Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, July 31, 2006

സര്‍വീസ്

കുടുംബം അന്യനഗരത്തില്‍ താമസമാരംഭിച്ചു. ഭാര്യയ്ക്ക്‌ ആ നാട്ടിലെ ഭാഷ അറിയില്ല. അതു ശരിയാവില്ലല്ലോ. ഭര്‍ത്താവ്‌ പറഞ്ഞു ഒക്കെ ശരിയായിക്കോളും, ശീലമായിക്കോളും എന്ന്.

അങ്ങനെ ഒരു ദിവസം ടി. വി കേടായി. ഭര്‍ത്താവ്‌ റിപ്പയര്‍ ചെയ്യാന്‍ ആളെ ഏല്‍പ്പിച്ചു. ഭാര്യയോട്‌ പറഞ്ഞു, അവിടെനിന്ന് ഫോണ്‍ ചെയ്യും, ഒക്കെ ശരിക്കു പറഞ്ഞുകൊടുക്കണം എന്ന്. ഒരു ചോദ്യോത്തരാവലിയും അറിയാവുന്ന ഭാഷയില്‍ മറ്റേ ഭാഷയിലേക്ക്‌ തര്‍ജമ ചെയ്ത്‌ പൂരിപ്പിച്ചുകൊടുത്തു. ഇതുനോക്കി ഉത്തരം പറഞ്ഞാല്‍ മതി എന്നും പറഞ്ഞു. സര്‍വീസ്‌ സെന്റര്‍ കാരൊക്കെ ഇത്രയേ ചോദിക്കുകയും പറയുകയും ചെയ്യൂ എന്നും പറഞ്ഞു. ഭാര്യ വായിച്ചുനോക്കിയപ്പോള്‍ കുഴപ്പമില്ല.

‘ഹലോ ഇത്‌ ....... അല്ലേ?’

‘ഹലോ അതെ അതെ.’

‘നിങ്ങളുടെ ടി.വി ശരിയായോ?

‘ഇല്ല. കേടായിക്കിടക്കുന്നു. റിപ്പയര്‍ ചെയ്ത്‌ വേഗം കിട്ടണം.’

‘എന്താണു പ്രശ്നം. അനക്കമില്ലേ?’

‘ഇല്ല. നാലഞ്ച്‌ ദിവസമായി ഒരു അനക്കവുമില്ല.’

‘നിങ്ങള്‍ക്ക്‌ പുതിയതൊന്ന് വാങ്ങുന്നതിനെപ്പറ്റി ആലോചിച്ചുകൂടെ?’

‘ഇങ്ങനെയാണെങ്കില്‍ പുതിയത്‌ വാങ്ങേണ്ടി വരും. അത്ര തന്നെ. കുറച്ച്‌ നല്ലതുനോക്കി വാങ്ങാം.’

‘ഓക്കെ. അവിടെ വന്ന് എടുത്തോളാം.’

‘ശരി ശരി ഉടന്‍ വന്ന് കൊണ്ടുപോവൂ.’

ഭര്‍ത്താവ്‌ നിര്‍ദ്ദേശം കൊടുത്ത്‌ ജോലിയ്ക്ക്‌ പോയി. ഭാര്യ എഴുത്തും പഠിച്ച്‌ നിന്നു.

ഫോണ്‍ വന്നു.

‘ഹലോ ഇത്‌.... അല്ലേ?’

‘ഹലോ. അതെ.’

‘നിങ്ങളുടെ ഭര്‍ത്താവ്‌ വീട്ടില്‍ ഉണ്ടോ?’

ഭാര്യ ചോദ്യാവലി നോക്കി. ഉത്തരം നോക്കി.

‘ഇല്ല. കേടായിക്കിടക്കുന്നു. റിപ്പയര്‍ ചെയ്ത്‌ വേഗം കിട്ടണം.’

‘നിങ്ങളുടെ ഭര്‍ത്താവ്‌ ജോലിയ്ക്ക്‌ പോയതാണോ?’

‘ഇല്ല. നാലഞ്ച്‌ ദിവസമായി ഒരു അനക്കവുമില്ല.’

‘നിങ്ങളുടെ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു കൊണ്ട് വന്നോളാന്‍. എന്നിട്ട് അയാള്‍ക്ക് തീരെ ഉത്തരവാദിത്തം ഇല്ലാതെ ആയാല്‍ എന്ത് ചെയ്യും?

‘ഇങ്ങനെയാണെങ്കില്‍ പുതിയത്‌ വാങ്ങേണ്ടി വരും. അത്ര തന്നെ. കുറച്ച്‌ നല്ലത്‌ നോക്കി വാങ്ങണം.’

‘നിങ്ങള്‍ക്ക്‌ സുഖമില്ലേ? ഹോസ്പിറ്റലില്‍ പോകുന്നതാ നല്ലത്‌.’

‘ശരി ശരി. ഉടന്‍ വന്ന് കൊണ്ടുപോകൂ.’

Saturday, July 29, 2006

ശബ്ദം

ആദ്യം കേട്ട ശബ്ദം എന്തായിരുന്നു?

അമ്മയുടെ കൊച്ചുകൊച്ച്‌ സ്നേഹമന്ത്രങ്ങളോ?

അതോ മറ്റുള്ളവരുടെ നിര്‍ബന്ധത്തില്‍ അമ്മ കേള്‍പ്പിച്ചിരുന്ന വേദവേദാന്തങ്ങളോ?

അമ്മയോടൊപ്പം യാത്ര പോകുമ്പോള്‍ കേട്ട മറ്റുള്ളവരുടെ അഭിവാദ്യങ്ങളോ?

സ്നേഹക്കൂടാരത്തില്‍ നിന്ന് പുറത്ത്‌ വന്നപ്പോള്‍ കേട്ട തന്റെ തന്നെ കരച്ചിലോ?

അതിനുശേഷം എത്രയെത്ര ശബ്ദങ്ങള്‍.

ചിരിയുടെ, കണ്ണീരിന്റെ, സ്നേഹത്തിന്റെ, വെറുപ്പിന്റെ, ആശ്വാസത്തിന്റെ, നൊമ്പരത്തിന്റെ, നിസ്സഹയാതയുടെ, നേരിന്റെ, തിന്മയുടെ, പ്രതീക്ഷയുടെ, അസ്വസ്ഥതയുടെ.

ഒരിക്കലും നിലയ്ക്കാത്ത, ശബ്ദങ്ങള്‍.

കേട്ടിട്ടും കേട്ടിട്ടും ഇനിയെന്താണ് മനസ്സ്‌ ആഗ്രഹിച്ച്‌ കഴിയുന്നത്‌?

ഏത്‌ ശബ്ദത്തിനാണ് കാതോര്‍ക്കുന്നത്‌?

വിധിയുടെ കണക്കെടുപ്പിന്റെ ശബ്ദത്തിനാണോ?

അതോ ഒഴിവാക്കാന്‍ പറ്റാത്ത, രൂപമില്ലാത്ത, മരണത്തിന്റെ, കേള്‍ക്കാന്‍ സാദ്ധ്യതയില്ലാത്ത കാലൊച്ചയ്ക്കാണോ?

Thursday, July 27, 2006

പിന്നെയും മൌനം

മൌനം സംവേദനശേഷിയില്ലാത്ത നൊമ്പരങ്ങളുടെ നിസ്സഹായതയാണ്.

മൌനം മനസ്സിലെ തുരുമ്പുപിടിച്ച സ്വപ്നങ്ങളുടെ ഒതുങ്ങിക്കൂടലാണ്.

മൌനം പത്മവ്യൂഹത്തിലകപ്പെട്ട പടയാളിയുടെ കേള്‍ക്കാത്ത തേങ്ങലാണ്.

മൌനം എത്ര പെയ്തൊഴിഞ്ഞാലും തീരാത്ത, മനസ്സിലെ കാര്‍മേഘങ്ങളാണ്.

മൌനം മനസ്സിന്റെ അടച്ചിട്ട പടിപ്പുര വാതില്‍ ആണ്‌‍.

Wednesday, July 26, 2006

മിനിക്കുട്ടിയുടെ അച്ഛന്‍

"അമ്മേ... ഇത്‌ ഷബാന തന്നതാ."

അവള്‍ കണ്ടു. കളര്‍പെന്‍സില്‍.

"നിന്നോട്‌ പറഞ്ഞിട്ടില്ലേ മറ്റുള്ളവരോട്‌ ഓരോന്ന് വാങ്ങിക്കൊണ്ടു വരരുതെ‌ന്ന്?"

"അതിനു ഞാന്‍ ചോദിച്ച്‌ വാങ്ങുന്നതൊന്നുമല്ലല്ലോ. അവളുടെ ഉപ്പ ഗള്‍ഫീന്ന് വന്നപ്പോള്‍ എല്ലാവര്‍ക്കും കൊടുക്കാന്‍ കൊണ്ടു വന്നതാ. അമ്മയ്ക്കെന്തിനാ ദേഷ്യം. അച്ഛന്‍ വരുമ്പോള്‍ ഞാനും കൊണ്ടുക്കൊടുക്കില്ലേ എല്ലാവര്‍ക്കും".

അവള്‍ ഒന്ന് ഞെട്ടി. അതെ അച്ഛന്‍ വന്നാല്‍ കൊണ്ടുക്കൊടുക്കാം. പക്ഷെ എന്നാണ് എത്തുക എന്നറിയില്ല. മിനിക്കുട്ടിയ്ക്ക്‌ അച്ഛനെ കേട്ടറിഞ്ഞ്‌ മാത്രമേ ശീലമുള്ളൂ. ഒരു വയസ്സാവുന്നതിനുമുമ്പ്‌ പോയതാണ്‌. വരുമ്പോള്‍ പരിചയപ്പെട്ടോട്ടെ അച്ഛനും മകളും. വൈകുന്നേരം അമ്പലത്തില്‍ നിന്ന് ലക്ഷ്മി അമ്മ ചോദിച്ചു

"എപ്പഴാ കുട്ട്യേ ഇതിന്റെ അച്ഛന്‍ വരുന്നത്‌? വല്ലതും അറിയ്യോ? "

"അടുത്ത മാസം ആദ്യം എന്നാണു പറഞ്ഞിരുന്നത്‌".

"എന്നാലിനിയിപ്പോ കുറച്ച്‌ ദിവസം അല്ലേ ഉള്ളൂ, വരട്ടെ എന്തായാലും. നീ ഇതിനേം കൊണ്ട്‌ ഒറ്റയ്ക്ക്‌ എത്രകാലം കഴിയും?"

"ഉം"വെറുതേ മൂളി. മിനിക്കുട്ടിയെ ഓര്‍ത്ത്‌ മാത്രമാണ് ജീവിക്കുന്നത്‌. അതുകൊണ്ട്‌ എങ്ങനേയും ജീവിക്കും എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ കഴിയില്ല. നാളെ എന്തെങ്കിലും ആവശ്യം വന്നാല്‍ കരുണ കാണിക്കാന്‍ അവരേയുള്ളൂ.

"അമ്മേ അച്ഛന്‍ അടുത്താഴ്ച വരുമെന്ന് എന്നോട്‌ പറഞ്ഞില്ലല്ലോ. എന്നാ വരുന്നത്‌? എനിക്ക്‌ സ്കൂളില്‍ പോയിട്ട്‌ എല്ലാരോടും പറയണം." മിനിക്കുട്ടി ആഹ്ലാദസ്വരത്തില്‍ പറഞ്ഞു.

"ആരോടും എഴുന്നള്ളിക്കേണ്ട. വന്നിട്ട്‌ പറഞ്ഞാല്‍ മതി. വേഗം നടക്ക്‌ അങ്ങോട്ട്‌. ഇരുട്ടി."

എന്തോ ചോദിക്കാന്‍ തുടങ്ങിയെങ്കിലും, വേണ്ടാന്ന് വെച്ചിട്ട്‌, ഇരുട്ട്‌പോലെ മങ്ങിയ മുഖവുമായി മിനിക്കുട്ടി ഓടി, മുന്നോട്ട്‌.

വ്യാഴാഴ്ചയായി.

"ഇന്ന് അച്ഛന്‍ വരും അല്ലേ അമ്മേ? അമ്മ കടയില്‍ നിന്ന് പറയുന്നത്‌ കേട്ടല്ലോ. ഞാനിന്ന് പോകുന്നില്ല സ്കൂളില്‍."മെടഞ്ഞുകൊടുത്തുകൊണ്ടിരുന്ന മുടി ഒറ്റ വലി വലിച്ചു. മിനിക്കുട്ടി ഒന്നു കുതറി. വേദനിപ്പിച്ചതില്‍ ആത്മനിന്ദ തോന്നി അവള്‍ക്ക്‌.

എന്നാലും പറഞ്ഞു. "പോകാതൊന്നും ഇരിക്കുന്നില്ല. വൈകുന്നേരം വരുമ്പോള്‍ ഇവിടെ ഉണ്ടാകും അച്ഛന്‍. പിന്നെ എന്നും കാണാം."മിനിക്കുട്ടി ഒന്നും മിണ്ടാതെ ബാഗും കുടയും എടുത്ത്‌ ഇറങ്ങിപ്പോയി. വൈകുന്നേരം മിനിക്കുട്ടിയുടെ മുഖത്ത്‌ വേനല്‍സൂര്യന്റെ തെളിച്ചം ഉണ്ടായിരുന്നു. ചെരുപ്പഴിച്ച്‌ വെച്ചിട്ട്‌ ബുക്കും കുടയും എറിയുകയാണുണ്ടായത്‌.

"എവിടെ അച്ഛന്‍?"മോളുടെ സ്വരത്തിലെ സന്തോഷത്തിന്റെ വെണ്മ , തന്റെ മുഖത്ത്‌ വന്നില്ലെന്ന് അവളോര്‍ത്തു.

"മുറിയിലുണ്ട്‌". പറയുമ്പോള്‍ ശബ്ദം പോയ പക്ഷിയുടെ തേങ്ങല്‍ പോലെയാണു മിനിക്കുട്ടി കേട്ടത്‌. ഈ അമ്മയുടെ ഒരു കാര്യം. അവള്‍ മുറിയിലേക്കോടി. അവളുടെ ശബ്ദം കേട്ട്‌ കട്ടിലില്‍ എണീറ്റിരുന്ന രൂപത്തിനു, അവള്‍ പ്രതീക്ഷിച്ചിരുന്ന, കടല്‍ കടന്ന് ഒരുപാടു സമ്മാനങ്ങളുമായി വരുന്ന അച്ഛന്റെ രൂപം ഇല്ലെന്ന് മിനിക്കുട്ടിക്ക്‌ തോന്നി. "മോളേ" ന്ന് വിളിച്ചപ്പോള്‍ പിന്തിരിയാന്‍ തോന്നിയെങ്കിലും മിനിക്കുട്ടി അനങ്ങിയില്ല. അച്ഛന്‍ വന്ന് അവളെ എടുത്തപ്പോഴും ഒരു അപരിചിതത്വം അവരുടെ ഇടയില്‍ ഒളിച്ചുകളിച്ചു. അന്ന് മിനിക്കുട്ടി ഉറങ്ങാന്‍ കിടന്നത് ഒരുപാട് ചോദ്യങ്ങളുള്ള ഉറങ്ങാത്ത മനസ്സുമായിട്ടാണ്.

പിറ്റേന്ന് സ്കൂളില്‍ പോയപ്പോള്‍ അവളുടെ ഉറ്റ കൂട്ടുകാരി ഷബാന തന്നെയാണ്‌ അവളുടെ മനസ്സിലെ ചോദ്യത്തിനു ഉത്തരം കൊടുത്തത്‌.

" നിന്റെ അച്ഛന്‍ വന്നുല്ലേ? നന്നായി. ഇനി അച്ഛന്‍ ജോലിയെടുത്ത്‌ ഒക്കെ വാങ്ങിത്തന്നോളും. നിന്റെ അമ്മയ്ക്കിനി കഷ്ടപ്പെടേണ്ട. ഇനിയെങ്കിലും നിന്റെ അച്ഛന്‍ നേരാംവണ്ണം ജീവിക്കും എന്നാ ന്റെ ഉമ്മ പറഞ്ഞത്‌ ."

"അതിനു അച്ഛനു എന്തായിരുന്നു കുഴപ്പം?" ഇത്തിരി വിഷമത്തോടെയാണ്‌ മിനിക്കുട്ടി ചോദിച്ചത്‌. ദേഷ്യപ്പെടുന്ന അമ്മയോട്‌ ചോദിക്കുന്നതിലും ഭേദമാണല്ലോ കൂട്ടുകാരി.

" നിന്റെ അച്ഛന്‍ വഴക്കുണ്ടാക്കി ഒരാളെ കുത്തിയതിനു ജയിലില്‍ ആയിരുന്നു ഇത്രേം കാലം. ശരിക്കൊരു തെളിവില്ലാന്ന് വാദിച്ച്‌ വാദിച്ചാ ശിക്ഷ കുറച്ച്‌ കിട്ടിയത്‌. ഇതൊക്കെ ഉമ്മ ഉപ്പയോട്‌ പറയുന്നത്‌ ഞാന്‍ കേട്ടു. ഇന്നലെ നിന്റെ അമ്മ വന്നിരുന്നു, നിന്റെ അച്ഛന് എന്തെങ്കിലും ജോലി കിട്ടുമോന്ന് ചോദിക്കാന്‍."

ഒക്കെ കേട്ട്‌ നിറഞ്ഞ്‌ വൈകുന്നേരം വീട്ടിലേക്ക്‌ നടക്കുമ്പോള്‍ അവള്‍, പക്ഷെ ഓര്‍ത്തത്‌ അച്ഛനും കൂടെ ഇനി വീട്ടില്‍ ഉണ്ടാവുമല്ലോ എന്നാണ്‌.

വീട്ടിലെത്തി ‘അച്ഛാ, അമ്മേ’ന്ന് ഒരുമിച്ച്‌ വിളിക്കുമ്പോള്‍ അവള്‍ക്കും അച്ഛനും ഇടയില്‍ ഉണ്ടായിരുന്ന അപരിചിതത്വം പിന്‍മാറിയെന്ന് മിനിക്കുട്ടിയ്ക്ക്‌ തോന്നി. അമ്മ ഒന്ന് അമ്പരന്നെങ്കിലും ആശ്വാസത്തിന്റെ ഒരു പുഞ്ചിരി അവരുടെ മുഖത്തും വന്നു.

Tuesday, July 25, 2006

വീണ്ടും...

കുളത്തിന്റെ കരയില്‍, ഒരു ആമയെ കണ്ടുകിട്ടിയ സന്തോഷത്തില്‍ കുട്ടികള്‍ ആമയെ ദ്രോഹിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ അത്‌ കണ്ട്‌ രസിച്ച്‌ ആസ്വദിച്ചിരുന്ന മുയലിന്റെ തലയില്‍ വീണ്ടും ചക്ക വീണു.

Monday, July 24, 2006

വലുപ്പച്ചെറുപ്പം

ഉറുമ്പ്‌: എനിക്കൊന്നും കാണുന്നില്ല. ലോകം എത്ര വലുതാണ്. പക്ഷെ എന്റെ കണ്ണുകളില്‍ ഒക്കെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. കാഴ്ചകളിലേക്ക്‌ എത്തുന്നില്ല. എനിക്ക്‌ കുറച്ച്‌ കൂടെ വലുപ്പമുണ്ടായിരുന്നെങ്കില്‍.

ആന ഉറുമ്പിനെ എടുത്ത്‌ തന്റെ പുറത്തിരുത്തി. ഉറുമ്പിനു സന്തോഷമായി. ലോകം കൂടുതല്‍ അടുത്തത്‌ പോലെ. കാഴ്ചകള്‍ കണ്ണില്‍ കൂടുതല്‍ എത്തുന്നു.

ഉറുമ്പ്‌: എനിക്കിപ്പോള്‍ കൂടുതല്‍ കാഴ്ചകള്‍ അനുഭവിച്ചറിയാന്‍ പറ്റുന്നുണ്ട്‌. നന്ദി. നിന്റെ വലുപ്പമാണ് എന്നെ സഹായിച്ചത്.

ആന : ആരും വലുതും ചെറുതും അല്ല. എല്ലാവര്‍ക്കും കാഴ്ചകള്‍ ഒരുപോലെ കണ്ടെത്താന്‍ മറ്റുള്ളവരുടെ സ്നേഹവും സേവനമനോഭാവവും സഹായിക്കട്ടെ. അങ്ങനെ ലോകം ഓരോ ആള്‍ക്കും അടുത്തറിയാന്‍ പറ്റും.

മനസ്സെന്നും വലുതായിരിക്കട്ടെ. അതിലൂടെ ലോകം മുഴുവന്‍ സ്വന്തമാക്കാന്‍ കഴിയട്ടെ.

Saturday, July 22, 2006

നീയും ഞാനും

നീ ചുട്ടുപൊള്ളുന്ന മരുഭൂമി ആയിരുന്നെങ്കില്‍,

ആ ചൂട്‌ ഹൃദയത്തിലേറ്റി,

ഞാന്‍ ഉള്ളം പുകഞ്ഞ്‌ നിന്നേനെ.

നീ തംബുരു ആയിരുന്നെങ്കില്‍,

ആ ശ്രുതി ഹൃദയത്തിലേറ്റി,

ഞാന്‍ ഒരു മധുരസ്വരമായി നിന്നേനെ.

നീ കടല്‍ ആയിരുന്നെങ്കില്‍,

നിന്റെ അലകള്‍ ഹൃദയത്തിലേറ്റി,

ഞാന്‍ അതില്‍ നനഞ്ഞ്‌ നിന്നേനെ.

നീ മഴ ആയിരുന്നെങ്കില്‍,

നിന്റെ തുള്ളികള്‍ ഹൃദയത്തിലേറ്റി,

ഞാന്‍ അതിന്റെ കുളിരില്‍ നിന്നേനെ.

നീ സൂര്യനായിരുന്നെങ്കില്‍,

നിന്റെ രശ്മികള്‍ ഹൃദയത്തിലേറ്റി,

ഞാന്‍ അതില്‍ ജ്വലിച്ച്‌ നിന്നേനെ.

പക്ഷെ...

നീ ഇതൊന്നുമല്ല.

മനുഷ്യന്‍.

അത്‌ മാത്രം.

ഹൃദയത്തില്‍ പ്രണയം നിറയ്ക്കാന്‍ കഴിവുള്ളവന്‍. എന്റെ പ്രണയം സ്വീകരിക്കാന്‍ കഴിവുള്ളവന്‍.

അതുകൊണ്ട്‌ നിന്റെ പ്രണയം മുഴുവന്‍ ഹൃദയത്തിലേറ്റി, എന്റെ പ്രണയം നിനക്കായി തന്ന്, നിന്നില്‍ അലിഞ്ഞു നില്‍ക്കുന്നു ഞാന്‍.

Thursday, July 20, 2006

ഭാവിയില്‍ ഇങ്ങനേയും...

“എന്താ അയാള്‍ക്കൊരു കുറവ്‌?”

“ഉണ്ടെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.”

“പിന്നെ”?

“പിന്നെ ഒന്നുമില്ല എനിക്കയാളെ വിവാഹം കഴിക്കേണ്ട. അത്ര തന്നെ”.

“നിനക്ക്‌ എന്തിന്റെ കേടാ”?

മൌനം.

“അയാള്‍ക്ക്‌ നല്ലൊരു ജോലി ഇല്ലേ”?

“ഉണ്ട്‌. സമ്മതിച്ചു”.

“നല്ലൊരു കുടുംബമല്ലേ അവരുടേത്‌ ”?

“ആണല്ലോ”.

“നല്ല വിദ്യാഭ്യാസവും നല്ല പെരുമാറ്റവും അല്ലേ”?

“അതെ”.

“നിനക്ക്‌ ചേര്‍ന്ന ഒരാളല്ലേ അയാള്‍. പിന്നെന്താ നീ ഇതിനു തടസ്സം നില്‍ക്കുന്നത്‌”?

“അമ്മ പറയുന്നത്‌ ഒക്കെ ശരിയാണ്‌‍. ഒക്കെ അനുകൂലിക്കുന്നു. പക്ഷെ...”

“എന്ത്‌ പക്ഷെ? കാരണം തുറന്ന് പറയൂ”.

“അയാള്‍ക്ക്‌ നല്ലൊരു കുടുംബമുണ്ട്‌. നല്ല വിദ്യാഭ്യാസമുണ്ട്‌. നല്ലൊരു ജോലിയുണ്ട്‌. എനിക്ക്‌ ചേര്‍ന്ന ആളുമാണ്.

പക്ഷെ...

അയാള്‍ക്കൊരു മലയാളം ബ്ലോഗ് ഇല്ലല്ലോ”!

Tuesday, July 18, 2006

എന്ത് ചെയ്യും?

തല വേദനിച്ചാല്‍ മരുന്ന് കഴിക്കാം.

മനസ്സ് വേദനിച്ചാലോ?


പനി വന്നാല്‍ മരുന്ന് കഴിക്കാം.

പ്രണയം വന്നാലോ?


വാതം വന്നാല്‍ മരുന്ന് കഴിക്കാം.

വിരഹം വന്നാലോ?


ജനിച്ചാല്‍ മരിക്കാം.

മരിച്ചാലോ?

Monday, July 17, 2006

ആന!

ഒരു ആനയെ വാങ്ങണമെന്നുള്ളത്‌ എന്റെ ഒരു ആഗ്രഹമായിരുന്നു. ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നവനായതുകൊണ്ട്‌ വലിയൊരു സ്വപ്നം എന്ന് പറയാം. മുകളിലെ ആകാശവും താഴെയുള്ള ഭൂമിയും സ്വന്തമെന്ന് അഹങ്കരിച്ച്‌ നടക്കുന്ന കാലത്താണ് ആനക്കാര്യവും മനസ്സില്‍ വന്നത്‌. കൂട്ടുകാരനെക്കണ്ട്‌ അഭിപ്രായം ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത്‌ , ആനയ്ക്കൊക്കെ വല്യ വിലയാടാ. നിന്റെ കൈയില്‍ വല്ലതും ഉണ്ടോ അതിന്, എന്നാണ്. കൈയില്‍ കൈരേഖകള്‍ മാത്രം ഉണ്ടെന്ന് അറിയാവുന്ന ഞാന്‍ ഒന്നും മിണ്ടിയില്ല.

അങ്ങനെ വല്ലതും ഉണ്ടാക്കാന്‍ വേണ്ടി പണ്ട്‌ പഠിച്ചുപേക്ഷിച്ചിരുന്ന ഡ്രൈവിങ്ങ്‌ ജോലി പൊടി തട്ടിയെടുത്തു. മുതലാളിയുടെ വണ്ടിയില്‍ നാട്ടുകാര്‍ സഞ്ചരിച്ചിട്ട്‌ കിട്ടുന്ന കാശുകൊണ്ട്‌ ഒന്നും തികഞ്ഞില്ല. അങ്ങനെയാണ് അക്കരെയ്ക്ക്‌ കടക്കാന്‍ തീരുമാനിച്ചത്‌. കടല്‍ കടന്നു. സമ്പാദിച്ച്‌ തിരിച്ചെത്തിയപ്പോള്‍ കല്യാണത്തിനു നിര്‍ബന്ധം ആയി. ആന സ്വപ്നം മാത്രമായ പോലെ തോന്നി. ഭാര്യ, കുട്ടികള്‍. വീണ്ടും കടല്‍ കടന്നു. ഓരോ പ്രാവശ്യവും നാട്ടില്‍ വരുമ്പോള്‍ ആനസ്വപ്നം പൂവണിയുമെന്ന് വിചാരിക്കും. വീട്‌, കുട്ടികളുടെ പഠിപ്പ്‌, കല്യാണം, ജോലി... സ്വപ്നം മുഖം കറുപ്പിച്ച്‌ നിന്നു. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പോയി ആനകളെ കണ്ട്‌ സംതൃപ്തിയടഞ്ഞു.

ഒടുവില്‍ ഇന്നലെയാണ്‌‍ ആ സ്വപ്നം പൂവണിഞ്ഞത്‌. ആനയെ സ്വന്തമാക്കിയത്‌.

പേരക്കുട്ടിയുമായി വീടിന്റെ മുറ്റത്ത്‌ നേരം കളയുകയായിരുന്നു. “അപ്പൂപ്പാ ദാ പിടിച്ചോ” എന്നും പറഞ്ഞ്‌ അവന്‍ കൈയില്‍ വെച്ചു തന്നു. ഒരു കുഴിയാന! അതും ഒന്നും കൊടുക്കാതെ കിട്ടിയത്‌. ഇതായിരിക്കും വിധിച്ചത്‌. എന്നിട്ട്‌ എവിടെയൊക്കെ അലഞ്ഞു!

Saturday, July 15, 2006

ജയിച്ചതാര്?

സ്വപ്നങ്ങളെന്റേത്‌ ചീന്തിയെറിഞ്ഞവര്‍,

കാലുകള്‍ക്കൊരു ചങ്ങല സമ്മാനം തന്നു.

അവരുടെ ദുരാഗ്രഹങ്ങള്‍ കാറ്റില്‍പ്പറത്തി,

ഞാനെന്‍ കഴുത്തിനൊരു കയര്‍ സമ്മാനം നല്‍കി.