആദ്യം കണ്ടത്‌ തെലുങ്ക്‌ ഭാഷയിലേതാണ്. നടീനടന്മാര്‍ മാറാത്തതുകൊണ്ട്‌ ഹിന്ദിയിലും തമിഴിലും ഉള്ളത്‌ തെലുങ്കു പോലെ തന്നെ ആസ്വദിക്കാന്‍ കഴിഞ്ഞു. പക്ഷെ തേവര്‍മകന്‍ എന്ന സിനിമ ഹിന്ദിയില്‍ വിരാസത്‌ എന്ന പേരില്‍ വന്നപ്പോള്‍ തേവര്‍മകന്‍ എന്ന സിനിമയോട്‌ തോന്നിയ ഒരു ആകര്‍ഷണം തോന്നിയില്ല. ഒരുപാട്‌ മലയാളം സിനിമകള്‍ മറ്റു പല ഭാഷകളിലും കഥ മാത്രം സ്വീകരിച്ചുകൊണ്ട്‌ നിര്‍മ്മിച്ചിട്ടുണ്ട്‌. സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം(യേ തേരാ ഘര്‍ യേ മേരാ ഘര്‍), റാംജിറാവ്‌ സ്പീക്കിംഗ്‌, കിലുക്കം(മുസ്‌ക്കുരാഹട്ട്‌) നിറം, അനിയത്തിപ്രാവ്‌ (ഡോലി സജാക്കെ രഖ്‌നാ), കിരീടം(ഗര്‍ദിഷ്‌), ഗോഡ്‌ഫാദര്‍ (ഹല്‍ചല്‍) ഒക്കെ ഹിന്ദിയില്‍ വന്നു. പിന്നെ മണിച്ചിത്രത്താഴ്‌ എന്ന സിനിമ തമിഴിലും കന്നടയിലും ഒക്കെ വന്നു. അതൊന്നും നന്നായില്ല എന്നുള്ള അഭിപ്രായം ഇല്ല. എന്നാലും ശോഭന ചെയ്ത കഥാപാത്രത്തോട്‌ തോന്നിയ അടുപ്പം മറ്റു ഭാഷകളില്‍ അതേ കഥാപാത്രം ചെയ്തവരോട്‌ തോന്നിയില്ല എന്നുള്ളതാണു സത്യം. എന്നാല്‍ മലയാളത്തിലെ പോലെ തന്നെ മികച്ച നടീനടന്മാര്‍ ആണ് മറ്റുഭാഷകളിലും ചെയ്തിരിക്കുന്നത്‌. ഈയടുത്ത കാലത്ത്‌ ഇറങ്ങിയതാണ് ക്യോംകി എന്ന ഹിന്ദി സിനിമ. താളവട്ടം എന്ന മലയാളചിത്രത്തിന്റെ ഹിന്ദിറീമേക്ക്‌. പക്ഷെ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തിന്റെ നിഷ്കളങ്കഭാവം സല്‍മാന്‍ ഖാനു കിട്ടിയതായി തോന്നിയില്ല. "കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ” എന്ന പാട്ട്‌ കേള്‍ക്കുമ്പോള്‍ മോഹന്‍ലാലിനെ ഓര്‍മ്മിക്കുമ്പോള്‍ എത്‌ വിഷമത്തിലും പുഞ്ചിരി വരും. പക്ഷെ ക്യോംകി കണ്ടിട്ട്‌ അങ്ങനെയൊരു ഇഷ്ടം തോന്നിയില്ല. പിന്നെ മലയാളത്തില്‍ നിന്ന് ഒരുപാട്‌ സിനിമകള്‍ തമിഴിലേക്കും നിര്‍മ്മിക്കപ്പെട്ടു. ചില സിനിമകള്‍ ഒറിജിനാലിറ്റി അതേപടി നിലനിര്‍ത്തിയെങ്കില്‍( കാശി,പിരിയാതവരം വേണ്ടും), ചിലത്‌ അത്ര നന്നായില്ല. ആര്യ എന്ന തെലുങ്ക്‌ സിനിമ മലയാളത്തില്‍ മൊഴിമാറ്റം നടത്തി വന്നിട്ടുണ്ട്‌. തെലുങ്ക്‌ കണ്ടു. ഇനി മലയാളം കണ്ടിട്ട്‌ തീരുമാനിക്കാം, മോശമായോ എന്ന്. നടീനടന്മാര്‍ മാറാത്തതുകൊണ്ട്‌ നന്നായിരിക്കും എന്ന് കരുതാം. പാട്ട് പാടുന്നത് എങ്ങനെയാണെന്നോ.

കാതല്‍ റോജാവേ..
എങ്കേ നീയെങ്കേ..
.............
ആംഖോം മേ തു ഹേ
സാസോം മേ തു ഹേ
ആംഖേ ബന്ദ് കര്‍ലോ തോ
മന്‍ മേ ഭീ തൂ ഹേ.

നിനക്ക് ഒരു ഭാഷയില്‍ മുഴുവന്‍ പാടിക്കൂടേന്ന് ചോദിക്കും.

Saturday, February 18, 2006

തെറ്റിയ കണക്ക് ----4

അവനും അവളും.

വല്യ ഇഷ്ടം.

വില്ലന്‍ വന്നു.

കാലന്‍!

അവനെക്കൊണ്ടുപോകാന്‍.

ചെത്തുപയ്യന്മാര്‍ ബൈക്കില്‍ നിന്നിറങ്ങി കീച്ചെയിന്‍ കൈയിലിട്ട്‌ ചുഴറ്റുന്നതുപോലെ കയറു ചുഴറ്റി , പോത്തിന്റെ പുറത്തു നിന്നും ഭൂമിയിലേക്ക്‌ ലാന്‍ഡ്‌ ചെയ്തു. വീരപ്പനെ കണ്ടതില്‍പ്പിന്നെ മീശ പിരിക്കുന്നത് ഉപേക്ഷിച്ചിരുന്നു. പേടിച്ചിട്ട്.

അവള്‍ തടഞ്ഞു.

കാലന്‍ പറഞ്ഞു-" കൊണ്ടുപോകും. അതുറപ്പ്‌. അതിനു പകരം നിനക്കൊരു വരം ചോദിക്കാം. പക്ഷെ ഇവനെ കൊണ്ടുപോകരുത്‌, നീ മരിച്ചിട്ടേ അവന്‍ മരിക്കാവൂ, എന്നൊക്കെയുള്ള തട്ടിപ്പുവരം ചോദിക്കരുത്‌. തരില്ല”.

“ഉം”. അവള്‍ക്ക്‌ സമ്മതിക്കാതെ തരമില്ല.

“സമയം കളയാതെ ചോദിക്കൂ.”

അവള്‍ വരം ചോദിച്ചു "രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്ന് വിഭജനം നിര്‍ത്തുന്നോ അന്നേ ഞങ്ങളെ തമ്മില്‍ പിരിക്കാവൂ".

കാലന്‍, പോത്തിനോട്‌ "ഫോളോ മി " എന്നും പറഞ്ഞ്‌ കയര്‍ സ്വന്തം കഴുത്തിലിട്ട്‌ ഒറ്റ ഓട്ടം.

അവള്‍ക്ക്‌ സന്തോഷം കൊണ്ട്‌ കണ്ണുകാണാതെ ആയി. അവന്റെ മൂക്കിന്‍ തുമ്പത്തൊന്ന് തൊടണമെന്ന് അവള്‍ക്ക്‌ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ മൂക്കിന്‍ തുമ്പത്തല്ലേ ദേഷ്യം. എന്ത്‌ ചെയ്യാന്‍...

Thursday, February 16, 2006

ചിന്നു!

സൂത്രധാരന്‍ പ്രവേശിച്ചു.

ഒടുവില്‍ ഒരു നാടകം തുടങ്ങുകയായി.

ചിന്നു ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ വേദിയിലേക്ക്‌ നോക്കിയിരുന്നു. ഈ ഭൂമിയിലെ നിഷ്കളങ്കത മുഴുവന്‍ ആ കുഞ്ഞുമുഖത്ത്‌ വെളിച്ചം വിതറി നിന്നു.

സൂത്രധാരന്‍ പറഞ്ഞുവന്നതിന്റെ തുടര്‍ച്ചയെന്നോണം പറഞ്ഞുകൊണ്ടേയിരുന്നു.
"വേഷം കണ്ടു രസിപ്പതിന്നു ചിലരുണ്ടാകും,
തഥാരംഗഭൂഘോഷം കൊണ്ടു വിശേഷമായ്‌ തലകുലുക്കീടാനും ചിലര്‍ ".

ചിന്നു അമ്മയെ ഒന്ന് നോക്കി. അച്ഛന്റെ തട്ടുകടയുടെ ഒരു വശത്തിരുന്ന് പാത്രങ്ങള്‍ കഴുകിക്കൊടുക്കുകയാണ്. അച്ഛന്‍ ചായ കൊടുക്കുന്ന തിരക്കിലാണ്. ആ ഉത്സവപ്പറമ്പില്‍ ദൂരെ ഒരു വശത്ത്‌ പെട്രോമാക്സിന്റെ വെളിച്ചത്തില്‍ , കടയുടെ കുറച്ച്‌ മുന്നിലായി അമ്മ ഇട്ടുകൊടുത്ത കീറപ്പായയില്‍ ഇരുന്ന് പായയുടെ ഓരോ ഭാഗങ്ങള്‍ നുള്ളിപ്പൊളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാടകം തുടങ്ങിയത്‌. "ഉറങ്ങിയോ" എന്ന് അമ്മ പണിത്തിരക്കില്‍ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരുന്നു.

ചിന്നു വേദിയിലേക്ക്‌ നോക്കി. കളര്‍ വസ്ത്രങ്ങളില്‍ പലരും വന്നും പോയീം കൊണ്ടിരുന്നു. അവര്‍ പറയുന്നതൊന്നും സ്വന്തം വാക്കുകളല്ലെന്നും, ചരടുവലിക്കുന്നതിന് അനുസരിച്ചാടുന്ന പാവകളാണെന്നും, ആരോ എഴുതിവെച്ച വാക്കുകള്‍ യാന്ത്രികമായി ഉരുവിടുന്നതാണെന്നും ചിന്നുവിന്റെ ലോകം ഉള്‍ക്കൊള്ളില്ലല്ലോയെന്നോര്‍ത്ത്‌ ദൈവം മുകളില്‍ പുഞ്ചിരി തൂകി ഇരുന്നു.

ചിന്നുവിനു മടുത്തു തുടങ്ങി. കൂട്ടുകാരൊക്കെ വേദിയ്ക്കടുത്താണ്. അങ്ങോട്ട്‌ വിടില്ല അമ്മ. ഇവിടേയ്ക്ക്‌ അവര്‍ വരികയും ഇല്ല. ചിന്നു സ്വപ്നം കാണാന്‍ തുടങ്ങി. അച്ഛനും അമ്മയും വേദിയിലെ ആള്‍ക്കാര്‍ അണിഞ്ഞിരിക്കുന്ന തരത്തിലുള്ള നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ്‌ വേദിക്കു മുന്നിലിരിക്കുന്നതും താന്‍ അവരുടെ മടിയിലിരുന്ന് നാടകം കാണുന്നതും, അച്ഛന്‍ ഒരു രാജാവും അമ്മ രാജ്ഞിയും താന്‍ ഒരു രാജകുമാരിയും ആവുന്നതും കനവില്‍ അവള്‍ അറിഞ്ഞു. കുലുങ്ങിക്കുലുങ്ങിച്ചിരിച്ചു. കുഞ്ഞുമനസ്സ്‌ സന്തോഷം കൊണ്ട്‌ നിറഞ്ഞു നിന്നു.

അമ്മ ഒരു വിധം ജോലി തീര്‍ന്നപ്പോള്‍ ചിന്നുവിനെ നോക്കി. ചിന്നു വേദിയ്ക്ക്‌ പുറം തിരിഞ്ഞ്‌ അച്ഛന്റെ കടയുടെ നേര്‍ക്ക്‌ മുഖം നോക്കി ഉറക്കത്തിലായിരുന്നു. തട്ടുകടയില്‍ വെച്ച റേഡിയോയില്‍ നിന്ന് ആകാശവാണിയിലെ ഇഷ്ടഗാന പരിപാടിയില്‍ അവസാനത്തെ ഗാനത്തിന്റെ അവസാനവരികള്‍ ആയിക്കഴിഞ്ഞിരുന്നു. " നിദ്രയില്‍ നീ കണ്ട സ്വപ്നമെന്തേ, എന്റെ ഇത്തിരിപ്പൂവേ കുരുന്നുപൂവേ .. നിന്‍ കവിളെന്തേ തുടുത്തു പോയീ, നിന്‍ കവിളെന്തേ തുടുത്തുപോയീ....ഒരു കുങ്കുമച്ചെപ്പു തുറന്നപോലെ...”. അമ്മ ചിന്നുവിനെ വാത്സല്യത്തോടെ നോക്കിയപ്പോള്‍ ആ മുഖത്തെ നിഷ്കളങ്കത മുഴുവന്‍ ചുണ്ടത്തൊരു പാല്‍പുഞ്ചിരിയായി ഉദിച്ചു നിന്നിരുന്നു. ചിന്നു അപ്പോഴും രാജകുമാരിയുടെ രൂപത്തിലായിരുന്നു. അമ്മ ചിന്നുവിനെ വാരിയെടുത്തപ്പോള്‍ അവളൊന്ന് പ്രതിഷേധിച്ചു. രാജകുമാരിയുടെ വേഷം അഴിച്ചുവെക്കാന്‍ അവള്‍ക്ക്‌ മനസ്സില്ലായിരുന്നു.

നാടകം അന്ത്യത്തോട്‌ അടുത്തുകൊണ്ടിരുന്നു.

സൂത്രധാരന്‍ വിട ചൊല്ലാന്‍ തുടങ്ങി.

" സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും....”

Tuesday, February 14, 2006

മിസ്സിസ് പൂവന്റെ മനസ്സ് !!

ശരിക്കും പറഞ്ഞാല്‍ ഈ മനുഷ്യന്മാരെക്കൊണ്ടു തോറ്റു. ആ ‘ലജ്ജാവതിയും, ഫാത്തിമായും’ ഒക്കെ ഒന്ന് പാടാമെന്നു വെച്ചാല്‍ അപ്പോ പറയും “ ദേ, പിടക്കോഴി ഇവിടെ കൂവണ്ട കേട്ടോ” എന്ന്. എന്നാലും ഒരു ഗുണമുണ്ട് കേട്ടോ. കൊച്ചമ്മമാരും കൊച്ചാപ്രിമാരും ആ ടി. വി എന്ന കുന്ത്രാണ്ടത്തിന്റെ മുന്നില്‍ തപസ്സിരിക്കുന്നത് കാരണം ഞങ്ങള്‍ക്ക് മനസ്സമാധാനായിട്ട് എവിടെയും ചിക്കിപ്പെറുക്കാം.

ഞങ്ങള്‍ വെയിലായിട്ടേ എണീറ്റു വരൂ എന്നൊക്കെപ്പറയുന്നത് വെറുതെയാണെന്നേ. ഞങ്ങളുടെ പൂവന്‍ മൂപ്പരുടെ സാധകം കഴിയുമ്പോഴേക്ക് ഞങ്ങളു വന്നാപ്പോരെ.

ഏറ്റവും സഹിക്കാത്ത ഒരു കാര്യം ഉണ്ട്. ചില കൊച്ചമ്മമാര്‍ പറയും “ ദേ മനുഷ്യാ, വസന്ത പിടിച്ച കോഴിയെപ്പോലെ ഇരിക്കാതെ നിങ്ങളങ്ങോട്ട് ചെല്ലുന്നുണ്ടോ എന്ന്” . ഞങ്ങളെന്താ അത്രയ്ക്കും മോശം ആണോ? മനുഷ്യന്മാരു ഉണരുന്നതുപോലും ഞങ്ങളുടെ പൂവാലന്മാര്‍ പാടുന്നതു കേട്ടിട്ടാ.

പക്ഷെ കുറ്റം പറയരുതല്ലോ സമത്വം സമത്വം എന്നൊക്കെപ്പറയുന്നത് ഇല്ലാന്ന് ഇവരു പറയുന്നത് വെറുതെയാ. മുന്തിയ ഫൈവ്സ്റ്റാര്‍ പാലസ്സിലും കൊച്ചാപ്രീസ് തട്ടുകടയിലും ഞങ്ങള്‍ പൂവനും പിടയും തുല്യരാ. മനോഹരമായ പേരുകളും--- ചിക്കന്‍ മഞ്ചൂരിയന്‍, ചിക്കന്‍ ഫ്രൈ, ചില്ലി ചിക്കന്‍, ചിക്കന്‍ 65.


ഞാന്‍ ദേ ഇവിടെ വെയിലും കാഞ്ഞ് നിക്ക്വാ.

ഓ.. കഥ പറഞ്ഞ് നിന്ന് സമയം പോയി. ഞാനങ്ങോട്ട് ചെല്ലട്ടെ. ഇനീം ഇവിടെ നിന്നാല്‍ മെനുകാര്‍ഡില്‍ എന്റെ പേരും പടോം വരും.

“കൊക്കരക്കോ.....”

ദേ, എന്റെ പൂവാലന്‍ന്റൈന്‍ ‍വിളിക്കുന്നു...ഓക്കെ.. സീ യൂ..

Sunday, February 12, 2006

പ്രണയദിനാശംസകള്‍! HAPPY VALENTINE'S DAY!

വാലന്‍ന്റൈന്‍സ്‌ ഡേ വന്നു. അതിനെപ്പറ്റി എനിക്കുള്ള അറിവ്‌ എന്താന്ന് വെച്ചാല്‍ ഇഷ്ടമുള്ളവര്‍ക്ക്‌ സമ്മാനം കൊടുക്കും എന്നാണ്. എന്തെങ്കിലും ചോദിക്കാതെ വാങ്ങിത്തന്ന ചരിത്രം ഇല്ല. ചരിത്രം തിരുത്തപ്പെടുമോയെന്ന് നോക്കാനുള്ള ക്ഷമയും ഇല്ല. അതുകൊണ്ട്‌ സമയം കളയാതെ ചോദിച്ചുവാങ്ങിക്കളയാം എന്ന് കരുതി. ചോദിച്ചു വാങ്ങുമ്പോള്‍ കുറയ്ക്കണ്ടല്ലോന്ന് വിചാരിച്ച്‌, രാഷ്ട്രീയക്കാര്‍ പ്രകടനപത്രിക ഇറക്കുന്നത്‌ പോലെ കാര്യമായിട്ട്‌ തന്നെ ഡിമാന്റ് ഇറക്കി.

ഒന്ന് ----എന്റെ അത്രേം വലുപ്പമുള്ള ടെഡിബെയര്‍ വേണം.

രണ്ട്‌----തന്മാത്രയില്‍ നായകന്‍ നായികയെ സ്കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതുപോലെ എന്നേം പഠിപ്പിക്കണം. സമ്മാനം ആ രൂപത്തില്‍.

മൂന്ന് ----ലയണ്‍ എന്ന സിനിമയിലെ പാട്ടുസീനില്‍ കാവ്യാമാധവന്‍ ഇട്ടത്പോലെയുള്ള നീലക്കുപ്പായം വേണം.( ഇടാനൊന്നുമല്ലെന്നേ, ഒരു ആഗ്രഹം. അത്ര തന്നെ)

ഡിമാന്റ്‌ കേട്ടതും തുടങ്ങി.

“ഒന്ന് ടെഡി--- അതു വാങ്ങിത്തരുന്നതില്‍ കുഴപ്പമില്ല. പക്ഷെ കല്ലൂം, ആച്ചീം, അപ്പൂം, വിശാഖും, കണ്ണനുണ്ണിമാരും, ഇളയും നിളയും, സ്നേഹയും സാന്ദ്രയും, ഹന്നയും, പിന്നെയും ഉള്ള കുറേ കുട്ടികളും ഒക്കെ ഇവിടെ വരും. അപ്പോ ആ ടെഡി കൊടുക്കണംന്ന് നിനക്ക് തോന്നും. ഒരാള്‍ക്ക്‌ മാത്രായിട്ട്‌ എങ്ങനെയാ കൊടുക്കുക, അതു ശരിയല്ലല്ലോ. അപ്പോള്‍ അത്‌ കാന്‍സല്‍ഡ്‌.

രണ്ട്‌---- സിനിമയിലെ പാട്ട സ്കൂട്ടര്‍ ആ സീന്‍ കഴിഞ്ഞാല്‍ ഉപേക്ഷിക്കും. നിന്നെ സ്കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിച്ച്‌ നീ ഇതുംകൊണ്ട്‌ പ്രാക്റ്റീസിനു പോയി , എവിടേലും തട്ടിയിട്ട്‌ അതിന്റെ പെയിന്റ്‌ പോയാല്‍ സഹിക്കില്ല. (ഭാര്യ ചത്താലും വേണ്ടീലാ എന്ന്. ഏത്‌?) അതും കാന്‍സല്‍ഡ്‌.

മൂന്ന്---- നെയ്ത്തുകാര്‍ നെയ്ത തുണി മുഴുവന്‍ കാവ്യാമാധവനു വേണ്ടിവന്നിരിക്കും. ഇനി നിനക്കും കൂടെ വേണമെങ്കില്‍ അവര്‍ എത്ര കഷ്ടപ്പെടേണ്ടി വരും. അതും കാന്‍സല്‍ഡ്‌.”

അങ്ങനെ ഭരണപക്ഷം ഡിമാന്‍ഡുകള്‍ നിരസിച്ചു.

ഈശ്വരാ ഈ വാലന്‍ന്റൈന്‍സ്‌ ഡേ കണ്ടുപിടിച്ചയാളെ ഒന്നു കണ്ടിരുന്നെങ്കില്‍...
ഒന്നിനുമല്ല, സമ്മാനവും അയാളോട്‌ വാങ്ങാമെന്ന് വിചാരിച്ചാ...

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോന്ന് കരുതി ഞാന്‍ എന്റെ കഴുതരാഗാമൃതം ആരംഭിച്ചു. സ്വൈര്യം കെട്ടിട്ടെങ്കിലും...എന്തെങ്കിലും വാങ്ങിത്തന്നേക്കാംന്ന് തോന്നിയാലോ. എന്റെ വക ഇതാണെന്നും പറയാമല്ലോ.

“കാറ്റിന്‍ ചെപ്പു കിലുങ്ങീ ദലമര്‍മരങ്ങളില്‍,

രാപ്പാടിയുണരും സ്വരരാഗിയില്‍,

പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം,

ഇതു നമ്മള്‍ ചേരും സുഗന്ധതീരം...”

(ചിത്രം..... ഉള്ളടക്കം )

Friday, February 10, 2006

മിനിക്കഥ

മിനി രണ്ട് കാലില്‍ പോയി.

ആറ് കാലില്‍ തിരിച്ചുവന്നു.

Wednesday, February 08, 2006

ജ്ഞാനം

"കുഞ്ഞുങ്ങളേ",
ഗുരുജി സൌമ്യമായ സ്വരത്തില്‍ പറഞ്ഞുതുടങ്ങി.

"ഇന്ന് നിങ്ങള്‍ ജ്ഞാനം നേടി തിരിച്ചുപോവുകയാണ്. പഠിച്ചതൊന്നും മറക്കാതിരിക്കയും പഠനം എന്നത്‌ ഒരിക്കലും തീരുന്നില്ലെന്നും മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്‌. പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും തനിക്കും മറ്റുള്ളവര്‍ക്കും നന്മയ്ക്കുതകുന്ന കാര്യങ്ങളില്‍ ജ്ഞാനം നേടാന്‍ ശ്രമിക്കുകയും വേണം. പോകുന്നതിനുമുന്‍പ്‌ എല്ലാവരും ഒരു കാര്യം കൂടെ ചെയ്യണം".

എന്താണതെന്നുള്ള ആകാംക്ഷയില്‍ എല്ലാവരും ഗുരുജിയുടെ തേജസ്സുറ്റ മുഖത്തേക്ക്‌ നോക്കി.

ഗുരുജി പറഞ്ഞു "നിങ്ങളുടെ ഓരോരുത്തരുടേയും സ്വന്തമായിട്ടുള്ളതും, മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതുമായത്‌ നിങ്ങള്‍ കൊണ്ടുപൊയ്ക്കൊള്ളുക. എന്നാല്‍ നിങ്ങളുടെ സ്വന്തമായിട്ടുള്ളതും മറ്റുള്ളവര്‍ ഒരിക്കലും ആഗ്രഹിക്കാത്തതും ആയത്‌ നിങ്ങള്‍ ഈ ഗുരുകുലത്തിന്റെ മണ്ണില്‍ ഉപേക്ഷിച്ചു പോവുക."

ശിഷ്യര്‍ അമ്പരന്നു. മറ്റുള്ളവര്‍ക്ക്‌ വേണ്ടതും വേണ്ടാത്തതും ആയിട്ടുള്ള എന്ത്‌ കാര്യമാണ് തങ്ങള്‍ക്ക്‌ സ്വന്തമായിട്ടുള്ളത്‌ എന്ന് ഓരോരുത്തരും ആലോചിച്ചു. സ്വയം ഒരു ഉത്തരം കിട്ടാഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും കൂടെ ഒരേ സ്വരത്തില്‍ ആരാഞ്ഞു.

"ഞങ്ങള്‍ക്ക്‌ മനസ്സിലായില്ല ഗുരോ, അങ്ങ് തന്നെ പറഞ്ഞു തന്നാലും, ആ കാര്യങ്ങള്‍".

ഗുരുജി പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി. "കാരുണ്യം, സ്വാന്ത്വനം, സ്നേഹം, ആത്മാര്‍ഥത, അനുഗ്രഹം, ആദരവ്‌, ഇതൊക്കെയാണ് നിങ്ങള്‍ക്കുള്ളതും മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതും ആയ കാര്യങ്ങള്‍.
അസൂയ, അഹംഭാവം, നിന്ദ, ഇവയാണ് നിങ്ങളുടെ പക്കല്‍ ഉണ്ടെങ്കിലും മറ്റുള്ളവര്‍ ഒരിക്കലും വേണമെന്നാഗ്രഹിക്കാത്ത കാര്യങ്ങള്‍".

ശിഷ്യമാര്‍ തൃപ്തരായി. നല്ല ജ്ഞാനം സമ്പാദിച്ചാണ് തങ്ങളുടെ ഭാവി ലോകത്തേക്ക്‌ പോകുന്നത്‌ എന്നതില്‍ അവര്‍ അഭിമാനം പൂണ്ടു.

Tuesday, February 07, 2006

മേനകയും.......?

വിശ്വാമിത്രന്‍ കൊടും തപസ്സില്‍.

മേനക തപസ്സിളക്കാന്‍ നൃത്തം ചെയ്യുന്നു.

പെട്ടെന്ന് മേനക നൃത്തം അവസാനിപ്പിച്ചു.

ദേവന്മാര്‍ ചോദിച്ചു “ എന്താണ് സുന്ദരീ, നൃത്തം അവസാനിപ്പിച്ചത്? മാമുനി ഉണര്‍ന്നില്ലല്ലോ.”

മേനക മൊഴിഞ്ഞു “ ഹും. എന്തായാലും ഇദ്ദേഹം ഉണരാന്‍ കുറേ സമയം എടുക്കും. സീരിയലിന്റെ സമയം ആയി. ഇനി അതു കണ്ടുവന്നിട്ടാകാം ബാക്കി നൃത്തം”.

മേനക സ്ഥലം വിട്ടു. ദേവകള്‍ ചിന്താമഗ്നരായി.

Saturday, February 04, 2006

പ്രണയം പലതരം.

മഴയായ്‌ പ്രണയം പൊഴിഞ്ഞീടുകില്‍,
ആ മഴയില്‍ നനയാന്‍ മടിക്കില്ല ഞാന്‍.

മരുന്നായ്‌ പ്രണയം മാറീടുകില്‍,
ആ മരുന്നു കഴിക്കാന്‍ മടിക്കില്ല ഞാന്‍.

രോഗമായ്‌ പ്രണയം വിരുന്നു വന്നീടുകില്‍,
രോഗിണിയാവാന്‍ മടിക്കില്ല ഞാന്‍.

കാലനായ്‌ പ്രണയം കടന്നു വന്നീടുകില്‍,
മരണത്തെ പുല്‍കാന്‍ മടിക്കില്ല ഞാന്‍.

( 'സു ഇത്‌ കവിതയാണോ?'

'അല്ല, ഒലക്കപ്പിണ്ണാക്കാ'.

'രണ്ടു വരി കൂട്ടണം'.

'എന്ത് ?'

‘സു-വായ്‌ പ്രണയം പിറകെ വന്നീടില്‍,

ഓടി രക്ഷപ്പെടാന്‍ മടിക്കില്ല ഞാന്‍.’

'നിങ്ങക്കു വേറെ ജോലിയില്ലേ?'

'ജോലീന്ന് പറഞ്ഞപ്പോഴാ ഓര്‍ത്തേ'.

'എന്ത്‌?'

‘ജോലിയായ്‌ പ്രണയം കടന്നുവന്നീടുകില്‍,

രാജിവെച്ചൊഴിയാന്‍ മടിക്കില്ല ഞാന്‍ '

'ഈശ്വരാ.... എനിക്ക്‌ കണ്ട്രോള്‍ തരൂ....' )

Friday, February 03, 2006

പ്രണയം ?

പ്രണയം കഴുത്തില്‍ ചുറ്റിയ പാമ്പാണെന്ന് ആരോ പറഞ്ഞു കേട്ടതിന്റെ ശേഷമാണ് അതിനെ അയാള്‍ പേടിച്ചു തുടങ്ങിയത്‌. മനസ്സില്ലാമനസ്സോടെയാണെങ്കിലും ആ ചുറ്റ്‌ അയാള്‍ അഴിച്ച്‌ ദൂരെയെറിഞ്ഞു. അല്‍പകാലം വിഷാദവാനായി കാണപ്പെട്ടുവെങ്കിലും പെട്ടെന്നു തന്നെ ആ അവസ്ഥയില്‍ നിന്ന് കരകേറാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു. ഓഫീസില്‍ ചെന്നപ്പോള്‍ സ്റ്റെനോ, റോസിയാണ് ആദ്യം ചോദിച്ചത്‌. വിദേശത്തെ പായ്ക്കിംഗ്‌ കമ്പനിക്ക്‌ ഡ്രാഫ്റ്റിനോടൊപ്പം അയക്കേണ്ട കത്തിന്റെ ഉള്ളടക്കം പറഞ്ഞുകൊടുക്കുകയായിരുന്നു അയാള്‍.

‘എന്തെങ്കിലും പ്രശ്നമുണ്ടോ സര്‍‘?

ഞെട്ടി. അയാള്‍ ചോദിച്ചു. ‘എന്താ?’

‘അല്ല ,പറഞ്ഞു തരുന്നതിനിടയില്‍ ആലോചനയ്ക്ക്‌ കുറേ സമയം എടുക്കുന്നതുപോലെ തോന്നി.’

‘ഓ... ഒന്നുമില്ല’ എന്നു പറഞ്ഞ്‌ അപ്പോള്‍ ഒഴിഞ്ഞുമാറിയെങ്കിലും എന്തോ ഒന്ന് തന്നെ അലട്ടുന്നുണ്ടെന്ന് പലര്‍ക്കും തോന്നാന്‍ തുടങ്ങിയത്‌ അയാളെ ആശ്ചര്യപ്പെടുത്തി. ഓഫീസില്‍, മീറ്റിങ്ങുകളില്‍, സുഹൃദ്‌ കൂട്ടങ്ങള്‍ക്കിടയില്‍, എന്തിന്, അസ്തമയസൂര്യനെ കാണാന്‍ പോകുന്ന കടല്‍ക്കരയില്‍പ്പോലും തനിക്ക്‌ അപൂര്‍ണത അനുഭവപ്പെടുന്നതായി അയാള്‍ക്ക്‌ തോന്നിത്തുടങ്ങി. അഴിച്ച്‌ വെച്ച ചെരുപ്പ്‌ തിരികെ ഇടാന്‍ മറന്ന പ്രതീതി. അവസാനം അയാള്‍ കണ്ടുപിടിച്ചു. ഒഴിവാക്കിയ പ്രണയം. കടിച്ചാലും വരിഞ്ഞു മുറുക്കിയാലും അതില്‍ മരിക്കുന്നത്‌ സുഖമുള്ളൊരു കാര്യമാണെന്ന്. അയാള്‍ വീണ്ടും അതിനെ എടുത്ത്‌ കഴുത്തില്‍ ചുറ്റി, ജീവിതം പൂര്‍ണമാക്കി.

Wednesday, February 01, 2006

വാണിഭം.

‘അവനങ്ങനെയൊന്നും ചെയ്യൂലാ സാറേ’. കദീശുമ്മ വിലപിച്ചു.

‘ചെയ്യാതെയാണോ പരാതിവന്നത്‌?'

‘അതെന്റെ മോനോട്‌ ഇഷ്ടമില്ലാത്തോര്‍ പറഞ്ഞുണ്ടാക്കുന്നതാ , അവനെ വിട്ടയക്കണം സാറേ'

'ഉം. തല്‍ക്കാലം വിട്ടയക്കാം, പക്ഷെ ഞങ്ങള്‍ ആവശ്യപ്പെടുമ്പോ സ്റ്റേഷനില്‍ ഹാജരായിക്കൊള്ളാന്‍ അവനു തോന്നണം. കഴിയുമെങ്കില്‍ പുറത്തുനിന്ന് തന്നെ അവരുമായി ഒരു ഒത്തുതീര്‍പ്പിലെത്തുന്നതാ നല്ലത് '.

‘തീര്‍ച്ചയായിട്ടും സാറേ’.

വീട്ടിലെത്തിയതും അബുവിന്റെ മുഖം നോക്കി നല്ല ഒരു തല്ല് വെച്ചുകൊടുത്തു കദീശുമ്മ.

'എടാ നീയവളെ കടത്തികൊണ്ടുപോയി വിറ്റൂന്നാ എല്ലാരും പറയുന്നത്‌.'

'പിന്നെ, കടം വാങ്ങിക്കൊണ്ടുപോയ പൈസ തിരിച്ചു ചോദിച്ചപ്പോ ഒരു മാതിരി കണ്ട ഭാവം കാണിക്കാതെ ഇരുന്നിട്ടല്ലേ.’

'അതിനു ആ പാവത്തിനെ വില്‍ക്കുകയാണോ വേണ്ടത്‌? ആ ജാനുത്തള്ള എത്ര പുന്നാരിച്ച്‌ വളര്‍ത്തുന്നതാണെന്ന് അറിയില്ലേ നിനക്ക്‌? അവരുടെ മോന്‍ അല്ലേ കാശ്‌ തരാനുള്ളത്‌? നീ എപ്പഴാ ഇത്‌ ചെയ്തേ ? കേക്കട്ടെ.'

'അവരൊന്നും വീട്ടില്‍ ഇല്ലാത്ത സമയത്താ. ജാനുവമ്മ, “ഞാന്‍ റേഷന്‍ കടയില്‍ പോയി വരട്ടെ മോളേ” ന്ന് അതിനോട്‌ ലോഗ്യം പറയുന്നത്‌ ഞാന്‍ കേട്ടു. അവരു പോയിക്കഴിഞ്ഞപ്പോള്‍ അതിനേം കൂട്ടി ആ തകരപ്പാട്ടക്കാരന്‍ തമിഴന്റെ വീട്ടില്‍ കൊണ്ടുപോയാക്കി. ഞാന്‍ ചോദിച്ച പണം അയാള്‍ തന്നു'.

'എന്നാലും നിനക്കിത്‌ എങ്ങനെ ചെയ്യാന്‍ തോന്നിയെടാ?'
'നടക്കെടാ' അരിശം തീര്‍ക്കാന്‍ കദീശുമ്മ അബുവിന്റെ മുതുകത്ത്‌ ശക്തിയായിത്തന്നെ ഒന്ന് കൊടുത്തു. 'ഇനി അവളേം കൂട്ടിക്കൊണ്ടുവന്നിട്ട്‌ നീ ഇങ്ങോട്ട്‌ കയറിയാ മതി. പാവം ജാനുത്തള്ള. കരഞ്ഞ്‌ കരഞ്ഞ്‌ ഒരു വകയായി'.

മനസ്സില്ലാമനസ്സോടെ അബു പുറപ്പെട്ടു. വിശ്വാസം പോരാഞ്ഞ്‌ കദീശുമ്മയും കൂടെ ചെന്നു. തമിഴന്റെ വീടിനു മുന്‍പില്‍ എത്തി. അബുവിന്റെ കൂടെ കദീശുമ്മയേം കണ്ടതും അയാള്‍ ഒന്ന് പരുങ്ങി. കദീശുമ്മ അബുവിനെ ഒന്ന് തറപ്പിച്ചു നോക്കി. അബു വേഗം പോക്കറ്റില്‍ ഉണ്ടായിരുന്ന കാശെടുത്ത് ത്മിഴന് നേരെ നീട്ടി. കേസിനെപ്പറ്റി നാട്ടുകാരില്‍ നിന്നറിഞ്ഞിരുന്ന തമിഴന്‍ വേഗം കാശു വാങ്ങി.

വീടിനകത്തേക്ക്‌ നോക്കി വിളിച്ചുപറഞ്ഞു. 'കനകം അവളെ ഇങ്ങു കൊണ്ടുവാ'
ഒരു മിനുട്ട്‌ ആവുന്നതിനു മുന്‍പെത്തന്നെ കനകം വീടിന്റെ ഒരു ഭാഗത്തുനിന്നും വന്നു. കൂടെ അവളുമുണ്ടായിരുന്നു. കദീശുമ്മയെ കണ്ടതും പരിചയം ഭാവിച്ച്‌ അവള്‍ കരഞ്ഞു.
"ബ്ബേ...ബ്ബേ...”

ജാനുവമ്മയുടെ വീട്ടിലെത്തി ആടിനെ തിരിച്ചുകൊടുത്ത്‌ അവരുടെ മോനോട്‌ കേസ്‌ രാജിയാക്കണമെന്ന് പറഞ്ഞ്‌ അവര്‍ മടങ്ങി. അവള്‍ ജാനുവമ്മയോട്‌ ഒട്ടി നിന്നു.