കരളും കരളിന്റെ കരളും കറുത്തവാവിന്റെയന്നു കൂറ്റാക്കൂറ്റിരുട്ടത്ത് കഥ പറഞ്ഞുംകൊണ്ട്
ഇരിക്കുകയായിരുന്നു.അവനും അവള്‍ക്കും കഥ പറഞ്ഞിട്ട് തീരുന്നില്ല. പഴയ കാലത്തെപ്പോലെ
ചിന്തിക്കുന്നതുകൊണ്ടാണു മരച്ചുവട് തിരഞ്ഞെടുത്തത്. കോണ്‍ക്രീറ്റ് കാടുകളുടെ നടുവില്‍
ആയതുകൊണ്ട് തെങ്ങ് മാത്രമാണു മരം. ഇടക്കിടക്ക് രണ്ടാളും ചെവിയോര്‍ക്കുന്നുണ്ട്.
തേങ്ങയോ ഓലയോ വല്ലതും വീഴാന്‍ ഉള്ള ഭാവം ഉണ്ടോന്ന്. ഇരുട്ടായതുകൊണ്ട് ഒന്നും
കാണാന്‍ വയ്യ.
'എന്നാലും നിനക്ക് എന്നോട് ഇത്രേം സ്നേഹം ഉണ്ടെന്ന് കരുതിയില്ല'-- അവന്‍.
'അതെന്താ'---അവള്‍.
'നീ കാണാന്‍ ഈ സമയത്ത് വന്നില്ലേ'---അവന്‍.
'സ്നേഹം കൊണ്ടല്ലേ അത്' അവള്‍.
അങ്ങനെ ഡയലോഗ് ഒരോന്നായി പറഞ്ഞുകൊണ്ടിരിക്കുകയാണു
രണ്ടാളും.
അതിനിടക്ക് ഒരു അലര്‍ച്ച.
'മക്കളേ....' രണ്ടാളും ഞെട്ടി.
തെങ്ങിന്റെ മുകളില്‍ നിന്നാണ്. രണ്ടാളും കണ്ണ് മിഴിച്ച് മിഴിച്ച് നോക്കിയപ്പോള്‍
എന്തോ താഴോട്ട് വരുന്നു. അടുത്തെത്തിയപ്പോള്‍ കണ്ടു ഒരു മനുഷ്യന്‍ തെങ്ങില്‍ നിന്ന്
ഇറങ്ങിവരുന്നു. കുറേ തേങ്ങ കൈയില്‍ ഉണ്ട്. അയാള്‍ അവരോട് പറഞ്ഞു.
'രണ്ടെണ്ണവും ഇപ്പോ പോകും പോകും എന്ന് കരുതി തെങ്ങിന്റെ മുകളില്‍ ഇരിക്കാന്‍
തുടങ്ങിയിട്ട് നേരം കുറേ ആയി. നിങ്ങള്‍ക്ക് ഇവിടെയിരുന്നു പറയുന്നതു നാളേം പറയാം
അല്ലെങ്കില്‍ ഫോണില്‍ പറയാം. എനിക്കു ഈ തേങ്ങ നേരം വെളുക്കുന്നതിനു മുമ്പ് ഇവിടെ നിന്ന്
കടത്തിയിട്ട് വേണം വിറ്റ് കാശാക്കാന്‍. കള്ളനാണേലും എന്റെ ക്ഷമക്കും
ഒരതിരുണ്ട്.'
രണ്ടാളും മിഴിച്ച് നില്‍ക്കുമ്പോള്‍ കള്ളന്‍ തേങ്ങയുമായി മന്ത്രിവാഹനം പോലെ കുതിച്ച് പാഞ്ഞു.
കഥ പറച്ചില്‍ തല്‍ക്കാലം നിര്‍ത്തി, രണ്ടും രണ്ട് വഴിക്കു പോയി.