Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, June 25, 2007

പൂജ്യം മുതല്‍ പത്തുവരെ

പൂജ്യം

ചേര്‍ച്ചയിലാണ് മെച്ചമെന്ന് കണ്ടെത്തിയ പൂജ്യം, മറ്റ് അക്കങ്ങളോടൊപ്പം ഒരുമയോടെ ജീവിച്ചു.

ഒന്ന്

കല്ലുകളോരോന്നും അഹല്യയെപ്പോലെ ശാപമോക്ഷം കൊതിച്ചു. പക്ഷെ രാമന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ.

രണ്ട്

കൈകള്‍ രണ്ടിന് പകരം കുറേ ഉണ്ടായിരുന്നെങ്കിലെന്ന് ദാനി കൊതിച്ചു. കള്ളനും.

മൂന്ന്

മൂന്ന് കണ്ണുകളുള്ള ദൈവത്തെ കൈകൂപ്പുന്നവന്‍, മൂന്ന് കണ്ണുള്ള തന്നെ വെട്ടിക്കൊല്ലുന്നെന്ന് തേങ്ങ പരാതി പറഞ്ഞു.

നാല്

യാതൊരു ആലോചനയുമില്ലാതെ നടന്നയാള്‍ നാല്‍ക്കവലയിലെത്തിയപ്പോള്‍, എങ്ങോട്ട് പോകണം എന്ന് തീരുമാനിക്കാ‍നാവാതെ കുഴങ്ങി.

അഞ്ച്

അഞ്ചാമനോമനക്കുഞ്ചുവാണേ എന്ന് പാടിക്കൊടുത്ത അമ്മയോട്, ആകെയുള്ള പൊന്നുമോന്‍, എനിക്കും അഞ്ചാമനോമനക്കുഞ്ചുവായാല്‍ മതി എന്ന് പറഞ്ഞ് ശാഠ്യം പിടിച്ചപ്പോള്‍ അമ്മ ഞെട്ടി.

ആറ്

ആറും ആറും വേര്‍തിരിഞ്ഞ് യുദ്ധം തുടങ്ങിയപ്പോള്‍ വര്‍ഷം ധര്‍മ്മസങ്കടത്തിലായി.

ഏഴ്

ഏഴാം കടലിനക്കരെനിന്ന് രാജകുമാരന്‍ വരുന്നത് നോക്കിയിരുന്ന്, വൃഥാവിലായപ്പോള്‍, അവള്‍ക്ക് പ്രതികാരദാഹിയായി ഏഴിലം പാലയില്‍ കാത്തിരിപ്പ് തുടരേണ്ടിവന്നു.

എട്ട്

പഠിക്കാതെ ലൈസന്‍സ് എടുക്കാന്‍ പോയി എട്ടെടുത്ത് കാണിച്ച് ആശുപത്രിയില്‍ എട്ട് ദിവസം കിടന്നു.

ഒമ്പത്

തിരിച്ചിട്ടാല്‍ വിലകുറയുമെന്നാരോ പറയുന്നത് കേട്ട് പേടിച്ച്, ഒമ്പതെന്ന അക്കം തലയുയര്‍ത്തിപ്പിടിച്ച് നിന്നു.

പത്ത്

പത്തില്‍ പത്ത് പൊരുത്തം എന്നെഴുതുന്നതിനിടയില്‍, മനപ്പൊരുത്തം ഇറങ്ങിപ്പോയത് ജ്യോത്സ്യന്‍ കണ്ടില്ല.

Labels:

Wednesday, June 20, 2007

തറവാട്

മഴ ശക്തമായിത്തന്നെയുണ്ട്. യാത്ര പുറപ്പെടുന്നതിനുമുമ്പ് തന്നെ തുടങ്ങിയിരുന്നതുകൊണ്ട് കുറ്റം പറയാന്‍ പറ്റില്ല. വെറുതെ ഒന്ന്
തിരിഞ്ഞുനോക്കി. ശശാങ്ക്, അമ്മയുടെ മടിയില്‍ തലവെച്ച് ഉറക്കം തന്നെയാണ്. കളിയും ചിരിയും കഴിഞ്ഞ് ക്ഷീണിച്ചു. വിന്‍ഡോ തുറക്കാന്‍ സമ്മതിക്കാത്തതിന്റെ ദേഷ്യവും. വീണയും മയങ്ങുകയാണെന്ന് തോന്നുന്നു. വേണമെങ്കില്‍ അവള്‍ക്ക് മുന്നിലിരിക്കാമായിരുന്നു. അച്ചാച്ചന്റെ അടുത്ത് ആയാലും ശശാങ്കിന് വിരോധമില്ല.

“എന്താ അച്ഛാ? വെള്ളമോ മറ്റോ വേണോ?” സോമന്‍ ചോദിച്ചു.

“വേണ്ട വേണ്ട. ശശാങ്ക് ഉണര്‍ന്നോയെന്ന് നോക്കിയതാ. മഴ കണ്ടോട്ടെ എന്ന് കരുതി.”

“ഉറങ്ങുന്നതു തന്നെയാണ് നല്ലത്. അല്ലെങ്കില്‍ വഴിയില്‍ വെറുതെ നിര്‍ത്തണമെന്ന് ശാഠ്യം പിടിക്കും. മഴ നനയുകയും ചെയ്യും.”

ശാഠ്യം എന്ന വാക്ക് കാറ്റുപോലെ എവിടേക്കോ നയിച്ചുകൊണ്ടുപോയി. വര്‍ഷങ്ങള്‍ക്ക് മുമ്പെ കേട്ടത് ഇന്നും ഓര്‍മ്മയില്‍.

“അവന്റെയൊരു ശാഠ്യം നോക്ക്. നടുമുറ്റത്തിരുന്ന ചെമ്പിലേക്ക് വെറുതേ കടലാസ്സ് ചീന്തിയിടുകയാണ്. ഒപ്പം മഴ നനയുകയും.”

അവള്‍, അലറിക്കരയുന്ന സോമനെ പിടിച്ച് വെച്ച്, നിര്‍ബ്ബന്ധപൂര്‍വ്വം തല തുടയ്ക്കുന്നുണ്ട്.

അവളിന്നില്ല. ഓര്‍മ്മകള്‍ മാത്രം. നടുമുറ്റമോ... അതിനെക്കുറിച്ചൊന്നും ഓര്‍ക്കാതിരിക്കുന്നതാവും നല്ലത്. ആ ശാഠ്യക്കാരന്‍ കുട്ടി ഇന്ന് മഴ നനയുന്നതിനെപ്പറ്റി വിഷമത്തോടെ പറയുന്നു. കാലം എത്ര വേഗമാണ് പോകുന്നത്.ഏഴ് വര്‍ഷം കൊണ്ട് ഒക്കെ മാറിയിരിക്കുമോ? ദിവസംതോറും മാറ്റങ്ങള്‍ വരുമ്പോള്‍, വര്‍ഷങ്ങള്‍ എത്ര മാറ്റം വരുത്തിയിരിക്കും?
അവള്‍ വിട്ടുപോയപ്പോഴാണ്, സോമന്റെ കുടുംബത്തോടൊപ്പം കഴിയാമെന്ന് തീരുമാനിച്ചത്. ഓര്‍മ്മകളും ശൂന്യതയും ഒക്കെക്കൂടെ ഒരു വിഷമാവസ്ഥ തന്നെ ആയിരുന്നു. വലിയ നഗരം, അതിന്റെ ആര്‍ഭാടങ്ങളിലൊന്നും കുരുക്കിയില്ലെങ്കിലും, അവിടെത്തന്നെ കഴിയാനാണ് തോന്നിയത്.

അടുത്തുള്ള നഗരത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയെന്ന് അവന്‍ പറഞ്ഞപ്പോള്‍, എന്തോ ഒരു സന്തോഷവും തോന്നി. സുഹൃത്തുക്കളെയൊക്കെ, കാലവും, ജീവിതത്തിരക്കുകളും അകറ്റിയിരുന്നു. ഓര്‍മ്മകളില്‍ മാത്രം അവരൊക്കെ എന്നും വന്ന് മിണ്ടിപ്പോയ്ക്കൊണ്ടിരുന്നു.

ശശാങ്കാണ് ഒരു ദിവസം ചോദിച്ചത്.

“നമുക്ക് അച്ഛന്റെ പഴയ വീട്ടില്‍ പോയാലോ?”

“രണ്ട് മൂന്ന് ദിവസം അച്ഛന് അവധി കിട്ടുമ്പോള്‍ പോകാം. അച്ചാച്ചന്റേയും അച്ഛന്റേയും കൂട്ടുകാരേയുമൊക്കെ കാണാം.” സോമന്‍ ഉറപ്പ് കൊടുത്തിരുന്നു.

മാറ്റം കിട്ടിയപ്പോള്‍, വീട് വിറ്റ് വന്നതുകൊണ്ട് അവന്‍, പുതിയ വീട് നോക്കുന്ന തിരക്കിലായിരുന്നു.

അന്ന് ഉപേക്ഷിച്ചിറങ്ങുമ്പോള്‍ എത്ര വേദനയുണ്ടായിരുന്നോ, ഇന്ന് കാണാന്‍ പോകുമ്പോള്‍ അതിന്റെ ഇരട്ടി സന്തോഷമുണ്ട്. കൈവിട്ട് പോയെങ്കിലും, തന്റെ സാമ്രാജ്യത്തിലേക്ക്, അടുത്ത് നിന്ന് കാണാന്‍ ഒരു പോക്ക്. മഹാനഗരം ഒരിക്കലും സ്വന്തമെന്ന് തോന്നിപ്പിച്ചിരുന്നില്ല. ഓര്‍മ്മകള്‍ എന്നും ഇവിടെ ആയിരുന്നു. പുതുതായി വന്നിടത്ത് നിന്ന് കഷ്ടിച്ച് മുക്കാല്‍ മണിക്കൂര്‍ യാത്ര.

മഴത്തുള്ളികള്‍ കനം കുറച്ച് തുടങ്ങി. എത്തുമ്പോള്‍ മഴയില്ലെങ്കില്‍ നല്ലത്. എല്ലാവരേയും കണ്ട് വൈകുന്നേരത്തോടെ മടങ്ങാം.
ആരൊക്കെയുണ്ടാവുമോയെന്തോ?

“എവിടേക്കാ അച്ഛാ ആദ്യം പോകേണ്ടത്? അങ്കിളിന്റെ വീട്ടില്‍ പോവാം അല്ലേ?“

കൂട്ടുകാരന്റെ വീട്ടില്‍ ആദ്യം പോകണോ? അവിടെ ആരൊക്കെയുണ്ടാവുമെന്ന് ആര്‍ക്കറിയാം?

“നമ്മുടെ വീട്ടില്‍ ആദ്യം കയറാം.”

നമ്മുടെ എന്നത് ഉപേക്ഷിക്കാന്‍ വിട്ടു. അവന്‍ പക്ഷെ അത് ശ്രദ്ധിച്ചതായി തോന്നിയില്ല.

ഏഴ് വര്‍ഷങ്ങള്‍ കൊണ്ട്, ആധുനികരീതിയിലെ വീടും, അതിനൊത്ത പരിസരങ്ങളും കണക്കുകൂട്ടിവെച്ചിരുന്നു. മരങ്ങളൊക്കെ അവിടെത്തന്നെ ഉണ്ടാവുമോയെന്തോ.

ശശാങ്കിനെ വീണ തട്ടിയുണര്‍ത്തുന്നുണ്ടായിരുന്നു.

ഇലഞ്ഞിമരമാണ് ആദ്യം കണ്ണില്‍പ്പെട്ടത്. വിശ്വസിക്കാനായില്ല. അത് വെട്ടിനിരത്തിയില്ലെന്നോ? പതുക്കെപ്പതുക്കെ മനസ്സിനെ അടക്കിയാണ് വീട് നോക്കിയത്. സ്വപ്നത്തില്‍ നിന്നുണരൂയെന്ന് മനസ്സിനോട് പറഞ്ഞു.

“അച്ചാച്ചാ, വീടെത്തി അല്ലേ?” ശശാങ്കിന്റെ ചോദ്യമാണ് താന്‍ കാണുന്നത് സ്വപ്നമല്ലെന്ന് ഓര്‍മ്മിപ്പിച്ചത്.

എല്ലാവരും, നനഞ്ഞ മണ്ണിലേക്ക് ഇറങ്ങി. മണ്ണിന്റെ മാത്രം കുളിര്‍മ്മയല്ലെന്ന് അയാള്‍ക്ക് തോന്നി.

“ഒന്നും മാറിയിട്ടില്ലല്ലേ?” വീണയുടെ സ്വരത്തില്‍ ഉത്സാഹം. സോമന്‍ മാത്രം കാര്‍ ലോക്ക് ചെയ്യുന്നതില്‍ ശ്രദ്ധിച്ചു. വീണ ഒന്നോ രണ്ടോ മാസം മാത്രമാണ് അവിടെ മുഴുവന്‍ സമയവും താമസിച്ചിരുന്നത്.

അതേ വീട്, അതേ മുറ്റം, അതേ തൊടി. പൂച്ചട്ടികളില്‍ പുതിയ തരം ചില ചെടികള്‍. തൊടിയില്‍നിന്ന് ചില പഴയ ചെടികള്‍ വലുതാവുകയും, അല്പം പുതിയ ചെടികള്‍ വരുകയും ചെയ്തു എന്നതൊഴിച്ചാല്‍, ഒക്കെ വിട്ടുപോയ പോലെ തന്നെ.

കണ്ണ് നിറഞ്ഞിരുന്നു.

ഓടി വന്നു അമ്മയും മകനും.

“നടുമുറ്റത്ത് തോണി കളിക്കുകയാണ്. ഒരു വസ്തു പറഞ്ഞാല്‍ കേള്‍ക്കില്ല.” വെള്ളമുള്ളതുകൊണ്ട് അവന്റെ കൈ വഴുതിപ്പോകുന്നുണ്ട്.

അപരിചിതരെ കണ്ടതും, അവന്‍ കരച്ചില്‍ നിര്‍ത്തി. ശശാങ്കിനേക്കാള്‍ ഒന്നോ രണ്ടോ വയസ്സിനിളപ്പം ഉണ്ടാവും.

“വരൂ, വരൂ, മഴയായിപ്പോയി അല്ലേ?”

ഉമ്മറത്തേക്ക് കയറാനുള്ള പടികള്‍ പോലും മാറ്റിയിട്ടില്ല. കയറിയപ്പോള്‍ എന്തോ ഒരു സന്തോഷം വന്നുപൊതിഞ്ഞു.

സ്വന്തം സ്ഥലത്തെത്തി, മതിയാവാതെ, അനേകം മണിക്കൂറുകള്‍ കഴിഞ്ഞ് ഇറങ്ങാന്‍ ആയപ്പോള്‍ എന്തോ നഷ്ടബോധം ഉണ്ടായിരുന്നു. ശശാങ്കിന്റെ കൂട്ടായി മാറിയിരുന്നു ആ കുട്ടി. അവരുടെയൊപ്പം എല്ലായിടത്തും കറങ്ങിനടന്നു. കിടപ്പ് മുറിയുടെ ജനലില്‍ക്കൂടെ കാണാവുന്ന മുല്ലച്ചെടിപോലും അതേപടി ഉണ്ടായിരുന്നു. ഈ ഗ്രാമത്തില്‍ ജോലി കിട്ടിവന്നപ്പോള്‍, രണ്ടുപേരുടെയും സ്വപ്നം പോലെ പണിത വീടും, സ്വന്തമാക്കിയ പരിസരങ്ങളും.

ഗൃഹനാഥന്‍, സോമനോട് പറയുന്നത് ഞെട്ടലോടെയാണ് കേട്ടത്.

“അടുത്ത വ്യാഴാഴ്ച ഞങ്ങള്‍ പോകും. നിങ്ങള്‍ക്ക്, ഒക്കെ കൊണ്ടുവന്നാല്‍, ഞായറോടെ താമസിക്കാം. ഒന്നും മാറ്റിയിട്ടില്ല വീട്. ഞങ്ങള്‍ക്കും ഇങ്ങനെ ആയിരുന്നു ഇഷ്ടം. പിന്നെ പോകാതിരിക്കാന്‍ നിവൃത്തിയില്ലാതെയായി. നിങ്ങള്‍ തന്നെ വാങ്ങാന്‍ താല്പര്യം കാട്ടിയപ്പോള്‍, വിലപേശലിനെക്കുറിച്ച് ചിന്തിച്ചുമില്ല.“

കള്ളന്‍. സോമന്‍ ഒന്നും പറഞ്ഞില്ല. വീണയ്ക്കും അറിയാമായിരുന്നോ എന്തോ.


ആരേയും നോക്കാതെ കേട്ടതൊന്നും സ്വപ്നത്തിലല്ലെന്ന് വിശ്വസിക്കാന്‍ ശ്രമിച്ച് നില്‍ക്കുമ്പോള്‍, നിന്നുപോയ മഴയെ വെല്ലുവിളിച്ചുകൊണ്ട് അയാളുടെ കണ്ണില്‍ നിന്ന് മഴ പെയ്തുകൊണ്ടിരുന്നു. സ്വന്തമായത്, നഷ്ടപ്പെടുമ്പോള്‍ ഉള്ള ദുഃഖവും,
തിരിച്ചുകിട്ടുമ്പോള്‍ കിട്ടുന്ന സന്തോഷവും അനുഭവിക്കാന്‍ കഴിയുന്നത് അപൂര്‍വ്വവിധിയാണെന്ന് അയാള്‍ക്ക് തോന്നി. ആ വീട് മാറാതെ നിന്നതില്‍, ഒരുപോലെ ചിന്തിക്കുന്ന മനസ്സുകളും ഉണ്ടെന്നതിന്റെ തെളിവ് ആണെന്ന് അയാള്‍ അറിഞ്ഞു.

Labels:

Monday, June 18, 2007

ചൊമചൊമക്കണ പച്ച

മൈലാഞ്ചിയിടാത്ത പെണ്‍കൈയ്യൊരു കൈയാണോ? നിറയെച്ചുവപ്പിച്ച്‌ മൈലാഞ്ചിയിട്ട കൈ കണ്ടിട്ടില്ലേ? പുതുപ്പെണ്ണ് മാത്രമല്ല, ഇപ്പോള്‍ എല്ലാ പെണ്ണുങ്ങളും ഇടും മൈലാഞ്ചി. ഒപ്പനപ്പാട്ടിനിടയില്‍ അമ്മായി വന്ന് മൈലാഞ്ചി ഇടീച്ച്‌ പോകുന്നത്‌ കണ്ടിട്ടുണ്ട്‌. മൈലാഞ്ചിയെ ഹെന്ന എന്നും പറയും.

പണ്ടൊക്കെ, ഇല പറിച്ച്‌ അരച്ചെടുത്തിട്ടായിരുന്നു കൈകളിലും കാലുകളിലും ചിത്രം വരച്ച്‌ പിടിപ്പിച്ചിരുന്നത്‌. അരച്ചെടുക്കുന്ന ആളുടെ കൈ മുഴുവന്‍, അരച്ചുകഴിയുമ്പോഴേക്കും ചുവന്നിട്ടുണ്ടാകും. അത്‌ കണ്ടിട്ട്‌, ഇട്ട്‌ വെച്ച്‌ കുറേ നേരം കഴിഞ്ഞേ കഴുകൂ, എന്നാലെന്റെ കൈയും അങ്ങനെയാകും എന്നും പറഞ്ഞ്‌ ഉത്സാഹത്തോടെ വരച്ച് വയ്ക്കാന്‍ തുടങ്ങും. കുറേക്കഴിഞ്ഞ്‌ കഴുകിവൃത്തിയാക്കി നോക്കുമ്പോള്‍, നിറം ഏറെ വരാത്തവരോട്‌ മറ്റുള്ളവര്‍, ചിലരുടേത്‌ അധികം ചുവക്കില്ലെന്ന് സമാധാനിപ്പിക്കും.

കാലം കഴിഞ്ഞപ്പോള്‍, പായ്ക്കറ്റുകളില്‍ കിട്ടുന്ന പൊടിയായി. ഇടേണ്ടപ്പോള്‍, പായ്ക്കറ്റ്‌ വാങ്ങിക്കൊണ്ടുവരുക, വെള്ളമൊഴിച്ച്‌ യോജിപ്പിച്ച്‌ കൈയിലും കാലിലും തേയ്ക്കുക. എളുപ്പമായി. ആവശ്യത്തിന്‌ വെള്ളം ചേര്‍ത്ത്‌ എടുക്കുകയും ചെയ്യാം. അതുകൊണ്ട്‌ ഒരുമിച്ച്‌ അരച്ച്‌, അപ്പോള്‍ത്തന്നെ ഉപയോഗിക്കണം എന്നൊരു നിര്‍ബ്ബന്ധം ഇല്ലാതായി. അതുകൊണ്ട്‌ തന്നെ കേടായിപ്പോവും എന്നും പേടിക്കേണ്ട.

പുതിയ കാലത്തില്‍ കോണ്‍ ആയി. കോണ്‍ വാങ്ങുക. നന്നായി വരയ്ക്കാനും എളുപ്പം. കൂടുതല്‍ ജോലിയുമില്ല. അധികം ഇല്ലാത്തതുകൊണ്ട്‌ പാഴാവുകയുമില്ല. അരച്ചെടുക്കുമ്പോള്‍ കിട്ടുന്ന ചുവപ്പില്ലെന്ന് ഇടയ്ക്കൊരു പരാതി കേള്‍ക്കും.

അരച്ചെടുക്കുമ്പോള്‍, ചായവെള്ളവും വെറ്റിലയും ചേര്‍ക്കാം. പൊടി യോജിപ്പിക്കുമ്പോഴും ചായ വെള്ളം ചേര്‍ക്കാം. കഴുകിക്കഴിഞ്ഞ ഉടന്‍ അല്‍പ്പം എണ്ണ തടവിയാല്‍ ചുവപ്പ്‌ ഉടനെ പോവില്ലത്രേ.

കോണ്‍ ആവുമ്പോള്‍ അധികം കല അറിയാത്തവര്‍ക്കും എളുപ്പമാവും. ഈര്‍ക്കിലിയും, വേറേ എന്തെങ്കിലും ഉപയോഗിച്ച്‌ ചെയ്യുന്നതിനേക്കാള്‍ നല്ലത്‌ കോണ്‍ കൊണ്ടാണത്രേ. പക്ഷെ ചിലരെങ്കിലും പറയും എനിക്കിതുകൊണ്ട്‌ വരച്ചെടുക്കാന്‍ അറിയില്ലേയെന്ന്. നല്ലപോലെ വരച്ചെടുക്കാന്‍ കഴിയുന്നവരുടെ മുന്നില്‍ ക്യൂ ആവും. ചിലയിടത്തൊക്കെ റോഡ്സൈഡില്‍ ഇരിക്കുന്നുണ്ടാവുമത്രേ. നമ്മള്‍ ഡിസൈന്‍ കാണിക്കുക. അവര്‍ നിമിഷനേരം കൊണ്ട് വരച്ച് തരും.

എല്ലാവരും മൈലാഞ്ചി ഉപയോഗിക്കുമെങ്കിലും കല്യാണവേളകളിലാണ്‌ അധികം ഉപയോഗിച്ച്‌ വരുന്നത്‌. ഉത്തരേന്ത്യയില്‍ മൈലാഞ്ചിയിടാന്‍ ഒരു പ്രത്യേകദിവസം തന്നെ ഉണ്ടാവും, കല്യാണത്തോട്‌ അനുബന്ധിച്ച്‌. പാട്ടൊക്കെപ്പാടി നൃത്തം ചെയ്ത്‌ മൈലാഞ്ചി ഇടീക്കുന്നത്‌, സിനിമകളില്‍ കണ്ടിട്ടുണ്ട്‌. കൈമുട്ടുവരെ ചിത്രം വരച്ച്‌, നവവധുക്കളെ കണ്ടിട്ടുണ്ട്‌. ഇപ്പോള്‍, ബ്യൂട്ടീഷനാണു മൈലാഞ്ചി അണിയിക്കുന്നതിന്റെ ചുമതല. ഞങ്ങളുടെ വീട്ടില്‍, കല്യാണത്തിനു തൊട്ട് മുമ്പുള്ള വെള്ളിയാഴ്ചയാണ്‌ മൈലാഞ്ചി അണിയിക്കുന്നത്‌. വധുവിന്റെ അമ്മായി വന്ന് അണിയിച്ചതിനുശേഷം ഓരോരുത്തരായി അണിയിക്കും. പിന്നെ ബ്യൂട്ടീഷ്യനു ജോലിയില്ല. അല്ലെങ്കില്‍ അണിഞ്ഞത്‌, ചടങ്ങ്‌ കഴിയുന്ന ഉടന്‍ തന്നെ കഴുകിക്കളഞ്ഞ്‌ ഇഷ്ടമുള്ള ഡിസൈനില്‍ ഇടും.

മൈലാഞ്ചിയിലയിട്ട്‌ കാച്ചിയ എണ്ണ തേച്ച്‌ കുളിച്ചാല്‍ തലമുടിയ്ക്ക്‌ നല്ല കറുപ്പ്‌ നിറം വരുമത്രേ. ചിലര്‍ കൈകള്‍ക്കും കാല്‍‌വിരലിനിടയ്ക്കും വാരിപ്പൊത്തുന്നത്‌ കണ്ടിട്ടില്ലേ? വളം കടി അല്ലെങ്കില്‍ പുഴുക്കടി മാറ്റാന്‍ നല്ലതാണെന്ന് അവര്‍ പറഞ്ഞ്‌ തരും.

ഇനിയുള്ള പരിപാടി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപകാരപ്രദം. മുടിയ്ക്ക്‌ കറുപ്പ്‌ നിറം വരുത്താനും, കൂടുതല്‍ ഉണ്ടെന്ന് തോന്നിപ്പിക്കാനും പറ്റുന്ന പരിപാടി. നരച്ച മുടിയില്‍ തേച്ചാല്‍ ചുവപ്പ്‌ നിറമേ വരൂ എന്നോര്‍ക്കുക.

മൈലാഞ്ചിപ്പൊടി വാങ്ങുക. വാങ്ങുമ്പോള്‍ കവറിനുള്ളില്‍ക്കൂടെ, നല്ല പച്ചനിറമുണ്ടോയെന്ന് നോക്കാന്‍ പറ്റുമെങ്കില്‍ നോക്കുക. പൊടി മുഴുവന്‍ ചീനച്ചട്ടിയിലേക്ക്‌ ഇടുക. ഇരുമ്പിന്റെ വേറെ എന്തെങ്കിലും പാത്രം ആയാലും മതി. ഇരുമ്പ്‌ പാത്രം എന്നത്‌ ശ്രദ്ധിക്കുക. വെള്ളം തിളയ്ക്കുമ്പോള്‍, നല്ലപോലെ ചായപ്പൊടിയിട്ട്‌, ആ വെള്ളം അരിച്ചെടുത്ത്‌ തണുക്കാന്‍ വയ്ക്കുക. തണുത്ത്‌ കഴിഞ്ഞാല്‍, പൊടിയിലേക്ക്‌ ഇട്ട്‌ അല്‍പ്പാല്‍പ്പമായി ചേര്‍ത്ത്‌ പൊടി പേസ്റ്റ്‌ രൂപത്തിലാക്കിയതിനുശേഷം കുറച്ച്‌ ഇന്‍സ്റ്റന്റ്‌ കാപ്പിപ്പൊടി അല്ലെങ്കില്‍ സാദാ കാപ്പിപ്പൊടി ഇടുക. ചായവെള്ളം ബാക്കിയുണ്ടെങ്കില്‍ അടുപ്പത്ത്‌ വെച്ച്‌ ചൂടാക്കി പഞ്ചസാരയും പാലുമൊഴിച്ച്‌ കുടിക്കാന്‍ മറക്കരുത്‌. ഈ പേസ്റ്റ്‌, രാത്രിയുണ്ടാക്കി, രാവിലെവരെ വയ്ക്കുക. രാവിലെ ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത്‌ തലയില്‍ മുഴുവന്‍ തേച്ച്‌ പിടിപ്പിക്കുക. എന്നിട്ട്‌ രണ്ട്‌ മൂന്ന് നാലു മണിക്കൂറിനുശേഷം കഴുകിക്കളയുക. ഷാമ്പൂ ഉപയോഗിക്കാം. തേയ്ക്കുന്നതിനുമുമ്പ്‌ മുടിയില്‍ എണ്ണയോ വെളിച്ചെണ്ണയോ പുരട്ടിയിട്ടുണ്ടെങ്കില്‍ മുടി കൂടുതല്‍ പരുക്കനാവില്ല. നെല്ലിക്കാപ്പൊടിയും മൈലാഞ്ചിയുടെ കൂടെ പകുതി അളവില്‍ ചേര്‍ക്കാം. നാരങ്ങനീര്‍ ചേര്‍ക്കാം. മുട്ടയുടെ വെള്ള ചേര്‍ത്ത്‌ യോജിപ്പിക്കുകയാണെങ്കില്‍ മുടി വളരെ മൃദു ആവും. മുട്ട, തലയില്‍ തേച്ചുപിടിപ്പിക്കുന്നതിനു തൊട്ടുമുമ്പേ ചേര്‍ക്കാവൂ. ഇല്ലെങ്കില്‍ മണത്ത്‌ നാശമാവും. ജലദോഷം ഉള്ളവരും, തണുപ്പ്‌ പറ്റാത്തവരും ഈ പരിപാടിയുടെ ഭാഗത്തേക്ക്‌ നോക്കരുത്‌. തലയില്‍ തേച്ച്‌ തണുക്കാന്‍ വെച്ചിരുന്നാല്‍, നമ്മളും തണുത്ത്‌ പോകും. എല്ലാവരും സ്വന്തം റിസ്കില്‍ പരീക്ഷിക്കുക. ഞാന്‍ യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതല്ല. ചെയ്യാറുണ്ട്‌ വല്ലപ്പോഴും എന്ന് മാത്രം.

മഴക്കാലത്ത്‌ മൈലാഞ്ചി കൈയില്‍ ചിത്രം വരച്ച്‌, ജനലിലൂടെ മഴയും നോക്കിയിരിക്കാന്‍ രസമാവും. ഒരു ഒഴിവ്‌ ദിനത്തില്‍ നിങ്ങളുടേയും പരിപാടി അതായിരിക്കട്ടെ. അല്ലെങ്കില്‍, ജോലിയെല്ലാം കഴിഞ്ഞ്‌ ടി. വി യ്ക്ക്‌ മുന്നിലിരിക്കുമ്പോള്‍ ഇട്ട്‌ വെയ്ക്കുക. ഇടയ്ക്കിടെ നനച്ച്‌ കൊടുക്കുക. ഉറങ്ങുമ്പോള്‍ കഴുകിയിട്ടില്ലെങ്കില്‍, രാവിലെ ആവുമ്പോഴേക്കും ചുവന്നിരിക്കും.

Labels:

Friday, June 15, 2007

സമ്മതം

സമ്മതം ചോദിച്ചിരുന്നു അവന്‍.

അടുത്തിരുന്നോട്ടെ?

മിണ്ടിക്കോട്ടെ?

സ്നേഹിച്ചോട്ടെ?

സ്വപ്നം കണ്ടോട്ടെ?

ഒന്ന് തൊട്ടോട്ടേ?

അങ്ങനെ പലതും...

എല്ലാത്തിനും ഉം എന്നൊരുത്തരം കൊടുത്തു.

പക്ഷെ, പാടില്ലെന്നൊരു ഉത്തരം, ഒരു ചോദ്യത്തിനവള്‍ കരുതിവെച്ചിരുന്നു.

അതവന്‍ ചോദിക്കാതെ പോയി.

ഉപേക്ഷിച്ചോട്ടെ എന്ന്!

Labels:

Wednesday, June 13, 2007

യാത്ര - തുടക്കം - ഒടുക്കം

ആദ്യം അയാള്‍ യാത്ര പോയത് ചെറിയ പെട്ടിയും പിടിച്ചാണ്.

വലിയ പെട്ടികളുമായി തിരികെ വന്നു.

പിന്നെ പോയത് വലിയ പെട്ടിയും എടുത്താണ്.

വലിയൊരു പെട്ടിക്കുള്ളില്‍ തിരിച്ചുവന്നു.

പിന്നെ എവിടേയും പോകാനാവാതെ, തുരുമ്പ് പിടിച്ചൊരു പെട്ടിക്കുള്ളില്‍, ഫോട്ടോയ്ക്കുള്ളിലായി അയാള്‍.

Labels:

Monday, June 11, 2007

ലൈഫ് ഈസ് ഡ്യൂട്ടിഫുള്‍

“അപ്പോ, അമ്മയെ അപ്രത്യക്ഷമാക്കിയാല്‍ നന്നായിരിക്കും അല്ലേ?” പന്ത്രണ്ട് വയസ്സുകാരി വല്യ വാവയുടെ ചോദ്യത്തിനു ശേഷം അവളും അച്ഛനും ആര്‍ത്ത് ചിരിക്കുന്നത് കേട്ടു. മാജിക് ഷോ, ടി. വി. യില്‍ കണ്ട് ആസ്വദിക്കുകയാണ് അച്ഛനും മക്കളും. കുറച്ച് മാജിക്ക് അറിയാമായിരുന്നെങ്കില്‍, പച്ചക്കറിയൊക്കെ, വലിയ അദ്ധ്വാനമില്ലാതെ, നല്ല വിഭവങ്ങളാക്കി മാറ്റാമായിരുന്നു.

“അമ്മ അപ്രത്യക്ഷമായാല്‍ ചോറ് ആരു വയ്ക്കും?” ഏഴ് വയസ്സുകാരി കുഞ്ഞുവാവ. അപ്രത്യക്ഷം എന്ന് മര്യാദയ്ക്ക് പറയാന്‍ വയ്യാത്ത അവളുടെ ഒരു ചോദ്യം. ചോറു വയ്ക്കാനെങ്കിലും അമ്മ വേണമല്ലോ ഭാഗ്യം.

“ചോറ് വെക്കുന്നത് കുക്കറല്ലേ? അമ്മയല്ലല്ലോ?”

അതെയതെ. എടുകുടുക്കേ ചോറും കറിയും എന്ന് പറയുകയേ വേണ്ടൂ.

ബീന്‍സ് വലിയ വലിയ കഷണങ്ങളാക്കി മുറിച്ചു. ചെറുതായി അരിയണമെന്ന്, പണ്ട് വേറൊരു ജോലിയുമില്ലാത്തവര്‍, സമയം പോക്കാന്‍ വേണ്ടി കണ്ടുപിടിച്ചതാവും. മാറ്റം ആവശ്യമല്ലേ?

ഉച്ചയ്ക്ക് വെച്ച കൂര്‍ക്ക മുഴുവന്‍, ഒന്നെനിക്ക്, ഒന്ന് നിനക്ക് എന്നും പറഞ്ഞ് തീര്‍ത്തു.

അടുക്കളയില്‍ ഒതുങ്ങേണ്ടതല്ല സ്ത്രീയുടെ ജീവിതം എന്ന് പ്രസംഗിച്ച, വനിതാസമാജം പ്രസിഡന്റിനെ ഓര്‍ത്തു. മീറ്റിങ്ങ് കഴിഞ്ഞപ്പോള്‍, മിണ്ടാന്‍ പോലും സമയമില്ലാതെ വീട്ടിലേക്കോടിയതായിരുന്നു അവര്‍. ചെന്നിട്ടുവേണമത്രേ വേലക്കാരിയെ വീട്ടില്‍ കൊണ്ടുവിടാന്‍. വേലക്കാരിയെന്നൊരു സ്ത്രീയെ അടുക്കളയ്ക്കുള്ളില്‍ തളച്ചിട്ടിരുന്നില്ലെങ്കില്‍, അവരുടെ അത്താഴം മുടങ്ങിയേനെ. എന്നിട്ടാണ് പ്രസംഗം.


“അമ്മയും ഇങ്ങനെ ഉറങ്ങിയിരുന്നെങ്കില്‍ രസമായേനെ.” എങ്ങനെയെന്ന് എത്തിവലിഞ്ഞ് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഏതോ പരിപാടിയില്‍, നായിക പട്ടിലും പൊന്നിലും പുതഞ്ഞ് ഉറങ്ങുന്നുണ്ട്. അതെ. ഇനി ജോലിയൊക്കെ തീര്‍ത്ത് അണിഞ്ഞൊരുങ്ങാം, ഞാന്‍.

അവരുടെ ബഹളം കഴിയുമ്പോഴേക്കും, അടുക്കളയിലെ മല്ലിടലും കഴിഞ്ഞിരുന്നു.

മഴ നോക്കി അല്പസമയം ഇരുന്നു. അല്ലെങ്കില്‍, ഇതിലും മുമ്പ് തീര്‍ന്നേനെ ജോലിയൊക്കെ. മഴയൊക്കെ ആസ്വദിക്കാനുള്ള കാലം കഴിഞ്ഞോ എന്തോ. ഇടിയും മിന്നലും ഇല്ലാതെ ജീവിതം അങ്ങനെ പെയ്തുപോയ്ക്കൊണ്ടിരുന്നാല്‍ത്തന്നെ നല്ലത്.

“അയ്യോ ബീന്‍സ് ഇത്രേം നീളത്തിലോ?” വല്യവാവ.

“എന്റെ കളര്‍പ്പെന്‍സിലും ഇത്രയായി.” കുഞ്ഞുവാവ.

അച്ഛന്‍ ഒന്നും അഭിപ്രായം പറഞ്ഞുകേട്ടില്ല. ബീന്‍സ് അരിയാന്‍ ആര്‍ക്കും ആവും എന്ന് കേള്‍ക്കേണ്ട എന്ന് കരുതിയാവും.

“കഴിക്കുന്നില്ലേ?”

“ഇല്ല. കുളിച്ചിട്ടേ കഴിക്കുന്നുള്ളൂ.”

“അച്ഛാ, വീട്ടിലെ ആണുങ്ങളും, കുട്ടികളും ആദ്യം ഭക്ഷണം കഴിക്കുന്നത് എന്തിനാ?”

“അതൊക്കെ സ്ത്രീകളുടെ ഓരോ പരീക്ഷണം അല്ലേ മക്കളേ?”

ഇന്നത്തെ ദിവസം മുഴുവന്‍, ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയായിരുന്നു, അച്ഛനും മക്കളും. അമ്മയെ കളിയാക്കാന്‍. സഹായം ഒന്നും ഉണ്ടായില്ല.

ആരോ ജീവിതത്തിന്റെ അളവ് നിശ്ചയിച്ച് വെച്ചിട്ടുണ്ട്. അതുപോലെ പാകം ചെയ്ത് വന്നാലേ ശരിയാവൂ. ഒന്ന് തെറ്റിപ്പോയാല്‍, എരുവും മധുരവും, വേണ്ടപോലെ വന്നില്ലെങ്കില്‍ സ്വാദ് പോകും.


കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കുമ്പോള്‍, ബെഡ് റൂമില്‍ നിന്ന് കേട്ടു.

“നാളെ ഒരു വിശേഷമുണ്ട്.”

“എന്താ?”

എന്താ? ഓര്‍ത്തുനോക്കി. ഓ... വിവാഹവാര്‍ഷികം.

“നാളെയാണ് അച്ഛന്റേയും അമ്മയുടേയും വിവാഹവാര്‍ഷികം.”

“ഹായ്. നമുക്ക് ആഘോഷിക്കണം.”

“നാളെ രാവിലെത്തന്നെ എവിടെയെങ്കിലും പോകാം.”

ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെയാണെങ്കില്‍, ദുഃഖമാചരിക്കുന്നതാവും നല്ലതെന്ന് ബീന്‍സിന്റെ ഒരു കഷണം ചിരിച്ചുകൊണ്ട് പറഞ്ഞു. ഒരു ദിവസം സ്വാതന്ത്ര്യം നിന്റെ പിടിയില്‍ നിന്നെന്ന്, അടുക്കളയും.

ജോലിയൊക്കെ തീര്‍ത്ത് ചെല്ലുമ്പോഴേക്കും, കുട്ടികള്‍ രണ്ടും ഉറങ്ങിയിരുന്നു. മുറിയിലേക്ക് നടന്നു. അച്ഛനും ഉറങ്ങിക്കാണും. ഇന്നു മുഴുവന്‍, അമ്മയെ പരിഹസിച്ച് സമയം തീര്‍ത്തതല്ലേ. ക്ലോക്കിലേക്ക് നോക്കാന്‍ തോന്നാതെ കിടക്കുമ്പോള്‍ കേട്ടു.

“ഐ ലവ് യൂ ഡാ.”

“പോഡാ.” എന്ന് തിരിച്ചുപറയാന്‍ തോന്നിയപ്പോഴാണ് ദേഷ്യമൊന്നും ഇല്ലായിരുന്നെന്ന് മനസ്സിലായത്.


അല്ലെങ്കിലും ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നുപറയാന്‍ പറ്റുന്നത്, എല്ലാ വിഷമങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ സന്തോഷത്തിനും അല്പം ഇടമുണ്ടാവുമ്പോഴാണല്ലോ. ജീവിതം, സദ്യയാണ്. എല്ലാ വിഭവങ്ങളും വേണം. കയ്പ്പില്ലെങ്കില്‍, മധുരത്തിന്റെ മധുരം തിരിച്ചറിയുന്നതെങ്ങനെ? മധുരമില്ലെങ്കില്‍, കയ്പ്പിനെ പഴി ചാരി, ജീവിതം മുഴുവന്‍ കഴിച്ചേനെ.

Labels: