യാത്രയ്ക്കിടയില്‍
ഞങ്ങളൊരു ദൂരയാത്രയ്ക്കു പോയതായിരുന്നു. എന്നുവിചാരിച്ച്, അമേരിക്കയിലും ആഫ്രിക്കയിലും പോയി എന്നൊന്നും നിങ്ങള്‍ കരുതരുത്. ഇല്ലെന്ന് എനിക്കറിയാം. എന്നാലും പറഞ്ഞുവെന്നേയുള്ളൂ. ഇന്ത്യയില്‍ത്തന്നെ ഒരു അഞ്ഞൂറ് അറുനൂറ് കിലോമീറ്റര്‍ ദൂരം പോയാല്‍ അതൊരു ദൂരയാത്ര തന്നെ. നോര്‍ത്ത് ഇന്ത്യയിലെ ആ യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ഈ സംഭവം.
റെയില്‍വേ സ്റ്റേഷനിലെ ലിസ്റ്റില്‍ ഞങ്ങളുടെ പേരും വയസ്സുമൊക്കെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം, പെട്ടിയും കുട്ടയുമായി, ഞങ്ങളും ഏതോ ഒരു ട്രെയിനില്‍ കയറുമെന്ന ഭാവത്തില്‍ അവിടെയുള്ള ഇരിപ്പിടങ്ങളില്‍ ഉറച്ചിരുന്നു. ചിലരാണെങ്കില്‍, ആ വലിയ സ്റ്റേഷനില്‍, ഓരോ ട്രെയിന്‍ വരുമ്പോഴും, കറന്റ് കട്ട് സമയത്ത് കൊതുക്, മനുഷ്യനടുത്തേക്ക് പറന്നുനടക്കുന്നതുപോലെ, ഓടിപ്പോവും. ട്രെയിനൊന്നും വരാത്തപ്പോള്‍ അവിടേം ഇവിടേം നടന്നുകളിക്കും. ഞങ്ങള്‍ ഇതൊന്നും ബാധകമല്ലെന്ന മട്ടില്‍, ഞങ്ങളുടെ പേരെഴുതിവെച്ച ഒരു ട്രെയിന്‍ വരും, ഞങ്ങളതിലേക്ക് കയറും എന്ന ഭാവത്തിലിരുന്നു. വണ്ടി വന്നു. പക്ഷേ, പറഞ്ഞിരിക്കുന്ന, ഞങ്ങള്‍ കാത്തിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ രണ്ട് പ്ലാറ്റ്ഫോം അപ്പുറത്ത്. ചിക്കന്‍പോക്സ് വന്നവനു കൈ ഒടിഞ്ഞപോലെ ആയി ഞങ്ങളുടെ കാര്യം. ഇഷ്ടം പോലെ ലഗ്ഗേജ്. അതിനിടയ്ക്കൊരു പ്ലാറ്റ്ഫോം മാറ്റവും. ഞങ്ങളെ യാത്രയാക്കാന്‍ ആള്‍ക്കാര്‍ വന്നിരുന്നതിനാല്‍, ഞങ്ങള്‍ കുറച്ചു ബാഗൊക്കെ എടുത്ത് ഓടി. ബാക്കി അവരെടുത്തോട്ടെ എന്ന മട്ടില്‍. ഏതെങ്കിലും ഒരു ഒളിമ്പിക്സില്‍ ഇങ്ങനെ ഓടിയിരുന്നെങ്കില്‍ എന്റെ കഴുത്തില്‍ കുറച്ച് സ്വര്‍ണ്ണം കിടക്കുമായിരുന്നു എന്ന് ഞാനോര്‍ത്തു. അങ്ങനെ ഒരു ഓട്ടമായിരുന്നു അത്. ഈ ട്രെയിന്‍ പോയാല്‍ പുല്ല് എന്നു വിചാരിച്ചാല്‍പ്പിന്നെ, കുറേ ദിവസത്തേക്ക്, മഴയത്തിട്ടിരിക്കുന്ന നെല്ലുപോലെ അധോഗതിയാവും ഞങ്ങളുടെ കാര്യം. അതുകൊണ്ട് ഓടാതെ വയ്യ. അങ്ങനെ ട്രാക്കില്‍ക്കൂടെ ഓടി. കയറി എന്നു നിങ്ങള്‍ വിചാരിക്കരുത്. കയറാന്‍ നോക്കുമ്പോള്‍ ഒറ്റ വാതിലും തുറന്നിട്ടില്ല. അതിലൂടെ വല്ല വണ്ടിയും ആ സമയത്ത് വന്നാല്‍, ഞങ്ങള്‍ക്കുവേണ്ടി സ്വര്‍ഗ്ഗവാതില്‍ തുറക്കും എന്നു വിചാരിക്കുമ്പോഴേക്കും വാതില്‍ തുറക്കപ്പെട്ടു. കൊതുകുതിരി കെട്ടുപോയ മുറിയിലേക്ക് കയറുന്ന കൊതുകുകളെപ്പോലെ ഞങ്ങള്‍ അതിനകത്തേക്ക് കയറി.
ഇനി സീറ്റ് കണ്ടുപിടിക്കണം. ലഗ്ഗേജൊക്കെ അവിടെ അടുക്കിയിടണം. ഉറങ്ങണം. പാതിരാത്രി ആയിട്ടുണ്ട്. നമ്പറൊക്കെ നോക്കിയപ്പോള്‍ ശരിക്കുള്ള സ്ഥലത്തേക്ക് തന്നെയാണ് ഓടിക്കയറിയിട്ടുള്ളത്. കൂടെ വന്നവര്‍, ട്രെയിനിനു പുറത്ത് ഒട്ടിച്ച ലിസ്റ്റില്‍ നോക്കി പറഞ്ഞും തന്നു. ലഗ്ഗേജൊക്കെ ഇട്ട് നോക്കുമ്പോള്‍, എന്റേതെന്നു പറഞ്ഞ സീറ്റില്‍ ആരോ കുംഭകര്‍ണ്ണസേവ നടത്തുന്നുണ്ട്. ഞാന്‍ ശൂ, ശൂ എന്ന് ഒച്ചയുണ്ടാക്കിയപ്പോള്‍, ആ രൂപം എണീറ്റു. പുതപ്പൊക്കെ നീക്കി. ഏകദേശം ഒരു പതിനാലു വയസ്സുള്ള കുട്ടിയാണ്. എന്താ എന്നല്ല
അവള്‍ ചോദിച്ചത്.
“ഈ സീറ്റ് ആന്റിയുടേതാണോ?” എന്നാണ്. കൊച്ചുകള്ളീ, അപ്പോ കരുതിക്കൂട്ടി എന്നെ ദേഷ്യം പിടിപ്പിക്കാന്‍ കിടന്നതാണല്ലേ, ഇപ്പോ ഗുഡ്‌നൈറ്റ് ആയത് കൊണ്ട് നിനക്ക് ഗുഡ് ആയി എന്ന മട്ടില്‍ ഞാന്‍ അവളെ നോക്കി. ഇത്രയും “സ്മാര്‍ട്ട്” ആയ എന്നെ നോക്കി ആന്റീക് പീസ് എന്നു വിളിച്ചതിനുള്ള ശിക്ഷയായി, ഞാനെഴുതിയ, എനിക്കു തോന്നിയത് രാവിലെ തര്‍ജ്ജമ ചെയ്ത് പറഞ്ഞുകേള്‍പ്പിക്കാം എന്ന ഭാവത്തില്‍ നിന്ന്, അതെയതെ, ഇതെന്റെ സീറ്റാണ് എന്നു പറഞ്ഞു. ശരി എന്നും പറഞ്ഞ് ഒക്കെ വാരിക്കെട്ടി അപ്പുറത്ത് നടുവിലെ ബര്‍ത്തിലേക്ക് ഓടിക്കയറി. അതും വേറെ ആരുടെയെങ്കിലും ആണോന്ന് ദൈവത്തിനറിയാം. ഉറക്കം വരുന്നതുകൊണ്ട് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോകാതിരിക്കുന്നതാവും നല്ലത് എന്ന് എന്റെ ചെറിയ ബുദ്ധിയ്ക്ക് തോന്നി. എന്റെ സീറ്റ് ഉറപ്പിച്ചു. ചേട്ടന്റെ സീറ്റ് നമ്പര്‍ നോക്കിയപ്പോള്‍ ആ സീറ്റില്‍ ഒരാള്‍ സുഖമായി ഉറങ്ങുന്നു. ഉറക്കം നടിക്കുകയാണെങ്കില്‍ അല്ലേ ഉണര്‍ത്താന്‍ പറ്റാതെയുള്ളൂ. ഇയാള്‍ ഉറങ്ങുകയാണ് അതുകൊണ്ട് എണീറ്റോളും എന്ന് വിചാരിച്ചു. ചേട്ടന്‍ പറഞ്ഞു കോട്ടുകാരന്‍ ടി.ടി ഇ വരട്ടെ എന്ന്. എനിക്കു പായ കിട്ടി, ഇനി ഉറങ്ങാം എന്ന സ്ഥിതിയില്‍. ചേട്ടനാണെങ്കില്‍ ഊണുകഴിഞ്ഞു, ഇനി പായ കിട്ടണം എന്ന സ്ഥിതിയില്‍. ടി.ടി.ഇ വന്നു. നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന എന്ന മട്ടില്‍ ചേട്ടനെ നോക്കി. ഇതിലാരും നിന്ന് യാത്ര ചെയ്യില്ല ഇറങ്ങിക്കോ എന്നൊരു മട്ടും. ഞാന്‍, എനിക്കു കിട്ടിയ സീറ്റ് ആരും കൊണ്ടുപോകേണ്ട എന്ന് വെച്ച്,
പരസ്യബോര്‍ഡിന്റെ സൈഡില്‍ എഴുതിയ ആളിന്റെ പേരുവെച്ചതുപോലെ, സീറ്റില്‍ ഇരുന്നു, ഇരുന്നില്ല എന്ന മട്ടിലാണ്. ചേട്ടന്റെ സീറ്റ് ഉറപ്പില്ലാത്തതുകൊണ്ട് മുഴുവനായി ഇരിക്കാന്‍ ഒരു മടി. അദ്ദേഹം ചേട്ടനെ നോക്കി, എന്നെ നോക്കി, ലിസ്റ്റ് നോക്കി, എന്നെ നോക്കി, ചേട്ടനെ നോക്കി, ലിസ്റ്റ് നോക്കി. നോക്കണ്ട നോക്കണ്ട, നോക്കി നോക്കി ഡാറ്റ വെറുതേ കളയേണ്ട, എന്റെ ചേട്ടന്റെ സീറ്റിങ്ങെടുത്തോ എന്ന ഭാവത്തില്‍ ഞാനദ്ദേഹത്തെ നോക്കിയതും അദ്ദേഹം ലിസ്റ്റ് ഒന്നുകൂടെ കണ്ണടയുറപ്പിച്ചു നോക്കി. എന്നിട്ട്, ഏഴുദിവസം പട്ടിണികിടന്നവന്റെ മുന്നില്‍ വെച്ച കഞ്ഞിയില്‍ പാറ്റയുണ്ടെന്ന് പറയുന്ന അതേ ഭാവത്തോടെ ചേട്ടനോട് പറഞ്ഞു “ഇയാളുടെ സീറ്റ് അപ്പുറത്താണ്.” പാതിരാത്രി, ദൂരയാത്ര, ലഗ്ഗേജ്, പ്ലാറ്റ്ഫോം മാറ്റം. ഇതൊക്കെക്കൊണ്ട് വട്ടുപിടിച്ച അവസ്ഥയിലായിരുന്ന ഞങ്ങളുടെ ചെവിയിലേക്കാണ് അത് വന്നുവീണത്.
ഞാന്‍ എണീറ്റു. ഞാനും ചേട്ടനും കൂടെ ടിക്കറ്റ് ബുക്ക് ചെയ്തതു മുതല്‍ ട്രെയില്‍ കയറിയതുവരെയുള്ള ചരിത്രം പല ഭാഷകളിലും മാറി മാറി കേള്‍പ്പിച്ചു. നോര്‍ത്ത് ഇന്ത്യ ആണെങ്കിലും ഞങ്ങള്‍ക്ക് ഒന്നുംപേടിക്കാനില്ല. പക്ഷെ സീറ്റ് റിസര്‍വ്വ് ചെയ്തതുകിട്ടിയില്ലെങ്കില്‍ നിങ്ങള്‍ പേടിക്കേണ്ടിവരും എന്നൊക്കെയൊരു ഭാവത്തില്‍ ഞങ്ങള്‍ കുറേ പറഞ്ഞു. അയാള്‍ തര്‍ക്കിച്ചൊന്നുമില്ല. ഞാന്‍ ചേട്ടനോട് റെയില്‍വേയെപ്പറ്റി കുറേ കുറ്റം പറഞ്ഞു. ഇതൊക്കെ പൈസ അടിച്ചെടുക്കാനുള്ള അടവാണ്. ഇപ്പോ ചേട്ടന്റെ സീറ്റില്‍ ഉറങ്ങുന്നവരോടും വാങ്ങിയിട്ടുണ്ടാകും എന്നൊക്കെപ്പറഞ്ഞു. മലയാളത്തില്‍പ്പറഞ്ഞാല്‍ അയാള്‍ക്കൊന്നും മനസ്സിലാവില്ലല്ലോ. ചേട്ടന്‍ അയാളോട് കുറേ തര്‍ക്കിച്ചു. പറയാനുള്ളതൊക്കെ ഞങ്ങള്‍ പറഞ്ഞു. അയാളെക്കൊണ്ടുള്ള കുറ്റവും ഞാന്‍ ചേട്ടനോടും ഇടയ്ക്കിടയ്ക്ക് പറഞ്ഞു.
പറഞ്ഞുപറഞ്ഞ് അയാള്‍ ചേട്ടനേയും കൂട്ടി, ചേട്ടനൊരു സീറ്റ് ഉണ്ടെന്നു പറഞ്ഞിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെ പോകാമെന്നു വിചാരിച്ചപ്പോ, ലഗ്ഗേജൊക്കെ ആരു നോക്കും എന്ന് ചേട്ടന്‍ ചോദിച്ചു. അതുകൊണ്ട് പോയില്ല. ആദ്യം എണീറ്റുപോയ കുട്ടി എന്നെ പുതപ്പിനിടയില്‍ക്കൂടെ നോക്കുന്നുണ്ട്. ഞാനില്ലായിരുന്നെങ്കില്‍ ആന്റിയുടെ സീറ്റും പോയേനെ എന്ന ഭാവത്തില്‍. കുട്ടികള്‍, സമയത്തിനും കാലത്തിനും കിടന്നുറങ്ങണം എന്നൊരു മെസ്സേജ് കണ്ണുകൊണ്ട് ഞാനവള്‍ക്ക് വിട്ടു. അവളതു കണ്ടതായിപ്പോലും ഭാവിച്ചില്ല. ചേട്ടന്‍ വരുന്നതുവരെ എന്റെ സംരക്ഷണം ഏറ്റെടുത്ത മട്ടില്‍, തട്ടിന്‍ പുറത്ത്, പല്ലികള്‍, പാറ്റയെ നോക്കുന്നതുപോലെ, ആത്മാര്‍ത്ഥമായിട്ട് എന്നെ നോക്കിക്കിടന്നു.
ചേട്ടന്‍ വന്നു, അയാളും വന്നു. അപ്പുറത്ത് രണ്ടാള്‍ക്കും സീറ്റുണ്ട്, വാ, എന്നു പറഞ്ഞ് ബാഗുകള്‍ കുറച്ചെണ്ണം എടുത്ത് നടന്നു. ഞാനും കുറച്ചെടുത്തു. കോട്ടും സൂട്ടുമിട്ട്, തീവണ്ടിയില്‍ക്കയറി, സീറ്റുള്ളവനു, സീറ്റില്ലാതെയാക്കിയും, സീറ്റില്ലാത്തവനു സീറ്റ് ഒപ്പിച്ചുകൊടുത്തും, ബാലന്‍സൊപ്പിച്ച്, അങ്ങോട്ടുമിങ്ങോട്ടും, രണ്ട് പെഗ് അടിച്ചതുപോലെ ആടിയാടിനടന്നാല്‍പ്പോര, മര്യാദയ്ക്ക് സീറ്റ് റിസര്‍വ്വ് ചെയ്തവര്‍ക്ക് സീറ്റ് കൊടുക്കാന്‍ മര്യാദയ്ക്ക് പഠിക്കണം. അതിനു സെന്‍സ് വേണം, സെന്‍സബിലിറ്റി വേണം, എന്നൊരു ഡയലോഗ് അയാളെ നോക്കി മനസ്സില്‍പ്പറഞ്ഞ്, നാഗവല്ലിസ്റ്റൈല്‍ നോട്ടവും പ്രദാനം ചെയ്ത്, വിദേശത്തുനിന്ന് കേരളം കാണാന്‍ വന്നവരുടെ ലഗ്ഗേജും തൂക്കി നടക്കുന്നവരെപ്പോലെ, ഭാരം വഹിച്ചുകൊണ്ട്, ചേട്ടന്റെ പിന്നാലെ നടക്കുമ്പോഴാണ് അദ്ദേഹം പച്ചമലയാളത്തില്‍ ചോദിച്ചത്. “നിങ്ങള്‍ മലയാളികളാണല്ലേ?”
ഞാനെന്റെ കൈയിലെ ഭാരങ്ങളോട് പറഞ്ഞു, എന്നെ നുള്ള്, എന്നെ നുള്ള്. കേട്ടതു സത്യമാണോ, ഞാന്‍ ഏതോ സ്വപ്നത്തിന്റെ വക്കിലാണോന്ന് അറിയണമല്ലോ. മനസ്സിലൊന്ന് നുള്ളി. സത്യം തന്നെ. ഞാനൊന്നു സംഭവങ്ങളെ റീവൈന്‍ഡിലിട്ടു. ഇയാളുടെ കുടുംബക്കാരെക്കുറിച്ച് ഒന്നും ചേട്ടനോട് പറഞ്ഞില്ല. എന്റെ തടി കുറയണമെന്ന മോഹം, ഇയാളോട് തര്‍ക്കിച്ചതിന്റെ പേരില്‍ കുറയില്ല. ഏസിയുടെ തണുപ്പിലും വിയര്‍ത്തു എന്ന വാചകം അനുഭവിച്ചറിഞ്ഞത് അപ്പോഴാണ്. ശ്രീശാന്തിനു ബോളിട്ടുകൊടുത്ത് ക്യാച്ചെടുപ്പിച്ച മിസ്ബയെപ്പോലെ ഞങ്ങളും മറന്നിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയുണ്ടാവും എന്നത്!
അന്ന് ഞങ്ങള്‍ അദ്ദേഹത്തെ നോക്കിച്ചിരിച്ച ചിരിയാണ് ലോകത്തിലെ ഏറ്റവും വലിയ ചമ്മല്‍ച്ചിരി എന്നറിയപ്പെടുന്നത്. ആരും ആ റെക്കോര്‍ഡ് ഭേദിച്ചിട്ടുണ്ടാവില്ല. ;)
വണ്ടി മുന്നോട്ട്,
ചേട്ടന്‍ മുന്നോട്ട്,
ചേച്ചി മുന്നോട്ട്,
പിന്നാരു പിന്നോട്ട്? ;)