Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, July 29, 2009

റിയാലിറ്റി സ്വയംവരം

സ്വയംവരം വീണ്ടും ഫാഷനാവുമോ? പണ്ടായിരുന്നു സ്വയംവരം. രാജാക്കന്മാരെയൊക്കെ അറിയിച്ച് എല്ലാവരും വന്നുചേർന്ന്, ചിലപ്പോൾ മത്സരം നടത്തി രാജകുമാരി ഒരാളെ സ്വീകരിക്കും. നിങ്ങളല്ലേ കണ്ടുപിടിച്ചത് എന്ന് അച്ഛനമ്മമാരോട് പറയാൻ പറ്റില്ല. പാണ്ഡുവിന് കുന്തിയെ കിട്ടിയതും, കുന്തിയുടെ മക്കളെല്ലാരും കൂടെ സ്വയംവരത്തിനുപോയി പാഞ്ചാലിയെ കൂട്ടിക്കൊണ്ടുവന്നതുമൊക്കെ പഴയ സ്വയംവര കഥ. ദമയന്തിയ്ക്ക് സ്വയംവരം തീരുമാനിച്ച്, നളനെ മാത്രമേ കെട്ടൂ എന്നും വിചാരിച്ച് പോയി നോക്കുമ്പോൾ ഒരുപോലെ അഞ്ചുനളന്മാർ. ഒടുവിൽ ഒറിജിനൽ നളനെത്തന്നെ കെട്ടി. അതും പഴയ കഥ.

ഇപ്പോ പലരും സ്വയംവരം തന്നെ. സ്വയം തീരുമാനിച്ച് വരിക്കുന്നത്. വീട്ടുകാർ സ്വയംവരം തീരുമാനിക്കുന്നില്ല. ഇനി അങ്ങനെ ഒരു ഫാഷൻ ഉടനെ വരുമായിരിക്കും. അപ്പോപ്പിന്നെ, കല്യാണം താൻ കട്ടിക്കിട്ട് ഓടിപ്പോലാമാ, ഓടിപ്പോയി കല്യാണം താൻ കട്ടിക്കലാമാ എന്നൊന്നും പാടേണ്ടിവരില്ല. രാമൻ വില്ലൊടിച്ച് ജയിച്ച് സീതയെ വരിച്ചതുപോലെ, ഇക്കാലത്ത് എന്തൊക്കെ മത്സരങ്ങൾ ഉണ്ടാവുമെന്ന് പറയാൻ പറ്റില്ല. മ്യൂസിക്കൽ ചെയർ ആയിരിക്കും എന്തായാലും ഒരു ഐറ്റം. അതിൽ ജയിക്കുന്നയാൾക്ക് കല്യാണം. പുതിയ പുതിയ മത്സരങ്ങൾ കൊണ്ടുവരും. എസ് എം എസ് മത്സരം ഉണ്ടാവുമോന്ന് അറിയില്ല.

ഇതൊക്കെ വെറുതേ തമാശയ്ക്ക് പറഞ്ഞുപോകുന്നതാണെന്ന് കരുതരുത്. ടി. വി. ചാനലിൽ റിയാലിറ്റി സ്വയംവരം തുടങ്ങിയിട്ട് കുറച്ചുനാളായി. എൻ ഡി ടി വി ഇമാജിനിൽ രാഖി കാ സ്വയംവർ. ഡാൻസുകാരിയായ രാഖി സാവന്ത് ആണ് സ്വയംവര കന്യക. അവളെ വരിക്കാനായി കെട്ടും കെട്ടി ഇറങ്ങിയിരിക്കുന്നത് പല ദേശത്തുനിന്നുമാണ്. എല്ലാ റിയാലിറ്റി ഷോയിലും ഉള്ളതുപോലെ പല പല ഘട്ടങ്ങളും ഉണ്ട്. ഇത് സ്വയംവരം ആയതുകൊണ്ട്, തമ്മിൽ സംസാരിക്കൽ, പാർട്ടി നടത്തൽ, അമ്മമാർ വന്നു കാണൽ, കുടുംബാംഗങ്ങളെ സന്ദർശിക്കൽ എന്നതൊക്കെയാണ് “റൗണ്ടുകൾ”. പിന്നെ ചില താരങ്ങളും അതിഥികളായിട്ട് എത്തുന്നു. എലിമിനേഷനും ഉണ്ട്. അവസാനം ജയിച്ച് നിൽക്കുന്നയാൾ രാഖിയെ വരിക്കുമോ, അല്ലെങ്കിൽ രാഖി അയാളെ വരിക്കുമോ അതോ ഇതൊക്കെ വെറും ഷോ ആണോ? ആർക്കറിയാം! തീരാറായിട്ടുണ്ട്. അതുകൊണ്ട് കാത്തിരുന്ന് കാണുക തന്നെ. മുഴുവൻ കണ്ടിരിക്കാൻ പറ്റാത്തതുകൊണ്ട് ഇടയ്ക്കൊക്കെ ഒന്ന് നോക്കും. എന്തായി എന്നറിയണമല്ലോ.

എന്തായാലും ടി. വി ക്കാരൊക്കെ എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടിയാൽ മതി എന്ന അവസ്ഥയിലേക്കെത്തിയപോലെയുണ്ട്, ഓരോ റിയാലിറ്റി ഷോയും കാണുമ്പോൾ. മത്സരം തന്നെ. പരസ്യക്കാർക്കും ചാനലുകാർക്കും കോളായി. പ്രേക്ഷകരാണ് ഇതൊക്കെ കണ്ട് അന്തം വിട്ട് ഇരിക്കേണ്ടിവരുന്നത്. വേണ്ടെങ്കിൽ കാണാതിരിക്കാം അത്ര തന്നെ! സ്വയംവരം ഇനി മലയാളം ചാനലുകളിലും കൂടെ വരുമോന്നേ നോക്കേണ്ടിവരൂ.

ഇനിയെന്തൊക്കെ റിയാലിറ്റിഷോകൾ വരുമോയെന്തോ!

Labels: ,

Monday, July 27, 2009

ചന്ദ്രഗുപ്തമൗര്യൻ

മന്ദാകിനീനദീതീരത്തെ പാടലീപുത്രം എന്ന രാജ്യത്തെ രാജാവായിരുന്നു നന്ദൻ. അദ്ദേഹം നല്ലൊരു രാജാവായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിയാണ് രാക്ഷസൻ. നന്ദരാജാവിന് രണ്ട് ഭാര്യമാർ. സുനന്ദയും, മുരയും. രാജാവിന്ന് മക്കളുണ്ടായില്ല. അങ്ങനെയിരിക്കുമ്പോൾ ഒരു മഹാമുനി ആ രാജ്യത്തു വന്നു. രാജാവ് സ്വീകരിച്ചു. കാലു കഴുകിച്ച് വെള്ളം ഭാര്യമാരുടെ നേരെ തളിക്കുന്നു. ഒരുതുള്ളി മുരയുടെ മേലും, ഒമ്പതു തുള്ളി സുനന്ദയുടെ മേലും പോയി വീഴുന്നു. മുര ഭക്തിയോടെ നിൽക്കുന്നു. സുനന്ദയ്ക്ക് അത്ര ഭക്തിയൊന്നും തോന്നിയില്ല. അവർ രണ്ടുപേരുടേയും ഭാവം അറിഞ്ഞ് മഹാമുനിയ്ക്ക് മുരയുടെ പെരുമാറ്റത്തിൽ സന്തോഷം തോന്നുകയും സുനന്ദയിൽ കോപം തോന്നുകയും ചെയ്യുന്നു. മുനി തിരിച്ചുപോയി. മുരയ്ക്ക് ഒരു മകനുണ്ടാകുന്നു. വലുതാകുമ്പോൾ അവനെ അസ്ത്രവിദ്യകളെല്ലാം പഠിപ്പിക്കുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ സുനന്ദ ഗർഭിണിയാവുന്നു. മാസം തികഞ്ഞപ്പോൾ ഒരു മാംസപിണ്ഡത്തെയാണ് സുനന്ദ പ്രസവിക്കുന്നത്. എല്ലാവരും ദുഃഖിക്കുന്നു. അപ്പോൾ, ദുഃഖിക്കേണ്ട, ഒമ്പതുമക്കളുണ്ടാവും എന്ന് അശരീരി ഉണ്ടാവുന്നു. മന്ത്രിയായ രാക്ഷസൻ, ആ മാംസപിണ്ഡത്തെ ഒമ്പതുഭാഗങ്ങളാക്കി എണ്ണനിറച്ച പാത്രങ്ങളുടെ അകത്തിട്ടുവയ്ക്കുന്നു. കുറച്ചുദിവസങ്ങൾ കഴിഞ്ഞ് ആ എണ്ണപ്പാത്രങ്ങൾ ഉടഞ്ഞ് ഒമ്പത് രാജകുമാരന്മാർ പുറത്തുവരുന്നു. അവരേയും വലുതാകുമ്പോൾ അസ്ത്രവിദ്യകളെല്ലാം പഠിപ്പിക്കുന്നു. സുനന്ദ ക്ഷത്രിയപുത്രിയായതുകൊണ്ട് രാജാവ് മുരയിൽ ഉണ്ടായ മകനെ - മൗര്യനെ- രാജാവാക്കാൻ തുനിയാതെ, ഒമ്പതു മക്കളിൽ ആരെയെങ്കിലും രാജാവായി വാഴിക്കാം എന്നു തീരുമാനമെടുക്കുന്നു. എല്ലാവരും ജനിച്ചത് ഒരേ സമയത്ത് ആയതുകൊണ്ട് മൂത്തയാൾ ആരെന്ന് നോക്കാനും പ്രയാസം. പക്ഷേ മൗര്യന് ഇവരെ ആരെയെങ്കിലും രാജാവായി വാഴിക്കുമെന്നുകേട്ട് ദേഷ്യം വരുകയും, അവരെയൊക്കെ ഭിന്നിപ്പിക്കാനുള്ള പല വഴികളും നോക്കുകയും ചെയ്യുന്നു. അതുകണ്ട് കോപിച്ച രാജാവ് കുമാരന്മാരോടു പറയുന്നു, ഈ രാജ്യം ഒമ്പതായി വീതിച്ച് നിങ്ങൾക്ക് തരും, എന്ന്. പക്ഷേ കൊട്ടാരവും രാജ്യവും എല്ലാർക്കും വേണം. അതുകൊണ്ട് രാജാവുതന്നെ, കുമാരന്മാർ ഓരോ കാലത്തായി മാറിമാറി രാജ്യം ഭരിക്കട്ടെ എന്നു തീരുമാനിച്ച് പറയുന്നു. അങ്ങനെ തീരുമാനിക്കുകയും രാജ്യഭാരം തുടരുകയും ചെയ്യുന്നു. മൗര്യൻ അവിടെ സേനാനിയായി, സേനാപതിയായി തുടരുന്നു.

മൗര്യന് നൂറു മക്കളുണ്ടാകുന്നു. അവരുടെയൊക്കെ സാമർത്ഥ്യം കൊണ്ട് രാജ്യം മുഴുവൻ മൗര്യന്റെ കീഴിലായിത്തീരാൻ പോകുന്നു. അതുകണ്ട് സഹിക്കാതെ, മൗര്യനേയും മക്കളേയും കൊല്ലാൻ നന്ദരാജാവിന്റെ മറ്റുപുത്രന്മാരും കൂട്ടരും തീരുമാനിക്കുന്നു. ഒരു മന്ത്രിമണ്ഡപം ഉണ്ടാക്കിയിട്ട് അവിടേയ്ക്ക് എല്ലാവരും കൂടെയിരുന്നു ചർച്ച ചെയ്യാൻ മറ്റുള്ളവർ വിളിക്കുന്നു എന്നും പറഞ്ഞ് മൗര്യനേയും മക്കളേയും അങ്ങോട്ട് കൂട്ടിക്കൊണ്ടുപോകുന്നു. അവരെ അതിനുള്ളിലിട്ട് അടയ്ക്കുന്നു. നൂറു പാത്രത്തിൽ ഭക്ഷണവും നൂറു വിളക്കും വെച്ചിട്ടുണ്ടായിരുന്നു അവിടെ. ചതി മനസ്സിലാക്കിയ മൗര്യൻ, മക്കളോടു പറയുന്നു, ഭക്ഷണം എല്ലാം ഒരിടത്ത് കൂട്ടിവയ്ക്കാനും, വിളക്ക് ഒന്നൊഴിച്ച് എല്ലാം കെടുത്താനും. ഒരാൾക്കെങ്കിലും ഈ ഭക്ഷണം കുറച്ചുകുറച്ച് കഴിച്ച് കുറച്ചുകാലം ജീവിക്കാം, അയാൾ പിന്നീട് ഇവിടെനിന്ന് രക്ഷപ്പെട്ടുപോയിട്ട് പ്രതികാരം ചെയ്യണം എന്നും പറഞ്ഞുകൊടുക്കുന്നു. ഇളയവനും ബുദ്ധിശാലിയുമായ ചന്ദ്രഗുപ്തനെയാണവർ ജീവിക്കാനും പ്രതികാരം ചെയ്യാനും തെരഞ്ഞെടുക്കുന്നത്. അങ്ങനെ കുറച്ചുദിവസം കഴിയുമ്പോൾ ചന്ദ്രഗുപ്തനൊഴിച്ച് മറ്റെല്ലാവരും മരിച്ചുപോകുന്നു. മൗര്യന്മാരെ കാണാതാകുകയും അവർ മരിച്ചെന്നു തീരുമാനിക്കുകയും ചെയ്തപ്പോൾ രാജ്യത്തെ ജനങ്ങൾക്കൊക്കെ സങ്കടമാവുന്നു.

അങ്ങനെ ഒരു ദിവസം വംഗദേശത്തെ രാജാവ്, ഒരു കൂട്ടിൽ സിംഹത്തിനെയിട്ട് പാടലീപുത്രത്തിലേക്ക് അയക്കുന്നു. കൂടുപൊളിക്കാതെ സിംഹത്തെ പുറത്തുകളയണം എന്നൊരു വ്യവസ്ഥയും വയ്ക്കുന്നു. പക്ഷേ ആർക്കും ഉപായം അറിയില്ല. ഒടുവിൽ, എല്ലാവരും, ചന്ദ്രഗുപ്തൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ, അയാൾക്ക് അതൊക്കെ നിസ്സാരമായി സാധിക്കുമെന്നു പറയുകയും ചെയ്യുന്നു. രാജാക്കന്മാർ, മൗര്യന്മാരെ അടച്ചിട്ടിരിക്കുന്ന മണ്ഡപത്തിൽ പോയി നോക്കുകയും ചെയ്യുന്നു. ചന്ദ്രഗുപ്തൻ മാത്രം അവിടെ പട്ടിണിയിൽ ശോഷിച്ച് ഇരിക്കുന്നുണ്ടായിരുന്നു. അവർ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. കൂട്ടിൽക്കിടക്കുന്ന സിംഹത്തിന്റെ കളികളൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, അത് കൃത്രിമസിംഹമാണെന്ന് ചന്ദ്രഗുപ്തനു മനസ്സിലായി. ശില്പികൾ നിർമ്മിച്ച ആ സിംഹത്തെ, കൂട്ടിന്റെ അഴികളിലൂടെയൊന്നും പുറത്തിറക്കാൻ പറ്റില്ല. കൂടുതുറക്കാനും പറ്റില്ല. അത് മെഴുകുകൊണ്ടാണെന്ന് കണ്ടുപിടിച്ച് അതിനെ ഉരുക്കുകയും ചെയ്യുന്നു. ബുദ്ധിമാനായ ചന്ദ്രഗുപ്തനെ തങ്ങളോടൊപ്പം നിർത്തണമെന്ന് ആ രാജാക്കന്മാർ തീരുമാനിക്കുന്നു.


അങ്ങനെ ചന്ദ്രഗുപ്തൻ അവിടെ താമസിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരിക്കൽ രാജ്യത്ത് ചുറ്റിസ്സഞ്ചരിക്കുമ്പോൾ, ഒരാൾ, പുല്ല് വേരോടെ പിഴുതെടുത്ത് അത് ചുട്ട് ഭസ്മമാക്കി കലക്കിക്കുടിക്കുന്നത് കാണുന്നു. ചന്ദ്രഗുപ്തൻ ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, പുല്ല് കാലിൽ തടഞ്ഞ് വീണതുകൊണ്ട് അതിനെ നശിപ്പിക്കുകയാണെന്ന്. കോപം തീർക്കാൻ വേണ്ടിയാണ് അത് കലക്കിക്കുടിക്കുന്നതെന്ന്. താങ്കൾ ആരാണെന്ന് ചന്ദ്രഗുപ്തൻ ചോദിച്ചപ്പോൾ, താൻ ചാണക്യൻ ആണെന്നും, വിഷ്ണുഗുപ്തൻ എന്നും കൗടില്യൻ എന്നും പേരുകൾ തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു. നന്ദരാജാക്കന്മാർ നടത്തുന്ന സദ്യയിൽ പങ്കുകൊള്ളാൻ വന്നതാണെന്നും പറയുന്നു. അപ്പോൾ, ചന്ദ്രഗുപ്തൻ, ചാണക്യനെ ഭക്ഷണശാലയിലേക്കുള്ള വഴി കാണിക്കുന്നു. പോകുന്ന സമയത്ത്, തങ്ങൾക്ക് സംഭവിച്ചതൊക്കെ, ചന്ദ്രഗുപ്തൻ, ചാണക്യനോട് പറയുന്നു. തന്റെ താമസസ്ഥലത്തേക്കും വരണമെന്ന് പറഞ്ഞതിനുശേഷം ചന്ദ്രഗുപ്തൻ വേറെ വഴിക്കു പോകുന്നു. ചാണക്യൻ ഭക്ഷണശാലയിൽ എത്തിയപ്പോൾ അവിടെ പത്ത് പൊൻ തളികകൾ വച്ചതായി കാണുന്നു. പിന്നെ കുറേ വെള്ളിത്തളികകളും. പത്തു പൊന്നിൻ‌തളികകൾ ആർക്കാണു വച്ചിരിക്കുന്നതെന്നു ചോദിച്ചപ്പോൾ അവിടെയുള്ള പാചകക്കാർ/ ഭൃത്യന്മാർ പറയുന്നു, ഒമ്പതെണ്ണം അവരുടെ ഒമ്പതുരാജാക്കന്മാർക്കും, പിന്നെയൊന്നുള്ളത്, അവിടെ വരുന്നവരിൽ ഏറ്റവും ശ്രേഷ്ഠനായ ഒരാൾക്ക് ഉള്ളതെന്നും. ചാണക്യനോട് ബാക്കിയുള്ളവർക്ക് ഇരിക്കാനുള്ളിടത്തുപോയി ഇരുന്നുകൊള്ളുവാനും പറയുന്നു. താൻ തന്നെയാണ്, ഇവിടെ വന്നിരിക്കുന്നവരിൽ ശ്രേഷ്ഠനെന്നും പറഞ്ഞ് മുഖ്യസ്ഥാനത്ത് പോയി ഇരിക്കുന്നു. രാജാക്കന്മാർ വന്നു കണ്ടപ്പോൾ അവർക്കത് ഇഷ്ടപ്പെട്ടില്ല. അവർക്ക് ചാണക്യനെ അറിയില്ല. അവർ അദ്ദേഹത്തെ പരിഹസിച്ച് പിടിച്ചു പുറത്താക്കി. മുടിയിൽ ചുറ്റിപ്പിടിച്ച് ഭൃത്യന്മാർ പുറത്തു തള്ളിയപ്പോൾ, അദ്ദേഹം കുടുമ കെട്ടിയിരുന്നത് അഴിഞ്ഞുപോകുന്നു. പുല്ലിൽ തടഞ്ഞ് വീഴാൻ പോയപ്പോൾ ആ പുല്ലിനോടുള്ള കോപത്തിൽ പുല്ല് വേരോടെ പൊരിച്ച്, ചുട്ടു ഭസ്മമാക്കി കുടിച്ച ചാണക്യൻ, രാജാക്കന്മാരുടെ ഇപ്പോഴുള്ള പ്രവൃത്തിയിൽ കോപം കൊണ്ടു വിറയ്ക്കുന്നു. തന്നെ അപമാനിച്ചവരെ തോല്‍പ്പിച്ച്, വേറൊരാളെ വാഴിച്ചിട്ടേ താനിനി മുടി കെട്ടിവെക്കുകയുള്ളൂവെന്ന് പ്രതിജ്ഞയെടുക്കുന്നു.

പിന്നെ ചന്ദ്രഗുപ്തന്റെ അടുത്തുപോയിട്ട്, അദ്ദേഹത്തിനെ രാജാവാക്കുമെന്നും, മന്ത്രി, താനാവുമെന്നും പറയുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള കാരണമെന്ന് ചന്ദ്രഗുപ്തൻ ചോദിച്ചറിയുന്നു. അദ്ദേഹത്തിനു സന്തോഷമാവുന്നു. ഇതൊന്നും വേറെ ആരും അറിയുന്നില്ല. ചാണക്യൻ, തന്റെ സുഹൃത്തായ, ഇന്ദ്രശർമ്മാവിന്റെ അടുത്തെത്തി കാര്യങ്ങളൊക്കെ പറയുന്നു.


ഇന്ദ്രശർമ്മാവ്, ഒരു യോഗിയുടെ - ബുദ്ധഭിക്ഷുവിന്റെ - വേഷം കെട്ടി, നന്ദരാജ്യത്തുപോയി താമസം തുടങ്ങി. അവിടത്തെ മന്ത്രിയായ രാക്ഷസൻ, ചാണക്യന്റെ ശപഥത്തെക്കുറിച്ചാലോചിച്ച്, രാജ്യം നശിച്ചുപോകുമല്ലോന്ന് ഓർത്ത് ദുഃഖിച്ചിരിക്കുന്ന സമയം ആയിരുന്നു. അപ്പോഴാണ് ഒരു മന്ത്രവാദി ഉണ്ടെന്നും, അയാൾ ശത്രുദോഷങ്ങളൊക്കെ അകറ്റിക്കൊടുക്കുമെന്നും രാക്ഷസൻ അറിയുന്നത്. അങ്ങനെ ഇന്ദ്രശർമ്മാവ് കൊട്ടാരത്തിലെത്തുന്നു. താൻ ഒരു യോഗിയാണെന്നും, മാന്ത്രികവിദ്യകൾ കുറച്ചൊക്കെ അറിയാമെന്നും, കുറച്ച് ഭക്ഷണവും താമസവും മാത്രമേ ആഗ്രഹിക്കുന്നുള്ളൂ എന്നും പറയുന്നു. രാക്ഷസൻ, മറ്റു കാര്യങ്ങളൊക്കെ പറയുന്നു. ഇന്ദ്രശർമ്മാവ് അവിടെ താമസം തുടങ്ങി. ആദ്യം തന്നെ രാജാക്കന്മാർക്ക് പനി പിടിപ്പിക്കും. എന്നിട്ട് അതൊക്കെ ചാണക്യൻ ചെയ്ത ആഭിചാരം ആണെന്ന് പറയുന്നു. പനി മാറ്റും. പിന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. അതും മാറ്റും. അങ്ങനെ അവരുടെ പ്രീതി സമ്പാദിക്കും. അവർ രത്നങ്ങളും സ്വർണ്ണവും ഒക്കെ കൊടുക്കുമ്പോൾ അതൊക്കെ കല്ലുപോലെ എറിഞ്ഞുകളയും. അതിലൊന്നും താല്പര്യമില്ലെന്ന മട്ടിൽ. രാജാക്കന്മാർ അയാളെ പൂർണ്ണമായി വിശ്വസിക്കുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ, ചന്ദ്രഗുപ്തനെ അവിടെ നിന്ന് പുറത്താക്കുന്നതാണ് നിങ്ങൾക്ക് നല്ലതെന്ന് പറയുന്നു. ചന്ദ്രഗുപ്തൻ അവിടെ നിന്നിറങ്ങേണ്ടി വരുന്നു.

അയാളുടെ പിന്നാലെ ഇന്ദ്രശർമ്മാവ് ചെന്നിട്ട് കുറച്ചുദൂരം വിട്ട് താമസിപ്പിച്ച് തിരിച്ച് രാജ്യത്തെത്തുന്നു. രാജാക്കന്മാരോട് പറയുന്നു, കാട്ടിലിരുന്നിട്ട്, കാട്ടാളരാജാവിന്റെ കൂടെച്ചേർന്ന് നിങ്ങൾക്കെതിരേ ക്ഷുദ്രപ്രയോഗങ്ങൾ ചെയ്യുകയാണ് ചന്ദ്രഗുപ്തനെന്ന്.അങ്ങനെ കാട്ടാളരാജാവിനെ അവർ ശത്രുവായിക്കരുതുന്നു. ചന്ദ്രഗുപ്തൻ അയാളോട് ചേരുന്നു. പിന്നെ കുറേപ്പേരെയൊക്കെ തന്റെ ഭാഗത്താക്കുന്നു. കുറച്ചകലെയുള്ള രാജ്യത്തെ രാജാവിനേയും ചാണക്യൻ ചെന്നുകണ്ട് കാര്യങ്ങളൊക്കെ പറഞ്ഞ് തങ്ങളെ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു. കുറച്ച് സ്വത്തു കൊടുക്കാമെന്നും പറയുന്നു. അങ്ങനെ ചാണക്യൻ അവിടെ മന്ത്രിയായിത്തീരുന്നു. ഒരിക്കൽ എല്ലാവരേയും കൂട്ടി പട നയിച്ച് നന്ദരാജാക്കന്മാരുടെ അടുത്തേക്കു പോകുന്നു. ഇന്ദ്രശർമ്മാവ് ഈ വിവരം ചാരന്മാരിൽനിന്ന് കേട്ടറിഞ്ഞ് സൈന്യാധിപന്മാരോട് ഓരോരുത്തരോടും രഹസ്യമായിട്ട്, ഇന്ന് പട നയിച്ചിറങ്ങിയാൽ നിങ്ങൾക്ക് ആപത്തുവരുമെന്നും, ആരോടും വേറെ ഇത് പറയരുതെന്നും പറയുന്നു. അവർ പേടിച്ച് ഓരോ കാര്യമുണ്ടെന്നും പറഞ്ഞ് ഓരോ സ്ഥലത്തേക്കു പോകുന്നു. പടയും നയിച്ച് മന്ത്രിയായ രാക്ഷസൻ ഇറങ്ങുന്നു. ചന്ദ്രഗുപ്തൻ, രാക്ഷസനോട്, തനിക്കും രാജ്യത്തിന്റെ അവകാശമുണ്ടെന്നും, അതു കൊടുത്താൽ യുദ്ധം ഒഴിവാക്കാമെന്നും പറയുന്നു. പക്ഷേ രാക്ഷസന്ന് അത് ഇഷ്ടപ്പെടാതെ വരികയും എതിർക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. യുദ്ധത്തിൽ രാജപുത്രന്മാരെല്ലാം കൊല്ലപ്പെടുന്നു. രാജാവും മന്ത്രിയും രാജ്യം വിട്ടുപോകുന്നു. ചന്ദ്രഗുപ്തൻ രാജാവാകുന്നു, ചാണക്യൻ മന്ത്രിയും.


കടപ്പാട് :- ചാണക്യസൂത്രം കിളിപ്പാട്ട്.

Labels:

Wednesday, July 22, 2009

കാരണം

ഉരുൾപൊട്ടലിൽ കുത്തിയൊലിച്ചുപോകുന്ന മണ്ണിനെ, സഹതാപത്തോടെ ഒന്ന് ചാഞ്ഞുനോക്കിയെന്ന ഒറ്റക്കാരണത്താലാണ്, വേര്, മരത്തെ ഉപേക്ഷിച്ചത്.

Labels:

Sunday, July 19, 2009

കുറ്റമുണ്ടോ ഒന്നെടുക്കാൻ

പാലി :‌- ന പരേസം വിലോമാനി ന പരേസം കതാകതം
അത്തനോ വ അവേൿഖേയ്യ കതാനി അകതാനി ച

സംസ്കൃതം :- ന പരേഷാം വിലോമാനി ന പരേഷാം കൃതാകൃതം
ആത്മന ഏവ അവേക്ഷേത കൃതകൃത്യാനി ച.

അന്യന്മാരുടെ പിഴകളേയും കൃതാകൃതങ്ങളായ പാപങ്ങളേയും പറ്റിയല്ല വിചാരപ്പെടേണ്ടത് - തന്റെ ദുഷ്കർമ്മങ്ങളേയും വീഴ്ചകളേയുമാണ് വിചാരിക്കേണ്ടത്.

ഇത് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളതാണ്. ധർമ്മപദത്തിൽ. ചെറിയ തോതിൽ, മലയാളത്തിൽ പറഞ്ഞാൽ, അവനോന്റെ കണ്ണിലെ കോലെടുക്കാതെ ആരാന്റെ കണ്ണിലെ കരടെടുക്കുക. മറ്റുള്ളവരെന്തു ചെയ്യുന്നു, അവരിലെന്താണ് കുറ്റം കണ്ടുപിടിക്കാൻ കഴിയുക, എങ്ങനെയാണ് അതൊന്ന് പാടിക്കൊണ്ടുനടക്കുക എന്നും ചിന്തിച്ച് മീനൊറ്റി, മീനിനേം കാത്തിരിക്കുന്നതുപോലെ എന്തെങ്കിലുമൊന്ന് വീണുകിട്ടാൻ ചിലരിരിക്കും. ആരാനിട്ട ചെരുപ്പും നോക്കി, അയാൾ അല്ലെങ്കിൽ അവൾ ഉറുമ്പിനെപ്പോലെ നടക്കുന്നത് കണ്ടോന്ന് പറഞ്ഞ് പരിഹസിക്കുന്നയാൾ സ്വന്തം കാല് ചവിട്ടാൻ പോകുന്ന പഴത്തൊലി കാണില്ല. പൊത്തോംന്ന് വീഴുമ്പോൾ, പരിഹസിക്കാൻ കൂടെക്കൂടിയവനും ജാള്യം തന്നെ. വീണു ബോധം വെച്ചു കഴിയുമ്പോഴാണ് ഉറുമ്പിനെപ്പോലെ നടന്നവർ അങ്ങനെ നടക്കാനുള്ള കാരണമെന്തെന്ന് പരിഹാസിക്കു മനസ്സിലാകുക.

അന്യന്മാരുടെ പിഴകൾ, അവരുടെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കുന്ന സമയത്ത്, സ്വന്തം കാര്യത്തിൽ, പിഴ വരാതിരിക്കാനും വന്ന തെറ്റുകൾ എങ്ങനെയുണ്ടായി എന്നു കണ്ടുപിടിക്കാനും ശ്രദ്ധയോടെ സമയം ചെലവാക്കിയിരുന്നെങ്കിൽ പല നല്ല കാര്യങ്ങളും നടക്കും. ഒന്ന്, സ്വന്തം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പറ്റും. പിന്നെ ആരാൻ അല്ലെങ്കിൽ അന്യർ എന്നു പറയുന്നത് പലരാണ്. ഒരാളല്ല. ആ പലരും, അതായത് നമ്മുടെ ആരുമായിട്ടില്ലാത്ത അന്യരുടെ തെറ്റുകുറ്റങ്ങളിലേക്ക് നോക്കിയിരുന്ന് നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുന്നത് ഒഴിവാക്കാം. അങ്ങനെ ആരാന്റെ കുറ്റവും കുറവും തെറ്റും ഒക്കെ കണ്ടുപിടിച്ച് സമയം പാഴാക്കി കഷ്ടം എന്നു പറയുന്നതിനേക്കാൾ നല്ലത്, ഇതൊക്കെ നോക്കി നടക്കുന്ന തന്നോടുതന്നെ കഷ്ടം എന്നു പറഞ്ഞ് തനിക്കാവശ്യമുള്ള, അല്ലെങ്കിൽ താൻ ചെയ്യണമെന്ന് വിചാരിക്കുന്ന നല്ലകാര്യങ്ങൾ ചെയ്യുന്നതാണ്. അല്ലെങ്കിൽ താൻ ചെയ്യുന്ന കാര്യങ്ങൾ സസൂക്ഷ്മം നോക്കിക്കണ്ട്, അതിലെ പിഴവുകൾ തിരുത്തി, കഴിയുന്നതാണ്.

ആരും ഈ ലോകത്ത് പരിപൂർണ്ണരല്ല. ചിലരെക്കുറിച്ച് പറയാൻ നൂറു കുറ്റങ്ങൾ ഉണ്ടാവും. അവരിൽത്തന്നെ ഏറ്റവും നല്ലൊരു ഗുണവും ഉണ്ടാവും. അത് അംഗീകരിക്കാൻ മടിയുണ്ടായിട്ടാണ് കുറ്റവും നോക്കി സമയം പാഴാക്കുന്നത്. അതുകൊണ്ട് മറ്റുള്ളവരെക്കുറിച്ച്, അന്യന്മാരെക്കുറിച്ച് പറയുന്നതിനു മുമ്പും അവരുടെ കുറ്റകൃത്യങ്ങൾ പൊലിപ്പിച്ചുകാട്ടുന്നതിനുമുമ്പും, സ്വന്തം കുറ്റം നോക്കുക, കൂട്ടുകാരുടെ കുറ്റം നോക്കുക. അന്യരുടെ കുറ്റം കണ്ടുപിടിക്കുന്നതിനേക്കാൾ ഉപകാരം, തങ്ങളോടൊപ്പം നടക്കുന്നവരിൽ എന്തെങ്കിലും പിഴയുണ്ടോന്ന് കണ്ടുപിടിക്കുന്നതിലല്ലേ? അവരല്ലേ കൂടെച്ചിരിക്കാനും (പരിഹസിക്കാനും;)) കൂടെക്കരയാനും ഉള്ളവർ? അവരു നന്നായാൽ അല്ലേ നമുക്കു കാര്യം? അന്യരെ അന്യരുടെ പാട്ടിന് വിടുക. അവർ സ്വന്തമല്ലല്ലോ. എന്തെങ്കിലുമായാൽ നമുക്കെന്താ?

അന്യരുടെ കുറ്റം പറഞ്ഞു ഒരാൾ സമയം പാഴാക്കിക്കൊണ്ടിരിക്കുമ്പോൾ, ആ അന്യർ, തന്റെ ജോലിയും ചെയ്ത് മുന്നോട്ടുള്ള പടവുകൾ കയറിക്കൊണ്ടിരിക്കും. കുറ്റം പറഞ്ഞവർ നിന്നിടത്തുനിക്കും. പടവുകൾ താണ്ടാൻ, കുറ്റം പറയാൻ കൂട്ടിനു നിന്നവർ പിടിച്ചുകയറ്റാനുണ്ടാവില്ലെന്നോർത്താൽ, കുറ്റം കണ്ടുപിടിക്കാൻ പോയിട്ട്, അന്യരുടെ ഭാഗത്തേക്ക് നോക്കാനേ സമയം പാഴാക്കില്ല.

ആരിൽനിന്നും സ്വന്തമാക്കേണ്ടത്, കണ്ടുപിടിക്കേണ്ടത്, അവരുടെ നല്ല ഗുണമാണ്. അതിനു സാധിക്കില്ലെങ്കിലും, അതിന്റെ ആവശ്യം ഇല്ലെന്ന് തോന്നിയാലും ശരി. കുറ്റം കണ്ടുപിടിച്ച് വെറുതേ വിഷമിക്കുന്നതെന്തിനാ?

(സ്വയം ഉപദേശിക്കുമ്പോൾ മനുഷ്യൻ നന്നാവുമോയെന്തോ! ;))

Labels: ,

Thursday, July 16, 2009

സീതയെക്കുറിച്ച് അല്പം

--വണ്ണമിരിക്കവേ യാഗാർത്ഥം ഭൂമി തന്നെ
കീറുമ്പോളതിലുണ്ടായ് ദിവ്യയായൊരു കന്യാ.
സിതയിൽനിന്നുമവൾ ജനിക്കനിമിത്തമായ്
സീതയെന്നവൾക്കൊരു പേരുമുണ്ടായി വന്നു
സിതയായതു കൊഴുകൊണ്ടു കീറിന ചാലിൽ
പേരിതായെന്നതറിഞ്ഞീടണമെല്ലാവരും.

(വാല്‍മീകി രാമായണം - കേരളഭാഷാഗാനത്തില്‍ നിന്ന്. ഭാഷാന്തരം- കേരളവര്‍മ്മ തമ്പുരാന്‍ തിരുമനസ്സ്)

ഭൂമി കീറുമ്പോളുണ്ടായ കന്യകയ്ക്ക് സീത എന്ന പേരിട്ടു. സീത എന്നു പേരു വരാൻ കാരണം സിതയിൽ നിന്നുണ്ടായവൾ എന്ന അർത്ഥത്തിലാണ്. സിത എന്നാൽ ഉഴവുചാൽ എന്നർത്ഥം.

സീതയെ രാമൻ വന്ന് വില്ലുകുലച്ച് സ്വന്തമാക്കി. അയോദ്ധ്യയിൽ കൊണ്ടുപോയി. രാമന് കാട്ടിൽ പോകേണ്ടിവന്നു. സീതയും കൂടെപ്പോയി. രാവണൻ കട്ടുകൊണ്ടുപോയി. പിന്നെ രാമൻ, യുദ്ധം ചെയ്ത് തിരികെക്കൊണ്ടുവന്നു. അലക്കുകാരന്റെ വാക്ക് കേട്ട് സീതയെ സംശയിച്ച് ഉപേക്ഷിച്ചു. അതിലൊരു കഥയുണ്ട്. സീത മിഥിലയിൽ ജനകന്റെ മകളായി വളർന്നു. ഒരിക്കൽ രണ്ടു തത്തകൾ - ഒരാണും പെണ്ണും- സംസാരിക്കുന്നത് സീത കേട്ടു. ശ്രീരാമൻ സീതയെ കല്യാണം കഴിക്കും എന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. സീത തത്തകളെ പിടിച്ചുകൊണ്ടുവരാൻ പറഞ്ഞു. കിട്ടിയപ്പോൾ, തത്തകളോട് ഇക്കഥകളൊക്കെ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചപ്പോൾ വാൽമീകിമഹർഷിയുടെ ആശ്രമത്തിനടുത്താണ് താമസിക്കുന്നതെന്നും അദ്ദേഹം ശിഷ്യന്മാർക്കു പറഞ്ഞുകൊടുക്കുന്നതു കേട്ടു മനസ്സിലാക്കിയതാണെന്നും തത്തകൾ പറഞ്ഞു. അതു കഴിഞ്ഞ് തങ്ങളെ വിടാൻ പറഞ്ഞപ്പോൾ സീത ആണിനെ മാത്രം വിടും. ഗർഭിണിയായ തന്റെ ഭാര്യയെ വിടാൻ വേണ്ടി ആൺ‌തത്ത, അപേക്ഷിക്കും. പക്ഷേ ശ്രീരാമൻ വന്നിട്ടേ വിടൂ എന്ന നിലപാടിലായിരുന്നു സീത. അപ്പോ പെൺ‌തത്ത, ഗർഭിണിയായിരിക്കുമ്പോൾ എന്നെ ഭർത്താവിൽ നിന്ന് അകറ്റിയതുകൊണ്ട്, നീയും ഗർഭിണിയായിരിക്കുമ്പോൾ, ഭർത്താവിൽനിന്ന് അകന്നുനിൽക്കാനിടയാവട്ടെ എന്ന് സീതയെ, ശപിക്കും. എന്നിട്ട് പെൺ‌തത്ത മരിച്ചുപോകും. ശ്രീരാമന്റെ നാട്ടിൽ ജനിക്കുമെന്നും എന്റെ വാക്കുകേട്ട് ശ്രീരാമൻ സീതയെ ഉപേക്ഷിക്കാനിടവരട്ടെ എന്നും പറഞ്ഞ് ആൺ തത്ത സങ്കടത്തിൽ, ഗംഗയിൽ മുങ്ങിച്ചാവും. ആ ആൺ തത്തയാണ് അലക്കുകാരനായിട്ട് പിന്നീട് ജനിക്കുന്നത്.

(കടപ്പാട് :- പുരാണകഥാമാലിക - മാലി)

സീതയ്ക്ക് രണ്ടു പുത്രന്മാരുണ്ടാകുന്നു. ലവനും കുശനും. അവർ ഒരിക്കൽ അയോദ്ധ്യാരാജ്യത്ത് എത്തുകയും, രാമൻ അവരെ തിരിച്ചറിയുകയും ചെയ്യും. എന്നിട്ട് സീതയും വരും. സീതയെ എല്ലാവരും അംഗീകരിക്കുകയും ചെയ്യും. പക്ഷെ, സീതയ്ക്ക് സങ്കടമാവുകയും, ഭൂമി പിളർന്നുവന്ന് സീത അതിലേക്ക് പോവുകയും ചെയ്യും.

Labels: , ,

Wednesday, July 15, 2009

കഥ കഥ കടംകഥ

ചോദ്യം ഒന്ന്
---------

സൂത്രത്തിലുണ്ട്; പത്രത്തിലില്ല.
സൂര്യനിലുണ്ട്; ചന്ദ്രനിലില്ല.
ഗായകനിലുണ്ട്; കവിയിലില്ല.
യന്ത്രത്തിലുണ്ട്; മന്ത്രത്തിലില്ല.
ത്രികോണത്തിലുണ്ട്; ചതുരത്തിലില്ല.

എന്താണെന്താണെന്താണ്?

ചോദ്യം രണ്ട്
---------

കടലിലുണ്ട്; തിരയിലില്ല.
ഉറിയിലുണ്ട്; ഉരലിലില്ല
വേദനയിലുണ്ട്; വിയർപ്പിലില്ല.
ചിപ്പിയിലുണ്ട്; മുത്തിലില്ല.
ഇലയിലുണ്ട്; പൂവിലില്ല.

എന്താണെന്താണെന്താണ്?

ഉത്തരം പറഞ്ഞാൽ സമ്മാനമില്ല.

Labels:

Monday, July 13, 2009

തൽക്കാലം ഇത്രേം മതി

സ്വിച്ചിട്ടാൽ മഴ പെയ്യേണം,
ഐസ്ക്രീം കിണറ്റിൽ കിട്ടേണം.
നക്ഷത്രച്ചെടി വളരേണം,
മുട്ടായിമരവും മുളയ്ക്കേണം.
ആകാശം പോയ് തൊട്ടുവരാൻ,
എല്ലാവർക്കും കഴിയേണം.
ചന്ദ്രനില്‍പ്പോയൊരു ചായ കുടിക്കാൻ,
മോഹിക്കുമ്പോൾ പറ്റേണം.
കാണണമെന്നു തോന്നീടുമ്പോൾ,
ദൈവം മുന്നിൽ എത്തേണം.

Labels:

Thursday, July 09, 2009

മൊഴിമഴ

മഴ വന്നുവത്രേ!
ലോകം നനയുന്നു.
ആലിപ്പഴങ്ങൾ,
ചിരിച്ചുപൊഴിയുന്നു.
മഴപോയ് മറയുമ്പോൾ
മഴവില്ലു തെളിയുന്നു.
നിൻ മൊഴിമഴയ്ക്കായ്
ഞാൻ കാത്തുനിൽക്കുന്നു.
ആലിപ്പഴം പോലെ,
കുളിരുള്ള വാക്കിനായ്,
പ്രണയത്തിൻ മഴവില്ല്,
മനസ്സിൽ വിടർത്താനായ്.

Labels:

Tuesday, July 07, 2009

കത്തുണ്ടോ

ഏട്ടൻ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലം. ഞങ്ങളുടെ കൊച്ചുഗ്രാമത്തിൽനിന്ന് ഒരുപാട് മണിക്കൂറുകൾ പോകണം അങ്ങോട്ട്. അതുകൊണ്ട് ഏട്ടൻ എന്നും വരില്ല. എല്ലാ ആഴ്ചയും വരില്ല. എന്നാലും, എല്ലായിടത്തും പഠിപ്പുമുടക്ക്, സമരം, അടിപിടി എന്നൊക്കെ പത്രത്തിൽ വായിച്ചാൽ ഞങ്ങൾ ഏട്ടൻ വരുന്നത് പ്രതീക്ഷിക്കും. വീടിനു മുന്നിലിരുന്നു ദൂരേയ്ക്ക് മെയിൻ റോഡിന്റെ ഭാഗത്തേക്ക് കണ്ണുംനട്ട് ഇരിക്കും. വന്നാൽ ഞങ്ങളെ ഞങ്ങളുടെ ഗ്രാമത്തിൽനിന്നു കുറച്ചകലെയുള്ള കുറച്ചുംകൂടെ മെച്ചപ്പെട്ട ടാക്കീസിൽ സിനിമയ്ക്കുകൊണ്ടുപോകും, വരുമ്പോൾ പുതിയ ഓഡിയോ കാസറ്റുകൾ കൊണ്ടുവരും, എവിടെയെങ്കിലും യാത്ര പോയതിന്റെ ചിത്രങ്ങൾ കൊണ്ടുവരും. ഒപ്പം കോളേജ് വിശേഷങ്ങളും. എന്നാലും ചിലപ്പോൾ ഞങ്ങളെ നിരാശരാക്കിക്കൊണ്ട് വരില്ല. പകരം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ പോസ്റ്റ് കാർഡ് വരും. ഈയാഴ്ച വരുന്നില്ല, ഇപ്പോ വരുന്നില്ല എന്നൊക്കെപ്പറഞ്ഞ്. എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ അതും ഉണ്ടാവും. ഇന്നാരും കാത്തിരിക്കേണ്ടിവരുന്നില്ല. വിവരങ്ങൾ അപ്പോഴപ്പോൾ അറിയുന്നു, അറിയിക്കുന്നു.

അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ അങ്ങനെ ടെലഫോണൊന്നും വന്നിട്ടില്ല. വിവരങ്ങൾ അറിയിക്കാനുള്ളത്, ആരെങ്കിലും വഴി പറഞ്ഞയയ്ക്കുകയോ അല്ലെങ്കിൽ പോസ്റ്റ് കാർഡിലോ ഇൻലന്റിലോ എഴുതിവിടുകയോ ആണ്. എന്നാലും വിവരങ്ങൾ പെട്ടെന്ന് അറിയില്ല. എന്തായിരിക്കും കാര്യം എന്നൊന്നും പെട്ടെന്ന് അറിയാൻ കഴിയില്ല. ഞങ്ങൾ പോസ്റ്റ് കാർഡിനെ വിളിച്ചിരുന്നത് ഡി. വി. കാർഡ് എന്നാണ്. ദരിദ്രവാസികാർഡ്. കല്യാണം കഴിഞ്ഞപ്പോൾ കുറേക്കാലം എനിക്ക് എന്നും കത്തയയ്ക്കുമായിരുന്നു വീട്ടിൽ നിന്ന്. പിന്നെ ഞങ്ങൾക്ക് ഫോൺ കിട്ടിയപ്പോൾ ആ പതിവ് പതുക്കെപ്പതുക്കെ പോയി. അതിനുപകരം എന്നും ഫോൺ വിളിയായി.

ഇപ്പോ, കത്തില്ല, കാർഡുമില്ല. കല്യാണക്കത്തുകളും, ജോലിക്കത്തുകളും, അത്യാവശ്യം ചില കത്തുകളും കഴിഞ്ഞാൽ ബാക്കിയെല്ലാ വാർത്താവിനിമയങ്ങളും ഫോണിലേക്കും, മൊബൈൽ ഫോണിലേക്കും, മെയിലിലേക്കും മാറി. ഒരു മെസ്സേജ് വിട്ടാൽ പല കാര്യങ്ങളും തീരുമാനമായി. എവിടെയെങ്കിലും പോകണമെങ്കിൽ അങ്ങോട്ടറിയിക്കാനും, ഇറങ്ങിയത് അറിയിക്കാനും, അവിടെ എത്തിച്ചേർന്നത് പുറപ്പെട്ടിടത്ത് അറിയിക്കാനും ഒക്കെ എന്തെളുപ്പം! ആർക്കും കാര്യങ്ങളന്വേഷിക്കാനോ സഹായം അഭ്യർത്ഥിക്കാനോ, നേരിട്ട് ചെല്ലേണ്ടിവരുന്നില്ല. ഒരാൾ എത്ര തിരക്കിലാണെങ്കിലും, എവിടെയാണെങ്കിലും മൊബൈൽ ഫോണിലേക്ക് വിളിച്ചാൽ സംസാരിക്കാം, കാര്യങ്ങൾ പറയാം.

ഒരു കത്ത്, ആരുടെയെങ്കിലും, അവസാനമായി കിട്ടിയതെന്നാണെന്ന് ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. എത്രയോ കാലമായി. വീട്ടിലേക്ക് അയയ്ക്കുമ്പോൾ ഒരിഞ്ചുപോലും സ്ഥലം വിടാതെ, നിറയെ നിറയെ എഴുതിയിരുന്നത് ഓർക്കുന്നു. പഴയ കത്തുകളെല്ലാം ഓരോ ഓർമ്മകളാണ്. എപ്പോഴെങ്കിലുമൊക്കെ എടുത്തുനോക്കുമ്പോൾ, സന്തോഷവും സങ്കടവും ഒക്കെ വരുത്തുന്ന കത്തുകൾ. അമ്മയുടെ അടുത്തുണ്ട് ഒരുപാട് ഒരുപാട് പഴയ കത്തുകൾ. അമ്മയുടെ സുഹൃത്തുക്കളുടെ കത്തുകൾപോലും അതിലുണ്ട്. അവരൊക്കെ എവിടെയാണെന്ന് ചോദിച്ചാൽ, അവിടെയല്ലേ, ഇവിടെയല്ലേന്ന് പറയും. വർഷങ്ങൾക്കു മുമ്പ് അമ്മ കണ്ട, ഞങ്ങളൊന്നും ചിലപ്പോൾ ഒരിക്കലും കാണാനിടയില്ലാത്ത ആൾക്കാർ. എന്നാലും അവരെ അറിയുന്നത് അവരുടെ കത്തുകളിലൂടെയാണ്. ആ അടുപ്പം വായിച്ചറിയാം.

ഒരു ഇ- മെയിൽ വരുമ്പോൾ കത്ത് വരുന്നത്രേം അടുപ്പം തോന്നുമോന്ന് ആർക്കെങ്കിലും സംശയമുണ്ടോ? എനിക്കു സംശയം ഒന്നുമില്ല. കത്തയച്ചിരുന്നത് കണ്ടും പരിചയപ്പെട്ടും കൂടെപ്പഠിച്ചും ഒക്കെ ഉള്ളവരാണെങ്കിൽ, കണ്ടിട്ടില്ലാത്ത ചില സുഹൃത്തുക്കളുടെ വാക്കുകൾ വരുന്നത് ഇ- മെയിലിലൂടെ ആണെന്ന് മാത്രം. സന്തോഷത്തിനൊന്നും കുറവില്ല. കൈപ്പടയില്ല, ഇ- മെയിലിൽ എന്നുമാത്രം.

ഉച്ചയ്ക്ക് ചെന്നിട്ട്, വൈകുന്നേരം തിരിച്ചു പുറപ്പെട്ടപ്പോൾ അമ്മമ്മ പറഞ്ഞു, പണ്ടൊക്കെ എന്തെങ്കിലും ചടങ്ങിനുവന്നാൽ എത്രയോ ദിവസങ്ങൾ കഴിഞ്ഞിട്ടാണ് തിരിച്ചുപോകുകയെന്ന്. നടന്നാണല്ലോ പോകേണ്ടത്! മഴയും വെയിലും നോക്കണം, ആരോഗ്യം നോക്കണം, പോയാൽപ്പിന്നെ അടുത്തൊന്നും വരാനിടയില്ലാത്തതുകൊണ്ട് കുറച്ചുനാൾ ഇരുന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാമെന്ന് കരുതണം. ഇന്നതുവേണ്ടല്ലോ. വാഹനങ്ങളായി, യാത്ര എളുപ്പമായി. മിണ്ടണമെങ്കിൽ, കാണണമെന്നു തന്നെയില്ലാതായി. ആർക്കുമാർക്കും നേരമില്ലാക്കാലമായി.

വേറെ വേറെ താമസിക്കുന്ന ഭാര്യാഭർത്താക്കന്മാർ, ദൂരസ്ഥലങ്ങളിൽ താമസിക്കുന്ന മക്കളുള്ളവർ. അവർക്കൊക്കെ പണ്ടത്തെക്കാലം കാത്തിരിപ്പിന്റെ കാലമായിരുന്നു. മിണ്ടാനും പറയാനും വല്ലപ്പോഴും കിട്ടുന്ന അവസരങ്ങൾ മാത്രം. കത്തുകൾ, അയയ്ക്കാനും മറുപടി കിട്ടാനും ഒക്കെ സമയമെടുക്കുന്ന കാലം. ഇന്നതൊന്നും ഒരു പ്രശ്നവുമില്ല. വിദേശങ്ങളിലിരിക്കുന്ന പേരക്കുട്ടികളെപ്പോലും ദിവസവും കമ്പ്യൂട്ടറിലൂടെ കാണാൻ ഭാഗ്യമുള്ളവർ.

കാലം എത്രയോ മാറിപ്പോയി. അന്നത്തെപ്പോലെയല്ല ഇന്ന്. ഇന്നത്തെപ്പോലെയാവില്ല നാളെ. ഇന്നത്തെ ലോകം ഭാഗ്യവാന്മാരുടേതാണ്. എന്നാലും നാളെ അവർക്കും പറയാനുണ്ടാവും ഇന്നുണ്ടായിരുന്ന അസൗകര്യങ്ങളെക്കുറിച്ച്, നാളെയുണ്ടാവുന്ന സൗകര്യങ്ങളെക്കുറിച്ച്. മാറിമാറിവരുന്ന കാലങ്ങൾ. എന്നിട്ടും മനുഷ്യർ ചിലപ്പോൾ പലതും മറന്നുനടക്കുന്നു.

ഒരു ഇ- മെയിലിന്റെ ദൂരത്തിൽ, എസ് എം എസിന്റെ ദൂരത്തിൽ ഇരിക്കുന്നവർ. എവിടെയാവും, എന്തു തിരക്കിലാവും എന്നൊന്നും നോക്കാതെ ഏതുസമയത്തും മിണ്ടാൻ കഴിയുന്ന കാലം. എന്നിട്ടും, എത്രയോ അടുത്തായിട്ടും, മനസ്സുകൊണ്ട് പലപ്പോഴും ഒരുപാട് അകലം തോന്നിപ്പിക്കുന്ന കാലം കൂടെയാണിതെന്ന്
പറഞ്ഞുവച്ചേക്കാം.


ആരാണ്, ആർക്കാണ് ഇനി നിറഞ്ഞൊഴുകുന്ന വാക്കുകളിൽ, സ്വന്തം കൈപ്പടയിൽ, സ്നേഹം നിറച്ചൊരു കത്തെഴുതാൻ പോകുന്നത്? നോക്കിയും നോക്കിയും വായിച്ചും വായിച്ചും ആരാണ് അതിലെ അക്ഷരങ്ങൾ മുഴുവൻ മനസ്സിലേക്ക് കയറ്റി, നിറം മങ്ങിയ കത്തുമായി, തിളങ്ങുന്ന മനസ്സുമായി, ഇരിക്കാൻ പോകുന്നത്?

Labels:

Monday, July 06, 2009

ഇന്ത്യ എന്റെ രാജ്യമാണ്

“ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.”

ഇന്ത്യയിലെ നിരത്തുകൾ എന്റെ സ്വന്തമാണ്. നിരത്തിനു നടുവിലേക്ക് ഞാൻ മുറുക്കിത്തുപ്പും, മൂക്കു കറക്കും, വെറുതേ തുപ്പും, തിന്നുകഴിഞ്ഞ ഭക്ഷണസാധനങ്ങൾ പൊതിഞ്ഞ കടലാസ് വലിച്ചെറിയും, പഴത്തിന്റെ തോലെറിയും, നിലക്കടലയുടെ തോല് ഊതിപ്പറപ്പിക്കും. സഹോദരീസഹോദരന്മാരുടെ വീട്ടുമതിലോ, വേറെ ഏതെങ്കിലും മതിലോ കണ്ടാൽ, അവിടേക്ക് മാറിനിന്ന് മൂത്രമൊഴിക്കും. വൃത്തിയായിക്കിടക്കുന്ന മതിലിൽ വെറുതേ ഒരു രസത്തിന് എന്തെങ്കിലും എഴുതിയിടും, മരമോ ചെടിയോ നിരത്തുവക്കിൽ നിൽക്കുന്നതുകണ്ടാൽ, അതിന്റെ കൊമ്പൊടിച്ച് റോഡിലിടും. റോഡിലെ കുഴിയിൽ വെള്ളം കണ്ടാൽ, അതിൽ വാഹനം കയറ്റി, സൈഡിൽ പോകുന്നവരെ കുളിപ്പിച്ച് ആനന്ദിക്കും. നടന്നുപോകുകയാണെങ്കിൽ, നിരത്തിലെ കുഴിയിൽനിന്ന് ഒരുകല്ലുകൂടെ എടുത്ത് നിരത്തിൽ വയ്ക്കും. നിറുത്തിയിട്ടിരിക്കുന്ന, സഹോദരീസഹോദരന്മാരുടെ വാഹനങ്ങളുടെ ചില്ലിൽ വരയ്ക്കുകയും എഴുതുകയും ചെയ്യും. കണ്ണാടിയുടെ സ്റ്റാൻഡ് പിടിച്ചൊടിച്ച് തിരിച്ചുകളിക്കും. അതൊക്കെ ഒരു രസമല്ലേ? ഏതെങ്കിലും ബോർഡുകൾ കാണുകയാണെങ്കിൽ അതിൽനിന്ന് ചില അക്ഷരങ്ങൾ ഉരച്ചുമായ്ച്ചുകളയും.

റെയിൽ‌വേസ്റ്റേഷൻ, തീവണ്ടി, ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിലെ മൂത്രപ്പുരകളിൽ കയറിയാൽ, അവിടെയൊന്നും വെള്ളമൊഴിച്ച് വൃത്തിയാക്കില്ല. പിറകെ വരുന്ന സഹോദരീസഹോദരന്മാർക്ക് ആ ജോലി കൊടുക്കും. ഇവിടങ്ങളിലെ ചുമരുകളിൽ പരമാവധി എഴുതിനിറയ്ക്കും. കൈയെഴുത്ത് അവിടെയൊക്കെ പതിക്കുമ്പോൾ ഉള്ള സന്തോഷം ഒന്നു വേറെ തന്നെ. ഹോട്ടലിൽ ഭക്ഷണം കഴിഞ്ഞ് കൈകഴുകിയാൽ ഒരൊറ്റ കുടയൽ ആണ്. സഹോദരീസഹോദരന്മാരുടെ മേലും അവർക്കുമുന്നിൽ വെച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിലും വെള്ളം ചെന്ന് വീഴും. അവർക്ക് നല്ല ക്ഷമയാണെന്ന് അറിയാമല്ലോ. പുകവലി പൊതുസ്ഥലങ്ങളിൽ നിരോധിച്ചിരിക്കുന്നുവത്രേ. ഒന്നു പോണം ഹേ. റെയിൽ‌വേ‌സ്റ്റേഷനിലെ ബെഞ്ചിൽ വണ്ടിവരുന്നതും കാത്തിരിക്കുമ്പോൾ ഒന്നു വലിച്ചാലെന്താ? അതിന്റെ പുക സഹോദരീസഹോദരന്മാരുടെ അടുത്തേക്ക് പോയാലെന്താ? അവർക്ക് നല്ല ക്ഷമയാണെന്നോർക്കണം. സ്നേഹവും. ഒന്നും പറയില്ല. ട്രെയിനിൽ പുകവലിക്കരുതെന്നേയുള്ളൂ. ട്രെയിൻ എവിടെയെങ്കിൽ ആളൊഴിഞ്ഞ സ്റ്റേഷനിൽ നിർത്തിയാൽ, പ്ലാറ്റ്ഫോമിൽ ഇറങ്ങിനിന്ന് ബീഡിയോ സിഗരറ്റോ കത്തിക്കും. പുക ട്രെയിനിൽ ഇരിക്കുന്ന സഹോദരീസഹോദരന്മാരുടെ മുഖത്തേക്കാണ് പോകുന്നതെന്നോർത്താല്‍പ്പോരേ? അവരെന്തു പറയാൻ? ഇനി ട്രെയിൻ പെട്ടെന്ന് വിട്ടാൽ, ചാടിക്കയറി വലിച്ചുകഴിഞ്ഞ്, കുറ്റി, വാഷ്ബേസിനിൽ ഇടണം. അല്ല പിന്നെ. ഇന്ത്യ എന്റെ രാജ്യമാണ്. ട്രെയിൻ എന്റെ രാജ്യത്തിന്റെയാണ്. വാഷ്ബേസിൻ ഉപയോഗിക്കേണ്ടത് എന്റെ സഹോദരീസഹോദരന്മാരാണ്. ഓർക്കണം. ച്യൂയിംഗം തിന്നു തുപ്പിയാൽ അതിന്റെ ബാക്കി ഏതെങ്കിലും ഒരു സഹോദരന്റെയോ സഹോദരിയുടേയോ ചെരുപ്പിന്റെ അടിയിൽ പറ്റും. ആലോചിച്ചാൽ ചിരി വരുന്ന കാര്യമല്ലേ? ബീച്ചുകളിൽ കുപ്പികൾ, ഭക്ഷണപ്പൊതികൾ തുടങ്ങിയ സകല വേസ്റ്റുകളും ഇട്ടിട്ടുപോരും. പിന്നീട് സന്ദർശിക്കാനെത്തുന്നത്, സഹോദരീസഹോദരന്മാരാണെന്ന് ഓർക്കണം. അവരൊന്നും വിചാരിക്കില്ല. വേസ്റ്റ് ഇടാൻ വെച്ച് പെട്ടിക്കു ചുറ്റും പരമാവധി ഇടും. അതിന്റെ ഉള്ളിലേക്കിടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. അല്ലെങ്കിലും ഇതിനൊക്കെ ആർക്ക് നേരം.

ഇന്ത്യ എന്റെ രാജ്യമായതിൽ ഞാൻ അഭിമാനിക്കുന്നു. പാവം രാജ്യം. ഞാൻ വേറെ ഏതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ! ഹോ...ഓർക്കാൻ പോലും വയ്യ. വൃത്തികെട്ടവന്മാര്. ഒന്നു സൗകര്യമായി സ്വാതന്ത്ര്യത്തോടെ തുപ്പാനും തൂറാനും സമ്മതിക്കില്ല. ഫൈനടിച്ചുകളയും. ഇന്ത്യാരാജ്യത്തെ സഹോദരീസഹോദരന്മാരിൽ ആരെങ്കിലും ഒന്ന് പ്രതികരിച്ചാലോ, പിന്നെയൊരിക്കൽ അവനോ അവളോ പ്രതികരിക്കില്ല. പ്രതികരിക്കാൻ തോന്നില്ല.

ദൈവമേ നിനക്ക് നന്ദി. ഇന്ത്യ തന്നെ എന്റെ രാജ്യമാക്കിയതിന്!

Labels:

Thursday, July 02, 2009

യെന്തരോ മഹാനുഭാവുലൂ

കല്യാണക്കാസറ്റുകളിലും സി ഡികളിലും പാട്ട് വെക്കുന്നത് കണ്ടിട്ടില്ലേ? അതു കേട്ടിട്ടില്ലേ? ചടങ്ങിന്റെ കൂടെ നല്ല പാട്ടുകൾ വയ്ക്കണം എന്നു വീട്ടുകാർ പറയും. ചിലപ്പോൾ “നല്ല പാട്ടുകൾ” തന്നെ വെച്ചുകളയും വീഡിയോക്കാർ.

വിളക്കും താലവും പിടിച്ച് വരനേയോ വധുവിനേയോ ആനയിച്ച് മുന്നിൽ ഇറങ്ങാൻ നിൽക്കുന്ന അമ്മായിമാർക്ക് ബാക് ഗ്രൗണ്ടായി, ‘ആറാട്ടിനാനകൾ എഴുന്നള്ളീ’ എന്ന പാട്ടുവെച്ചാൽ, അമ്മായിമാർ എപ്പോ പുലികളായീ എന്നു ചോദിച്ചാൽ മതി. പിണക്കമാണോ എന്നോടിണക്കമാണോ എന്ന പാട്ട് വീട്ടുകാരണവരേയും അയ‌ൽ‌വക്കത്തെ സ്ത്രീജനങ്ങളേയും ഫോക്കസ് ചെയ്തുവെച്ചാൽ ആരൊക്കെ പിണങ്ങും എന്നു കണ്ടറിയണം. ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ എന്ന പാട്ട് അമ്മൂമ്മമാർ മുറുക്കാൻ തിന്നുന്ന സീനിൽ കൊണ്ടുവെച്ചുകളയും.

ഇനി, പഴയ പാട്ടുമതി, അതാണ് കൂടുതൽ അർത്ഥസമ്പുഷ്ടം എന്നൊക്കെ അഭിപ്രായം പറയാൻ പോയാൽ പിന്നത്തെക്കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. അഞ്ജനക്കണ്ണെഴുതീ ആലിലത്താലി ചാർത്തീ എന്ന പാട്ട്, മിക്കവാറും കുടുംബകലഹം ഉണ്ടാക്കും. വഴക്കിനിടയിൽ സി ഡിയുടെ ഓർമ്മ വരുന്ന ഭർത്താവ് ഭാര്യയോട് ചോദിച്ചേക്കും, നീ ആരെയാണെടീ കാത്തിരുന്നത്, അവൻ വന്നില്ല എന്നു പാട്ടിൽ പറയുന്നുണ്ടല്ലോ എന്ന്! താലികെട്ടിന്റെ സമയത്തെ മേളം കഴിഞ്ഞാലുടൻ സുമംഗലീ നീയോർമ്മിക്കുമോ വെച്ചുകളയും. നഷ്ടസ്വർഗ്ഗങ്ങളേ...യും, സന്യാസിനീ നിൻ പുണ്യാശ്രമത്തിലും വെക്കാഞ്ഞാൽ ഭാഗ്യം. മാനെന്നും വിളിക്കില്ല, മയിലെന്നും വിളിക്കില്ല എന്ന് വീട്ടിൽ വരുന്നവരുടെയൊക്കെ മുഖത്തുപതിപ്പിച്ചാൽ നമ്മൾ ദൈവമേന്നു വിളിക്കേണ്ടിവരും. വധു സുന്ദരിയായി ഇറങ്ങിയൊരുങ്ങി വരുമ്പോൾ കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി എന്നുവെച്ചാൽ, എത്ര വെളുത്തവരുടേയും മുഖമൊന്നു കറുക്കും.

വരനും കൂട്ടരും വരുമ്പോൾ ചെകുത്താൻ കയറിയ വീട് എന്ന പാട്ടുവെച്ചത്, ബോബനും മോളിയിലുമാണെന്നു തോന്നുന്നു വായിച്ചത്.

കല്യാണം കഴിഞ്ഞാൽ വധുവിന്റെ അച്ഛനെ കാണിച്ച്, തലയ്ക്കുമീതേ ശൂന്യാകാശം എന്ന പാട്ടും വെച്ചുപിടിപ്പിക്കും. എന്തായാലും സി ഡി കണ്ടാൽ ഒന്നുരണ്ടു പാട്ടെങ്കിലും, ഇതെന്തിനുവെച്ചു എന്നു ചോദിക്കാതിരിക്കില്ല. പാവം വീഡിയോക്കാർ. വെള്ളം പോലും കുടിക്കാതെ രണ്ടും മൂന്നും ദിവസം ക്യാമറയും ലൈറ്റും പിടിച്ച് നടന്നിട്ട് ഇനി നാലു ദിവസം പാട്ടും തേടി നടക്കണോ? എന്നാലും കാണുന്നവരേയും കേൾക്കുന്നവരേയും കുറിച്ച് അവരൊന്നാലോചിക്കേണ്ടേ?

പാട്ടൊക്കെ ഏതാണെന്ന് ആരു നോക്കുന്നൂ, ഏതായാലെന്താ എന്നൊക്കെ പറയുന്നവരാണെങ്കില്‍പ്പിന്നെ രക്ഷയില്ല. എല്ലാ പാട്ടും ഒരുപോലെയാണെങ്കിൽ, സി ഡി മുഴുവൻ, “എന്തരോ മഹാനുഭാവുലൂ....അന്തരികീ...വന്ദനമുലൂ...” വെച്ചാല്‍പ്പോരേ?

എന്തായാലും ചില സി ഡി കണ്ടിട്ട്, പാട്ടും കേട്ടു കഴിഞ്ഞാൽ, അതേ വീഡിയോക്കാർ അടുത്ത ചടങ്ങിനും പ്രാവശ്യവും വരുമ്പോൾ യെന്തരോ മഹാനുഭാവുലൂ എന്നു പാടിപ്പോകും വീട്ടുകാർ.

Labels: