Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, March 31, 2006

രോഹന്റെ പ്രണയം

“കുമാരീ... എന്‍ നെഞ്ച്‌ വിമ്മി വിമ്മി പമ്മി നിക്ക്ത്‌ കുമാരീ,
എന്‍ കാതല്‍ സിക്കി വിക്കി മുക്കി നിക്ക്‍ത്‌ കുമാരീ...”

രോഹന്‍ രാവിലെ തന്നെ ടെറസ്സില്‍ നിന്ന് സാധകം തുടങ്ങി. ആ കോളനിയില്‍ പുതുതായി താമസത്തിനു വന്ന താരയെ കേള്‍പ്പിക്കുകയാണ് മുഖ്യ ഉദ്ദേശം. ശാരീരം നന്നായില്ലെങ്കിലും ശരീരം കേടാവുന്ന ജോലിയാണെന്ന് അവനറിയാഞ്ഞിട്ടല്ല.

പക്ഷെ വന്നു ഭവിച്ചു. അതു തന്നെ. പ്രണയം. പ്രണയം വരുന്നതും, സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ പോയ ഭാര്യ തിരിച്ചു വരുന്നതും ഒരു പോലെയാണെന്ന് ഒരാള്‍ പറഞ്ഞിട്ടുണ്ട്‌. ആദ്യം നല്ല സ്വീകരണം, ഉത്സാഹം, ആകാക്ഷ ഒക്കെയുണ്ടാവും. പിന്നെപ്പിന്നെ അതൊക്കെ ചൂടാക്കാന്‍ വെച്ച ഫ്രൈയിംഗ്‌ പാനിലെ വെള്ളത്തുള്ളിപോലെ അപ്രത്യക്ഷമാവും.

പക്ഷെ രോഹന് വേറെ ചോയ്‌സ് ഇല്ല. ആ കോളനിയിലെ പെണ്‍കിടാങ്ങള്‍ മുഴുവന്‍ അവനെ രക്ഷാബന്ധന്‍ കെട്ടിക്കൊടുത്ത്‌ സഹോദരന്‍ ആയി പ്രഖ്യാപിച്ച്‌ വെച്ചു. ഇനി ഈയടുത്ത്‌ വന്ന താരയേ ഉള്ളൂ ഏക ആശ്രയം. അങ്ങനെയാണ് പാട്ടുകച്ചേരി തുടങ്ങുന്നത്‌. ദിവസവും കോളേജില്‍ പോകുന്നതിനുമുന്‍പ്‌.

താരയുടെ അച്ഛന്‍ കേണല്‍ താമരാക്ഷന്‍. പരമവീരചക്രം കിട്ടാതെ രക്ഷപ്പെട്ട്‌ , കിട്ടുന്ന ചക്രവും വാങ്ങി സസുഖം കഴിയുന്ന ആള്‍. കേണല്‍ എന്ന് കേട്ട്‌ പേടിക്കാനൊന്നുമില്ല. കൃഷ്ണന്‍കുട്ടി നായരുടെ ജനറല്‍ ബോഡിയും സുരേഷ് ഗോപിയുടെ സ്റ്റൈല്‍ ഡയലോഗും ഉള്ള ഒരാള്‍. ഡയലോഗിന് അവസരം കൊടുക്കാത്തിടത്തോളം അദ്ദേഹത്തെ സഹിക്കാം. അല്ലെങ്കില്‍ ഞാന്‍ കാര്‍ഗിലില്‍ ഉണ്ടായിരുന്ന സമയത്ത്‌, എന്നു അദ്ദേഹം പറഞ്ഞു തുടങ്ങിയാല്‍ , നമ്മളും അവിടെ ഉണ്ടാവുന്നതായിരുന്നു ഇതിലും ഭേദം എന്ന് തോന്നും.

അദ്ദേഹത്തിന്റെ പത്നീരത്നം രതീദേവി. അതുകൊണ്ടാണ് താരയുടെ നാമധേയം എളുപ്പമായത്‌. താരയുടെ അച്ഛനമ്മമാര്‍ നാരായണനും യമുനയും ആവാഞ്ഞത്‌ നാട്ടുകാരുടെ ഭാഗ്യം. താര അതിസുന്ദരി, പഠിപ്പുകാരി. രോഹന്റെ കോളേജില്‍ത്തന്നെ ജൂനിയര്‍ ആയിട്ടാണ് പോക്ക്‌.

വേറെ വല്ല രാവണന്മാരും പുഷ്പകവിമാനത്തില്‍ കയറ്റുന്നതിനുമുന്‍പ്‌ രാമന്‍ ആവാനാണ് രോഹന്റെ ശ്രമം. അതുകൊണ്ട്‌ പാട്ടു തന്നെ പാട്ട്. താര കേട്ടില്ലെങ്കിലും ചിലപ്പോള്‍ രോഹന്റെ സൌണ്ട് ക്ലിയര്‍ ആയിപ്പോവും.

“കുമാരീ നെഞ്ച്‌ വിമ്മിവിമ്മി പമ്മി.....”
“ടാ...”
മമ്മി!
രോഹന്‍ ഞെട്ടി.! അവന്‍ ഒന്ന് ചമ്മിയെങ്കിലും ഉടനെ അഡ്‌ജസ്റ്റ്‌ ചെയ്തു. കാരണം ഒരു പത്തൊമ്പതുകാരന്റെ ഭരണഘടനയില്‍ പാട്ടു പറഞ്ഞിട്ടുണ്ട്‌. പക്ഷെ സ്വന്തം അമ്മയോട്‌ എതിര്‍ത്ത്‌ നില്‍ക്കണം എന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട്‌ വണ്ടി വിട്ടു. കോളേജിലേക്ക്‌. ഇനി താരാദര്‍ശനം അവിടെയാവാം.

രാത്രി അത്താഴവും കഴിഞ്ഞിരിക്കുമ്പോഴാണ് രോഹനു താരദര്‍ശനം ആയാലോയെന്ന് തോന്നിയത്‌. റോഡില്‍ക്കൂടെ കോളനിയിലെ ആര്‍ക്കും തെക്കും വടക്കും നടക്കാം. പക്ഷെ കോളനിക്കാര്‍ പട്ടിയേം പൂച്ചയേം പുറത്തിറക്കുന്നതുപോലും സീരിയല്‍ സമയം നോക്കിയിട്ടാണ്. അതുകൊണ്ട്‌ തന്നെ വിജനമാണ് കോളനി റോഡ്‌. രോഹന്‍, കേണലിന്റെ വീട്ടിന്റെ ഗേറ്റിന്റെ അടുത്ത്‌ പോയി നിന്നു. ആരെങ്കിലും വരുമ്പോള്‍ മാത്രം നടത്തം മതിയല്ലോ. താര മുറ്റത്തുകൂടെ അന്നനടനം നടത്തുന്ന സമയം ആണതെന്ന് അവനറിയാം.

രോഹന്‍ താരാദര്‍ശനത്തിനു ഇറങ്ങിയതും കള്ളന്‍ വേലു ഫീല്‍ഡ്‌ വര്‍ക്കിനിറങ്ങിയതും ഒരേ സമയത്ത്‌ ആയിപ്പോയി. വേലു പതുക്കെപ്പതുക്കെ ഒരു സൈഡില്‍ ഒഴിഞ്ഞു കിടക്കുന്ന വെളിച്ചമില്ലാത്ത സ്ഥലത്തുനിന്നാണ് കേണലിന്റെ വീട്‌ നിരീക്ഷിച്ചത്‌. കള്ളന്മാര്‍ക്ക്‌ എന്ത്‌ കേണല്‍? ആ അരണ്ട വെളിച്ചത്തില്‍, വേലു മതിലില്‍ എഴുതിയിരിക്കുന്നത്‌ തപ്പിത്തടഞ്ഞു വായിച്ചു. 'മതിലില്‍ തപ്പരുത് ' -നൂറ് ശതമാനം സാക്ഷരതയ്ക്ക് നന്ദി- . ‘അല്ലെങ്കില്‍ എന്തിരിക്കുന്നു ഈ മതിലില്‍ തപ്പാന്‍.’ വേലു നീട്ടിയൊരു തുപ്പ്‌ വെച്ചുകൊടുത്തു. വീട്ടിന്റെ പൂമുഖത്തേക്ക്‌ നോക്കിയപ്പോള്‍ ഒന്നാം റൌണ്ട്‌ കഴിഞ്ഞ്‌ ടച്ചപ്പ്‌ നടത്താന്‍ ഇരിക്കുന്ന ഗുസ്തിക്കാരനെപ്പോലെ ഒരു രൂപത്തെ ചാരുകസേലയില്‍ വെച്ചിട്ടുണ്ട്‌. ഇയാള്‍ക്കൊക്കെ ഒരു 9 മണിയാവുമ്പോള്‍ കിടന്നുറങ്ങിക്കൂടെ എന്ന് വേലു വിചാരിച്ചു. വീക്ഷണം കഴിഞ്ഞ്‌ മതിലില്‍ പിടിച്ച്‌ കയറി. കയറിയതും കേണലിന്റെ പട്ടാളമൂക്ക്‌ വേലുവിനെ മണത്തു. ചാടിയെണീറ്റ്‌ ആരാ അവിടെ എന്നൊരു അലര്‍ച്ച. വേലു ഞെട്ടി മതില്‍ നിന്ന് ഒരു ചാട്ടം. പരിഭ്രമത്തില്‍ ഓടിയത്‌ വെളിച്ചമുള്ള റോഡിലേക്ക്‌. രോഹനും ഞെട്ടി. അവന്‍ വേലു വരുന്ന സൈഡിലേക്ക്‌ ഓടി. വേലു അടുത്തെത്തിയതും സിനിമയില്‍ വേര്‍പിരിഞ്ഞു പോയ സഹോദരന്മാര്‍ പിന്നീട്‌ കാണുമ്പോള്‍ സന്തോഷം പ്രകടിപ്പിക്കുന്ന പോലെ രോഹന്‍ അയാളെ കെട്ടിപ്പിടിച്ചുംകൊണ്ട്‌ അയാളുടെ ഒക്കത്തിരുന്നു. വേലു നോക്കുമ്പോഴുണ്ട്‌, മൈക്കല്‍ ജാക്സന്റെ സ്വരത്തില്‍ കുരച്ചുംകൊണ്ട്‌ ഒരു വലിയ ഫോറിന്‍ പട്ടി രോഹന്റെ പിന്നില്‍. വേലുവും വരുന്നിടത്തുവെച്ച്‌ കാണാം എന്ന തീരുമാനത്തില്‍ കണ്ണടച്ചു രോഹനെ കെട്ടിപ്പിടിച്ചു. അവരുടെ സ്നേഹപ്രകടനം കണ്ട്‌ കോരിത്തരിച്ച പട്ടി തന്റെ ഡോള്‍ബി സിസ്റ്റം ഓഫ് ചെയ്ത് , തിരിച്ച്‌ കേണലിന്റെ വീട്ടിലേക്ക്‌ പോയി. കേണലും കുടുംബാംഗങ്ങളും ഗേറ്റില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ വേലുവും രോഹനും കെട്ടിപ്പിടുത്തം നടത്തി. വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യന്‍ പ്രതിനിധിയും പാക്കിസ്ഥാന്‍ പ്രതിനിധിയും ഇതേപോലെയാണല്ലോ കെട്ടിപ്പിടിക്കുന്നത്‌ താന്‍ കണ്ടിട്ടുള്ളത്‌ എന്ന ഓര്‍മയില്‍ കേണലും ഉള്‍പ്പുളകം കൊണ്ടു. ഇവരെ കിട്ടിയിരുന്നെങ്കില്‍ നാലു വീരകഥ പറയാമായിരുന്നല്ലോ എന്നോര്‍ത്തു. പക്ഷെ കുടിയന്മാരല്ലേ, അവരിങ്ങോട്ട്‌ പറയുന്നതും കേട്ട്‌ താനിരിക്കേണ്ടി വരും എന്ന തോന്നലില്‍, കേണല്‍, വീട്ടിലേക്ക്‌ ഭാര്യാ,പുത്രീ, പട്ടീ സമേതനായിട്ട്‌ തിരിച്ചു കയറി. അമ്പരപ്പില്‍ നിന്നുണര്‍ന്ന രോഹനും വേലുവും വേറേ വേറെ വഴിയ്ക്ക്‌ വെച്ചു പിടിച്ചു. രോഹന്‍ മുകളിലെ താരകളെ കണ്ട്‌ തൃപ്തിപ്പെട്ടു. വേലു ഒരു ദിവസം പാഴായതില്‍ ദുഃഖിച്ചു.

പട്ടിയെ പരിചയപ്പെടാത്തതില്‍ നിരാശ തോന്നിയ രോഹന്‍ ഏതൊരു പെണ്ണിനെ കണ്ടാലും അവളുടെ വീട്ടില്‍ പട്ടിയുണ്ടോ എന്ന് ആദ്യം ചോദിച്ചു തുടങ്ങി. അതിനെ ആദ്യം പരിചയപ്പെട്ടിട്ട് മതി പ്രണയം എന്ന് തീരുമാനിച്ചു. വേലുവാണെങ്കില്‍ പ്രേമത്തിന് സാദ്ധ്യതയുള്ള വീടുകള്‍ ഒഴിവാക്കിപ്പിടിച്ച് വേലയ്ക്കിറങ്ങി.

Wednesday, March 29, 2006

കുഞ്ഞിയുടെ മോഹം.

കണ്ണന്റെ മാറിലെ പൊന്മാല കണ്ടിട്ടെന്‍,
പാവമാം കുഞ്ഞിയ്ക്ക്‌ മോഹം തോന്നി.

അച്ഛാ, എനിയ്ക്കുമാ പൊന്മാല കിട്ടേണം,
കുഞ്ഞി കരഞ്ഞു പരാതി ചൊല്ലി.

അരിയില്ല ഭക്ഷിക്കാന്‍, അരിയായി ജീവിതം,
കുഞ്ഞിന്റെ മോഹത്തിനെന്തുത്തരം?

കണ്ണനോടായി പരാതി പറഞ്ഞു ഞാന്‍,
കുഞ്ഞീടെ സങ്കടം കാണാന്‍ വയ്യേ.

കുഞ്ഞിയുറങ്ങീട്ട്‌ ചെല്ലാമെന്നോര്‍ത്തു ഞാന്‍,
വെറുതെയാ നാട്ടുവഴികള്‍ ചുറ്റീ.

അമ്പിളിമാമനുദിച്ചൊരു നേരത്താ,
പുഴയുടെ തീരത്ത്‌ ചെന്നിരുന്നു.

പൂഴിമണലിലായ്‌ ചിത്രം വരയ്ക്കവേ,
കൈയിലായെന്തോ തടഞ്ഞുവല്ലോ.

ഞണ്ടെന്നതോര്‍ത്തു ഞാന്‍ ഞെട്ടീ ഒരു മാത്ര,
കൈ പിന്‍വലിച്ചൊന്ന് പാര്‍ത്തുനോക്കീ.

പൂഴിമണലില്‍ പുതഞ്ഞു കിടക്കുന്നൂ,
കുഞ്ഞി മോഹിച്ചൊരാ പൊന്നിന്‍ മാല.

മാലയെടുത്തു ഞാന്‍ വീട്ടിലേക്കോടിച്ചെന്നരുമയാം-
കുഞ്ഞി തന്നരികില്‍ ചെന്നു.

പാവം, കരഞ്ഞു തളര്‍ന്നുറങ്ങിപ്പോയീ,
മാലയാ, പായ തന്നരികില്‍ വെച്ചു.

നേരം പുലര്‍ന്നുടന്‍ മാലയുമായിട്ടെന്‍,
കുഞ്ഞി കളിച്ചു ചിരിച്ചു വന്നു.

അച്ഛാ ഇതു നോക്കൂ കണ്ണന്റെ പൊന്മാല,
കുഞ്ഞിയ്കണിയുവാന്‍ കിട്ടിയല്ലോ.

മുത്തേ നിന്‍ കണ്ണന്‍ നേരിട്ടയച്ചതാണിതു,
നിന്റെ ചുണ്ടിലെ പുഞ്ചിരിയ്ക്കായ്‌.

കണ്ണനു നല്‍കാം പകരം നമുക്കിന്നു,
ഭക്തി തന്‍ പഞ്ചാരപ്പാല്‍പ്പായസം.

Monday, March 27, 2006

സ്വപ്നത്തിലെ താരാട്ട്

ആരോമലുണ്ണീ, നീയെവിടെയാണ്,
എവിടെയാണുണ്ണീ നീ എവിടെയാണ് .

താരാട്ടെന്‍ ചുണ്ടില്‍ വിരിഞ്ഞു നില്‍പ്പൂ,
നീയൊരു മോഹമായ്‌ പൂത്തു നില്‍പ്പൂ.

അമ്മ തന്‍ മടിയിലേയ്ക്കോടിവായോ,
പുഞ്ചിരിച്ചെന്നുണ്ണി ഓടി വായോ.

താരാട്ട്‌ കേള്‍ക്കുവാന്‍ നീ വരില്ലേ,
താളം പിടിയ്ക്കുവാന്‍ നീ വരില്ലേ.

മാമം നിന്‍ വായില്‍ നിറച്ചും നല്‍കാം,
പായസം വെച്ചമ്മയൂട്ടിത്തരാം.

തപ്പുകൊട്ടാടുവാന്‍ കൂടെ വരാം,
പിച്ചവെച്ചാലമ്മയുമ്മതരാം.

എന്‍ കുഞ്ഞുവാവേ കുറുമ്പു കാട്ടാം,
ശാസിച്ചു നിന്നമ്മ കേണു കൊള്ളാം.

അമ്മ തന്‍ കയ്യുകള്‍ തൊട്ടിലാക്കീ,
ചാഞ്ചാടിയുണ്ണിക്ക്‌ വാവുറങ്ങാം.

താരകം പൂത്തു വിടര്‍ന്നു നില്‍പ്പൂ,
അമ്പിളി മാനത്തുദിച്ചു നില്‍പ്പൂ.

അമ്മ തന്‍ സ്വപ്നത്തിലെന്നുമെന്നും,
ആരോമലേ നീ നിറഞ്ഞു നില്‍പ്പൂ.

ദൂരത്തു നില്‍ക്കാതെയോടി വായോ,
അമ്മ തന്‍ കണ്ണീര്‍ തുടച്ചു തായോ.

Sunday, March 26, 2006

രാമുവിന്റെ ഓപ്പോള്‍

“രാമൂ, നീയൊന്ന് വേഗം നടക്കുന്നുണ്ടോ. ഈ കരിയിലയ്ക്കുള്ളില്‍ എവിടെയെങ്കിലും ഇഴജന്തുക്കളുണ്ടാകും.”

രാമു നനഞ്ഞ തലയിലെ വെള്ളം കൈകൊണ്ട്‌ തൂത്തുകൊണ്ടിരുന്നു. അവന് കുറച്ച്‌ തണുപ്പും അനുഭവപ്പെട്ടു. നനഞ്ഞ ട്രൌസറും ശരിക്ക്‌ തോര്‍ത്താത്ത തലയും. പോരാത്തതിനു ദേഷ്യം മൂത്ത്‌ നില്‍ക്കുന്ന ഓപ്പോള്‍ കൂടെയും.

“എന്റെ മേലേക്ക്‌ വെള്ളം ആക്കരുത്‌ കേട്ടോടാ. നിന്റെയൊരു നീന്തല്‍. അന്തിയാവുമ്പോഴെങ്കിലും കയറിവന്നൂടേ. വീട്ടില്‍ വേറെ ജോലിയൊന്നുമില്ലാഞ്ഞിട്ടല്ല ഞാന്‍ നിന്നെ എഴുന്നള്ളിക്കാന്‍ കുളക്കടവിലേക്ക്‌ വരുന്നത്‌. മുത്തശ്ശി സ്വൈര്യം തരാഞ്ഞിട്ടാ. ഒരു ടോര്‍ച്ചുള്ളത്‌, നക്ഷത്രങ്ങളെ കാണിച്ച്‌ കാണിച്ച്‌ ഒന്നിനും കൊള്ളാതാക്കി.”

ഓപ്പോള്‍‍ തിരിഞ്ഞു നിന്നു. അടിയ്ക്കാന്‍ കൈ ഓങ്ങിയതും രാമു മാറിക്കളഞ്ഞു. അമ്പലത്തിലെ കമാനത്തിനു മുകളില്‍ ഉള്ള ബള്‍ബില്‍ നിന്നുള്ള വെളിച്ചം മാത്രമേ അവര്‍ക്ക്‌ കൂട്ടുള്ളൂ. അതും, അമ്പലം, പൂജ കഴിഞ്ഞ് അടച്ച് പോവാത്ത ദിവസം മാത്രം. പിന്നെ അപൂര്‍വമായിട്ട്‌ അവരുടെ വീടിന്റെ ഇടവഴിയിലൂടെ അമ്പലം കയറിയിറങ്ങി കവലയിലേക്ക്‌ പോകുന്ന നാട്ടുകാരുടെ കൈയില്‍ ഉണ്ടാവുന്ന ചൂട്ടിന്റെയോ, കത്തിച്ച്‌, അത്‌ കെട്ടുപോകാതിരിക്കാന്‍ ചിരട്ട വെച്ച്‌ മറച്ച്‌ പിടിക്കുന്ന മെഴുകുതിരിയുടേയോ, ചിലരുടെ കൈയില്‍ ഉണ്ടാവുന്ന ടോര്‍ച്ചിന്റേയോ വെളിച്ചവും ഉണ്ടാകും.

രാമുവിന്റെ തെറ്റൊന്നുമല്ല ഇത്രേം നേരം വൈകുന്നതിനു കാരണം. സ്കൂളില്‍ നിന്നു വന്നാലുടന്‍, എന്തെങ്കിലുമൊന്നുണ്ടാകും കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരാന്‍. പലചരക്കു കടയില്‍ പോകേണ്ടാത്ത ദിവസം ആണെങ്കില്‍ അന്നായിരിക്കും മുത്തശ്ശി വൈദ്യശാലയിലേക്ക്‌ ഓടിക്കുക. അതുകഴിഞ്ഞാണ് പാടത്തിന്റെ പിറകിലുള്ള മൈതാനത്തിലേക്ക്‌ ഓടാന്‍ സമയം കിട്ടുക. കൂട്ടുകാര്‍ സ്കൂള്‍ വിട്ട്‌ ചായയും കഴിഞ്ഞാല്‍ അവിടെ എത്തും. അവര്‍ക്കാര്‍ക്കും കടയിലേക്ക്‌ ഓടാന്‍ ഇല്ല. അവന്റെ അച്ഛനല്ലേ ദൂരെ നഗരത്തില്‍ ജോലിയുള്ളൂ. എന്നാലും കടയില്‍പ്പോക്ക്‌ രാമുവിനു ഇഷ്ടമുള്ള കാര്യമാണ്. ഒക്കെ വാങ്ങിക്കഴിഞ്ഞ്‌ ബാക്കിയുള്ളതില്‍ നിന്ന് കുറച്ചെന്തെങ്കിലും ചില്ലറ അമ്മ അവന്റെ കൈയില്‍ കൊടുക്കും. സ്കൂളില്‍ പോകുമ്പോള്‍ ഉപ്പിലിട്ട നെല്ലിക്കയും മിഠായിയും ഒക്കെ വാങ്ങാന്‍ അവനു വല്യ താല്‍പര്യമാണ്. അക്കാരണം കൊണ്ടു തന്നെ അവന്‍ കൂട്ടുകാരുടെ മുന്നില്‍ ഹീറോയാണ്. കടയില്‍പ്പോക്കും കളിയും ഒക്കെ കഴിയുമ്പോഴേക്കും കുറേ സമയം ആവും . അതു കഴിഞ്ഞാണ് കുളത്തിലേക്ക്‌ ഓട്ടം. ഓപ്പോള്‍ അമ്പലത്തില്‍ പോകുന്നത്‌ രാവിലെയാണ്. വൈകുന്നേരം അവനെ നോക്കി മാത്രമാണ് അമ്പലത്തിന്റെ പടിയില്‍ വന്ന് കാത്ത്‌ നില്‍ക്കുന്നത്‌. ആലോചിച്ച്‌ ആലോചിച്ച്‌ നടന്നപ്പോള്‍ എന്തോ കാലിലേക്ക്‌ ചാടി. അവന്‍ ഞെട്ടലോടെ “അയ്യോ” എന്ന് പറഞ്ഞു. ഓപ്പോളും ഞെട്ടിയിരിക്കണം. പെട്ടെന്ന് തിരിഞ്ഞു നിന്നു. “എന്താടാ?” രണ്ടാളും കണ്ടു. തവളയാണ്. ഇത്തവണ അവന് ഓപ്പോളുടെ വക കിഴുക്കല്‍ കിട്ടി. “കണ്ടില്ലേടാ ഇതിന്റെ പിന്നാലെ പാമ്പും ഉണ്ടാകും. മുത്തശ്ശി പറയാറില്ലേ. നാളെ മുതല്‍ വൈകുന്നേരം കിണറ്റുകരയില്‍ മതി നിന്റെ നീരാട്ട്‌. അച്ഛന്‍ വരട്ടെ പറഞ്ഞുകൊടുക്കുന്നുണ്ട്‌.”

രാമുവിന് എല്ലാം കൂടെ ഒരു അരിശം വന്നു. വീടിന്റെ ഒതുക്കെത്തിയതും ഓപ്പോളെ പിന്നിലാക്കി വീട്ടിലേക്ക്‌ ഓട്ടം വെച്ചു കൊടുത്തു. ഓപ്പോള്‍ പതിവുപോലെ സോപ്പുപെട്ടി കോലായിയിലെ പടിയിലേക്ക്‌ ഇടുന്ന ഒച്ച കേട്ടു. അമ്മയോട്‌ ഇനി പോയി പരിഭവം പറയും. മുത്തശ്ശി, “നിനക്കെന്താ കുട്ടീ, അവന്‍ ഇരുട്ടത്ത്‌ ഒറ്റയ്ക്കു വരണ്ടാന്നുവെച്ചിട്ടല്ലേ”ന്നും ചോദിക്കും. ഉറങ്ങാന്‍ മുത്തശ്ശിയുടെ അപ്പുറവും ഇപ്പുറവും കിടക്കുമ്പോള്‍ അവര്‍ പതിവുപോലെ കൂട്ടുകാരായിട്ടുണ്ടാകും. അല്ലെങ്കിലും ഓപ്പോളില്ലാതെ രാമുവിനു പറ്റില്ല. സ്കൂളിലേക്ക്‌ പോകുമ്പോഴും തിരിച്ചു വരുമ്പോഴും അവന്റെ പുസ്തകങ്ങള്‍ ഒക്കെ എടുക്കുന്നതും വീണു കിട്ടുന്ന മാങ്ങ മുറിച്ച്‌ ഉപ്പു പുരട്ടിക്കൊടുക്കുന്നതും അവന്റെ വസ്ത്രങ്ങളൊക്കെ വൃത്തിയായി കഴുകി മടക്കി വെക്കുന്നതും ഒക്കെ ഓപ്പോള്‍ ആണ്. “എന്തിനാ രാമൂ ഒക്കെയ്ക്കും അവളെ ശല്യം ചെയ്യുന്നത് ” എന്ന് അമ്മ ചോദിക്കുമെങ്കിലും അവന്‍ കാര്യമാക്കാറില്ല. ഓപ്പോള്‍ക്ക്‌ അവനെ സഹായിക്കുന്നതില്‍ ഒരു പരിഭവവും ഇല്ലെന്ന് അവനറിയാം. അവന് പേടിയാകണ്ട എന്നു വിചാരിച്ചും, അമ്മയെ സന്ധ്യയ്ക്ക്‌ അവനെ കൂട്ടിക്കൊണ്ടുവരാന്‍ അവിടം വരെ നടത്തിക്കേണ്ട എന്നു വിചാരിച്ചും ആണ് ഓപ്പോള്‍ തന്നെ വരുന്നത്‌ എന്നും അവനറിയാം. പേടിത്തൊണ്ടന്‍ എന്ന് ഓപ്പോള്‍ ആരെങ്കിലും കേള്‍ക്കെ വിളിക്കുന്നതിനോട്‌ മാത്രമാണ് അവന് അതൃപ്തി.

പതിവുപോലെ ഓപ്പോള്‍ വിളിച്ചുകൂവിയില്ലെങ്കിലും മഴപാറിയതുകൊണ്ട്‌ എല്ലാവരും കയറിപ്പോയി. അവനും മനസ്സില്ലാമനസ്സോടെ കയറിപ്പോന്നു. ഇരുട്ടിത്തുടങ്ങിയിരുന്നു. അമ്പലത്തില്‍ ദീപാരാധന കഴിഞ്ഞിരുന്നു. ഒതുക്കുകള്‍ കയറിച്ചെന്നതും, വീട്ടിനു മുന്നില്‍ അയല്‍ക്കാരെയൊക്കെ കണ്ടതില്‍ അവന്‍ അതിശയിച്ചു. ഇപ്പോ എല്ലാവരും കൂടെ എന്താ? ഗോപിയുടെ അമ്മ രാമുവിനെക്കണ്ടതും ഓടിവന്നു. “മോന്റെ ഓപ്പോളെ പാമ്പ്‌ കൊത്തി. നിന്നെ വിളിക്കാന്‍ കുളക്കടവിലേക്ക്‌ പോരുമ്പോഴാ. ഒന്നും പേടിക്കാനില്ലാന്നാ മുത്തശ്ശി പറഞ്ഞത്‌. ആയമ്മയ്ക്ക്‌ ഒക്കെ അറിയാം. അമ്മ, അവരുടെ കൂടെ വൈദ്യശാലയിലേക്ക്‌ പോയിട്ടുണ്ട്‌. മുത്തശ്ശി അകത്തുണ്ട്‌. അങ്ങോട്ട്‌ ചെല്ലൂ.”

ഒരു നിമിഷം അമ്പരന്നുവെങ്കിലും എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട്‌ രാമു തിരികെ ഓടി. ഇടവഴിയിലൂടെ ഓടുമ്പോള്‍ അവന് ഒട്ടും പേടി തോന്നിയില്ല. അമ്പലത്തിലേക്കുള്ള പടികള്‍ ഓടിക്കയറി, കിതച്ച്‌, അടച്ചിട്ട ശ്രീകോവിലിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍, ഓപ്പോളെ ഒരിക്കലും ബുദ്ധിമുട്ടിക്കില്ലെന്നും, ഇത്രേം ഇരുട്ടുന്നതുവരെ ഇനി കുളത്തില്‍ നീന്തില്ലെന്നും, ഓപ്പോള്‍ക്ക്‌ ഒന്നും പറ്റാതെ തിരിച്ചുവരണേയെന്നും രാമു പ്രാര്‍ത്ഥിച്ചു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

Friday, March 24, 2006

മോക്ഷം!

ഭൂമിയിലെ സകല ഭാരവും താങ്ങുന്നതിന്റെ ദൈന്യം ശേഷാദ്രി അറിഞ്ഞു. കണ്ണുകള്‍ നിസ്സഹായതയില്‍ വികസിച്ചു. മുന്നില്‍ നില്‍ക്കുന്ന ബ്ലേഡ്‌ കമ്പനിക്കാരന്‍ അഗ്നികുണ്ഠമാണെന്നും, അയാളുടെ വായില്‍ നിന്നും കനലുകള്‍ തന്റെ മുഖത്തേക്ക്‌ ഓടിയടുക്കുകയാണെന്നും ശേഷാദ്രിക്ക്‌ തോന്നി.

ഇന്നേയ്ക്ക്‌ നാലാം പക്കം നിശ്ചയത്തിനൊരുങ്ങുന്ന വീട്‌. ആഹ്ലാദിക്കുന്ന ഭാര്യ. ഉല്ലസിക്കുന്ന നാലു മക്കള്‍. ഇവരുടെ മേല്‍ താന്‍ വിതയ്ക്കാന്‍ ഒരുങ്ങുന്ന ദുഖഃത്തിന്റെ വിത്തുകള്‍. അയാള്‍ വേച്ച്‌ പോകുന്ന കാലും, പിടയ്ക്കുന്ന മനസ്സുമായി പിന്തിരിഞ്ഞു നടന്നു.

ബ്ലേഡ്‌ കമ്പനിക്കാരന്‍ തിരസ്കരിച്ച, വീടിന്റെ ആധാരം, നിശ്ചയത്തിന്റെ സമയം അടുക്കുമ്പോഴേക്കും പൈസ തരാമെന്ന അയാളുടെ വാക്ക്‌, കഴിഞ്ഞയാഴ്ച വേണമെന്ന് ഉറപ്പ്‌ പറയാത്തതിനാല്‍ വേറെ ആര്‍ക്കോ അടിമയായ പണം, സ്ത്രീധനം, വിവാഹച്ചെലവ്‌, നാട്ടുകാര്‍, കന്യാദാനം കൊണ്ട്‌ മാത്രം കൈവശമാക്കാന്‍ പറ്റുന്ന മോക്ഷം. എല്ലാം കൂടെ ചുറ്റും നിന്ന് അട്ടഹസിക്കുകയാണ്. പരിഹാസത്തിന്റെ ശൂലം കൊണ്ട് കുത്തിനോവിക്കുകയാണ്.

വീട്ടിലെത്തി. ആധാരം ആരും കാണാതെ കട്ടിലിനടിയിലെ മരപ്പെട്ടിയിലേക്ക്‌ എറിഞ്ഞു. പതിവില്ലാത്ത വിധം ഭക്ഷണപൊതി കണ്ടപ്പോള്‍ അമ്പരന്ന മുഖങ്ങള്‍. വിശദീകരണവും ഉടനെ. അക്ക ഇനി എത്ര നാള്‍ ഈ വീട്ടില്‍. സന്തോഷത്തോടെ കഴിച്ച്‌ ഇനിയൊരിക്കലും ഉണരാത്ത നിദ്രയിലേക്ക്‌ നടന്ന് പോയ അവരെ നോക്കി ബോധത്തിനും അബോധത്തിനും ഇടയില്‍ ആയ അയാള്‍ ബാക്കി വന്ന അന്നം മുഴുവന്‍ ആര്‍ത്തിയോടെ വായിലേക്കിട്ട് പൊട്ടിപ്പൊട്ടിക്കരഞ്ഞു. പിന്നെ ഒറ്റയ്ക്കായിപ്പോവാന്‍ വയ്യെന്ന ധൃതിയില്‍ വീട്ടുകാരോടൊപ്പം ചേര്‍ന്നു.

മുമ്പേ കണക്കെഴുതിയ ചിത്രഗുപ്തനും, മോക്ഷദാതാവും നിസ്സംഗരായി ഇരുന്നു. പതിവു പോലെ.

ബ്ലേഡ്‌ കമ്പനിക്കാരന്റെ അലമാരയില്‍ അപ്പോഴും ഇരി‍ക്കുന്നുണ്ടായിരുന്നു, ഒരുപാട്‌ നോട്ടുകെട്ടുകള്‍- തങ്ങളുടെ മോക്ഷവും കാത്ത്‌.

Wednesday, March 22, 2006

സമ്മതിദാനാവകാശം

വീണ്ടും ഇലക്ഷന്‍ വരുന്നുണ്ട്‌. ഞാന്‍ ഒരു പാട്ട്‌ എഴുതി. വോട്ടേര്‍സിനായിട്ട്‌. സമ്മതിദാനാവകാശം എന്നത് എല്ലാവരുടേയും സമ്മതത്തോടെ കൊടുക്കുന്ന ദാനത്തിനുള്ള അവകാശം ആണെന്ന് ഞാന്‍ കണ്ടു പിടിക്കുകയും ചെയ്തു.

സീറ്റു കിട്ടിയില്ലേലും ചേട്ടാ,
വോട്ട്‌ ചെയ്യാന്‍ പറ്റണം.
എമ്മല്ലേ ആയില്ലേലും ചേട്ടാ,
കൈയില്‍ മഷി പുരളണം.

ഇത് എഴുതാന്‍ വ്യക്തമായ കാരണം ഉണ്ട്. അത് പറയാം.

രാഷ്ട്രീയം എനിക്ക്‌ ഇഷ്ടമില്ല എന്നൊന്നും പറയാന്‍ പറ്റില്ല. പക്ഷെ അതില്‍ നിന്ന് വിട്ട്‌ നില്‍ക്കുന്നതാണു തടിക്ക്‌ നല്ലതെന്ന് തോന്നിയതുകൊണ്ട്‌ വിട്ടുനില്‍ക്കുന്നു. വല്യച്ഛനും അച്ഛനും ഞങ്ങളുടെ നാട്ടിന്‍ പുറത്ത്‌ അല്‍പസ്വല്‍പ്പം രാഷ്ട്രീയം ഉണ്ട്‌. രാഷ്ട്രീയത്തിലെ എതിര്‍കക്ഷികള്‍ ആണെങ്കിലും അവരുടെ പരസ്പര സ്നേഹത്തിനോ ബഹുമാനത്തിനോ യാതൊരു കുറവും ഇതുവരെ ഇല്ല. അവരുടെ അണികള്‍ അവരെ മുന്‍നിരയിലേക്ക്‌ വിളിക്കുന്നതിന്റെ ഇരട്ടി ശക്തിയില്‍ ഞങ്ങള്‍ വീട്ടുകാര്‍ പിന്നോട്ട്‌ പിടിച്ചു വലിക്കും. ഒരു തരം വടം വലി. കാരണം രാഷ്ട്രീയം പാവത്താന്മാര്‍ക്ക്‌ പറ്റിയതല്ല എന്ന് ഞങ്ങള്‍ക്ക്‌ നന്നായി അറിയാം. അങ്ങനെ വല്യച്ഛനും അച്ഛനും സ്ഥിരം രാഷ്ട്രീയക്കാര്‍ ആയി മാറുന്നതില്‍ നിന്നും അവരെ ഞങ്ങള്‍ രക്ഷിച്ചെടുത്തു.

അങ്ങനെയാണ് അക്കാലത്തെ ഇലക്‍ഷന്‍ പ്രഖ്യാപിച്ചത്‌. അതിലിപ്പോ എന്താ വല്യ കാര്യം എന്ന് നിങ്ങള്‍ വിചാരിക്കും. എനിക്ക്‌ വല്യ പ്രാധാന്യം ഉണ്ട്‌. കാരണം ആ ഇലക്ഷനില്‍ ആണ് ഞാന്‍ ആദ്യത്തെ വോട്ട്‌ രേഖപ്പെടുത്താന്‍ പോയത്‌. ഇലക്ഷന്‍ വന്നാല്‍ കുറേ മുദ്രാവാക്യങ്ങള്‍ പഠിക്കാന്‍ പറ്റും. അതുമല്ല പ്രചാരണത്തിനിറങ്ങുന്ന വാഹനം ഞങ്ങളുടെ വീട്ടിനു മുന്നില്‍ എത്തുമ്പോള്‍ ഒന്ന് നിര്‍ത്തി ഞങ്ങളെ മുഴുവന്‍ വാചകവും കേള്‍പ്പിച്ചേ പോകൂ. "ഉപ്പിനു നികുതി, മുളകിനു നികുതി, കെട്ടിയ പെണ്ണിനു വേറൊരു നികുതി എന്ന് ഒരു പാര്‍ട്ടി പാടി കടന്നുപോയാല്‍, അടുത്തയാള്‍ക്കാര്‍ വരും " ....... സൂക്ഷിച്ചോ, നിന്നെപ്പിന്നെ കണ്ടോളാം, കെട്ട്യോളല്ലിത്‌ കുട്ട്യോളാ.. എന്നും പാടി. അതു കഴിയുമ്പോഴേക്ക്‌ അടുത്തത്‌ "ധീരാ വീരാ നേതാവേ ധീരതയോടേ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ. ലക്ഷം പോയിട്ട്‌ ഒരുത്തനും പിന്നാലെ ഉള്ള ലക്ഷണം പോലും ഉണ്ടാകില്ല.

ആദ്യത്തെ വോട്ട്‌ എന്നൊക്കെപ്പറഞ്ഞപ്പോള്‍ എനിക്ക്‌ വല്യ കൌതുകം ഒന്നും ഇല്ലായിരുന്നു. പക്ഷെ വീട്ടുകാരും നാട്ടുകാരും ഓ.. സു വിന്റെ ആദ്യ വോട്ടാ അല്ലേന്ന് ചോദിച്ച്‌ ചോദിച്ച്‌ വീരപ്പനെപ്പിടിക്കാന്‍ പോയ സംഘത്തില്‍ ഉള്‍പ്പെട്ട പോലീസുകാരനെപ്പോലെ ഒരു ത്രില്‍ എനിക്കും വന്നു. അങ്ങനെ ഇലക്ഷന്‍ ദിവസം പിറന്നു. അമ്മയുടെ കൂടെ സാനിയാമിര്‍സയെ ആദ്യമായി നേരില്‍ കാണുന്ന ആരാധികയുടെ ( ആ ആരാധിക ഞാന്‍ തന്നെയാ. (എന്റെ പാട്ട്‌... "എന്‍ സാനിയയെ കാണാന്‍ ഒരു ദിവസം ഞാന്‍ പോകും") ടൈപ്പ്‌ നിര്‍വൃതിയും വെച്ച്‌ ഞാന്‍ ആദ്യ വോട്ടിനു പുറപ്പെട്ടു.

പോളിംഗ്‌ ബൂത്തിലെത്തി. അവിടെയും പലരും ആ, ആദ്യവോട്ടാണല്ലോ അല്ലേന്നു ചോദിച്ചപ്പോള്‍ എനിക്ക്‌ കുറച്ച്‌ ഗമ വന്നു. ഞാനും അമ്മയും മുറിക്കുള്ളില്‍ എത്തി. ഹൈസ്കൂളില്‍ സാമൂഹ്യപാഠം പഠിപ്പിച്ചിരുന്ന ടീച്ചര്‍ ആണ് ഒരു പോളിംഗ് ഓഫീസര്‍. ടീച്ചര്‍ അമ്മയോട്‌ കുശലം ചോദിച്ചു. മറ്റുള്ള ആള്‍ക്കാരേയും പരിചയപ്പെടുത്തി. എന്നോടും പഠിപ്പിന്റെ കാര്യങ്ങള്‍ ഒക്കെ ചോദിച്ചു. അമ്മയ്ക്ക്‌ ബാലറ്റ്‌ പേപ്പര്‍ കൊടുത്തു. ഞാന്‍ എന്റെ കൈയില്‍ ഉണ്ടായിരുന്ന, ഏതോ ഒരു പാര്‍ട്ടി വീട്ടില്‍ ഇട്ടുപോയ സ്ലിപ്‌ നീട്ടിയതും പിന്നിലിരുന്നിരുന്ന ഒരു പാര്‍ട്ടിക്കാരന്‍ എണീറ്റു പറഞ്ഞു " സു വിനു വോട്ടില്ല, ഈ ലിസ്റ്റില്‍ ഇല്ല, അതുകൊണ്ട്‌ സമ്മതിക്കില്ല” എന്ന്. അവാര്‍ഡ്‌ കിട്ടാഞ്ഞ കലാഭവന്‍ മണിച്ചേട്ടനെപ്പോലെ ഒരു നിമിഷം എന്റെ ബോധം പോയി. പെട്ടെന്നു തന്നെ ബോധം തിരിച്ചെടുത്തു. " എനിക്ക്‌ വോട്ടുണ്ട്‌. എന്റെ പേരു ഈ നാട്ടിലെ എല്ലാ വോട്ടിംഗ്‌ ലിസ്റ്റിലും ഉണ്ട്‌. തന്റെ കൈയില്‍ ഉള്ളത്‌ കള്ള ലിസ്റ്റ്‌ ആയിരിക്കും" എന്ന് പറഞ്ഞു. പേരില്ലാതെ വോട്ട്‌ ചെയ്യാന്‍ വിടില്ല എന്ന് അവനും. (അവന്റെ കൂടെ ഉള്ള ആള്‍ക്ക്‌ ഞങ്ങളെ അറിയാവുന്നതുകൊണ്ട്‌ അവന്‍ പറയുന്നുണ്ട്‌ വോട്ടുണ്ടാകും ചെയ്ത്‌ പൊയ്ക്കോട്ടെ എന്ന്.) ടീച്ചര്‍ പറഞ്ഞു ,ഞങ്ങളുടെ ഒക്കെ ലിസ്റ്റില്‍ നോക്കട്ടെ എന്ന്. അമ്മ പറഞ്ഞു മോളൂ, ഇവരു നോക്കിവെക്കുമ്പോഴേക്കും നിനക്ക്‌ വീട്ടില്‍ പോയിട്ട്‌ വേറെ ആരുടെയെങ്കിലും കൂടെ വരാം എന്ന്. എന്നെ വോട്ട്‌ ചെയ്യാന്‍ വിട്ടില്ലെങ്കില്‍ ഇവിടെ നിന്ന് ഇറങ്ങുന്ന പ്രശ്നം ഇല്ലെന്ന് ഞാന്‍ ഭീഷണി മുഴക്കി. ടീച്ചര്‍ അവിടെ ഇരുന്ന എല്ലാ പാര്‍ട്ടിക്കാരോടും നോക്കാന്‍ പറഞ്ഞു. രണ്ടെണ്ണത്തില്‍ ഉണ്ട്‌. ഓഫീസറുടെ മുന്നില്‍ ഉള്ള ലിസ്റ്റിലും ഉണ്ട്‌. പാര്‍ട്ടിക്കാരന്റെ നയം പൊളിഞ്ഞുപോയി. എനിക്ക്‌ ബാലറ്റ്‌ പേപ്പര്‍ തന്നു, മഷി പുരട്ടി, അങ്ങനെ വീരസാഹസികമായി ആദ്യ വോട്ട്‌ ചെയ്തു. പിന്നെ എന്റെ നാട്ടില്‍ എനിക്ക്‌ വോട്ട്‌ ചെയ്യാന്‍ പറ്റിയിട്ടില്ലെന്നത്‌ വേറെ കാര്യം.

Sunday, March 19, 2006

നയം

പ്രതീക്ഷ

നിലാവിന്റെ മേലാപ്പുള്ളൊരാ-
കായലിന്‍ കരയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ,
നിന്‍ പാദപതനത്തിനു കാതോര്‍ത്തു നിന്നൂ.
ചാരത്തു നില്‍ക്കുമാ തെങ്ങില്‍ ചാരി-
നിന്നൊരു പ്രേമഗാനം മൂളീ,
പ്രേമത്തിന്‍ നിര്‍വൃതി ആഞ്ഞെന്നെ പുല്‍കി.

അനുഭവം

പൂഴിമണലില്‍ പുതഞ്ഞുകിടന്നൊരു
ഞണ്ടു വന്നെന്നെ കടിച്ചു,
എന്റെ രണ്ട് കാലും തരിച്ചു.
പ്രേമം മറന്നുപോയ്‌,
പാട്ടു നിലച്ചുപോയ്‌,
പ്രാണനും കൊണ്ടു ഞാനോടി,
പ്രാണപ്രിയേ,
നിന്നെയോര്‍ക്കാതെ കാക്കാതെയോടി.

നയം വ്യക്തം

വേണ്ടാ നമുക്കൊരു സംഗമം,
ഇനിയാ നിലാവിന്റെ നിഴലില്‍.
ഞണ്ടുകള്‍ വിഡ്ഡികള്‍ എന്തറിഞ്ഞൂ,
പ്രണയവും, പ്രതീക്ഷയും, പൂനിലാവും.

Friday, March 17, 2006

വില!

ആനയ്ക്കിത്തിരി വലുപ്പം കുറഞ്ഞാല്‍,
ആനയെ പിന്നാര് വിലവെയ്ക്കും?

സിംഹത്തിനിത്തിരി ശൌര്യം കുറഞ്ഞാല്‍,
സിംഹത്തെ പിന്നാര് പേടിയ്ക്കും?

സൂര്യന്‍ ഇത്തിരി വെളിച്ചം തന്നില്ലേല്‍,
സൂര്യനെ പിന്നാര് കാത്തിരിക്കും?

കഴുതയ്ക്ക് ഭാരം ചുമക്കാനാവില്ലേല്‍,
കഴുതയ്ക്ക് പിന്നാര് ജോലി നല്‍കും?

മുളകിന് ഇത്തിരി എരിവില്ലെങ്കില്‍,
മുളകിനെ പിന്നാര് വകവെയ്ക്കും?

മനുഷ്യനിത്തിരി നന്മയില്ലെങ്കില്‍,
മനുഷ്യനെ പിന്നാര് സ്നേഹിക്കും?

ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തിയാല്‍
ദൈവത്തെ പിന്നാര് പ്രാര്‍ഥിക്കും?

Tuesday, March 14, 2006

വെള്ളം!

ഉമ്മച്ചനു 50 വയസ്സായപ്പോഴാണ് രോഗങ്ങളും വീട്ടില്‍ വന്നു കയറാന്‍ തുടങ്ങിയത്‌. ബിസിനസ്സ്‌ നോക്കി നടത്തല്‍, ഭക്ഷണം കുശാലായി കഴിക്കല്‍, വെള്ളമടി, ഇതിലൊന്നും ഒരു കുറവും കാണിക്കാത്ത ഒരാള്‍ ആയിരുന്നു ഉമ്മച്ചന്‍. അങ്ങനെ ഒരു സുഖിമാന്‍ ആയി നടക്കുകയാണ് ആള്‍.

ബി.പി. കുറച്ച്‌ കൂടുതല്‍ ഉണ്ടെന്ന് ഡോക്ടര്‍ കണ്ടുപിടിച്ചപ്പോഴാണ്, തനി കേരളീയനായ ഉമ്മച്ചന് ആയുര്‍വേദ ചികിത്സ തന്നെയാവാം എന്ന് തോന്നിയത്‌. ഒരു ആയുര്‍വേദകേന്ദ്രത്തില്‍പ്പോയി, ഉഴിച്ചിലും പിഴിച്ചിലും ഒക്കെ നടത്തി. വൈദ്യര്‍ കൊടുത്ത ഉപദേശങ്ങളും വാങ്ങി വീട്ടിലെത്തി. കൂട്ടുകാരോടും നാട്ടുകാരോടും, വീട്ടുകാരോടും ചികിത്സയുടെ മാഹാത്മ്യം പറഞ്ഞു കേള്‍പ്പിച്ചു.

പിറ്റേന്ന് ഇരുട്ടിയപ്പോള്‍ ഉമ്മച്ചനെ ബാറിനു മുന്നില്‍ കണ്ട്‌ പലരും ഞെട്ടി. ചികിത്സയും കഴിഞ്ഞ്‌ പിന്നേം പഴയ പരിപാടിയില്‍ തന്നെ എത്തിയോ എന്ന് വിചാരിച്ച്‌ പരിചയക്കാര്‍ ഉമ്മച്ചനെ സമീപിച്ചു.

ഉമ്മച്ചന്‍ പറഞ്ഞു " ചികിത്സകന്‍ പറഞ്ഞിട്ട്‌ തന്നെയാ വന്നത്‌. അയാള്‍ പറഞ്ഞത്‌ മൂന്നിലൊരു ഭാഗം ആഹാരം, ഒരു ഭാഗം കാലി, പിന്നൊരു ഭാഗം വെള്ളവും ആയിരിക്കണമെന്നാ. പച്ചവെള്ളം കുടിച്ചാല്‍ മൂന്നിലൊരു ഭാഗം നിറയുമോ? അതുകൊണ്ട്‌ ഈ "വെള്ളം" ആയിക്കോട്ടേന്ന് വെച്ചു".

കേട്ടവര്‍ക്ക്‌ ബാറില്‍ കയറാതെ തന്നെ ബോധം പോയി.

Sunday, March 12, 2006

സോണു- സ്വീറ്റി

സോണുവും സ്വീറ്റിയും മുറിയിലിരുന്ന് പുറത്തെ ചര്‍ച്ച ശ്രദ്ധിച്ചു. മമ്മിയുടെയും ഡാഡിയുടെയും കൂട്ടുകാരുണ്ട്‌, വല്യ ഡാഡിയും, വല്യ മമ്മിയുമുണ്ട്‌- ഡാഡിയുടെ ഡാഡിയും മമ്മിയും. പിന്നെ സോണുവിന്റേയും സ്വീറ്റിയുടെയും കാര്യങ്ങള്‍ നോക്കാന്‍ നിര്‍ത്തിയിരിക്കുന്ന കമലാന്റി വന്നവര്‍ക്കൊക്കെ ചായ കൊടുത്തുംകൊണ്ട് അവിടെ വന്നും പോയീം ഇരിക്കുന്നു. മമ്മിയുടെ ഡാഡിയും മമ്മിയും എന്തോ തിരക്കില്‍ ആണെന്നും രണ്ട്‌ ദിവസം കഴിഞ്ഞാല്‍ എത്തുമെന്നും സിനി ആന്റി ആരോടോ പറയുന്നത്‌ അവര്‍ കേട്ടിരുന്നു. സിനി ആന്റി നാലു ദിവസമായി വീട്ടിലുണ്ട്‌. മമ്മിയുടെ അടുത്ത കൂട്ടുകാരിയാണ്. വല്യ ഡാഡിയും മമ്മിയും വന്നിട്ട്‌ 3 ദിവസം ആയി. പക്ഷെ പതിവുപോലെ അവരുടെ കൂടെ കളിക്കാനും ചെന്നില്ല, പുറത്തൊന്നും കൊണ്ടുപോയതുമില്ല. ഒക്കെയ്ക്കും കാരണം ഡാഡിയാണ്. എവിടെ പോയതായിരിക്കും എന്ന് സ്വീറ്റി ചോദിച്ചപ്പോള്‍ സോണുവിന് ഒരുത്തരവും കിട്ടിയില്ല.

നാലുദിവസം മുന്‍പ്‌ പതിവുപോലെ അവര്‍ എഴുന്നേറ്റ്‌ വരുന്നതിനുമുന്‍പു തന്നെ ഡാഡിയും മമ്മിയും ജോലിക്ക്‌ പോയിരുന്നു. ചില ദിവസം വൈകീട്ട്‌ അവര്‍ വന്നു കഴിയുമ്പോഴേക്കും എത്തും. ചില ദിവസം അവര്‍ ഡാഡിയേയും മമ്മിയെയും കാണാറേ ഇല്ല. വലിയ ഏതോ കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജോലി ആണെന്നാണ് കമലാന്റി അവര്‍ക്ക്‌ പറഞ്ഞുകൊടുത്തിരിക്കുന്നത്‌. സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ ആണെന്ന് ടീച്ചര്‍ ചോദിക്കുമ്പോള്‍ പറയണം എന്ന് മമ്മി പഠിപ്പിച്ചിട്ടുണ്ട്‌.

നാലു ദിവസം മുമ്പ്‌ വൈകുന്നേരം സ്കൂള്‍ വിട്ട്‌ വന്ന് കമലാന്റി കൊടുത്ത ഭക്ഷണവും കഴിച്ച്‌ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡാഡിയും മമ്മിയും വന്നത്‌. കാറിന്റെ പിന്നാലെ ഓടിച്ചെന്നെങ്കിലും രണ്ടാളും അവരെ ശ്രദ്ധിക്കാതെ അകത്തേക്ക്‌ പോയി. പതിവില്ലാത്തവിധം രണ്ടാളുടെയും സ്വരം ഉയര്‍ന്നുകെട്ടപ്പോഴാണ് കളി നിര്‍ത്തി അവര്‍ അകത്തേക്ക്‌ ചെന്നത്‌.

"എത്ര വല്യ വിദേശമായാലും കുട്ടികളെ വിട്ടിട്ട്‌ പോകുന്ന പ്രശ്നമില്ല. നിനക്ക്‌ എങ്ങനെ തോന്നി ഇതൊക്കെപ്പറയാന്‍" ഡാഡി ദേഷ്യപ്പെടുന്നത്‌ അവര്‍ ആദ്യമായിട്ട്‌ കേള്‍ക്കുകയായിരുന്നു.

മമ്മിയും നല്ല ദേഷ്യത്തില്‍ ആയിരുന്നു. "ആറു മാസം. ആറു മാസം പോകുന്നത്‌ അറിയുക പോലുമില്ല. വിജയ്‌ ഒറ്റയ്ക്ക്‌ കുട്ടികളെ നോക്കണമെന്ന് പറയുന്നില്ലല്ലോ. ഡാഡിയും മമ്മിയും വരും. കമലാന്റിയും ഉണ്ട്‌. ഈ പ്രൊജക്റ്റ്‌ എന്നെത്തന്നെ ഏല്‍പ്പിക്കാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. ഞാന്‍ കുറേ ദിവസം മുമ്പ്‌ തന്നെ പറഞ്ഞതല്ലേ, ഇനി വേണ്ടാന്ന് വെക്കുന്ന പ്രശ്നമില്ല."

വഴക്ക്‌ കേട്ട്‌ അമ്പരന്ന് നില്‍ക്കുമ്പോഴാണ് കമലാന്റി രണ്ടുപേരേയും അവരുടെ മുറിയില്‍ കൊണ്ടുചെന്നാക്കിയത്‌. കളിപ്പാട്ടങ്ങളില്‍ താല്‍പര്യം കാണിക്കാതെ പുറത്തെ വഴക്കിനു കാതോര്‍ത്തു. അന്ന് ഇറങ്ങിപ്പോയതാണ് ഡാഡി. മമ്മി പിന്നെ ഓഫീസില്‍ പോയില്ല. അവര്‍ പക്ഷെ പതിവുപോലെ സ്കൂളില്‍ പോയി. മമ്മി വീട്ടില്‍ത്തന്നെ ഉണ്ടല്ലോയെന്ന് ഓരോ ദിവസവും സന്തോഷിച്ചു. എല്ലാവരും വരാനും പോകാനും തുടങ്ങിയപ്പോള്‍ മമ്മിയ്ക്ക്‌ തിരക്കുതന്നെ. അഞ്ച്‌ ദിവസമായി.

“സ്വീറ്റീ”
"എന്താ ഏട്ടാ?"
"നമുക്ക്‌ ഡാഡി എവിടെയാണെന്ന് കണ്ടുപിടിക്കാം?"
"എങ്ങനെ?"
"ഗൂഗിള്‍ സെര്‍ച്ച്‌ നടത്തിയാല്‍ എന്തുവേണമെങ്കിലും കണ്ടുപിടിക്കാമെന്ന് മമ്മി പറഞ്ഞു തന്നിട്ടില്ലേ"
“ഉം, എന്നാല്‍ മമ്മി-ഡാഡിയുടെ റൂമില്‍പ്പോയി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാം, വാ"
" ഉം, നടക്ക്‌ ".

പുറത്തെ ചര്‍ച്ചയ്ക്ക്‌ ആഴം വീണ്ടും കൂടിയപ്പോള്‍ സോണുവും സ്വീറ്റിയും ഡാഡിയെ തിരയുകയായിരുന്നു.

Thursday, March 09, 2006

കുഞ്ഞമ്മാന്റെ സന്ദേശം!

കുഞ്ഞമ്മാന്‍ എന്ന് നാട്ടുകാരും ബന്ധുക്കളും വിളിക്കുന്ന കുഞ്ഞൂഞ്ഞ്‌ ചേട്ടന്‍ 70 വയസ്സായ, സ്വസ്ഥമായി വീട്ടിലിരിക്കുന്ന ഒരാളാണ്. ഹോബി എന്താണെന്ന് ചോദിച്ചാല്‍ കുഞ്ഞമ്മാന്‍ പറയും ടി.വി. കാണല്‍ ആണെന്ന്. വിദേശത്തുള്ള മക്കളിലൊരാള്‍ അയച്ചുകൊടുത്ത മൊബൈല്‍ ഫോണും എടുത്ത്‌, ലൈവ്‌ ആയിട്ടുള്ള ടി. വി. പരിപാടികളിലേക്കൊക്കെ സന്ദേശം അയക്കുക എന്നാതാണ് കുഞ്ഞമ്മാന്റെ ലേറ്റസ്റ്റ്‌ പരിപാടി. അയയ്ക്കുന്ന സന്ദേശങ്ങള്‍ എന്തായിരിക്കണം എന്നതിനെപ്പറ്റി ആലോചിച്ച്‌ തലപുകയ്ക്കാന്‍ കുഞ്ഞമ്മാനു നേരമില്ല. അതുകൊണ്ട്‌ മറ്റുള്ളവര്‍ അയക്കുന്ന സന്ദേശങ്ങള്‍ അതേപടി പകര്‍ത്തി തന്റെ പേരും വെച്ച്‌ അയക്കുകയാണ് പതിവ്‌. അങ്ങനെ സന്ദേശങ്ങള്‍ മുടങ്ങാതെ അയക്കുകയും ടി.വി. യില്‍ തന്റെ പേരു വരുന്നതുകണ്ട്‌ സന്തോഷിച്ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

അന്നും പതിവുപോലെ ടി.വി. ദര്‍ശനം തുടങ്ങി. സന്ദേശങ്ങള്‍ അയക്കുകയും പരിപാടികള്‍ കാണുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് ഒരു സന്ദേശം വന്നത്‌. കുഞ്ഞമ്മാന്‍ സ്പീഡില്‍ അതും പകര്‍ത്തി തന്റെ പേരും വെച്ച്‌ അയച്ചു.

സന്ദേശം ഇതായിരുന്നു. ‘ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന എന്റെ ഭാര്യ ശ്രീക്കുട്ടിക്ക്‌ (അഡ്രസ്സ്‌ ) ഒരായിരം ഉമ്മകള്‍. ഐ ലവ്‌ യൂ ശ്രീക്കുട്ടീ....’ . ആദ്യം ശ്രീക്കുട്ടിയുടെ ഭര്‍ത്താവിന്റെ പേരും വെച്ച്‌ വന്ന സന്ദേശം ഉടനെത്തന്നെ കുഞ്ഞമ്മാന്റെ പേരും വെച്ച്‌ വന്നപ്പോള്‍ ശ്രീക്കുട്ടിയും, അകലെയിരുന്നു പ്രിയപ്പെട്ടവള്‍ക്ക്‌ സന്ദേശം അയച്ച ഭര്‍ത്താവും, പരിപാടി കണ്ടുകൊണ്ടിരുന്ന മറ്റു ജനങ്ങളും ഒരുപോലെ ഞെട്ടി.

Wednesday, March 08, 2006

വനിതാദിനം!

ഇന്ന് വനിതാ ദിനം.

പുരോഗമനം ഏറെയുള്ള ഇക്കാലത്ത് വനിതകള്‍ ഒരു മേഖലയിലും പിന്നിലല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു.

വനിതകള്‍ക്ക് വേണ്ടി, അവരുടെ കഴിവുകളും പ്രവൃത്തികളും കണ്ടറിയാന്‍ വേണ്ടി ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യം ഇല്ല. എന്നും തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും അവരുടെ സന്തോഷത്തിലും ദു:ഖത്തിലും ഒരുപോലെ പങ്കാളികളാകാന്‍ തീരുമാനിക്കുകയും ചെയ്യേണ്ടത് ഓരോ ആളുടേയും കടമയാണ്.

ലോകത്തെവിടെയും ആള്‍ക്കാര്‍, മഹിളകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. അതു പോലെ തന്നെ ചിലര്‍ സ്ത്രീകളുടെ മഹത്വം അറിയാതെ, അറിയാന്‍ ശ്രമിക്കാതെ ,അപമാനിക്കുകയും ചെയ്യുന്നുണ്ട്.

അവര്‍ അമ്മയായും, സഹോദരിയായും, കൂട്ടുകാരിയായും, ഭാര്യയായും, മകളായും, സഹപ്രവര്‍ത്തകയായും, സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പല സംഭാവനകളും ചെയ്ത് ജീവിക്കുന്നു.

എതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ട്. ആ‍ സ്ത്രീയുടെ പിന്നാലെ അയാളുടെ ഭാര്യയും എന്ന ചൊല്ല് എല്ലാവരും കേട്ടുകാണും. ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടില്ലേ. സ്ത്രീകളെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് എന്നും നന്മകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. “പെണ്‍ചൊല്ല് കേള്‍ക്കുന്നവന്‍ പെരുവഴിയില്‍” എന്നത് അനുസരണയില്ലാത്തവര്‍ വെറുതെ ഉണ്ടാക്കിവെച്ച ഒരു പഴഞ്ചൊല്ലാണ്. വീട്ടിലുള്ള സ്ത്രീകളെപ്പോലെ തന്നെ മറ്റുള്ള സ്ത്രീകളേയും കാണാനും ബഹുമാനിക്കാനും കഴിയുന്നവര്‍ക്ക് അതൊരു ഭാഗ്യം തന്നെയാണ്.

സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുക്കള്‍ ആവുന്നതായിട്ടാണ് പലപ്പോഴും കണ്ടുവരുന്നത്. മറ്റുള്ളവരെ ദ്രോഹിച്ചും ചതിച്ചും സ്വയം അപമാനിതരാവുകയാണ് ചിലര്‍.

ഭാരതത്തില്‍ ഒരുപാട് ആദരണീയരായ മഹിളകള്‍ ഉണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗം സഹിച്ചും നന്മ മാത്രം ചെയ്തും ജീവിച്ചവര്‍.

കൌമാരത്തില്‍ പിതാവും, യൌവനത്തില്‍ ഭര്‍ത്താവും, വാര്‍ദ്ധക്യത്തില്‍ പുത്രനും രക്ഷിക്കും നഹി നഹി എന്നെഴുതിയിട്ട് ശരിക്ക് കുത്തും കോമയും പാരഗ്രാഫും തിരിക്കാ‍തെ വെച്ച ഒറ്റ കാരണത്തില്‍ ആണ് സ്ത്രീകള്‍ സ്വാതന്ത്ര്യം ഇല്ലാത്തവരെപ്പോലെ കഴിയാന്‍ വിധിക്കപ്പെട്ടത്. (അതുകൊണ്ട് ബ്ലോഗെഴുതുന്നവര്‍ പാരഗ്രാഫും, കുത്തും, കോമയും ഒക്കെ ശ്രദ്ധിച്ച് വെക്കേണ്ടതാണ്. നിങ്ങളുടെ മഹദ്വചനങ്ങള്‍ക്ക് നിങ്ങള്‍ കാണാത്ത അര്‍ത്ഥം വന്നു പോകും ഇല്ലെങ്കില്‍).

സ്ത്രീകള്‍ എല്ലാം സഹിച്ച് കഴിയുന്നത് ഭീരുത്വം കൊണ്ടാണെന്ന് ആരും കരുതരുത്. അതവരുടെ നന്മ മാത്രം ആയിരിക്കും. നാരികള്‍ക്ക് നരിയാവാനും കഴിയും( ഭീഷണി). അതിനിട വരുത്താതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.
“ഇഷ്ടമല്ലെടാ.. എനിക്കിഷ്ടമല്ലെടാ” എന്ന പാട്ട് പാടിപ്പിക്കരുതെന്നര്‍ത്ഥം.

മറ്റുള്ളവര്‍ക്ക് വേണ്ടി എല്ലാം സഹിച്ചും ത്യജിച്ചും മനസ്സില്‍ ഒരുപാട് നന്മ സൂക്ഷിച്ചും, ജീവിച്ച് മരിക്കുന്ന സ്ത്രീജന്മങ്ങളെക്കുറിച്ച് - സ്വന്തം വീട്ടിലേത് ആയാലും, നാട്ടിലേത് ആയാലും- ഇടയ്ക്കെങ്കിലും ഓര്‍ക്കുക. അവര്‍ അബലകള്‍ അല്ലെന്നും നിങ്ങളുടെ ജീവിതത്തിന്റെ ബലം തന്നെ അവരാണെന്നും ഓര്‍ക്കുക.

അമ്മയെപ്പോലെ, സഹോദരിയെപ്പോലെ, കൂട്ടുകാരിയെപ്പോലെ സ്നേഹിക്കുക, മകളെപ്പോലെ ലാളിക്കുക. കണ്ണില്‍ കണ്ണുനീരിന് ഇടകൊടുക്കാതെ, മുഖത്ത് പുഞ്ചിരിയും മനസ്സില്‍ സന്തോഷവും എന്നും ഉണ്ടാക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതാണ്.

ലോകത്തുള്ള എല്ലാ വനിതകള്‍ക്കും ഒരു നല്ല ദിനം ആശംസിക്കുന്നു.


Tuesday, March 07, 2006

ഡോക്ടര്‍!

ഇന്നെന്റെ പതിനെട്ടാം പിറന്നാള്‍ ആണ്. മുത്തശ്ശന്‍ എനിക്കു വേണ്ടി പണികഴിപ്പിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ വി. ഐ. പി. റൂമിലാണ് ഞാനിപ്പോള്‍. സുഹൃത്തുക്കളും വീട്ടുകാരും പിറന്നാള്‍ ആഘോഷത്തിനു വരുന്നതിനുമുന്‍പ്‌ അല്‍പം സ്വകാര്യനിമിഷങ്ങള്‍.

നാളെ മുതല്‍ ഈ ഹോസ്പിറ്റലിന്റെ ഏക അവകാശി ഞാന്‍ ആണ്. അമ്മയുടെ ഉദരത്തില്‍ കുഞ്ഞായിട്ടല്ല ഞാന്‍ കിടന്നത്‌. ഭാവി ഡോക്ടര്‍ ആയിട്ടാണ്. ഞാന്‍ വരുന്നു എന്നറിഞ്ഞ നിമിഷം അമ്മയും അച്ഛനും പറഞ്ഞിരിക്കുക നമ്മുടെ കൊച്ചു ഡോക്ടര്‍ വരുന്നു എന്നായിരിക്കും. മുത്തശ്ശിയുടെ കൈയിലേക്ക്‌ എന്നെ വെച്ചുകൊടുക്കുമ്പോള്‍ നഴ്സമ്മ പറഞ്ഞതും അതാണ് " ദാ നിങ്ങളുടെ കൊച്ചുഡോക്ടര്‍."

ഡോക്ടര്‍മാര്‍ മാത്രമുള്ള ഒരു വലിയ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. മുത്തശ്ശന്റെ ഇളയമകന്‍ എന്ന നിലയില്‍ അച്ഛനുള്ള സ്ഥാനം പോലെ തന്നെ കുടുംബത്തിലെ ഏറ്റവും ഇളയ ആള്‍ എന്ന നിലയില്‍ എനിക്ക്‌ വല്യ പരിഗണന ആയിരുന്നു. ഞാന്‍ പത്താം ക്ലാസ്സിലെത്തിയപ്പോഴാണ് മുത്തശ്ശന്‍ ഈ ഹോസ്പിറ്റല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങിയത്‌. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ചുമതല എന്നെ ഏല്‍പ്പിക്കാമല്ലോയെന്നും പറഞ്ഞു. മോന്റെ പഠിത്തം കഴിഞ്ഞാല്‍ ഈ ഹോസ്പിറ്റല്‍ നോക്കിനടത്തേണ്ടത്‌ മോനാണെന്ന് പലവട്ടം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. പഠിത്തത്തിന്റെ ഓരോ ഘട്ടത്തിലും ഡോക്ടര്‍ - ഹോസ്പിറ്റല്‍ മന്ത്രം മുഴങ്ങിക്കൊണ്ടിരുന്നു.

ഇന്നെന്റെ പതിനെട്ടാം പിറന്നാള്‍. നാളെ ഈ ഹോസ്പിറ്റലിന്റെ മേല്‍നോട്ടം എനിക്ക്‌ തരാന്‍ തീരുമാനിച്ച ദിവസം ആണ്. പ്രായപൂര്‍ത്തി ആയാല്‍പ്പിന്നെ മരിക്കുന്നതുവരെ ഇതിന്റെ ഉത്തരവാദിത്വം എന്റെ മാത്രം കാര്യമാണെന്ന് മുത്തശ്ശന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടുണ്ട്‌.

പ്രായപൂര്‍ത്തിയാവുന്ന ദിവസം മുതല്‍ എന്റെ പേരിലേക്കാവുന്ന ഹോസ്പിറ്റല്‍. ഇനി ഇതിന്റെ മേല്‍നോട്ടം എനിക്കാണ്. മുത്തശ്ശന്‍ എഴുതിവെച്ചത്‌ പ്രകാരം. മരിക്കുന്നതുവരെ. എന്റെ മേല്‍നോട്ടം ഈ ഹോസ്പിറ്റലിനും. ദൈവം എഴുതിവെച്ചത്‌ പ്രകാരം! പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞപ്പോഴാണ് തലവേദന വന്നു തുടങ്ങിയത്‌. മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുന്നതിനു മുന്‍പ്‌ തന്നെ ഇവിടെയെത്തി എന്ന് പറയാം. പിന്നെ പരീക്ഷണങ്ങളിലൂടെയും പ്രാര്‍ത്ഥനകളിലൂടേയും ഒരു പാട്‌ ദൂരം സഞ്ചരിച്ചു. പിറന്നാളില്‍ എത്തി നില്‍ക്കുന്നു. ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് സ്ഥിരീകരിച്ച്‌ കഴിഞ്ഞിട്ട്‌ തന്നെ കുറേ നാള്‍ ആയി. മരുന്നുകള്‍ പരീക്ഷണങ്ങള്‍. കുടുംബത്തിലെ ആളുകള്‍ മുഴുവന്‍ ഇവിടെ ഉള്ളപ്പോള്‍ വേറെ ഹോസ്പിറ്റല്‍ എന്തിന്? അങ്ങനെ ഞാന്‍ എന്റെ സ്വന്തമാകാന്‍ പോകുന്ന ഹോസ്പിറ്റലില്‍ സ്വപ്നം കണ്ടുകൊണ്ട്..... അങ്ങനെ... അങ്ങനെ...

Monday, March 06, 2006

സു- ചിന്തകള്‍.

ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍...

ഏതെങ്കിലും ലാന്‍ഡ്‌ ലൈനിലേക്കെങ്കിലും വിളിക്കാമായിരുന്നു.

ഒരു ആനയുണ്ടായിരുന്നെങ്കില്‍...

ഏതെങ്കിലും ഒരു ഉത്സവത്തിന് കൊണ്ടുപോകാമായിരുന്നു.

ഒരു വാച്ച്‌ ഉണ്ടായിരുന്നെങ്കില്‍...

വെറുതെ അത്‌ നോക്കി സമയം കളയാമായിരുന്നു.

ഒരു ജോലിയുണ്ടായിരുന്നെങ്കില്‍...

മനസ്സമാധാനമായിട്ട്‌ ഒരു ലീവ്‌ എടുക്കാമായിരുന്നു.

സ്വന്തമായിട്ട്‌ ഒരു വീടുണ്ടായിരുന്നെങ്കില്‍...

അത്‌ വാടകയ്ക്ക്‌ കൊടുക്കാമായിരുന്നു.

ഒരു പനി വന്നിരുന്നെങ്കില്‍...

മൂടിപ്പുതച്ച്‌ കിടക്കാമായിരുന്നു.

ഒരു നല്ല പുസ്തകം കിട്ടിയിരുന്നെങ്കില്‍...

അതും അടുത്ത്‌ വെച്ച്‌ പകലുറങ്ങാമായിരുന്നു.

ഒരു ബൈനോക്കുലര്‍ ഉണ്ടായിരുന്നെങ്കില്‍...

അയല്‍പക്കത്തെ മാങ്ങയ്ക്ക്‌ കണ്ണുവെക്കാമായിരുന്നു.

സ്വരം നന്നായിരുന്നെങ്കില്‍...

പാട്ട് നിര്‍ത്താമായിരുന്നു.

ഒരു നല്ല സിനിമാക്കഥ കിട്ടിയിരുന്നെങ്കില്‍...

റോഷന്‍ ആന്‍ഡ്രൂസിനെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കാമായിരുന്നു.

ഒരു നല്ല ആശയം കിട്ടിയിരുന്നെങ്കില്‍...

ബ്ലോഗില്‍ നല്ലൊരു പോസ്റ്റിടാമായിരുന്നു.

Saturday, March 04, 2006

ഒച്ച!

പ്രഭാതം പൊട്ടിവിടര്‍ന്നു.

ഓ.. അത് പൊട്ടിയ ഒച്ച ആയിരുന്നോ കേട്ടത്?

Friday, March 03, 2006

പറയൂ.....

പറയാന്‍ ഒന്നും ഇല്ലാത്തപ്പോള്‍,
പറയേണ്ടാത്തത്‌ പറയുന്നതിനേക്കാള്‍ ഭേദമാണല്ലോ,

പറയാനുള്ളപ്പോള്‍ പറയാനുള്ളത്‌ പറയുന്നത്‌,

എന്ന് പറയുമ്പോള്‍ത്തന്നെ,

പറയാനുള്ളതും പറയാന്‍ ഇല്ലാത്തതും,

പറയേണ്ടതും പറയേണ്ടാത്തതും,

പറയാനും പറയാതിരിക്കാനും പറയുന്നത്‌,

എന്ന് പറഞ്ഞാല്‍ പറയാനുള്ളതേത്‌,

പറയാനില്ലാത്തതേത്‌,

എന്ന് പറഞ്ഞുകൊടുക്കേണ്ടി വന്നാല്‍,

പറയാനുള്ളവരും പറയാനില്ലാത്തവരും,

പറഞ്ഞിട്ടും പറഞ്ഞില്ലെന്ന് പറയുന്നവരും,

പറയാത്തത്‌ പറഞ്ഞെന്നു പറയുന്നവരും,

പറയില്ലെങ്കില്‍ പറയേണ്ട എന്നു പറയുന്നവരും,

പറയൂ, പറയൂ എന്ന് പറയുന്നവരും,

പറയാം, പറയാം എന്ന് പറയുന്നവരും,

പറഞ്ഞോ, പറഞ്ഞോ എന്ന് ചോദിക്കുന്നവരും,

പറഞ്ഞ്‌ പറഞ്ഞ്‌ പറയിപ്പിക്കും എന്ന് പറയാം.

Thursday, March 02, 2006

കഴിഞ്ഞ കഥ!

കരളിനെപ്പോലെ കണ്ടവള്‍,

കാത്തുനില്‍ക്കാതെ കടന്നുകളഞ്ഞപ്പോള്‍,

കദനം നിറഞ്ഞൊരു കഥയെഴുതി,

കഥയ്ക്കല്‍പ്പം ക. കിട്ടി.

കിട്ടിയത്‌ കൊണ്ട്‌ കള്ള്‌ വാങ്ങി,

കുടിച്ച്‌ കുടിച്ച്‌ കഥ കഴിഞ്ഞു.