Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, February 28, 2007

ഫെബ്രുവരിയിലെ നന്മ

ഫെബ്രുവരി സംഭവബഹുലമായ ഒരു മാസം ആയിരുന്നു. സന്തോഷമുള്ളതും, സന്തോഷമില്ലാത്തതും പലതും സംഭവിച്ചു. എന്നാലും ഒക്കെത്തിനും മീതെ ചിലപ്പോള്‍ ചില ഓര്‍മ്മകള്‍, സുഖകരമായ ഓര്‍മ്മകള്‍ ഉണ്ടാവും.


ഫെബ്രുവരി 17 ശനിയാഴ്ച.

ഞങ്ങള്‍, പതിവുപോലെ പച്ചക്കറി, പലചരക്ക്, അല്ലറച്ചില്ലറ വസ്തുക്കള്‍ വാങ്ങാന്‍ പോയതായിരുന്നു. ചേട്ടന് ഓഫീസിലെ തിരക്ക് കാരണം വയ്യാതെ ആയിരുന്നു. എന്നാലും, വീട്ടിലിരുന്നാല്‍ ആരും കൊണ്ടുത്തരില്ലല്ലോ എന്നും പറഞ്ഞ് പുറപ്പെട്ടു. സാധനങ്ങളൊക്കെ വാങ്ങി. എന്റെ കൈയിലെ ഷോപ്പിങ്ങ് ബാഗിലും, പ്ലാസ്റ്റിക് കവറിലും ഒക്കെ ആയി കുറേ ആയി. എനിക്കത്രയൊന്നും എടുത്ത് നടക്കാനുള്ള പരിപാടി ഇല്ലായിരുന്നു. പക്ഷെ ചേട്ടനു വയ്യല്ലോ, ഇതുംകൂടെ പിടിപ്പിക്കേണ്ട എന്ന് വിചാരിച്ച്, ചേട്ടന്‍ എടുക്കാമെന്ന് പറഞ്ഞത് നിരസിച്ച്, ഞാന്‍ വല്യ ത്യാഗം ചെയ്യുന്നതുപോലെ, അതൊക്കെ എടുത്ത് നടന്നു. വലിഞ്ഞ് വലിഞ്ഞാണ് നടപ്പ്. അവസാനം ഒരു കടയില്‍ നിന്ന് പഴം വാങ്ങി. അതും എന്റെ കൈയില്‍ ആയി. അവിടെ ഒരു വൃദ്ധയായ സ്ത്രീ ഉണ്ടായിരുന്നു. അവരെന്നെ നോക്കി ഒന്ന് ചിരിച്ചു. “നിനക്കൊക്കെ ഇത് വേണമെടീ” എന്നാണോ അതിന്റെ അര്‍ത്ഥം ഈശ്വരാ... എന്നും വിചാരിച്ച് ഞാന്‍ ഒരു വളിച്ച ചിരി തിരിച്ചും പാസ്സാക്കി. ടൂത്ത് പേസ്റ്റിന്റെ പരസ്യത്തില്‍ പറയുന്നപോലെ ഉള്ളുതുറന്ന് ചിരിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. കൈയിലുള്ളതൊക്കെ വെച്ച് എത്ര അഡ്ജസ്റ്റ്ചെയ്താലും ആ ചിരിയേ വരൂ. വെറുതെ ഒക്കെ തൂക്കിപ്പിടിച്ച് നില്‍ക്കേണ്ട എന്ന് വിചാരിച്ച് ഞാന്‍ മുന്നോട്ട് നടന്നു. ചേട്ടന്‍ പഴത്തിന്റെ പൈസ കൊടുത്ത്, ബാക്കി വാങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ കുറച്ച് മുന്നോട്ട് നടന്ന് തിരിഞ്ഞു നിന്ന് നോക്കുമ്പോള്‍, ആ സ്ത്രീ ചേട്ടനോട് എന്തോ പറയുന്നു, ചേട്ടനും അവരും ചിരിക്കുന്നുണ്ട്. “ങാ ഹാ... എന്നെക്കൊണ്ട് ഇതൊക്കെ പിടിപ്പിച്ചതും പോര, അന്യന്മാരോട് ചേര്‍ന്ന് ചിരിക്കുന്നോ?” എന്ന ഭാവത്തില്‍, ഞാന്‍, ചേട്ടന്‍ അടുത്തെത്തുന്നതും കാത്ത് നിന്നു.

“അവരേതാ?”

“എനിക്കറിയില്ല.”

“പിന്നെ എന്താ ഇത്ര കാര്യമായി പറഞ്ഞ് ചിരിച്ചത്?”

“നിന്നെക്കൊണ്ട് ഇത്രയൊന്നും സാധനങ്ങള്‍ എടുപ്പിക്കരുത്. എനിക്കും കുറച്ച് വാങ്ങിപ്പിടിച്ചാല്‍ എന്താ എന്ന് പറഞ്ഞതാ അവര്‍. നിന്നോട് പറഞ്ഞിട്ട് നീ സമ്മതിച്ചില്ല എന്ന് പറഞ്ഞു അവരോട്. നിന്നോട് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ, കുറച്ച് ഞാനും എടുക്കാമെന്ന്.”

ചേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും അതിശയമായി. യാതൊരു പരിചയവുമില്ലാത്ത അവര്‍ക്ക്, ഞാന്‍ ഭാരം തൂക്കി നടക്കുന്നതില്‍ യാതൊരു ആശങ്കയും കാണിക്കേണ്ടതില്ല. എന്നിട്ടും അവര്‍ ചേട്ടനോട് അങ്ങനെ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടാളും പകുതി - പകുതി എടുത്തു.

നന്മകള്‍ മിന്നുന്ന വളപ്പൊട്ടാണ്. ഇരുട്ടിലും തിളങ്ങും.

Labels:

Monday, February 26, 2007

ജനനം മുതല്‍ മരണം വരെ

ജനനം

ഓര്‍മ്മപ്പെടുത്തലാണ്‌‍.

മറ്റുള്ളവര്‍ക്കുള്ളത്‌.

തങ്ങളുടെ കണ്ണിലുള്‍ക്കൊള്ളുന്നതിനൊക്കെ ഒരു അവകാശി കൂടെ ഉണ്ടാവുന്നുവെന്ന ഓര്‍മ്മപ്പെടുത്തല്‍.

ശൈശവം

അമ്മയുടെ വിരല്‍ത്തുമ്പിലൂടെയാണ്‌‍ മുന്നോട്ട്‌ പോകുന്നത്‌.

മറ്റുള്ളവര്‍ക്ക്‌ നേരെ വിരല്‍ ചൂണ്ടാന്‍ പ്രാപ്തരാവുമ്പോള്‍ ശൈശവം മറയുന്നു.

ബാല്യം

സന്തോഷവും, സ്നേഹവും, ദുഃഖവും, നിരാശയും, ഒക്കെയായി ജീവിതമെന്തെന്ന് അറിയാന്‍ തുടങ്ങുന്ന കാലം.

യൌവ്വനം

പിന്നിട്ട വഴികളും, പിന്നിടാന്‍ പോകുന്ന വഴികളും ഓര്‍മ്മിക്കാത്ത കാലം തുടങ്ങുന്നത്‌ ഇവിടെയാണ്‌‍.

വാര്‍ദ്ധക്യം

ഭൂതകാലം കണ്ണിലൂടെ കണ്ണുനീരായും, ചുണ്ടിലൂടെ പുഞ്ചിരിയായും കാത്തുവെക്കുന്ന കാലം.

കണ്ണീരിന്റെ അളവ്‌ കുറയ്ക്കാനും, പുഞ്ചിരിയുടെ അളവ്‌ കൂട്ടാനും ഒരു തിരിച്ച് പോക്കില്ലെന്ന തിരിച്ചറിവിന്റെ കാലം.

മരണം

മരണവും ഓര്‍മ്മപ്പെടുത്തലാണ്‌‍.

ആദിയുള്ളതിനൊക്കെ അന്ത്യവുമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തല്‍.

Labels:

Friday, February 23, 2007

അപരിചിതര്‍

പ്രതിഷേധത്തില്‍ പങ്കാളിയാവൂ

ടി. വി. യില്‍ത്തെളിയുന്ന പഴയപാട്ടുകളില്‍ മുഴുകിയിരുന്ന്, ഉച്ചയ്ക്കത്തേക്കുള്ള തോരന്, കാബേജ്‌ അരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്‌‌‍ ഫോണ്‍ ബെല്ല് കേട്ടത്‌. അല്‍പം മുഷിവ്‌ തോന്നിയെങ്കിലും, ആരുടെ ശബ്ദമാണ്‌‍ കേള്‍ക്കാന്‍ പോകുന്നതെന്നുള്ള ആകാംക്ഷയില്‍ അവള്‍ ടി. വി യുടെ ശബ്ദം കുറച്ചതിനു ശേഷം എണീറ്റു.

"ഹലോ."

"ഞാന്‍ കുറച്ച് ദിവസമായി ഇവിടെ എത്തിയിട്ട്‌. ഇവിടേക്ക്‌ മാറ്റം കിട്ടി. ഷീന ഇവിടെയുണ്ടെന്ന്, അറിഞ്ഞിരുന്നു. പിന്നെ, ഓഫീസിലും ഉണ്ട്‌ പലരും. ഷീനയെ പരിചയം ഉള്ളവര്‍. വീടിനടുത്താണെന്ന് പറഞ്ഞവര്‍. കൂടെപ്പഠിച്ചു എന്ന് പറഞ്ഞു അവരോടൊക്കെ."

രമ്യയ്ക്ക്‌ ഒന്നും മനസ്സിലായില്ല. ജോലിത്തിരക്കോ, അസുഖങ്ങളോ ഒന്നും അലട്ടിയിരുന്നെങ്കിലും, ഇപ്പോള്‍ അയാള്‍ പറഞ്ഞത്‌ ഒന്നും തന്നെ, അവളുടെ തലയിലേക്ക്‌ എത്തിയില്ല.

"ഞാന്‍..."

അവള്‍ക്ക്‌ ഒന്നും പറയാന്‍ കിട്ടിയില്ല.

"അറിയാം, ആരെങ്കിലുമൊക്കെ അവിടെ ഉണ്ടാവും അല്ലേ? സാരമില്ല. പിന്നെ, സമയം കിട്ടുമ്പോള്‍ വിളിക്കാം."

അയാള്‍ മിണ്ടുന്നത്‌ നിര്‍ത്തിയിട്ടും, രമ്യ ഫോണും പിടിച്ച്‌ നിന്നു. മേശപ്പുറത്തുള്ള കാബേജ്‌ തരികള്‍ ഓരോന്നായി നിലത്തേക്കിട്ടു.

പഴയപാട്ടിലേക്ക്‌ മുഖം തിരിച്ചിട്ടും ഒന്നും ശ്രദ്ധിക്കാതെ, കാബേജ്‌ അരിയലിനിടയില്‍, അവള്‍ ആ ഫോണ്‍ വിളി ഓര്‍ത്തു.

ആരായിരിക്കും അയാള്‍? ആരായിരിക്കും ഷീന? ഇനി വെറുതെ ആരെങ്കിലും പറ്റിക്കാന്‍ വിളിക്കുന്നതാവുമോ? അങ്ങനെ ആവില്ല. ആണെങ്കില്‍ത്തന്നെ നമ്പര്‍ നോക്കി അങ്ങോട്ട്‌ വിളിച്ച്‌ അന്വേഷിക്കാനുള്ള പരിപാടിയൊക്കെ ഉണ്ടെന്ന് ഇപ്പോ എല്ലാവര്‍ക്കും അറിയാം.

വൈകുന്നേരം, കുട്ടികള്‍ വന്ന്, ഭക്ഷണം കഴിച്ച്‌ പഠനം തുടങ്ങുകയും, കുറച്ച്‌ കഴിഞ്ഞ്‌ കളിക്കാന്‍ മുറ്റത്തേക്ക്‌ ഇറങ്ങുകയും ചെയ്തു. അവരുടെ കൂടെ ഒരാളായി മാറിയതുകൊണ്ട്‌ അവള്‍ക്ക്‌ രാവിലത്തെ കാര്യങ്ങള്‍ ഓര്‍മ്മിക്കാനേ പറ്റിയില്ല. അത്താഴം കഴിഞ്ഞ്‌, എല്ലാം ഒതുക്കി ഭംഗിയായി വെച്ച്‌, ടി. വിക്കു മുന്നില്‍, ഭര്‍ത്താവിനോടൊത്ത്‌ ഇരിക്കുമ്പോഴാണ്‌‍ ഫോണ്‍ കാര്യം വീണ്ടും ഓര്‍മ്മയില്‍ വന്നത്‌. അതും ടി. വി യില്‍ ഫോണ്‍ വരുന്നതായിട്ട്‌ ഒരു പരിപാടിയില്‍ കണ്ടശേഷം.

"ഇന്നുച്ചയ്ക്ക്‌ ഒരാള്‍ വിളിച്ചു. "

"ആരാ?" കാര്യം എന്താണെന്ന് പറഞ്ഞോ?"

"ഇല്ല. നിങ്ങളുടെ സുഹൃത്തുക്കളും, പരിചയക്കാരും ഒന്നും അല്ലിത്‌. എനിക്ക്‌ തോന്നുന്നത്‌ നമ്മള്‍ക്ക്‌ അറിയുകയേ ഇല്ല. പോരാത്തതിനു അയാള്‍ ഒരു ഷീനയെ ആണ്‌‍ വിളിച്ചത്‌."

"ഹഹഹ. അതൊക്കെ ഒരു അടവാകും. ഷീനയല്ല എന്ന് പറഞ്ഞാല്‍ നിന്റെ പേരു ചോദിക്കാമല്ലോ."

"ഇതില്‍ അത്ര തമാശ ഉള്ളതായിട്ട്‌ എനിക്ക്‌ തോന്നിയില്ല. അയാള്‍ ശരിക്കും ഒരു ഷീനയെ ആണ്‌‍ വിളിച്ചത്‌. അവര്‍ നല്ല പരിചയം ഉള്ളവരും ആണ് ‍".

"എന്തോ ആവട്ടെ. ശരിക്കുള്ള ഷീനയെ കിട്ടിക്കാണും."

പിന്നെ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല അവര്‍. പിറ്റേന്ന് ജോലികള്‍ ഒക്കെ വേഗം കഴിഞ്ഞതിനാല്‍ ബ്യൂട്ടിപാര്‍ലറില്‍ പോകാമെന്ന് കരുതി ഇറങ്ങിയപ്പോഴാണ്‌‍ ഫോണ്‍ ബെല്ല് കേട്ടത്‌. പെട്ടെന്ന് മനസ്സില്‍ വന്നതും, ഷീനയും അയാളും ആണ്‌‍.

"ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ. ഇന്നും വീട്ടില്‍ എല്ലാവരും ഉണ്ടോ? അല്ലെങ്കിലും നമ്മള്‍ കൌമാരക്കാര്‍ ഒന്നും അല്ലല്ലോ. പിന്നെ മിണ്ടിയാല്‍ എന്താ? "

"ഞാന്‍ ഷീനയല്ല."

"എന്നെ ഒഴിവാക്കാന്‍ വേണ്ടി ഇത്രയും വല്യ തമാശ പറയരുത്‌. നമ്പര്‍ എനിക്ക്‌ നിന്റെ കൂട്ടുകാരിയില്‍ നിന്നാണ്‍ കിട്ടിയത്‌. അവള്‍ വിളിക്കാറൊന്നുമില്ല. ഓര്‍ത്ത്‌ പറഞ്ഞതാണ്‌‍. ഇപ്പോ ഷീനയുടെ ശബ്ദം അല്‍പ്പം മാറിയിട്ടുണ്ട്‌. അതേ ഉള്ളൂ."

രമ്യ ഒന്നും മിണ്ടാതെ ഫോണ്‍ വെച്ചു. ബ്യൂട്ടീഷ്യന്റെ അടുത്ത്‌ സമയം വൈകിച്ചെന്നാല്‍ അവിടെ വേറെ ആളെത്തിയിട്ടുണ്ടാകും. പറഞ്ഞ സമയത്തിന് ചെന്നില്ലെങ്കില്‍പ്പിന്നെ നീണ്ട കാത്തിരിപ്പാവും. എന്നാലും അവള്‍ ആലോചിച്ചുകൊണ്ടിരുന്നു. ഇയാള്‍ ആരാവും? ഷീന ആരാവും? അങ്ങനെ രമ്യയുടെ ജീവിതത്തിലേക്ക്‌ രണ്ട്‌ അപരിചതര്‍ കൂടെ അവള്‍ ക്ഷണിക്കാതെ തന്നെ കടന്നു വന്നു.

വൈകുന്നേരം കുട്ടികളോടൊത്ത്‌ കൂട്ടുകൂടുമ്പോഴും, ഭര്‍ത്താവിനോട്‌ എന്തെങ്കിലും പറയുമ്പോഴും അവള്‍ക്ക്‌ ആ രണ്ട്‌ കഥാപാത്രങ്ങളും ഓര്‍മ്മയില്‍ വന്ന് തുടങ്ങി. ഫോണ്‍ നമ്പര്‍ നോക്കി വിളിച്ചിട്ട്‌ കിട്ടിയത്‌ ഒരു ഓഫീസിലാണ്‌‍. അയാളുടെ പേരു പറയാതെ ആരുടെ കാര്യം ചോദിക്കാനാണ്‌‍ അവള്‍? ഓഫീസില്‍ പോയിട്ടും രക്ഷയില്ല. നമ്പര്‍ തെറ്റിയിരിക്കാന്‍ സാധ്യത ഉണ്ട്‌. അവള്‍ക്ക്‌ നമ്പര്‍ കണ്ടുപിടിച്ച്‌ വിളിച്ചുനോക്കാനും പറ്റിയില്ല. എല്ലായിടത്തും വിളിച്ച്‌ ഷീനയുണ്ടോയെന്ന് ചോദിക്കുന്നതില്‍ എന്തോ ഒരു അപാകതയുണ്ടെന്ന് അവള്‍ക്കറിയാം. പിറ്റേന്നാണ്‌‍ അവള്‍ സൂത്രം പ്രയോഗിച്ചത്‌. ഫോണ്‍ വന്നപ്പോള്‍ ശബ്ദം കഴിയുന്നത്ര മാറ്റി, ഷീന വീട്ടില്‍ ഇല്ല. ആരു വിളിച്ചുവെന്ന് പറയണം എന്ന് ചോദിച്ചത്‌.

"ഞാന്‍..." എന്നും പറഞ്ഞ്‌ അയാള്‍ പരുങ്ങിയപ്പോള്‍ അവള്‍ പിന്നേയും പറഞ്ഞു.

" ആരു വിളിച്ചുവെന്ന് പറഞ്ഞില്ലെങ്കില്‍ മനസ്സിലായില്ലെങ്കിലോ?"

"മോഹന്‍ വിളിച്ചുവെന്ന് പറയൂ."

"ഓക്കെ."

വെച്ചതും, തന്നെത്തന്നെ അഭിനന്ദിച്ച്‌ അല്‍പസമയം നിന്നു, രമ്യ. പേരും ഓഫീസും കിട്ടി.

"നിനക്ക്‌ വേറെ ജോലിയില്ലേ? നമ്പര്‍ കാണുമ്പോള്‍ എടുക്കാതിരുന്നാല്‍പ്പോരേ? എടുക്കാതെ ആയാല്‍, തനിയെ നിര്‍ത്തിക്കോളും വിളി."

പക്ഷെ, ഭര്‍ത്താവ്‌ പറഞ്ഞത്ര ലാഘവമായിട്ട്‌ എടുക്കാന്‍ അവള്‍ക്ക്‌ തോന്നിയില്ല. ഒരു അന്വേഷണം ആവശ്യമാണ്‌‍. ഒരു മോഹന്‍, വളരെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഷീനയെ വിളിക്കുന്നു. വെറുമൊരു പരിചയത്തിന്റെ പേരിലുള്ള വിളി ആയിട്ട്‌ അവള്‍ക്ക്‌ തോന്നിയില്ല. പക്ഷെ, പിറ്റേന്ന് ഫോണ്‍ ബെല്ല് കേട്ടില്ലെന്ന് അവള്‍ നടിച്ചു. അടുത്ത ദിവസം, വെള്ളിയാഴ്ച, സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോഴാണ്‌‍ എതിരെ ആ ഓഫീസു അവള്‍ കണ്ടത്‌. ഒന്ന് പോയി നോക്കിയാലോ? ചോദിച്ചിട്ട്‌, അയാള്‍ എന്താ ആവശ്യം എന്നും പറഞ്ഞ്‌ വന്നാലോ? എന്ത്‌ പറയും?ആലോചിച്ച്‌ നില്‍ക്കുമ്പോഴാണ്‌‍ അവളുടെ സുഹൃത്തിന്റെ അനിയന്‍ ആരെയോ യാത്രയാക്കാന്‍ ഓഫീസ്‌ വാതിലിലേക്ക്‌ വന്നത്‌. അവനെ കണ്ടതും അവള്‍ക്ക്‌ സന്തോഷമായി. വേഗം റോഡ്‌ മുറിച്ച്‌ കടന്ന്, അവനോട്‌ എന്തെങ്കിലും മിണ്ടാന്‍ ചെന്നപോലെ ചെന്നു.

"ചേച്ചിയെന്താ ഒറ്റയ്ക്ക്‌?"

"ഞാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്നതാണ്‌‍. ഒറ്റയ്ക്ക്‌ പോന്നു."

കുറച്ചെന്തൊക്കെയോ ചോദിച്ചശേഷം, മോഹന്‍ എന്നയാളുടെ കാര്യം ചോദിച്ചു.

"ഉണ്ടല്ലോ. പക്ഷെ സാര്‍ നാട്ടില്‍ പോയിരിക്കുന്നു. ഇനി തിങ്കളാഴ്ച വരും."

"ചേച്ചിക്ക്‌ എങ്ങനെ അറിയാം?"

അവള്‍, ഇല്ലാത്ത ഒരു കൂട്ടുകാരിയുടെ ഇല്ലാത്ത ചേട്ടന്റെ കാര്യം അവനോട്‌ പറഞ്ഞു. പിന്നെ യാത്ര പറഞ്ഞ്‌ നടന്നു. പകുതി ജയിച്ച പോലെ തോന്നി. ഇനി ഷീന ആരാണെന്നും കൂടെ കണ്ടുപിടിച്ചാല്‍ മതി. അവള്‍, പല രീതിയിലും അന്വേഷണം നടത്തി. ഒന്നും ഫലിച്ചില്ല. നമ്പര്‍ മാറ്റി മാറ്റി വിളിച്ച്‌ നോക്കുന്നതില്‍ വലിയ കാര്യമില്ല. വെറുതെ സമയവും പണവും പോകും. പിന്നെ രണ്ട്‌ ദിവസം അവധിത്തിരക്കില്‍ ആയി അവള്‍. തിങ്കളാഴ്ച എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍, അയാളുടെ കാര്യം ഓര്‍മ്മ വന്നു. കുറേ കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.

"ഹലോ"

"ഇത്‌ ....... അല്ലേ?"


“ അതെ.”

"ഷീനയുണ്ടോ?"

"ഇല്ല. ഇവിടെ അങ്ങനെ ഒരാളില്ല. നിങ്ങളാരാ?"

"നമ്പര്‍ ശരിയല്ലേ?"

"അതേ."

"ഞാന്‍ .... ഓഫീസില്‍ നിന്നാണ്‌‍ വിളിക്കുന്നത്‌. മോഹന്‍ സാര്‍ മരിച്ചു. അദ്ദേഹം നാട്ടില്‍ പോകുമ്പോള്‍‌ തന്നിരുന്ന നമ്പര്‍ ആണിത്‌. ഈ നാട്ടില്‍ അദ്ദേഹത്തിന്റ്‌ അടുത്ത സുഹൃത്ത്‌ നിങ്ങള്‍ ആണെന്ന് പറഞ്ഞിരുന്നു.”

രമ്യ ലോകം മുഴുവന്‍, മറന്നപോലെ നിന്നു. ഞടുക്കം മാറിയപ്പോള്‍ അവള്‍ക്ക്‌ മനസ്സിലായി. ഇത്രയും നാളത്തെപ്പോലെ നിസ്സാരമല്ല കാര്യങ്ങള്‍. എവിടെ നിന്നായാലും, എങ്ങനെയെങ്കിലും ഒരു ഷീനയെ കണ്ടുപിടിച്ചേ തീരൂ. അപ്പുറത്ത്‌ അയാള്‍ ഫോണ്‍ വെച്ചു കഴിഞ്ഞിരുന്നു. അല്‍പസമയം ആലോചിച്ചപ്പോള്‍ അവള്‍ക്ക്‌ ഒരു ഉപായം കിട്ടി. മഹിളാസമാജം പ്രസിഡന്റ്‌, ഏലിയാമ്മച്ചേടത്തി. എന്തെങ്കിലും ഒന്നു ചോദിച്ചാല്‍, അതിന്റെ മുഴുവന്‍ ജാതകവും കൊടുക്കണം എന്നൊരു കാര്യമുണ്ടെങ്കിലും, എന്ത്‌ സഹായത്തിനും തയ്യാര്‍. സമാജം യോഗത്തിനൊന്നും പോവാത്തതുകൊണ്ട്‌, എവിടെയെങ്കിലും കാണുമ്പോള്‍ അല്‍പം പരിഭവം പറയുമെങ്കിലും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കരുത്‌ എന്ന് പറഞ്ഞാണ്‌‍ നിര്‍ത്തുക. നമ്പര്‍ നോക്കി കണ്ടുപിടിച്ചു.

"ഹലോ..."

"ഹലോ, ഞാന്‍ രമ്യയാണു ചേച്ചീ.”

കുറേ പരിഭവങ്ങള്‍ക്ക്‌ ശേഷമാണ്‌ പറയാന്‍ ഉദ്ദേശിച്ച കാര്യം പറയാന്‍ രമ്യക്ക്‌ അവസരം കിട്ടിയത്‌.

"ഷീന അല്ലേ? പല ഷീനയും ഉണ്ടല്ലോ കുട്ടീ. അതില്‍ നിന്ന് എങ്ങനെ കണ്ടുപിടിക്കും?"

അവരുടെ ചോദ്യം ആശങ്ക നിറഞ്ഞതാണെങ്കിലും രമ്യയ്ക്ക്‌ അതൊരു ഉത്തരം കിട്ടിയപോലെ ആയി. മോഹന്‍ എന്നൊരാളെ പരിചയം ഉള്ള ഷീനയെ കണ്ടുപിടിക്കാന്‍ എന്താ വിഷമം? അതും ഒരു ഓഫീസ്‌ കൃത്യമായി അറിയുകയും ചെയ്യാം.

ചേച്ചി പറഞ്ഞ ഒന്‍പത്‌ ഷീനമാരുടേയും നമ്പര്‍ നോക്കി രമ്യ ഫോണ്‍ ചെയ്യാന്‍ ആരംഭിച്ചു. ചിലതൊക്കെ അടുത്തായതുകൊണ്ടു തന്നെ നമ്പറില്‍ അല്‍പ്പം വ്യത്യാസമേയുള്ളൂ. നാലു ഷീനമാരെക്കിട്ടി. ഒരാള്‍ രമ്യയുടെ കൂടെ പഠിച്ചയാള്‍ തന്നെയാണേന്നറിഞ്ഞ്‌ രമ്യയ്ക്ക്‌ സന്തോഷമായി. പിന്നെ വിളിക്കാം, ഒക്കെപ്പറയാന്‍ എന്നും പറഞ്ഞിട്ടാണ്‌‍, അടുത്ത നമ്പര്‍ നോക്കി വിളിക്കാന്‍ തുടങ്ങിയത്‌. നോക്കിയപ്പോള്‍ അവളുടെ അതേ നമ്പര്‍ പോലെ തോന്നി, ഒരുനിമിഷം അവള്‍ക്ക്‌. ഒന്നുകൂടെ നോക്കിയപ്പോള്‍ കാര്യങ്ങള്‍ പിടികിട്ടി. നാലും നാലും, അവളുടേത് നാലും അഞ്ചും. എന്തായാലും നോക്കാം.

"ഹലോ."

"ആരാ?"

ഒരു പതിഞ്ഞ സ്വരം.

"ഷീന ഉണ്ടോ?"

നിശ്ശബ്ദതയ്ക്ക്‌ ശേഷം അവളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ്‌, ഫോണ്‍ എടുത്തയാള്‍ പറഞ്ഞു.

"ഷീനയ്ക്ക്‌ കൊടുക്കാം."

കുറച്ചുനേരം ഫോണ്‍ പിടിച്ച്‌ വെറുതേ നില്‍ക്കേണ്ടിവന്നു അവള്‍ക്ക്‌.

"ഹലോ."

രമ്യ ശരിക്കും ഞെട്ടി. അവളുടെ അതേ സ്വരം.

"ഞാന്‍..."

"എന്താ പറയൂ. അമ്മ പറഞ്ഞു. മെയിന്‍ റോഡില്‍ നിന്ന് കോളനിയിലേക്ക്‌ കടക്കുന്ന റോഡില്ലേ? അവിടെയാണ്‌‍ ഈ വീട്‌. ഞാന്‍ രമ്യയെ കണ്ടിട്ടുമുണ്ട്‌."

"ഞാന്‍, ഏലിയാമ്മച്ചേച്ചിയോട്‌ ചോദിച്ചിട്ടാ നമ്പര്‍ വാങ്ങിയത്‌."

"അതിനെന്താ? കാര്യം പറയൂ."

"ഞാന്‍ അങ്ങോട്ട്‌ വന്നിട്ട്‌ പറയാം. വീടെനിക്ക്‌ മനസ്സിലായി. അവിടെ അധികം ആരേയും പരിചയം ഇല്ല. അതാണ്‌‍ ഇതുവരെ പരിചയപ്പെടാഞ്ഞത്‌."

"അത്‌ സാരമില്ല. ഇവിടെ അച്ഛനും അമ്മയും ഞാനും മാത്രമേയുള്ളൂ. അവര്‍ എവിടേയും പോകാറില്ല."

"ഞാന്‍ ഒരു പതിനഞ്ച്‌ മിനുട്ടിനുള്ളില്‍ വരാം."

"ശരി."

അവള്‍ക്ക്‌, ഭര്‍ത്താവിനെ വിളിച്ച്‌ പറയേണ്ട സമയമേ ചെലവാക്കാന്‍ ഉണ്ടായിരുന്നുള്ളൂ. പുറത്തുപോകുന്നു എന്ന് മാത്രമേ പറഞ്ഞുള്ളൂ. ഒന്നും ചോദിക്കാന്‍ അവസരം കൊടുത്തില്ല.

കുറച്ച്‌ പഴയൊരു വീട്‌. ചെല്ലുമ്പോള്‍, ഷീനയുടെ അമ്മയാവണം, അവളെ പ്രതീക്ഷിച്ച പോലെ നില്‍പ്പുണ്ട്‌. അവര്‍ അവളോട്‌ പരിചയത്തില്‍ മിണ്ടിയശേഷം, വീടിനുള്ളില്‍ കടന്ന് മുകളിലത്തെ മുറിയിലേക്ക്‌ കൊണ്ടുപോയി. അവിടെയുള്ള ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നു ഷീന! ഒരു വീല്‍ ചെയറില്‍, ശരിക്കും എണീക്കാനാവാതെ. രമ്യയ്ക്ക്‌ വല്ലായ്മ തോന്നി.

"വരൂ. വര്‍ഷങ്ങളായിട്ട്‌ ഇങ്ങനെയാണ്‌. ബസ്‌ അപകടമായിരുന്നു. ഞാന്‍ ഇവിടെയിരുന്നാണ്‌‍ എല്ലാവരേയും കാണാറുള്ളത്. രമ്യ നടന്നുപോകുമ്പോഴാണ്‌‍ വേലക്കാരിക്കുട്ടി പറഞ്ഞു തന്നത്‌. ഇന്നയിടത്താണെന്നും ഇന്ന ആള്‍ ആണെന്നും ഒക്കെ."

കോളനിയിലെ എല്ലാ വീട്ടിലും ജോലി ചെയ്യുന്ന ആ കുട്ടിയെ രമ്യയ്ക്കും അറിയാം.

"ഇരിക്കുന്നില്ലേ? "മുന്നിലെ ഇരിപ്പിടം കാണിച്ച്‌ അവര്‍ പറഞ്ഞപ്പോള്‍ രമ്യ ഇരുന്നു. ഇരിക്കാനൊന്നും നേരമില്ല എന്ന മട്ടില്‍ ആണ്‌‍ വന്നതെങ്കിലും. അമ്മ താഴേക്ക്‌ തന്നെ പോയിരുന്നു.

"ഞാന്‍..."

ഇതൊക്കെ കണ്ടുപിടിക്കാന്‍ ഇറങ്ങേണ്ടായിരുന്നു എന്ന് രമ്യയ്ക്ക്‌ തോന്നി. അറിയാത്ത ഭാവത്തില്‍ ഇരുന്നാല്‍ മതിയായിരുന്നു.

"മോഹന്‍ എന്നൊരാള്‍..."

ഷീനയുടെ കണ്ണില്‍ ഒരു നിസ്സഹായത കണ്ടു അവള്‍.

"ഞാന്‍ അറിഞ്ഞു."

ടീപ്പോയിയിലെ പത്രത്തിലേക്ക്‌ വിരല്‍ ചൂണ്ടി അവള്‍.

"മിനിയാന്ന് വൈകുന്നേരം."

ശനിയാഴ്ച വൈകുന്നേരം! അതുതന്നെയാണ്‌‍, താന്‍ അറിയാന്‍ തിങ്കളാഴ്ച ആയത്‌. ഓഫീസ്‌ ഇല്ലല്ലോ, ശനിയും, ഞായറും.

"എങ്ങനെ അറിയാം?" ഭര്‍ത്താവിന്റെ സുഹൃത്താണോ?"

"അല്ലല്ല." രമ്യയ്ക്ക്‌ ശബ്ദം തന്നെ ഉണ്ടായിരുന്നില്ല. ഒരു വിഷമം പോലെ.

"ഫോണ്‍ ചെയ്തിരുന്നു, അങ്ങനെയാണ്‌‍ ഓഫീസ്‌ കണ്ടുപിടിക്കേണ്ടി വന്നത്‌."

"ആരു? മോഹനോ? എന്തിനു? നിങ്ങള്‍ പരിചയം എന്തെങ്കിലും?"

"ഇല്ല, നമ്മുടെ നമ്പര്‍ സാമ്യം ഉണ്ട്‌. ഒരു അക്കമല്ലേ വ്യത്യാസം. നാലും നാലും, നാലും അഞ്ചും. തെറ്റിക്കൊടുത്തുകാണും."

"ഓഹ്‌..."

"എനിക്ക്‌ വരേണ്ട കോള്‍ ഒക്കെ അവിടെ വന്നു അല്ലേ? മോഹന്‍ എന്തെങ്കിലും പറയാറുണ്ടായിരുന്നോ?"

"നിങ്ങള്‍, പരിചയം ഉണ്ടെന്ന് തോന്നി."

അടുപ്പത്തില്‍ ആയിരുന്നു അല്ലേന്ന് ചോദിക്കാന്‍ രമ്യയ്ക്ക്‌ തോന്നിയില്ല.

"ഉവ്വ്‌. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. മോഹന്റെ നാട്ടിലായിരുന്നു അച്ഛനു ജോലി. അവിടെ നിന്ന് പരിചയം ആയി. വീട്ടുകാര്‍ തീരുമാനിച്ചിരുന്നു വിവാഹം. അതിനു കുറച്ച്‌ ദിവസം മുമ്പാണു അപകടം."

അവരുടെ കണ്ണില്‍ നിസ്സഹായതയ്ക്ക്‌ പകരം ഒരു ധൈര്യം വന്നപോലെ അവള്‍ക്ക്‌ തോന്നി.

"പിന്നെ ഞങ്ങള്‍ ഇങ്ങോട്ട്‌ പോന്നു. അറിയാതെ തന്നെ. ഒളിച്ചുകഴിഞ്ഞു. പക്ഷെ മോഹന്‍ വിവാഹം കഴിച്ചില്ല എന്നറിഞ്ഞു. അങ്ങോട്ടൊന്നും അറിയിക്കാതെ തന്നെ, കൂട്ടുകാര്‍ വഴി ഒക്കെ അറിയുന്നുണ്ടായിരുന്നു ഞങ്ങള്‍. അവസാനം ഇവിടെ എത്തിയത്‌ വരെ. ഫോണ്‍ നമ്പര്‍ കിട്ടിയത്‌ അറിഞ്ഞില്ല. ഞങ്ങള്‍ ഇവിടെയുള്ളത്‌ അറിയില്ലേ എന്ന് വിചാരിച്ചു."

"എന്നും വിളിക്കുമായിരുന്നു."

"എന്റെ സ്വരവും രമ്യയുടെ സ്വരവും സാമ്യം ഉണ്ട്‌."

"ഉവ്വ്‌. അതുകൊണ്ടാവും, ഒന്നും അങ്ങോട്ട്‌ പറയാന്‍ സമ്മതിച്ചിരുന്നില്ല. ഇവിടെ ആരെങ്കിലും ഉണ്ടെങ്കില്‍ മിണ്ടണം എന്നില്ല, ഞാന്‍ മിണ്ടിക്കോളാം എന്ന് പറയുമായിരുന്നു."

"എന്നെപ്പറ്റി എന്ത്‌ വിചാരിച്ചിരുന്നോ ആവോ?"

"ശബ്ദത്തില്‍ വിരോധം ഒന്നും ഇല്ലായിരുന്നു. എന്നാലും വീട്ടില്‍ വേറെ ആരെങ്കിലും ഉണ്ടാവുമോന്ന് ഒരു ചിന്തയുള്ളത്‌ പോലെ തോന്നി."

"പോയിക്കാണണം എന്നുണ്ടായിരുന്നു. അച്ഛനു വയ്യ. പിന്നെ സുഹൃത്തുക്കള്‍ ആണെങ്കിലും, ബുദ്ധിമുട്ടാവില്ലേ അവര്‍ക്ക്. എനിക്ക്‌ ഒറ്റയ്ക്ക്‌ പറ്റില്ലല്ലോ."

"ഉം..."

"ഞാന്‍ പോട്ടെ? ഇനി?"

"ഇടയ്ക്ക്‌ വരൂ, സമയം കിട്ടുമ്പോള്‍."

"തീര്‍ച്ചയായും." രമ്യ എണീറ്റ്‌ അവരുടെ കൈ പിടിച്ചു.

ആ കൈയിലെ നൊമ്പരത്തിന്റെ ചൂട്‌ പറയുന്നുണ്ടായിരുന്നു, അവര്‍ മോഹനെ ഒരുപാട്‌ സ്നേഹിച്ചിരുന്നു എന്ന്.

രമ്യ ഇറങ്ങി നടന്നു.

ദൈവം ഒരു ചരടില്‍ കെട്ടി, അമ്മാനമാട്ടി രസിക്കുന്ന ജീവിതങ്ങളെ ഓര്‍ത്ത്‌. വീണുപോകുന്നവരെ ഓര്‍ക്കാന്‍ ദൈവത്തിനു സമയം ഇല്ലല്ലോ.

Labels:

Wednesday, February 21, 2007

ഗ്രാമം

പച്ചപുതച്ചിട്ട് വയലുകള്‍ നില്‍ക്കുന്ന,

മോഹനമായൊരു ഗ്രാമം.

മണ്‍പാതയിലൂടെ വണ്ടികള്‍ പോകുമ്പോള്‍,

‍പൊടിയില്‍ കുളിക്കുന്ന ഗ്രാമം.

മഴയത്ത്‌ വെള്ളം പുഴപോലൊഴുകുമ്പോള്‍,

‍കുളിരേകി നില്‍ക്കുന്ന ഗ്രാമം.

മരങ്ങളും, ചെടികളും, പൂക്കളും കായ്കളും,

കണ്ണിന്നമൃതേകും ഗ്രാമം.

പക്ഷിമൃഗാദികള്‍ പൂമ്പാറ്റകളെന്നിവ,

സ്നേഹമായ് വാഴുന്ന ഗ്രാമം.

ആലിന്‍ചുവട്ടിലാളുകള്‍ കൂടുമ്പോള്‍,

‍പൊട്ടിച്ചിരിയുമായ്‌ ഗ്രാമം.

കൂട്ടമായെത്തുന്ന കുട്ടികള്‍,

കളികഴിഞ്ഞാര്‍ത്തു ചിരിക്കുന്ന ഗ്രാമം.

വാത്സല്യമേകിക്കൊണ്ടച്ഛനുമമ്മയും,

വീട്ടിലിരിക്കുന്ന ഗ്രാമം.

എവിടെത്തിരഞ്ഞാലും സൌഹൃദപ്പൂവുകള്‍,

പുഞ്ചിരി തൂകുന്ന ഗ്രാമം.

കള്ളവും ചതിയും, ദ്വേഷവുമില്ലാതെ,

നന്മയില്‍ പുലരുന്ന ഗ്രാമം.

Monday, February 19, 2007

പ്രിയം

ആനപ്പുറത്തിരിക്കുമ്പോള്‍ കുടപിടിച്ച് തണല്‍ തരുന്ന സൌഹൃദത്തേക്കാള്‍,

ആറ്റിലൊലിച്ച്‌ പോകുമ്പോള്‍, കൈ പിടിച്ച് തുണ തരുന്ന അപരിചിതത്വമാണ് പ്രിയമെനിക്ക്.



ഇത് നോക്കൂ ഇഞ്ചിമാങ്ങ

Labels:

Sunday, February 18, 2007

വെളിച്ചം

ഏത് കുറ്റാകൂറ്റിരുട്ടും ശാശ്വതമല്ലെന്ന് തെളിയിക്കാന്‍ ഒരൊറ്റ മിന്നാമിനുങ്ങിന്റെ സാന്നിദ്ധ്യം മതി.

Labels:

Thursday, February 15, 2007

അന്നും ഇന്നും

അന്ന്


ഗൃഹനാഥന്‍ ഉമ്മറത്തെ ചാരുകസേരയില്‍, മുന്നിലിരിക്കുന്ന കൂട്ടുകാരോട് കഥ പറഞ്ഞ്.

ഗൃഹനാഥ അടുക്കളയില്‍, രുചികരമായ വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കില്‍.

മകനും മകളും, പാഠപുസ്തകങ്ങള്‍ക്കിടയിലും, കൊച്ചുകൊച്ചുകാര്യങ്ങള്‍ പറഞ്ഞും ചിരിച്ചും, പിണങ്ങിയും ഇണങ്ങിയും.

ദൈവം, ഇവരുടെ സന്തോഷത്തില്‍ സന്തോഷിച്ച്.


ഇന്ന്

ഗൃഹനാഥന്‍ ഉമ്മറത്തെ ചാരുകസേരയില്‍, ഓര്‍മ്മകളുടെ പൊടി തുടച്ച്.

ഗൃഹനാഥ കണ്ണീര്‍സീരിയലുകള്‍ക്ക് മുന്നില്‍ മനംനൊന്ത്.

മകന്‍ കമ്പ്യൂട്ടറിലേക്ക് ആഴ്ന്നിറങ്ങി.

മകള്‍ മൊബൈല്‍ ഫോണില്‍ കഥ കേട്ടും പറഞ്ഞും.

ദൈവം ഒന്നും ചെയ്യാനില്ലാതെ, പോകാന്‍ ഇടമില്ലാതെ.

Wednesday, February 14, 2007

പ്രണയം...അത് നിന്നോട് മാത്രം

കാണുന്ന സമയത്തെന്‍ കണ്ണിലും,
കാണാത്ത സമയത്തെന്‍ ഹൃത്തിലും
അലിഞ്ഞുചേരുന്ന നീയാണ് പ്രണയം.


ഇന്ന് പ്രണയദിനം.

പ്രണയം മറന്നവരെ ഓര്‍മ്മിപ്പിക്കാന്‍,
ഇനിയും പ്രണയിക്കാത്തവര്‍ക്ക് തുടങ്ങാന്‍,
പ്രണയം ഏറ്റു പറയാന്‍..........


പ്രണയിക്കുന്നവര്‍ക്കും, ഇനി പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയദിനാശംസകള്‍.


എല്ലാവര്‍ക്കും ഹാപ്പി പൂവാലന്റൈന്‍സ് ഡേ! ;)

Labels:

Sunday, February 11, 2007

ഇന്ന്

ഇന്ന്.

അത് ഒരു ദിവസം മാത്രമാണ്.

ഇന്നലെ പിടി തരാതെ പോയ്ക്കഴിഞ്ഞു.

നാളെ ഒരു പ്രതീക്ഷ മാത്രം ആണ്.

സ്നേഹിക്കാന്‍, വെറുക്കാന്‍, പരിഹസിക്കാന്‍, കുറ്റപ്പെടുത്താന്‍, മായ്ക്കാത്ത മുറിവുകള്‍ മനസ്സില്‍ ഉണ്ടാക്കാന്‍, ഉപകാരം ചെയ്യാന്‍, മനസ്സിലാക്കാന്‍.

ഇതിനൊക്കെ ഉള്ളത് ഇന്ന് മാത്രമാണ്.

ഒരാളുടെ മുഖത്തും മനസ്സിലും പുഞ്ചിരി കൊടുക്കാന്‍ ഉള്ളത് ഒരു ഇന്ന് എന്ന ദിവസത്തിലാണ്.

നാളെ ഒരു പക്ഷേ, ആ വശത്തോ ഈ വശത്തോ പിറന്നില്ലെങ്കിലോ?

പിന്നെ വരുന്ന നാളെകളില്‍, കൊടുക്കാന്‍ കഴിയാതെ പോയ പുഞ്ചിരി, ഒരു കണ്ണുനീര്‍ത്തുള്ളി ആയി ഒരു ഭാരമായി കൂടെ കൊണ്ടുനടക്കേണ്ടി വന്നെങ്കിലോ?

ഞാന്‍ പുഞ്ചിരിക്കുന്നു.

പരിഹസിക്കുന്നവരോടും, മനസ്സിലാക്കുന്നവരോടും ഒരുപോലെ.

എന്റെ കണ്ണിലെ തുള്ളികളും.

എനിക്ക് കുറേ വര്‍ഷങ്ങള്‍ പിറകോട്ട് പോവാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

Thursday, February 08, 2007

വര്‍ണ്ണപ്പൂന്തോട്ടം

കുഞ്ഞുമണ്‍ചട്ടിയില്‍ മഞ്ഞപ്പൂ,

ഇന്നലെ വിരിഞ്ഞൊരു ജമന്തിപ്പൂ.

തലയാട്ടി നില്‍ക്കുന്ന തുളസിച്ചെടി,

ഇലമാത്രമായൊരു റോസാച്ചെടി.

പലപലവര്‍ണത്തില്‍ ചെമ്പരത്തി,

പലനാളായുള്ളൊരു പാരിജാതം.

അവിടുന്നും, ഇവിടുന്നും, കൂടെ വന്ന,

പേരറിയാത്തൊരാ കുഞ്ഞുപൂക്കള്‍.

നീളത്തില്‍, ഉയരത്തില്‍, മുല്ലപ്പൂവും,

രണ്ടുവര്‍ണങ്ങളില്‍ തെറ്റിപ്പൂവും.

തോട്ടം നനയ്ക്കാന്‍ മഴ വരുമ്പോള്‍,

പുഞ്ചിരി തൂകുമീ പൂക്കളൊക്കെ.

ചിത്രശലഭങ്ങള്‍ വന്നിരിക്കും,

വണ്ടുകള്‍ പാറിപ്പറന്നു വരും.

കുഞ്ഞിളം കൈയ്യുകള്‍ കുസൃതി കാട്ടി,

പൂ‍വിനെ നുള്ളിപ്പറിച്ചെടുക്കും.

മഞ്ഞു കുളിരേകി വന്നു നില്‍ക്കും,

സൂര്യന്‍ ജ്വലിക്കുമ്പോള്‍ വാടി നില്‍ക്കും.

മിന്നുവിന്‍ മുറ്റത്തെയാ പൂന്തോട്ടം,

വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്ന മായാജാലം.

Labels:

Wednesday, February 07, 2007

അവന്‍ - അവളും

അവന്റെ ചുണ്ടുകള്‍ അവളുടെ കഴുത്തില്‍ ഇഴഞ്ഞുനടന്നു.

അവള്‍ പ്രതിഷേധിച്ചില്ല. അത്രയ്ക്കും തളര്‍ന്നിരുന്നു അവള്‍.

അവന്റെ കണ്ണുകള്‍ അവളുടെ ദേഹത്താകെ അലഞ്ഞുനടന്നു.

അവന്റെ നോട്ടം അവളുടെ മനോഹരമായ കാലുകളില്‍ ഉടക്കി.

അവന്‍ പതിയെ അവളുടെ കാലുകളില്‍ പിടിത്തമിട്ടു.

ആദ്യം മൃദുവായി കടിച്ചു.

പിന്നെ, മെല്ലെ...മെല്ലെ...മെല്ലെ...

എന്തോ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് എണീറ്റ് വന്ന ഗൃഹനാഥന്‍ ആണ് ആദ്യം കണ്ടത്.

കോഴിക്കൂടിന്റെ, ചിതല്‍ വന്ന ഭാഗം പൊളിഞ്ഞുകിടക്കുന്നു.

അപ്പോഴേക്കും അവന്‍, അവളെ, മുഴുവന്‍ അകത്താക്കി ഓരിയിടാന്‍ തുടങ്ങിയിരുന്നു.


(ഒളിച്ചുകഴിയാന്‍ എവിടെയാണ് നല്ലത്? ;))

Tuesday, February 06, 2007

അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!

അക്ഷരങ്ങള്‍ക്കെന്നോട്‌ പിണക്കമാണത്രേ!

വാക്കുകളെ ഞാന്‍ വളച്ചൊടിച്ചപ്പോള്‍ നൊന്തത്‌ അവര്‍ക്കായിരുന്നുവത്രേ.

അക്ഷരങ്ങള്‍ക്കെന്നോട്‌ പിണക്കമാണത്രേ!

വാക്കുകള്‍ക്ക്‌ മൂര്‍ച്ച കൂട്ടുവാന്‍ വേണ്ടി രാകിമിനുക്കിയപ്പോള്‍, പിടഞ്ഞത്‌, ‌ അവരായിരുന്നുവത്രേ.

അക്ഷരങ്ങള്‍ക്കെന്നോട്‌ പിണക്കമാണത്രേ!

വാക്കുകളെടുത്ത്‌ ഞാന്‍ അമ്മാനമാടിയപ്പോള്‍, അവര്‍ക്ക്‌ ഭയം തോന്നിയത്രേ.

അക്ഷരങ്ങള്‍ക്കെന്നോട്‌ പിണക്കമാണത്രേ!

പേര്‍ത്തും പേര്‍ത്തും, ചേര്‍ത്തുവെക്കുമ്പോള്‍, അവരുടെ സൌന്ദര്യം നോക്കിയില്ലത്രേ.

അക്ഷരങ്ങള്‍ക്കെന്നോട് പിണക്കമാണത്രേ!

അവയെ ഞാന്‍ മുന്നില്‍ നിര്‍ത്തിയപ്പോള്‍ എതിരേ വന്ന വാക്കുകള്‍ തട്ടി വേദനിച്ചത്‌ അവര്‍ക്കാണത്രേ.

അക്ഷരങ്ങള്‍ക്കെന്നോട്‌ പിണക്കമാണത്രേ!

തിരിച്ചെടുക്കാനാവില്ലെന്നറിഞ്ഞിട്ടും, ഞാന്‍ അവരെ കൂട്ടിച്ചേര്‍ത്ത്‌, ലോഭമായി ചെലവഴിക്കുകയാണത്രേ.

അക്ഷരങ്ങള്‍ക്കെന്നോട്‌ പിണക്കമാണത്രേ!

ഇടയ്ക്ക്‌ പല്ലുകള്‍ക്കിടയില്‍, അമര്‍ത്തിഞെരിക്കുമ്പോള്‍, അവര്‍ നൊന്ത്‌ പിടയാറുണ്ടത്രേ.

അക്ഷരങ്ങള്‍ക്കെന്നോട്‌ പിണക്കമാണത്രേ!

ചുണ്ടുകള്‍ കൂട്ടി, തടങ്കലില്‍ വെക്കുമ്പോള്‍, അസ്വാതന്ത്ര്യം അവരെ അസ്വസ്ഥരാക്കാറുണ്ടത്രേ.

അക്ഷരങ്ങള്‍ക്കെന്നോട്‌ പിണക്കമാണത്രേ!

മം എന്നതിനു പകരം തം എന്നുകൂട്ടി പ്രേ യെ ഞാന്‍ വെറുപ്പിച്ചത്രേ. ;)

Sunday, February 04, 2007

തങ്കപ്പന്‍ ചേട്ടന്റെ കുളി

തങ്കപ്പന്‍ ചേട്ടന്‍ കാറ്റേറ്റ കവുങ്ങുപോലെ ആടിയാടി വരുന്നത്‌ കണ്ടപ്പോള്‍ ജാനുച്ചേടത്തിക്ക്‌ സമാധാനം ആയി. ജോലിയും കൂലിയും കിട്ടിയ ദിവസം തങ്കപ്പന്‍ ചേട്ടന്‍ നേരെ നില്‍ക്കില്ല. സന്തോഷം കൊണ്ടല്ല. സന്തോഷത്തിനു അകത്താക്കിയതുകൊണ്ട്‌. എത്തിയതും, ഉമ്മറത്തൂണില്‍ ഒരു കെട്ടിപ്പിടുത്തം നടത്തി. തെങ്ങുകയറ്റക്കാരന്‍ തെങ്ങില്‍ പറ്റിപ്പിടിക്കുന്നതുപോലെ.

"നിങ്ങള്‍ വന്നിട്ടുവേണം, ഉറങ്ങാമെന്ന് വിചാരിച്ച്‌ ഇരുന്നതാ. വന്നിട്ടും, ഇവിടെ സര്‍ക്കസ്‌ കളിക്കുകയാണോ നിങ്ങള്‍?"

എന്തോ ഭാഗ്യത്തിന് ചേടത്തിയ്ക്ക്‌ അക്ഷരമാല കേള്‍ക്കേണ്ടി വന്നില്ല. ഉമ്മറത്തേക്കിരുന്ന് തങ്കപ്പന്‍ ചേട്ടന്‍ പറഞ്ഞു.

"എനിക്ക്‌ കുളിക്കണം. എണ്ണ കൊണ്ടുവാ."

എണ്ണയല്ല, നിങ്ങള്‍ക്കിപ്പോ എണ്ണാതെ തരുകയാണ്‌‍ വേണ്ടതെന്ന് വിചാരിച്ചെങ്കിലും ചേടത്തി ചോദിച്ചു.

"ഈ പാതിരായ്ക്കോ? ഇനി രാവിലെ കുളിക്കാം. ഉറങ്ങാന്‍ നോക്കുന്നുണ്ടോ നിങ്ങള്‍?"

ചേടത്തിയുടെ ജാതകത്തില്‍ എല്ലാം വേണ്ടതുപോലെ നിലകൊള്ളുന്നതുകൊണ്ട്‌ ചേടത്തിയ്ക്ക്‌ കൊള്ളേണ്ടിവന്നില്ല.

"മര്യാദയ്ക്ക്‌ എണ്ണ കൊണ്ടുവാടീ."

തങ്കപ്പന്‍ ചേട്ടന്‍ മാന്ത്രികവിദ്യക്കാരനെപ്പോലെ എവിടെനിന്നോ ഒരു കുപ്പിയെടുത്ത്‌ മുന്നില്‍ വച്ചു. ചേടത്തിയ്ക്ക്‌ അരിശം വന്നെങ്കിലും അകത്ത്‌ പോയി എണ്ണക്കുപ്പിയെടുത്ത്‌ തങ്കപ്പന്‍ ചേട്ടന്റെ മുന്നില്‍ കൊടുത്തു. ഒരു തോര്‍ത്തുമുണ്ടും. ഇരുന്ന് കണ്ണുമിഴിച്ച്‌, എണ്ണയെടുത്ത്‌ അകത്താക്കുകയും, മദ്യക്കുപ്പിയില്‍ നിന്ന് എടുത്ത്‌ മേലാകെ പുരട്ടുകയും ചെയ്തു. പണ്ട്‌ പഠിച്ച പല പഴംചൊല്ലുകളും ഓര്‍മ്മയില്‍ ഉള്ളതുകൊണ്ട്‌ ചേടത്തി ഒന്നും മിണ്ടാന്‍ പോയില്ല. പോരാത്തതിന്‌ എണ്ണ കുറച്ചേ ഉണ്ടായിരുന്നുള്ളൂ കുപ്പിയില്‍.

"ഞാന്‍ പുഴയില്‍പ്പോയി കുളിച്ചുവരാം."

"പുഴയിലോ? കിണറ്റുവക്കത്ത്‌ കോരിവെച്ച വെള്ളം ഉണ്ട്‌, അവിടെപ്പോയി കുളിച്ച്‌ വരുന്നുണ്ടോ നിങ്ങള്‍?"

"ഇല്ലെടീ ഞാന്‍ പുഴയില്‍ത്തന്നെ പോകും."

ഇക്കണക്കിനാണെങ്കില്‍ നിങ്ങള്‍ പുഴയില്‍പ്പോകുന്നതാണ്‌ നല്ലതെന്ന് മനസ്സിലോര്‍ത്ത്‌, ജാനുച്ചേടത്തി അകത്തേക്ക്‌, പരേഡ്‌ നടത്തുന്ന പട്ടാളക്കാരുടെ സ്റ്റൈലില്‍ ചവുട്ടിക്കുതിച്ച്‌ പോയി. തങ്കപ്പന്‍ ചേട്ടന്‍ ആടിയാടി എണീറ്റ്‌ മുറ്റത്തിറങ്ങി നടന്നു. പുഴയിലേക്ക്‌ പോവാന്‍ വച്ച കാലുകള്‍ എത്തിയത്‌ മറച്ചുകെട്ടാത്ത കിണറ്റുവക്കിലാണ്‌.

"ഹും. അവളെന്നെ പുഴയില്‍ വിടില്ലത്രേ. ഇനി ദിവസവും ഇവിടെത്തന്നെ നീന്തിക്കുളിക്കും, ഞാന്‍."

ഒളിമ്പിക്സിലെ നീന്തല്‍ത്താരങ്ങളെപ്പോലെ ഒരു ചാട്ടം ‌ നടത്തി, ചേട്ടന്‍, കിണറ്റിലേക്ക്‌.

ജാനുച്ചേടത്തിയ്ക്ക്‌ ഉറക്കം വരാഞ്ഞതുകൊണ്ടും, അയല്‍ക്കാര്‍, പരോപകാരികള്‍ ആയതുകൊണ്ടും, തങ്കപ്പന്‍ ചേട്ടന്‍, അല്‍പസ്വല്‍പ്പം പൊട്ടലും ചതവുമായിട്ട്‌, മുകളിലെത്തി. കിണറ്റില്‍ നിന്ന് കുടിച്ച വെള്ളത്തോടൊപ്പം, ആദ്യം കുടിച്ചതും പുറത്തേക്ക്‌ വന്നു. പിന്നീട്, കുടിച്ചുവന്ന രാത്രികളില്‍, തങ്കപ്പന്‍ ചേട്ടന്‍ കുളിക്കാതെ കിടന്നുറങ്ങാന്‍ പഠിച്ചു.

Thursday, February 01, 2007

പ്രണയചിന്തകള്‍

പ്രണയം ദൈവത്തെപ്പോലെയാവട്ടെ;

എല്ലായിടത്തും നിറഞ്ഞുനില്‍ക്കട്ടെ.

പ്രണയം മെഗാസീരിയലുകള്‍ പോലെയാവട്ടെ;

ദിനരാത്രങ്ങളില്‍ നിന്ന് ദിനരാത്രങ്ങളിലേക്ക് തുടര്‍ന്ന് പോകട്ടെ.

പ്രണയം വേനല്‍ക്കാല സൂര്യനെപ്പോലെയാവട്ടെ;

എന്നും ജ്വലിച്ചുനില്‍ക്കട്ടെ.

പ്രണയം ശുദ്ധജലം പോലെയാവട്ടെ.

തെളിമയോടെ നില്‍ക്കട്ടെ.

പ്രണയം സംഗീതം പോലെയാവട്ടെ;

എത്ര തിരക്കിലും, ശ്രദ്ധ നല്‍കാന്‍ കഴിയട്ടെ.


പ്രണയം മഴ പോലെ ആവാതിരിക്കട്ടെ;

ഇടയ്ക്ക് മാത്രം പെയ്ത്, ഇടയ്ക്ക് പിന്‍‌വാങ്ങിനിന്ന്.

പ്രണയം അമ്പിളിമാമനെപ്പോലെ ആവാതിരിക്കട്ടെ;

വലുതായി, ചെറുതായി, വലുതായി, ചെറുതായി.

പ്രണയം നക്ഷത്രങ്ങള്‍പോലെ അല്ലാതിരിക്കട്ടെ;

ഇടയ്ക്ക് തെളിഞ്ഞ്, ഇടയ്ക്ക് കാര്‍മേഘത്തിലൊളിച്ച്.

പ്രണയം ബ്ലേഡ്കമ്പനിപോലെ അല്ലാതിരിക്കട്ടെ;

വാങ്ങിക്കൂട്ടിവെച്ച് ഒരിക്കല്‍ കടന്നുകളയാതിരിക്കട്ടെ.

പ്രണയം ഹൃദയമിടിപ്പ് പോലെ ആവാതിരിക്കട്ടെ;

മിടിച്ച്, മിടിച്ച്, മിടിച്ച്, ഒരിക്കല്‍ നിലച്ചുപോവാതിരിക്കട്ടെ.

Labels: