ഭാഷ വരുത്തുന്ന വിനകള്‍ എന്തൊക്കെയാണെന്നോ? ഇപ്പോ, അന്യനാട്ടില്‍ സന്ദര്ശനത്തിനുപോയാല്, നമുക്ക് അല്‍പ്പമെങ്കിലും അവര്‍ പറയുന്നത്, മനസ്സിലായില്ലെങ്കില്‍, നമ്മള് പറയുന്നത് അവര്‍ക്ക് മനസ്സിലായില്ലെങ്കില്‍ ഒക്കെ വല്യ കുഴപ്പമാണ്. എന്തിന് അന്യനാട്? നമ്മുടെ നാട്ടില്‍ത്തന്നെ വടക്കുള്ളവരും തെക്കുള്ളവരും പറയുന്നതില്‍ വല്യ വ്യത്യാസമുണ്ട്.
വീട്ടില്‍, അച്ഛന്റെ അനിയന്റെ ഭാര്യ, ഒരു ദിവസം 'അയ്യോ കാച്ചിലാത്ത്, കാച്ചിലാത്ത്’ എന്നും പറഞ്ഞ് പരിഭ്രമിച്ചോടിവന്നപ്പോള്, ഞങ്ങളെല്ലാം പരിഭ്രമിച്ചത്, അവര്‍ കാച്ചിലാത്തിനെ കണ്ടുപേടിച്ചതിനല്ല. ഈ കാച്ചിലാത്ത് എന്നു പറയുന്ന വസ്തു എന്താവും എന്നാലോചിച്ചാണ്. പിന്നെ മനസ്സിലായി, അത് കരിങ്കണ്ണി എന്ന് ഞങ്ങള്‍ പറയുന്ന ജന്തുവാണെന്ന്.
അതുകഴിഞ്ഞ്, കല്യാണം കഴിഞ്ഞ് വീട്ടില്‍ വന്ന ചെറിയമ്മയോട്, അവിടെ കുളമുണ്ടോയെന്ന് ചോദിച്ചപ്പോള്‍, അവിടെ ആറുണ്ട് എന്ന് പറഞ്ഞു എന്നും, ആറ് കുളമോ എന്ന് അതിശയപ്പെടുകയും ചെയ്തു എന്നൊരു കഥയുണ്ടാക്കി. ശരിക്കും ആരെങ്കിലും ചോദിച്ചോ എന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. ഇവിടെ ആറ് എന്ന് പറയില്ല. പുഴ എന്നേ പറയൂ.
ഒരു തവണ, കസിന്റെ ഭാര്യയോട്, ഞാന്‍ പറയുന്നത് കേട്ട് അവള് ചിരിക്കുമ്പോള്‍, അവളുടെ ചേച്ചിയുടെ ഭര്‍ത്താവ് ചോദിച്ചു. നിനക്ക് ഇപ്പറയുന്നത് എന്തെങ്കിലും മനസ്സിലാവുന്നുണ്ടോയെന്ന്. അവള് പറഞ്ഞു, ശീലമായി എന്ന്.
കേരളത്തിനുപുറത്തേക്ക് യാത്ര പോവുമ്പോള്‍ എനിക്ക് വല്യ സന്തോഷമാണ്. അന്യഭാഷക്കാര്‍ പറയുന്നതും കേട്ട് വായും പൊളിച്ചിരിക്കും. ചേട്ടന് ചോദിക്കും, നീ ശ്രദ്ധിക്കുന്നതുകണ്ടാല്‍ നിനക്ക് ഒക്കെ മനസ്സിലാവും എന്ന് തോന്നുമല്ലോയെന്ന്. ഒരിക്കല്‍ ബോംബെയില്‍ പോയിട്ട് ആന്റിയുടെ കൂടെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറി. ലോഗ്യം ചോദിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ എല്ലായിടത്തും ഒരുപോലെയാണെന്ന് അന്നെനിക്ക് മനസ്സിലായി. ഒരു സ്ത്രീ എന്നോട് എന്തൊക്കെയോ മറാഠിയില്‍ ചോദിച്ചു. അന്നെനിക്ക് മറാഠി അറിയില്ലായിരുന്നു. (ഹും...ഇപ്പോപ്പിന്നെ ഒലക്ക അറിയാം) ഞാന്‍ മൂങ്ങയും ബധിരയും ആണെന്ന മട്ടില്‍ ഇരുന്നു. കുറച്ചുമാറി നില്‍ക്കുകയായിരുന്ന ആന്റി വന്ന് ചോദ്യങ്ങള്‍ ഏറ്റെടുത്തു. ഉത്തരമൊക്കെപ്പറഞ്ഞു. ഹിന്ദിയെനിക്ക് അറിയാം. പക്ഷെ, അവരുടെ ചോദ്യം മനസ്സിലാകാതെ, എന്തെങ്കിലും പറയാന്‍ പറ്റില്ലല്ലോ.
എനിക്ക് ഭാഷകള്‍ പഠിക്കാന്‍ വല്യ ഇഷ്ടമാണ്. നമ്മളിനി എവിടേയും പോയില്ലെങ്കിലും, അന്യനാട്ടുകാര്‍ ഇവിടെ വരുമ്പോള്‍ അവരോട് മിണ്ടാമല്ലോ. ശരിക്കുപഠിക്കാതെ, ഹം ഹെ ഹോ യും, ഹ യും, ലു വും, ച്ഛെയും, ആഹേ യും ഒന്നും ചേര്‍ത്തിട്ട് യാതൊരു കാര്യവുമില്ലെന്ന് പഠിച്ചു.
ഹൈദരാബാദില്‍ പോയിട്ട് വരുമ്പോള്‍, കുറേ സമയം ഉണ്ടല്ലോ ട്രെയിനില്‍. അപ്പോ, എവിടേക്കോ പോവുകയായിരുന്ന ഒരു വല്യ തെലുങ്ക് കുടുംബം ശീട്ട് കളിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവര്‍ കളിക്കുന്നതും നോക്കി, അവര്‍ പറയുന്നതും കേട്ട്, ഒക്കെ പിടിച്ചെടുത്ത് ഇരിക്കുമ്പോള്‍, അതിലെ ഒരു പെണ്‍കുട്ടി ചോദിച്ചു, ആന്റ്റീ ഞങ്ങളുടെ കൂടെ കൂടുന്നോയെന്ന്. ഇല്ല എന്നു പറഞ്ഞു. ചേട്ടന് ചോദിച്ചു, എന്തായിരുന്നു പറഞ്ഞതെന്ന്. ഞാന്‍ പറഞ്ഞു, കളിക്ക് കൂടുന്നോന്ന് ചോദിച്ചതാണെന്ന്. എന്നിട്ട് നീയെന്തു പറഞ്ഞു എന്ന് ചേട്ടന് ചോദിച്ചു. “കാര്ഡ്സുലു, കളിക്കുലു, എനിക്കുലു നന്നായ് തെരിയലു. ബട്ട്, നിന് ഫാമിലിയോടുലു തെലുങ്കുലു പറയുലു എനിക്കു തെരിയാതുലു അമ്മാ തെരിയാതുലു.” എന്ന് പറഞ്ഞെന്ന് ഞാന്‍ പറഞ്ഞു. ;)
യാത്ര പോയതിന്റേയും, അവിടെ പറ്റിയ അബദ്ധങ്ങളുടേയും (നിനക്ക് പറ്റിയത് എന്നു മാത്രം മതി, അബദ്ധം എന്ന് എടുത്തുപറയേണ്ടതില്ല എന്ന് വീട്ടുകാര്‍ എപ്പോഴും പറയും) കാര്യം പറഞ്ഞാല്‍ തീരില്ല. അതൊക്കെ യാത്രാവിവരണത്തില്‍ എഴുതാം. ;)
സുഗതകുമാരിട്ടീച്ചര്‍ പാടി :- നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പു പൊടിയവേ പൂമരം ചാരി, ഇളകുന്ന മാറില്‍ കിതപ്പോടെ നിന് മുഖം കൊതിയാര്‍ന്നുനോക്കിയിട്ടില്ല, കൃഷ്ണാ, നീയെന്നെയറിയില്ല- എന്ന്. ഞാനാണെങ്കില്‍ പറയും, ‘കൃഷ്ണാ, നിനക്കെന്നെ ശരിക്കും അറിയില്ല’ എന്ന്. ഇതാണ് ഭാഷയുടെ വ്യത്യാസം.
ഭാഷയെക്കുറിച്ച്, ഭാഷകളെക്കുറിച്ച് പറഞ്ഞാല്‍ എന്നെങ്കിലും തീരുമോന്ന് അറിയില്ല.
തമിഴിലുള്ള, മലയാളത്തിന്റെ “ദേശീയഗാനം” പാടി തല്ക്കാലം, ഭാഷാസ്നേഹം ഇവിടെ നിര്‍ത്താം.
“ഒരുമുറൈ വന്തുപാര്ത്തായാ, എന്‍ മനം നീ അറിന്തായാ, തോം, തോം, തോം.”

ബ്ലോഗ് വായിക്കുകയും, പ്രേരണയും, പ്രോത്സാഹനവും, നല്കി, വെളിച്ചവും, വഴികാട്ടികളുമായ, എല്ലാ സുഹൃത്തുക്കള്‍ക്കും, ബൂലോഗസുഹൃത്തുക്കള്‍ക്കും,
തനിമലയാളത്തിനും, പിന്മൊഴിയ്ക്കും,
ഏവൂരാനും, ശനിയനും,
എന്നും പ്രോത്സാഹിപ്പിച്ചിരുന്ന, അനിലേട്ടന്, വിശ്വംജി, ഉമേഷ്ജി, സന്തോഷ്, രേഷ്, ബിന്ദു, ഇഞ്ചിപ്പെണ്ണ്, എന്നിവര്‍ക്കും,
സിബുവിനും, കെവിനും, പെരിങ്ങോടനും,
മോളുവിനും,
ജോയ്ക്കും,
സ്നേഹത്തിന്റേയും, ബഹുമാനത്തിന്റേയും, പട്ടുതൂവാലയില്‍പ്പൊതിഞ്ഞ നന്ദിയുടെ വജ്രം സമര്‍പ്പിച്ചുകൊള്ളുന്നു.
എന്റെ ഭാഷ നിങ്ങള്‍ മനസ്സിലാക്കുകയും, നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാവുകയും ചെയ്തതുകൊണ്ടാണ് ഇത്രയും എഴുതിയിരുന്നത്.
നിങ്ങളുടെയെല്ലാം അനുഗ്രഹത്തോടെ, ഇനിയും പ്രോത്സാഹനം ലഭിക്കുമെന്ന പ്രതീക്ഷയോടെ,
സൂര്യഗായത്രിമൂന്നുവര്ഷം തികച്ച് നാലാംവര്‍ഷത്തിലേക്ക്.
Labels: ഭാഷ, സന്തോഷം