Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, July 31, 2007

അവള്‍

ആദ്യമാദ്യമൊന്നും രാഖിയ്ക്ക്, അവളെക്കൊണ്ട് ഒരു വിഷമവും തോന്നിയില്ല. അവള്‍ വന്ന് ഒളിഞ്ഞും തെളിഞ്ഞും ചിരിച്ചുപോകുന്നത് കാര്യമാക്കിയതേയില്ല. കുറച്ചുകഴിഞ്ഞപ്പോള്‍, ആശങ്കയായിത്തീര്‍ന്നു. അവളെക്കൊണ്ട്, ഇനി തന്റെ ഭര്‍ത്താവിനു സ്നേഹം കുറഞ്ഞുപോകുമോന്നൊരു പേടി. അദ്ദേഹത്തിന്റെ ശ്രദ്ധ അങ്ങോട്ട് തിരിയുമോ. വാരാന്ത്യത്തിലെ ഒത്തുകൂടലില്‍, കൂട്ടുകാരികളില്‍ ചിലര്‍ സ്നേഹത്തോടെ താക്കീതും തന്നപ്പോള്‍ രാഖി പിന്നെ ഒന്നും ചിന്തിച്ചില്ല. അവളെ നശിപ്പിക്കുക തന്നെ. പിറ്റേന്ന് ഭര്‍ത്താവും കുട്ടികളും വീട്ടില്‍നിന്നിറങ്ങിയപ്പോള്‍, രാഖി തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി. അവളെ ഇല്ലാതാക്കി. വൃത്തിയാക്കിക്കഴിഞ്ഞ് കണ്ണാടിയില്‍ നോക്കിയപ്പോള്‍, തലയിലെ കറുത്ത മുടികള്‍ അവളെ അനുകമ്പയോടും, അല്പം പേടിയോടേയും നോക്കി. തങ്ങളുടെ ഊഴം വരുന്നത്, രാഖിയുടെ ശത്രു ആവുന്നത്, എപ്പോഴാണെന്നറിയില്ലല്ലോ. എന്നാലും രാഖി, തല്‍ക്കാലത്തേക്ക് ആശ്വസിച്ച്, വീട്ടുജോലികളില്‍ മുഴുകി.

Labels:

Sunday, July 29, 2007

മൊബൈല്‍ ഫോണ്‍ ‍മാനിയ

പത്ത്‌ പതിനഞ്ചുവര്‍ഷം മുമ്പ്‌ നമ്മള്‍ റസ്റ്റോറന്റിലോ, പാര്‍ക്കിലോ, കടല്‍ത്തീരത്തോ പോയാലുള്ള ദൃശ്യം നമുക്കറിയാം. ആഹ്ലാദിക്കുന്ന കുഞ്ഞുങ്ങള്‍, അവരെ സ്നേഹത്തോടെ ശാസിക്കുകയും, വീണ്ടും സംഭാഷണങ്ങളില്‍ മുഴുകുകയും ചെയ്യുന്ന മാതാപിതാക്കള്‍. ഭക്ഷണം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുന്നു. കൂടെ കളിക്കുന്നു. തിരയെ തൊട്ട്‌ കളിക്കുന്നു. വരുന്നവരേയും പോകുന്നവരേയും വീക്ഷിച്ച്‌, ചെറുപ്പക്കാര്‍ ഓരോ കമന്റ്‌ പറയുന്നു. അവളെത്ര സുന്ദരിയാണ്‌, അവനെത്ര സുന്ദരനാണ് എന്ന് പറയുന്നു. ഇന്നു പക്ഷെ, സ്ഥിതിയാകെ മാറിപ്പോയി. ജീവിതം തിരക്കിലേക്കെത്തിപ്പോയി. ആര്‍ക്കും ആരേയും നോക്കാന്‍ നേരമില്ല. മിണ്ടാന്‍ സമയമില്ല, കേള്‍ക്കാന്‍ സമയമില്ല. ഇവിടങ്ങളിലൊക്കെ കണ്ടുമുട്ടിയാലോ ഒരു ഹായ്‌ ഹലോയില്‍ ഒതുക്കുന്നു സൌഹൃദം. ഇവരൊക്കെ സ്വയം മാറിയതാവും എന്നു ആരും കരുതരുത്‌. അവിടെയാണ്‌ കടന്നുവരുന്നത്‌. മൊബൈല്‍ ഫോണ്‍.

മൊബൈല്‍ കയ്യില്‍ ഉണ്ടെങ്കില്‍, ആദ്യം കുറേ ദിവസങ്ങളില്‍ നിങ്ങളുടെ കാര്യങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ പറ്റും. പിന്നെയുള്ള കാലം നിങ്ങളെക്കൊണ്ട് ആവശ്യമുള്ളവരുടെ കാര്യങ്ങളാവും നിങ്ങള്‍ ചെയ്യുന്നത് എന്ന് പറയാറുണ്ട്.

മൊബൈല്‍ ഫോണിലേക്ക്‌ മയങ്ങി, അതിലേക്കങ്ങ്‌ സ്വയം അര്‍പ്പിച്ചുകൊടുത്തിരിക്കുകയാണ്‌ പലരും.

കഴിഞ്ഞയാഴ്ച ഞങ്ങള്‍ റസ്റ്റോറന്റില്‍ പോയപ്പോള്‍, രണ്ടു പെണ്‍കുട്ടികള്‍ വന്നു. രണ്ടാളുടെ കൈയിലും ഫോണ്‍ ഉണ്ട്‌. ഇരുന്നപാടേ ഒരാള്‍ ആരെയോ വിളിക്കാനും, മറ്റേയാള്‍ ആര്‍ക്കോ മെസ്സേജ്‌ അയക്കാനും തുടങ്ങി. വെയിറ്റര്‍ വന്നു കുറച്ച്‌ വെയിറ്റ്‌ ചെയ്തു. ആരു നോക്കാന്‍. അവരും അവരുടെ ഫോണും മാത്രം ഉള്ള ലോകത്തില്‍ ആയിരുന്നു അവര്‍. വെയിറ്റര്‍, മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് വെള്ളം എടുത്ത്‌ രണ്ട്‌ ഗ്ലാസ്സ്‌ എടുത്ത്‌ ടക്‌ ടക്‌ എന്നുവെച്ച്‌ അതിലേക്ക്‌ ഒഴിക്കാന്‍ തുടങ്ങി. ആദ്യം ചെയ്യേണ്ടതായിരുന്നു അത്‌. എന്താ വേണ്ടത്‌ എന്നു ചോദിച്ചപ്പോള്‍ മെസ്സേജ്‌ അയച്ചുകൊണ്ടിരുന്നവള്‍ അതൊക്കെ നിര്‍ത്തിവെച്ച്‌, മറ്റേ കുട്ടിയ നോക്കി. അവളിപ്പോഴൊന്നും അവസാനിപ്പിക്കുന്ന മട്ടില്ല. കൈകൊണ്ട്‌ നീ ഓര്‍ഡര്‍ ചെയ്തോയെന്ന് ആംഗ്യം കാണിച്ചു. അവള്‍ മെനു കാര്‍ഡ്‌ നോക്കി എന്തോ ഓര്‍ഡര്‍ ചെയ്ത്‌ പിന്നെയും തുടങ്ങി. ആ അരമണിക്കൂറിനിടയില്‍ അവര്‍ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ലെന്ന് ഞാന്‍ ശ്രദ്ധിച്ചു. ഭക്ഷണം കഴിച്ച്‌ എണീറ്റു പോകുന്നതിനിടയിലും അവര്‍ ആരേയും ശ്രദ്ധിക്കുകയോ, പരിചയം ഭാവിക്കുകയോ ചെയ്തില്ല. ഏതെങ്കിലും ടേബിളില്‍, അവരുടെ വേറെ സുഹൃത്തുക്കള്‍ ഉണ്ടോയെന്നോ, അപരിചതരാണെങ്കിലും, ചുറ്റുമുള്ളവരെയൊക്കെ ഒന്ന് നോക്കണമെന്നോ അവര്‍ ഭാവിച്ചതേയില്ല. എത്ര വാക്കുകള്‍ അവര്‍ ഫോണില്‍ അല്ലാതെ ദിവസേന ഉച്ചരിക്കുന്നുണ്ടാവും എന്നു ഞാന്‍ ആശ്ചര്യത്തോടെ ഓര്‍ത്തു.

ഒരിക്കല്‍, റോഡില്‍ക്കൂടെ പോകുന്ന ഒരു കുട്ടി, ചെവിയില്‍ മൊബൈല്‍ ഫോണും ചേര്‍ത്തുപിടിച്ച്‌, കഥയും പറഞ്ഞ്‌, ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ പോകുന്നതു കണ്ടിട്ട്‌ എന്റെ കൂട്ടുകാരി ചോദിച്ചു, ഇത്‌ പോയി ഏതെങ്കിലും ഗട്ടറില്‍ വീണാല്‍ എന്തു ചെയ്യും എന്ന്. ഞാന്‍ പറഞ്ഞു റേഞ്ച്‌ ഉണ്ടെങ്കില്‍ മിണ്ടിക്കൊണ്ടിരിക്കും, അല്ലെങ്കില്‍ ഗട്ടറിലാണെന്ന് തിരിച്ചറിയും എന്ന്.


കടല്‍ത്തീരത്ത്‌ പോയാല്‍, ചെറിയ കുട്ടികളോടൊപ്പം, ഓടാനും, മണല്‍ക്കൊട്ടാരം ഉണ്ടാക്കാനുമൊക്കെ അല്‍പ്പം മുതിര്‍ന്ന കുട്ടികളും കൂടുമായിരുന്നു. അപരിചിതത്വം ഉണ്ടെങ്കിലും. ഇന്നതൊന്നും ഇല്ലേയില്ല. നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ നോക്കിക്കോയെന്നും പറഞ്ഞ്‌, അസ്തമയ സൂര്യനെപ്പോലും നോക്കാന്‍ നേരമില്ലാതെ അവര്‍ ഫോണില്‍ മിണ്ടിക്കൊണ്ടിരിക്കും.

സിനിമാഹാളിലെ സ്ഥിതി പറയാത്തതാവും നല്ലത്‌. ശരിക്കും സ്വിച്ച്‌ ഓഫ്‌ ചെയ്തിട്ടേ അതിനുള്ളിലേക്ക്‌ കയറാന്‍ പാടുള്ളൂ. ആരു കേള്‍ക്കാന്‍? മൂന്ന് മണിക്കൂര്‍ മിണ്ടാതെ ഇരിക്കുകയോ, ആകാശം താഴെ വീണാലോ. ഓ...എന്നാല്‍ മിണ്ടിക്കോട്ടെ, സ്വന്തം ഫോണ്‍, സ്വന്തം കൂട്ടുകാര്‍. നമുക്കെന്ത്‌ പോയി. പക്ഷെ, കൂടെ സിനിമ കാണാന്‍ ഇരിക്കുന്നവര്‍ക്ക്‌ സിനിമയിലേത്‌ കേള്‍ക്കണോ, ഇവിടെപ്പറയുന്നതു കേള്‍ക്കണോയെന്ന് സംശയം വരും. പിന്നെ ചിലരുണ്ട്‌, ഫോണ്‍ വന്നാല്‍ അതും എടുത്ത്‌ പുറത്തേക്കൊരോട്ടം. അതിനും കുറ്റമോന്ന് വിചാരിക്കും. കാലു നമ്മുടേതാണല്ലോ. ഓട്ടത്തിനിടയില്‍ ചവുട്ടിച്ചതച്ചുപോകുമ്പോള്‍, നമ്മള്‍ മൊബൈല്‍ കമ്പനിക്കാരന്റെ പത്ത്‌ തലമുറയെ ശപിക്കും. പണ്ട്‌ കുട്ടികളുടെ കരച്ചില്‍ ആയിരുന്നെങ്കില്‍, ഇന്നു മൊബൈല്‍ കരച്ചിലാണ് പ്രേക്ഷകരെ ദേഷ്യം പിടിപ്പിക്കുന്നത്‌.

ട്രെയിനില്‍ പോകുമ്പോഴും സ്ഥിതി ഇതുതന്നെ. എല്ലാവരും ഫോണില്‍ മുഴുകും. കാഴ്ചകളൊക്കെ കാണാതെ മറയുകയും ചെയ്യും. വളരെ അത്യാവശ്യമല്ലെങ്കില്‍ പൊതുസ്ഥലങ്ങളില്‍ ഇങ്ങനെ സ്വയം മുഴുകിയിരിക്കുന്നത്‌ ഒഴിവാക്കിക്കൂടേ?

കുറ്റം മാത്രം പോരല്ലോ. മൊബൈല്‍ ഫോണിനു ഗുണങ്ങളും അനവധി ഉണ്ട്‌.

പെട്ടെന്ന് എന്തെങ്കിലും വിവരം അറിയിക്കാനുണ്ടെങ്കില്‍ പറ്റും എന്നുള്ളത്‌ വളരെ നല്ലൊരു കാര്യമാണ്.

പിന്നെ വീട്ടില്‍ നിന്നിറങ്ങിയാല്‍ അത്യാവശ്യത്തിനു ഫോണ്‍ ചെയ്യണമെങ്കില്‍ ഫോണ്‍ ബൂത്തിനു മുന്നില്‍ കാവല്‍ കിടക്കേണ്ട. ഇപ്പോ ആരും ഉണ്ടാവാറില്ല. പക്ഷെ കുറച്ചുകാലം മുമ്പ്‌ വരെ ഫോണ്‍ ബൂത്തിനു മുന്നില്‍ ക്യൂ ആയിരുന്നു.

എവിടെയെങ്കിലും പെട്ടെന്ന് പോകേണ്ടിവരുമ്പോള്‍, വീട്ടില്‍ നിന്ന് അകലെയാണെങ്കില്‍ വീട്ടില്‍ അറിയിക്കാനും, വീട്ടിലേക്ക്‌ വൈകിയേ എത്തൂ എന്നുള്ളൂവെങ്കില്‍ അറിയിക്കാനും ഒക്കെ പറ്റും.

അപകടങ്ങളില്‍പ്പെട്ടാല്‍ വിവരം അറിയിക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണു ഇത്‌.



പാട്ടുകേള്‍ക്കാനും ഫോണ്‍ മതിയെന്നായി. വാക്‍മാന്റെ ഉപയോഗവും ആയി.

(ചിത്രത്തില്‍ ഉള്ളത് സോണി എറിക്സന്‍ ഫോണ്‍. വാക്മാന്‍ സീരീസില്‍ ഉള്ളത്. ഇതിന്റെ കൂടെ കിട്ടുന്ന മുഴുവന്‍ വസ്തുക്കളും ചിത്രത്തില്‍ ഇല്ല. നല്ലതാണെന്ന് ഉപയോഗിച്ചവര്‍ സാക്‍ഷ്യപ്പെടുത്തുന്നു.)

വിളിക്കുമ്പോള്‍, വിളിക്കുന്നയാളെ പാട്ട് കേള്‍പ്പിക്കാന്‍ ഫോണ്‍ നല്ലതാണ്. പക്ഷെ, ഓരോ ആള്‍ക്കും പാട്ട് അതിനനുസരിച്ച് വെക്കണം എന്നു മാത്രം. കടം തന്നയാള്‍ വിളിക്കുമ്പോള്‍, ഒരു മുറൈ വന്ത് പാര്‍ത്തായാ എന്നത് കേള്‍പ്പിക്കാതിരിക്കുന്നതാവും ഉചിതം. ;)

അത്യാവശ്യത്തിനു ഉപകരിക്കും എന്നുള്ളത്‌ വളരെ ശരിയാണ്‌. പക്ഷെ അധികമായാല്‍ അമൃതും വിഷം എന്നല്ലേ. സ്കൂള്‍ക്കുട്ടികള്‍ക്കും കോളേജ്‌ കുട്ടികള്‍ക്കും ഒക്കെ ഫോണ്‍ ഉണ്ടെങ്കില്‍ ദുരുപയോഗം ചെയ്യാനും മടിക്കാത്തവരുണ്ട്‌. ചിത്രങ്ങള്‍ മറ്റുള്ളവരറിയാതെ എടുക്കുന്നതും, ആവശ്യമില്ലാതെ കുറേ എസ്‌ എം എസ്‌ അയച്ച്‌ വെറുതെ കാശുകളയുന്നതും ഒക്കെ ദുരുപയോഗം തന്നെ.

അതിനു പകരം അതിന്റെ ഉപയോഗങ്ങള്‍, ഉപകാരങ്ങള്‍ കണ്ടെത്തുക.

മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള കാര്യമായിട്ടുള്ള വിക്കിലേഖനം ഇവിടെ

എത്ര തിരക്കിലായാലും പ്രിയപ്പെട്ടവരുടെ എന്തെങ്കിലും സന്തോഷദിവസത്തില്‍, നിങ്ങളുടെ ഒരു മെസ്സേജെങ്കിലും കിട്ടുന്നത്‌ അവര്‍ക്കെത്ര സന്തോഷമായിരിക്കും. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ എന്ന പാട്ടുമായി പ്രതീക്ഷിച്ചിരിക്കാതെ പ്രിയപ്പെട്ടയാളുടെ കോള്‍ വരുന്നത് എത്ര നന്നാവും.

എവിടെയെങ്കിലും യോഗത്തില്‍ ഇരിക്കുമ്പോഴും, മരണവീട്ടിലും ഒക്കെ വെറുതേ ഫോണ്‍ ശബ്ദിച്ചാല്‍ അലോസരം തന്നെ. പക്ഷെ അത്യാവശ്യം ഉള്ള വല്ലതും പെട്ടെന്നു അറിയാതെ പോകുന്നത്‌ ആലോചിക്കുമ്പോള്‍, മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ ഇനി ആര്‍ക്കും പറ്റുമെന്നു തോന്നുന്നില്ല. ഫോണ്‍ എന്നൊരു കാര്യം എല്ലായിടത്തും വന്നതോടെ മൂലയ്ക്കൊതുങ്ങിപ്പോയ ഒരാളുണ്ട്‌. നീണ്ടുനിവര്‍ന്ന് കിടന്നിരുന്ന കത്തുകള്‍. മൊബൈല്‍ ഫോണും കൂടെ വന്നതോടെ അതിന്റെ കാര്യം വളരെ പരുങ്ങലില്‍ ആയി. രണ്ടുപേജില്‍ ഉണ്ടായിരുന്ന കത്തുകള്‍ രണ്ടു വാക്കില്‍ എസ്‌ എം എസ്‌ ആയി ഒതുങ്ങി.

സിനിമാനടന്‍ ശ്രീ ജഗതി ശ്രീകുമാറിനു മൊബൈല്‍ ഫോണ്‍ ഇല്ലെന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ പറയാറുണ്ട്‌. എന്നെ ആരെങ്കിലും അഭിമുഖത്തിനു വിളിച്ചാല്‍ ഞാനും പറയും. ;)

പള്ളിയിലെ അച്ചനോട്‌, കുറച്ച്‌ തിരക്കിലായിപ്പോയി, അച്ചന്‍ കുര്‍ബാന തുടങ്ങിക്കോ, ആ ഫോണ്‍ ഓണ്‍ ചെയ്തോ, ഞാനിവിടെ കേട്ടോളാം എന്നും, സാര്‍ ക്ലാസ്‌ എടുത്തോ, ഇപ്പോ ക്ലാസ്സിലേക്ക്‌ വരാന്‍ സൌകര്യമില്ല, ഫോണ്‍ ഓണ്‍ ചെയ്താല്‍ ഞാന്‍ കേട്ടോളാം എന്നും, ഒക്കെപ്പറയുന്ന കാലം വിദൂരമല്ല.

ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് രോഗി, ഒരു അര്‍ജന്റ്‌ കോള്‍ ചെയ്യാന്‍ ഉണ്ടെന്നും പറഞ്ഞ് ടേബിളില്‍ നിന്ന് എണീക്കുന്നതും, രോഗിയ്ക്ക്‌ അനസ്തീഷ്യ കൊടുത്ത്‌, ഇപ്പോ വരാമെന്നു പറഞ്ഞ്‌, ഫോണും വിളിച്ച്‌ ഓപ്പറേഷന്‍ നടത്താതെ ഇറങ്ങിപ്പോകുന്ന ഡോക്ടര്‍മാരും ഉണ്ടാവുന്നത് കാണേണ്ടിവന്നേക്കും. ഓപ്പറേഷന്‍ തിയേറ്ററില്‍ മൊബൈല്‍ ഫോണ്‍ കയറ്റില്ലെന്ന നിയമത്തെയൊക്കെ സമരം ചെയ്ത്‌ മറികടക്കാമല്ലോ.


‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------

"ഞാനൊരു മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ എന്റെ കോള്‍ വരുമ്പോള്‍ എനിക്കു കേള്‍ക്കാന്‍ ചേട്ടന്റെ ഫോണില്‍ സുന്ദരിയെ വാ എന്ന പാട്ട്‌ ഇടുമോ?"

“ഏയ്‌...ആ പാട്ട്‌ വേണ്ട. ഞാന്‍ വേറെ ഒരു നല്ല അടിപൊളി ഗാനം ഇടും."

"ഹായ്! ഏതാ അത്‌?"

"രാക്ഷസീ... എന്നത്‌."

എന്റെ മൊബൈല്‍ ഫോണ്‍ സ്വപ്നത്തിന്റെ ബംഗ്ലാവിലേക്ക്‌, ചേട്ടന്‍, പാരയാകുന്ന ജെ സി ബി ഓടിച്ചുകയറ്റി.

Labels:

Thursday, July 26, 2007

കര്‍മ്മഫലം



വാല്മീകി, മുനിയാകുന്നതിനുമുമ്പ്, വനത്തിലൂടെ കടന്നുപോകുന്ന മുനിമാരേയും ആള്‍ക്കാരേയും ഉപദ്രവിച്ച്, അവരുടെ കൈയിലുള്ളതൊക്കെ തട്ടിപ്പറിച്ച് ജീവിക്കുന്ന മനുഷ്യനായിരുന്നു. അങ്ങനെ ഒരിക്കല്‍ സപ്തര്‍ഷികള്‍, ആ വഴിയിലൂടെ വരുകയും, വാല്മീകി, അവരെ ദ്രോഹിക്കാന്‍ തുനിയുകയും ചെയ്തു. കുടുംബംപുലര്‍ത്താന്‍ വേണ്ടി ചെയ്യുന്നതാണെന്ന് കേട്ടപ്പോള്‍ മുനിമാര്‍ ശാന്തതയോടെ പറഞ്ഞു.

“എങ്കില്‍ നീ ഞങ്ങള്‍ ചൊല്ലുന്നതു കേള്‍ക്കണം
നിന്‍ കുടുംബത്തോടു ചെന്നു ചോദിക്ക നീ
നിങ്ങളെച്ചൊല്ലി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍
നിങ്ങള്‍ കൂടെ പകുത്തൊട്ടു വാങ്ങീടുമോ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങള്‍ നിസ്സംശയം.”


വീട്ടില്‍ ചെന്നിട്ട് കുടുംബത്തോട്, അവര്‍ക്കുവേണ്ടി, അവരെ പോറ്റാന്‍ വേണ്ടി ചെയ്യുന്ന ഇതിന്റെ പങ്കുപറ്റി ജീവിക്കുന്ന അവര്‍, ഈ നീചകര്‍മ്മങ്ങളുടെ ഫലം അനുഭവിക്കേണ്ടിവന്നാല്‍, പകുത്ത് അനുഭവിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചിട്ട് വരുന്നതുവരെ ഇവിടെത്തന്നെ നില്‍ക്കാമെന്ന് മുനിമാര്‍ ഉറപ്പുകൊടുത്തു.

ഇഥമാകര്‍ണ്യ ഞാന്‍ വീണ്ടുപോയ് ചെന്നുമല്‍-
പുത്രദാരാദികളോടു ചോദ്യം ചെയ്തേന്‍
“ദുഷ്കര്‍മ്മസഞ്ചയം ചെയ്തു ഞാന്‍ നിങ്ങളെ-
യൊക്കെബ്‌ഭരിച്ചുകൊള്ളുന്നു ദിനം‌പ്രതി
തല്ഫലമൊട്ടു നിങ്ങള്‍ വാങ്ങീടുമോ?
മല്‍പ്പാപമൊക്കെ ഞാന്‍ തന്നെ ഭുജിക്കെന്നോ?
“സത്യം പറയേണ” മെന്നു ഞാന്‍ ചൊന്നതി
നുത്തരമായവരെന്നോടു ചൊല്ലിനാര്‍

നിത്യവും ചെയ്യുന്ന കര്‍മ്മഗുണഫലം

കര്‍ത്താവൊഴിഞ്ഞു മറ്റന്യന്‍ ഭുജിക്കുമോ?

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍

‍താന്താനനുഭവിച്ചീടുകെന്നേ വരൂ.

വാല്മീകി, സപ്തര്‍ഷിമാരുടെ വാക്കുപ്രകാരം, വീട്ടില്‍ പോയി, ഭാര്യയോടും മക്കളോടും ചോദിച്ചു.

“ഞാന്‍ നിങ്ങളെയൊക്കെ പരിപാലിക്കാന്‍ വേണ്ടി ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നു. കളവും, പിടിച്ചുപറിയും ചെയ്യുന്നു. ഇതിന്റെയൊക്കെ ഫലം അനുഭവിക്കാന്‍ കൂടെ നില്‍ക്കില്ലേ? ഈ ചെയ്തുകൂട്ടുന്നതിനൊക്കെ പാപങ്ങള്‍ ഞാന്‍ തന്നെ അനുഭവിക്കേണമോ?”

അവര്‍ പറഞ്ഞു, ചെയ്യുന്ന പ്രവര്‍ത്തികളുടെയൊക്കെ ഫലം, ചെയ്യുന്ന ആള്‍ തന്നെ അനുഭവിക്കേണം. നല്ലത് ചെയ്താലുളള നന്മ വേറെ ആര്‍ക്കെങ്കിലും കൊടുക്കുമോ എന്ന്.

അവരുടെ വാക്ക് കേട്ട്, താന്‍ ചെയ്തുകൊണ്ടിരുന്ന തെറ്റ്, വാല്മീകി തിരിച്ചറിയുകയും, മുനിമാരുടെ അടുക്കല്‍ ചെന്ന്, വിവരങ്ങള്‍ പറയുകയും ചെയ്തു. മുനിമാര്‍, നല്ലൊരു മനുഷ്യനാവാന്‍ ഉപദേശിക്കുകയും, മരാമരാ എന്ന് ജപിച്ച് ഇരിക്കാന്‍ പറഞ്ഞ്, പോവുകയും ചെയ്തു. അങ്ങനെ ഇരുന്ന് ജപിച്ച്, രാമരാമ എന്നായിത്തീരുകയും വാല്മീകി, നല്ലൊരു മുനി ആവുകയും ചെയ്തു.


നാം‍ ചിന്തിക്കേണ്ടത്:-


നമ്മുടെ പ്രവര്‍ത്തികള്‍ക്ക് ബലേഭേഷ് പറയാനും, പ്രോത്സാഹിപ്പിക്കാനും, നമ്മുടെ ചുറ്റും പലരും ഉണ്ടാവും. പക്ഷെ എന്ത് അനുഭവം ഉണ്ടായാലും അനുഭവിക്കേണ്ടത് നാം‍ തന്നെ. നമ്മുടെ പ്രവര്‍ത്തിയിലെ തിന്മയെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് വീണ്ടും വീണ്ടും അതുചെയ്യാന്‍ നമ്മെ ഉത്സാഹഭരിതരാക്കുന്നവരേയും, അതില്‍ നിന്നു മുതലെടുക്കുന്നവരേയും കുറിച്ച് നാം‍ ഒരു കാര്യം ഓര്‍ക്കാനുണ്ട്. ചീത്തപ്രവര്‍ത്തിയുടെ ചീത്തഫലം അനുഭവിക്കാന്‍ അവരൊന്നും ഉണ്ടാവില്ലെന്ന്. അത് തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയാലും നഷ്ടം നമുക്കാവുമെന്ന്.


(ഈ രാമായണമാസത്തില്‍ അദ്ധ്യാത്മരാമായണത്തില്‍ നിന്ന്)

Labels: , ,

Tuesday, July 24, 2007

മനം മാറ്റം

അയാള്‍ പതിവില്ലാതെ അലസനായി ഇരിക്കുകയായിരുന്നു.
ആദ്യം വന്നുകയറിയത്‌ സിസ്റ്റര്‍ ദീനാമ്മയായിരുന്നു. കര്‍ത്താവിന്റെ മണവാട്ടി, പക്ഷെ, ചെകുത്താന്റെ സ്വരത്തിലാണു സംസാരിച്ചത്‌.

"നിങ്ങള്‍ക്കെങ്ങനെ തോന്നി അപവാദം പറയാന്‍? എന്റെ മാതാപിതാക്കള്‍ക്ക്‌ സ്വത്തും പണവും ഇല്ലാത്തതുകൊണ്ടും, കുറേ മക്കള്‍ ഉള്ളതുകൊണ്ടും നേര്‍ച്ചനേര്‍ന്നിട്ട്‌ എന്നെ മഠത്തിലേക്കയച്ചതാണെന്നോ? ഞാന്‍ എന്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത വഴിയാണിത്‌."പിന്നെയും എന്തൊക്കെയോ പറഞ്ഞ്‌ സിസ്റ്റര്‍ ഇറങ്ങിപ്പോയി.

കണ്ണപ്പനായിരുന്നു അടുത്ത ആള്‍. മുഖവുരയൊന്നുമില്ലാതെ തുടങ്ങി. "കള്ളന്മാര്‍ മനുഷ്യരല്ലേ? വലിയ വലിയ കള്ളന്മാരുണ്ടാവും. പണം പണം എന്ന് മാത്രം വിചാരിക്കുന്നവര്‍. പക്ഷെ, വയസ്സായ അമ്മയ്ക്ക്‌ ഒരു നേരമെങ്കിലും, ഡോക്ടര്‍ പറഞ്ഞ മരുന്ന് കൊടുക്കാനും, പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ അല്‍പ്പം ഭക്ഷണം കൊടുക്കാനുമാണ്‌ ഞാന്‍ കക്കുന്നത്‌. നിങ്ങള്‍ പറയുന്നതുപോലെ ഇന്ന് കള്ളനായി, നാളെ മാന്യനായി ജീവിക്കാനല്ല. പറയുന്നതിനും ഒരു കണക്കൊക്കെ വേണ്ടേ സാറേ?"കണ്ണപ്പന്‍ മുറുക്കാനെടുത്ത്‌ വായിലിട്ട്‌ പോയി. ചെല്ലത്തിന്റെ അടുത്ത്‌ വച്ചിരുന്ന കത്തിയുംകൊണ്ട്‌ പോവാതിരിക്കാന്‍, അയാള്‍ അതില്‍ തന്നെ കണ്ണു നട്ട്‌ ഇരുന്നിരുന്നു. പോയപ്പോള്‍ ആശ്വാസമായി.

ടിറ്റി വന്നത്‌ മൊബൈലില്‍ കൊഞ്ചിയും കുഴഞ്ഞുമാണ്‌. അയാളുടെ അടുത്ത്‌ എത്തിയപ്പോള്‍ പറഞ്ഞുനിര്‍ത്തി കോള്‍ കട്ട് ചെയ്ത്‌ അയാളെ ക്രുദ്ധയായി നോക്കി. "ഏയ്‌ മിസ്റ്റര്‍, നിങ്ങള്‍ക്ക്‌ എന്തൊക്കെയാ കമ്പ്ലെയിന്റ്‌? എന്റെ കോളേജ്‌ ബാഗില്‍ ബുക്കിനുപകരം മേക്കപ്പ്‌ വസ്തുക്കളാണെന്നോ? ഞാന്‍ ബുക്ക്‌ വായിക്കുന്നതിലുമധികം എസ്‌ എം എസ്‌ വായിക്കുന്നെന്നോ? എന്താ നിങ്ങളുടെ പ്രോബ്ലം? ഇതൊക്കെ നോക്കാന്‍ നിങ്ങളെ ആരെങ്കിലും ഏല്‍പ്പിച്ചോ? എന്നെ വെറുതേ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ." അപ്പോഴേക്കും ഫോണ്‍ ബെല്ലടിക്കുകയും, അയാളെ മറന്ന് കലപില പറഞ്ഞ്‌ ഇറങ്ങിപ്പോകുകയും ചെയ്തു. ഹോ...കൊടുങ്കാറ്റ്‌ വന്നുപോയപോലെ തോന്നി അയാള്‍ക്ക്‌.

ആശ്വസിക്കുമ്പോഴേക്കും ഞെട്ടല്‍ വന്നു. ഗുണ്ടാത്തലവനും അനുയായികളും വന്നത്‌, അത്രയ്ക്കും സ്പീഡിലായിരുന്നു. അയാള്‍ ശരിക്കും പേടിച്ചു. എന്തെങ്കിലും പറയുന്നതിനുമുമ്പ്‌ തലവന്‍ പറഞ്ഞു. "പറയുന്നതിനുമുമ്പ്‌ സൂക്ഷിക്കുക. ഞങ്ങള്‍ക്ക്‌ മനസ്സാക്ഷിയില്ലെന്നും, പണം കിട്ടിയാല്‍ എന്തും ചെയ്യുമെന്നുമൊക്കെയാണല്ലോ നിങ്ങളുടെ അഭിപ്രായം. വെറുതേ വായില്‍ത്തോന്നിയതൊക്കെപ്പറഞ്ഞ്‌ ഞങ്ങള്‍ക്ക്‌ പണിയുണ്ടാക്കരുത്‌." പറയലും ഇറങ്ങിപ്പോകലും കഴിഞ്ഞു. അനുയായികള്‍ വാലുപോലെ പിന്നാലെയും.

ഞെട്ടലില്‍ നിന്ന് മോചനം നേടുമ്പോഴേക്കും നാണിവല്യമ്മ പ്രാഞ്ചിപ്രാഞ്ചി വന്നു. "ദൈവദോഷം പറയരുത്‌ മോനേ. എനിക്ക്‌ സീരിയല്‍ കണ്ട്‌ മതിയായില്ലെന്നും, ജീവിതവും മെഗാസീരിയല്‍ പോലെ നീട്ടിത്തരണം എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുമെന്നും...ശിവ ശിവ... ഇതൊക്കെപ്പറഞ്ഞിരുന്നോ? വേണ്ടായിരുന്നു മോനേ...."

ചെല്ലം കണ്ടപ്പോള്‍, ബാക്കി പറയാനുള്ളതൊക്കെ മറന്നപോലെ കുറേ വെറ്റിലയും, പുകയില, അടയ്ക്കക്കഷണങ്ങളും കൈക്കലാക്കി സ്ഥലം വിട്ടു. സമാധാനം. അയാള്‍ വിചാരിച്ചു.

തെറ്റാലിയുമെടുത്ത്‌, ടക്‌, ടക്‌, ടക്‌ എന്ന് കുതിരശബ്ദമുണ്ടാക്കിയാണ്‌ ടിന്റുമോന്‍ വന്നത്‌. "അങ്കിളേ..." എന്നു വിളിച്ച്‌ തിരിഞ്ഞുനിന്ന് തെറ്റാലിയില്‍ കല്ലുവെച്ച്‌ ബള്‍ബിനു നേരെ ഉന്നം പിടിച്ച്‌ നിന്നത്‌ അയാളെ പേടിപ്പിച്ചു. "അങ്കിള്‍ എന്നെപ്പറ്റി എന്തൊക്കെയാ വിചാരിക്കുന്നത്‌? ഞാനത്രയ്ക്ക്‌ മോശമോ? വയറുവേദന അഭിനയിച്ച്‌ സ്കൂളില്‍ പോവില്ല. പോയാലും ടീച്ചര്‍മാരോട്‌ തര്‍ക്കുത്തരമേ പറയൂ, മറ്റുള്ളവരുടെ പറമ്പില്‍ കയറി നടന്ന് മങ്ങയും പേരയ്ക്കയും വെറുതേ പൊട്ടിച്ച്‌ നശിപ്പിക്കും. അയല്‍ക്കാരുടെ ജനല്‍ച്ചില്ല് ഉടയ്ക്കും. വേണ്ടങ്കിളേ വേണ്ട. എന്നെ ഇനി കുറ്റം പറഞ്ഞാല്‍..." തെറ്റാലികൊണ്ട്‌ അയാളുടെ കണ്ണിനുനേരെ ഉന്നം പിടിച്ച്‌, അയാളെ മിണ്ടാന്‍ വിടാതെ, ടക്‌ ടക്‌ ടക്‌ എന്ന് ശബ്ദമുണ്ടാക്കി തിരിച്ചുപോവുകയും ചെയ്തു.

ശക്തമായ മിന്നലും കൂടെയുള്ള ഇടിയുമാണ്‌, അയാളെ, ഇതുവരെ എന്തൊക്കെയാണ്‌ സംഭവിച്ചതെന്ന് ആലോചിക്കാന്‍ പ്രേരിപ്പിച്ചത്‌. മൊത്തത്തില്‍ വിശകലനം ചെയ്തപ്പോള്‍ അയാള്‍ അയ്യടാ എന്നായി. പരാതി, പരിഭവം, ഭീഷണി. ഇതൊക്കെ കേള്‍ക്കേണ്ട ആവശ്യം എന്താ.

അയാള്‍ എഴുന്നേറ്റ്‌ മുറിയിലേക്ക്‌ നടന്നു. മേശപ്പുറത്ത്‌ എഴുതി, ശുഭം എന്നു തീര്‍ത്തുവെച്ച കഥ ഉണ്ടായിരുന്നു. അയാള്‍ ഓരോ കടലാസ്സെടുത്ത്‌ കീറിക്കളയാനാരംഭിച്ചു. ഒക്കെ കുഞ്ഞുകുഞ്ഞു കഷ്ണങ്ങളാക്കി പെയ്തുതുടങ്ങിയ മഴയിലേക്കിട്ടു. സിസ്റ്ററും, കണ്ണപ്പനും, ഗുണ്ടാത്തലവനും, നാണിവല്യമ്മയും, ടിറ്റിയും, ടിന്റുമോനും മഴയില്‍ അലിഞ്ഞു ചേര്‍ന്നു. ഒപ്പം അവരുടെ പരാതിയും. കൂട്ടത്തില്‍, വന്ന് കാര്യം പറയാന്‍ പോലും നേരം കിട്ടാത്ത പഞ്ചായത്ത്‌ പ്രസിഡന്റും, മന്ത്രിയും, കോളേജ്‌കുമാരനും, സിനിമാനടനും, പോലീസും, പിന്നെയും ചെറിയ റോളുള്ള കഥാപാത്രങ്ങളും. ഇതിലില്ലാത്ത വിമര്‍ശകരും. അവരെക്കൊണ്ടൊന്നും ഇനി ശല്യമുണ്ടാവില്ലെന്ന് അയാള്‍ ആശ്വസിച്ചു.

"മഴ പെയ്യുമ്പോഴേക്കും, തലേന്ന് ആകാശത്ത്‌ ഉദിച്ചുനിന്ന നക്ഷത്രങ്ങള്‍ എന്റെ മനസ്സിലേക്ക്‌ കുടിയേറിയിരുന്നു."

അടുത്ത കഥയുടെ ആദ്യവാചകം എഴുതിയിട്ട്‌ അയാള്‍ മഴയെ നോക്കി. മഴ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പൊഴിഞ്ഞുകൊണ്ടിരുന്നു. അയാളുടെ മനസ്സില്‍ നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുകയും ചെയ്തു.

Labels:

Sunday, July 22, 2007

ആമ്പല്‍പ്പൂവേ...


















ആകാശത്തമ്പിളി കാണുമ്പോള്‍ വിരിയുന്നൊ-
രാമ്പല്‍പ്പൂവാണു ഞാന്‍ കൂട്ടുകാരേ.

വിടരുന്നു ഞാനെന്നുമാ ദര്‍ശനം കിട്ടാനായ്,
കാത്തിരിക്കുന്നൂ പകലൊടുങ്ങാന്‍.

വാനത്തങ്ങമ്പിളി പാലൊളി തൂകുമ്പോള്‍,
നീരില്‍ വിടര്‍ന്നു ഞാന്‍ പുഞ്ചിരിക്കും.

മറയുന്നു മേഘത്തിന്‍ പിന്നിലായ് വല്ലപ്പോഴും,
പിന്നെയും വന്നു ചിരിച്ചീടുന്നു.

രാവൊടുങ്ങുമ്പോളമ്പിളി പോകുമ്പോള്‍
പാവമാം ഞാന്‍ വീണ്ടും കാത്തിരിക്കും.
















ആമ്പല്‍ ചന്ദ്രനെ നോക്കി പാടുന്ന പ്രണയഗാനം,

കടത്തനാട്ട് മാധവിയമ്മ എഴുതിയത് ഇങ്ങനെ:- (കുറച്ചുവരികള്‍ മാത്രം)

അയ്യോ പിഴച്ചുപോയ് വയ്യാത്ത വാക്കുക-

ളിയ്യാമ്പല്‍ ചൊല്ലിപ്പോയല്ലലാലെ

പാലൊളിത്തേന്‍ പാറ്റിപ്പാരിടം പാടെ താന്‍

പാവനമാക്കുമെന്‍ പാരിജാതം

അന്ധയെന്നാക്ഷേപചിന്തയ്ക്കുപാത്രമായ്

ഹന്ത! ഭവിക്കയോ! ശാന്തം പാപം!

പ്രേമാഭിരാമനാമോമനതിങ്കളേ!

ഞാനിതാ മാപ്പിനായ്ത്താണിരപ്പൂ!

തെറ്റന്നപ്പൊന്മുഖം പ്രത്യക്ഷമാകാത്ത

തെറ്റങ്ങേതല്ല ഞാന്‍ സമ്മതിച്ചു.

Labels: ,

Thursday, July 19, 2007

വിട വാങ്ങല്‍ അഥവാ പ്രാക്ടിക്കലിസം

ഒരുപാടു സ്നേഹിച്ചു നിന്നെ ഞാന്‍ പ്രിയനേ,
സ്നേഹിക്കുമിനിയും ഞാന്‍ മരിക്കുവോളം.

പക്ഷെ, പിരിയാതിരിക്കാന്‍ വയ്യാതെയായ്
വെറും പ്രേമത്തിലൂടെ നീങ്ങുമോ ജീവിതം?

ഉണ്ണാതെയുറങ്ങാനാര്‍ക്കാനുമാവുമോ,
ഉടുക്കാതെയൊരുവഴിക്കിറങ്ങുവാനാവുമോ?

പ്രണയമെല്ലാത്തിനും പകരമാവില്ല,
പണയം വെച്ചീടുവാന്‍ പ്രണയം മതിയാമോ?

പ്രണയപ്പനിയില്‍ നാം വെന്തുകിടന്നീടില്‍,
നമ്മുടെ ജീവിതം ചുമ്മാ പൊഴിഞ്ഞുപോം.

കാണാന്‍ വന്നതിനെക്കുറിച്ചു ഞാന്‍ പറഞ്ഞില്ലേ,
വീട്ടുകാരെല്ലാം തന്നെ നിശ്ചയിച്ചുറപ്പിച്ചു.

ഐടി കമ്പനിയിലാണത്രേയവനു ജോലി,
ഇരുനിലബംഗ്ലാവും കാറുമുണ്ടത്രേ സ്വന്തം.

കല്യാണക്കുറിയയക്കാം ഞാന്‍,
നീ വന്നീടുക, നമുക്കന്നേരം വീണ്ടും കാണാം.

ഓര്‍മ്മയിലെന്നും നീയുണ്ടാവും മറക്കല്ലേ,
പോവട്ടെയിപ്പോള്‍ സമയമേറെയായറിഞ്ഞീ‍ല.

Labels: , ,

Monday, July 16, 2007

കുറച്ചു വരികള്‍

കവിത

ഒറ്റവാക്കിലൊരു കവിതയ്ക്കായി

ഹൃദയം കൊതിച്ചപ്പോള്‍

അവനെഴുതി അവളുടെ പേര്.

വിമര്‍ശകരുടെ ഒളിയമ്പേറ്റ്

അവന് പക്ഷേ, ആ കവിത തിരുത്തേണ്ടി വന്നു.



ഉപ്പ്

കണ്ണീരിന്റെ ഉപ്പ് സഹിക്കാന്‍ വയ്യാതെയാണവള്‍

കടലിലേക്കിറങ്ങിയത്.

കടലെത്ര മാത്രം കരയുന്നുണ്ടെന്ന് കണ്ട്

അവള്‍ തിരികെ കയറിപ്പോന്നു.



കഥ

കഥയെഴുതാന്‍ തുടങ്ങുമ്പോള്‍,

ഓരോ വാക്കും, തന്നില്‍ കഥ തുടങ്ങണമെന്ന്

ശാഠ്യം പിടിച്ചു.

ഒരു ഫുള്‍സ്റ്റോപ്പിട്ട്, കഥ തുടങ്ങുന്നതിനുമുമ്പ് അവസാനിപ്പിച്ചു.



അവന്‍

അവന്‍, പാതിരാത്രിയില്‍ വഴക്കടിച്ച് വീട്ടില്‍ നിന്നിറങ്ങിപ്പോയി.

പോയപോലെ തിരിച്ചുവന്നില്ല.

പോയപോലെ തിരിച്ചുവരാന്‍ അവനെന്താ ബൂമറാങ്ങാണോ?



വീട്

ആനയും ഉറുമ്പും പ്രേമത്തിലായി.

ഒളിച്ചോടി കല്യാണം കഴിച്ചു.

ഉറുമ്പിന്റെ വീട്ടിലൊരിക്കല്‍ പോകണമെന്ന് ആന പറഞ്ഞപ്പോള്‍ ഉറുമ്പ് ഞെട്ടി.

ഉറുമ്പിന്റെ വീടൊരു ഏറുമാടത്തില്‍ ആയിരുന്നല്ലോ.

Labels: ,

Thursday, July 12, 2007

നാരങ്ങമുട്ടായി

“എന്താ കയ്യില്‍? കാണിക്കൂ."ഭാനുമതിട്ടീച്ചര്‍ വടിയുമെടുത്ത്‌ കണ്ണുരുട്ടിയപ്പോള്‍ രാമിനു പേടിയായി. ഉച്ചയൂണുകഴിക്കാന്‍ വീട്ടില്‍ പോയിട്ടു വരുമ്പോള്‍, കനാലിലൂടെ ഒഴുകിയൊഴുകിനടക്കുന്ന മീനുകളെ കല്ലെടുത്തെറിഞ്ഞും, വയലിന്റെ വരമ്പില്‍ നിന്നിറങ്ങിയും കയറിയും കളിച്ചും കൊണ്ടു നിന്നിട്ട്‌ നേരം വൈകിയതറിഞ്ഞില്ല. എന്നാലും പതിവു തെറ്റിക്കാന്‍ വയ്യാഞ്ഞിട്ട്‌, ഗോപാലേട്ടന്റെ കടയില്‍ നിന്ന് അഞ്ചുപൈസയ്ക്ക്‌ വാങ്ങിയ നാരങ്ങമുട്ടായി വായിലിടാന്‍ സമയം കിട്ടിയില്ല. കീശയൊക്കെ നനഞ്ഞതുകൊണ്ട്‌ പുസ്തകത്തിന്റെ കൂടെയുള്ള കുഞ്ഞുപെട്ടിയില്‍ ഇട്ടുവെക്കാമെന്നു കരുതി. ക്ലാസ്സിലേക്ക്‌ എത്തുമ്പോഴേ ടീച്ചറെ കണ്ടു. എല്ലാവരും നോക്കുന്നുണ്ട്‌. കളിക്കൂട്ടുകാരൊക്കെ വേറെ വേറെ ക്ലാസ്സിലായതുകൊണ്ട്‌ ആരുമില്ല തുണയ്ക്ക്‌. അടി കിട്ടിയതു തന്നെ.

"കയറി വാ." ടീച്ചര്‍ പറഞ്ഞു. "നനഞ്ഞുകുളിച്ചല്ലോ. തോട്ടില്‍ നിന്നെണീറ്റു വരുകയാണോ?”ക്ലാസില്‍ എല്ലാവരും ചിരിച്ചു.

കൈ മുറുക്കിപ്പിടിച്ചിരിക്കുന്നത്‌ കണ്ടാണു ടീച്ചര്‍ വീണ്ടും ചോദിച്ചത്‌. "എന്താ കയ്യില്‍? കാണിക്കൂ." മടിച്ചുമടിച്ച്‌ കൈനീട്ടി. വിറയ്ക്കുന്നുണ്ട്‌.

"മുട്ടായിയോ? അച്ഛനുമമ്മയും വാങ്ങിത്തരാതെ ഓരോന്ന് കടയില്‍ നിന്നു വാങ്ങിക്കഴിക്കരുതെന്ന് എല്ലാവരോടും പറഞ്ഞിട്ടുള്ളതല്ലേ?"ക്ലാസ്സിനെ മൊത്തം നോക്കിയിട്ട്‌ ടീച്ചര്‍ ചോദിച്ചു. ഒരാളും ഒന്നും മിണ്ടിയതേയില്ല.

വെള്ളമൊലിച്ചുകൊണ്ടിരുന്ന നാരങ്ങമുട്ടായി ടീച്ചര്‍ എടുത്ത്‌ മേശപ്പുറത്തിട്ടു. കൈയില്‍ നല്ല അടിയും തന്നു. വേദനയേക്കാള്‍, ഇനി നാളെയല്ലേ മുട്ടായി തിന്നാന്‍ പറ്റൂ എന്ന വിഷമം ആയിരുന്നു. അച്ഛന്‍ നാളെ തരുമായിരിക്കും പൈസ എന്നു വിചാരിക്കാം. പെന്‍സില്‍ എന്തായാലും വാങ്ങണം. നനഞ്ഞുകുളിച്ച്‌ ക്ലാസ്സില്‍ ഇരുന്നു. ടീച്ചര്‍ പോകുമ്പോഴേക്കും മേശപ്പുറത്തിരുന്ന മുട്ടായിയില്‍ ഉറുമ്പ്‌ വന്നിരുന്നു. ടീച്ചര്‍ ഇറങ്ങിയതും ഒരു വിരുതന്‍ അത്‌ തട്ടി താഴെ ഇടുകയും ചെയ്തു.

വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ത്തന്നെ വയ്യാത്തതുപോലെ. മുത്തശ്ശിയോടും അമ്മയോടും കുറേ എന്തൊക്കെയോ പറഞ്ഞു. പതിവുപോലെ കളിക്കാന്‍ മാത്രം പോയില്ല. അച്ഛനാണ് രാത്രി പറഞ്ഞത്‌.

"പനിക്കുന്നുണ്ടല്ലോ നന്നായി. വെള്ളത്തില്‍ക്കളി തന്നെ ആയിരുന്നു അല്ലേ?"

ഒന്നും മിണ്ടാന്‍ പോയില്ല. രാത്രിയില്‍ പനി അധികമായി.

ആശുപത്രിയില്‍ നിന്ന് രാവിലെ ഉണരുമ്പോള്‍ ആശങ്കയോടെ അച്ഛനും അമ്മയും നില്‍പ്പുണ്ട്‌. ഡോക്ടര്‍ വന്നു.

"ഉണര്‍ന്നല്ലോ. ഇന്നലെ രാത്രി എന്തായിരുന്നു ബഹളം. നാരങ്ങമുട്ടായി കൊണ്ടുവാ, നാരങ്ങമുട്ടായി വേണം എന്നൊക്കെപ്പറഞ്ഞ്‌. നാരങ്ങമുട്ടായി എന്നു മാത്രമേ വിചാരമുള്ളൂ അല്ലേ?" ഡോക്ടറുടെ ചോദ്യം കേട്ട്‌ അച്ഛനും അമ്മയും ചിരിച്ചു.

എല്ലാവരോടും ദേഷ്യം തോന്നി. ഭാനുമതിട്ടീച്ചറിനോട്‌ പ്രത്യേകിച്ചും. രണ്ട്‌ ദിവസവും ശനിയും ഞായറും കഴിഞ്ഞ്‌ സ്കൂളിലേക്ക്‌ പോയപ്പോള്‍, ആദ്യം ചെയ്തത്‌ നാരങ്ങമിട്ടായി വാങ്ങുകയായിരുന്നു.

"നാരങ്ങമുട്ടായിയെ കണ്ടില്ലല്ലോ രണ്ടു ദിവസം" എന്ന് ഗോപാലേട്ടന്‍. ഒന്നും പറയാതെ ഓടി. നാരങ്ങമുട്ടായിയെന്ന് പേരു വന്നിരുന്നു. എല്ലാവരും പുതിയ പുതിയ മുട്ടായി വാങ്ങുമ്പോള്‍ നാരങ്ങയല്ലിയുടെ ആകൃതിയില്‍ ഉള്ള, കയ്യില്‍ അല്‍പ്പം വെച്ചാല്‍ ഒട്ടിപ്പിടിക്കുന്ന മുട്ടായി താന്‍ മാത്രമേ വാങ്ങാറുള്ളൂ. അതും ദിവസവും.


----------------


ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷമാണ്‌ അങ്ങാടിയില്‍ ഈ നടത്തം എന്ന് രാം ഓര്‍ത്തു. സ്കൂളിനടുത്തെത്തിയപ്പോഴാണ്‌ ഗോപാലേട്ടന്റെ കട കണ്ടത്‌. പരിഷ്കരിച്ചിരിക്കുന്നു. കണ്ണാടിക്കൂട്ടില്‍ വിവിധതരം ചോക്ലേറ്റുകളും പലഹാരങ്ങളും. പുസ്തകങ്ങള്‍, പെന്‍സിലുകള്‍, പെന്‍ എന്നിവയുടെ സെക്‍ഷന്‍ വേറെത്തന്നെ. ഗോപാലേട്ടന്റെ മകന്‍ ചിരിച്ചുകാട്ടി. സ്കൂളില്‍, തന്റെ സീനിയര്‍ ആയിരുന്നു അവന്‍.

"എപ്പോ വന്നു? അച്ഛന്‍ പലപ്പോഴും അന്വേഷിക്കാറുണ്ട്‌. വരാറുണ്ടോയെന്ന്."

അത്ഭുതം തോന്നി. എത്രയോ കുട്ടികള്‍ ഉണ്ടാകും. എന്നിട്ടും തന്നെ ഓര്‍ക്കുന്നുണ്ടല്ലോ.

"വീട്ടില്‍ വിശ്രമത്തിലാണ്‌. കടയിലേക്ക്‌ അപൂര്‍വ്വമായേ വരാറുള്ളൂ. കട പരിഷ്കരിച്ചപ്പോഴാണ് ഒരിക്കല്‍ അച്ഛന്‍ പറഞ്ഞത്‌. നമ്മുടെ നാരങ്ങമുട്ടായി ഇനി വന്നാല്‍ എന്തുകൊടുക്കും എന്ന്. നാരങ്ങമുട്ടായിയൊന്നും ഇപ്പോള്‍ കിട്ടാനേയില്ല."

ഗോപാലേട്ടനെ ഒന്ന് കാണണം പോകുന്നതിനുമുമ്പ്‌. പലരേയും കണ്ടു. പലരും മറന്നിരുന്നു. കുറേ ആയല്ലോ നാട്ടില്‍ വരാതെ. പക്ഷെ പലരും പറഞ്ഞുകേട്ടപ്പോള്‍ അവസാനം എത്തുന്നത്‌ നാരങ്ങമുട്ടായിയില്‍ ആണ്. ഗോപാലേട്ടന്റെ വീട്ടില്‍ പോയി. ഒക്കെ പരിഷ്കാരങ്ങള്‍. നാടിനു എത്ര വേഗം മാറ്റം വരുന്നു. കുട്ടിക്കാലത്തെ കഥകള്‍ പറഞ്ഞ്‌ ഇരുന്നു. മോന് ഇപ്പോള്‍ തരാന്‍ നാരങ്ങമുട്ടായി ഇല്ലല്ലോന്ന് പറഞ്ഞപ്പോള്‍ വിഷമം ആയി. പഠിക്കാന്‍ വേണ്ടി നാടുവിടുന്നതുവരെ നാരങ്ങമുട്ടായി ഒരുദിവസം പോലും വാങ്ങാതെ ഇരുന്നില്ലല്ലോ എന്നോര്‍ത്തു. അതുകൊണ്ടായിരിക്കും ഗോപാലേട്ടനും ഇത്ര ഓര്‍മ്മ. ഇറങ്ങിയപ്പോള്‍ വൈകിയിരുന്നു.

അമ്പലത്തിനു വഴിയിലൂടെ നടക്കുമ്പോള്‍ പലരും കണ്ട്‌ പരിചയം ഭാവിച്ച്‌ ചിരിച്ചു. മനസ്സിലായില്ലെങ്കിലും അങ്ങോട്ടും പുഞ്ചിരിച്ചു. നാട്ടിന്‍പുറത്ത്‌ അങ്ങനെയൊക്കെയാണല്ലോ. സെറ്റുമുണ്ടുടുത്ത്‌ തലമുടിയില്‍ ഒരുപാട്‌ വെള്ളിനൂലിട്ട സ്ത്രീ മുന്നില്‍ നിന്ന് "നാരങ്ങമുട്ടായിയല്ലേ” ന്ന് ചോദിച്ചപ്പോള്‍ ശരിക്കും അമ്പരന്നു. ഒന്നുകൂടെ സൂക്ഷിച്ചുനോക്കിയപ്പോഴാണ്‌ മനസ്സിലായത്‌. ഭാനുമതിട്ടീച്ചര്‍. ടീച്ചര്‍, ജോലിയുടെ വിശേഷങ്ങളൊക്കെ ചോദിച്ചു. അച്ഛനേയും അമ്മയേയും ഇടയ്ക്ക്‌ കാണാറുണ്ടെന്നും ഒക്കെ പറയാറുണ്ടെന്നും, വരുന്ന കാര്യം പറഞ്ഞുവെന്നും പറഞ്ഞു. സന്തോഷം തോന്നിയിരുന്നു. എന്നാലും അന്നത്തെ അടിയുടെ കയ്പ്പും പനിയും മരുന്നും ഒക്കെ ഓര്‍മ്മയില്‍ വന്നു. പോകുന്നതിനുമുമ്പ് വീട്ടില്‍ വന്നിട്ടുപോകൂ എന്നും പറഞ്ഞ്‌ ടീച്ചര്‍ പോയി.

വീട്ടിലെത്തിയപ്പോള്‍ ഇരുട്ടിയിരുന്നു. അച്ഛന്‍ അങ്ങാടിയില്‍ പോയെന്ന് അമ്മ പറഞ്ഞു. ചായയും കുടിച്ച്‌ ഇരിക്കുമ്പോഴാണ്‌ മെയില്‍ ചെക്കു ചെയ്യാം എന്നുകരുതിയത്‌. പ്രതീക്ഷിച്ചപോലെ നിത്യം കാണുന്ന മെയില്‍ ഉണ്ടായിരുന്നു. എന്റെ നാരങ്ങമുട്ടായിയ്ക്ക്‌, എന്നും പറഞ്ഞ്‌ തുടങ്ങുന്ന മെയില്‍. അച്ഛനോടും അമ്മയോടും പറയാന്‍ സമയം കാത്തുനില്‍ക്കുന്ന മറ്റൊരു സ്വപ്നം. നാരങ്ങമുട്ടായി പോലെത്തന്നെ ഹൃദയത്തോട്‌ ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു സന്തോഷം. രാം എണീറ്റ്‌ പോയി, അമ്മ കണ്ടുകൊണ്ടിരിക്കുന്ന സീരിയലും നോക്കി ഇരുന്നു.

Labels:

Monday, July 09, 2007

എന്താ നിങ്ങള്‍ടെ ഹോബി?

എന്താ നിങ്ങള്‍ടെ ഹോബി എന്നൊരു ചോദ്യം, നിങ്ങളോടല്ലെങ്കിലും, നിങ്ങള്‍ കേട്ടിട്ടുണ്ടാകും. നിങ്ങള്‍ ചിലപ്പോ ആരോടെങ്കിലും ചോദിച്ചിട്ടും ഉണ്ടാകും. പക്ഷെ എന്താ നിങ്ങള്‍ടെ ഹോബി? ഒരു ഹോബി ഉണ്ടോ നിങ്ങള്‍ക്ക്‌?

ഒഴിവുസമയവിനോദമാവും ഹോബി. നിങ്ങള്‍ക്ക്‌ മനസ്സിനു ഇഷ്ടമുള്ള ഒരു കാര്യം നിങ്ങള്‍ ഹോബിയായി സ്വീകരിക്കുക. പാട്ടുകേള്‍ക്കുക, ടി. വി. കാണുക എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷെ അതുകൊണ്ട്‌ വല്യ ഗുണമില്ല. പിന്നെയൊരിക്കല്‍ ഓര്‍ക്കുമ്പോള്‍, നിങ്ങളുടെ ഹോബി തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക്‌ സന്തോഷം വേണം.



സ്റ്റാമ്പ്‌ ശേഖരണം നല്ലൊരു ഹോബിയാണ്‌. ഓരോ രാജ്യത്തേയും സ്റ്റാമ്പുകള്‍ കൂട്ടിവെച്ച്‌, ആ സ്റ്റാമ്പിലെ ചിത്രത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത്‌ നല്ല കാര്യം തന്നെ.

പൂന്തോട്ട - പച്ചക്കറിത്തോട്ടനിര്‍മ്മാണവും ഒരു ഹോബിയായി സ്വീകരിക്കാം. പൂക്കളോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളും, ചെടികളില്‍ നിന്ന് കിട്ടുന്ന പച്ചക്കറികളും നിങ്ങളുടെ മനസ്സിന് നല്ല സന്തോഷം തരും. ചിത്രം വരയ്ക്കലും, പുതിയ പുതിയ ഭാഷകള്‍ പഠിച്ചെടുക്കലും നല്ല ഹോബികള്‍ തന്നെ.

കുട്ടിക്കാലത്ത്‌ എന്തൊക്കെയാ ചെയ്യാന്‍ നിങ്ങളൊക്കെ താല്‍പര്യപ്പെട്ടിരുന്നത്‌ അല്ലേ? സ്റ്റാമ്പ്‌ ശേഖരിക്കുക, തീപ്പെട്ടിക്കൂട്‌ ശേഖരിക്കുക, നാണയം ശേഖരിക്കുക. ഇതൊക്കെ നിങ്ങള്‍ വല്യ കുട്ടികള്‍ ആയാലും ചെയ്യാം. നിങ്ങളുടെ കുട്ടികളില്‍ താല്‍പര്യം വരുത്തുകയും ചെയ്യാം. വളപ്പൊട്ട്‌ കൂട്ടിവെയ്ക്കുക, മഞ്ചാടിക്കുരു കൂട്ടിവെയ്ക്കുക എന്നതൊക്കെ പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമുള്ള ഹോബിയാണ്‌. പക്ഷെ ഇക്കാലത്ത്‌ മിക്കവാറും അതൊന്നും നടക്കില്ല. അതുകൊണ്ട്‌ സ്റ്റാമ്പ്‌ ശേഖരണമോ, നാണയശേഖരണമോ ആണ്‌ എല്ലാവര്‍ക്കും നല്ലത്‌.

ബസ്‌ ടിക്കറ്റുകളും, സിനിമാട്ടിക്കറ്റുകളും ലോട്ടറിട്ടിക്കറ്റുകളുമൊക്കെ ശേഖരിച്ച്‌ വയ്ക്കുന്നവരുണ്ട്‌. തീപ്പെട്ടിച്ചിത്രം കൂട്ടിവെയ്ക്കല്‍ പണ്ട്‌ നടക്കുമായിരുന്നു. ഇപ്പോ തീപ്പെട്ടി വല്യ കൂടിലായി. മിക്കവാറും ഒരേ ചിത്രം. പെന്‍- പെന്‍സില്‍ ശേഖരണം, സോപ്പ്‌ കവര്‍ ശേഖരണം, മുത്ത്‌ ശേഖരണം ഇതൊക്കെ ഹോബിയാക്കാം. കള്ള്‌ കുപ്പി ശേഖരണവും ഒരു ഹോബി തന്നെ. ;)
മയില്‍പ്പീലി കൂട്ടിവെയ്ക്കുക ഒരു ഹോബിയല്ലേ? സിനിമാനടീനടന്മാരുടേയും, പ്രമുഖവ്യക്തികളുടേയും ചിത്രം ഒരു ബുക്കില്‍ വെട്ടിയൊട്ടിച്ച്‌ വയ്ക്കുക എന്റെ ഹോബി ആയിരുന്നു എന്നു പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കരുത്‌. എത്രയോ വ്യക്തികള്‍ ഒത്തൊരുമയോടെ ആ പുസ്തകത്തില്‍ ഇന്നും കഴിയുന്നുണ്ട്‌.

വായന നല്ലൊരു ഹോബിയാണ്‌. അറിവ്‌ കിട്ടാന്‍ ഇതിലും വല്യൊരു മാര്‍ഗ്ഗമില്ല. ലൈബ്രറിയുണ്ടെങ്കില്‍ നല്ല കാര്യം. അല്ലെങ്കില്‍, കുറേയൊക്കെ പൈസ കൊടുത്ത്‌ വാങ്ങിയാലും സൂക്ഷിച്ച്‌ വെച്ചാലും കുഴപ്പമില്ല. ഒരുപാട്‌ കാലം കഴിഞ്ഞ്‌ നോക്കുമ്പോള്‍, കിട്ടാത്ത പല പുസ്തകങ്ങളും നിങ്ങളുടെ വായനാഹോബി കൊണ്ട്‌ നിങ്ങളുടെ പക്കല്‍ ഉണ്ടാകും.
കരകൌശലവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പഠിച്ചാല്‍ അത്‌ വല്യൊരു ഹോബിയായി. പാവകളും പൂക്കളും ഒക്കെ നിങ്ങള്‍ തന്നെ നിര്‍മ്മിച്ചെടുത്തതാണെന്ന് പറയാന്‍ സന്തോഷമില്ലേ? അല്‍പദിവസം കൊണ്ട്‌ പഠിച്ചെടുക്കാം. എന്നിട്ട്‌ സമയം പോലെ പരീക്ഷിക്കാം. പെയിന്റിങ്ങും എംബ്രൊയ്ഡറിയും, നിങ്ങളുടെ മനസ്സിന് ‍സന്തോഷം തരുന്ന ഹോബി തന്നെ.
ഫോട്ടോഗ്രാഫി നല്ലൊരു ഹോബിയാണ്‌. നിങ്ങള്‍ കാണുന്ന പല ദൃശ്യങ്ങളും ക്യാമറയില്‍ ഒപ്പിയെടുത്താല്‍, മറ്റുള്ളവര്‍ക്ക്‌ കാണുമ്പോള്‍ പുതുമയുള്ളതും ആകാം.


സി.ഡി, അല്ലെങ്കില്‍ കാസറ്റ്‌ കലക്ഷന്‍ നിങ്ങള്‍ക്ക്‌ ഒരു ഹോബിയാക്കാം. എവിടേയും പെട്ടെന്ന് കിട്ടാത്ത പാട്ടുകള്‍ നിങ്ങളുടെ അടുത്തുണ്ടെന്ന് പറയാം. പക്ഷെ പൈസ ചെലവാകുന്ന ഹോബിയെന്ന് മാത്രം. പഴയതും പുതിയതുമായ സിനിമയും പാട്ടും നിങ്ങള്‍ക്ക്‌ നിങ്ങളുടെ സൌകര്യം പോലെ ആസ്വദിക്കണമെങ്കില്‍ അങ്ങനെ ഒരു ഹോബി കൂടിയേ തീരൂ.
വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും നല്ലൊരു ഹോബിയാണ്‌.
യാത്ര നല്ലൊരു ഹോബിയാണോ? ഉല്ലാസത്തിന് മാത്രമല്ല, അറിവ്‌ സമ്പാദനത്തിനു കൂടെ ഉതകുന്നതാണ്‌ യാത്രകള്‍.
വാചകമടി ഒരു ഹോബിയാണ്. പാചകവും ചിലര്‍ക്ക്‌ ഒരു ഹോബി തന്നെ. നിങ്ങളുടെ ഈ രണ്ട്‌ ഹോബി കൊണ്ട്‌ മറ്റുള്ളവരെ പരീക്ഷിക്കരുതെന്നു മാത്രം.
ചിലര്‍ക്ക്‌ പൊങ്ങച്ചം പറച്ചില്‍ ഒരു ഹോബിയാണ്. ;)

സുഡോക്കു ചെയ്യല്‍ നിങ്ങള്‍ക്ക്‌ താല്‍പര്യമുണ്ടെങ്കില്‍ ഹോബിയായി സ്വീകരിക്കാം. ശീട്ടുകളിയും ഒരു ഹോബിയായി ചിലരെങ്കിലും കണ്ടേക്കും.
ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും, ആവശ്യമില്ലാതെ ടെന്‍ഷനടിക്കുന്നതും ഹോബിയാണത്രെ.
എഴുത്ത്‌ നല്ലൊരു ഹോബിയാണ്‌. താല്‍പര്യമുള്ളവര്‍ക്ക്‌ കാര്യമായി എഴുത്തിനെ സമീപിക്കാം.
മറ്റുള്ളവരെ വേദനിപ്പിക്കുക നിങ്ങളുടെ ഹോബിയാണോ? നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക്‌ തന്നെ നല്ലത്‌.
ഉറക്കവും ചിലര്‍ക്കൊരു ഹോബിയാണ്‌. തിന്നലും. ഹിഹിഹി.


ഇതൊക്കെ വായിച്ച്‌ കഴിഞ്ഞാല്‍ ക്ഷമപരീക്ഷിക്കലാണോ എന്റെ ഹോബി എന്നാരും ചോദിച്ചുകളയരുതേ.


ഇതെന്റെ ഹോബിയുടെ ഒരു ഭാഗം. എന്താ നിങ്ങള്‍ടെ ഹോബി?

Labels: ,

Thursday, July 05, 2007

പെരും മഴക്കാലം


ആകാശം നീലപ്പട്ടില്‍ പൊതിഞ്ഞുപിടിച്ചിരിക്കുന്ന കുഞ്ഞുമേഘങ്ങളെ കൊതിയോടെ നോക്കി നിന്നു. ഒരു കാറ്റു വന്ന്, മഴ വേണോന്ന് കുശലം ചോദിച്ച്‌ ഓടിപ്പോയി. ആകാശം നിറം മാറി. ഓര്‍മ്മകളും മഴയും ഒരുമിച്ച് കൊണ്ടുവന്ന് കാറ്റ് തിരിച്ചുപോയി.
പൊട്ടിച്ചിരിച്ചുകൊണ്ട്‌ മേഘങ്ങള്‍ പൊഴിഞ്ഞു. ചിലവ ധൃതിയായി കൂട്ടത്തോടെ വീണു.
ടക്‌ ടിക്‌ ടക്‌ ടിക്‌. ഓടിനുപുറത്ത്‌ മഴത്തുള്ളിയ്ക്കും സംഗീതം.
"ആലിപ്പഴം തിന്നാന്‍ പറ്റും."
"അയ്യേ വെള്ളം തിന്നില്ല."
തര്‍ക്കം തുടങ്ങി.
അവരോടൊപ്പം മഴയിലേക്കിറങ്ങി.
ഛല്‍ ഛില്‍ ഛല്‍ ഛില്‍. വെള്ളം കാലില്‍ത്തട്ടിത്തെറിപ്പിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും ഓടി. മുഖത്തെ വെള്ളം അമര്‍ത്തിത്തുടച്ച്‌ കൈ കൊട്ടിപ്പാടി.
“മഴ പെയ്താല്‍ നനയില്ലേ, നമ്മുടെ വീട്ടില്‍ കൊടയില്ലേ?"
നനഞ്ഞ കൈ കൊട്ടാന്‍ പാടില്ല. ആരോ ഓര്‍മ്മിപ്പിച്ചു.
"പനി പിടിക്കും കുട്ട്യോളേ" ആരോ ശാസിച്ച്‌ വന്നുപോയി.
കുറേക്കഴിഞ്ഞപ്പോള്‍, ആകാശം വീണ്ടും സ്വാര്‍ത്ഥനായി. മേഘങ്ങളെ ഒളിപ്പിച്ചു. പിന്തിരിഞ്ഞപ്പോള്‍, ഓര്‍മ്മകള്‍ മാത്രം പെയ്തുകൊണ്ടിരുന്നു.
വയസ്സ്‌, ഒട്ടിപ്പോസ്റ്റിക്കര്‍ ആയിരുന്നെങ്കില്‍, കുറേയെണ്ണം പറിച്ചെറിഞ്ഞ്‌ മഴയത്ത്‌ തന്നെ നില്‍ക്കാമായിരുന്നു. മഴക്കാലം കഴിയുവോളം. മതിവരുവോളം നനയാന്‍.

Labels: